അത്യുന്നതമായ ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശമാണ് ബയ്സരൺ. ഏപ്രിൽ 22ന്, ജമ്മു കാശ്മീരിലെ ഈ പ്രദേശം ഭീകരവാദികളുടെ യന്ത്രത്തോക്കുകളുടെ ക്രൂരഗർജ്ജനത്തിൽ വിറങ്ങലിച്ചു. നിരപരാധികളായ 25 വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരെ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഉച്ചകഴിഞ്ഞ് 2.40നും 3 മണിക്കും ഇടയിലായിരുന്നു നാടിനെ നടുക്കിയ ആ സംഭവം. ആദിൽ ഹുസെെൻ ഷായെ ഭീകരർ വെടിവച്ചു കൊന്നത്, നിരപരാധികളായ മനുഷ്യരെ വെടിവെച്ചു കൊല്ലുന്നത് തടയാൻ വേണ്ടി, ഭീകരരിൽനിന്ന് തോക്കു പിടിച്ചുവാങ്ങാൻ രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമായ ആ ധീരൻ ശ്രമിക്കുന്നതിനിടയിലായിരുന്നു. കാശ്-മീരിയത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യത്യസ്ത മത–ഭാഷാ– സംസ്കാര സഹവർത്തിത്ത്വം അവിടെ ഇപ്പോഴും ശക്തമായി തുടരുന്നു എന്നതിന്റെ മഹനീയമായ ഓർമപ്പെടുത്തലായി കൂടി ആദിൽ ഹുസെെൻ ഷായുടെ ധീരമായ ചെറുത്തുനിൽപും ജീവത്യാഗവും ഓർമ്മിക്കപ്പെടും. അതുമാത്രമല്ല, ദാരുണമായി വധിക്കപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി (സ്വന്തം അച്ഛനെ ഭീകരവാദികൾ വെടിവെച്ചു കൊല്ലുന്നതിന്റെ ദൃക്-സാക്ഷി കൂടിയായിരുന്നു അവർ) തനിക്ക് കാശ്മീരിൽ ഇപ്പോൾ രണ്ടു സഹോദരർകൂടിയുണ്ട് എന്നു പറഞ്ഞത് അവിസ്മരണീയമാണ‍്. വെടിയേറ്റു വീണവരെയും പരിക്കേറ്റവരെയും ആശുപത്രിയിൽ എത്തിക്കാനും, സ്തബ്തരായി നിന്ന ഇരകളുടെ ബന്ധുക്കളെ സംരക്ഷിക്കാനും സഹായിക്കാനും ഒപ്പം നിന്ന രണ്ടു ചെറുപ്പക്കാർ: അവർ ഇരുവരും കാശ‍്മീരുകാരായ ഇസ്ലാം മതവിശ്വാസികളാണ്.
ഇന്ത്യയും ലോകവും ഞെട്ടിയ ഈ കൂട്ടക്കുരുതിയെ അതിശക്തമായി ഇന്ത്യ ഏകസ്വരത്തിൽ അപലപിച്ചു. ഭീകരവാദികളെ എത്രയും വേഗം പിടികൂടി കടുത്ത ശിക്ഷ ലഭിക്കുവാൻ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ ഹാജരാക്കാൻ ശ്രമിക്കണമെന്നും രാഷ്ട്രം, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആവശ്യപ്പെടുകയുണ്ടായി.
ഭീകരവാദത്തിനു മതമില്ല എന്ന വസ്തുതയും ശക്തമായിത്തന്നെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുവാൻ മതനിരപേക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ തയ്യാറായി.
വിനോദ സഞ്ചാര മേഖലയിൽ കനത്ത സുരക്ഷാ സൗകര്യം ഏർപ്പെടുത്തുന്നതിൽ ഒഴിവാക്കാവുന്ന പോരായ്മ സംഭവിച്ചിട്ടുണ്ടോ ഭീകരവാദികളുടെ നീക്കങ്ങളെപ്പറ്റി സദാ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടിയിരുന്ന രഹസ്യാനേ-്വഷണ ചുമതലയുള്ള ഏജൻസികൾക്ക് വീഴ്ച സംഭവിച്ചിരുന്നുവോ തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് മാധ്യമങ്ങൾ ചോദിക്കുന്നുണ്ട്. അതൊന്നും ഇപ്പോഴത്തെ അന്തരീക്ഷത്തിൽ ചർച്ച ചെയ്യുന്നത് ഉചിതമല്ല. എന്നിരുന്നാലും ഭാവിയിൽ അതൊക്കെ സൂക്ഷ്മമായി പരിശോധിക്കുന്നത്, ഇത്തരം ദുരന്തങ്ങൾ നാളെ ആവർത്തിക്കപ്പെടുകയെന്ന് ഉറപ്പാക്കുവാൻ അനുപേക്ഷണീയമാണ്.
