Sunday, May 19, 2024

ad

Homeചിത്രകലസി കെ രാ: കലയും കലാപ്രവർത്തനങ്ങളും ഇഴചേർന്ന ചിത്രകാരൻ

സി കെ രാ: കലയും കലാപ്രവർത്തനങ്ങളും ഇഴചേർന്ന ചിത്രകാരൻ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

‘‘കലാസൃഷ്ടിയിൽ ഞാൻ പ്രവീണനല്ല. കലകൊണ്ട്‌ ഉപജീവനം നടത്തുന്ന ഒരു സഖാവാണെന്ന്‌ വേണേൽ പറയാം. അതായത്‌ പൂർവാർജിതമായ കലാപ്രതീകങ്ങളുടെ അനന്തരാവകാശിയാകുവാൻ ഇൻക്വിലാബ്‌ വിളിക്കുന്ന ഒരു തൊഴിലാളി’’. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചരിത്രത്തിലിടംപിടിച്ച ചിത്രകാരരിൽ പ്രമുഖനായ സി കെ രായുടെ വാക്കുകളാണിത്‌.

പാലിയേക്കര കൊട്ടാരത്തിൽ രാമവർമ തമ്പുരാന്റെയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനടുത്ത്‌ ശങ്കരവേലി തറവാട്ടിലെ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായ സി കെ രാ എന്ന വിഖ്യാത കലാകാരൻ (സി കെ രാമകൃഷ്‌ണൻനായർ) 1915 മെയ്‌ 23നാണ്‌ ജനിച്ചത്‌. 79 വർഷത്തെ സഫലമായ കലാജീവിതചിത്രം വരച്ചുതീർത്താണ്‌ 1994 സെപ്‌തംബറിൽ അദ്ദേഹം വിടപറയുന്നത്‌. സി കെ രായുടെ കലയുടെ കരുത്തും കലാചിന്തയും കലാജീവിതവുമൊക്കെ അദ്ദേഹം വിടപറഞ്ഞ്‌ മുപ്പതു വർഷത്തോടടുക്കുമ്പോഴും അദ്ദേഹത്തിന്റെ കലയെക്കുറിച്ച്‌ വേണ്ടത്ര പഠനമോ, കലാചരിത്രകാരർ അവരുടെ രചനകളിൽ വേണ്ടത്ര പരിഗണിക്കുകയോ ചെയ്‌തിട്ടില്ല (ശ്രീ ജഗദാനന്ദന്റെ സി കെ രാ കല‐ജീവിതം എന്ന പുസ്‌തകം മാത്രമാണുണ്ടായിട്ടുള്ളത്‌).

നൂറ്റാണ്ടുകൾ പിന്നിട്ട ഭാരതീയ ചിത്രശിൽപകലയുടെ ചരിത്രപരമായ ദശാസന്ധികളിൽ പാശ്ചാത്യ‐പൗരസ്‌ത്യ കലാചിന്തകൾ കൂടിയും കുറഞ്ഞുമൊക്കെ ഇഴചേർന്നിട്ടുണ്ടെന്ന്‌ കാണാം. ഇന്ത്യൻ നവോത്ഥാനകാല കല ബ്രിട്ടീഷ്‌ ആധിപത്യത്തിൻ കീഴിലുള്ള ശൈലീസങ്കേതങ്ങളിൽപെട്ട്‌ ഉഴലുമ്പോഴും അക്കാലത്തെ ഭാരതീയ കലാകാരർ ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ കലയിൽ പുതിയ ഭാവുകത്വത്തിന്‌ തുടക്കം കുറിച്ചു. ഇന്ത്യൻ കലയിലുണ്ടായ രൂപപരവും ആശയപരവുമായുള്ള വികാസപരിണാമഘട്ടങ്ങൾ സാമാന്യ ജനങ്ങൾക്കിടയിലും പ്രത്യേകിച്ച്‌ കലാസ്വാദകരിലും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതുപോലെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കും ഊർജം പകർന്നു. ഇന്ത്യൻ നവോത്ഥാനകലയുടെ പ്രവർത്തനങ്ങളിൽ സജീവമായ അബനീന്ദ്രനാഥ ടാഗോർ, നന്ദലാൽ ബോസ്‌, ജാമിനി റോയ്‌ തുടങ്ങിയ ചിത്രകാരരുടെ ചിന്തയിലൂടെ, ദേശീയബോധത്തിലൂന്നിയ സമകാലിക, സാമൂഹ്യ, രാഷ്‌ട്രീയ ചുറ്റുപാടുകളെയാണ്‌ പുതുമയാർന്ന ജലച്ഛായാ നിറങ്ങളും രൂപങ്ങളുംകൊണ്ട്‌ സമ്പന്നമാക്കിയത്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപപ്പെട്ട കലാസ്ഥാപനങ്ങളും കലാധ്യാപകരും ഈ വഴിക്ക്‌ ചിന്തിച്ചുകൊണ്ട്‌ ചിത്ര‐ശിൽപകലാരംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചു. ശുദ്ധമായ സൗന്ദര്യശാസ്‌ത്ര ചിന്തകളോടെ ആധുനിക ചിത്രകലയുടെ സാധ്യതകൾ കലാ വിദ്യാർഥികളിലേക്കും സന്നിവേശിപ്പിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച തെക്കെ ഇന്ത്യയിലെയും കേരളത്തിലെയും കലാകാരരും കലാസ്ഥാപനങ്ങളും. അക്കൂട്ടരിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന നന്ദലാൽ ബോസിന്റെയും രാംകിങ്കറിന്റെയും ശിഷ്യൻ കൂടിയായ സി കെ രായുടേത്‌. മറ്റ്‌ കലകളെപ്പോലെ ചിത്രകലയും ജനകീയമായി മാറണമെന്ന്‌ ആഗ്രഹിക്കുകയും അതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്‌ത കലാ പ്രചാരകനുമായിരുന്നു അദ്ദേഹം. ചിത്ര ശിൽപകലയുടെ അഭിവൃദ്ധിയും കലാകാരരുടെ ക്ഷേമവുമായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതത്തിൽ മുഖ്യമായുള്ളത്‌.

