Sunday, May 19, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ജവാഹർഘട്ടിലെ രക്തതാരകങ്ങൾ

ജവാഹർഘട്ടിലെ രക്തതാരകങ്ങൾ

കെ ബാലകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 30

1940 സെപ്റ്റംബർ 15ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ (ഔദ്യോഗികമായി കെ.പി.സി.സി. നേതൃത്വത്തിൽ) നടന്ന മർദനപ്രതിഷേധ‐ വിലക്കയറ്റവിരുദ്ധ റാലി മൊറാഴയ്‌ക്കു പുറമെ രക്തരൂഷിതമായത് തലശ്ശേരിയിലും മട്ടന്നൂരുമാണ്. തലശ്ശേരി കടപ്പുറത്ത് ജവാഹർഘട്ടിൽ നടന്ന റാലി തികച്ചും സമാധാനപരമായിരുന്നിട്ടും പൊലീസ് വെടിവെച്ച് പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു. മൊറാഴയിൽ രണ്ട് പൊലീസുകാരും മട്ടന്നൂരിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടപ്പോൾ തലശ്ശേരിയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായ സഖാക്കൾ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.

കെ.പി.സി.സി. സെക്രട്ടറിയായ കെ.ദാമോദരൻ പരസ്യമായ പ്രസ്താവന നടത്തിയാണ് സെപ്റ്റംബർ 15ന്റെ റാലിക്ക് ആഹ്വനം ചെയ്തത്. ഏഴെട്ടുമാസം മുമ്പേതന്നെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽവന്നിരുന്നെങ്കിലും പരസ്യപ്രവർത്തനം തുടങ്ങിയിരുന്നില്ല. കെ.പി.സി.സിയുടെ ഭാഗമായിത്തന്നെ നില്ക്കുകയായിരുന്നു ഭൂരിഭാഗം പ്രവർത്തകരും. എന്നാൽ സെപ്റ്റംബർ 15‐ന്റെ പ്രക്ഷോഭത്തിൽ ത്രിവർണപതാകയ്‌ക്കു പുറമെ ചെങ്കൊടികൂടിയുണ്ടായിരുന്നു. കർഷകസംഘത്തിന്റെ കൊടി. തലശ്ശേരിയിൽ റാലി പ്രഖ്യാപിക്കപ്പെട്ടതിനാൽ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിരുവങ്ങാട്, ധർമടം, എരഞ്ഞോളി, കല്ലായി തുടങ്ങിയ വില്ലേജുകളിൽ അഞ്ചിലധികംമാളുകൾ കൂടിനിൽക്കുന്നത് നിരോധിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായ പി.കെ.മാധവൻ, പ്രധാന പ്രവർത്തകരായ പി.കെ.കൃഷ്ണൻ, ടി.സി. ആബൂട്ടി, ടി.സി.ഉമ്മർ എന്നിവർ പുറത്തിറങ്ങുന്നത് നിരോധിച്ചുകൊണ്ട് മജിസ്ട്രേട്ടിന്റെ പ്രത്യേക ഉത്തരവും.

വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങുന്ന റാലിയിലേക്കായി നാലുമണിമുതലേ ജനങ്ങൾ ചെറുചെറുജാഥകളായി എത്താൻ തുടങ്ങി. പിണറായിയിൽനിന്ന് എൻ.ഇ. ബാലറാമിന്റെയും സി.എൻ.ബാലന്റെയും നേതൃത്വത്തിൽ, പുന്നോലിൽനിന്ന് കുനിയിൽ കൃഷ്ണന്റെ നേതൃത്വത്തിൽ, ധർമടത്തുനിന്ന് ടി.കുമാരന്റെ നേതൃത്വത്തിൽ, റാലിയിൽ പങ്കെടുക്കുന്ന വോളന്റിയർമാർ കാക്കി യൂണിഫോം ധരിച്ച് അതിനു പുറത്ത്‌ മുണ്ടും ഷർട്ടുമിട്ടെത്തുകയും സ്ഥലത്തെത്തിയ ശേഷം മുണ്ടും ഷർട്ടും അഴിച്ചുവെക്കുകയുമായിരുന്നു. കടൽക്കരയിൽ ജനങ്ങൾ തടിച്ചുകൂടുന്ന സ്ഥലത്തല്ല, കോൺഗ്രസ്സിന്റെ ഓഫീസ് ഭാഗത്തേക്കാണ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും പൊലീസ് സംഘവും എത്തയത്. അവർ ഓഫീസ് വളഞ്ഞു. മജിസ്ട്രേട്ടും പോലീസും പറഞ്ഞത് പൊതുയോഗം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ്. വേണ്ടിവന്നാൽ വെടിവെച്ചുതന്നെ അമർച്ചചെയ്യുമെന്നും. ഓഫീസിന്റെ ചുമതലക്കാരനായ സി.വി.കരുണാകരൻനായർ അതേ മട്ടിൽ തന്നെ മറുപടിയും നൽകി. ഞങ്ങൾക്ക് ലഭിച്ച നിർദേശം എന്തുവിലകൊടുത്തും നിരോധഘനം ലംഘിക്കാനും റാലി നടത്താനുമാണ് എന്നാണ് കരുണകരൻനായർ മറുപടിയായി പറഞ്ഞത്. ഈ സമയത്ത് നേതാക്കളായ പി.കെ.മാധവനും പി.കെ.കൃഷ്ണനും ഓഫീസിനകത്തുണ്ടായിരുന്നു. മജിസ്ട്രേട്ടും പോലീസുകാരുമായി ഓഫീസ് സെക്രട്ടറി സംസാരിച്ചുകൊണ്ടിരിക്കുന്ന തക്കത്തിൽ മാധവനും കൃഷ്ണനും ഓഫീസിന് പിന്നിലത്തെ ജനൽവഴി വഴിയുണ്ടാക്കി പുറത്തേക്ക്ചാടി കടൽക്കരയിലെ യോഗസ്ഥലത്തെത്തി. ഓഫീസ് സെക്രട്ടറിയായ കരുണാകരൻനായർ, ടി.സി.ഉമ്മർ, സി.വി.രാഘവൻ, നടയിൽ കുഞ്ഞിരാമൻ, പി.വി.