Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിമത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

സജി ചെറിയാൻ

വികസനരംഗത്ത് നിര്‍ണ്ണായകമായ കാല്‍വയ്പുകള്‍ കേരളം നടത്തുന്നതിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇവിടെയുള്ളത്. നാഷണല്‍ ഹൈവേ, മലയോര ഹൈവേ, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ദേശീയ ജലപാത, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, പുതുവൈപ്പിന്‍ എല്‍.പി.ജി ടെര്‍മിനല്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഏറ്റവും പുതുതായി പ്രവര്‍ത്തനഘട്ടത്തിലേക്ക് കടന്ന വിഴിഞ്ഞം തുറമുഖം വരെയുള്ള പദ്ധതികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി നിലകൊള്ളുകയാണ്. വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനുമാണ് ഏറ്റവും വലിയ പരിഗണന എൽഡിഎഫ് സര്‍ക്കാരുകള്‍ നല്‍കുന്നത്. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. നാം നടപ്പാക്കിവരുന്ന എല്ലാ വികസന പദ്ധതികളിലും ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളത്.

വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെയാണ് അന്താരാഷ്ട്ര കപ്പല്‍ പാത കടന്നുപോകുന്നത്. തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ പ്രകൃതിദത്ത ആഴം ഉണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തുനിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യത്തെ കപ്പലിനെ 2023 ഒക്ടോബർ 15ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാടൊന്നാകെ സ്വീകരിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും എന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

വികസനപദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായും കുറച്ചു പേരുടെയെങ്കിലും സ്ഥലവും തൊഴിലും ജീവനോപാധികളും നഷ്ടമാകുന്നുണ്ട് എന്നത് നാം കണക്കിലെടുക്കേണ്ടതുണ്ട്. നേട്ടങ്ങളുടെ വിജയഗാഥകള്‍ പറയുമ്പോള്‍ തന്നെ നാം അതിനു വേണ്ടി ത്യാഗങ്ങള്‍ സഹിച്ചവരെക്കുറിച്ചുകൂടി ഓര്‍ക്കേണ്ടതുണ്ട്. വിഴിഞ്ഞത്തെയും വിഴിഞ്ഞം ഹാര്‍ബറിനെ ആശ്രയിക്കുന്ന സമീപപ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നവരാണ്. ആപത്ഘട്ടങ്ങളില്‍ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവന്‍ പണയപ്പെടുത്തി രംഗത്തുവന്നിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാനായി 03.11.2020 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിക്കുകയുണ്ടായി. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയുമാണ് ഈ സമിതിക്ക് മേല്‍നോട്ടം വഹിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുയര്‍ന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്നെ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഞാനും ബന്ധപ്പെട്ട മറ്റു മന്ത്രിമാരും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും അവരുടെ ആശങ്കകളും പരാതികളും പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

