Sunday, May 19, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍രക്തസാക്ഷി പി സി അനന്തനും പാടിക്കുന്ന് രക്തസാക്ഷികളും

രക്തസാക്ഷി പി സി അനന്തനും പാടിക്കുന്ന് രക്തസാക്ഷികളും

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യ പഥികർ‐ 20

ഡീഷ്യൽ കസ്റ്റഡിയിലുള്ള രണ്ട് വിപ്ലവകാരികളെയും പൊലീസ് കസ്റ്റഡിയിലുള്ള ഒരു വിപ്ലവകാരിയെയും വിജനസ്ഥലത്തുകൊണ്ടുപോയി ഇരുളിന്റെ മറവിൽ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന കളളരേഖയുണ്ടാക്കിയ സംഭവമാണ് പാടിക്കുന്നിലുണ്ടായത്. ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായശേഷം 1950 മെയ് നാലിനാണ് ഈ പൈശാചികസംഭവം നടന്നത്. അഹിംസ ആദർശമാണെന്ന് പറയുന്ന കോൺഗ്രസ്സിന്റെ നേതാക്കളും പൊലീസും ചേർന്ന്‌ ഉന്നതതല ഗൂഢാലോചനനടത്തി, പോലീസും ഗുണ്ടകളും ഒന്നിച്ചുനടത്തിയ ഹീനകൃത്യം.

കമ്പിൽ ബസാറിൽ നടന്ന അടിയും ചെറുത്തുനില്പും പിന്നീട് ചേലേരിയിലെ അനന്തൻ നമ്പ്യാരുടെ വീട്ടിൽ നടന്ന നെല്ലെടുപ്പുസമരവും സംബന്ധിച്ച് ടി.സി.നാരായണൻ നമ്പ്യാരെക്കുറിച്ചുള്ള അധ്യായത്തിൽ സൂചിപ്പിക്കുകയുണ്ടായി. 1948 ഏപ്രിൽ 27നാണ് ചടയൻ ഗോവിന്ദന്റെയും മറ്റും നേതൃത്വത്തിൽ നെല്ലെടുപ്പ് സമരം നടത്തിയത്. ഈ സമരത്തിന്റെ സന്ദർഭത്തിൽ ചേലേരിയിലെ കർഷകസംഘം സെക്രട്ടറിയായ പി.സി.അനന്തൻ നാട്ടിലില്ലായിരുന്നു. കമ്പിൽ സംഭവത്തെ തുടർന്ന് പൊലീസ് ഗുണ്ടാ ഭീകരവാഴ്ച നടക്കുയായിരുന്നതിനാൽ അനന്തൻകുട്ടി ഇരിക്കൂറിലേക്ക് പോയിരുന്നു. നാട്ടിലെ ഏറ്റവും വലിയ ജന്മിയായ കരുമാരത്ത് ഇല്ലത്തെ ആനക്കാരനാണ് അനന്തന്റെ അച്ഛൻ കുണ്ടൻനായർ. ഈ ഘട്ടത്തിൽ കുണ്ടൻനായർക്ക് പണി ഇരിക്കൂറിലായിരുന്നു. ഇരിക്കൂറിൽ അച്ഛന്റെ പണിസ്ഥലത്തുള്ള താമസത്തിനിടയിൽ അനന്തന് പനിപിടിച്ചു. പനി മാറുന്നതിന് മുമ്പേതന്നെ അനന്തൻ നാട്ടിലേക്കുനടന്നു. കൊളച്ചേരിയിലെ കയ്യൂർ സ്മാരകവായനശാലയുടെ ഭാരവാഹിയും നാടകപ്രവർത്തകനും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു പതിനാറോ പതിനേഴോ വയസ്സുമാത്രമുള്ള അനന്തൻ. നെയ്ത്ത് തൊഴിലെടുത്ത് വീട്ടുകാരെ സഹായിക്കുന്നു. ചേലേരിയിൽ കോൺഗ്രസ് നേതാവുകൂടിയായ അനന്തൻ നമ്പ്യാരുടെ വീട്ടിൽനിന്ന് പ്രതീകാത്മകമായി രണ്ട് ചാക്ക് നെല്ലെടുത്ത് വിതരണം നടത്തിയ സംഭവം അറിയാതെയാണ് ആ സംഭവത്തിന്റെ പിറ്റേദിവസം അനന്തൻ നാട്ടിലേക്ക് പുറപ്പെട്ടത്. നടന്നുനടന്ന് ക്ഷീണിച്ച് അനന്തൻ മുണ്ടേരിക്കടവു കടന്ന് ചേലേരിയിലെത്തി. ഒരു ചായക്കടയിൽ കയറി ചായയ്‌ക്ക് പറഞ്ഞു. വീട്ടിലേക്ക് ചായപ്പൊടിയും പഞ്ചസാരയും വാങ്ങി. ചായ കുടിക്കാൻ തുടങ്ങുമ്പോഴേക്കും വിസിൽ മുഴങ്ങി. കോൺഗ്രസ് സേവാദളുകാർ ഓടിയെത്തി അനന്തനെ വളഞ്ഞു. അവരുടെ ലാത്തികൾ അനന്തന്റെ മേൽ പതിഞ്ഞുകൊണ്ടിരുന്നു. ചേലേരി മുതൽ കമ്പിൽവരെ അനന്തനെ നടത്തുകയായിരുന്നു. അതിനകം പോലീസുമെത്തി. അടി, വീഴ്ച, വീണ്ടുമടി. കമ്പിലെ കോൺഗ്രസ് ഓഫീസിലേക്കാണ് അനന്തനെ കൊണ്ടുപോയത്. തൊട്ടടുത്ത മുറി എം.എസ്.പി ക്യാമ്പാണ്. പൊലീസ് ക്യാമ്പിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത കുറേ പേരുണ്ടായിരുന്നു. കമ്യൂണിസ്റ്റായാൽ എന്തായിരിക്കും അനുഭവമെന്ന് അവർക്ക് കാണിച്ചുകൊടുക്കാൻ അവരുടെ മുമ്പിലിട്ടാണ് അനന്തനെ പീഡിപ്പിച്ചത്. ഒടുവിൽ മരണാസന്നനായപ്പോൾ, ശ്വാസംമാത്രം അവശേഷിക്കെ അനന്തനെ അവർ ഒരു പായയിൽ വരിഞ്ഞുകെട്ടിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. പിറ്റേന്ന് വളപട്ടണംപുഴയിൽ അനന്തന്റെ ശവശരീരം പായയിൽ കെട്ടിയിട്ട നിലയിൽ ഒഴുകിനടന്നു.

