Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിഹോചിമിൻ (കവിത)

ഹോചിമിൻ (കവിത)

സച്ചിദാനന്ദൻ

ഹോ ചി മിൻ,
എന്റെ സ്മൃതിയുടെ ക്ഷീരപഥത്തിലൂടെ
നീ നിന്റെ രക്തക്കുതിരപ്പുറത്തു പറന്നുപോകുന്നതായി
ഒരു മാന്ത്രികക്കണ്ണാടിയിലെന്നപോലെ ഞാൻ കാണുന്നു.
നിന്റെ മാതുലത്വത്തിന്റെ തീവ്രമായ ഗുരുത്വാകർഷണം എന്നെ
എന്റെ പീഡിതമായ പൊടിയിലേയ്ക്ക്
പിന്നെയും പിടിച്ചിറക്കുന്നു.
നിന്റെ ചുവന്ന തഥാഗതത്വം,
ഈ കറുത്ത ഹേമന്തത്തിലിരുന്നുകൊണ്ട്
ഞങ്ങൾ മറന്നേപോയ വേരുകളെയും
പുലരികളെയും സ്വപ്നം കാണാൻ
ഞങ്ങൾക്കിന്നു വീണ്ടും കരുത്തു നൽകിയിരിക്കുന്നു.

ഞാൻ നിന്നെയോർക്കുന്നു:
ഓർമ്മയെക്കാൾ സുതാര്യമായി, വിശുദ്ധമായി.
വെളുത്ത ചൈത്രമേഘങ്ങളിൽ നിന്റെ താടിവിറയ്ക്കുന്നു
നിന്റെ കാലടിപ്പാടുകൾ നീരുറവകളായി മാറുന്നു
അവയ്ക്കു ചുറ്റും മുളപൊട്ടുന്ന പുൽക്കൊടികൾ
മഹാവിപിനങ്ങളായി രൂപാന്തരം പ്രാപിച്ച്
ഞങ്ങളെ ശത്രുവലയത്തിൽ നിന്നും സംരക്ഷിക്കുന്നു.
നിന്റെ കൈപ്പടത്തിന്റെ വയലുകളിൽ ഞങ്ങളധ്വാനിക്കുന്നു
നിന്റെ ഹരിതനേത്രങ്ങളുടെ തണലിൽ ഞങ്ങൾ വിശ്രമം തേടുന്നു
ഓർമ്മയുടെ കണ്ണികളിലെല്ലാം നീ നിന്റെ
ഗ്രീഷ്‌മസ്വർണ്ണം പൂശിയിരിക്കുന്നു
കവിക്ക് ആക്രമണം നയിക്കാനും കഴിയണമെന്ന്
ഇന്നു നിന്റെ ചുവന്ന ഋക്കുകൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു
ചവിട്ടിനടക്കുന്ന ഓരോ മൺതരിയുടെ പരുപരുപ്പിലും
ഞങ്ങൾ നിന്നെ അറിയുന്നു
മരുഭൂമിയിലെ കാറ്റിന്റെ കോലെഴുത്തുകളിൽ
ഞങ്ങൾ നിന്റെ സന്ദേശം വായിക്കുന്നു
ഞങ്ങളുടെ ഈ തടവറയുടെ ഇരുട്ടഴികളിൽ
നിന്റെ വെളിച്ചം വജ്രക്കത്തിയായി വന്നു രാകിമുറിക്കുന്നു
ഞങ്ങളുടെ വരണ്ടുപോയ ഈ മേഘങ്ങളിൽ
നിന്റെ വാത്സല്യം വൈശാഖ ബാഷ്‌പമായി വന്നുനിറയുന്നു
ഊഷരയായിപ്പോയ ഈ ഗ്രഹത്തിൽ നിന്റെ ത്യാഗം
ഉർവ്വരതയുടെ ഉപ്പു നിറയ്ക്കുന്നു.

നിന്റെ മരണപത്രം
ഞങ്ങൾക്കിന്നു ജീവിത പത്രമായി.
അന്നു നീ നിന്റെ പൗരസ്ത്യ കല്പനയിലൂടെ
ചതുഷ്പദികളായി രൂപം മാറി
ടാങ് ചിറകുകൾവെച്ച് കൂടുവിട്ട് കൂടുമാറി.
ക്വാങ്സിയിലെ പതിനെട്ടു തടവറകളിൽ നിന്നും
ആരുമറിയാതെ പുറത്തുചാടി.
ക്ലേശത്താൽ കീറിപ്പറിഞ്ഞ നിന്റെ പുറംചട്ടമാത്രം
പീഡനങ്ങൾക്കായി വിട്ടുകൊണ്ട്
ഇന്നു നീ പിന്നെയും പുറത്തുചാടിയിരിക്കുന്നുവെന്ന്
ജ്വലിച്ചു നിൽക്കുന്ന ഉത്തരായണ സൂര്യനെക്കണ്ട് ഞങ്ങളറിഞ്ഞിരിക്കുന്നു.

ചരിത്രത്തിന്റെ മഷിനോട്ടക്കാരനായിരുന്നു നീ,
അല്ലെങ്കിൽ നിന്നെ ‘ആയിരുന്നു’ കളിലൊതുക്കാനാര്,
നീ എന്നും ‘ആകുന്നു, ‘
ആഷാഢത്തിലെ നിലാവുറയുന്ന രാത്രികളിൽ
ഞങ്ങളുടെ കിടാങ്ങൾ
നിന്റെ പ്രവചനങ്ങൾക്കായി ഗംഗയുടെ
മണൽത്തട്ടിൽ ചെവിയോർത്തു നിൽക്കുന്നു
ഞാറ്റുവേലക്കാറ്റിൽ കേൾക്കാറാകുന്ന
നിന്റെ ടയർചെരിപ്പുകളുടെ ശബ്ദം
ഞങ്ങളെ ഉണർച്ചയുടെ വിസ്തൃതമായ
മുഴക്കങ്ങളിലേയ്ക്കാനയിക്കുന്നു
കടൽത്തിരകളിലൂടെ കുണുങ്ങിയെത്തുന്നനിന്റെ
ഭാഷണങ്ങളുടെ മണിയൊച്ചകൾ
ഞങ്ങളുടെ പിന്മാറ്റങ്ങളെപ്പോലും മധുരിപ്പിക്കുന്നു
നിന്റെ ചൈതന്യം ഇളവെയിലിന്റെ മാന്ത്രികസ്പർശമായി
ഞങ്ങളുടെ ദുരിതങ്ങളെ ഊർജ്ജഖനികളാക്കി മാറ്റിയിരിക്കുന്നു.
കൊടുങ്കാറ്റുകളുടെയും തീർത്ഥാടനങ്ങളുടെയും പ്രഭോ,
ഇന്നും നിന്റെ ജൈത്രരക്തം ഞങ്ങളുടെ
കാത്തിരിപ്പിന്റെ ജലങ്ങളെവീഞ്ഞാക്കി.
മണ്ണിനെയും മേഘത്തെയും മാതളച്ചെടിയെയും
നീ നിന്റെ മൃദുലവും ദൃഢവുമായ സ്വരത്തിൽ
മുട്ടിവിളിക്കുന്നു: ‘സഖാവേ.’

പെട്ടെന്ന് മണ്ണിൽ മഴ വീഴുന്നു, പെയ്യുന്നനിന്റെ ആത്മാവിന്റെ മൂലകങ്ങളിൽ
മാതളം പുഷ്പിക്കുന്നു, വസന്തം
പുള്ളിന്റെതൊണ്ടപൊട്ടിച്ചു പുറത്തു ചാടുന്നു,
ഉറവകൾ കരിമ്പാറകൾ പിളർന്നു കുതിച്ചുവന്നു പാടുന്നു
ശവങ്ങൾ വെടിയുണ്ടകളൂരിയെറിഞ്ഞു പരസ്പരം ചുംബിക്കുന്നു
പുഴ കടലിനോടും കടൽ കരയോടും
കര ആകാശത്തോടും മന്ത്രിക്കുന്നു: ‘സഖാവേ.’
അടിമച്ചങ്ങലപൊട്ടിക്കുന്നു, ഭൂമി പുതിയ തൊലി സ്വീകരിക്കുന്നു,
എല്ലാം പുതുതാവുന്നു.

ഹോ ചിമിൻ, നീ വെറുമൊരു ദൈവമായിരുന്നില്ല,
നീ മനുഷ്യമഹത്വത്തിന്റെ രഹസ്യമറിഞ്ഞ
കമ്യൂണിസ്റ്റായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − eleven =

Most Popular