അമേരിക്കൻ ഫിനാൻഷ്യൽ പ്രഭുവാഴ്ച ഒരു ഭരണവർഗത്തെ രൂപപ്പെടുത്തി; പക്ഷേ ആ ഭരണവർഗത്തിന് പൊതുവിൽ നേരിട്ടോ ഇടപെടലുകൾ കൂടാതെയോ ഭരിക്കാനാവില്ല. മെൻഷിക്കോവ് എഴുതുന്നു, ‘‘ഫിനാൻഷ്യൽ പ്രഭുവാഴ്ചയുടെ സാമ്പത്തികാധിപത്യ’’മെന്നത് അതിന്റെ രാഷ്ട്രീയാധിപത്യത്തിന് സമാനമല്ല. പക്ഷേ, സാമ്പത്തികാധിപത്യമില്ലാത്ത രാഷ്ട്രീയാധിപത്യമെന്നത് അത്ര ശക്തമാവില്ല; അതേസമയം രാഷ്ട്രീയാധിപത്യമില്ലാത്ത സാമ്പത്തികാധിപത്യം കാണിക്കുന്നത് കുത്തകകളും ഭരണകൂട സംവിധാനവും തമ്മിലുള്ള കൂടിച്ചേരൽ അത്രകണ്ട് മുന്നോട്ടു പോയിട്ടില്ല എന്നാണ്. എന്നാൽ ഈ മുന്നുപാധികളുള്ള അമേരിക്കയിൽ പോലും, അതായത് ദശകങ്ങളായി ഗവൺമെന്റ് സംവിധാനം കുത്തകകളെ സേവിക്കുകയും സമ്പദ്ഘടനയിലെ കുത്തകകളുടെ ആധിപത്യം സംശയാതീതമായി നിലനിൽക്കുകയും ചെയ്യുന്ന അമേരിക്കയിൽപോലും, ഫിനാൻഷ്യൽ പ്രഭുവാഴ്ചയുടെ രാഷ്ട്രീയാധികാരത്തെ സമൂഹത്തിലെ മറ്റു വർഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയന്ത്രണങ്ങൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നു; ചില സമയങ്ങളിൽ ശരിക്കും നിയന്ത്രിക്കപ്പെടുന്നു. എന്നിരുന്നാലും ഫിനാൻഷ്യൽ പ്രഭുവാഴ്ചയുടെ സാമ്പത്തികാധികാരം ക്രമേണ രാഷ്ട്രീയാധികാരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതാണ് പൊതുവായ പ്രവണത.
മെൻഷിക്കോവിന്റെ അഭിപ്രായത്തിൽ, ഫ-ിനാൻഷ്യൽ പ്രഭുവാഴ്ചയ്ക്ക് ഭരണകൂടത്തിന്റെ രാഷ്ട്രീയ വാഴ്ചയിൽ ജൂനിയർ പങ്കാളികളുണ്ട്; മുതലാളിത്ത വ്യവസ്ഥയുടെ ആന്തരിക ആവശ്യകതകളെ സ്വാംശീകരിക്കുന്ന കോർപറേറ്റ് മാനേജർമാരും സെെന്യത്തിലെ ഉന്നതവൃത്തങ്ങളും പ്രൊഫഷണൽ രാഷ്ട്രീയക്കാരും ഒപ്പംതന്നെ തെക്കൻ മേഖലയിലെ വംശീയവേർതിരിവിന്റേതായ സംവിധാനത്തിന്റെ മേധാവിത്വം വഹിക്കുന്ന വെള്ളക്കാരായ പ്രമാണിവർഗവും ഇതിലുൾപ്പെടുന്നു. എന്നാലും, ഫിനാൻഷ്യൽ പ്രഭുവാഴ്ച തന്നെയാണ് അധികമധികം ആധിപത്യശക്തിയായി നിൽക്കുന്നത്. ‘‘ഭരണകൂടത്തിന്റെ നേരിട്ടുള്ള ഭരണത്തിനുവേണ്ടി ഫിനാൻഷ്യൽ പ്രഭുവാഴ്ച നടത്തുന്ന നിരന്തരപ്രയത്നം, സമീപദശകങ്ങളിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും സവിശേഷമായ പ്രവണതകളാണ്.’’; അതിന്റെ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാധികാരവും അതുണ്ടാക്കുന്ന ആവശ്യകതകളുമാണ് ഇതിലേക്ക് വഴിവയ്ക്കുന്നത്. എന്നിരുന്നാലും, ഇത് ശാന്തമായൊരു പ്രക്രിയയല്ല. അമേരിക്കയിലെ ഫിനാൻസ് മുതലാളിമാർ ‘‘ഐക്യത്തോടെ’’യല്ല പ്രവർത്തിക്കുന്നത്; അവർ പരസ്പരം മത്സരിക്കുന്ന വിഭാഗങ്ങളായി ഭിന്നിക്കപ്പെട്ടിരിക്കുന്നു; വ്യത്യസ്ത വിഭാഗങ്ങൾ ഭാഗഭാക്കാവുന്ന അമേരിക്കൻ രാഷ്ട്രീയ സംവിധാനത്തിന്റെ സങ്കീർണതകൾ ഭരണകൂടത്തെ നിയന്ത്രിക്കുവാനുള്ള അവരുടെ ശ്രമങ്ങൾക്ക് തടസ്സമാകുമ്പോഴാണിത്.