നാട്ടിൽ പൊലീസ് ഗുണ്ടാ ഭീകരവാഴ്ച അഴിഞ്ഞാടുന്നു. പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവാത്ത സാഹചര്യം. കെ.പി.ആറും കാന്തലോട്ട് കുഞ്ഞമ്പുവും ഒരർധരാത്രിയിൽ കയരളം മേഖലയിലെത്തി പ്രവർത്തകരെ വിളിച്ചുവരുത്തി ആലോചനനടത്തി. പാർട്ടിയുടെ മലബാർ കമ്മിറ്റി അംഗം പി.കുഞ്ഞിരാമൻ മയ്യിൽമേഖലയിൽ എത്തി പ്രവർത്തകരുമായി സംസാരിച്ചു. മർദ്ദനത്തെ പ്രതിരോധിക്കണം, ഒറ്റുകാരെയും ഗുണ്ടകളെയും വറുതെവിട്ടുകൂട. ആനക്കാരൻ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പ്രവർത്തനകേന്ദ്രം തിരുകൊച്ചിയിലേക്ക് മാറ്റിയിരുന്ന അറാക്കൽ കുഞ്ഞിരാമനെ തിരിച്ചുവിളിച്ചു. അറാക്കൽ എത്തിയതോടെ പ്രവർത്തകരും അനുഭാവികളും സടകുടഞ്ഞെഴുന്നേറ്റു. എതിരാളികൾ കിടിലംകൊണ്ടു. അടിക്ക് അടി, ഭീഷണിക്ക് ഭീഷണി. 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ നടന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നിയമം ലംഘിച്ച് പ്രകടനം നടന്നു. നിരോധിക്കപ്പെട്ട പാർട്ടിക്കാർ നിയമം ലംഘിച്ച് ഉശിരൻ പ്രകടനം നടത്തിയത്് പൊലീസ്് വെല്ലുവിളിയായെടുത്തു.

അറാക്കലിനെ പിടിക്കാൻ കോൺഗ്രസ്സും പൊലീസും ചുമതലപ്പെടുത്തിയത് ആർ.പി.ആലിക്കുട്ടിയെയാണ്. സേവാദൾ മേഖലാ പ്രസിഡന്റാണയാൾ. ഒരു രാത്രിയിൽ അറാക്കലും ആലിക്കുട്ടിയും മുഖാമുഖമെത്തിയെങ്കിലും ആലിക്കുട്ടി തൽക്കാലം പിൻവാങ്ങി. അറാക്കൽ മറ്റൊരു വഴിയിലേക്ക് മാറി..

