Sunday, May 19, 2024

ad

Homeകായികരംഗംമൈക്കിൾ ഷുമാക്കർ നിശ്ചലനായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ

മൈക്കിൾ ഷുമാക്കർ നിശ്ചലനായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ

ഡോ.പി.ടി.അജീഷ്

കാർ റേസിംഗ് എന്ന് കേൾക്കുമ്പോൾ ആദ്യം ആളുകളുടെ ഓർമ്മയിലെത്തുന്നത് മൈക്കിൾ ഷുമാക്കർ എന്ന ലോകപ്രശസ്തനായ ജർമ്മൻ ഫോർമുല വൺ കാർ ഡ്രൈവറെയാണ്.റേസിംഗ് ട്രാക്കിൽ മിന്നൽപിണറായിരുന്ന അദ്ദേഹം ഏഴ് തവണ ലോക ജേതാവായി എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറായി പരിഗണിക്കപ്പെടുന്നു. ലോകത്തെ ഏതൊരു കായികതാരവും ആഗ്രഹിക്കുന്ന കായിക നേട്ടങ്ങളും റെക്കോർഡുകളുമാണ് റേസ് ട്രാക്കിലെ ഈ നിത്യഹരിത നായകൻ സ്വന്തമാക്കിയത്. 1994, 1995 വർഷങ്ങളിലും 2000 മുതൽ 2006 വരെ തുടർച്ചയായും ഇദ്ദേഹം കിരീടനേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 91 വിജയങ്ങളോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് നേടിയ താരമെന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.അംഗീകൃത കാറോട്ട മത്സര കരിയറിൽ ആയിരം പോയിന്റ് തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി ഇദ്ദേഹമാണ് നേടിയത്.155 തവണ മെഡൽ പൊസിഷനിലും എത്തിച്ചേർന്നിട്ടുണ്ട്. 68 തവണ യോഗ്യതാനിർണയത്തിലൂടെ ടൈ നേടി ഒന്നാം സ്ഥാനത്തിലേക്ക് എത്തുന്ന പോൾ പൊസിഷനും സ്വന്തമാക്കിയിട്ടുണ്ട്. 77 തവണ ഫാസ്റ്റസ്റ്റ് ടൈം കുറിച്ചയാളെന്ന ബഹുമതിയും ഷുമാക്കറാണ് കരസ്ഥമാക്കിയത്. ഫെറാരി ടീമിന് വേണ്ടി 181 തവണ മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. റേസിംഗ് ട്രാക്കുകളിൽ മിന്നലായിരുന്ന, കാറിരമ്പങ്ങളെ ജീവശ്വാസമായി കണ്ടിരുന്ന, വേഗത കൊണ്ട് എതിരാളികളെ മറികടക്കുന്ന മൈക്കിൾ ഷൂമാക്കർ അപകടത്തിൽപ്പെട്ട് നിശ്ചലനായികിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് തികയുന്നു.