പുനരധിവാസത്തിനായുള്ള നടപടികള്‍
വിഴിഞ്ഞം തുറമുഖം വരുമ്പോള്‍ ജീവനോപാധിക്ക് നഷ്ടം സംഭവിക്കുന്ന മുല്ലൂര്‍ മത്സ്യഗ്രാമത്തിലെ ചിപ്പി/ ലോബ്സ്റ്റർ തൊഴിലാളികള്‍, വിഴിഞ്ഞം സൗത്ത് (കോട്ടപ്പുറം), അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിലെ കരമടിത്തൊഴിലാളികള്‍, വിഴിഞ്ഞം സൗത്ത് (കോട്ടപ്പുറം), അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിലെ മോട്ടോര്‍ ഘടിപ്പിക്കാത്ത യാനം (കട്ടമരം) ഉടമകള്‍, വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോര്‍ത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിലെ മോട്ടോര്‍ ഘടിപ്പിച്ച യാനം ഉടമകള്‍, കോട്ടപ്പുറം-–വിഴിഞ്ഞം മേഖലകളിലെ മത്സ്യത്തൊഴിലാളി വനിതാ സ്വയം സഹായ സംഘങ്ങള്‍, മുല്ലൂര്‍ പ്രദേശത്തെ റിസോര്‍ട്ട് ജീവനക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കുള്ള തൊഴില്‍ നഷ്ടപരിഹാര പുനരധിവാസ പാക്കേജാണ് ജീവനോപാധി ആഘാത വിലയിരുത്തല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ചിപ്പി/ ലോബ്സ്റ്റര്‍ തൊഴിലാളികള്‍, കരമടി തൊഴിലാളികള്‍, റിസോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു കഴിഞ്ഞു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തില്‍ നിന്നും പുറപ്പെടുന്ന യന്ത്രവല്കൃത യാനങ്ങള്‍ക്ക് അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ കാലയളവില്‍ പുലിമുട്ട് ചുറ്റിപ്പോകേണ്ട അസൗകര്യം പരിഗണിച്ച് എഞ്ചിന്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ 2 വര്‍ഷത്തേക്ക് അനുവദിച്ച മണ്ണെണ്ണ വിതരണം മത്സ്യഫെഡ് മുഖേന നടത്തിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്കുകൂടി മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായുള്ള ഉത്തരവായിക്കഴിഞ്ഞു. കട്ടമരം ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നവരെ സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ തുറമുഖ നിര്‍മ്മാണംമൂലം ജീവനോപാധി നഷ്ടപ്പെടുന്നതും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയതുമായ 53 പേര്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതിനായി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും നഷ്ടപരിഹാര തുക ഒരാള്‍ക്ക് പ്രാഥമികമായി വിലയിരുത്തിയിരുന്ന 82,440 രൂപ എന്നത് 4.2 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് 2.23 കോടി രൂപ അനുവദിച്ച് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. പദ്ധതി ബാധിത പ്രദേശങ്ങളില്‍ ജീവനോപാധി നഷ്ടപരിഹാരമായി 2640 പേര്‍ക്ക് 99.94 കോടി രൂപ ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. 262 ചിപ്പി/ ലോബ്സ്റ്റർ തൊഴിലാളികൾക്കായി 12.36 കോടി രൂപ, 913 കരമടി തൊഴിലാളികള്‍ക്കായി 54.24 കോടി രൂപ, 1221 മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ആനുകൂല്യത്തിനായി 27.18 കോടി രൂപ, 211 റിസോർട്ട് തൊഴിലാളികൾക്ക് 6.08 കോടി രൂപ, 33 സ്വയം സഹായ സംഘങ്ങൾക്കായി 8 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ പുനരധിവാസത്തിനായി 8.564 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ നാളിതുവരെ 99.94 കോടി രൂപ ജീവനോപാധി നഷ്ടപരിഹാര ഇനത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. ജീവനോപാധി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഭൂരിഭാഗം പരാതികളും ഇതിനകം തന്നെ പരിഹരിച്ചു കഴിഞ്ഞു. ജീവനോപാധി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുതാര്യവും കാര്യക്ഷമവുമായാണ് നിര്‍വ്വഹിക്കപ്പെട്ടത്. പദ്ധതി പ്രദേശത്തെ പുനരധിവാസം, മാലിന്യ പ്രശ്നങ്ങള്‍, ചികിത്സാ സഹായം മെച്ചപ്പെടുത്തല്‍, കളിസ്ഥലം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയും അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നു.

നിലവിലെ വിഴിഞ്ഞം കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിനെ (CHC) 80 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയര്‍ത്തുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ഫിഷറീസ് വകുപ്പിന്റെ 4.82 കോടി രൂപയുടെ ഫണ്ടിന് പുറമേ പോര്‍ട്ട് നിര്‍മ്മാണ കമ്പനിയുടെ 2.97 കോടി രൂപയും ഉൾപ്പെടെ ആകെ 7.79 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കോട്ടപ്പുറത്ത് പകല്‍വീട് സ്ഥാപിക്കുന്നതിനായി ഒരു പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിനനുയോജ്യമായ സ്ഥലം വാങ്ങുന്നതിനുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിനായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ 4 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെ (ASAP) നിര്‍മ്മാണം VISL (Vizhinjam International Seaport Ltd) ലഭ്യമാക്കിയ കോട്ടപ്പുറത്തെ സ്ഥലത്ത് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രദേശവാസികള്‍ക്ക് മുന്‍ഗണന നല്കി തുറമുഖാനുബന്ധ തൊഴില്‍ പരിശീലനം ഈ കേന്ദ്രം മുഖേന നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാകുന്ന മുറയ്-ക്ക് ഇതുവഴി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ജോലിക്ക് നിയോഗിക്കുന്നതാണ്.