ഏപ്രിലിലെ ഒരു രാത്രി സഖാക്കൾ അരിമ്പ്രയിൽ കേന്ദ്രീകരിച്ചു. അറാക്കലിന്റെ നേതൃത്വത്തിൽ പ്രകടനം തുടങ്ങി. സേവാദൾ നേതാവായ ആലിക്കുട്ടിയെ പിടികൂടി പേടിപ്പിച്ചുവിടുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രകടനം പുരോഗമിക്കെയാണറിഞ്ഞത്, അറാക്കലിനെ പിടിക്കാൻ ചുമതലപ്പെട്ട സേവാദൾ നേതാവ് ആലിക്കുട്ടി പിന്മാറി നാടുവിട്ടിരിക്കുന്നുവെന്ന്‌. ഏതാനുംദിവസംമുമ്പ് ഇരുട്ടിൽ വഴിമധ്യേ അറാക്കലിനെ കണ്ടതും ടോർച്ചടിച്ചപ്പോൾ  അറാക്കലിന്റെ എളിയിൽ തിരുകിയ കഠാര തിളങ്ങിയതും.

എന്നാൽ പൊലീസും ഗുണ്ടകളും അടങ്ങിയിരുന്നില്ല. അവർ പിടിക്കേണ്ടവരുടെ പട്ടികയും വിസിലുമായി നടന്നു. ഏപ്രിൽ 21ന് മയ്യിലെ പാർട്ടി നേതാവായ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഏപ്രിൽ 26ന് കയരളത്തുനിന്നും രൈരു നമ്പ്യാർ മാണിയൂരിലേക്ക് പുറപ്പെട്ടു. അവിടെനിന്ന് ഒരു പ്രവർത്തകനെ കോൾതുരുത്തിയിലേക്ക് ചികിത്സയ്‌ക്ക് കൊണ്ടുപോവുകകൂടിയായിരുന്നു ലക്ഷ്യം. വഴിമധ്യേ കാലടി എന്ന സ്ഥലത്തുവെച്ച് സേവാദളുകാർ വളഞ്ഞുപിടിച്ചു കെട്ടി. വഴിനീളെ മർദ്ദിച്ച് ഏഴുകിലോമീറ്ററോളം നടത്തിച്ച് കൊളച്ചേരി മുക്കിലെത്തിച്ചു. അവിടെ കോൺഗ്രസ്സിന്റെ മണ്ഡലം ഭാരവാഹിയായ ഇ.കെ.കുഞ്ഞിരാമൻ നമ്പ്യാരും സംഘവും നിൽക്കുന്നു. അപ്പോഴേക്കും പൊലീസുമെത്തി. രൈരുനമ്പ്യാരെ വീണ്ടും ക്രൂരമായി മർദിച്ച് പൊലീസ് ജീപ്പിലേക്ക്് വലിച്ചെറിഞ്ഞു. കമ്യൂണിസ്റ്റ്‌ കെട്ടിപ്പൊക്കിയ മുല്ലക്കൊടി പി.സി.സി. സൊസൈറ്റി ഇ.കെ.കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് കയ്യൂക്കും പൊലീസിന്റെ പിന്തുണയുമുപയോഗിച്ച് കോൺഗ്രസ് കയ്യടക്കിയത്. പാർട്ടി നേതാക്കളായ ടി.ഒതേനൻ നമ്പ്യാർ പ്രസിഡന്റും പി.കെ.കൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയുമായ സൊസൈറ്റി കോൺഗ്രസ്‌ പിടിച്ചടക്കിയത് ഭാരവാഹികളെ കേസിൽ കുടുക്കി പുറത്തിറങ്ങാനാവാത്ത അവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ്. ഏതെങ്കിലും വിധത്തിൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് പിടിച്ചുനിൽക്കാനാവില്ലെന്നു വന്നപ്പോൾ ഒരു രാത്രിയിൽ ഇ.കെ.കുഞ്ഞിരാമൻ നമ്പ്യാരുടെ വീട്ടിലേക്ക് പ്രവർത്തകർ കടന്നുചെന്നു. ചടയനടക്കമുളള പ്രവർത്തകർ. പരസ്പരം അടിനടന്നു. അതുകൂടിയായതോടെ കയരളത്ത് പൊലീസ് ക്യാമ്പ് തുടങ്ങി. സർക്കിൾ ഇൻസ്പെക്ടർ ജോർജ് റേ പ്രദേശത്ത് ക്യാമ്പ് ചെയ്തു. കമ്മ്യൂണിസ്റ്റുകാരെ പാഠം പഠിപ്പിക്കണമെങ്കിൽ നേതാക്കളെ വെിവെച്ചുകൊല്ലണം എന്ന തീരുമാനത്തിലാണ് റേയും കോൺഗ്രസ് നേതൃത്വവും എത്തിയത്. കണ്ടക്കൈ മേഖലയിൽ പൊലീസിന്റെ ഏറ്റവും വലിയ ശത്രു എം.വി.ഗോപാലനാണ്. മെയ് രണ്ടിന് ഗോപാലനും അറസ്റ്റിലായി. ഇനി വൈകിക്കൂടെന്ന് അവർ തീരുമാനിച്ചു.