നരേന്ദ്രമോദി ഗവൺമെന്റ് ഇതിനോട് അതിശക്തമായി പ്രതികരിക്കണമെന്നു തന്നെയാണ് സർവ്വരും ആവശ്യപ്പെടുന്നത്. എന്നാൽ ഓരോ ചുവടുവയ്പിനും വ്യക്തമായ ന്യായീകരണവും അടിസ്ഥാനവും ഉണ്ടായിരിക്കണം എന്നത് അവിതർക്കിതമാണ്. ഭീകരർക്കെതിരായി മോദി സർക്കാർ കെെക്കൊണ്ട നടപടികളെയെല്ലാം പ്രതിപക്ഷം ഒന്നടങ്കം സർവാത്മനാ പിന്തുണയ്ക്കുകയാണ്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ഭരണകക്ഷിയുടെ നിലപാട് ശരിയാണോയെന്ന് അവർ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
ഈ സംഭവങ്ങളെ ഇന്ത്യയിൽ വർഗീയമായ പിളർപ്പ് സൃഷ്ടിക്കാനും അത് ആഴത്തിലുള്ള മുറിവാക്കി മാറ്റി പലതരത്തിൽ മുതലെടുപ്പു നടത്താനുമുള്ള ശ്രമങ്ങൾ രൂപപ്പെടുന്നതായി സംശയിക്കണം. പഹൽഗാം ഭീകരാക്രമണത്തിനുശേഷം മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ടവർക്കെതിരായി വ്യാപകമായി നടക്കുന്ന സെെബർ ആക്രമണം ഈ പ്രവണതയുടെ ദൃഷ്ടാന്തമാണ്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ കാശ്മീരികൾക്കെതിരായി വർഗീയ ചുവയുള്ള അധിക്ഷേപവും കായിക ആക്രമണങ്ങളും വ്യാപകമാകുന്നു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലാണ് ഇതൊക്കെ സംഘടിപ്പിക്കപ്പെടുന്നത്.
യുപി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാശ്മീരി വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് കെെയേറ്റം ചെയ്തു. പശ്ചിമബംഗാളിൽ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി കാശ്മീരികൾക്കെതിരായ വിദേ-്വഷ പ്രചാരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി.
എന്തുതരം കള്ള പ്രചാരവേലകൾ ഇക്കൂട്ടർ നടത്താം എന്നതിന് ദക്ഷിണ 24 പർഗാന ജില്ലയിൽ നിന്നൊരു ഉദാഹരണം പരിശോധിക്കുന്നത് നന്നായിരിക്കും. പ്രസ്തുത ജില്ലയിലെ ‘ബാറൂയിപൂരി’ൽ രണ്ടു കാശ്മീരികളുടെ ദുരൂഹമായ ഇടപെടലുകളെക്കുറിച്ച് പ്രാദേശിക നേതാക്കളിൽനിന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നും, എൻഐഎ ഇത് അനേ-്വഷിക്കണമെന്നും സുവേന്ദു അധികാരി ‘എക്-സിൽ’ പോസ്റ്റിട്ടു.
ഇവർ താമസിക്കുന്നതായി ആരോപിക്കപ്പെട്ട കെട്ടിടത്തിന്റെ മുകളിൽ ‘വയർലസ്സ്’ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോപിച്ചു.
എന്നാൽ ബിജെപി നേതാവിന്റെ പോസ്റ്റിലെ ഫോട്ടോ പരിശോധിച്ച സ്വതന്ത്ര വാർത്താപരിശോധനാ പോർട്ടലായ ‘ആൾട്ട് ന്യൂസ്’, ‘വയർലസ്സ് ഉപകരണങ്ങൾ’ എന്ന ആരോപണം ശരിയല്ല എന്ന് വ്യക്തമാക്കി. റിലയൻസ് ജിയോ എയർ ഫെെബർ പ്ലസ്സിന്റെ വെെ ഫെെ റൂട്ടറാണ് അവ യഥാർഥത്തിൽ എന്ന് സ്ഥിരീകരിച്ചു.