വേഗതയോട് കമ്പംകൂടിയ 
കുട്ടിക്കാലം
കുട്ടിക്കാലത്ത് ഷൂമാക്കർ ഗോ-കാർട്ട് റേസിംഗിൽ താൽപ്പര്യം പ്രകടിപ്പിച്ചു, തുടർന്ന് ഗോ-കാർട്ട് റേസിംഗ് മേഖലയിൽ പരിശീലനം തുടങ്ങി. 1984 ലും 1985 ലും അദ്ദേഹം ജർമ്മൻ ജൂനിയർ കാർട്ടിംഗ് ചാമ്പ്യൻഷിപ്പ് നേടി. 1987ൽ യൂറോപ്യൻ കാർട്ടിംഗ് കിരീടം അദ്ദേഹം സ്വന്തമാക്കി. തൊട്ടടുത്ത വർഷം, 19-–ാം വയസ്സിൽ, അദ്ദേഹം കാർട്ടിംഗ് ഉപേക്ഷിച്ച് ഫോർമുല ത്രീ (F3) കാറുകളുടെ ഡ്രൈവറായി. രണ്ട് വർഷത്തിനുശേഷം 1990 ൽ ജർമ്മൻ F3 ചാമ്പ്യൻഷിപ്പും നേടി. 1991-ൽ ജോർദാൻ ടീമിന്റെ ഡ്രൈവറായി ഷൂമാക്കർ F1 മത്സരത്തിൽ പങ്കെടുത്തു. അടുത്ത വർഷം ബെനറ്റണിലേക്ക് മാറുകയും 1994 ലും 1995 ലും ആ ടീമിനായി ഡ്രൈവേഴ്സ് ലോക ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു. 1996 സീസണിന് മുമ്പ് അദ്ദേഹം ഫെറാരി ടീമിലേക്ക് മാറി ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. 1999-ൽ ഒരു അപകടത്തിൽ കാലിന് ഒടിവുണ്ടായതിനെത്തുടർന്ന് മത്സരവേദിയിൽ നിന്ന് വിട്ടുനിന്നു. ഇടവേളയെ തുടർന്ന് മത്സരിച്ച 1979 ൽ ഫെറാരിയുടെ ആദ്യത്തെ ഡ്രൈവേഴ്സ് കിരീടം നേടുകയും ചെയ്തു. തുടർച്ചയായി അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളിലെ (2000 മുതൽ 2004 വരെ) വിജയങ്ങളെല്ലാം ആധികാരികമായ നേട്ടങ്ങൾ ആയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഏഴ് എഫ്1 ടൈറ്റിലുകൾ ഏകദേശം 50 വർഷമായി നിലനിന്നിരുന്ന ജുവാൻ മാനുവൽ ഫാംഗിയോയുടെ അഞ്ച് റെക്കോർഡുകൾ തകർത്ത പ്രകടനത്തോടെയായിരുന്നു. 2005ലും 2006ലും എഫ്1 സ്റ്റാൻഡിംഗിൽ യഥാക്രമം മൂന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് മികവ് പുലർത്തി.

ജർമ്മനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഹ്യൂർത്തിലാണ് ജനനമെങ്കിലും പഠിച്ചതും വളർന്നതും ജർമ്മനിയിലെ കെർപ്പനിലാണ്. 1991 ലെ ബെൽജിയം ഗ്രാൻഡിലൂടെയാണ് ഷൂമാക്കർ കരിയർ ആരംഭിച്ചത്. ഈ മേഖലയിലെ ഇതിഹാസതാരമായിരുന്ന അയർട്ടൻ സെന്നെ മരണപ്പെട്ട വർഷമായ 1991 ലാണ് ഷൂമാക്കർ ആദ്യമായി ചാമ്പ്യൻ പട്ടം നേടിയത്.1994 ലും 95 ലും ബെനറ്റണിൽ ഫോർമുല വൺ കിരീടം നേടി.തുടർന്ന് 2000 മുതൽ 2004 വരെ തുടർച്ചയായി അഞ്ചു തവണ ഫെറാരി ക്ലബ്ബിനുവേണ്ടി ലോക ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫെറാരിയുടെ ടെസ്റ്റ് ഡ്രൈവറായും ഉപദേശകനായും സേവനമനുഷ്ഠിക്കുന്നതിനായി 2006 ൽ മൈക്കിൾ ഷൂമാക്കർ ഫീൽഡിൽനിന്നും വിരമിച്ചു. വിരമിക്കുന്ന സമയത്ത് അദ്ദേഹത്തിന് 91 തവണ എഫ്1 ഗ്രാൻഡ് പ്രിക്സ് റേസ് വിജയങ്ങൾ എന്ന മികച്ച നേട്ടം ഉണ്ടായിരുന്നു. ഇത് ഫ്രഞ്ച് ഡ്രൈവറായ അലൈൻ പ്രോസ്റ്റ് എന്ന വ്യക്തിയുടെ 51 തവണ എന്ന റെക്കോർഡ് തകർത്തുകൊണ്ടായിരുന്നു. 2009 ഡിസംബറിൽ മെഴ്സിഡസ് ടീമിന്റെ ഡ്രൈവറായി 2010 സീസണിൽ F1-ലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം മെഴ്സിഡസിനൊപ്പം മൂന്ന് സീസണുകളും ചെലവഴിച്ചു, പക്ഷേ ഒരിക്കൽപോലും ഒരു റേസ് ജയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. മടങ്ങിവരവിൽ മൊത്തത്തിലുള്ള എഫ് 1 സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്തേക്കാൾ ഉയർന്ന നിലയിൽ എത്തിയെങ്കിലും ഫിനിഷ് ചെയ്യുവാൻ കഴിഞ്ഞില്ല. 2012 ൽ അദ്ദേഹം വീണ്ടും കാർ റേസിംഗ് മേഖലയിൽനിന്നും വിരമിച്ചു.

