Sunday, May 19, 2024

ad

Homeകായികരംഗംവൻമതിലും താണ്ടിയ ഏഷ്യൻ ദീപശിഖ ഉദയസൂര്യന്റെ നാട്ടിലേക്ക്

വൻമതിലും താണ്ടിയ ഏഷ്യൻ ദീപശിഖ ഉദയസൂര്യന്റെ നാട്ടിലേക്ക്

ഡോ. അജീഷ്‌ പി ടി

ഷ്യ വൻകരയിലെ വമ്പൻ കായിക മാമാങ്കത്തിന്റെ പത്തൊമ്പതാം പതിപ്പ് പ്രൗഢോജ്വലമായി സംഘടിപ്പിക്കുവാൻ സാധിച്ച ചൈനയ്ക്ക് ലോകത്തിനുമുന്നിൽ അഭിമാനിക്കാം. രാജ്യാന്തര മത്സരം എന്ന നിലയിൽ പന്ത്രണ്ടായിരത്തിയഞ്ഞൂറിലധികം വരുന്ന കായികതാരങ്ങളെ ഉൾക്കൊള്ളുവാനും അവർക്കാവശ്യമായ പിന്തുണയൊരുക്കുവാനും ആതിഥേയർക്ക് സാധിച്ചു. 1990ൽ ബെയ്ജിങ്ങിനും 2010ൽ ഗ്വാങ്‌ഷുവിനും ശേഷം ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ചൈനീസ് നഗരമാണ് ഹാങ്ഷൗ. 2015 സെപ്‌തംബർ 16ന് തുർക്കുമെനിസ്‌താനിലെ അഷ്‌ഗാബത്തിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ജനറൽ അസംബ്ലിയാണ് ചൈനയ്ക്ക് മൂന്നാമതും ഏഷ്യൻ ഗെയിംസ് നടത്തുവാൻ അംഗീകാരം നൽകിയത്. ഐക്യം, ഐക്യദാർഢ്യം, വികസനം എന്നീ ദീർഘകാല ലക്ഷ്യങ്ങൾ പ്രചരിപ്പിക്കുവാനുള്ള ഇടപെടലുകളാണ് 2023 ഏഷ്യൻ ഗെയിംസിലൂടെ സംഘാടകർ ലക്ഷ്യമിട്ടത്. ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ആത്മബന്ധം വർദ്ധിപ്പിക്കുവാൻ ഉചിതമായ രീതിയിലുള്ള “ഹാർട്ട് ടു ഹാർട്ട് @ ഫ്യൂച്ചർ’ എന്ന മുദ്രാവാക്യം ഉദ്ഘാടന ചടങ്ങുകൾക്ക്‌ ആയിരം ദിവസം മുമ്പ് തന്നെ ചൈന പ്രഖ്യാപിച്ചിരുന്നു. ഗതാഗതവികസനത്തിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസ് പ്രമേയമാക്കിയ പ്രത്യേക മെട്രോ ട്രെയിൻ ചൈന പുറത്തിറക്കിയിരുന്നു. 44 മത്സരവേദികളാണ് ഏഷ്യൻ ഗെയിംസിന്റെ ഫലപ്രദമായ നടത്തിപ്പിനുവേണ്ടി ചൈന തയ്യാറാക്കിയിരുന്നത്. ഇവിടങ്ങളിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ടി പുതിയ അതിവേഗ റെയിൽപാതയും നിർമ്മിച്ചു.

വർണാഭമായ സമാപനം
ചൈനയുടെ വികസിത കാഴ്ചപ്പാടുകൾക്ക് ഇണങ്ങുന്ന രീതിയിൽ സാങ്കേതികമായി വിസ്മയം കൊള്ളിപ്പിക്കുന്ന രീതിയിലുള്ള സമാപന ചടങ്ങാണ് അരങ്ങേറിയത്. ചൈനീസ് സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന നിലയിലുള്ള അവിസ്മരണീയ തിരശ്ശീലയായിരുന്നു സംഘാടകർ കാഴ്ചവച്ചത്. പ്രധാന വേദിയും 80,000 കാണികൾക്ക് ഇരിക്കുവാൻ കഴിയുന്നതുമായ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ 75 മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ് സൗണ്ട് ലേസർ ഷോയാണ് സമാപനത്തെ ഏറ്റവും ആകർഷണീയമാക്കിയത്. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) ആക്ടിംഗ് ചീഫ് രൺധീർ സിംഗ് ഏഷ്യൻ ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു. ഏഷ്യയിലെ യുവജനങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെയും മാനവികതയുടെയും നന്മയുടെയും മനോഭാവം രൂപപ്പെടട്ടെ എന്ന പ്രഖ്യാപനവും സമാപന ചടങ്ങിൽ ഉണ്ടായി. ഗെയിംസ് മെഡൽ പട്ടികയിൽ ചൈന വീണ്ടും ആധിപത്യം സ്ഥാപിച്ചതോടെ ആതിഥേയർ തന്നെ വൻകരയിലെ വമ്പൻ കായികശക്തികൾ എന്ന്‌ വീണ്ടും തെളിയിക്കപ്പെട്ടു. ജപ്പാനും ദക്ഷിണകൊറിയയും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം പങ്കുവെച്ചപ്പോൾ സ്വപ്നസമാനമായ പ്രകടനം കാഴ്ചവച്ചുകൊണ്ട് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. 13 ലോക റെക്കോർഡുകളും 26 ഏഷ്യൻ റെക്കോർഡുകളും 97 ഗെയിംസ് റെക്കോർഡുകളും ഈ ഗെയിംസിന്റെ ഭാഗമായി പുതുതായി സൃഷ്ടിക്കപ്പെട്ടു.