ആ കെട്ടിടത്തിൽ താമസിക്കുന്നത് കാശ്മീരികളല്ല എന്നും; മദ്ധ്യപ്രദേശ് സംസ്ഥാനക്കാരാണ് എന്നുമുള്ള വസ്തുതയും തെളിവുസഹിതം ‘ആൾട്ട് ന്യൂസ്’ വ്യക്തമാക്കി. ബാറൂയിപൂർ ജില്ലാ പൊലീസും ഇത് സ്ഥിരീകരിക്കുകയുണ്ടായി. ഭീകരവാദികൾക്കെതിരെ നാട് ഒറ്റക്കെട്ടായി നിൽക്കുന്നതിനൊപ്പം, ഈ സംഭവം വിദേ-്വഷ പ്രചാരണത്തിനും വർഗീയധ്രുവീകരണത്തിനും ഭീകരാക്രമണ സംഭവത്തെ രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുവാനുമുള്ള ദുഷ്ടശക്തികളുടെ നീക്കത്തെ സർവശക്തിയും സമാഹരിച്ച് എതിർത്തു പരാജയപ്പെടുത്തണമെന്നത് വളരെ പ്രധാനമാണ്.

‘സിന്ധു നദീ ജലക്കരാർ’ മരവിപ്പിക്കുന്നതുൾപ്പെടെ ഇന്ത്യാ ഗവൺമെന്റ് ചില പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്; കരാർ പ്രകാരം സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളിലെയും രവി, ബിയാസ്, സത്ലജ് എന്നീ കിഴക്കൻ നദികളിലെയും വെള്ളത്തിന്റെ വിഭജനം സംബന്ധിച്ച് ആറുപതിറ്റാണ്ടിലധികം മുന്നേ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും പാക്കിസ്താൻ ഭരണാധികാരി അയൂബ് ഖാനും തമ്മിൽ ഒപ്പിട്ട കരാർ പാക്കിസ്താന്റെ ജനജീവിതത്തെയും സമ്പദ്ഘടനയെയും കാര്യമായി സ്വാധീനിക്കുന്നതാണ്. അതുകൊണ്ടാണ് പ്രസ്തുത നദീ ജലക്കരാർ മരവിപ്പിക്കുന്നത് ‘യുദ്ധപ്രഖ്യാപന’മായി കണക്കാക്കുമെന്ന് പാക്കിസ്താൻ പ്രഖ്യാപിച്ചത്.
യുദ്ധസന്നാഹത്തിലാണ് ഇരുരാജ്യങ്ങളും എന്ന അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. എപ്പോൾ എങ്ങനെ എന്നതു മാത്രമാണ് അറിയാനുള്ളത്.
ഡൽഹിയിൽ നടന്ന സർവ്വകക്ഷിയോഗം ഇന്ത്യാ ഗവൺമെന്റ് ഭീകരവാദികളുടെ കൊടുംക്രൂരതക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനോട് സഹകരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതേ സമയം സൗദി അറേബ്യൻ പര്യടനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സർവ്വകക്ഷിയോഗത്തിൽ സംബന്ധിക്കുകയുണ്ടായില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ സർവ്വകക്ഷിയോഗത്തിന്റെ അധ്യക്ഷനായി നിയോഗിച്ച അദ്ദേഹം പകരം ബീഹാറിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് താൽപ്പര്യം കാട്ടിയത്. അവിടെയാകട്ടെ പാക്കിസ്ഥാനനെതിരെ അതിശക്തമായി ആഞ്ഞടിക്കുമെന്ന സൂചന നൽകുന്ന പ്രസംഗമാണ് മോദി നടത്തിയത്.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉന്നതമായ രാഷ്ട്രാഭിമാന സമീപനം മുറുകെപ്പിടിച്ചുകൊണ്ട് പഹൽഗാമിലെ ചോരച്ചൊരിച്ചിലിന്റെ പഴി ആർക്കുമേലും ചാരാതെ ഏകസ്വരത്തിൽ സംസാരിക്കുമ്പോൾ ഭരണകക്ഷിയിൽനിന്നും അതേ നിലവാരത്തിലുള്ള സമീപനംതന്നെ ഉണ്ടാകും എന്നാണ്- പ്രതീക്ഷിക്കേണ്ടത്.
എന്നാൽ അങ്ങനെ കാണുന്നില്ലയെന്നത് ദൗർഭാഗ്യകരമാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി സ്വന്തം അനുഭത്തിന്റെ വെളിച്ചത്തിൽ ഭീകരാക്രമണത്തെ, കാശ്മീരികളെ, പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികളെ ആക്രമിക്കാനുള്ള ഉപാധിയാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് അവർക്കെതിരെയും സംഘപരിവാർ ഹാൻഡിലുകളിൽനിന്ന് നികൃഷ്ടമായ ആക്രമണം ഉയർത്തുന്നവരുണ്ട്. ഇത്തരം നിലപാടുകളും എതിർക്കപ്പെടേണ്ടതാണ‍്.
