Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിപരാജയ ഭീതിയിൽ 
മോദിയുടെ 
വർഗീയ വിഷംചീറ്റൽ

പരാജയ ഭീതിയിൽ 
മോദിയുടെ 
വർഗീയ വിഷംചീറ്റൽ

കെ ജെ ജേക്കബ്

ഴിഞ്ഞ വർഷം അവസാനം ഹിന്ദി ഹൃദയ ഭൂമിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ വൻവിജയത്തിന്റെയും രാമ ക്ഷേത്രോദ്ഘാടനത്തിന്റെയും പലതരം ഏജൻസികൾ നടത്തിയ അഭിപ്രായ സർവേകളിൽ കണ്ട വൻ ജനപ്രീതിയുടെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം പതിനെട്ടാം ലോക്-സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണം തുടങ്ങിയത്. സബ്കാ സാഥ്‌ സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പ്രചാരണം തുടങ്ങിയത്. ജി-20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിലൂടെ വിശ്വഗുരുവിന്റെ റോൾ മോഡിയ്ക്ക് വന്നുചേർന്നിരിക്കുന്നുവെന്നു അദ്ദേഹത്തിന്റെ പ്രചാരകർ കൊണ്ടുപിടിച്ചു പ്രചാരണം നടത്തിക്കൊണ്ടുമിരുന്നു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നത് മോദിയുടെ ഭാവനാപൂർണമായ നടപടികൾകൊണ്ടാണെന്നും അദ്ദേഹത്തിന്റെ മൂന്നാം ടേമിൽ ഇന്ത്യയുടെ സ്‌ഥാനം മൂന്നാം സ്‌ഥാനത്താകുമെന്നും വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രം, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ആം അനുച്ഛേദത്തിന്റെ റദ്ദാക്കൽ എന്നിങ്ങനെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച പ്രധാനമന്ത്രി 2047- ആകുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള പ്രയത്നത്തിലാണെന്നും അതിനായി അദ്ദേഹത്തിന് ഒരു തവണകൂടി അധികാരം നൽകണമെന്നും ആവശ്യമുയർന്നു. നാനൂറിലധികം സീറ്റുകൾ എൻ ഡി എ യ്ക്കും 370 സീറ്റുകൾ ബി ജെ പി യ്ക്കും എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ.

എന്നാൽ പ്രചാരണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും മറ്റു ചില കാര്യങ്ങൾകൂടി പുറത്തുവന്നുതുടങ്ങി. തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച ഏറ്റവും പ്രധാന പ്രശ്നം എന്ന് കാണിക്കുന്ന സർവ്വേ ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പെട്ടവരിൽ–സാമ്പത്തികവും സാമൂഹ്യവും മതപരവും ജാതീയവും പ്രാദേശികവുമായ വ്യത്യസ്തതകൾ ഉള്ളവരിൽ–നടത്തിയ സർവ്വേയിലാണ് 62 ശതമാനം ആളുകൾ ഇത് വെളിപ്പെടുത്തിയത്. ഇന്ത്യയിലെ തൊഴിലില്ലാത്തവരിൽ 80 ശതമാനവും ചെറുപ്പക്കാരാണെന്നും സെക്കണ്ടറി വിദ്യാഭ്യാസമോ അതില്കൂടുതലോ ഉള്ള തൊഴിലില്ലാത്തവരുടെ ശതമാനം 2000-ൽ 35.2 ശതമാനമായിരുന്നെങ്കിൽ 2022-ൽ അത് 65.7 ശതമാനമായി ഉയർന്നു എന്നും അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ട് വന്നതും ഇതേ സമയത്താണ്.

എന്നുവച്ചാൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി അവയെ നേരിടാനുള്ള പദ്ധതി അവതരിപ്പിച്ചല്ല ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് തെളിഞ്ഞു. സ്വയം കെട്ടിവീർപ്പിച്ച ബലൂണുകളിലേക്കു ജനശ്രദ്ധയാകർഷിച്ചു വോട്ടു സമ്പാദിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ അവർക്കുള്ളൂ എന്നും വ്യക്തമായി.