മെൻഷിക്കോവ് എഴുതുന്നു, ‘‘ഫിനാൻഷ്യൽ പ്രഭുവാഴ്ചയുടെ രാഷ്ട്രീയാധികാരം നിലവിൽ പൂർണമായും ഉറപ്പാക്കപ്പെടേണ്ടതാണ്, പക്ഷേ അതങ്ങനെയല്ല സംഭവിക്കുന്നത്. സമകാലിക മുതലാളിത്ത ഭരണകൂടത്തിന്റെ സംവിധാനമെന്നത് വലുതും കെെകാര്യം ചെയ്യാൻ വിഷമകരവുമാണ്. ഒരു ഭാഗത്തെ സ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതുവഴി മൊത്തം സംവിധാനത്തിന്റെയാകെ നിയന്ത്രണം ഉറപ്പാക്കാനാവില്ല. പ്രചരണസംവിധാനത്തിന്റെ ഉടമസ്ഥത വഹിക്കുന്ന ഫിനാൻഷ്യൽ പ്രഭുവാഴ്ചയ്ക്ക് കേന്ദ്രത്തിലെയും രാജ്യത്തിന്റെ രാഷ്ട്രീയക്കാരെയും ഗവൺമെന്റ് ഉദ്യോഗസ്ഥരെയും വിലയ്ക്കുവാങ്ങാൻ കഴിയും; പക്ഷേ, ബൂർഷ്വാ ‘‘ജനാധിപത്യ’’ത്തിന്റെ എല്ലാ പരിമിതികളുമുണ്ടെങ്കിലും നിയമനിർമാണസഭയെ തിരഞ്ഞെടുക്കുന്ന ജനങ്ങളെ വിലയ്ക്കുവാങ്ങാൻ അവയ്ക്കു കഴിയില്ല. ജനങ്ങൾക്കുമുന്നിൽ അധികം വഴികളൊന്നുമുണ്ടാവില്ല, പക്ഷേ, ജനാധിപത്യ നടപടിക്രമങ്ങളെ ഔദ്യോഗികമായി നിരോധിക്കാതെ, തങ്ങൾക്ക് അനഭികാമ്യമായ ‘‘സംഭവങ്ങൾ’’ ഉണ്ടാവില്ലായെന്ന് പൂർണമായും ഉറപ്പാക്കാൻ -ഫിനാൻഷ്യൽ പ്രഭുവാഴ്ചയ്ക്ക് കഴിയില്ല.
എന്തുതന്നെയായാലും സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച ‘മില്ല്യണെയേഴ്സ് ആന്റ് മാനേജേഴ്സ്’ എന്ന മെൻഷിക്കോവിന്റെ അനന്യസാധാരണമായ കൃതിയിൽ അമേരിക്കയിലെ ഭരണവർഗത്തെ സംബന്ധിച്ച സംവാദത്തിന്റേതായ സാന്നിധ്യമില്ല. ഡോംഹോഫിന്റെ ചുവടുമാറ്റത്തിൽ (യൂറോപ്പിൽ പൊളാൻസാസിന്റെയും) പ്രതിഫലിച്ച പൊതുവായ പ്രവണത, ഭരണവർഗത്തെയും മുതലാളി വർഗത്തെയും സംബന്ധിച്ച മൊത്തം ആശയത്തെയും അപ്രധാനമാക്കി; തൽസ്ഥാനത്ത് കോർപറേറ്റ് സമ്പന്നരെയും പവർ എലെെറ്റിനെയും കുറിച്ചുള്ള സങ്കൽപ്പനങ്ങൾ പുനഃസ്ഥാപിച്ചു; അതുവഴി ഒരുതരം എലെെറ്റ് സിദ്ധാന്തത്തിന് രൂപം കൊടുത്തു.