മെയ് മൂന്നിന് രാത്രി പാടിക്കുന്നിൽവെച്ച് വെടിവെപ്പ് നടത്താനാണ് പൊലീസും കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചത്. കണ്ടക്കൈയിൽനിന്ന് അറസ്റ്റുചെയ്ത് കയരളം ക്യാമ്പിൽ പാർപ്പിച്ച ഗോപാലനെയും അവിടെത്തന്നെ കസ്റ്റഡിയിലുള്ള പി.അപ്പനു എന്ന പ്രവർത്തകനെയും മൂന്നിനു രാത്രി പൊലീസ് വിളിച്ചെഴുന്നേൽപ്പിച്ച് പാടിക്കുന്നിൽ കൊണ്ടുപോയി. മണിക്കൂറുകളോളം കാത്തുനിന്നിട്ടും കണ്ണൂർ ഭാഗത്തുനിന്നുള്ള വണ്ടി വന്നില്ല. സർക്കിൾ ഇൻസ്പെക്ടർ റേ എത്തിയില്ല. സഹികെട്ട പൊലീസുകാർ ഗോപാലനെയും അപ്പനുവിനെയും വീണ്ടും വണ്ടിയിൽ കയറ്റി കമ്പിലെ കോൺഗ്രസ് ഓഫീസ് കം പൊലീസ് ക്യാമ്പിൽ കൊണ്ടുപോയി. പിന്നെയും വിവരമൊന്നും കിട്ടാഞ്ഞ് കയരളം ക്യാമ്പിലേക്കുതന്നെ മടക്കം. പിറ്റേന്ന് രാത്രി കയരളം ക്യാമ്പിൽനിന്ന് ഗോപാലനെ മാത്രം പാടിക്കുന്നിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കണ്ണൂർ ഭാഗത്തുനിന്നുളള പൊലീസ് വണ്ടിയും ഇൻസ്പെക്ടർ റേയുമുണ്ടായിരുന്നു. അവർ വന്ന ജീപ്പിൽ കണ്ണുകെട്ടിയ നിലയിൽ രണ്ടുപേർ. രൈരുനമ്പ്യാരും മുല്ലക്കൊടിയിലെ  പ്രവർത്തകനായ കുട്ട്യപ്പയുമായിരുന്നു അത്‌. മൂന്നുപേരെയും റോഡിൽനിന്ന് നൂറ്റമ്പത് മീറ്ററോളം അകലെ കൊണ്ടുപോയി ഒരു മരത്തിൽ കെട്ടിയിട്ട് വെടിവെച്ചുകൊന്നു. പാടിക്കുന്നിൽവെച്ച് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു കമ്യൂണിസ്റ്റുകാർ വെടിയേറ്റ് മരിച്ചുവെന്ന കള്ളവാർത്ത രണ്ടുദിവസം കഴിഞ്ഞ് മാതൃഭൂമി പ്രസിദ്ധപ്പെടുത്തി.

രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും പൊലീസും കോൺഗ്രസ് നേതാക്കളുംകൂടി കളളജാമ്യത്തിലെടുക്കുകയായിരുന്നു. സന്ധ്യാസമയത്ത് ജയിലിൽനിന്ന് പുറത്തിറക്കിയ അവരെ കണ്ണ്‌ കറുപ്പു തുണികൊണ്ടു മൂടിക്കെട്ടി പൊലീസ് ജീപ്പിലേക്ക് വലിച്ചെറിഞ്ഞു.   സന്ധ്യാസമയത്ത് രണ്ട് കമ്മ്യൂണിസ്റ്റുകാർക്ക് അസാധാരണമായ വിധത്തിൽ ജാമ്യം കിട്ടിയെന്നതിൽ സഹതടവുകാർക്ക് സംശയമുണ്ടായിരുന്നു. ചതിയാണതെന്ന് അവർ ഭയന്നു. അതുതന്നെ സംഭവിച്ചു. പക്ഷെ അവർക്കൊരു സംശയമുണ്ടായിരുന്നു, രൈരു നമ്പ്യാർ പാർട്ടിയുടെയും കർഷകസംഘത്തിന്റെയും നേതാവും വൊളന്റിയർ സേനയുടെ ചിറക്കൽ താലൂക്കുതല ഉപനേതാവുമാണ്. അറാക്കൽ കഴിഞ്ഞാൽ അവരുടെ നോട്ടപ്പുളളി. കുട്ട്യപ്പ പാർട്ടിയുടെ പ്രവർത്തകനാണെങ്കിലും നേതൃതലത്തിലില്ല. പക്ഷേ കുട്ട്യപ്പയെ പിടിക്കാൻ പൊടുന്നനെ ഒരു കാരണമുണ്ടായിരുന്നു. അത് പിന്നീടാണ് സഹപ്രവർത്തകർക്ക് മനസ്സിലായത്.