തുറമുഖ പദ്ധതിയ്ക്കായി 7.3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 3.3 കോടി ലിറ്ററിന്റെ പ്ലാന്റിനു പുറമേ പദ്ധതി പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 1.74 കോടി രൂപ ചെലവില്‍ പദ്ധതി പ്രദേശത്തെ 1000 ത്തില്‍പരം ഭവനങ്ങളില്‍ ജല വിതരണ കണക്ഷന്‍ നല്കിക്കഴിഞ്ഞു. കൂടാതെ കോട്ടപ്പുറം പ്രദേശത്ത് തടസ്സരഹിതമായി ജലവിതരണം നടത്തുന്നതിനായുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് വാട്ടര്‍ അതോറിറ്റി തയ്യാറാക്കുകയും അത് തിരുവനന്തപുരം കോര്‍പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുവാന്‍ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അനുവദിച്ച സ്ഥലത്ത് ഒരു അജൈവ ഖര മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനായുള്ള പദ്ധതി VISL, തിരുവനന്തപുരം കോര്‍പ്പറേഷന്‍, ക്ലീന്‍ കേരള കമ്പനി, കരാര്‍ കമ്പനി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പിലാക്കുവാനും തുടര്‍ പരിപാലനത്തിനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ നിലവിലെ മത്സ്യബന്ധന തുറമുഖം ആധുനികവല്ക്കരിച്ച്, ആവശ്യമായ സൗകര്യങ്ങളോടുകൂടിയും അധിക ഫിഷ് ലാൻഡിംഗ് സൗകര്യങ്ങളും ബര്‍ത്തുകളും ഇതര സൗകര്യങ്ങളും സ്ഥാപിക്കുവാനുള്ള പദ്ധതിയുമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും VISL ഉം സംയുക്തമായി മുന്നോട്ടു പോകുകയാണ്. ഇതിനായി ഒരു മാസ്റ്റര്‍ പ്ലാനും ഇതര പദ്ധതികളും തയ്യാറാക്കി വരികയാണ്‌. മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായങ്ങളും പരിഗണിച്ച ശേഷം മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികളിലേക്ക് കടക്കും. തദ്ദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയില്‍ കോട്ടപ്പുറത്ത് ഒരു സീഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി VISL ന്റെ സ്ഥലം അടയാളപ്പെടുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ കടലാക്രമണത്തെത്തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം പൂർത്തിയാകുന്നതുവരെ വാടകയ്ക്ക് വീടെടുത്ത് മാറി താമസിക്കുന്നതിന് 5,500 രൂപ വീതം വാടക നല്കുവാന്‍ തീരുമാനിച്ച് നടപ്പിലാക്കി വരികയാണ്‌. ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്ന 284 കുടുംബങ്ങളാണ് തീരശോഷണത്താല്‍ ഭവനം നഷ്ടപ്പെട്ടവരായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ മാറി താമസിക്കാന്‍ സന്നദ്ധരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇതിനകം ആദ്യ ഗഡു വാടക അനുവദിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ താമസിക്കുന്ന 87 പേരും ബന്ധുവീടുകളില്‍ താമസിക്കുന്ന 145 പേരും ഉള്‍പ്പെടെ 232 കുടുംബങ്ങള്‍ക്ക് സെപ്തംബർ മാസത്തെ വരെ വാടകയും അനുവദിച്ചിട്ടുണ്ട്.

സാമൂഹിക ക്ഷേമ 
പ്രവര്‍ത്തനങ്ങള്‍
പുനരധിവാസ പാക്കേജിന് പുറമേ പദ്ധതി പ്രദേശത്ത് കരാര്‍ കമ്പനിയുമായി ചേര്‍ന്ന് ഒട്ടേറെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഗവൺമെന്റ് അയ്യൻകാളി സ്കൂള്‍, വിഴിഞ്ഞം മാര്‍ക്കറ്റ്, ഹാര്‍ബര്‍, മതിപ്പുറം, കോട്ടപ്പുറം, തുലവിള, ഓസാവിള എന്നിവിടങ്ങളില്‍ ആകെ 500 ടോയ്ലറ്റ്, ബാത്ത്റൂം, യൂറിനല്‍, ബാത്തിംഗ് ഫെസിലിറ്റി തുടങ്ങിയവ നിര്‍മ്മിച്ചു. കോട്ടപ്പുറം മരിയനഗര്‍ പൊതുകളിയിടം നവീകരിച്ച് ഉപയോഗ യോഗ്യമാക്കി. വിഴിഞ്ഞം ഹാര്‍ബര്‍, കോട്ടപ്പുറം വാര്‍ഡുകളില്‍ മാലിന്യ സംസ്കരണത്തിനായി മൊത്തം 26 തുമ്പൂര്‍മുഴി (കൂട്ടുവള പരിചരണം) എയ്റോബിക്ക് ബിന്നുകള്‍ നിര്‍മ്മിച്ചു. വിഴിഞ്ഞം വാര്‍ഡില്‍ ആസാദ് ഗ്രന്ഥശാല നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം മേഖലയിലെ 49 അംഗന്‍വാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകളും കസേരകളും ലഭ്യമാക്കി. കോട്ടപ്പുറം വാര്‍ഡില്‍ മരിയന്‍ നഗര്‍ പ്രദേശത്ത് ഓട നിര്‍മ്മിച്ചു. പദ്ധതി പ്രദേശത്തെ 600 സ്ത്രീകള്‍ക്ക് നല്കിയ സ്വയംതൊഴില്‍ പരിശീലനങ്ങളില്‍ നിന്ന് 17 ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനാവശ്യമായ തുകയില്‍ 50% തുക അദാനി കമ്പനിയും വിസിലും വഹിക്കുകയും 40% തുക ബാങ്ക് ലോണായി ലഭ്യമാക്കുകയും 10% തുക ഗുണഭോക്തൃവിഹിതമായി കണ്ടെത്തുകയും ചെയ്യുന്നു. തൊഴില്‍ നൈപുണ്യ പരിശീലനങ്ങളുടെ ഭാഗമായി നാളിതുവരെ 554 യുവതിയുവാക്കള്‍ക്ക് പരിശീലനം നല്കുകയും വിവിധ മേഖലകളിലായി 234 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു.

പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു മെഡിക്കല്‍ ടീം സൗജന്യ മരുന്നും ചികിത്സയും നല്കിക്കൊണ്ട് പദ്ധതിപ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ ക്യാന്‍സര്‍, നേത്രരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ ക്യാമ്പുകളും നടത്തി വരുന്നു. 3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പാലിയേറ്റീവ് കെയര്‍ സെന്റര്‍ കോട്ടപ്പുറത്ത് നിര്‍മ്മിക്കും. ഇതിനായി കോട്ടപ്പുറം ഇടവകയുമായി AVPPL ഒരു MOU ഒപ്പിട്ടിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

മേഖലയിലെ വിദ്യാഭ്യാസരംഗത്തും വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. പ്രതിമാസ കുടുംബ വരുമാനം 10,000/ രൂപയില്‍ താഴെയുള്ള സമര്‍ത്ഥരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്കിവരുന്നു. ഇംഗ്ലീഷ് ഭാഷാ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, ഓപ്പണ്‍ ഹൗസ്, ലിറ്ററേച്ചര്‍ മീറ്റ് എന്നിവയിലൂടെ പ്രതിമാസം ആയിരത്തിലധികം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകളായി ഉപയുക്തമാക്കാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി പ്രദേശത്തെ 9 സര്‍ക്കാര്‍ വിദ്യാലയങ്ങളും 5 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 14 വിദ്യാലയങ്ങൾക്ക് സ്മാർട്ട് ക്ലാസ്റൂം ഉപകരണങ്ങൾ നല്കുകയും ടീച്ചേഴ്സിന് പരിശീലനം നല്കുകയും ചെയ്തു. മൂല്ലൂര്‍ ഗവൺമെന്റ് യു പി സ്കൂളിലും ഹാര്‍ബര്‍ ഏര്യാ എല്‍ പി സ്കൂളിലും 10 ക്ലാസ് മുറികള്‍ വീതമുള്ള ഇരുനിലസ്കൂള്‍ മന്ദിരങ്ങള്‍ നിര്‍മ്മിച്ചു നല്കി. കോട്ടപ്പുറം സെന്റ്. മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളിന് ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍ എന്നിവ അടങ്ങിയ സ്കൂള്‍ പ്ലേ ഗ്രൗണ്ട് വികസിപ്പിച്ചു നല്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി സംബന്ധിച്ച് ഉയര്‍ന്നുവന്ന ആശങ്കകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയിലും പദ്ധതിയോടുള്ള പൂര്‍ണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണ്. സമുദ്രാധിഷ്ഠിത ചരക്കുനീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന പൂര്‍ണ ആത്മവിശ്വാസമാണ് സര്‍ക്കാരിനുള്ളത്. നിരവധി പ്രതിസന്ധികൾ മറികടന്ന് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നതിൽ നാടിനാകെ അഭിമാനിക്കാം. ഈ നേട്ടത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് മുന്നോട്ടു പോകാനും കൂടുതൽ ഉയരങ്ങളിലേയ്ക്ക് കേരളത്തെ നയിക്കാനും നമുക്കൊരുമിച്ചു നിൽക്കാം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 19 =

Most Popular