Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിവിയറ്റ്നാമിന്റെ അമ്മ ലോകത്തിന്റെ മദാം ബിൻ

വിയറ്റ്നാമിന്റെ അമ്മ ലോകത്തിന്റെ മദാം ബിൻ

ആര്യ ജിനദേവൻ

മ്പത്തിരണ്ട് വർഷങ്ങൾക്കുമുൻപ്, 1973 ജനുവരി 27ന് വിയറ്റ്-നാമിൽ അമേരിക്ക നടത്തുന്ന പെെശാചികമായ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനായി പാരിസ് കോൺഫറൻസിൽ ‘യുദ്ധം അവസാനിപ്പിക്കുന്നതിനും വിയറ്റ്-നാമിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള കരാർ, ഒപ്പുവയ്ക്കപ്പെട്ടു. അഞ്ചുവർഷത്തോളംനീണ്ട നിരന്തരവും നാടകീയവുമായ സന്ധി സംഭാഷണങ്ങൾക്കൊടുവിൽ, ഹെന്ററി കിസിഞ്ചറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘം കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറായി. ലോക ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും ദെെർഘ്യമേറിയ നയതന്ത്രപരമായ സന്ധി സംഭാഷണമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. 1968ൽ തുടക്കമിട്ട, 4 വർഷവും 8 മാസവും നീണ്ട സന്ധി സംഭാഷണങ്ങൾക്കൊടുവിൽ വിയറ്റ്-നാം ദേശീയ വിമോചന സേനയുടെ ചെറുത്തുനിൽപ്പിനു മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരുന്ന അമേരിക്കൻ സാമ്രാജ്യത്വം, ലോകരാജ്യങ്ങളുടെ സമ്മർദ്ദം കൂടിയായപ്പോൾ പാരിസ് സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറാവുകയായിരുന്നു.

പാരിസീലെ ഈ നീണ്ട സമാധാന സന്ധി സംഭാഷണങ്ങളെക്കുറിച്ചും ഒടുവിൽ വിയറ്റ്-നാം നേടിയ വിജയത്തെക്കുറിച്ചും പറയുന്നവർക്ക് ഒരിക്കലും മറന്നു കളയാനാവാത്ത ഒരു പേരുണ്ട്. ഏറ്റവും വലിയ സ്വൻവാതന്ത്ര്യ ശക്തിയായ അമേരിക്കൻ അധിനിവേശത്തോടു പൊരുതുന്ന വിയറ്റ്-നാമെന്ന കൊച്ചുരാജ്യത്തിലെ ജനങ്ങൾക്കുവേണ്ടി ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ച് ലോകജനതയുടെയും രാജ്യങ്ങളുടെയുമാകെ പിന്തുണയും ഐക്യദാർ-ഢ്യവും ആർജിച്ച ഒരു സ്ത്രീ; വിയറ്റ്-നാമിലെ മാത്രമല്ല, ലോകത്തിലെയാകെ നയതന്ത്രപരമായ ഇടപെടലിന്റെ ചരിത്രത്തിൽ തനതയായ വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവകാരി; മെലിഞ്ഞ് സുന്ദരിയും ശാന്തയും, അതേസമയം തീക്ഷ്ണമായ ഭാഷയുമുള്ള ആ സ്ത്രീ പിൽക്കാലത്ത‍ അറിയപ്പെട്ടത് ‘‘വിയറ്റ്-നാമിന്റെ അമ്മ’’ എന്നാണ്. അവരുടെ പേരായിരുന്നു ന്യൂയെൻ തെെ ബിൻ… വിയറ്റ്-നാം ചരിത്രത്തിലെക്കാലവും ആദരവോടുകൂടി ഓർമിക്കപ്പെടുന്ന മുഖം! ലോകമാകെ അവരെ ‘‘മദാം ബിൻ’’ എന്ന് വിളിക്കുന്നു.