ആരാണ് രൈരുനമ്പ്യാർ എന്നുനോക്കാം. കേരളീയൻ രൈരുനമ്പ്യാരെക്കുറിച്ച് എഴുതി ‘‘ആരോടും അനാവശ്യമായി ഒന്നും സംസാരിക്കില്ല. ഇടയിൽകയറി യാതൊരാളോടും മിണ്ടില്ല. ആരു പറയുന്നതും വിനയപൂർവം ശ്രദ്ധിച്ചുകേൾക്കും. സൗകര്യം നൽകിയാൽമാത്രം സംസാരിക്കും. ഈ മികച്ച സ്വഭാവം ആ ചെറുപ്പക്കാരനെ വിനയസമ്പന്നനാക്കിത്തീർത്തു’’. ഈ വിശിഷ്ട സ്വഭാവത്തിന് നാട്ടുകാർ അദ്ദേഹത്തിന് ഒരു ഓമനപ്പേരിട്ടു സാധു നമ്പ്യാർ. “1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനായ രൈരുനമ്പ്യാർ മൊറാഴ ചെറുത്തുനിൽപ്പിൽ തന്റെ സഹോദരീഭർത്താവിന്റെ അനുജനായ അറാക്കലിന്റെ വലംകയ്യായി പ്രവർത്തിച്ചു. 1941ൽ ഇരിക്കൂർ ഫർക്കാതല പ്രവർത്തകനായ അദ്ദേഹം 1942ൽ കയരളം ഡിവിഷൻ സെക്രട്ടറിയായി. ആ വർഷംതന്നെ പാർട്ടി നിർദേശാനുസരണം പട്ടാളത്തിൽ ചേർന്ന രൈരുനമ്പ്യാർ പരിശീലനം പൂർത്തിയാക്കി; ഏതാനും മാസത്തിനകം പാർട്ടി നിർദേശാനുസരണം രാജിവെച്ച് നാട്ടിലെത്തി.

കെ.എ.കേരളീയൻ രൈരുനമ്പ്യാരെക്കുറിച്ച് അനുസ്മരിച്ചത് ചുവടെ “മലബാർ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിൽ സഖാവ് രൈരുനമ്പ്യാർ ഇരിക്കൂർ ഫർക്കയിലെ ഉശിരനായ പ്രവർത്തകനായി മാറി. വടക്കേമലബാർ സമരത്തിനുശേഷം എങ്ങും ശ്മശാനനിശ്ശബ്ദത. നാടാകെ നിരുദ്ധാവസ്ഥ. ഇതിനെ താറ്റിത്തെറ്റിച്ചെടുക്കാൻ ആ പോരാളിവീരൻ ശപഥംചെയ്തിറങ്ങി. കമ്പിൽനിന്നും ഇരുന്നൂറോളം പേരടങ്ങിയ ഒരു ജാഥ മുദ്രാവാക്യങ്ങളും പാട്ടുമായി മയ്യിലേക്ക് മാർച്ച് ചെയ്യുന്നു. നാടിന്റെ ഹൃദയം ആവേശശ്വാസംകൊണ്ട് ഓളംവെട്ടി. പ്രസ്ഥാനത്തിന്റെ തലയെടുപ്പ്, സംഘടനാപരമായ പ്രവർത്തനങ്ങളുടെ മുതലെടുപ്പിലേക്ക് കാലെടുത്തുവെച്ചു. ഈ മിന്നൽപിണർ ജാഥയുടെ സംഘാടകനെ, നിരുദ്ധാവസ്ഥയെ അതിധീരം ഭേദിച്ച ഈ ഉന്നതനായ നേതാവിനെ നാട്ടുകാരാകെ ഹൃദയം കുളിർത്തനുഗ്രഹിച്ചു. ജാഥ മയ്യിലെത്തി, പൊതുയോഗത്തിലണിചേർന്നു.

