Tuesday, May 7, 2024

ad

Homeകവര്‍സ്റ്റോറിപലസ്തീൻ പ്രശ്നം: പാശ്ചാത്യ മാധ്യമ ആഖ്യാനങ്ങൾക്കപ്പുറം

പലസ്തീൻ പ്രശ്നം: പാശ്ചാത്യ മാധ്യമ ആഖ്യാനങ്ങൾക്കപ്പുറം

ഐലാൻ പെപ്പെ /കെ എസ് രഞ്ജിത്ത്

ഐലാൻ പെപ്പെ
വിഖ്യാത ഇസ്രായേലി ചരിത്രകാരനും, രാഷ്ട്രീയ ചിന്തകനും. യു കെ യിലെ എക്സ്റ്റർ സർവ്വകലാശാലയിൽ അധ്യാപകൻ. പശ്ചിമേഷ്യൻ വിഷയങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അക്കാഡമിക് വിദഗ്‌ധൻ. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. നോം ചോംസ്കിയുമായി ചേർന്ന് രചിച്ച On Palastein, 
Ten Myths about Israel എന്നീ പുസ്തകങ്ങൾ പലസ്തീൻ പ്രശ്നത്തിന്റെ രാഷ്ട്രീയവും ചരിത്രവും വിശദമാക്കുന്നവയാണ്.
ഐലൻ പെപ്പെയുമായി 
ചിന്ത പബ്ലിഷേഴ്സ് എഡിറ്റർ 
കെ എസ് രഞ്ജിത്ത് നടത്തിയ സംഭാഷണം.

 

സിയോണിസ്റ്റുകൾ ശ്രമിക്കുന്നത് മതത്തെ അടിസ്ഥാനമാക്കിയ ഒരു രാഷ്ട്രം സൃഷ്ടിക്കാനാണ്. സമാനമായ ഒരു പ്രതിഭാസം ഇന്ത്യയിലും ഇന്ന് നടന്നു വരികയാണ്. ആധുനികമെന്ന് നാം വിശ്വസിക്കുന്ന, നവോത്ഥാന മുന്നേറ്റങ്ങളുടെ സൃഷ്ടി എന്ന് നാം വിശ്വസിക്കുന്ന ഇന്നത്തെ ലോകത്തും മതപരമായ സ്വത്വബോധത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയം ശക്തിമത്തായി നിലകൊള്ളുന്നതിനെ എങ്ങനെ കാണുന്നു?

ഹിന്ദുയിസവും ഇസ്ലാമിസവും ജൂഡിസവും കേവലം വിശ്വാസവും മതവുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല എന്നും ഇതൊരു വംശീയ ദേശീയ സ്വത്വമാണെന്നുമുള്ള ആശയം വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ ഗൂഢ ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ . എന്നാൽ ഇതുവഴി പുതിയ ദേശീയ സ്വത്വങ്ങൾ ഉണ്ടാകുമെന്ന ധാരണ അസ്ഥാനത്തായി . പകരം മതത്തെയും വംശീയതയെയും അടിസ്ഥാനമാക്കി അന്യമതങ്ങളോടും വിശ്വാസങ്ങളോടും തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന ആശയ ധാരകളാണ് സൃഷ്ടിക്കപ്പെട്ടത് .ഇതൊരു ആധുനിക പ്രതിഭാസമാണ് .പഴയ കാലത്തെ മത വിശ്വാസങ്ങൾക്ക് വംശീയ ദേശീയതയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ മറ്റുള്ള മതങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നതിന് അവയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു .അറബ് രാജ്യങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് വന്ന ജൂതർക്ക് അവരുടെ വിശ്വാസങ്ങൾ പുലർത്തി അവിടെ ജീവിക്കുന്നതിന് യാതൊരു തടസ്സവും ആദ്യ ഘട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. ഇസ്രായേലിലെ ജൂതർക്ക്, തീവ്ര വലതുപക്ഷ ചിന്തകൾ പുലർത്തുമ്പോൾ പോലും, തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുള്ള അവകാശം വരെ ഉണ്ടായിരുന്നു.

മതപരമായ സ്വത്വത്തിന്റെ പ്രകാശനത്തെ ലക്ഷ്യമാക്കുന്ന ദേശ രാഷ്ട്രമാണല്ലോ സീയോണിസ്റ്റുകൾ മുന്നോട്ടു വെയ്ക്കുന്നത്. മറ്റു ഘടനാപരമായ കാരണങ്ങൾ , സാമ്പത്തികം പോലുള്ളവ , എന്തെങ്കിലും ഇതിനു പിന്നിലുണ്ടോ?

സാമ്പത്തിക ലക്ഷ്യങ്ങൾ എന്തെങ്കിലും മുൻ നിർത്തിയല്ല സീയോണിസ്റ്റുകൾ പ്രവർത്തിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. ഒരു ക്രിസ്ത്യൻ പ്രൊജക്ടായിട്ടാണ് സിയോണിസം ആരംഭിക്കുന്നത് . സെമറ്റിക് വിരുദ്ധത ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു. ജൂതരെ ഒഴിവാക്കുക , സിയോണിസത്തിന്റെ കേന്ദ്രമായി പലസ്തിനെ മാറ്റുക . എന്നാൽ പിന്നീട് രൂപം കൊണ്ട ഇസ്രായേൽ രാഷ്ട്രത്തിനു ഇക്കാര്യത്തിൽ പല സാമ്പത്തിക താല്പര്യങ്ങളുമുണ്ട്.

