Monday, May 6, 2024

ad

Homeആമുഖംമോദിക്കാലം ജനങ്ങൾക്ക് ദുരിതം,
കോർപറേറ്റുകൾക്ക് ആഘോഷം

മോദിക്കാലം ജനങ്ങൾക്ക് ദുരിതം,
കോർപറേറ്റുകൾക്ക് ആഘോഷം

മോദി സർക്കാരിന്റെ അവസാന ബജറ്റ്– തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ളതായതിനാൽ ഇടക്കാല ബജറ്റ്– അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്; എന്നാൽ അതൊരു ഇടക്കാല ബജറ്റല്ല, വെറും വോട്ട് ഓൺ അക്കൗണ്ട് മാത്രമാണെന്നാണ് സാമ്പത്തികശാസ്ത്രം കെെകാര്യം ചെയ്യുന്നവരാകെ പറയുന്നത്. സാധാരണയായി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അവതരിപ്പിക്കുന്ന ബജറ്റിലെങ്കിലും, ജനങ്ങളുടെ വോട്ടുതട്ടാനായി മേമ്പൊടിക്കെങ്കിലും, ജനക്ഷേമ പരിപാടികളുടെ ആവരണം അണിയാൻ ശ്രമിക്കാറുണ്ട്, ഏത് വലതുപക്ഷ ഭരണാധികാരിയും. ഒന്നാം മോദി സർക്കാർ തന്നെ 2019ൽ അവതരിപ്പിച്ച ബജറ്റിൽ മുൻകാല പ്രാബല്യത്തോടെ പി എം കിസാൻ യോജന അവതരിപ്പിച്ച്, കർഷകർക്ക് പോളിങ് ബൂത്തിലേക്ക് പോകും മുൻപ് 2000 രൂപയുടെ സമ്മാനമെത്തിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ആ വഴിക്കുള്ള ചെറിയൊരു പദ്ധതി പോലും മുന്നോട്ടുവയ്ക്കാതെ, നിലവിലുള്ള പദ്ധതികളുടെ വകയിരുത്തലുകൾ വെട്ടിക്കുറച്ചാണ് ഭരണത്തിന്റെ പത്താം വർഷം പൂർത്തിയാകാറായ മോദി ഗവൺമെന്റ് തങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്നും ജൂലെെയിൽ ‘എല്ലാം ചേർത്ത്’ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നും വീരവാദം മുഴക്കുന്നത്.

ജനപക്ഷ നിലപാടുകൾ പേരിനു പോലുമില്ലെങ്കിലും ഇഷ്ടക്കാരായ കോർപറേറ്റുകൾക്കും അതിസമ്പന്ന വിഭാഗത്തിനും ഇളവുകൾ നൽകാൻ മോദി ഗവൺമെന്റ് മറന്നിട്ടുമില്ല. കഴിഞ്ഞ പത്തുവർഷത്തെ മോദിയുടെ ട്രാക്ക് റിക്കാർഡ് പരിശോധിച്ചാൽ നോട്ടു നിരോധനവും ജിഎസ്ടിയും പൊതുമേഖലയെ വിറ്റുതുലയ്ക്കലും കോവിഡ് കാലത്തെ കൊള്ളകളും തുടങ്ങി ജനങ്ങൾക്കു നേരെയുള്ള കടന്നാക്രമണങ്ങളുടെ ഒരു പരമ്പര തന്നെ കാണാനാവും. കോൺഗ്രസ് ഭരണകാലത്ത് നടന്ന ജനവിരുദ്ധവും കോർപറേറ്റനുകൂലവുമായ നയങ്ങളും നടപടികളുമെല്ലാം തിരുത്തുമെന്ന വാഗ്ദാനവുമായി ജനങ്ങളുടെ വോട്ടുനേടി അധികാരത്തിൽ വന്ന ബിജെപി ജനവിരുദ്ധതയിൽ കോൺഗ്രസിനെ കടത്തിവെട്ടുകയാണ്. വിശ്വാസം വിറ്റ് ഭരണം പിടിക്കുകയും ഭരണം കിട്ടിയാൽ കോർപറേറ്റുകൾക്കായി അത് സമർപ്പിക്കുകയും ചെയ്യാമെന്നുമുള്ള വ്യാമോഹത്തിലാണ് മോദിയും കൂട്ടരും. ഇന്ത്യയിലെ ജനസാമാന്യത്തിനു നേരെയുള്ള വെല്ലുവിളിയാണിത്. ഈ ജനവിരുദ്ധ സംഘത്തെ അധികാരത്തിൽ നിന്നും താഴെയിറക്കിക്കൊണ്ടല്ലാതെ ഇന്ത്യൻ ജനതയുടെ ദുരിതങ്ങൾക്കറുതി വരുത്താനാവില്ല.

കോൺഗ്രസ് തുടർന്നുവന്നതും ബിജെപി കൂടുതൽ വാശിയോടെ നടപ്പാക്കുന്നതുമായ ജനവിരുദ്ധ നവലിബറൽ നയങ്ങൾക്കുള്ള ജനപക്ഷ ബദലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ 2024–25ലെ ബജറ്റിലും മുന്നോട്ടുവയ്ക്കുന്നത്. 2016 മുതൽ പിണറായി സർക്കാരും അതിനുമുമ്പ് 1957 മുതലുള്ള ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളും നടപ്പാക്കിയ ജനക്ഷേമ നയങ്ങളുടെ തുടർച്ചയാണ് അതിൽ കാണുന്നത്. കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും ജനക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിന്റെ പ്രഖ്യാപനമാണ് സംസ്ഥാന ബജറ്റ്.

ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനാവശ്യമായ കുറിപ്പുകൾക്കൊപ്പം ബജറ്റുകളുടെ വിശകലനങ്ങളും ചേർത്താണ് ഞങ്ങൾ ഈ ലക്കം വാരിക വായനക്കാരുടെ കെെകളിലെത്തിക്കുന്നത്.
– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular