Sunday, May 19, 2024

ad

Homeകായികരംഗംവൈവിധ്യമാർന്ന ഇന്ത്യൻ കായിക പാരമ്പര്യത്തിന് കരുത്തേകുന്ന ദേശീയ കായികാഘോഷം

വൈവിധ്യമാർന്ന ഇന്ത്യൻ കായിക പാരമ്പര്യത്തിന് കരുത്തേകുന്ന ദേശീയ കായികാഘോഷം

ഡോ. പി ടി അജീഷ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ കായിക പാരമ്പര്യം വൈവിധ്യങ്ങൾ നിറഞ്ഞതാണ്.ബഹുസ്വരതയിൽ അധിഷ്ഠിതമായി മാനവികമായ കാഴ്ചപ്പാടോടുകൂടി നാനാത്വത്തിൽ ഏകത്വം എന്ന വിശാലമായ സങ്കൽപ്പത്തെ അങ്ങേയറ്റം ഉദാത്തമായ രീതിയിൽ പരിഗണിക്കുന്നവരാണ് നാം.രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കായികപരമായ അവസരങ്ങൾ ഒരുക്കുന്നതിലൂടെ ജനങ്ങൾ തമ്മിലുള്ള ഐക്യവും അഖണ്ഡതയും ജനാധിപത്യ ബോധവും മതനിരപേക്ഷതയും സ്ഥിതിസമത്വവും സമത്വബോധവും ഉൾപ്പെടെയുള്ള നിരവധിയായ മൂല്യങ്ങൾ വളരുന്നതിന് ഉപകരിക്കുന്നു.നിലവിലുള്ള സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യയോട്ടാകെ കായിക മത്സരാഘോഷങ്ങളുടെ പൂക്കാലം ആണെന്ന് പറയാം. ഏഷ്യൻ ഗെയിംസ് പകർന്ന ആവേശം രാജ്യത്തെമ്പാടും അലയടിക്കുമ്പോൾ ലോകകപ്പ് ക്രിക്കറ്റ്, ഐ.എസ്.എൽ, സന്തോഷ് ട്രോഫി തുടങ്ങി പ്രധാന മത്സരങ്ങളും നമ്മുടെ രാജ്യത്തിന്റെ കായിക സമ്പദ്ഘടനയ്ക്ക് കരുത്തുപകരുന്ന നിലയിൽ നടന്നുവരികയാണ്. ഇന്ത്യയുടെ മഹത്തായ കായിക പാരമ്പര്യത്തിന്റെ പ്രതീകമായി രാജ്യം ഒന്നാണെന്ന കാഴ്ചപ്പാട് നിലനിർത്തിക്കൊണ്ടാണ്‌ ദേശീയ ഗെയിംസിനും ഗോവയിൽ ആരംഭം കുറിച്ചത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യൻ സായുധ സേനയെ പ്രതിനിധീകരിക്കുന്ന സർവീസസ് ഉൾപ്പെടെ ആകെ 37 ടീമുകളാണ് ദേശീയ ഗെയിംസിൽ മാറ്റുരയ്ക്കുന്നത്.

1920ലെ ഒളിമ്പിക്സിന് ശേഷം ഇന്ത്യയിൽ കായിക വികസനത്തിനുവേണ്ടിയുള്ള സെലക്ഷൻ കമ്മിറ്റിയുടെ രൂപീകരണവും ഇന്ത്യൻ ഒളിമ്പിക്‌സ്‌ അസോസിയേഷന്റെ ആവിർഭാവവും നടന്നു. ഇന്ത്യയിലെ പ്രമുഖ വ്യവസായി ആയിരുന്ന ദോറാബ്ജി ടാറ്റ,മദ്രാസിലെ വൈ.എം.സി.എ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ സ്ഥാപകനായിരുന്ന എച്ച്.സി.ബക്ക് എന്നിവരുടെ കാര്യക്ഷമമായ ഇടപെടൽ ഇന്ത്യൻ കായിക വികാസത്തിന് നിർണായകമായ ശക്തി പകർന്നിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ദേശീയ ഗെയിംസിന്റെ ആവിർഭാവം ഉണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഏറെക്കാലം മുമ്പ് 1924ൽ ഇപ്പോഴത്തെ പാക്കിസ്‌താനിലെ ലാഹോറിൽ ആയിരുന്നു ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത്. “ഗെറ്റ് സെറ്റ് പ്ലേ’ എന്നതാണ് 99 വർഷം പഴക്കമുള്ള ദേശീയ ഗെയിംസിന്റെ മുദ്രാവാക്യം. ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ പ്രചരണത്തിന്റെ ഭാഗമായി പഞ്ചാബ് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി സോധിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു മെഗാ കായിക ഇവന്റ് ആരംഭിച്ചത്. ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് എന്ന പേരിലായിരുന്നു ആദ്യകാലങ്ങളിൽ ഇത് അറിയപ്പെട്ടത്. 1940ൽ ബോംബെയിൽ നടന്ന ഗെയിംസിലാണ് ദേശീയ ഗെയിംസ് എന്ന നിലയിലേക്ക് പേരുമാറ്റമുണ്ടായത്. രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുവാനാണ് ആദ്യഘട്ടത്തിൽ ദേശീയ ഗെയിംസ് വിഭാവനം ചെയ്തിരുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട കായിക പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി ലക്ഷ്യമിട്ടുകൊണ്ടാണ് ഗെയിംസ് ആരംഭിച്ചത്. എന്നാൽ പലപ്പോഴും കൃത്യമായ കാലഘടനയിൽ ഇത് സംഘടിപ്പിക്കുവാൻ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ആദ്യ ദേശീയ ഗെയിംസിൽ മികവ് പ്രകടിപ്പിച്ച 8 കായികതാരങ്ങൾ 1924ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 1948ൽ ലക്നൗവിൽ വച്ച് നടന്ന ഗെയിംസ് ആണ് സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ പതിപ്പ്. 1970ലെ 25-‐ാം പതിപ്പ് വരെ രണ്ടുവർഷം എന്ന നിലയിൽ ദേശീയ ഗെയിംസ് ക്രമമായി തുടർന്നു. പിന്നീടാണ് വർഷങ്ങളുടെ നടത്തിപ്പ് രീതിയിൽ മാറ്റമുണ്ടായത്.

1980കളിൽ ദേശീയ ഗെയിംസിന്റെ പ്രചാരത്തിലും പ്രചരണത്തിലും ഉണ്ടായിരുന്ന നിലവാരം നിലനിർത്തുവാൻ കഴിയാതെവന്നിട്ടുണ്ട്. 1985ൽ നടന്ന ദേശീയ ഗെയിംസിൽ ഈ കുറവ് പരിഹരിക്കുവാൻ സംഘാടകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒളിമ്പിക്സിന് സമാനമായ രീതിയിൽ ദേശീയ ഗെയിംസിനെ മാറ്റിത്തീർക്കുവാനുള്ള ശ്രമം സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായി.ഒളിമ്പിക്സ് മത്സരം നടക്കുന്ന രീതിക്ക് സമാനമായ എല്ലാ ചിട്ടവട്ടങ്ങളും ഒരുക്കുവാനും ക്രമീകരിക്കുവാനും ശ്രദ്ധ പുലർത്തി.ഓരോ സംസ്ഥാനത്തുനിന്നും പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇത് ഇടയാക്കി. ദേശീയ ഗെയിംസിൽ മാറ്റുരച്ച താരങ്ങളിൽ ഏറ്റവും മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ താരമാണ് നീരജ് ചോപ്ര. ആദ്യമായി മത്സരിച്ച 2015ലെ ദേശീയ ഗെയിംസിൽ അദ്ദേഹം അഞ്ചാം സ്ഥാനത്താണ് എത്തിച്ചേർന്നത്. നിരന്തരമായ കഠിന പരിശീലനത്തിലൂടെ തന്റെ കായിക കരിയർ മെച്ചപ്പെടുത്തിയ നീരജിന് ആദ്യമായി ഒളിമ്പിക്സിൽ അത്ലറ്റിക്സ് ഇനത്തിൽ വ്യക്തിഗത സ്വർണ്ണം കരസ്ഥമാക്കുവാൻ കഴിഞ്ഞത് ചരിത്രത്തിന്റെ ഭാഗമായി. ഒളിമ്പിക്സും ഏഷ്യൻ ഗെയിംസും നടക്കുന്ന വർഷങ്ങളിൽ ഒഴികെ എല്ലാ രണ്ടു വർഷങ്ങളിലും ദേശീയ ഗെയിംസ് നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളതാണെങ്കിലും അത്‌ പ്രാവർത്തികമാകുന്നില്ല. ഇന്ത്യയിലെ പ്രശസ്തരായ കായികതാരങ്ങളായ നീരജ് ചോപ്ര, പി.ടി ഉഷ, ദീപ കർമ്മാക്കർ, സജൻ പ്രകാശ്,സാനിയ മിർസ തുടങ്ങിയ നിരവധി പ്രമുഖർ ദേശീയ ഗെയിംസിൽ മാറ്റുരച്ച് മികവ് പ്രകടിപ്പിച്ചിട്ടുള്ളവരാണ്.

ചെറിയ സംസ്ഥാനത്തിലെ വലിയ ഗെയിംസ്
വിസ്തീർണത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിൽ വച്ചാണ് ഇത്തവണത്തെ ഏറ്റവും വലിയ കായിക മാമാങ്കം അരങ്ങേറുന്നതെന്ന പ്രത്യേകത ഈ ഗെയിംസിന് ഉണ്ട്. ബീച്ച് ടൂറിസത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിൽ ഒന്നായ ഗോവ വിനോദസഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനം കൂടിയാണ്. ഗോവയിലെ പ്രധാന നഗരങ്ങളായ മപുസ, മർഗോ, പൻജിം, പോണ്ട, വാസ്കോ എന്നിവിടങ്ങളിൽവച്ചാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഗോവ ദേശീയ ഗെയിംസിന്റെ സംഘാടന ചുമതല ഏറ്റെടുക്കുന്നത്.

“ഗെറ്റ് സെറ്റ് ഗോവ” എന്നതാണ് ഈ ദേശീയ ഗെയിംസിന്റെ മുദ്രാവാക്യം. നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായ മോഗ എന്ന ഇന്ത്യൻ കാട്ടുപോത്താണ് ഗെയിംസിന്റെ ചിഹ്നം. പ്രതിരോധശേഷിയിലൂടെ പ്രതിബന്ധങ്ങളെ മറികടക്കാനുള്ള കഴിവ് ഇന്ത്യാക്കാർക്കുമുന്നിൽ വെളിപ്പെടുത്തുക എന്നതാണ് ചിഹ്നത്തിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഓരോ കായികതാരവും തനത് കായികമേഖലയിൽ ഏറ്റവും ഉന്നതമായ മികവ് പ്രകടിപ്പിക്കുവാൻ കാണിക്കുന്ന പ്രതിബദ്ധതയുടെ മൂർത്തീഭാവമായാണ് ഈ ചിഹ്നത്തെ സംഘാടകർ പ്രദർശിപ്പിച്ചത്. കഴിഞ്ഞതവണ ഗുജറാത്തിൽ നടന്ന പതിപ്പിനെക്കാൾ ഏകദേശം 3000ത്തിലധികം കായികതാരങ്ങൾ കൂടുതലായി ഗോവ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. അക്വാട്ടിക്സ്, അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, ബീച്ച് വോളിബോൾ, ബീച്ച് ഹാൻഡ്ബോൾ, ബീച്ച് ഫുട്ബോൾ, ബില്യാർഡ്സ് ആൻഡ് സ്നൂക്കർ, ബോക്സിംഗ്, കനോയിംഗ്, സൈക്ലിംഗ്, ഫെൻസിങ്. , ഫുട്ബോൾ, ഗട്ക, ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, കളരിപ്പയറ്റ്, ഖോ-ഖോ, ലഗോറി, ലോൺ ബൗളുകൾ, ലോൺ ടെന്നീസ്, മല്ലഖാംബ്, മിനി ഗോൾഫ്, മോഡേൺ പെന്റാത്തലൺ, നെറ്റ്ബോൾ, പെൻകാക്ക് സിലാറ്റ്, റോൾ ബോൾ, റോവിംഗ്, റഗ്ബി, സെപതാക്രോ, ഷൂട്ടിംഗ്, സ്ക്വേ ആയോധനകല, സ്ക്വാഷ്, ടേബിൾ ടെന്നീസ്, തായ്‌ക്വോണ്ടോ, ട്രയാത്ത്‌ലോൺ, വോളിബോൾ, ഭാരോദ്വഹനം, ഗുസ്തി, വുഷു, യാച്ചിംഗ്, യോഗാസന ഉൾപ്പെടെ പരമ്പരാഗത ഒളിമ്പിക് ഇനങ്ങളും തദ്ദേശീയ കായിക മത്സങ്ങളും ഉൾപ്പെടുന്നു. ഇത്തവണ സർവീസസിനെ ബഹുദൂരം പിന്നിലാക്കി മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മഹാരാഷ്ട്രയാണ്.

പ്രതീക്ഷയോടെ കായിക കേരളം
ഇന്ത്യൻ കായിക മണ്ഡലത്തിൽ സുവർണ്ണ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തെ പ്രതിനിധീകരിച്ച് 496 കായികതാരങ്ങളും 129 ഒഫീഷ്യൽസുകളും ഉൾപ്പെടെ 625 അംഗസംഘമാണ് ഗോവ ഗെയിംസിൽ പങ്കെടുക്കുന്നത്. 33 കായിക ഇനങ്ങളിലാണ് കേരളത്തിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്നത്. കഴിഞ്ഞതവണ ആറാം സ്ഥാനത്തായിരുന്ന കേരളത്തിന് ഇത്തവണ നില മെച്ചപ്പെടുത്താൻ ആകുമെന്ന തികഞ്ഞ പ്രതീക്ഷയോടെയാണ് ഗോവയിലേക്ക് യാത്ര തിരിച്ചിട്ടുള്ളത്. അന്തർദേശീയ നീന്തൽതാരമായ ഒളിമ്പ്യൻ സജൻ പ്രകാശാണ് ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരളത്തിന്റെ പതാക വഹിച്ചത്. സംസ്ഥാന കായികവകുപ്പിന്റെ മേൽനോട്ടത്തിൽ ദീർഘകാലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടീമുകൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു .മുൻ അന്താരാഷ്ട്ര വോളിബോൾ താരമായിരുന്നു വി.എ.മൊയ്തീൻ നൈനയാണ് കേരള സംഘത്തിന്റെ തലവൻ.  വോളിബോൾ, ഹാൻഡ് ബോൾ എന്നീ കായിക ഇനങ്ങളുടെ സംഘടനകളിൽ നിലനിൽക്കുന്ന രാഷ്ട്രീയ പടലപ്പിണക്കങ്ങളുടെ ഭാഗമായി നടന്നുവരുന്ന പ്രശ്നങ്ങൾ കായികതാരങ്ങളുടെ ഭാവിയെ വളരെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിൻെറ ഉറച്ച സുവർണ മെഡൽ പ്രതീക്ഷയായ ഈ രണ്ട് ഇനങ്ങളും ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കിയത് കേരളത്തിന്റെ മെഡൽനിലയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + four =

Most Popular