അന്ന് പാരീസ് കരാറിൽ ഒപ്പുവച്ച ഒരേയൊരു സ്ത്രീയായിരുന്നു ന്യൂയെൻ തെെ ബിൻ. വടക്കൻ വിയറ്റ്-നാമിൽനിന്നുള്ള അഥവാ വിയറ്റ്-നാം ജനാധിപത്യ റിപ്പബ്ലിക്കിൽനിന്നുള്ള (ഡിആർവിഎൻ) പ്രതിനിധി സംഘത്തിന്റെ പ്രത്യേക ഉപദേഷ്ടാവായ ലെ ഡക് തോ (Le Duc Tho), ഡിആർവിഎൻ പ്രതിനിധി സംഘം തലവൻ ഷുവാൻ തായ് (Xwan Thuy), അമേരിക്കൻ ഗവൺമെന്റിനുവേണ്ടി ഹെൻറി കിസിഞ്ചർ എന്നിവരായിരുന്നു കരാറിൽ ഒപ്പുവച്ചത്. അതിൽ ആദ്യ മൂന്ന് പേരും ‘‘വിയറ്റ്-നാം രണ്ടല്ല, ഒന്നാണ്’’ എന്നുറക്കെ പറഞ്ഞുകൊണ്ട് ഈ കരാറിന്റെ സാക്ഷാത്കാരത്തിനായി നടത്തിയ സമർത്ഥവും നയതന്ത്രപരവും സ്വാതന്ത്ര്യവാഞ്ഛയിലധിഷ്ഠിതവുമായ ഇടപെടൽ ശ്രദ്ധേയമാണ്. അതിന് സാർവദേശീയമായ പിന്തുണയും ഐക്യദാർഢ്യവും സംയോജിപ്പിക്കുന്നതിനുവേണ്ടി ന്യൂയെൻ തെെ ബിൻ നടത്തിയ ഇടപെടൽ അനിതര സാധാരണമാണ്. പാരീസ് കരാർ വിജയകരമായി സാക്ഷാത്കരിക്കപ്പെട്ടതു സംബന്ധിച്ച് ബിൻ അന്ന് ഇങ്ങനെയെഴുതി, ‘‘നമ്മൾ ചരിത്ര പ്രധാനമായൊരു വിജയം കെെവരിച്ചിരിക്കുന്നു. അമേരിക്ക പൂർണമായും പിന്തിരിഞ്ഞോടാൻ നിർബന്ധിതമായിരിക്കുന്നു; വിയറ്റ്-നാം മണ്ണിൽ സേനകൾ തുടരും.’’

1927 മെയ് 26ന് വിയറ്റ്നാമിലെ ഷൗ തൻ (Chau Thanh) ജില്ലയിൽ പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള, രാജ്യസ്നേഹികളുടെ കുടുംബത്തിലെ ആറുമക്കളിൽ മൂത്തവളായാണ് ന്യൂയെൻ തെെ ബിന്നിന്റെ ജനനം. ‘‘ന്യൂയെൻ തെെ ചൗ സാ’ എന്നതായിരുന്നു യഥാർഥ നാമം. മുത്തച്ഛൻ ഫാൻ ചൗ ട്രിൻ അറിയപ്പെടുന്നൊരു പണ്ഡിതനും രാജ്യസ്നേഹിയും ജനാധിപത്യവാദിയുമായിരുന്നു. അദ്ദേഹം തനിക്ക് മുതിർന്ന സഹോദരനു തുല്ല്യനായിരുന്നുവെന്ന് വിയറ്റ്നാം പ്രസിഡന്റ് ഹോ ചി മിൻ പിൽക്കാലത്ത് ന്യൂയെൻ തെെ ബിന്നിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കൊച്ചുമകൾ ജനിക്കുന്നതിന് ഒരു വർഷം മുന്നേ, 1926ൽ ഫാൻ ചൗ ട്രിൻ മരണമടഞ്ഞിരുന്നു. ഫ്രഞ്ച് ഗവൺമെന്റിൽ സർവ്വെറായിരുന്ന ബിന്നിന്റെ അച്ഛനും സമാനമായി തന്നെ തന്റെ ഉദ്യോഗത്തെയും കുടുംബത്തെയുമടക്കം മാറ്റിനിർത്തിക്കൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുത്തൊരാളായിരുന്നു. അതുകൊണ്ടുതന്നെ ബിൻ അടക്കമുള്ള അദ്ദേഹത്തിന്റെ മക്കളും അദ്ദേഹവും ഫ്രാൻസിനും പിന്നീട് അമേരിക്കയ്ക്കുമെതിരായ വിയറ്റ്-നാമിന്റെ പോരാട്ടത്തിൽ സജീവമായി അണിനിരന്നു. കൊളോണിയൽ –സാമ്രാജ്യത്വ രാജ്യങ്ങൾക്കെതിരായ വിയറ്റ്നാമിന്റെ യുദ്ധത്തിൽ ആ കുടുംബം ഒന്നാകെ പങ്കെടുത്തു.

കുട്ടിക്കാലത്ത് കുടുംബം കമ്പോഡിയയിലെ നോം പെന്നിലേക്ക് മാറിയതിനാൽ അവിടുത്തെ ഫ്രഞ്ച് സ്കൂളിലായിരുന്നു ബിന്നിന്റെ വിദ്യാഭ്യാസം. ഗണിതത്തിലും കായികരംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച സൗ സാ രാജ്യാന്തര ഓട്ടമത്സരങ്ങളിലും ബാസ്-കറ്റ് ബാൾ കളിയിലുമെല്ലാം പങ്കെടുത്തിരുന്നു. അപ്പോഴാണ് യുദ്ധവും വിപ്ലവവും കടന്നുവരുന്നത്. മറ്റെല്ലാവരെയുംപോലെ തന്നെ ബിന്നും ബിരുദ പഠനം അവസാനിപ്പിച്ച് വിപ്ലവത്തിനിറങ്ങി, വിയറ്റ് മിഞ്ഞ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ അവർ വിപ്ലവപോരാട്ടത്തിലേക്ക‍് ധീരമായി കടന്നുവരുകയായിരുന്നു.

ആദ്യം ഫ്രഞ്ചുകാരും പിന്നീട് അമേരിക്കക്കാരും കരുതിയത് വിപ്ലവകാരികളായ രാജ്യസ്നേഹികളെ കൂട്ടത്തോടെ ജയിലിലടയ്ക്കുക വഴി ദേശീയതയെ അടിച്ചമർത്താനാവുമെന്നാണ്. എന്നാൽ സംഭവിച്ചതങ്ങനെയായിരുന്നില്ല. അവരുടെ തടവറകളെ വിയറ്റ്നാം പോരാളികൾ വിപ്ലവ കവിതകളും ഗണിതം, ഭൗതികശാസ്ത്രം തുടങ്ങി വ്യത്യസ്ത പാഠ്യവിഷയങ്ങളും പഠിപ്പിക്കുന്ന സാക്ഷരതാകേന്ദ്രങ്ങളാക്കി മാറ്റി. മാർക്സിന്റെയും ലെനിന്റെയും തുടങ്ങി ഹോചിമിന്റെ വരെ വിപ്ലവാശയങ്ങൾ അവരിൽ ആഴത്തിൽ വേരുകളാഴ്ത്തി. തടവുകാർ പരിപൂർണ വിപ്ലവകാരികളാക്കപ്പെട്ടു !

ഹോ ചി മിന്റെ നേതൃത്വത്തിലുള്ള വിയറ്റ്നാം വിമോചന പോരാളികളുടെ ശക്തമായ ചെറുത്തുനിൽപ്പിനുമുന്നിൽ തോൽവി സമ്മതിച്ച് ഫ്ര-ാൻസ് പിൻവാങ്ങിയപ്പോൾ ഒരു രാജ്യത്തുകൂടി സോഷ്യലിസ്റ്റ് ഭരണകൂടം അധികാരത്തിൽ വരുന്നു എന്ന യാഥാർഥ്യത്തെ അംഗീകരിക്കാനാവാത്ത അമേരിക്ക കുതന്ത്രങ്ങളിലൂടെ ദക്ഷിണ വിയറ്റ്നാമിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അതുവരെ ഫ്രഞ്ചുകാരോട് പൊരുതിയ വിയറ്റ്നാം ജനതയ്ക്ക് പിന്നെയും ഇരുപതു വർഷത്തിലേറെ നീണ്ട പോരാട്ടം അമേരിക്കയ്ക്കെതിരെ നടത്തേണ്ടി വന്നു. ദക്ഷിണ വിയറ്റ്നാമിനെ മോചിപ്പിക്കുവാൻ. വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന ന്യൂയെൻ തെെ ബിൻ ഈ പോരാട്ടത്തിൽ സജീവമായിരുന്നു. പാർട്ടി നിർദേശമനുസരിച്ച്, ഒളിവിലും പരസ്യമായും, ആവേശത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അവർ അടിയുറച്ചുനിന്നു. അവരിലെ സംഘടനാശേഷിയും നേതൃപാടവവും തിരിച്ചറിഞ്ഞ വിപ്ലവനേതൃത്വം അവരെ കൂടുതൽ കൂടുതൽ കടമകൾ ഏൽപ്പിച്ചുകൊണ്ടേയിരുന്നു.

ഇക്കാലത്താണ് 1951ൽ സായ്ഗോണിലെ അമേരിക്കൻ സെെന്യം ബിന്നിനെ അറസ്റ്റുചെയ്യുകയും കാറ്റിനാർ ഡിറ്റെൻഷൻ സെന്ററിൽ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത്. അങ്ങേയറ്റം കഠിനമായ പീഡനമാണ് അക്കാലത്ത് അമേരിക്കൻ കിങ്കരന്മാർ ജയിലുകളിൽ നടത്തിയത്. പിൽക്കാലത്ത്, ‘ഫാമിലി, ഫ്രണ്ട്സ് ആന്റ് കൺട്രി’ എന്ന തന്റെ ആത്മകഥയിൽ മദാം ബിൻ ആ ക്രൂരതകളെ ഓർത്തെടുക്കുന്നുണ്ട്, ‘‘എന്നെ അവർ ക്രൂരമായവിധം തുടർച്ചയായി അടിക്കുകയായിരുന്നു; കാരണം, എനിക്കു മുൻപെ അറസ്റ്റു ചെയ്യപ്പെട്ടൊരാൾ പീഡനം മൂലം തളരുകയും എന്റെ പേരുപറയുകയും ചെയ്തിരുന്നു. ആദ്യം, അവർ മൃഗീയമായി അടിച്ചുകൊണ്ടേയിരുന്നു, പിന്നീട് ഞങ്ങളെ വെള്ളത്തിൽ മുക്കി, അതുകഴിഞ്ഞ് ഷോക്കടിപ്പിച്ചു; അതും കഴിഞ്ഞ്… ചത്താൽ മതിയെന്നു പോലും ഞാൻ ചിന്തിച്ചുപോയി, അങ്ങനെയെങ്കിലും അവരിതൊന്നും നിർത്തട്ടെ. ഞാൻ ഏറ്റവും ഭയന്നത്, പീഡനത്തിൽ തളരുകയും ശത്രുക്കൾക്ക് മറ്റുള്ളവരെ അറസ്റ്റു ചെയ്യാൻ കഴിയുന്ന തരത്തിൽ അവരുടെ പേരുകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുമോ എന്നതിനെക്കുറിച്ചായിരുന്നു. ശത്രു പറയുന്നമറ്റെന്തും സ്വീകരിക്കാമെന്നു ഞാൻ നിശ്ചയിച്ചു, എന്നാലും, ഒന്നും വിട്ടുപറയില്ലാ എന്നതായിരുന്നു എന്റെ തീരുമാനം. ഒരു സമയം കഴിഞ്ഞപ്പോൾ, എന്നിൽനിന്ന് ഒരു വിവരവും കിട്ടുകയില്ലായെന്ന് അക്രമികൾക്ക് മനസ്സിലായി.’’ ഈ വാക്കുകളിൽ തന്നെ അടിയുറച്ചൊരു കമ്യൂണിസ്റ്റ് പോരാളിയെ നമുക്ക് കാണാനാകും. അറസ്റ്റു ചെയ്യപ്പെടുമ്പോൾ 24 വയസ്സുമാത്രമായിരുന്നു ന്യൂയൻ തെെ ബിന്നിന്റെ പ്രായം!

സായ‍്ഗോൺ തടവറകളിൽ ഏറ്റവും കുപ്രസിദ്ധമായിരുന്ന ചി ഹോവ (Chi Hoa) യിൽ മൂന്ന് വർഷമാണ് ന്യൂയെൻ തെെ ബിൻ തടവിൽ കഴിഞ്ഞത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അവരെ പിന്നീട് പാർട്ടി നിയമപരമായും അന്താരാഷ്ട്ര തലത്തിലും നടത്തിയ നിരന്തര പോരാട്ടത്തെ തുടർന്ന് മോചിതയാക്കി. ഡിറ്റൻഷൻ സെന്ററുകളിൽ അമേരിക്ക നടത്തിയിരുന്ന ഭീകരമായ പീഡനത്തെക്കുറിച്ച് ബിൻ തന്റെ ആത്മകഥയിൽ വീണ്ടും ഒരുപാട് ഓർത്തെടുക്കുന്നുണ്ട്, ‘‘ഇൻഡൊ ചെെനയിലെ രഹസ്യ പൊലീസിന്റെ ഹൃദയഭൂമിയായിരുന്നു ക്യാബിനറ്റ് ഡിറ്റൻഷൻ സെന്റർ. കോളനിവത്കൃത കിങ്കരന്മാരുടെ പെെശാചികമായ കാടത്തം ഞാനെന്റെ കണ്ണുകൊണ്ടു കണ്ടു. ഞങ്ങളെക്കൊണ്ട് കുറ്റമേറ്റു പറയിക്കുന്നതിന് യാതൊരു മടിയും കൂടാതെ അവർ ഞങ്ങളെ തല്ലിക്കൊണ്ടിരുന്നു. ഇരകൾ സ്ത്രീകളാണോ പുരുഷന്മാരാണോ പ്രായമായവരാണോ യുവാക്കളാണോ എന്നൊന്നും അവർ നോക്കിതേയില്ല. ഞങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതിന് അവർ അങ്ങേയറ്റം ക്രൂരമായ സൂത്രങ്ങൾ പ്രയോഗിച്ചു. മനുഷ്യന് ഇത്ര മാത്രം ക്രൂരനാവാൻ കഴിയുമെന്ന് ഞാൻ മുൻപൊരിക്കലും കരുതിയിരുന്നില്ല.’’