ജൂതപ്രശ്നം വളരെ പഴയ ഒരു രാഷ്ട്രീയ പ്രശ്നമാണ്. പല ചിന്തകരും ഇതിനെ പഠന വിധേയമാക്കിയിട്ടുണ്ട്. മാർക്സ് ഇതു സംബന്ധിച്ച് ഒരു പുസ്തകം’തന്നെയെഴുതി. പിൽക്കാലത്ത് ഹന്നാ ആരണ്ടിനെപ്പോലുള്ളവരും ഇത് പല കോണുകളിൽ നിന്നുകൊണ്ട് വിശദീകരിക്കാൻ ശ്രമിച്ചു. ജൂതരുടെ ചരിത്രവും സംസ്കാരവും ഒരു വലിയ രാഷ്ട്രീയ പ്രശ്നമായി ഇങ്ങനെ മാറുന്നതിനു പിന്നിൽ എന്താണ് കാരണം?

ഇത് ഒരേ സമയം പാശ്ചാത്യവും ക്രിസ്തീയവുമായ ഒന്നാണ്. പടിഞ്ഞാറിന്റെ സെക്യൂലറൈസേഷന് മുൻപ്, ഏക ദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കിയ ഭിന്നതകൾ ജൂത മതവുമായി ബന്ധപ്പെട്ട് നില നിന്നിരുന്നു . അതിനു ശേഷം യൂറോപ്യനും പാശ്ചാത്യവുമായ വംശീയതയുടെ സങ്കലനമായി ഇത് മാറി. ഇത് പിന്നീട് കറുത്തവർക്കും മുസ്ലീങ്ങൾക്കുമെതിരെ തിരിഞ്ഞു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് താമസിക്കാനാണ് ജൂതർ പൊതുവെ ആഗ്രഹിച്ചിരുന്നത്. നികുതി പിരിവു പോലെയുള്ള ജോലികളിൽ മാത്രം ഏർപ്പെടാനാണ് ജൂതർക്ക് അനുമതിയുണ്ടായിരുന്നത് എന്നതും ജൂത വിരുദ്ധ ചിന്താഗതി ശക്തിപ്പെടാൻ കാരണമായി . ഇത്തരത്തിലുള്ള സങ്കീർണതകൾ ജൂത പ്രശ്‌നവുമായി ബന്ധപ്പെട്ട് നില നിന്നിരുന്നു.

പലസ്തീൻ പ്രശ്‌നം വഷളാക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങളുടെ പങ്ക് എത്രത്തോളമുണ്ട്?

പലസ്തീൻ പ്രശ്നം ഉണ്ടാക്കിയതുതന്നെ ബ്രിട്ടനാണ്. ഇന്ന് സിയോണിസത്തെ പിന്തുണയ്ക്കുന്നതും അവരാണ്. ജൂതപ്രശ്നം പരിഹരിക്കുന്നതിനു പകരം നക്ബയിലേക്കാണ് ഇത് നയിച്ചത്. ഇന്ന് ഇസ്രയേലിന്റെ എല്ലാ അതിക്രമങ്ങളെയും വെള്ള പൂശുന്നതും അവരാണ്.

ഹിന്ദുമതത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും സമീകരിച്ച് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ ശക്തമായി നടക്കുന്നുണ്ട് .സിയോണിസത്തെയും ജൂത മത വിശ്വാസത്തെയും സമീകരിച്ചു കാണിക്കാനുള്ള ശ്രമങ്ങളും ഇതിനു സമാനമായതല്ലേ?

വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കലാണ് ഇത് രണ്ടും. ഇത് സ്വാഭാവികമായും അസഹിഷ്ണുതയിലേക്കും തീവ്ര രാഷ്ട്രീയത്തിലേക്കും നയിക്കും.

മധ്യ പൂർവേഷ്യയിലെ ഏക ജനാധിപത്യ രാജ്യമായി ഇസ്രായേലിനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. പലസ്തീൻകാരുടെ വംശീയ ഉന്മൂലനത്തെ മറച്ചു വെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത് എന്ന് തോന്നുന്നു .എന്താണ് ഇത് സംബന്ധിച്ച് താങ്കൾക്ക് പറയാനുള്ളത്?

വംശീയതയെ അടിസ്ഥാനമാക്കിയ ഒരു രാജ്യത്തിന് എങ്ങനെ ജനാധിപത്യ രാജ്യമാണ് എന്ന് പറയാൻ കഴിയും? തങ്ങളുടെ രാജ്യത്തുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെ പട്ടാളത്തെ ഉപയോഗിച്ച് നിരന്തരം അടിച്ചമർത്തുന്ന ഒരു രാജ്യം എങ്ങിനെ ജനാധിപത്യ രാജ്യമാകും?