വേളം കോട്ടയാണ് രണ്ട്് എം.എസ്.പി.കേമ്പ്. ഈ ജാഥാപ്രവാഹം കണ്ട്‌ അമ്പരന്ന എം.എസ്.പി. വെടിയേറ്റ പുലികളെപ്പോലെ യോഗത്തെ ചുറ്റും വലയംചെയ്തു. യോഗത്തിലെ ഏക പ്രാസംഗികൻ നമ്മുടെ സഖാവായിരുന്നു. എം.എസ്.പി.മേധാവി മുമ്പോട്ടുവന്ന് രൈരു നമ്പ്യാരോട് പ്രസംഗിക്കാൻ പാടില്ല എന്നു പറഞ്ഞു. സഖാവ് നമ്പ്യാർ അങ്ങോട്ട് ‘‘ആരുപറഞ്ഞു. അത് നിങ്ങളല്ല പറയേണ്ടത്, ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളാണ്’’. ഏതായാലും സ. നമ്പ്യാർ പത്തുമിനിട്ടോളം ഉദ്ബോധജനകവും ആവേശകരവുമായ ഒരു പ്രസംഗം ചെയ്തു. എം.എസ്.പി.മേധാവി അടുത്തുവന്ന് പറഞ്ഞു, ‘‘നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു’’. ‘‘നാട്ടുകാരോട് ചോദിച്ച് ചെയ്തോ പക്ഷേ സൂക്ഷിച്ചേക്കണം’’  എന്ന് നമ്പ്യാർ. ഒടുവിൽ പൊലീസ് പിന്മാറുകയായിരുന്നു.

ഇവിടെ സൂചിപ്പിച്ച  മലബാർ ഡിസ്ട്രിക്്ട് ബോർഡ് തിരഞ്ഞെടുപ്പ് 1949ൽ നടന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി യശോദ ടീച്ചറും, കോൺഗ്രസ് സ്ഥാനാർഥിയായി തുടക്കത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുണ്ടായിരുന്ന വിഷ്ണുഭാരതീയനും സോഷ്യലിസ്റ്റ് സ്ഥാനാർഥിയായി ചിറക്കൽ ടി.ബാലകൃഷ്ണൻനായർ. വോട്ടെണ്ണൽ ദിവസമാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയതലത്തിൽത്തന്നെ നിരോധനമേർപ്പെടുത്തിയ ഉത്തരവ് വന്നത്. യശോദടീച്ചറുടെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ച് മടങ്ങുമ്പോഴാണ് കെ.കെ.കുഞ്ഞനന്തൻനമ്പ്യാരടക്കമുള്ളവരെ അറസ്റ്റു ചെയ്തത്. തിരഞ്ഞെടുപ്പിൽ യശോദ ടീച്ചർ കേവലം നാലുവോട്ടിനാണ് ഭാരതീയനോട് തോറ്റത്. ആ തിരഞ്ഞെടുപ്പിൽ താനടക്കമുള്ളവർ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീട് ഭാരതീയൻ ആത്മകഥയിൽ എഴുതി.

രൈരുനമ്പ്യാർക്കൊപ്പം കുമ്മാട്ടുമ്മൽ കുട്ട്യപ്പയെ കോൺഗ്രസ്സും പൊലീസുംകൂടി കള്ളജാമ്യത്തിലെടുത്ത് വിജനസ്ഥലത്തെത്തിച്ച് വെടിവെച്ചുകൊന്നതെന്തിനെന്ന സംശയം പലർക്കുമുണ്ടായിരുന്നു. ശ്രീകണ്ഠപുരത്തിനടുത്ത് കൂട്ടുംമുഖത്തെ കള്ളുഷാപ്പിലെ ചാക്കണക്കാരനായിരുന്നു കുമ്മാട്ടുമ്മൽ കുട്ട്യപ്പ. പാർട്ടിയുടെ ഉശിരൻ പ്രവർത്തകൻ. മുല്ലക്കൊടിയിൽനിന്ന് കള്ളുകൊണ്ടുപോകുന്ന തോണിയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര. നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യസ്ഥാനത്തെത്തിക്കൽ, സന്ദേശങ്ങൾ കൈമാറൽ എന്നീ പ്രവർത്തനങ്ങളെല്ലാം കുട്ട്യപ്പ സന്തോഷത്തോടെ ചെയ്തുവന്നു. 1946ലെ ഭക്ഷ്യോല്പാദന സമരത്തിൽ പങ്കാളിയായി പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1950 മാർച്ച് അവസാനം കൊളച്ചേരിയിലെ രഹസ്യ കേമ്പിൽനിന്നും കുട്ട്യപ്പ മുല്ലക്കൊടിയിലെത്തിയപ്പോൾ കേട്ട വിവരം സംഭ്രമജനകമായിരുന്നു.  സഖാവ്് പി.വി.ദാമോദരന്റെ ഭാര്യയെ കാണാനില്ല. എന്തും സംശയിക്കാവുന്ന കാലം..സംശയമുള്ള 24 വീടുകൾ കുട്ട്യപ്പ പരിശോധിച്ചു. കാണാതായ സ്ത്രീയെ ആരും തട്ടിക്കൊണ്ടുപോയതല്ല, ബന്ധുവീട്ടിൽ പോയതാണെന്ന് പിന്നീട് വ്യക്തമായി.