വേഗരാജാവിന്റെ 
കണക്കുകൾ പിഴച്ച ദിനം
2013 ഡിസംബർ 29ന് ക്രിസ്-മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഷൂമാക്കറും മകനും സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിലെ ആൽപ്സ് മേഖലയിൽ എത്തി.തുടർന്ന് സ്കീയിങ്ങിൽ പങ്കെടുക്കുകയും പാറക്കെട്ടിൽ തലയിടിച്ച് വീഴുകയും ചെയ്തു.വളരെ കഠിനമായ വീഴ്ചയുടെ ആഘാതത്തിൽ അബോധാവസ്ഥയിലാണ് ഇതിഹാസതാരം ഇപ്പോഴും കഴിയുന്നത്. വർഷങ്ങളായി ചികിത്സയിൽ തുടരുന്ന ഈ താരത്തിന്റെ പരിചരണത്തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് ജർമൻ സർക്കാർ ചെലവഴിച്ചുവരുന്നത്. ഷൂമാക്കറുടെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കർശനമായ സ്വകാര്യതയായി കാത്തുസൂക്ഷിക്കുകയാണ്. പരിപൂർണ്ണമായ വിശ്രമാവസ്ഥയിൽ തുടരുന്നതിനാൽ അപകടത്തിനുശേഷം നാളിതുവരെയായിട്ടും അദ്ദേഹത്തെ പൊതുവേദികളിലൊന്നും കാണുന്നില്ല. അപകടത്തിനുശേഷം ഷൂമാക്കറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോ എന്നുപോലും റിപ്പോർട്ടുകളില്ല. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് കുടുംബം സന്ദർശനാനുമതി നൽകിയിരിക്കുന്നത്. ഫിനിഷിങ് ലൈൻ ലക്ഷ്യമാക്കി ചീറിപ്പായുന്ന മൈക്കിൾ ഷൂമാക്കറുടെ വരവിനെ പതിറ്റാണ്ടിനിപ്പുറവും ആരാധകർ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്.

അവാർഡുകളുടെയും 
ബഹുമതികളുടെയും പ്രവാഹം
1992-ൽ ജർമ്മൻ മോട്ടോർ സ്‌പോർട്‌സ് ഫെഡറേഷൻ അദ്ദേഹത്തിന് ഒ.എൻ.എസ് കപ്പ് നൽകി ആദരിച്ചു. ജർമ്മൻ മോട്ടോർസ്‌പോർട്ടിലെ ഏറ്റവും ഉയർന്ന ബഹുമതി 1994, 1995, 2002 വർഷങ്ങളിൽ അദ്ദേഹം നേടി. 1993-ൽ ബാംബി സ്‌പോർട്‌സ് അവാർഡ് നേടിയ അദ്ദേഹം ഗോൾഡൻ സ്റ്റിയറിംഗ് വീൽ നേടുന്ന ആദ്യത്തെ റേസിംഗ് ഡ്രൈവറുമായിരുന്നു. 1994 ലും 2001 മുതൽ 2003 വരെയും ഷൂമാക്കർ ഇന്റർനാഷണൽ സ്പോർട്സ് പ്രസ് അസോസിയേഷന്റെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു. പോളിഷ് പ്രസ് ഏജൻസി (PAP) യൂറോപ്പിലെ മികച്ച കായികതാരമായി 2001 മുതൽ 2003 വരെ തിരഞ്ഞെടുത്തു.ഓട്ടോ സ്‌പോർട്ട് ഇന്റർനാഷണൽ റേസിംഗ് ഡ്രൈവർ ഓഫ് ദി ഇയർ പുരസ്കാരം തുടർന്ന് നേടുകയുണ്ടായി. പിന്നീടുള്ള വർഷത്തിൽ, ബിർഗിറ്റ് ഫിഷറിനെയും സ്റ്റെഫി ഗ്രാഫിനെയും പിന്തള്ളി ജർമ്മനിയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായികതാരമായും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് നേട്ടങ്ങൾക്കും റോഡ് സുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്കും, ഷൂമാക്കറിന് 1997-ൽ ജർമ്മനിയുടെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ സിൽബർനെസ് ലോർബീർബ്ലാറ്റ് ലഭിച്ചു. 2002-ൽ കായികരംഗത്തെ സംഭാവനകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലെ സംഭാവനകൾക്കുമായി യുനെസ്കോയുടെ നേതൃത്വത്തിൽ ഷൂമാക്കറെ ആദരിച്ചു.