മെല്ലെ മറ്റൊരു വസ്തുതകൂടി പുറത്തുവന്നുതുടങ്ങി. കൊട്ടിഘോഷിച്ചു നടത്തിയ രാമ ക്ഷേത്രത്തിന്റെ ഉദ്‌ഘാടനം കാര്യമായ ചലനമൊന്നുമുണ്ടാക്കിയില്ല. അതിനു പല കാരണങ്ങളുണ്ടാകും; പക്ഷേ ഒരു പ്രധാന കാരണമായി ഈ ലേഖകന് തോന്നുന്നത് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അതിൽനിന്നു വിട്ടുനിന്നു എന്നതാണ്. തങ്ങൾക്കു വന്ന ക്ഷണം ആദ്യമേ നിരസിച്ചു ഇടതുപാർട്ടികൾ, സിപിഐ എമ്മും സിപിഐയും, നിലപാട് വ്യക്തമാക്കി. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും കോൺഗ്രസ് ആ പരിപാടിയ്ക്ക് പോകുന്നില്ലെന്ന് വച്ചു; മാത്രമല്ല, അത് ഒരു ആർഎസ്എസ് പ്രോജക്ടാണെന്നു തുറന്നടിക്കുകയും ചെയ്തു.

സത്യത്തിൽ പ്രതിപക്ഷ നിലപാട് ആ പ്രോജക്ടിന്റെ ശരിയായ രൂപം ജനങ്ങൾക്ക് മുൻപിൽ തുറന്നുവച്ചു. ക്ഷേത്രമെന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതൊന്നും എൻ ഡി എ സഖ്യത്തിന്റെ കൈയിലില്ലെന്നും മനസിലാക്കിയ ജനങ്ങൾ ക്ഷേത്രത്തിന്റെ പേരിൽ നടത്താൻ ശ്രമിച്ച രാഷ്ട്രീയ മുതലെടുപ്പിന് പുറം തിരിഞ്ഞുനിന്നെന്നു വേണം മനസിലാക്കാൻ.

കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കിടയിൽ നടന്ന ലോക്-സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ജനങ്ങളുടെ വിപ്രതിപത്തിയൊന്നാകെ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ഏറ്റവും കൂടുതൽ സീറ്റുകളുള്ള –(108)– ഘട്ടം എന്ന നിലയിൽ ഒന്നാം ഘട്ടത്തിൽ എന്തുസംഭവിക്കും എന്നത് ഏവരും ഉറ്റുനോക്കിയിരുന്നു. അവസാനത്തെ കണക്കെടുപ്പിൽ 66.1 ശതമാനമാണ് ഈ ഘട്ടത്തിൽ നടന്ന പോളിംഗ്; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏകദേശം നാല് ശതമാനം കുറവ്. ബി ജെ പി പ്രതീക്ഷയർപ്പിച്ച സംസ്‌ഥാനങ്ങളിലും സീറ്റുകളിലും ഈ കുറവ് അനുഭവപ്പെട്ടു.

***

ഒന്നാം ഘട്ടത്തിനു ശേഷം പ്രചാരണ രംഗത്തു ഇന്ത്യക്കാർ കാണുന്നത് മറ്റൊരു പ്രധാനമന്ത്രിയെയും മറ്റു ബി ജെ പി നേതാക്കളെയുമാണ്: പച്ച വർഗീയത പറയുന്ന, പ്രതിപക്ഷത്തിന്റെ നിലപാടുകളെ വളച്ചൊടിച്ചു വികൃതമാക്കി അവതരിപ്പിക്കുന്ന, പ്രതിപക്ഷ ബഹുമാനത്തിന്റെ തരിമ്പുമില്ലാതെ സംസാരിക്കുന്ന ഒരു ഭരണപക്ഷത്തെ.