ഡോംഹോഫിന്റെ പിൽക്കാലത്തെ കൃതികളിൽ ഭരണവർഗത്തെ സംബന്ധിച്ച സങ്കൽപ്പനത്തിന്റെ (അഥവാ ഗവേണിങ് ക്ലാസിനെക്കുറിച്ചടക്കം) നിഷേധം, അമേരിക്കയിലെ റാഡിക്കൽ ചിന്തധാരയിൽ മുഖ്യപങ്കുവഹിച്ച ‘‘ഭരണവർഗം ഭരിക്കുന്നില്ല’’ എന്ന ഫ്രെഡ് ബ്ലോക്കിന്റെ കൃതിയുമായി സമാനത പുലർത്തുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റായി ജിമ്മി കാർട്ടർ തിരഞ്ഞെടുക്കപ്പെട്ട കാലത്താണ് ഫ്രെഡ് ബ്ലോക്ക് ഈ കൃതി എഴുതുന്നത്; വ്യക്തമായും കൂടുതൽ ധാർമികവും പുരോഗമന സ്വഭാവമുള്ളതുമായ ഒരു നേതൃത്വമെന്ന് ജിമ്മി കാർട്ടർ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്നതിനെ ലിബറലുകളും സോഷ്യൽ ഡെമോക്രാറ്റുകളും ചിത്രീകരിച്ച സമയമായിരുന്നു അത്; അത്തരമൊരു കാലത്തെഴുതിയ തന്റെ കൃതിയിൽ, അമേരിക്കയിലും പൊതുവിൽ മുതലാളിത്തത്തിലും രാഷ്ട്രീയ മണ്ഡലത്തിനുമേൽ നിർണായകാധികാരം ചെലുത്തുന്ന ഭരണവർഗം എന്നൊരു സംഭവമേയില്ലായെന്ന് ബ്ലോക്ക് വാദിച്ചു. മുതലാളിവർഗത്തിനു മാത്രമല്ല, മുതലാളി വർഗത്തിലെ വിഭിന്ന ‘‘വിഭാഗങ്ങൾ’’ക്കും വർഗബോധമില്ലായെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയമണ്ഡലത്തിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ അവയ്ക്ക് ശേഷിയില്ലായെന്നുമുള്ള വസ്തുതയെ ബ്ലോക്ക് ഇതിനുകാരണമായി അവതരിപ്പിക്കുന്നു; സംഘടിതരാഷ്ട്രീയ സംവിധാനത്തെ അവർ അത്രയൊന്നും ഭരിക്കുന്നില്ലായെന്നും പറയുന്നു. പകരം, (1) മുതലാളിമാർ, (2) സ്റ്റേറ്റ് മാനേജേഴ്സ് (3) തൊഴിലാളിവർഗം എന്നീ പരസ്പരം മത്സരിക്കുന്ന മൂന്ന് വിഭാഗങ്ങളുടെ പങ്കിനെ ഭരണകൂടം യുക്തിസഹമായതാക്കിത്തീർക്കുന്ന മാക്സ് വെബറിന്റെ യുക്തിവത്കരണമെന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് ഒരു ‘‘ഘടനാവാദ’’ സമീപനം സ്വീകരിച്ചു. വിവിധ ശക്തികൾ ഏറ്റുമുട്ടുന്ന, അതേസമയം ഭരിക്കാത്ത നിഷ്-പക്ഷനായൊരു ഇടനിലക്കാരനെന്ന നിലയ്ക്കുള്ള അതിന്റെ കടമ നിർവഹിക്കുന്ന ഒന്നാണ് മുതലാളിത്ത സമൂഹത്തിലെ ഭരണകൂടത്തിന്റെ ആപേക്ഷികമായ സ്വയം ഭരണാധികാരം.
