Sunday, May 19, 2024

ad

Homeആമുഖംഇന്ത്യയുടെ ഐക്യം സംരക്ഷിക്കാൻ കേരളത്തിന്റെ പോരാട്ടം

ഇന്ത്യയുടെ ഐക്യം സംരക്ഷിക്കാൻ കേരളത്തിന്റെ പോരാട്ടം

ചിന്ത പ്രവർത്തകർ

കേരളത്തോടുള്ള കേന്ദ്ര അവഗണന എന്നത് അൽപ്പവും പുതുമയുള്ളതോ പുതിയതോ ആയ വിഷയമല്ല. കേരള സംസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ ഇവിടത്തെ ജനങ്ങൾ അനുഭവിച്ചുവരുന്ന ഒരു യാഥാർഥ്യമാണത്. കേന്ദ്ര മന്ത്രിസഭയിൽ വേണ്ടത്ര കേരള പ്രാതിനിധ്യം ഇല്ലാതിരുന്നതുകൊണ്ടാണ് അർഹമായ പരിഗണന ലഭിക്കാതിരുന്നത് എന്നൊരു ആഖ്യാനം നിലനിന്നിരുന്നു. അതിന്റെ പച്ചയായ അർഥം, കേരളത്തിൽ നിന്ന് വേണ്ടത്ര കോൺഗ്രസ് എംപിമാരെ തിരഞ്ഞെടുക്കാത്തതുകൊണ്ട് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം കുറയുകയും അതുകൊണ്ട് അവഗണിക്കപ്പെടുകയും ചെയ്തു എന്നാണ്. അതായത് കേരളത്തോട് കേന്ദ്ര സർക്കാർ നടത്തിയ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഈ അവഗണന.

എന്നാൽ 2009–14 കാലത്തെ യുപിഎ മന്ത്രിസഭയിൽ കേരളത്തിൽനിന്ന് 9 മന്ത്രിമാരുണ്ടായിട്ടും കഥ തഥെെവ തന്നെ. മാത്രമല്ല, ഈ കാലഘട്ടത്തിനിടയിൽ പലപ്പോഴും കേരളത്തിൽനിന്ന് കോൺഗ്രസിന് ലോക്-സഭയിൽ ഗണ്യമായ പ്രാതിനിധ്യം ഉണ്ടായിട്ടുമുണ്ട്. അപ്പോഴും അവഗണനയ്ക്ക് മാറ്റമുണ്ടായില്ല. 2011 മുതൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയായിട്ടും അവഗണനയിൽ മാറ്റമേതുമില്ല.

പക്ഷേ ബിജെപി വാഴ്ചയിൽ, പ്രത്യേകിച്ചും മോദിയുടെ പത്തുവർഷക്കാലം നടന്നതും നടക്കുന്നതും അവഗണനയല്ല, നഗ്നമായ കടന്നാക്രമണമാണ്. കാരണം ബിജെപിയുടെ / ആർഎസ്എസ്സിന്റെ സങ്കൽപ്പത്തിൽ സംസ്ഥാനങ്ങളില്ല, സമഗ്രാധിപത്യ സ്വഭാവമുള്ള യൂണിയൻ ഗവൺമെന്റ് മാത്രമേയുള്ളൂ. കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നതുവരെ മാത്രമേ, പ്രത്യേകിച്ചും സംസ്ഥാന ഭരണത്തിൽ മാത്രം അവരുള്ളപ്പോൾ മാത്രമാണ് സംസ്ഥാനങ്ങളുടെ അധികാരത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പൊതുവിൽ ഫെഡറൽ സംവിധാനത്തെക്കുറിച്ചും അവർ വാ തുറന്നിരുന്നത്. അതാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങൾക്ക് മൊത്തം നികുതി വരുമാനത്തിന്റെ 50 ശതമാനം വേണമെന്ന് മുറവിളി കൂട്ടിയിരുന്ന മോദി പ്രധാനമന്ത്രിയായതോടെ ധനകാര്യകമ്മീഷന്റെ അവാർഡ് പ്രകാരം നികുതി വിഹിതം 42 ശതമാനത്തിൽ നിന്നും 32 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിൻവാതിൽ നീക്കം നടത്തിയത്.

എൽഡിഎഫ് ഗവൺമെന്റ് 2016 ൽ അധികാരത്തിലെത്തിയതുമുതൽ തന്നെ മോദി ഗവൺമെന്റിന്റെ സേ-്വച്ഛാധിപത്യപരവും സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾ കവർന്നെടുക്കുന്നതുമായ നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയായിരുന്നു. ധനപരമായ ഫെഡറലിസത്തിനുനേരെ മാത്രമല്ല, രാഷ്ട്രീയമായ ഫെഡറൽ ഘടനയ്ക്കെതിരെ പോലും മോദി ഗവൺമെന്റ് ആക്രമണം അഴിച്ചുവിടുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനോ തകർക്കാനോ ഉള്ള ആയുധങ്ങളായാണ് മോദി ഗവൺമെന്റ് ധനകാര്യത്തെയെന്ന പോലെ ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും തരാതരം പ്രയോഗിക്കുന്നത്. ഈ നീക്കങ്ങൾക്കെതിരെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഗവൺമെന്റ് തുടക്കം മുതൽ തന്നെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾക്കു പുറമേ, നിരന്തരം കേന്ദ്ര ഭരണാധികാരികൾക്കുമുന്നിൽ നിവേദനങ്ങളുമായി സംസ്ഥാന സർക്കാർ എത്തിയെങ്കിലും അതെല്ലാം ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. രമ്യമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഭരണഘടനാപരമായ പരിഹാരത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയും ഒപ്പം സർക്കാർ തന്നെ സമരവഴി തേടുകയും ചെയ്യാൻ നിർബന്ധിതമായത്.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ ഉപനേതാവിനെയും ചർച്ചയ്ക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ചർച്ചയ്ക്ക് വന്നെങ്കിലും കേന്ദ്ര സർക്കാരിനെതിരെ സമരത്തിന് തങ്ങളില്ലെന്ന നിഷേധാത്മക നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. അതിനെ തുടർന്നാണ് ഡൽഹിയിൽ ജന്തർ മന്ദറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങളും ഈ പ്രതിനിധികളും ഫെബ്രുവരി 8ന് ധർണ നടത്താൻ തീരുമാനിച്ചത്. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളെയും ബിജെപി ഇതര മുഖ്യമന്ത്രിമാരെയും അതിൽ പങ്കെടുക്കാൻ ക്ഷണിച്ചു. തമിഴ്നാട്, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും ഇന്ത്യാ ചേരിയിലെ ഒരു ഡസനിലേറെ കക്ഷി നേതാക്കളും പങ്കെടുത്ത് ഇന്ത്യാ ചേരിയുടെ ബിജെപി സർക്കാരിനെതിരായ ആദ്യ പൊതുപ്രക്ഷോഭമായി അതു മാറുകയായിരുന്നു. ഫെഡറലിസം സംരക്ഷിക്കണമെങ്കിൽ ബിജെപി/ആർഎസ്എസിനെ ഭരണത്തിൽ നിന്നും താഴെയിറക്കിയേ മതിയാകൂ. അതിനുള്ള പ്രചരണത്തിന്റെ ഭാഗമായാണ് ഈ ലക്കം ചിന്ത ഡൽഹി സമരവേദിയിലെ പ്രസംഗങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + twenty =

Most Popular