പ്രതിപക്ഷ പാർട്ടികളുടെ വാഗ്ദാനങ്ങളിൽ ഒന്നാണ് രാജ്യത്തെ ജനങളുടെ ഇടയിൽ സാമുദായിക സർവ്വേ നടത്തുമെന്ന്. സ്വാതന്ത്ര്യം കിട്ടി 75 കൊല്ലങ്ങൾക്കു ശേഷവും അധികാരത്തിന്റെ പങ്ക് വളരെ ചുരുങ്ങിയ സമുദായങ്ങളിൽ ഒതുങ്ങി നിൽക്കുന്നതും രാജ്യത്തെ സമ്പത്തു വളരെ ചുരുങ്ങിയ ശതമാനം ആളുകളിൽ കേന്ദ്രീകരിക്കപ്പെടുന്നതും– കേവലം ഒരു ശതമാനം ആളുകളാണ് രാജ്യസമ്പത്തിന്റെ 40 ശതമാനം കൈയാളുന്നത്– ഒരു പുനരാലോചനയ്ക്കു കാരണമാകണമെന്നു ഇടതുപക്ഷ കക്ഷികളും കോൺഗ്രസും വാദിച്ചു. സമ്പത്തിന്റെ വിതരണത്തിൽ കൂടിക്കൂടിവരുന്ന അന്തരം ഇത്തരമൊരു പുനരാലോചനയ്ക്കു ഏതൊരു ജനാധിപത്യ വിശ്വാസിയെയും പ്രേരിപ്പിക്കും; അതാണ് പ്രതിപക്ഷ കക്ഷികൾ മുൻപോട്ടു വച്ചതും.

ഈ വാദത്തിൽ പിടിച്ചുകൊണ്ടു അങ്ങേയറ്റം വിഷലിപ്തമായ ഒരു പ്രചാരണമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പിന്നീട് രാജ്യത്തു അരങ്ങേറിയത്.

രാജ്യത്തെ വിഭവങ്ങളുടെ വിതരണത്തിൽ ദളിതരും ആദിവാസികളും മറ്റു പിന്നാക്ക വിഭാഗക്കാരും ന്യൂനപക്ഷങ്ങളും അപ്രസക്തരായിക്കൊണ്ടിരിക്കുകയാണെന്നും ഇതിൽ മാറ്റം വരേണ്ടതുണ്ടെന്നും കാണിച്ചു 2008-ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ദേശീയ വികസന സമിതി യോഗത്തിൽ നടത്തിയ ഒരു പ്രസ്താവന വളച്ചൊടിച്ചുകൊണ്ടാണ് മോദി ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ന്യൂനപക്ഷങ്ങൾക്കു, പ്രത്യേകിച്ച് മുസ്ലിങ്ങൾക്ക്, മറ്റുള്ള അവഗണിക്കപ്പെട്ടവരോടൊപ്പം രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശമുണ്ട് എന്ന ഡോ. സിംഗിന്റെ പ്രസംഗത്തിലെ ഭാഗം അടർത്തിയെടുത്തു രാജ്യത്തെ ഹിന്ദുക്കളുടെ സ്വത്തുക്കളുടെ സർവ്വേ നടത്തി അമ്മ പെങ്ങന്മാരുടെ കെട്ടുതാലിയടക്കം പിടിച്ചെടുത്തു മുസ്ലിങ്ങൾക്ക് നൽകും എന്നായിരുന്നു പ്രധാനമന്ത്രി രാജസ്‌താനിൽ നടത്തിയ പ്രസംഗം.

സഹപൗരരുടെ സമുദായത്തെയാകെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നവരെന്നും ആക്ഷേപിച്ച പ്രധാനമന്ത്രി പിന്നീടുള്ള പ്രസംഗങ്ങളിൽ മുസ്ലിം വിരോധം കൂടുതൽ രൂക്ഷമായി പ്രകടിപ്പിച്ചു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ അവർ ഭരണഘടന ഭേദഗതി ചെയ്യുമെന്നും മതത്തിന്റെ അടിസ്‌ഥാനത്തിൽ സംവരണം കൊണ്ടുവരുമെന്നും ഹിന്ദുക്കളുടെ സംവരണം എടുത്തുകളയുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. “ഹിന്ദുക്കളുടെ സംവരണം എടുത്തു മുസ്ലിങ്ങൾക്ക് കൊടുക്കാൻ വരുന്ന പ്രതിപക്ഷത്തിന് മുൻപിൽ തടസ്സമായി നിൽക്കുന്ന ആളാണ് താൻ’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.

