Sunday, May 19, 2024

ad

Homeആമുഖംനാടിനെ കൊള്ളയടിക്കുന്ന ശിങ്കിടി മുതലാളിത്തം

നാടിനെ കൊള്ളയടിക്കുന്ന ശിങ്കിടി മുതലാളിത്തം

ലക്കം മുതൽ ചിന്ത വാരികയുടെ ഉള്ളടക്കം ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ഈ ലക്കത്തിൽ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്ന ശിങ്കിടി മുതലാളിത്തത്തെയും അതിന് താങ്ങും തണലുമായി നിൽക്കുന്ന ഭരണ സംവിധാനത്തെയും തുറന്നു കാണിക്കുന്ന ലേഖനങ്ങളും ചെറുകുറിപ്പുകളും കണക്കുകളും നൽകുന്നു.

നവലിബറൽ കാലത്തെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് ശിങ്കിടി മുതലാളിത്തം. ഭരണകക്ഷിയുമായി ഒട്ടിനിൽക്കുന്ന മുതലാളിമാർ രാജ്യത്തിന്റെ സമ്പത്താകെ, പ്രകൃതിയെപ്പോലും കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്നതാണ് ഈ വ്യവസ്ഥയിൽ നാം കാണുന്നത്. ഭരണാധികാരികൾ നിയമനിർമാണവും നയരൂപീകരണവും തന്നെ നടത്തുന്നത് തങ്ങളുടെ ശിങ്കിടികളായി നിൽക്കുന്ന മുതലാളിമാരെ തടിച്ചുകൊഴുപ്പിക്കാനാണ്. കോൺഗ്രസ് ഭരണകാലത്ത് തുടങ്ങിയ ശിങ്കിടികളെ പാലൂട്ടി വളർത്തുന്ന നയം ബിജെപിയുടെ, പ്രത്യേകിച്ചും നരേന്ദ്ര മോദിയുടെ ഭരണമായപ്പോൾ സർവ സീമുകളും ലംഘിച്ച് തിമിർത്താടാൻ തുടങ്ങി.

കൃഷ്ണ – ഗോദാവരി തടത്തിൽ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പര്യവേഷണം നടത്തി കണ്ടെത്തിയ വാതക നിക്ഷേപം ഒന്നാകെ തുച്ഛമായ തുകയ്ക്ക് ഒരു വെള്ളിത്താലത്തിൽ വെച്ച് മുകേഷ് അംബാനിക്ക് നൽകുകയായിരുന്നു, കോൺഗ്രസ് ഭരണകാലത്ത്. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കും പ്രകൃതിവാതകത്തിനും തുല്യമായ വില ഈടാക്കി റിലയൻസ് അത് വിൽക്കുന്നു. അങ്ങനെ ഖജനാവിനെയും ജനങ്ങളെയും കൊള്ളയടിച്ചാണ് മുകേഷ് അംബാനി ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലേക്ക് കുതിച്ചുയർന്നത്. നവലിബറൽ കാലത്തിനു മുമ്പു തന്നെ റിലയൻസിനെ താലോലിക്കുന്ന നയം കോൺഗ്രസ് ഭരണാധികാരികൾ തുടങ്ങിയിരുന്നു. മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിനെ തുടർന്ന് കെെക്കൊണ്ട നയങ്ങൾ ടെലികമ്യൂണിക്കേഷൻ രംഗവും മാധ്യമരംഗവുമെല്ലാം കെെപ്പിടിയിലൊതുക്കി റിലയൻസ് പടർന്നു പന്തലിച്ചു.

മോദിയുടെ അധികാരാരോഹണവും അദാനിയുടെ വളർച്ചയും ഒരേസമയത്താണ് സംഭവിച്ചത്. മോദി മുഖ്യമന്ത്രി ആകുന്നതോടെയാണ് ഗൗതം അദാനിയുടെ ഉയർച്ച ആരംഭിച്ചത്. മോദി പ്രധാനമന്ത്രി ആയതിനെത്തുടർന്ന് അദാനിയുടെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് സംഭവിച്ചത്. മോദിയുടെ ലോക സഞ്ചാര വേളകളിലെല്ലാം നിഴൽ പോലെ പിന്തുടർന്നിരുന്ന അദാനിയുടെ സാമ്രാജ്യവും രാജ്യാതിർത്തി കടന്ന് വളർന്നു. പൊതുമേഖലാ ബാങ്കുകളിലെ ജനങ്ങളുടെ സമ്പാദ്യമെടുത്താണ്, അതായത് രാജ്യത്തെ ജനങ്ങളുടെ ചോരയൂറ്റിക്കുടിച്ചാണ്, അദാനിയും മറ്റു കോർപ്പറേറ്റുകളും തടിച്ചു കൊഴുക്കുന്നത്. അതിന്റെ പങ്ക് ഭരണകക്ഷിക്കും ആവോളം ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ഈ ലക്കത്തിലെ ലേഖനങ്ങളിലും കുറിപ്പുകളിലും പട്ടികകളിലും വായിക്കാം.
– പത്രാധിപസമിതി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − fourteen =

Most Popular