ഗോപാലൻ, സന്ധ്യാവ്, കളത്തിൽ രാജു, മണലിൽ കുഞ്ഞിരാമൻ എന്നിവരെ കോൺഗ്രസ് ഓഫീസിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കടൽതീരത്തേക്ക് പി.കെ.മാധവൻ കുതിച്ചെത്തുമ്പോഴേക്കും അവിടെയും പൊലീസ് വലയം തീർത്തിരുന്നു. റാലി നിരോധിച്ചതായി പൊലീസ് വലിയ ബാനർ പ്രദർശിപ്പിക്കുന്നു. വിവിധ മേഖലകളിൽനിന്നായി രണ്ടായിരത്തോളം പേർ ഒത്തുകൂടിയിട്ടുണ്ട്്. പി.കെ. മാധവൻ പോലീസ് ഭീഷണി വകവെക്കാതെ അവിടെ കോൺഗ്രസ്സിന്റെ പതാക നാട്ടി. തുടർന്ന് മാധവൻ പ്രസംഗം തുടങ്ങി. മർദനപ്രതിഷേധയോഗത്തിന്റെയും വിലക്കയറ്റവിരുദ്ധ സമരത്തിന്റെയും സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗം. മാധവനെ തടയാൻ പിടിച്ചുതള്ളാൻ ഒരു പോലീസുകാരൻ മുമ്പോട്ടേക്ക് കുതിച്ചു. പക്ഷേ പാർട്ടിയുടെ വോളന്റിയർമാർക്കായിരുന്നു വേഗം കൂടുതൽ. പോലീസുകാരൻ പി.കെ.മാധവനെ സ്പർശിക്കുന്നതിന് മുമ്പേതന്നെ വീണു. അയാളുടെ അധികാരചിഹ്നമായ തൊപ്പി കടലിൽ ഒഴുകിനടന്നു. അപ്പോഴേക്കും ലാത്തിച്ചാർജും വെടിവെപ്പും തുടങ്ങി. സമരവോളന്റിയർമാരായ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് വീണു. അവർ രക്തസാക്ഷികളായി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രക്തസാക്ഷികൾ. ചെങ്കൊടിയയുർത്തിപ്പിടിച്ച് നിറതോക്കുകൾക്കുമുമ്പിൽ പതറാതെ നിന്ന പോരാളികൾ. എം.നാണു, സി.പി.അനന്തൻ, ജെ.കുഞ്ഞാപ്പു, കെ.അനന്തൻ എന്നിവർക്കും വെടിയേറ്റു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്. പൊതുയോഗത്തിനെത്തിയവരും വോളന്റിയർമാരും എന്നിട്ടും പിരിഞ്ഞുപോയില്ല. പി.കെ.മാധവൻ വീണ്ടും പ്രസംഗിച്ചു. ബ്രിട്ടീഷ് കൊളോണിയൽ നയങ്ങൾക്കെതിരെ ഉജ്ജ്വലമായ പ്രസംഗം.