ഈ സംഭവവുമായി ബന്ധപ്പെട്ട് മുല്ലക്കൊടിയിൽ പൊലീസ്‌ ഗുണ്ടാ വാഴ്ച രൂക്ഷമായി. 1950 ഏപ്രിൽ 23ന് ഗുണ്ടാനേതാവിന്റെ നേതൃത്വത്തിൽ പൊലീസും ഗുണ്ടകളും ചേർന്ന് കുട്ട്യപ്പയെ പിടിച്ചു. ക്രൂരമായി തല്ലിച്ചതച്ചശേഷം ജയിലിലടച്ചു. തന്നെ പിടിച്ച് മർദിച്ചശേഷം പൊലീസിലേൽപ്പിച്ച ഗുണ്ടാനേതാവായ കോൺഗ്രസ്് നേതാവിനോട് കുട്ട്യപ്പ പറഞ്ഞു, ‘‘ഞാൻ തിരിച്ചുവന്നാൽ എന്തുചെയ്യുമെന്നോർത്തോളൂ’’. ഭീതിയിലായ ആ കോൺഗ്രസ് നേതാവാണ് വെടിവെച്ചുകൊല്ലാൻ നിശ്ചയിക്കപ്പെട്ട മൂന്നുപേരിലൊരാളായി കുട്ട്യപ്പയെ ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തിയത്, ചരടുവലിച്ചത് എന്നാണ് പിന്നീട് വ്യക്തമായത്.

പാടിക്കുന്നിൽ രക്തസാക്ഷിയായ മഞ്ഞേരിവീട്ടിൽ ഗോപാലൻ അസാധാരണ കഴിവുകളുള്ള ഒരു പ്രവർത്തകനായിരുന്നു. എ.കുഞ്ഞിക്കണ്ണനെക്കുറിച്ചുള്ള അധ്യായത്തിൽ കണ്ടക്കൈ സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് ഭീകരതയിൽ മൂന്ന്  സ്ത്രീകളെ പൊലീസുകാർ ബലാൽസംഗം ചെയ്ത സംഭവം വ്യക്തമാക്കിയിരുന്നു. ആ സംഭവം ദേശാഭിമാനിയിൽ വാർത്തയാക്കിയതിനെ തുടർന്ന് മാനനഷ്ടക്കേസ് വന്നു. ഇരകളിൽ ഒരാളെയെങ്കിലും കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയേ പറ്റൂ. പക്ഷേ ഇരകളുടെ വീടിന്റെ അപ്പുറത്തും ഇപ്പുറത്തുമായി രണ്ട്‌ പൊലീസ് ക്യാമ്പ്. എന്നിട്ടും വേഷപ്രഛന്നനായി എത്തി ഇരകളിലൊരാളെ കോഴിക്കോട്ടെ ദേശാഭിമാനിയിൽ പാർട്ടി നേതാവായ കെ.സി.ജോർജിന്റെ മുമ്പിലെത്തിച്ച് പിന്നീട് കോടതിയിൽ ഹാജരാക്കുന്നതിൽ വിജയിച്ച ആളാണ് എം.വി.ഗോപാലൻ. സഹപ്രവർത്തകനും പിൽക്കാലത്തെ പാർട്ടി നേതാവുമായിരുന്ന കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ ഗോപാലനെ അനുസ്മരിച്ചതിങ്ങനെയാണ് ‘‘1946 മുതൽ 1950 ഏപ്രിൽവരെ ഇരിക്കൂർ ഫർക്കയിൽനടന്ന എണ്ണമറ്റ സമരങ്ങളുടെയും ഭീകരമർദനങ്ങളുടെയും നടുവിൽ അസാധാരണമായ ധീരതയും പ്രവർത്തനപാടവവും കാണിച്ച സഖാവാണ് ഗോപാലൻ. പൊലീസ് ക്യാമ്പുകളുടെ ഇടയിലൂടെ ഒരു ഗറില്ലാഭടനെപ്പോലെ കടന്നുചെന്ന്് മാതാപിതാക്കളെ ആശ്വസിപ്പിക്കാറുള്ള ഗോപാലൻ. പിന്തുടരുന്ന എം.എസ്.പിക്കാർ കിട്ടിപ്പോയെടാ എന്ന് അലറുമ്പോൾ കിട്ടിയിട്ടുപറഞ്ഞാൽ  മതിയെന്നും പറഞ്ഞ് വായുവേഗത്തിൽ ഓടിമറയുന്ന ഗോപാലൻ’’.