സമൂഹമാധ്യമത്തിൽ ഒരു സന്ദേശം കാണാനിടയായി. അത് ഇപ്രകാരമാണ്: ‘‘ഇനി മുതൽ ഞങ്ങൾ ഇന്ത്യാക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും പഹൽഗാമിൽ പോകും. കാലമെത്ര കഴിഞ്ഞാലും അവിടുത്തെ പൂക്കളിൽ ഞങ്ങളുടെ സോദരരുടെ ചോരപ്പാടുകൾ ഉണ്ടാവും. ആ പൂക്കൾ ഞങ്ങൾ ഹൃദയത്തോടുചേർക്കും. ഭീകരരേ, നിങ്ങൾക്കു മുന്നിൽ ഈ രാജ്യം ഒരിക്കലും തലകുനിക്കില്ല.’’ ഫാ: അജി പുതിയാമ്പറമ്പിലിന്റെ ഈ വരികൾ എല്ലാ തരം വർഗീയവാദികൾക്കും ഭീകരപ്രവർത്തകർക്കുമുള്ള താക്കീതാവണം. l
പഹൽഗാം കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നു സിപിഐ എം ജമ്മുകാശ്മീരിൽ ഭീകരർ 28 വിനോദ സഞ്ചാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ശക്തമായി അപലപിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ ആളുകളുടെ കുടുംബങ്ങളോട് സിപിഐ എം അഗാധമായ ദുഃഖം അറിയിക്കുന്നു. ഈ ആക്രമണത്തിൽ നിരവധി ആളുകൾ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സിപിഐ എം ആഗ്രഹിക്കുന്നു. ഈ ഭീകര കുറ്റകൃതത്തിന് ഉത്തരവാദികളായവരെയെല്ലാം പിടികൂടുകയും ശിക്ഷിക്കുകയും വേണം. പൊലീസും സുരക്ഷാസേനയുമെല്ലാം കേന്ദ്ര ഗവൺമെന്റിനു കീഴിലാണ്. നിയമവാഴ്ചയ്ക്കുനേരെയുള്ള ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉത്തരവാദികളായ ശക്തികളെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ പഴുതടച്ച അനേ-്വഷണം നടത്തണം. ഈ കുറ്റകൃത്യം ചെയ്ത ദ്രോഹികളെല്ലാം രാഷ്ട്രത്തിന്റെയാകെ ശത്രുക്കളാണ്. അതിനപ്പുറം കാശ്മീർ ജനതയുടെ തന്നെ ശത്രുക്കളുമാണ്. ജനത്തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയിലുണ്ടായ അഭാവമുൾപ്പെടെ ആക്രമണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അനേ-്വഷിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണ്. തീവ്രവാദികളും മതമൗലികവാദികളുമായ ശക്തികൾക്കെതിരെ ഈ ദുരന്തത്തിന്റെ സമയത്ത് സിപിഐ എം ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു.
വിഭാഗീയ നീക്കങ്ങൾക്ക് കടിഞ്ഞാണിടുക: സിപിഐ എം പഹൽഗാമിലെ ഭീരുത്വ പൂർണമായ ഭീകരാക്രമണത്തിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി നിൽക്കുന്ന സമയത്താണ് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജമ്മുകാശ്മീരിൽനിന്നുള്ള വിദ്യാർഥികളെയും കച്ചവടക്കാരെയും ഭീഷണിപ്പെടുത്തുകയുും ഉപദ്രവിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ഡെറാഡൂണിൽ ഒരു വർഗീയ സംഘടന ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം പുറപ്പെടുവിക്കുകയും ചെയ്തതിനെതുടർന്ന് കാശ്മീരുകാരായ ഒട്ടേറെ വിദ്യാർഥികൾക്ക് തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങേണ്ടിവന്നു. കാശ്മീരികളെയും ന്യൂനപക്ഷ സമുദായത്തെയും ലക്ഷ്യം വച്ചുള്ള വിനാശകരവം ക്രൂരവുമായ സോഷ്യൽ മീഡിയ കാംപെയ്നും നടക്കുന്നുണ്ട്. എന്നാൽ, കാശ്മീരികൾ ഒന്നടങ്കം ഒരൊറ്റ ശബ്ദത്തിൽ ഭീകരവാദ സംഘടനകൾക്കെതിരെ പ്രതിഷേധിച്ചതും അവരെ അപലപിച്ചതും രാജ്യം കണ്ടതാണ്. ഇത്തരം നടപടികൾ ഭീകരപ്രവർത്തകരുടെ അജൻഡയെ മാത്രമേ സഹായിക്കൂ. ഇത്തരത്തിലുള്ള ശിഥിലീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ബന്ധപ്പെട്ട അധികൃതർ ശക്തമായ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കേണ്ടതാണ്. ഊട്ടിയുറപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കാനും ശിഥിലീകരിക്കാനും ശ്രമിക്കുന്നവരോട് അൽപ്പംപോലും ദയ കാണിക്കാൻ പാടില്ല. |