പാതിരിയാട് വില്ലേജിലെ ഓടക്കാട്ട് മമ്പള്ളി മമ്മുവിന്റെയും കോമത്ത് കദീസയുടെയും മകനാണ് അബു. പാതിരിയാട് ഹയർ എലമെന്ററി സ്കൂളിലെ പഠനത്തിന് ശേഷം ഓടക്കാട് മപ്പിള സ്കൂളിൽ അധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു അബുമാസ്റ്റർ. ധർമടം പാലയാട്ട് പുതിയ പറമ്പൻ കുഞ്ഞിരാമന്റെയും മൂളിയിൽ താലയുടെയും മകനാണ് ചാത്തുക്കുട്ടി. സഞ്ജയൻ പത്രത്തിന്റെ വിതരണക്കാരനായിരുന്നു ആദ്യം. പിന്നീട് തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ഗ്രെയിറ്റ് ദർബാർ ബീഡി കമ്പനിയിലെ തൊഴിലാളിയായി. അബു 21‐ാം വയസ്സിലും ചാത്തുക്കുട്ടി 18‐ാം വയസ്സിലുമാണ് രക്തസാക്ഷികളായത്.

ജവാഹർഘട്ടിലെ ചെറുത്തുനില്പിന് നേതൃത്വം നൽകിയ പി.കെ.മാധവൻ തലശ്ശേരി നഗരത്തിലെ പ്രമുഖ ആയുർവേദ വൈദ്യനായിരുന്ന പയ്യനാടൻ കുമാരൻ വൈദ്യരുടെയും കാരായി നാണിയമ്മയുടെയും മകനായി 1918 ഓഗസ്റ്റ് എട്ടിനാണ് ജനിച്ചത്. തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാഷ്ട്രീയപ്രവർത്തകനാകുന്നത്. ഖദർ വസ്ത്രം ധരിച്ച്, ഗാന്ധിജിയുടെ ചിത്രമടങ്ങിയ ബാഡ്ജും കുത്തിയാണ് മാധവൻ ഒരുദിവസം ക്ലാസിലെത്തിയത്. ഉടൻതന്നെ പ്രഥമാധ്യാപകൻ മാധവനെ ക്ലാസിൽനിന്ന് മാത്രമല്ല സ്കൂളിൽനിന്നുതന്നെ പുറത്താക്കി. പക്ഷേ ഒരു കൊല്ലത്തിനുശേഷം തിരിച്ചെടുക്കേണ്ടിവന്നു. അതേ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായ മാധവൻ ഏതാനും മാസക്കാലം ചിറക്കര കുഞ്ഞാംപറമ്പ് സ്കൂളിൽ അധ്യാപകനായി. എന്നാൽ തന്റെ വഴി വിപ്ലപവപ്രവർത്തനത്തിന്റേതാണ് സ്കൂളിലല്ല , പൊതുസമൂഹത്തിലാണ് തന്റെ അധ്യാപനം വേണ്ടതെന്ന തിരിച്ചറിവോടെ തൊഴിലാളി യൂണിയനുകൾ കെട്ടിപ്പടുക്കാൻ രംഗത്തിറങ്ങുകയായിരുന്നു. കോൺഗ്രസ്സിന്റെ തലശ്ശേരി ഘടകത്തിന്റെ നേതൃത്വത്തിലേക്കുയർന്ന മാധവൻ കോൺഗ്രസ്സിലെ ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവായിരുന്നു. 1938‐39 കാലത്ത് തലശ്ശേരിയിൽനടന്ന ബീഡിത്തൊഴിലാളി സമരത്തിന്റെ നേതാക്കളിൽ പ്രധാനി മാധവനായിരുന്നു. തലശ്ശേരി ന്യൂ ബസാർ ബീഡി കമ്പനി പിക്കറ്റ് ചെയ്യുമ്പോൾ മാധവനടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 22 പേരും ബീഡി തൊഴിലാളികളായിരുന്നു. മാധവൻ പാർട്ടി ചുതലപ്പെടുത്തിയതനുസരിച്ച് സമരത്തിന്റെ നായകനും. മാധവനെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. അതിന് മുമ്പ് ഒന്നിലേറെത്തവണ രണ്ടാഴ്ചയും ഒരുമാസവും റിമാണ്ട് തടവുകാരനായിട്ടുമുണ്ട്.

ജവാഹർഘട്ടിലെ സംഭവങ്ങളെ തുടർന്ന് പോലീസ് നരനായാട്ടാണ് തലശ്ശേരി മേഖലയിലാകെ നടന്നത്. ചെറുത്തുനില്പിന്റെ നായകനായ പി.കെ.മാധവനെ പിടിക്കാൻ പൊലീസിന് സാധിച്ചില്ല. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ഒണ്ടുവർഷത്തോളം ഒളിവിൽ കഴിഞ്ഞ് പ്രസ്ഥാനം കെട്ടിപ്പടുക്കുകയായിരുന്നു മാധവൻ. പിന്നീട് കിഴക്കൻ മലയോരമേഖലയിലെ കർഷകസമരങ്ങൾക്ക് നേതൃത്വം നൽകി. മട്ടന്നൂരിലും പഴശ്ശിയിലും തില്ലങ്കേരിയിലും കൊട്ടിയൂരിലും തോലമ്പ്രയിലുമെല്ലാം പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയത്. സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട യാത്രക്കിടയിൽ ഇരിട്ടി പുഴയിൽ പായത്തുവെച്ചുണ്ടായ തോണിയപകടത്തിൽ മാധവൻ മുങ്ങിമരിച്ചു‐ 1964 ജൂൺ 30ന്. തലശ്ശേരി നഗരസഭാംഗവും മലബാർ ഡിസ്ട്രിക്ട് ബോഡ് അംഗവുമായിരുന്ന മാധവൻ 1957‐ൽ കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥിയുമായിരു്ന്നു.