ഇനി  കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ, ഗോപാലനെ റിക്രൂട്ട് ചെയ്ത് വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച കേരളീയൻ അനുസ്മരിക്കുന്നത് നോക്കുക. “ഗോപാലനെ കാണണമെങ്കിൽ വീട്ടിലോ കവലയിലോ അല്ല അന്വേഷിക്കേണ്ടത്, ചുറ്റുവട്ടത്ത് രോഗമെവിടെയുണ്ടോ അവിടെ. അവിടെ രോഗിയെ ശുശ്രൂഷിച്ചുകൊണ്ടും ഔഷധം പാകപ്പെടുത്തിക്കൊണ്ടും ഗോപാലൻ രോഗിയുടെ സ്വന്തം സഹോദരനെപ്പോലെ പ്രവർത്തിക്കുന്നതായി കാണാം. ചുറ്റുപാടുമുള്ള മുസ്ലീങ്ങൾക്ക് ഗോപാലൻ ആപ്ത മിത്രമാണ്, പ്രാണനാണ്. കോൺഗ്രസ്സുകാരന്റെ വീട്ടിലെ വസൂരിക്കിടയിലും ലീഗുകാരന്റെ വീട്ടിലെ കോളറക്കിടയിലും എന്നുവേണ്ട, ഗോപാലൻ അഭിപ്രായവ്യത്യാസമില്ലാതെ  എങ്ങും ശുശ്രൂഷകനാണ്. മന്ദഹാസം പൊഴിക്കുന്ന മുഖം. രസികത്വം തുളുമ്പുന്ന കണ്ണ്, ബദ്ധപ്പാട്് നിറഞ്ഞ കാലുകൾ.. അന്വേഷണം നിറഞ്ഞ ഹൃദയം.

സഖാവ്കെ.പി.ആറിന്റെ നേതൃത്വത്തിൽ യൂത്തുലീഗും സ്്പോർട്സും താലൂക്കിന്റെ പലഭാഗത്തും സംഘടിപ്പിക്കപ്പെട്ട കാലം. ഗോപാലനും നല്ലൊരു കളിക്കാരനായി. കല്യാശ്ശേരി, ബക്കളം, മുഴപ്പാല എന്നിവിടങ്ങളിലെല്ലാം ഗോപാലൻ മത്സരക്കളികളിലെ കളിക്കാരനായിരുന്നു. നല്ലൊരു ഫുട്ബോൾ പ്ലെയർ. ഓലക്കാട് വോളിബോൾ ടീമിന്റെ ക്യാപ്റ്റൻതന്നെ നമ്മുടെ ഗോപാലനാണ്. മാത്രമല്ല നമ്മുടെ വേളം വായനശാലയുടെ പ്രധാന പ്രവർത്തകൻകൂടിയാണ്. മൂവ്മെന്റ് എന്നുവെച്ചാൽ പ്രവർത്തകന്റെ ചലനമാണ് എന്ന് ഗോപാലൻ തെളിയിച്ചു. പ്രസ്ഥാനത്തിന്റെ പുരോഗതി എന്നുവെച്ചാൽ നാട്ടിലെ നാനാവഴികളും പ്രവർത്തകന് അറിയുകയെന്നതാണ് മർമം എന്ന്  ഗോപാലൻ സ്വന്തം ജീവിതത്തിൽ തെളിയിച്ചു.  സഖാക്കൾ അറാക്കലിന്റെയും അളോറ കുഞ്ഞിക്കണ്ണന്റെയും പ്രസ്ഥാനനേതൃത്വത്തെ സംയോജിപ്പിച്ചുവളർത്തിയ വിശിഷ്ടമായ കണ്ണിയാണ് ഗോപാലൻ’’.

1942 ഓടെ ഫർക്കാ വൊളന്റിയർ ഓഫീസറായ ഗോപാലൻ നാടിന്റെ അനൗദ്യോഗിക ഡോക്ടറായി മാറി.ഇരിക്കൂർ ഫർക്കയുടെ കിഴക്കൻ ഭാഗത്ത് ഊരത്തൂർ പ്രദേശത്ത് കോളറ, വസൂരി തുടങ്ങിയ പകർച്ചവ്യാധികൾ പിടിമുറുക്കിയപ്പോൾ കയരളത്തുനിന്നും ഒരു ശുശ്രൂഷാ സ്ക്വാഡിനെ കർഷകസംഘം അവിടേക്കയച്ചു. രണ്ടുമാസക്കാലത്തോളം നാട്ടുകാരുടെയാകെ പ്രാണനായി, ശുശ്രൂഷകനായി, ഡോക്ടറായി പ്രവർത്തിച്ചുവന്ന ഗോപാലൻ ഊരത്തൂർ വിടുമ്പോൾ ആ നാട് കണ്ണീർ പൊഴിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four − 3 =

Most Popular