Sunday, May 19, 2024

ad

Homeആമുഖംആമുഖം

ആമുഖം

പ്രസിദ്ധീകരണത്തിന്റെ 60 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിന്ത വാരികയുടെ ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിൽ രാഷ്ട്രീയ വിഷയങ്ങൾ ഇത്തരത്തിൽ ഗൗരവമായി കെെകാര്യം ചെയ്യുന്ന വേറെ വാരികകൾ ഇല്ല. സ്വതന്ത്രമാണ് എന്ന അവകാശവാദത്തോടെ പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാട് പ്രചരിപ്പിക്കുകയല്ല ചിന്ത ചെയ്യുന്നത്. സിപിഐ എമ്മിന്റെ പ്രസിദ്ധീകരണം എന്നു പറഞ്ഞുകൊണ്ടു തന്നെയാണ് ചിന്ത പ്രവർത്തിക്കുന്നത്. പാർട്ടിയുടെ രാഷ്ട്രീയ – സാമ്പത്തിക – സാമൂഹ്യ – സാംസ്കാരിക നിലപാടും നയസമീപനവും പ്രചരിപ്പിക്കുമ്പോൾ തന്നെ, കേരളീയർക്ക് സമകാലിക സംഭവവികാസങ്ങളെക്കുറിച്ച് ആഴത്തിലും പരപ്പിലുമുള്ള അറിവ് പ്രദാനം ചെയ്യാനും ചിന്ത ശ്രദ്ധിക്കുന്നു.

അറുപത് വർഷത്തിനുമുൻപ്, 1963 ആഗ്സത് 15ന് ചിന്തവാരിക പ്രസിദ്ധീകരണം ആരംഭിച്ചത് ഒരു സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ അഭിപ്രായഭിന്നത രൂക്ഷമാവുകയും പാർട്ടി ഭിന്നിപ്പിന്റെ വക്കത്ത് എത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചിന്തവാരിക ആരംഭിച്ചത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കി അധികാരം പങ്കിടണമെന്ന, ദേശീയ ജനാധിപത്യ സഖ്യമെന്ന റിവിഷനിസ്റ്റ് നേതൃത്വത്തിനെതിരെ ശരിയായ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച വിഭാഗത്തിന്റെ ആശയങ്ങൾ പാർട്ടി പ്രവർത്തകരിലും ജനസാമാന്യത്തിനിടയിലും എത്തിക്കുകയെന്ന ദൗത്യം ഏറ്റെടുത്തായിരുന്നു ചിന്തയുടെ പിറവി. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലവും വലത് – ഇടത് വ്യതിയാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ജിഹ്വയായി ചിന്ത പ്രവർത്തിച്ചുവരുന്നു.

ചിന്ത പ്രസിദ്ധീകരിച്ചു തുടങ്ങിയ 1960കളിൽ കമ്യൂണിസ്റ്റുകാർക്കെതിരെ ഭരണവർഗം ‘‘ചെെനാചാരർ’’ എന്ന മുദ്രകുത്തി വേട്ടയാടുകയായിരുന്നു. ഭരണവർഗത്തിന്റെ ജിഹ്വകളായി പ്രവർത്തിച്ചിരുന്ന വലതുപക്ഷ മാധ്യമങ്ങളും ഈ കമ്യൂണിസ്റ്റ് വേട്ടയിൽ കൊണ്ടുപിടിച്ച് അണിചേരുന്നതായാണ് കണ്ടത്. കമ്യൂണിസ്റ്റുകാർക്കെതിരെ കല്ലുവെച്ച നുണകൾ നിരന്തരം പ്രചരിപ്പിക്കുകയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ വലതുപക്ഷ വ്യതിയാനത്തിന്റെ വക്താക്കളെയും പിന്നീട് തീവ്രവാദ ചിന്താഗതിക്കാരെയും പ്രോത്സാഹിപ്പിക്കാനും ഈ മാധ്യമങ്ങൾ മത്സരിക്കുകയായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് സിപിഐ എം കരുത്താർജിച്ചത്.

സിപിഐ എമ്മിനെതിരെയുള്ള അപവാദപ്രചരണം, ഇന്ന് സർവസീമകളും ലംഘിച്ച് ദിനംപ്രതിയെന്നോണം പുതിയ, പുതിയ കെട്ടുകഥകൾ ചമച്ചുകൊണ്ട് തുടരുന്ന വേളയിലാണ് ഈ 60–ാം പിറന്നാൾ പതിപ്പ് പുറത്തിറങ്ങുന്നത്. ചിന്തയുടെ വളർച്ചയുടെ പടവുകളെക്കുറിച്ചുള്ള ഓർമകൾക്കും അതിൽ പങ്കു വഹിച്ചവരെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾക്കും ഒപ്പം സമകാലിക മാധ്യമങ്ങളുടെ നിലപാടുകളിലെ കോർപ്പറേറ്റ് -– വർഗീയ കൂട്ടുകെട്ടിനോടുള്ള കൂറും ചായ്-വും, അവയ്ക്കു പിന്നിലെ മൂലധനതാൽപര്യവും തുറന്നുകാട്ടുന്ന ഉള്ളടക്കമാണ് ഈ പിറന്നാൾ പതിപ്പിന്റെ സവിശേഷത. ഇക്കാലമത്രയും എന്ന പോലെ തുടർന്നും അധ്വാനിക്കുന്നവന്റെ പോരാട്ടങ്ങൾക്കൊപ്പം ചിന്ത മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന പ്രതിജ്ഞയോടെ പ്രിയ വായനക്കാർക്കു മുന്നിൽ ഈ പ്രത്യേക പതിപ്പ് സമർപ്പിക്കുന്നു.

– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + fifteen =

Most Popular