ജവാഹർഘട്ട് ചെറുത്തുനില്പുമായി ബന്ധപ്പെട്ട് സി.എൻ.ബാലൻ, ടി.യു.രാമുണ്ണി, കുനിയിൽ കൃഷ്ണൻ, ടി.സി.ഉമ്മർ തുടങ്ങി ഇരുപത് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജിയിലിലടച്ചു. ഒന്നാംപ്രതിയായ മാധവനെ പിടികിട്ടിയില്ല. അറസ്റ്റിലായവരെ ആറുമാസം മുതൽ രണ്ടുവർഷത്തെ വരെ തടവിന് ശിക്ഷിച്ചു. ജവാഹർഘട്ട് ചെറുത്തുനില്പിൽ രക്തസാക്ഷിയായ ചാത്തുക്കുട്ടി പ്രവർത്തിച്ച ഗ്രേറ്റ് ദർബാർ ബീഡി കമ്പനിയിലെ തൊഴിലാളിയും യൂണിയൻ നേതാവുമായിരുന്നു സി.എൻ.ബാലൻ. പിണറായിയിൽനിന്നുള്ള ജാഥ എൻ.ഇ.ബാലറാമിനോടൊപ്പം നയിച്ചത് ബാലനാണ്. തലശ്ശേരി ഫർക്കയിലെ വോളന്റിയർ ക്യാപ്റ്റനാണന്ന് ബാലൻ. പി.കെ.മാധവന് പുറമെ റാലിയിൽ പ്രസംഗിച്ചത് സി.എൻ.ബാലനും പാണ്ട്യാല ഗോപാലൻ മാസ്റ്ററുമായിരുന്നു.

ശിക്ഷിക്കപ്പെട്ട സി.എൻ.ബാലൻ കണ്ണൂർ, സേലം, വിയ്യൂർ, ബെല്ലാരി ജയിലുകളിൽ രണ്ടുവർഷത്തോളം കഴിഞ്ഞു. ജയിൽമോചിതനായശേഷം തലശ്ശേരി താലൂക്ക് കൈത്തറി തൊഴിലാളി യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു. നൂൽ പൂഴ്ത്തിവെപ്പിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകി. പൂഴ്ത്തിവെച്ച നൂൽ സാഹസികമായി പിടിച്ചെടുത്ത് വിതരണംചെയ്തു. തലശേശരി താലൂക്കിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കാലത്തുതന്നെ സുശക്തമായ വോളന്റിയർ സംഘടനയുണ്ടായിരുന്നു. വോളന്റിയർ കോറിന്റെ ചുമതലക്കാരൻ സി.എൻ.ബാലനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടശേഷം തെലങ്കാനയിൽപോയി പ്രത്യേക വോളന്റിയർ പരിശീലനം നേടുകയുണ്ടായി. പാർട്ടിയുടെ താലൂക്ക് വോളന്റിയർ ക്യാപ്റ്റനായി പ്രവർത്തിച്ചു.

1948ൽ കൊൽക്കത്താ തീസിസിന്റെ കാലത്ത് കടുത്ത മർദനത്തിനും പീഡനത്തിനുമിരയായി. വടക്കുമ്പാട് മുണ്ടോളിവയലിനടുത്തുള്ള പുരയിടത്തിൽ ഒളിവിൽ കഴിയുമ്പോൾ പൊലീസ് വളയുകയും പിടികൂടി റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. കല്ലംമുള്ളുമേറ്റ് ദേഹമാകെ മുറിവേറ്റ് വേദനകൊണ്ട് പുളയുമ്പോഴും മർദനം. മർദനത്തിനിടെ ഓടി പുഴയിൽചാടി മറുകരയിലെത്തി ഒരു കാലിത്തൊഴുത്തിൽ വൈക്കോൽകൂനക്കിടയിൽ ഒളിച്ചെങ്കിലും വൈകാതെ പിടിയിലായി. പിന്നീട് ജനനേന്ദ്രിയത്തിൽ ഈർക്കിൽ കയറ്റുന്നതടക്കമുള്ള മൂന്നാംമുറകൾ. പൊലീസ് മർദനത്തിൽ മരിച്ചെന്ന് നാട്ടിൽ വിവരമെത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ. തലശ്ശേരി താലൂക്കിൽ ബീഡി‐നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്യൂണിസ്റ്റ് വോളന്റിയർ സംഘടന കെട്ടിപ്പടുക്കുന്നതിലും അദ്വിതീയമായ പങ്ക് വഹിച്ച വിപ്ലവകാരിയാണ് സഖാവ് സി.എൻ.ബാലൻ.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular