Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിശർവാനി മുതൽ
ഹുസൈൻ ഷാ വരെ

ശർവാനി മുതൽ
ഹുസൈൻ ഷാ വരെ

കെ ടി കുഞ്ഞിക്കണ്ണൻ

പ്രിൽ 22-ന് കാശ്മീരിലെ പഹൽഗാമിലുണ്ടായ 26- പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഭീകരാക്രമണം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താനും ഇന്ത്യയെ അസ്ഥിരീകരിക്കാനുമുള്ള കൊളോണിയൽ കാലംതൊട്ട് ആരംഭിച്ച സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ അജൻഡയിൽ നിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രത്തിലെന്നും പാക് ഭീകരവാദത്തെ എതിർത്ത് കാശ്മീരിനെ ഇന്ത്യയോടൊപ്പം നിർത്താൻ ധീരോദാത്തമായി പോരാടിനിന്നവരാണ് കാശ്മീരി ജനതയും അവരുടെ നേതാക്കളും. പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികൾക്കെതിരായി ഉയരേണ്ട പ്രതിഷേധങ്ങളെ മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കവും സംഘപരിവാറിന്റെ വർഗീയക്യാമ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്നത് ഗൗരവമായിത്തന്നെ കാണണം. ഭീകരപ്രവർത്തനത്തെ ഒരു പ്രത്യേക മതവുമായി സമീകരിച്ച് സമൂഹത്തിൽ വിഭജനവും വിദേ-്വഷവും സൃഷ്ടിക്കുകയെന്നത് സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ അജൻഡയിൽ നിന്നുള്ളതാണെന്നും അത്തരം നീക്കങ്ങളെ ജാഗ്രതയോടെതന്നെ പ്രതിരോധിക്കണമെന്നും തിരിച്ചറിയണം.

പുൽവാമയ്ക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലുണ്ടായത്. അനന്ത്‌നാഗിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രമായ ബൈസരൻ താഴ്‌വരയിലേക്ക് എങ്ങനെയാണ് ഭീകരർ നുഴഞ്ഞുകയറിയത്? നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾക്കും സുരക്ഷാസേനയ്ക്കും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നതാണ് യാഥാർത്ഥ്യം. മിനി സ്വിറ്റ്‌സർലന്റ് എന്ന് വിളിക്കുന്ന പ്രകൃതി മനോഹരമായ ബൈസരൻ താഴ്‌വരയിലെ കാഴ്ചകളാസ്വദിക്കാനെത്തിയ നിരപരാധികളായ വിനോദ സഞ്ചാരികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഭീകരവാദികൾക്ക് കഴിഞ്ഞത് സുരക്ഷാപാളിച്ചകൾകൊണ്ടാണെന്ന കാര്യം രാജ്യം ഗൗരവമായിത്തന്നെ ചർച്ചചെയ്യേണ്ടതുണ്ട്.

കുതിരപ്പുറത്തുകയറി മാത്രമാണ് ഈ പ്രദേശത്തെത്താൻ സഞ്ചാരികൾക്ക് കഴിയുക. സഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരവാദികളെ നേരിട്ടത് ടൂറിസ്റ്റുകൾക്ക് വേണ്ടി കുതിരസവാരി ഏർപ്പെടുത്തിക്കൊടുക്കുന്ന കാശ്മീരി തൊഴിലാളികളാണ്. ഇതിൽ എടുത്തുപറയേണ്ട പേരാണ് അതിർത്തി കടന്നെത്തിയ ഭീകരരിൽ നിന്ന് സഹജീവികളെ രക്ഷിക്കാൻ അവരുമായി ഏറ്റുമുട്ടി വെടിയേറ്റുവാങ്ങി മരണംവരിക്കേണ്ടിവന്ന സെയ്ദ് ആദിൽ ഹുസൈൻഷാ എന്ന യുവാവ്. തന്റെ കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികളെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ നീക്കം തടയുന്നതിനിടയിലാണ് ആദിലിന് വെടിയേൽക്കുന്നത്. ‘‘എന്തിന് പാവങ്ങളെ കൊല്ലുന്നു’’വെന്ന് ചോദിച്ചുകൊണ്ട് ഭീകരന്റെ തോക്ക് തട്ടിപ്പറിക്കുന്നതിനിടയിലാണ് മറ്റൊരു ഭീകരന്റെ വെടിയേറ്റ് ആദിൽ നിലംപതിച്ചത്.

വിനോദ സഞ്ചാരികളെ ആക്രമിച്ച ഭീകരരെ ബൈസരൻതാഴ്‌വരയിൽ ജീവൻനൽകി പ്രതിരോധിച്ചത് കാശ്മീരിലെ ആദിൽ ഹുസൈൻഷായെ പോലുള്ള യുവാക്കളായിരുന്നുവെന്ന കാര്യം അങ്ങേയറ്റം അഭിമാനം പകരുന്നതാണ്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകൾ ആതിരയുടെ വാക്കുകൾ ലോകമാകെ ശ്രദ്ധിച്ചിട്ടുള്ളതാണ്. അവർ പറഞ്ഞത്; ‘‘കാശ്മീരിന്റെ മണ്ണിൽ എന്റെ കൺമുന്നിലാണ് അച്ഛൻ പിടഞ്ഞുവീണത്. നികത്താനാകാത്ത ആ നഷ്ടത്തിനു പകരമല്ല ഒന്നും. എന്നാൽ അതേ മണ്ണ് രണ്ട് കൂടപ്പിറപ്പുകളെ എനിക്കു നൽകി” എന്നാണ്. ആ രണ്ട് സഹോദരങ്ങൾ മുസാഫിറും സമീറുമായിരുന്നു. ആതിരയുടെ വാക്കുകളിൽ; ‘‘കൂട്ടക്കൊലയിൽ പ്രദേശമാകെ ഭീതിയിലായപ്പോൾ സഹായവുമായി ഞങ്ങൾക്കരികിലേക്ക് ഓടിയെത്തിയത് കാശ്മീരിലെ ഡ്രൈവർമാരായ ആ രണ്ട് മുസ്ലീം യുവാക്കളാണ്. ഇടവും വലവും നിന്ന് അവർ ഞങ്ങളെ കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റുകാര്യങ്ങൾക്കുമെല്ലാം പുലർച്ചെ മൂന്നുവരെ അവരുണ്ടായി.”

കാശ്മീരികൾ എത്രത്തോളം മതനിരപേക്ഷ സംസ്‌കാരമുള്ളവരാണെന്ന് കാശ്മീരിന് ഇന്ത്യയോട് ചേർത്ത് നിർത്താനുള്ള പോരാട്ടത്തിന്റെ ചരിത്രംതന്നെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ജമ്മുകാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറ്റുന്നതിന് ജീവൻ നൽകിയ ധീരരക്തസാക്ഷികളുടെ ചരിത്രംകൂടിയാണ് കാശ്മീരിന്റേത്. ആർഎസ്എസ് രൂപംകൊടുത്ത പ്രജാപരിഷത്തുകാർ ദോഗ്രരാജാവിനോടൊപ്പം ചേർന്ന് കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിച്ച് ഒരു സ്വതന്ത്രരാജ്യമാക്കി നിലനിർത്താനുള്ള ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കാലത്താണ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി ഉറപ്പിച്ചുനിർത്താനുള്ള ഷെയ്ക്ക് അബ്ദുള്ളയുടെയും നാഷണൽ കോൺഫറൻസിന്റെയും ധീരോദാത്തമായ പോരാട്ടങ്ങൾ ഉയർന്നുവന്നത്. ഇന്ത്യയെ പാകിസ്താനും ഇന്ത്യയുമായി വിഭജിച്ച് ബ്രിട്ടീഷുകാർ അധികാരകൈമാറ്റം നടത്തിയപ്പോൾ കാശ്മീരിന്റെ വിശാലഭൂപ്രദേശങ്ങൾ കയ്യടക്കാൻ പാകിസ്താന്റെ ഗോത്രമിലിറ്റന്റുകളെ നയിച്ചത് അമേരിക്കൻ കേണലായിരുന്ന റെസൽഹൈറ്റായിരുന്നു. ഗോത്രമിലിറ്റന്റുകൾ റെസൽഹൈറ്റിന്റെ നേതൃത്വത്തിൽ മാർച്ച് ചെയ്ത് കയ്യടക്കിയ പ്രദേശങ്ങളാണ് ഇന്നത്തെ പാക് അധിനിവേശ കാശ്മീർ എന്നത്.

അതിർത്തിമേഖലയിലെ പ്രക്ഷുബ്ധവും സംഘർഷപൂർണവുമായ സാഹചര്യത്തിലാണ് 1947-ൽ അതിർത്തി കടന്നെത്തിയ പാക് സൈനിക പിന്തുണയുള്ള സായുധരായ പഷ്തൂൺ ഗോത്രമിലിറ്റന്റുകളെ മുഹമ്മദ് മക്ബൂൽ ശർവാനി എന്ന ധീരൻ കൗശലപൂർവം വട്ടംകറക്കി പ്രതിരോധിച്ചത്. ബരാമുള്ളയിൽ ക്രൂരമായ നായാട്ട് നടത്തിയതിനുശേഷം ശ്രീനഗറിനെ ലക്ഷ്യമിട്ട കലാപകാരികളെ എളുപ്പവഴി കാണിച്ചുകൊടുക്കാനെന്ന വ്യാജേന ശർവാനി തനിക്കൊപ്പം കൂട്ടി മറ്റ് പല വഴികളിലേക്കും തിരിച്ചുവിടുകയായിരുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന് എത്തിച്ചേരാൻ കഴിയുന്നത്രയും സമയം പാക് ഗോത്രമിലിറ്റന്റുകളെ ആ യുവാവ് വഴിതെറ്റിച്ച് തടയുകയായിരുന്നു. നാല് ദിവസമാണ് പാക് മിലിറ്റന്റുകളെ ശർവാനി ചുറ്റിച്ചത്. ശർവാനി തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പഷ്തൂൺ ഗോത്രമിലിറ്റന്റുകൾ ആ യുവാവിനെ പിടികൂടി ഭീകരമായ പീഡനമുറകൾക്ക് ഇരയാക്കി പ്രതികാരം ചെയ്യുകയായിരുന്നു.

ശ്രീനഗർ വിമാനത്താവളം പിടിച്ചെടുത്ത് കാശ്മീരിൽ പാക് ആധിപത്യമുറപ്പിക്കാൻ തിരിച്ച ഗോത്രമിലിറ്റന്റുകളുടെ പദ്ധതിയെ തകർക്കുകയായിരുന്നു ബുദ്ധിമാനായ ശർവാനി ചെയ്തത്. അതിന് പ്രതികാരമായിട്ടാണ് ശർവാനിയുടെ ശരീരം മരപ്പലകയിൽ തറച്ച് പതിനാല് തവണ നെഞ്ചിൻകൂടിലേക്ക് വെടിയുതിർത്തത്. ബരാമുള്ളയിലെ തെരുവിൽ ശർവാനിയുടെ വികൃതമാക്കപ്പെട്ട ശവശരീരം മൂന്നു ദിവസം മരപ്പലകയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം ബരാമുള്ളയിൽ എത്തിയതോടെയാണ് ആ കാശ്മീരി യുവാവിന്റെ മൃതദേഹം എല്ലാവിധ ബഹുമതികളോടെയും സംസ്‌കരിക്കുന്നത്.