അറബ് വംശജരുടെ അവകാശങ്ങൾ ഒന്നും അനുവദിക്കാത്ത ,എല്ലാ തരത്തിലുമുള്ള വിവേചനത്തിന് അവരെ അടിമയാക്കുന്ന ഒരു രാഷ്ട്രത്തിന് തങ്ങൾ ജനാധിപത്യ രാഷ്ട്രമാണെന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും.

സിയോണിസം പോലുള്ള ഒരു കുടിയേറ്റ കൊളോണിയൽ പ്രസ്ഥാനം (settler colony movement) വളരെ ആസൂത്രിതമായ ഒരു പദ്ധതിയായിരുന്നുവോ? അതോ സ്വന്തമായി ദേശമില്ലാത്ത ജൂതരുടെ ഒരു സ്വാഭാവിക പ്രക്രിയയായിരുന്നുവോ?

ഇത് രണ്ടുമാണ്. കിഴക്കൻ യൂറോപ്പിലുണ്ടായ സെമറ്റിക് വിരുദ്ധതയോടുള്ള ജൂതരുടെ സ്വാഭാവിക പ്രതികരണത്തിന്റെ അംശം ഇതിലുണ്ട് . എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യത്വവും ക്രിസ്ത്യൻ മത തീവ്രവാദവും ഇതിനെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പലസ്തീൻ പ്രശ്നത്തിന്റെ ശാശ്വത പരിഹാരമെന്താണ്? ഒട്ടുമിക്ക അന്താരാഷ്ട്ര ഏജൻസികളും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയാണ് മുന്നോട്ടു വെയ്ക്കുന്നത് . താങ്കളാകട്ടെ ഒരു മതനിരപേക്ഷ രാഷ്ട്രമാണ് ഇതിനു പരിഹാരമായി കാണുന്നത്. ഇതിന്റെ യുക്തിയെന്താണ് ? ഇത് എത്രത്തോളം പ്രയോഗികമാണ്?

ഇസ്രായേൽ നിശ്ചയിക്കുന്ന പ്രകാരം മാത്രമേ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകൂ എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇസ്രായേലിനോട് ചേർന്ന് കിടക്കുന്ന രണ്ടു ചെറിയ ബന്ദുസ്ഥാനുകൾ (കപട സ്വതന്ത്ര രാജ്യങ്ങൾ ) ആയി ഇത് പരിണമിക്കും . ഇത് ഇസ്രായേലിന്റെ അധിനിവേശം പല രൂപത്തിൽ തുടരാൻ ഇടയാക്കും എന്ന് ഞാൻ ഭയപ്പെടുന്നുണ്ട് . വെസ്റ്റ് ബാങ്കിലെ ജൂതവൽക്കരണം വളരെ കൂടുതലാണ് എന്നതുകൊണ്ടു മാത്രം ഈ ദ്വിരാഷ്ട്ര പരിഹാരം പ്രായോഗികമായി അപകടകരമാകും .ചരിത്രത്തിലെ പലസ്തീന്റെ 22 ശതമാനം വരുന്ന ഗാസയും 55 ശതമാനം വരുന്ന വെസ്റ്റ് ബാങ്കുമായി പലസ്തീൻ പ്രദേശം ചുരുങ്ങും .മുഴുവൻ പലസ്തീൻകാരെയും ഉൾക്കൊള്ളാനാകാതെ പലസ്തീൻ പ്രശനം തീരില്ല . ഏക രാഷ്ട്രമെന്ന പരിഹാരത്തിലും അപ്പാർത്തീഡ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.

ഹമാസ് ഒരു ഭീകര വാദ പ്രസ്ഥാനമാണോ? ഹമാസിനെ അന്താരാഷ്ട്ര ഭീകര സംഘടനകളിലൊന്നായി കരുതണമെന്ന വാദവും ഉയർത്തപ്പെടുന്നുണ്ട്? ഇതിനെ എങ്ങനെ കാണുന്നു?

പാലസ്റ്റീൻ വിമോചന പ്രസ്ഥാനത്തിന്റെ ഒരു ഭാഗമാണ് ഇന്ന് ഹമാസ് .സെക്കുലർ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ജനങ്ങളെ സ്വതന്ത്രമാക്കാൻ കഴിയാതെ പോയതിൽ നിന്നുമാണ് ഹമാസ് ഉദയം കൊള്ളുന്നത്. അങ്ങനെ വന്നപ്പോഴാണ് ജനങ്ങൾ ഹമാസിനെ സ്വീകരിച്ചു പോന്നത് .മധ്യ പൂർവേഷ്യയുടെ രാഷ്ട്രീയത്തിലേക്ക് മതത്തിന്റെ ശക്തമായ കടന്നുവരവും ഇതിനെ സഹായിച്ചിട്ടുണ്ട് .ഇന്നത് ആയുധമേന്തി പൊരുതുന്ന രാഷ്ട്രീയവും സാമൂഹിയകവുമായ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + two =

Most Popular