ഈയിടെയാണ് രാജ്യത്തെ എൺപതു കോടി ആളുകൾക്ക് സൗജന്യ റേഷൻ നല്കൂന്ന പദ്ധതി അഞ്ചുകൊല്ലത്തേക്കുകൂടി കേന്ദ്ര സർക്കാർ നീട്ടിയത്. നമ്മുടെ നാട്ടിലെ ദരിദ്രരായ മനുഷ്യർക്ക് ആശ്വാസമേകുന്ന നടപടി എന്ന നിലയിൽ അത് സ്വാഗതാർഹമായ കാര്യമാണ്. എന്നാൽ രാജ്യം വൻ സാമ്പത്തിക ശക്തിയായി എന്ന പ്രചാരണത്തിന്റെ കാറ്റൂതിവിടുന്ന തീരുമാനമായിരുന്നു അത്. പ്രതിശീർഷ വരുമാനം എന്നത് ആളുകളുടെ സമ്പത്തിന്റെ ശരിക്കുള്ള അളവ്കോലല്ല, എങ്കിലുമൊരേകദേശ ധാരണ അതിൽനിന്നും ലഭിക്കാം. അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയിലെ ഒരാളുടെ പ്രതിശീർഷ വരുമാനം 2250 ഡോളറാണെന്നു കണക്കാക്കുമ്പോൾ ആറാം സ്‌ഥാനത്തുള്ള ബ്രിട്ടന്റെ പ്രതിശീർഷ വരുമാനം 46,000 ഡോളറും നാലാം സ്‌ഥാനത്തുള്ള ജപ്പാനിൽ 39,000 ഡോളറും ആണെന്നറിയുമ്പോഴാണ് നമ്മുടെ അഞ്ചാം സ്‌ഥാനം സാധാരണ മനുഷ്യരെ സംബന്ധിച്ച് എത്ര അർത്ഥ രഹിതമാണ്‌ എന്ന് മനസിലാവുക. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രത്തിലെ പൗരർ അയാളുടെ ദൈനംദിന ചെലവുകൾ കഷ്ടിച്ച് നടത്തിക്കൊണ്ടുപോകാനാവശ്യമായ വരുമാനം പോലുമില്ലാതെ നടക്കുമ്പോൾ മുൻപിലും പിറകിലുമുള്ള രാജ്യങ്ങളിലെ പൗരർക്ക് ഇന്ത്യക്കാരനുള്ളതിനേക്കാൾ ഇരുപതും ഇരുപത്തഞ്ചും ഇരട്ടിയാണ് വരുമാനം എന്നതാണ് വസ്തുത. വലിയ ജനസംഖ്യയുള്ളതിന്റെ പേരിൽ വരുന്ന കണക്കുകളെ രാജ്യത്തിന്റെ സമ്പത്താക്കി മാറ്റിയവതരിപ്പിക്കുന്ന കള്ളക്കളി.