വിപ്ലവകാരികൾക്കുള്ള പഠനകേന്ദ്രമാണ് ജയിലെന്ന് തനിക്കു മുൻപ് അറസ്റ്റുചെയ്യപ്പെട്ട സഖാക്കളിൽ നിന്നും കേട്ടിരുന്നുവെന്നും തന്റെ അനുഭവത്തിൽ അത് വളരെ ശരിയായിരുന്നു എന്നും ന്യൂയെൻ തെെ ബിൻ പറയുന്നുണ്ട്. അവർ ആത്മകഥയിൽ ഇങ്ങനെ എഴുതി, ‘‘രാഷ്ട്രീയ തടവുകാർ സമയം പാഴാക്കുകയില്ല. രാഷ്ട്രീയം, സംസ്കാരം എന്നീ വിഷയങ്ങളിൽ ഞങ്ങൾ പഠന– പരിശീലന സെഷനുകൾ സംഘടിപ്പിച്ചു. ഒട്ടേറെ സ്ത്രീകൾ നിരക്ഷരരായിരുന്നു; പക്ഷേ, ഒരു സമയം കഴിഞ്ഞപ്പോൾ അവർ എഴുതാനും വായിക്കാനും പഠിച്ചു. അതിനെക്കാളൊക്കെ പ്രധാനം, ശത്രുവിനെതിരായ ഞങ്ങളുടെ പോരാട്ടത്തിന്റെ പക്വതയെക്കുറിച്ച് ഞങ്ങളോരോരുത്തരും മറ്റുള്ളവരിൽനിന്നും പഠിച്ചു എന്നുള്ളതാണ്; ജീവിതാനുഭവങ്ങളും ഞങ്ങൾക്കു മുൻപെ നടന്ന സഖാക്കളുടെ അനുഭവത്തിൽനിന്നുളള പാഠങ്ങളും പങ്കുവയ്ക്കപ്പെട്ടു.’’ ബിന്നിന്റെ ഈ വാക്കുകളിൽനിന്നും വിയറ്റ്നാം ജനതയുടെ വിമോചനപോരാട്ടം എത്രത്തോളം പക്വവും സംഘടിതവും വിപ്ലവപരവും ജനകീയവുമായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തടവറയിൽ കിടന്നുകൊണ്ട് ഹോചിമിൻ എഴുതിയ കവിതകളിലെന്നപോലെ തന്നെ ബിന്നിന്റെ ആത്മകഥയിലും ഇത് സുവ്യക്തമായി തെളിഞ്ഞുകാണുന്നുണ്ട്.

ജയിലിൽ നിന്നു പുറത്തിറങ്ങിയ ബിന്നിനോട് വിയറ്റ്മിഞ്ഞിന്റെ ഉന്നത നേതൃത്വം ഗറില്ലാ രംഗത്തു പ്രവർത്തിക്കാനാവശ്യപ്പെട്ടുവെങ്കിലും പക്ഷേ ബിൻ നഗരത്തിനകത്ത് പ്രവർത്തിക്കാനാണാഗ്രഹിച്ചത്. എന്നാൽ, അവർ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. രണ്ട് മാസത്തിനുശേഷം തെളിവില്ലാത്തതിന്റെ പേരിൽ മോചിതയായി.

അപ്പോഴേക്കും ദിയൻ ബിയൻ ഫൂവിലെ യുദ്ധം അവസാനിക്കുകയും വിയറ്റ് മിഞ്ഞ് ജനങ്ങൾ വിജയത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദപ്രകടനങ്ങളിൽ മുഴുകി. ജയിക്കുകയും ചെയ്തു. ഫ്രാൻസ് തോൽവി സമ്മതിച്ചു. ഫ്രാൻസും വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്കും (DRVN) ജനീവ കരാറിൽ ഒപ്പുവച്ചു. എന്നാൽ അമേരിക്കയുടെ കുൽസിത നീക്കങ്ങളുടെ ഭാഗമായി വിയറ്റ്നാം രണ്ടായി വിഭജിക്കപ്പെടുകയും ഒരു ജനതയെ സംസ്കാരത്തെ അത് രണ്ടായി പിളർക്കുകയും വിയറ്റ്നാം വിമോചന പോരാട്ടത്തിന്റെ വിജയത്തിൽനിന്നും ദക്ഷിണ വിയറ്റ്നാമിലെ ജനങ്ങളെ മാറ്റിനിർത്തുകയും ചെയ്തു; അമേരിക്കയുടെ അധിനിവേശത്തിനെതിരായി തുടർന്നും ചെറുത്തുനിൽപ്പുയർത്തണമെന്നും അവസാനത്തെ ശത്രുവും രാജ്യം വിട്ടു പോകുന്നതുവരെ പൊരുതണമെന്ന വിയറ്റ്നാം ജനതയുടെ ദൃ-ഢനിശ്ചയത്തിന്റെ പര്യവസാനമായിരുന്നു പാരീസ് സമാധാന കരാറും വിയറ്റ്നാം പുനരേകീകരണവും സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമുമെല്ലാം.

ഈ രണ്ടാം ഘട്ട വിമോചന പോരാട്ടത്തിന്റെ സജീവ സാന്നിധ്യമായി ബിൻ പ്രവർത്തിച്ചു. നാഷണൽ ലിബറേഷൻ ഫ്രന്റിനുവേണ്ടി ആറുവർഷത്തോളം നീണ്ട നയതന്ത്ര പ്രവർത്തനങ്ങൾ നടത്തിയതിലൂടെ നയതന്ത്ര രാഷ്ട്രീയ സമരരംഗത്ത് ബിൻ അറിവുകൊണ്ടും അനുഭവംകൊണ്ടും പ്രഗത്ഭയായിത്തീർന്നിരുന്നു. 1968ൽ സമാധാനകരാർ സംബന്ധിച്ച സന്ധി സംഭാഷണങ്ങളിൽ പങ്കെടുക്കുന്നതിനായി പാരീസിലേക്ക് പോകാൻ പാർട്ടി ആവശ്യപ്പെടുമ്പോൾ, അനിശ്ചിതകാലത്തേക്ക് തന്റെ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകുന്നതെങ്ങനെയെന്ന ആശങ്കയിൽ തന്റെ ജീവിത പങ്കാളിയായ ഖാങ്ങിനെ ഫോൺ ചെയ്യുന്ന ബിന്നിനോട് അദ്ദേഹം പറയുന്ന വാചകം ഇക്കാലത്ത് വളരെ പ്രസക്തവും രസകരവുമാണ്, ‘‘നിനക്കു മുന്നിലുള്ളത് നീ ഉറപ്പായും നിറവേറ്റേണ്ട ഒരു ദൗത്യമാണ്. സമാധാനത്തോടുകൂടി പോയിവരുക. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ ഞാനും നിന്റെ അച്ഛനുമുണ്ട്.’’

1968 നവംബർ 2ന് പാരീസിൽ വിമാനമിറങ്ങിയ ബിന്നിനും സംഘത്തിനും ലഭിച്ചത് വലിയ സ്വീകരണമായിരുന്നു.

നീണ്ട തയ്യാറെടുപ്പുകൾക്കുശേഷം നവംബർ 27ന് യോഗം തുടങ്ങി. വിയറ്റ്നാം രണ്ടാണ് എന്നു വാദിച്ച അമേരിക്കയ്ക്കു മുന്നിൽ ബിന്നും സംഘവും, അതായത് വടക്കൻ വിയറ്റ്നാമിലെയും തെക്കൻ വിയറ്റ്നാമിലെയും പ്രതിനിധികൾ, ഒന്നിച്ചുമുന്നോട്ടുവച്ച നിലപാട് ശ്രദ്ധേയമാണ്. അതിപ്രകാരമാണ്. ‘‘രണ്ടാണെങ്കിലും ഞങ്ങൾ ഒന്നാണ്; ഒന്നാണെങ്കിലും ഞങ്ങൾ രണ്ടാണ്’’. ദേശീയ വിമോചന മുന്നണിയും വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്കും ഒന്നിച്ചുനിന്നുകൊണ്ട് അമേരിക്കയുടെ അധിനിവേശത്തെ ചെറുക്കുകയും സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ ഏകീകരണത്തിനും വേണ്ടി വാദിക്കുകയും ചെയ്തു.

പക്ഷേ അതുകൊണ്ടുമാത്രം മതിയാവില്ലെന്നും അമേരിക്ക വഴങ്ങണമെങ്കിൽ അതിന് അന്താരാഷ്ട്ര സമ്മർദമുണ്ടാകണമെന്നും വിയറ്റ്നാമിന് ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും വിയറ്റ്നാം പ്രതിനിധി സംഘത്തിന് അറിയാമായിരുന്നു. സന്ധി സംഭാഷണ യോഗങ്ങളിൽ കൃത്യതയോടെ നിലപാടു പറയുന്നതിലും സാർവദേശീയ പിന്തുണ ആർജിക്കുന്നതിലും നയതന്ത്രപരമായും രാഷ്ട്രീയമായും അസാധാരണവും ത്യാഗോജ്വലവുമായ ഇടപെടലാണ് ന്യൂയെൻ തെെ ബിൻ നടത്തിയത്. അതിനായി അവർ ലോക രാജ്യങ്ങളിലുടനീളം സഞ്ചരിച്ചു. ജനസഞ്ചയങ്ങളെ അഭിസംബോധന ചെയ്യുകയും അവരുമായി നേരിട്ടു സംവദിക്കുകയും വിയറ്റ്നാമിന്റെ വേദനയും പോരാട്ടവീര്യവും അവരിലേക്ക് ആഴത്തിൽ പടർത്തുകയും ചെയ്തു.ദേശീയ വിമോചന മുന്നണിയുടെ നേതൃത്വത്തിൽ ദക്ഷിണ വിയറ്റ്നാമിൽ രൂപീകരിച്ച പിആർജി ഗവൺമെന്റുമായി ഒൗദ്യോഗികമായ നയതന്ത്രബന്ധം സ്ഥാപിക്കാൻ മറ്റു രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ബിന്നിനെ ഏൽപ്പിച്ച ദൗത്യം. 1969 ഏപ്രിലിൽ അവർ ഇംഗ്ലണ്ട് സന്ദർശിച്ചു; 1970 ഓടുകൂടി, ക്യൂബയും അൾജീരിയയും സോഷ്യലിസ്റ്റ് ചേരിയിലെ ഒട്ടുമിക്ക ഗവൺമെന്റുകളുമടക്കം 24 ഗവൺമെന്റുകൾ പിആർജിയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു.

ചേരിചേരാ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത് ഇതിന് മുതൽക്കൂട്ടാകുമെന്ന് പ്രതിനിധിസംഘം നിരീക്ഷിച്ചു. അക്കാലത്ത് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള നൂറിലേറെ രാജ്യങ്ങൾ ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമായിരുന്നല്ലോ. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും ചേരിചേരാ നയം കെെക്കൊള്ളുകയും ചെയ്യുന്ന ഇൗ പ്രസ്ഥാനത്തിന്റെ മാർഗനിർദേശങ്ങൾ സോഷ്യലിസത്തെ അനുഗമിക്കുന്നില്ലെങ്കിലും പക്ഷേ പാശ്ചാത്യ മുതലാളിത്തത്തെയും അവർ പിന്തുടരുന്നില്ലായെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പിആർജിക്ക് ചേരിചേരാ പ്രസ്ഥാനത്തിൽ ഔദ്യോഗിക പ്രവേശനം നേടാനായിരുന്നു അടുത്ത ശ്രമം. അതിനായി 1970ൽ സാംബിയയിലേക്കു പോകാൻ നിയോഗിച്ചതും ബിന്നിനെയായിരുന്നു. വിവിധ രാഷ്ട്രത്തലവന്മാരുടെ പിന്തുണ ഇതിനാവശ്യമായിരുന്നു. തുടർന്ന് ഇന്ത്യയിലും എതേ-്യാപ്യയിലും ബൾഗേറിയയിലും 1971 ആദ്യം ക്യൂബയിലും ബിൻ സന്ദർശനം നടത്തി. ഒടുവിൽ 1973ൽ അൾജീരിയയിൽ ചേർന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒൗദേ-്യാഗിക യോഗം പിആർജിക്ക് ചേരിചേരാ പ്രസ്ഥാനത്തിൽ അംഗത്വം നൽകുകയുണ്ടായി. ഇക്കാലയളവിൽ സോവിയറ്റ് യൂണിയനിലും ചെെനയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം ബിൻ നിരവധി തവണ സന്ദർശനം നടത്തിയിരുന്നു. ഇത്തരത്തിൽ അഞ്ച് വർഷത്തോളം നീണ്ട പാരീസ് സന്ധി സംഭാഷണത്തിന്റെ ഘട്ടത്തിൽ ന്യൂയെൻ തെെ ബിൻ എന്ന വിപ്ലവ വനിത നടത്തിയ അക്ഷീണമായ നയതന്ത്ര പോരാട്ടം 1973ൽ ഒപ്പുവയ്ക്കപ്പെട്ട കരാറിന്റെ മജ്ജയും മാംസവുമാണ് എന്നു പറഞ്ഞാൽ അത് ഒട്ടുംതന്നെ അതിശയോക്തിയാവില്ല.

ഈ ഉദ്യമം നിറവേറ്റുന്നതിന് ഒരു സ്ത്രീയെ തിരഞ്ഞെടുക്കാനുള്ള ആശയപരമായ അടിത്തറയും അനുഭവ സമ്പത്തുമുള്ള ഒരാളേ വിയറ്റ്നാം വർക്കേഴ്സ് പാർട്ടിയുടെ (ഇന്ന്, വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി) പൊളിറ്റ് ബ്യൂറോയിൽ അന്ന് ഉണ്ടായിരുന്നുള്ളൂവെന്നതും അത് ഹോചിമിൻ ആയിരുന്നുവെന്നതും നമ്മൾ കാണാതെ പോകരുത്. ഒന്നാം ലോകയുദ്ധത്തിനു മുൻപ് സ്ത്രീ വോട്ടവകാശ പ്രക്ഷോഭം നടക്കുമ്പോൾ ന്യൂയോർക്കിലും ബോസ്റ്റണിലും ആയിരുന്ന ഹോ ചിമിന്റെ ആദ്യകാല എഴുത്തുകളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഏറെ വായിക്കാനാവും.

1975 ഏപ്രിലിൽ അമേരിക്ക വിയറ്റ്നാമിനോട് പൂർണമായും തോറ്റു പിൻവാങ്ങുകയും 1976ൽ വടക്കൻ വിയറ്റ്നാമിലെയും തെക്കൻ വിയറ്റ്നാമിലെയും ഭരണസംവിധാനങ്ങൾ ഏകീകരിച്ച് വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് നിലവിൽ വരുകയും ചെയ്തു. ആ ഏകീകൃത വിയറ്റ്നാമിന്റെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ന്യൂ യെൻ തെെ ബിൻ. രണ്ടു വ്യത്യസ്ത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ഒന്നിച്ചുചേർക്കുകയും പൂർവ ദക്ഷിണ മേഖലയിലെ അധ്യാപകർക്ക് പരിശീലനം നൽകുകയും അവിടെ നിലനിന്നിരുന്നു നിരക്ഷരത നിർമാർജനം ചെയ്യുകയും അങ്ങനെ മൊത്തം വിയറ്റ്നാമിനെ സാക്ഷരസമൂഹമായി പുനർനിർമിക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ഉദ്യമത്തിൽ ഒരു ദശകകാലത്തോളം ബിൻ സ്വയം സമർപ്പിച്ചു. അവർ അതിൽ പൂർണമായി വിജയിക്കുകയും ചെയ്തു.