ഇങ്ങനെയുള്ള നിരവധി ധീരദേശാഭിമാനികളായ കാശ്മീരി യുവാക്കളുടെ രക്തസാക്ഷിത്വത്തിലും സഹനപൂർണമായ പോരാട്ടത്തിലുമാണ് കാശ്മീർ ഇന്ത്യയുടെ ഭാഗമായിത്തീർന്നത്. കാശ്മീരിന്റെ ചരിത്രത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 2000 വർഷങ്ങൾക്കുമുമ്പ് കാശ്മീർ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. പിൽക്കാലത്ത് കാശ്മീർ ബ്രാഹ്മണാധിപത്യത്തിനുകീഴിൽ ഒരു സംസ്‌കൃത പഠനകേന്ദ്രമായി മാറി. പേർഷ്യക്കാരുടെയും അറബികളുടെയും വരവോടെ കാശ്മീർ പേർഷ്യൻ സംസ്‌കാരത്തിന്റെ കേന്ദ്രമായി. ഷാ മീർ രാജവംശം അധികാരത്തിലെത്തുന്നതോടെയാണ് കാശ്മീർ വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയഭൂമിയായി മാറുന്നത്. സുൽത്താൻ സയ്‌നുൽആബിദിൻ കാശ്മീരിനെ അതിന്റെ സംസ്‌കാരങ്ങളുടെ ബഹുസ്വരതയിൽ ഉദ്ഗ്രഥിച്ച ഭരണാധികാരിയായിരുന്നു. അക്ബർ ചക്രവർത്തിയാണ് ബ്രാഹ്മണ പണ്ഡിറ്റുകളുടെ സഹായത്തോടെ കാശ്മീരിനെ സമ്പന്നവും സമൃദ്ധവുമാക്കുന്ന പദ്ധതികൾ ആരംഭിച്ചത്. ഷാജഹാൻ ചക്രവർത്തിയുടെ കാലത്താണ് കാശ്മീർ മുഗൾസാമ്രാജ്യത്വത്തിന്റെ പ്രവിശ്യയാക്കി മാറ്റപ്പെട്ടത്. സൂഫി ദർശനങ്ങളും മറ്റിതര ആശയങ്ങളും കാശ്മീർ ജനതയ്ക്കിടയിൽ സമത്വാദർശങ്ങൾ വളർത്തി. നാദിർഷായുടെ ആക്രമണങ്ങളും മുഗൾഭരണത്തിന്റെ പതനവും ഉപയോഗപ്പെടുത്തിയാണ് പഞ്ചാബിലെ സിക്ക് രാജാവ് രഞ്ജിത്‌സിങ് 1819-ൽ കാശ്മീർ പിടിച്ചെടുക്കുന്നത്. രഞ്ജിത്‌സിങ്ങിന്റെ കാലത്തെ മുസ്ലീം വിരുദ്ധ നിലപാടുകളാണ് കാശ്മീരിൽ അശാന്തി പടർത്തിയത്. ഈ കാലഘട്ടത്തിൽ കാശ്മീരിൽ മുസ്ലീങ്ങളുടെ കൂട്ടപ്പലായനം വരെയുണ്ടായി. പിന്നീട് 1846-ൽ ആംഗ്ലോ–-സിക്ക് യുദ്ധത്തെ തുടർന്ന് ഗുലാബ്‌സിങ്ങിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സഹായത്തോടെ ദോഗ്ര രജപുത്രന്മാർ കാശ്മീരിൽ ഭരണമാരംഭിച്ചു. ദോഗ്ര ഭരണമാണ് മുസ്ലീം വിരുദ്ധ ഭരണത്തിന് നേതൃത്വം നൽകിയത്. 1947-ൽ അധികാരകൈമാറ്റം നടക്കുമ്പോൾ കാശ്മീരിൽ ദോഗ്ര രാജാവായ ഹരിസിംഹന്റെ ഭരണമായിരുന്നു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അനുസരിച്ച് അധികാര കൈമാറ്റത്തിന് ശേഷം നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയോടൊപ്പമോ പാകിസ്താനൊപ്പമോ അല്ലെങ്കിൽ സ്വതന്ത്ര രാജ്യം തന്നെയായോ നില്ക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ത്യയുടെ സംയോജനത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ദോഗ്രാ രാജാവ് ബ്രിട്ടീഷുകാരുമായി ആലോചിച്ച് ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിക്കുകയും കാശ്മീരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റാൻ ആർ എസ് എസിന്റെ സഹായത്തോടെ നീങ്ങുകയും ചെയ്തു. ആർ എസ് എസ് രൂപം നൽകിയ കാശ്മീർ പ്രജാപരിഷത്ത് ഇന്ത്യാ വിരുദ്ധ പ്രചാരണമാരംഭിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ പാക് ഗോത്ര മിലിറ്റന്റുകളെ പ്രതിരോധിച്ചും രാജാവിന്റെയും പ്രഭുക്കന്മാരുടെയും ഇന്ത്യാവിരുദ്ധ പ്രചരണങ്ങളെ നേരിട്ടും കാശ്മീരിനെ ഇന്ത്യയൊടൊപ്പം നിർത്താൻ ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചത് ഷെയ്ക്ക് അബ്ദുള്ളയും നാഷണൽ കോൺഫ്രൻസുമായിരുന്നു.

പഹൽഗാമിലെ ഭീകരാക്രമണങ്ങളെ അവസരമാക്കി വിഭജനചിന്തകളും വിദ്വേഷവും പടർത്തുന്നവർ കാശ്മീരിജനതയുടെ ദേശീയ ബോധത്തെയും വിഘടന ഭീകരശക്തികൾക്കെതിരെ അവർ ചരിത്രത്തിലുടനീളം പുലർത്തിപ്പോന്ന ധീരമായ നിലപാടുകളെയും കുറിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്.

കാശ്മീർ നിയമസഭാംഗവും സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞത് ഭീകരവാദികളുടെ നാണംകെട്ട ആക്രമണങ്ങൾക്ക് തങ്ങൾ കീഴടങ്ങിക്കൊടുക്കില്ലെന്നാണ്; ഭീകരവാദികൾക്കെതിരെ കാശ്മീർ ഒറ്റക്കെട്ടായി നീങ്ങുമെന്നാണ്. എത്രയോ തവണ ഇതുപോലുള്ള ഭീകരാക്രമണങ്ങളെ അതിജീവിച്ചവരാണ് കാശ്മീർ ജനത. തരിഗാമി തന്നെ അഞ്ച് തവണ ഭീകരരുടെ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വധിക്കപ്പെടുകയും ചെയ്തു.

കാശ്മീർജനതയുടെ ഇച്ഛാശക്തിയും ഐക്യവും തന്നെയാണ് പാകിസ്താൻ കേന്ദ്രമായ ഇന്ത്യാവിരുദ്ധ ഭീകര സംഘങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ മുന്നുപാധിയായിരിക്കുന്നത്. ജനങ്ങളിൽ ഭിന്നിപ്പും പരസ്പര ശത്രുതയും വളർത്തുന്നവർ ഭീകരവാദികളുടെ അസ്ഥിരീകരണ അജൻഡക്ക് സഹായം ചെയ്തു കൊടുക്കുക എന്ന അപരാധമാണ് ചെയ്യുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − fourteen =

Most Popular