എന്നാൽ സാധാരണ മനുഷ്യർക്ക് ഈ കളി മനസിലായി എന്ന് കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു തവണ എൻ ഡി എ സഖ്യത്തിന് വോട്ടുചെയ്ത സാധാരണ പൗരൻ പ്രധാനമന്ത്രിയുടെ വമ്പുപറച്ചിൽകൊണ്ടു തനിക്കു യാതൊരു പ്രയോജനവുമില്ലെന്നു മനസിലാക്കി ഇപ്രാവശ്യം വോട്ടുചെയ്യാൻ പോയില്ല എന്നുവേണം മനസിലാക്കാൻ. അതുകണ്ടു പരിഭ്രാന്തരായ ഭരണകക്ഷി തങ്ങളുടെ പ്രചാരണ പരിപാടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നാടിന്റെ സാമ്പത്തിക പുരോഗതിയ്ക്കാവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കാനുള്ള ശ്രമമല്ല നടത്തിയത്; മറിച്ച് ഭൂരിഭാഗം ജനങ്ങളുടെ ദുരിതത്തിന് കാരണം സഹപൗരരാണെന്ന വർഗീയ-ഫാസിസ്റ് നിലപാട് ആവർത്തിച്ചുറപ്പിക്കുകയാണ് ചെയ്‌തത്‌. ചെറിയ എതിർപ്പ് വന്നപ്പോഴേക്കും ആദ്യം പറഞ്ഞ ‘സബ്കാ സാഥ്‌ സബ കാ വികാസ്’ എന്ന മുദ്രാവാക്യമൊക്കെ ചുരുട്ടിക്കെട്ടി അട്ടത്തുവച്ചു, എന്നിട്ടു ചിരപരിചിതമായ വർഗീയതയെടുത്തു വീണ്ടും വോട്ടുപിടിക്കാനിറങ്ങി.

ഇന്ത്യയുടെ ഭൂരിപക്ഷ ജനത ഇന്നും വർഗീയതയ്ക്ക് സ്വയം അടിയറവു പറഞ്ഞിട്ടില്ല. രാജ്യത്തെ പ്രത്യേക രാഷ്ട്രീയ പരിതഃസ്‌ഥിതികളിൽ മുൻപിൽ വച്ച സുവർണ്ണ വാഗ്ദാനങ്ങൾ വിശ്വസിച്ച അവർ ബി ജെ പിയ്ക്ക് അധികാരം ഏല്പിച്ചുകൊടുത്തു എന്നത് വാസ്തവം. എന്നാൽ കയ്യിൽകിട്ടിയ അധികാരം ഏതെങ്കിലും വിധത്തിൽ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരുടെ സാമ്പത്തിക ഉന്നമനത്തിനു ഉപയോഗിക്കുകയല്ല സർക്കാർ ചെയ്തത്. മറിച്ച് ഭരണകക്ഷിയുടെ കൂട്ടുകാരായ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്; രാജ്യത്തിന്റെ സ്വത്തുക്കൾ പിടിയാവിലയ്ക്ക് തീറെഴുതാനും. ശതകോടീശ്വരരുടെ എണ്ണം ബി ജെ പി ഭരണത്തിൽ വൻതോതിൽ കൂടി, അതിദരിദ്രരുടെ എണ്ണവും. ഈ വൈരുധ്യം ഒട്ടും അപ്രതീക്ഷിതമല്ല. അതാണ് ഒരു വലതുപക്ഷ-ഫാസിസ്റ്റ് സിദ്ധാന്തത്തിനു ചെയ്യാൻ പറ്റുക; അതവർ ചെയ്തുകൊണ്ടിരിക്കുന്നു.

ഒപ്പം തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തിൽ അഴിമതി സ്‌ഥാപനവൽക്കരിച്ചതും ഗുണ്ടാപ്പിരിവ് നടത്താൻ ആ പദ്ധതിയെ ഉപയോഗിച്ചതും ജനങളുടെ മുന്പിലേക്യ്ക്കു ഇക്കാലയളവിൽ വന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി വേട്ടയാടുകയും മുഖ്യമന്ത്രിമാരെയടക്കം ജാമ്യം പോലും ലഭിക്കാത്ത വിധത്തിൽ അറസ്റ്റ് ചെയ്തു ജയിലിലിടുകയുമാണ് ഭരണകൂടം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തിന്റെ അടിവേരറുക്കുന്ന ഒട്ടേറെ നടപടികൾ യാതൊരു തടസ്സവുമില്ലാതെ ഇപ്പോഴും തുടരുകയാണ്. ഇതിനകം രണ്ടു ലോക്-സഭാ നിയോജകമണ്ഡലങ്ങളിലെ കോൺഗ്രസ് സ്‌ഥാനാർത്ഥികളെ കാലുമാറ്റിയിരിക്കുകയാണ് ബി ജെ പി. അതിൽ ഒരിടത്തു പാർട്ടി സ്‌ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ അധികാരം ഉപയോഗിച്ചും പണമെറിഞ്ഞും ഇല്ലാതാക്കാനുള്ള പദ്ധതി വൻഭൂരിപക്ഷം സ്വപ്നം കാണുമ്പോഴും ബി ജെ പി ഉപേക്ഷിച്ചിട്ടില്ല എന്നത് തീർത്തും ഭയാനകമായ അവസ്‌ഥയാണ്‌.

