Sunday, May 19, 2024

ad

Homeആമുഖംകേന്ദ്രത്തിന്റെ കടന്നാക്രമണത്തെ ചെറുത്തേ മതിയാകൂ

കേന്ദ്രത്തിന്റെ കടന്നാക്രമണത്തെ ചെറുത്തേ മതിയാകൂ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയും ചിറ്റമ്മ നയവും കേരളം ഭാഷാ സംസ്ഥാനമായി രൂപീകരിക്കപ്പെട്ട കാലംമുതൽ തുടങ്ങിയതാണ്. കേരളത്തിന്റെ അന്നംമുട്ടിക്കുന്ന,കേരളത്തെ പട്ടിണിക്കിടുന്ന, കേരളത്തിന്റെ വ്യാവസായിക വളർച്ചയെ തടയുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ 1960കളിൽതന്നെ അതിശക്തമായ ചെറുത്തുനിൽപ്പുകൾ, പോരാട്ടങ്ങൾ ഇവിടെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പാർലമെന്റും സംസ്ഥാന നിയമസഭയും തെരുവുകളുമെല്ലാം ഈ ചെറുത്തുനിൽപ്പു പോരാട്ടങ്ങളുടെ വേദികളായിട്ടുമുണ്ട്. അതിലൂടെ നേട്ടങ്ങളുണ്ടാക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ പോരാട്ടങ്ങൾക്കെല്ലാം എന്നും നേതൃത്വം നൽകിയതും കമ്യൂണിസ്റ്റുകാരാണ്, ഇടതുപക്ഷമാണ്.

എന്നാൽ ആർഎസ്എസ് /ബിജെപി നേതൃത്വത്തിലുള്ള ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനെത്തുടർന്ന് തികഞ്ഞ ശത്രുതാ മനോഭാവത്തോടെയാണ് കേന്ദ്ര സർക്കാർ കേരളത്തെ കടന്നാക്രമിക്കുന്നത്. ഒരു വശത്ത് ഗവർണറെയും കേന്ദ്ര അനേ-്വഷണ ഏജൻസികളെയും സിഎജിയെ പോലെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയുംവരെ അണിനിരത്തി കേരളത്തിലെ എൽഡിഎഫ് ഭരണത്തെ അസ്ഥിരീകരിക്കാൻ കച്ചകെട്ടി ഇറങ്ങിയ മോദി സർക്കാർ കേരളത്തിന്റെ വികസനവഴികളിൽ അള്ളുവയ്ക്കുകയും സാമ്പത്തികമായി ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയുമാണ്. ഇന്ത്യയുടെ ഫെഡറൽ ഘടനയെതന്നെ തച്ചുതകർക്കുകയാണ് കേന്ദ്രം വാഴുന്ന മോദി സർക്കാർ. പ്രതിപക്ഷ കക്ഷികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളോടാകെ ശത്രുതാമനോഭാവത്തോടെയുള്ള നീക്കങ്ങളാണ് ബിജെപിയിൽനിന്നും കേന്ദ്ര സർക്കാരിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ ദേശീയതലത്തിൽ തന്നെ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിന്റെ വികസനപദ്ധതികൾക്കുള്ള അനുമതി നിഷേധിക്കുന്നതിനൊപ്പം അവയ്ക്കുവേണ്ട ഫണ്ട് കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഭഗീരഥപ്രയത്നങ്ങളെയാകെ ഇടങ്കോലിട്ട് നശിപ്പിക്കാനുള്ള നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്. കേരളമങ്ങനെ അതിവേഗം വികസിക്കേണ്ടതില്ലയെന്ന മുട്ടാപ്പോക്ക് നയമാണ് ബിജെപിക്കും കേന്ദ്ര സർക്കാരിനുമുള്ളത്-. അതിന് ശിങ്കിടിപാടി ഒത്തുകൂടുകയാണ് കേരളത്തിലെ കോൺഗ്രസും യുഡിഎഫും.

സമ്പൂർണ ദാരിദ്ര്യനിർമാർജനത്തിനും ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന ഭാവനാപൂർണമായ പദ്ധതികളെ തുരങ്കംവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തെ ക്ഷേമ സമൂഹമാക്കി മാറ്റാനുള്ള ശ്രമമാണ് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴൊക്കെ നടത്തിയത്. ക്ഷേമപെൻഷനുകൾ മറ്റേതു സംസ്ഥാനത്തും ഇല്ലാത്തത്ര വിപുലമായി നടപ്പാക്കിയിട്ടുള്ളത് ഈ സമീപനത്തിന്റെ ഭാഗമായാണ്. ഇതിനെ, കേരളത്തിന് നിയമാനുസൃതം ലഭിക്കേണ്ട നികുതി വിഹിതവും പദ്ധതി വിഹിതവുമടക്കം വെട്ടിക്കുറച്ചും തടഞ്ഞും, തകർക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. ഒരു വശത്ത് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കാനും മറുവശത്ത് നുണക്കഥകൾ മെനഞ്ഞു സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്താനും ബിജെപി നടത്തുന്ന നീക്കങ്ങളെ ചെറുക്കേണ്ടത് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെയാകെ കടമയാണ്. കേരളം തകർന്നാലും തങ്ങൾക്കധികാരം കിട്ടിയാൽ മതിയെന്ന ആർത്തിയിൽ കഴിയുന്ന കോൺഗ്രസിനെയും പരാജയപ്പെടുത്തിക്കൊണ്ടു മാത്രമേ കേരള ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാവൂ. ഈ ലക്കത്തിൽ ആ പ്രചരണത്തിനു വേണ്ട കുറിപ്പുകളും ലേഖനങ്ങളുമാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ ലക്കത്തിലെ കുറിപ്പുകൾ തയ്യാറാക്കാൻ പത്രാധിപസമിതിയെ സഹായിച്ചത് എം ഗോപകുമാറാണ്.
– പത്രാധിപസമിതി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × five =

Most Popular