Tuesday, May 7, 2024

ad

Homeജൻഡർസുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

സുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

ആർ പാർവതി ദേവി

ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന ‘നിഷ്കളങ്കവാദികളുടെ’ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. അത് ഭരണഘടനാ വിരുദ്ധമാണ്, നിയമവിരുദ്ധമാണ്, ശിക്ഷയ്‌ക്ക് അർഹമായ കുറ്റകൃത്യമാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വത്തിന് എതിരാണ് ഒരു സ്ത്രീയെ അവളുടെ അനുമതി ഇല്ലാതെ സ്പർശിക്കുന്നത്. ഭരണഘടനയുടെ അന്ത:സത്ത ഉൾക്കൊണ്ടാണ് പോഷ് ആക്ട് 2013 നിലവിൽ വന്നത്.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി കൊണ്ടുവന്ന നിയമത്തെക്കുറിച്ച് ഒരു പാർലമെന്റംഗം കൂടിയായ സുരേഷ് ഗോപി അറിയണമായിരുന്നു. ഇവിടെ ഒരു പ്രശ്നമുണ്ട്. സുരേഷ് ഗോപി ഉൾപ്പെട്ട സംഘ പരിവാറിന് ഭരണഘടന അല്ല മനുസ്മൃതിയാണ് അവരുടെ ആശയലോകത്തിന്റെ അടിത്തറ. അതുപ്രകാരം ഏത് സ്ത്രീയെയും പുരുഷന് അവന്റെ ചൊൽപ്പടിയിൽ നിർത്താം, അതിനു ബലപ്രയോഗവും ആകാം. ലിംഗതുല്യത എന്നത് മനുസ്മൃതിയുടെ മൂല്യങ്ങളിൽ പെടുന്നതല്ല.

അതുകൊണ്ട് തൃശൂരിൽ മത്സരിക്കുമോ എന്ന ഷിദയുടെ ചോദ്യം സുരേഷ് ഗോപിയുടെ ആൺ അഹന്തയ്‌ക്ക് ചോദ്യം ചെയ്യൽ ആയി തോന്നിയിട്ടുണ്ടാകാം. “പെൺകുട്ടിയുടെ ബാലിശമായ ചോദ്യത്തെ’ ആണധികാരത്തിന്റെ പിടിക്കുള്ളിലാക്കി നിസാരവത്കരിക്കുന്ന ഒരു തന്ത്രമാണ് സുരേഷ് ഗോപി പയറ്റിനോക്കിയത്. അവിടെ അയാൾ ദയനീയമായി തകരുന്നത് ഷിദയുടെ ചെറുത്തുനിൽപ്പിലാണ്. ആദ്യത്തെ ശ്രമത്തിൽ നിന്നും ഷിദ അകന്നുമാറിയപ്പോൾ മുറിവേറ്റ ആണധികാരധാർഷ്ട്യം വഷളത്തം മുറ്റിയ ചിരിയോടെ വീണ്ടും കൈ നീട്ടുന്നത് നിഷ്കളങ്കമോ നിരുപദ്രവമോ ആയല്ല. ബോധപൂർവമായ കടന്നാക്രമണം തന്നെയാണ് അത്‌.

ചോദ്യം ചോദിച്ച പുരുഷന്മാരോട് എന്തേ അദ്ദേഹത്തിന്റെ വാത്സല്യം വഴിഞ്ഞൊഴുകാത്തത്‌?

ഇത്തരം “അശ്‌ളീല വാത്സല്യം’ സ്ത്രീകൾ ജീവിതത്തിൽ പലപ്പോഴും നേരിടുന്നതാണ്. ഒരു നോട്ടവും സ്പർശവും നിഷ്കളങ്കമാണോ അല്ലയോ എന്ന് സ്ത്രീകൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പൊതു ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സ്ത്രീവിരുദ്ധമായ അശ്ലീതകൾക്കിടയിൽ തങ്ങളുടേതായ ഇടങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനവർ സാമം, ദാനം , ഭേദം, ദണ്ഡം എന്നിവയെല്ലാം സാഹചര്യത്തിനനുസരിച്ചു പ്രയോഗിക്കുന്നു. എല്ലാവരും എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല എന്നു മാത്രം.