തലയെടുപ്പോടെ ഇന്ത്യ
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തി തലയെടുപ്പോടെയാണ് ഇന്ത്യയുടെ മടക്കം. ഇപ്രാവശ്യം 100 മെഡൽ കരസ്ഥമാക്കുമെന്ന ലക്ഷ്യം (അബ് കി ബാർ 100 പാർ) പൂർത്തീകരിക്കുവാനും സാധിച്ചു. ഷൂട്ടിംഗ്, അത്ലറ്റിക്സ് ഇനങ്ങളിൽ നിന്നാണ് ഏറ്റവും അധികം മെഡലുകൾ ഇന്ത്യയ്ക്ക് ലഭ്യമായത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡലുകൾ നേടുവാൻ മാത്രമാണ് സാധിച്ചത്.ബാഡ്മിൻറൺ, ബോക്സിങ്, ബ്രിഡ്ജ്, കനോയിങ്, ചെസ്സ്, ക്രിക്കറ്റ്, അശ്വാഭ്യാസം, ഗോൾഫ്, ഹോക്കി, കബഡി, റോളർ സ്കേറ്റിംഗ്, തുഴച്ചിൽ, ടെന്നിസ്, സെയിലിംഗ്, ഷൂട്ടിംഗ്,ടേബിൾ ടെന്നീസ്, സെപക്താക്രോ, ഗുസ്തി, വുഷു തുടങ്ങിയ കായികയിനങ്ങളിലും ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് നൂറുമെഡലുകൾ നേട്ടത്തോടെ നാലാം സ്ഥാനം സ്വന്തമാക്കുവാൻ ഇന്ത്യക്കായത്.

സെഞ്ചുറി തിളക്കത്തിനുപിന്നിൽ
ചിട്ടയായ പരിശീലനം, ഫലപ്രദമായ ഏകോപനം, സ്പോർട്ട്സ്, സയൻസ് സംവിധാനങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തൽ തുടങ്ങിയവയാണ് കായികതാരങ്ങളുടെ പ്രകടന മികവ് വർദ്ധിക്കുവാൻ ഇടയായതിനുപിന്നിൽ. ഏറ്റവും ഫലപ്രദമായ രീതിയിലുള്ള നൂതന പരിശീലന ഉപകരണങ്ങൾ യഥേഷ്ടം ലഭ്യമാക്കിയിരുന്നു. ഓരോ കായിക താരത്തിന്റെയും ചലന പാറ്റേണുകൾ വിശകലനം ചെയ്യുവാൻ ഹൈടെക് മോഷൻ ക്യാപ്ചർ ഉൾപ്പെടെയുള്ള ബയോ മെക്കാനിക്കൽ അനാലിസിസ് സംവിധാനങ്ങൾ ഉൾപ്പെടുന്നു. ഇത് മികച്ച പ്രകടനത്തിലേക്ക് നയിക്കുവാനും പരിക്കുകൾ തടയുന്നതിനും അത്ലറ്റുകളെ സഹായിച്ചിരുന്നു. ശാരീരിക ഏകോപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കണ്ടെത്തുവാൻ കഴിയുന്ന രീതിയിലുള്ള അത്യന്താധുനിക ഫിസിയോളജിക്കൽ ടെസ്റ്റിംഗ് രീതികളും കായിക താരങ്ങൾക്കിടയിൽ പിന്തുടർന്നിരുന്നു. എല്ലാ താരങ്ങളുടെയും കായിക ഇനങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള വ്യക്തിഗത പോഷകാഹാര രീതികളും പാലിക്കപ്പെട്ടു. ചെറിയ രീതിയിൽ പരിക്കേൽക്കുന്ന താരങ്ങളെ വേഗത്തിൽ സുഖപ്പെടുത്തുവാനും അമിതമായ പരിക്കുകളുടെ സാധ്യത കുറയ്ക്കുവാനും ഉതകുന്ന രീതിയിലുള്ള സ്പോർട്ട്സ് മെഡിസിൻ റിഹാബിലിറ്റേഷൻ സംവിധാനവും വിപുലമാക്കിയിരുന്നു. ഇതു കൂടാതെ താരങ്ങളുടെ മാനസിക നിലവാരം മെച്ചപ്പെടുത്തുവാനും ശ്രദ്ധ, ആത്മവിശ്വാസം, ലക്ഷ്യബോധം എന്നിവ ഉറപ്പാക്കുന്നതിനുമായി കായിക മനഃശാസ്ത്രജ്ഞരുടെ മുഴുവൻ സമയ സേവനവും ഉറപ്പാക്കിയിരുന്നു. പരിശീലനവേളകളിൽ ഉൾപ്പെടെ പെർഫോമൻസ് അനാലിസിസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി താരങ്ങളുടെ ശക്തിയും ബലഹീനതയും തിരിച്ചറിയുവാനും അവ പരിഹരിക്കുവാനുമുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും ബയോമെക്കാനിക്കൽ വിലയിരുത്തലിലൂടെയും കായികതാരങ്ങളുടെ പരിക്കിന്റെ അപകടസാധ്യതകൾ തിരിച്ചറിയുവാനും പരിഹരിക്കുവാനുമുള്ള ഫലപ്രദമായ ഇടപെടലുകളും സ്വീകരിച്ചിരുന്നു.