ബംഗാൾ സ്‌കൂൾ ശൈലിയോട്‌ ഇഴചേർന്ന്‌ ജലച്ഛായത്തിന്‌ പ്രാധാന്യം കൊടുക്കുന്നവയായിരുന്നു സി കെ രായുടെ ആദ്യകാല രചനകൾ. ദേശീയപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനും ഭാരതീക കലാസവിശേഷതകൾ എടുത്തുകാട്ടാനും സഹായിച്ച നവോത്ഥാന കാലഘട്ടത്തിന്റെ ഊർജം ഉൾക്കൊണ്ടാണ്‌ സി കെ രാ, തന്റെ രചനകളിലൂടെ സജീവമാകുന്നത്‌. വിശ്വഭാരതി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ശാന്തിനികേതനിലെ കലാപഠനത്തോടൊപ്പം ബംഗാളി ചുവർചിത്രരചനയുടെയും ശിൽപകലയുടെയും സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ തെളിഞ്ഞിരുന്നു. ടെമ്പറ വാഷിലുള്ള ജലച്ഛായാ രചനാസമ്പ്രദായമാണ്‌ ശാന്തിനികേതനിൽ പിന്തുടർന്നിരുന്നതെന്നും തുടക്കത്തിൽ എണ്ണച്ഛായാ സമ്പ്രദായങ്ങൾ അനുവദിച്ചിരുന്നില്ലെന്നും സി കെ രായുടെ അനുഭവക്കുറിപ്പുകളിൽ വ്യക്തമാക്കിയിട്ടുണ്ട്‌. കലയുടെ പ്രകരണരീതി സ്വതന്ത്രവും ഭാവനാനിഷ്‌ഠവുമായിരിക്കണമെന്ന ചിന്തയിൽ ഉറച്ചുനിന്ന ചിത്രകലാസപര്യയാണ്‌ സി കെ രാ എക്കാലവും സ്വീകരിച്ചിരുന്നത്‌. രൂപങ്ങളുടെ യഥാർഥമായ ബാഹ്യരൂപത്തിനപ്പുറം വസ്‌തുവിന്റെ സ്വഭാവ സവിശേഷതകൾ ചിത്രതലത്തിൽ ആവാഹിച്ചവതരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രദ്ധിച്ചത്‌. ചിത്രകലയുടെ വികാസപരിണാമ ഘട്ടങ്ങളോട്‌ ചേർന്ന്‌ നവീനമായ കാഴ്‌ചയൊരുക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ചിത്രങ്ങളിലെ നിറങ്ങളുടെ പ്രയോഗരീതിയും നിഴലിന്റെയും വെളിച്ചത്തിന്റെയും ലയവിന്യാസത്തിലൂടെയുള്ള രൂപനിർമിതിയും അദ്ദേഹത്തിന്റെ രചനയുടെ പ്രത്യേകതയായിരുന്നു. ആത്മാർഥമായി ചിത്രചനയിലേർപ്പെടുന്ന ചിത്രകാരന്റെ ഓരോ രചനയും ഓരോ ശൈലിയിലുള്ളതാകും എന്ന്‌ പ്രഖ്യാപിക്കുന്ന സി കെ രായുടെ ചിത്രങ്ങൾ പ്രത്യേകമായ ശൈലീസങ്കേതങ്ങളിൽ തളച്ചിടുന്നവയല്ല. പ്രകൃതിയിൽനിന്ന്‌ പിറവികൊള്ളുന്ന കലയെ ദേശത്തിന്റെ ചരിത്ര‐സംസ്‌കാരവഴിയിലൂടെയാണ്‌ പരിപോഷിപ്പിക്കേണ്ടതെന്ന്‌ തിരിച്ചറിഞ്ഞ ചുരുക്കം കലാകാരരിലൊരാളാണ്‌ സി കെ രാ.