1992 മുതൽ 2002 വരെ ബിൻ വിയറ്റ്നാമിന്റെ വെെസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നയതന്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യൽ പരിഷ്കാരം തുടങ്ങിയ മേഖലകളുടെ ഉത്തരവാദിത്വവും ഇക്കാലത്ത് അവർ നിറവേറ്റിയിരുന്നു. ഇക്കാലയളവിലെല്ലാം ഏറ്റവും ജനകീയ നേതാവായി, ജനങ്ങളുടെ പ്രിയപ്പെട്ട ‘മദാം ബിൻ’ ആയി അവർ വിയറ്റ്നാമിന്റെയും ലോകത്തിന്റെയും മുന്നിൽ നിറഞ്ഞുനിന്നു; ഭരണനിർവഹണരംഗത്ത് അസാമാന്യമായ പ്രതിബദ്ധതയും അർപ്പണ മനോഭാവവും പുലർത്തി; സ്വതന്ത്ര സോഷ്യലിസ്റ്റ് വികസിത വിയറ്റ്നാം കെട്ടിപ്പടുക്കുന്നതിന് മുന്നണിയിൽനിന്നു പ്രവർത്തിച്ചു. ‘ലോകത്തിന്റെ ഹൃദയത്തിൽ’ (In the Heart of the World) എന്ന തന്റെ കൃതിയിൽ സ്വീഡിഷ് എഴുത്തുകാരിയായ സാറ ലിഡ്മാൻ മദാം ന്യൂയെൻ തെെ ബിന്നിനെക്കുറിച്ച് ഇങ്ങനെയെഴുതി, ‘‘മിസിസ് ബിൻ എവിടെയുണ്ടോ അവിടെ ജനങ്ങൾ പിന്നെ മറ്റാരെയുംകാണുകയില്ല…. മിസിസ് ബിന്നിനെ കേൾക്കുമ്പോൾ, ജനങ്ങൾ പിന്നെ മറ്റാരെയും കേൾക്കുകയില്ല…അവർ നിർവചനങ്ങൾക്കതീതയാണ്’’.

തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ, 2002ൽ, ന്യൂയെൻ തെെ ബിൻ ഔദ്യോഗികമായി രാഷ്ട്രീയപ്രവർത്തനത്തിൽനിന്ന് വിരമിച്ചു. എങ്കിലും, അവർ ജനങ്ങൾക്കിടയിൽത്തന്നെ നിലകൊണ്ടു. 2025 മെയ് 26 ന് 98–ാം പിറന്നാൾ ആഘോഷിക്കുമ്പോഴും അവർ ഊർജസ്വലയാണ്; നിരന്തരം കാലത്തെ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന, ശരിക്കുപറഞ്ഞാൽ, രാഷ്ട്രീയജീവി തന്നെയാണ്. 98–ാം പിറന്നാൾ ദിനത്തിൽ വിയറ്റ്നാമിലെ ഒരു പ്രമുഖ മാധ്യമത്തിന് ബിൻ നൽകിയ അഭിമുഖം ഇത് വ്യക്തമാക്കുന്നുണ്ട്. അതിൽ ഒരു രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും അവർ വരച്ചുകാണിക്കുന്നുണ്ട്. ബിൻ ആ അഭിമുഖത്തിന്റെ അവസാനഭാഗത്ത് പറയുന്നു, ‘‘1945 നുമുൻപുള്ള കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ വികാരഭരിതയാകുന്നു. വിയറ്റ് മിഞ്ഞ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഞാൻ വിപ്ലവത്തിൽ അണിചേർന്നത്. രണ്ട് ചെറുത്തുനിൽപ്പ് യുദ്ധങ്ങളിലൂടെയാണ് ഞാൻ ജീവിച്ചത്. ഈ രാജ്യത്തിന്റെ കഴിഞ്ഞ എൺപതു വർഷക്കാലം –അതാണെന്റെ ജീവിതം.’’
അതെ, അതുതന്നെയാണ് ‘‘വിയറ്റ്നാമിന്റെ അമ്മ’’യെ, ചടുലമായ വാക്കും പ്രവൃത്തിയുംകൊണ്ട് ലോകത്തെയാകെ ആകർഷിച്ച ‘‘മദാം ബിൻ’’ എന്ന വിപ്ലവ വനിതയെ ലോകത്തിനു സമ്മാനിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 6 =

Most Popular