ഷൂമാക്കർ 2002-ലും 2004-ലും ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ നേടി.2001 ൽ മാർക്ക ലെയ്‌ലെൻഡ അവാർഡ് ലഭിച്ചു. ഗസറ്റ വേൾഡ് സ്‌പോർട്‌സ് അവാർഡ് രണ്ടുതവണ (2001, 2002) നേടി, കൂടാതെ 2003 ലെ ലോറെൻസോ ബന്ദിനി ട്രോഫിയും നേടി. ഷൂമാക്കറുടെ റേസിംഗ് കരിയറിന്റെ ബഹുമാനാർത്ഥം റോഡ് സുരക്ഷയും കായികവും മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ മാനിച്ച്, 2006-ൽ മോട്ടോർ സ്‌പോർട്ട്സിനുള്ള FIA ഗോൾഡ് മെഡലും അദ്ദേഹത്തിന് ലഭിച്ചു .അതേ വർഷം, ഒക്‌ടോബർ 22 ന് ഇന്റർലാഗോസിൽ ഫെറാരിക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിന് മുന്നോടിയായി ഫുട്‌ബോൾ താരം പെലെ ഷൂമാക്കറിന് “ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്” സമ്മാനിച്ചു. ഒരു വർഷത്തിനുശേഷം, 2007 ൽ കായിക മികവിനും മാനുഷിക റെക്കോർഡിനും പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡും ലഭിച്ചു. സെബാസ്റ്റ്യൻ വെറ്റലിനൊപ്പം, ഷൂമാക്കർ 2007 മുതൽ 2012 വരെ ജർമ്മനിക്കായി തുടർച്ചയായി ആറ് തവണ റേസ് ഓഫ് ചാമ്പ്യൻസ് നേഷൻസ് കപ്പ് നേടി. 2017 ൽ ഷൂമാക്കർ FIA ഹാൾ ഓഫ് ഫെയിമിലും ജർമ്മനിയുടെ സ്‌പോർട്‌സ് ഹാൾ ഓഫ് ഫെയിമിലും ഉൾപ്പെട്ടു. 2020 ൽ ഷൂമാക്കറുടെ ഏഴ് ലോക ചാമ്പ്യൻഷിപ്പുകൾക്കും ലോകത്തിന് കായിക, വ്യക്തിഗത മികവുകൾ കൊണ്ടുവന്നതിന്റെ പ്രചോദനത്തിന്റെ അംഗീകാരമായി എഫ്.ഐ.എ പ്രസിഡന്റ് അവാർഡ് നൽകി ആദരിച്ചു. വേഗപ്പോരാട്ടങ്ങളുടെ ഇതിഹാസതാരം തിരിച്ചുവരുമെന്നും ഒരു മിറാക്കിൾ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാ ആരാധകരും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 5 =

Most Popular