ചിത്രങ്ങളുടെ എണ്ണക്കൂടുതലോ, നിരന്തരമായ ചിത്രപ്രദർശനങ്ങളുടെ പിൻബലമോ ഇല്ലാതെ തന്റെ കുറച്ചു ചിത്രങ്ങളിലൂടെ കലയുടെ സൗന്ദര്യശാസ്‌ത്രം നിഷേധമായും സ്‌നേഹാർദ്രമായും പ്രസാദാത്മകമായും സമൂഹത്തോട്‌ അദ്ദേഹം സംവദിച്ചിരുന്നു, ലാളിത്യമാർന്ന രേഖകളും രൂപങ്ങളുമായി.

ചിത്ര ശിൽപകലയെക്കുറിച്ച്‌ അറുപതുകൾ മുതൽ മരിക്കുന്നതുവരെ ആനുകാലികങ്ങളിൽ ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതി സാമാന്യജനങ്ങൾക്ക്‌ കലാബോധം പകർന്ന സി കെ രാ കലാസ്ഥാപനങ്ങളുടെ മുഖ്യസാരഥിയായും (മാവേലിക്കര, തിരുവനന്തപുരം സ്‌കൂൾ ഓഫ്‌ ആർട്ട്‌സുകളുടെ പ്രധാനാധ്യാപകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു) കലാപ്രവർത്തനായും ചിത്ര ശിൽപകലയ്‌ക്ക്‌ നൽകിയ സംഭാവനകൾ ഏറെയാണ്‌.

കുട്ടികൾക്ക്‌ വേണ്ടിയുള്ള കലാപഠനം എങ്ങനെയായിരിക്കണമെന്ന്‌ ദീർഘവീക്ഷണത്തോടെയാണ്‌ സി കെ രാ പ്രവർത്തിച്ചത്‌. കുട്ടികൾക്കുവേണ്ടി അവർക്ക്‌ മനസ്സിലാകുംവിധം ലാളിത്യമാർന്ന ഭാഷയിലായിരുന്നു അദ്ദേഹം എഴുതിയത്‌. അതുപോലെ ലാളിത്യമാർന്ന ചിത്രഭാഷയിൽ കുട്ടികൾക്കുവേണ്ടി അദ്ദേഹം ധാരാളം വരയ്‌ക്കുകയും സംസാരിക്കുകയും ചെയ്‌തു. സർവീസിൽനിന്ന്‌ പിരിഞ്ഞതിനുശേഷം കേരള ലളിതകലാ അക്കാദമിയുടെ സാരഥ്യം പലവട്ടം സ്വീകരിച്ചപ്പോഴും കുട്ടികൾക്കു വേണ്ടിയായിരുന്നു അദ്ദേഹം കൂടുതൽ സമയം മാറ്റിവച്ചത്‌. സ്വതന്ത്രമായ ഭാവനയുടെ വർണക്കാഴ്‌ചകൾ തയ്യാറാക്കാൻ കുട്ടികൾക്ക്‌ അദ്ദേഹം അവസരമൊരുക്കി. യാഥാർഥ്യവും സ്വപ്‌നവും ഇഴചേരുന്ന ശുദ്ധമായ രചനകളിലൂടെയുള്ള കലയുടെ കണ്ടെത്തലുകളും സ്വരൂപങ്ങളും കുട്ടികളോടൊപ്പമിരുന്ന്‌ വരയ്‌ക്കുന്ന ശീലവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

‘‘സമസ്‌തരും എന്റെ ഗുരുക്കന്മാരാണ്‌, യുവജനങ്ങൾ എന്റെ വലിയ ഗുരുക്കന്മാരാണ്‌. അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ പരമഗുരുക്കന്മാരും’’. കുട്ടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌ ഇതായിരുന്നു. എന്നാൽ കലയ്‌ക്കും കലാകാരർക്കുംവേണ്ടി ശബ്ദമുയർത്താനും തന്റെ അഭിപ്രായം ഏതു വേദിയിലും തുറന്നു പറയാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. കലാകാരരുടെ അന്തസിനും അഭിമാനത്തിനുമായി പ്രതികരിക്കുന്ന രംഗങ്ങൾക്ക്‌ ഈ ലേഖകനും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.

മാനവികതയുടെ പൊരുൾ തേടുന്ന ചിന്തയും നന്മതിരളുന്ന പ്രവൃത്തിയും വിനയത്തിലൂന്നിയ പെരുമാറ്റവും കൊണ്ട്‌ സമ്പന്നമാകുന്ന വിശുദ്ധിയുടെ പര്യായമാണ്‌ സി കെ രാ. നിറങ്ങളെ മാത്രം ഒപ്പം ചേർത്ത്‌ ജീവിതം ധന്യമാക്കിയ അദ്ദേഹത്തിന്റെ സ്‌മരണകൾക്ക്‌ ആദരാഞ്‌ജലി.

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 2 =

Most Popular