അധികാരപദവികളിൽ വിരാജിക്കുന്ന യജമാനന്മാരുടെയും മേലുദ്യോഗസ്ഥന്മാരുടെയും കങ്കാണിമാരുടെയും മുതലാളിമാരുടെയും നീണ്ടുവരുന്ന കൈകൾ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഭയവും കണക്കിലെടുത്താണ് സ്ത്രീകളുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി പോഷ് ആക്ട് രൂപപ്പെടുത്തുന്നത്. ഒരു മാധ്യമപ്രവർത്തകയ്‌ക്ക് പ്രതികരിക്കാൻ കഴിയുന്നതു പോലെ എല്ലാ സ്ത്രീകൾക്കും തങ്ങളുടെ തൊഴിൽ സ്ഥലങ്ങളിൽ ചെറുത്തുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. രാജസ്‌താനിൽ ഗ്രാമസേവികയായിരുന്ന ഭൻവാരി ദേവി ശൈശവ വിവാഹത്തിനെതിരെ പ്രവർത്തിച്ചതിലുള്ള പ്രതികാരം അവിടുത്തെ ഉന്നത കുലജാതരായ ചിലർ തീർത്തത് അവരെ ബലാത്സംഗത്തിന്‌ ഇരയാക്കിക്കൊണ്ടായിരുന്നു. എന്നാൽ ഭൻവാരി ദേവി എന്ന ഗ്രാമീണ സ്ത്രീ പോരാടുക തന്നെ ചെയ്തു. അതിന്റെ ഫലമാണ് ഇന്ത്യൻ സ്ത്രീകൾക്കാകെ ഗുണകരമായ പോഷ് ആക്ട് നിലവിൽ വന്നത്. സ്ത്രീയുടെ കർതൃത്വത്തെ അംഗീകരിക്കുക എന്നതാണ് പ്രധാനം. തന്റെ ശരീരത്തിനുമേൽ സ്വയം നിർണയാവകാശമുള്ള ഒരു പൗരയാണ് സ്ത്രീയെന്ന് നിർഭയ നിയമം പ്രഖ്യാപിക്കുന്നു. അതിന് ഒരു ഉപാധിയും ബാധകമല്ല.

മാധ്യമപ്രവർത്തകയെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലിടം ഒരു ഓഫീസ് മാത്രമല്ല. അവൾക്ക് പുറത്തിറങ്ങി അനേകം പേരുമായി ഇടപഴകേണ്ടി വരും. അവരിൽ സാധാരണക്കാർ മുതൽ പ്രധാനമന്ത്രിയും ചലച്ചിത്രതാരങ്ങളും വരെ ഉൾപ്പെട്ടുവെന്നു വരാം. തന്നോട് ചോദ്യം ചോദിക്കുന്നത് ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന ഒരു ജേർണലിസ്റ്റ് ആണെന്ന തിരിച്ചറിവ് ഇവർക്കെല്ലാം ഉണ്ടാകണം.

ചോദ്യം ചെയ്യുന്ന, ചോദ്യം ചോദിക്കുന്ന സ്ത്രീയെ അംഗീകരിക്കാൻ മടിക്കുന്ന ഫ്യൂഡൽ ബോധം ആണ് സുരേഷ് ഗോപിയുടെ ശരീരഭാഷയിൽ കണ്ടത്. പിന്നീട് അദ്ദേഹം നടത്തിയ വിശദീകരണത്തിൽ അറപ്പുണ്ടാക്കും വിധം മുഴച്ചു നിന്നതും ഈ സംഘപരിവാർ സ്ത്രീ വിരുദ്ധതയാണ്. ‘‘മാധ്യമങ്ങളുടെ മുന്നിൽവച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെക്കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’’. ഈ വിശദീകരണത്തിലെ കുട്ടിപ്രയോഗം മറ്റൊരു അടവാണ്. ഷിദ എന്ന മാധ്യമപ്രവർത്തകയെ കുട്ടിയായി നിസ്സാരവത്കരിക്കുകയും തന്റെ പെരുമാറ്റം തെറ്റായി തോന്നിയത് ഷിദയുടെ ഒരു പ്രശ്നമാക്കി മാറ്റുകയുമാണ് സുരേഷ് ഗോപി ചെയ്യുന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് മേൽ കുറ്റബോധത്തിന്റെ ഭാരം വച്ചുകെട്ടുന്ന സ്ഥിരം രീതിയാണിത്‌.

അതുകൊണ്ടുതന്നെ ഒരു മാപ്പിൽ പ്രശ്നം തീർക്കാൻ ഷിദ തയാറായില്ല. നിയമപരമായി നിലനിൽക്കുന്ന ഒരു കുറ്റം ആകുമ്പോൾ അത് നിയമപരമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ക്ഷമിക്കലും മാപ്പു പറയലും ഒന്നും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ ഇല്ല. അതും മനുസ്മൃതിയുടെ കാലത്തെ രീതികളാണ്. ഇനി അങ്ങോട്ട് തിരിച്ചുപോകാൻ പുതുതലമുറ സ്ത്രീകൾ തയ്യാറല്ല എന്നാണ് ഷിദ പറയുന്നത്.

സ്ത്രീകളെ തുല്യാവകാശമുള്ള പൗരകളായി കാണാൻ കൃത്യമായ രാഷ്ട്രീയ ബോധമാവശ്യമാണ്. ഹിന്ദുത്വ മതബോധത്തിൽ സ്ത്രീകളും ദളിതരും അന്യ മതസ്ഥരും നീച ജന്മങ്ങളാണ്. ഈ കാഴ്ചപ്പാടിൽ ഏത് സ്ത്രീയും നിസ്സാരയാണ്. അവർക്ക് കൈവെക്കാനുള്ള വസ്തു ആണ് സ്‌ത്രീ. പക്ഷേ അങ്ങനെ നീണ്ടുവരുന്ന കൈ തട്ടിമാറ്റി മുന്നോട്ടു പോകുവാനാണ് ഇന്ത്യൻ സ്ത്രീകളുടെ തീരുമാനമെന്ന് സുരേഷ് ഗോപിയും അദ്ദേഹത്തെ നയിക്കുന്ന ബിജെപി ഉൾപ്പെട്ട സംഘപരിവാറും തിരിച്ചറിയുക തന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + eleven =

Most Popular