ഉദയസൂര്യന്റെ നാട്ടിലേക്ക് ദീപശിഖ
വൻമതിലിനാൽ ചുറ്റപ്പെട്ട ചൈനയുടെ വിസ്മയിപ്പിക്കുന്ന പ്രൗഡി ലോകത്തിനുമുന്നിൽ 21 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിലൂടെ വെളിവാക്കുവാൻ സാധിച്ചു. ഗെയിംസ് ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത സംഘാടന മികവും സജ്ജീകരണവും ആയിരുന്നു ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ഇന്ത്യയുടെ അഭിമാന നേട്ടങ്ങൾ പ്രകടിപ്പിക്കുവാൻ സാധിച്ച സമാപന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തി. 2026ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതും തയ്യാറെടുപ്പുകൾ നടത്തുന്നതും ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ദ്വീപ് രാഷ്ട്രമായ ജപ്പാൻ ആണ്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ജപ്പാൻ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ഏഷ്യൻ ഗെയിംസ് ആണ് 2026ൽ നടക്കുവാൻ പോകുന്നത്. സമാപന ചടങ്ങിൽ വച്ച് ജപ്പാന്റെ ഔദ്യോഗിക പ്രതിനിധി ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ സംഘാടകരിൽ നിന്നും ഏറ്റുവാങ്ങി. ഒരു കായികവേദിയിലൂടെ ഏഷ്യയിലെ അംഗ രാജ്യങ്ങളെല്ലാം ‘എന്നും മുന്നോട്ട്’ എന്ന ആശയം വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടി അവതരിപ്പിക്കുവാൻ ഓരോ ഗെയിംസിനും സാധിക്കുന്നുണ്ട് എന്നതാണ് പൊതു അനുമാനം.

പ്രതീക്ഷയോടെ പാരീസിലേക്ക്
കായിക പരിശീലകനെ മാത്രം ആശ്രയിച്ച് നിലനിന്നിരുന്ന കായിക പ്രകടനതലത്തിൽ കാലോചിതമായ മാറ്റം സ്വീകരിച്ചതാണ് ഇന്ത്യയുടെ പ്രകടനത്തിൽ വഴിത്തിരിവായത്. സ്പോർട്ട്സ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി സമീപനം കായികതാരങ്ങൾക്ക് സമഗ്രമായ പിന്തുണ ലഭ്യമാക്കുന്നത് ഉറപ്പാക്കുവാൻ സാധിച്ചു. ഇത് ഫലപ്രദമായ ഗവേഷണത്തിനും വിലയിരുത്തലിനും മെച്ചപ്പെടുത്തലിനും വഴിയൊരുക്കിയിട്ടുണ്ട്. ഓരോ സമയവും നവീകരിക്കുവാനുള്ള പ്രതിബദ്ധത സ്പോർട്സ് സയൻസ് മേഖല കാര്യക്ഷമമായി ആവിഷ്കരിച്ചതിലൂടെ സാധിച്ചിട്ടുണ്ട്. ഇതുമൂലം കായികതാരങ്ങളുടെ പ്രകടന മികവിലും മത്സരാധിഷ്ഠിത സമീപന രീതിയിലും വളരെ കാതലായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. ഇന്ത്യൻ കായിക മേഖലയിൽ നിലവിലുണ്ടായ വിസ്മയിപ്പിക്കുന്ന മാറ്റങ്ങളെ നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ഫലപ്രദമായ പരിശ്രമമാണ് കായിക ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. 2024ൽ പാരീസിൽ അരങ്ങേറുന്ന വിശ്വകായിക മാമാങ്കത്തിൽ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് വഴിതെളിക്കുവാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 17 =

Most Popular