എല്ലാവിധ സ്വപ്ന വാഗ്ദാനങ്ങൾ നൽകിയിട്ടും അധികാരവും പണവും ഉപയോഗിച്ചിട്ടും ജനങ്ങൾ തങ്ങളെ വിശ്വസിക്കുന്നില്ല എന്ന വസ്തുത കണ്ണിൽത്തറച്ചപ്പോഴാണ് പ്രധാനമന്ത്രിയും സംഘവും മുസ്ലിം വിരോധം യാതൊരു മറയുമില്ലാത്ത വിധം പ്രയോഗിച്ചു അധികാരത്തിൽ തിരിച്ചെത്താനുള്ള അവസാന ശ്രമം നടത്തുന്നത്. സഹസ്രാബ്ധങ്ങളായി ഇണങ്ങിയും പിണങ്ങിയും കൊണ്ടും കൊടുത്തും ജീവിച്ച സമുദായങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ചും വികലമാക്കി ചിത്രീകരിച്ചും ഭൂരിപക്ഷ സമുദായത്തിൽ അരക്ഷിതാവസ്‌ഥയുണ്ടാക്കി വോട്ടു പിടുങ്ങാനുള്ള ശ്രമമാണ് ഇപ്പോൾ ബി ജെ പി നടത്തുന്നത്. ജനാധിപത്യ കാലത്തിനു മുൻപുള്ള ഭരണാധികാരികളുടെ വീഴ്ചകൾ പറയുമ്പോൾ അത് ഹിന്ദു രാജാക്കന്മാരെ ലക്‌ഷ്യം വച്ചാണ് എന്നാണ് ഏറ്റവും പുതിയ ആരോപണം. പ്രതിപക്ഷ പ്രസ്താവനകൾക്ക് അവർ സ്വപ്നത്തിൽ പോലും കരുതാത്ത വിധത്തിലുള്ള വ്യാഖ്യാനങ്ങൾ ചമച്ചാണ് ഇപ്പോൾ അവരെ ഹിന്ദുവിരുദ്ധരാക്കാനുള്ള ശ്രമം ബി ജെ പിയും സംഘപരിവാരവും നടത്തുന്നത്.

ഹിന്ദു-മുസ്ലിം വിഭജനം എന്നും സംഘ പരിവാരത്തിന്റെ അജൻഡയായിരുന്നു. ഇരു സമുദായങ്ങളിലുമുള്ള തീവ്രവാദികളും മനുഷ്യവിരുദ്ധരും അതിനു പിന്തുണകൊടുത്തു; ഇന്ത്യയുടെ വിഭജനത്തിലാണ് അത് കലാശിച്ചത്. വിഭജനത്തിനു വേണ്ടി പഴയ ശക്തികൾ നടത്തുന്ന പുതിയ നീക്കങ്ങളെ തിരിച്ചറിയാനും ചെറുക്കാനും ഒരു ജനാധിപത്യ രാജ്യത്തെ പൗരർ എന്ന നിലയിൽ ഇന്ത്യക്കാർക്കു കഴിയും എന്നുവേണം കരുതാൻ. പതിനെട്ടാം ലോക്-സഭയിലേക്ക്ക്ള്ള തിരഞ്ഞെടുപ്പ് അതിനുള്ള അടയാളമായിരിക്കും എന്ന് എല്ലാ ജനാധിപത്യശക്തികളും പ്രതീക്ഷിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 3 =

Most Popular