ഭരണകൂടത്തിൽ മുതലാളിവർഗത്തിന് ആധിപത്യപരമായൊരു പങ്കുണ്ടെന്ന് വാദിച്ചവരെ കടന്നാക്രമിച്ചുകൊണ്ട് ബ്ലോക്ക് എഴുതി, വർഗബോധമുള്ളൊരു മുതലാളിവർഗം ഭരിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും എന്നതിനാൽ ‘‘വർഗബോധമുള്ളൊരു ഭരണവർഗമെന്ന ആശയത്തെ തള്ളിക്കളയുകയാണ്, തകർന്നടിയാത്ത ഇൻസ്ട്രുമെന്റലിസമെന്ന വിമർശനം രൂപപ്പെടുത്തുന്നതിനുള്ള വഴി.’’ വർഗബോധമുള്ളൊരു ഭരണവർഗമെന്ന ആശയത്തെ മാർക്സ് ഉപയോഗിച്ചിരുന്നുവെന്ന് കാണുമ്പോൾ തന്നെ, ഘടനാപരമായ തീരുമാനങ്ങൾക്കുവേണ്ടിയുള്ള കേവലമൊരു ‘‘രാഷ്ട്രീയ ചുരുക്കെഴുത്താ’’യി ബ്ലോക്ക് അതിനെ നിരാകരിക്കുന്നു.
തന്നെപ്പോലെയുള്ള റാഡിക്കലുകൾ ഭരണവർഗമെന്ന ആശയത്തെ വിമർശിക്കുവാൻ തയ്യാറാകുമ്പോൾ, ‘‘അവർ സാധാരണയായി അത് ചെയ്യുന്നത് പരിഷ്കരണവാദപരമായ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയാണ് ’’ എന്ന് ബ്ലോക്ക് വാദിക്കുന്നു. ഇൗ അർഥത്തിൽ, മുതലാളിവർഗം, മനഃപൂർവ്വം, വർഗബോധത്തോടെ ആഭ്യന്തരമോ ബാഹ്യമോ ആയ മാർഗങ്ങളിലൂടെ ഭരണകൂടത്തെ ഭരിക്കില്ലായെന്ന് ബ്ലോക്ക് ഊന്നിപ്പറയുന്നു. മറിച്ച്, ഓഹരി വിപണിയുടെ ഉയർച്ചതാഴ്ചകൾ സാക്ഷ്യപ്പെടുത്തുന്ന ‘‘ബിസിനസ് വിശ്വാസ്യത’’യുടെ ഘടനാപരമായ പരിമിതി, രാഷ്ട്രീയ സംവിധാനം സമ്പദ്ഘടനയ്ക്ക് സന്തുലിതമായി നിൽക്കുന്നുവെന്ന്- ഉറപ്പാക്കുന്നു; സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്നതിനുവേണ്ടി രാഷ്ട്രീയ രംഗത്തെ വ്യത്യസ്ത താൽപ്പര്യക്കാർ യുക്തിസഹമായ മാർഗങ്ങൾ കെെക്കൊള്ളേണ്ടത് ഇവിടെ ആവശ്യമായി വരുന്നു. അങ്ങനെ ബ്ലോക്കിന്റെ ‘‘ഘടനാവാദ’’ കാഴ്ചപ്പാടിൽ, ഭരണകൂടം വഴി മുതലാളിത്തത്തിന്റെ യുക്തിസഹമാക്കൽ പ്രക്രിയ ഭരണകൂടം സംബന്ധിച്ച സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയത്തിന് വഴിതുറന്നു.
ഇവിടെ വ്യക്തമാകുന്നതെന്താണെന്നുവച്ചാൽ, 1970കളുടെ അവസാനത്തോടെ പാശ്ചാത്യ മാർക്സിസ്റ്റ് ചിന്തകൾ ഭരണകൂടമെന്ന ആശയത്തെ ഏതാണ്ട് പൂർണമായും ഉപേക്ഷിക്കുകയും, ഭരണകൂടത്തെ ആപേക്ഷികമായി സ്വയം ഭരണാധികാരമുള്ള ഒന്നായി മാത്രമല്ല, മറിച്ച് മൂലധനത്തിന്റെ വർഗാധികാരത്തിൽ നിന്നുതന്നെ വൻതോതിൽ സ്വയംഭരണാധികാരശേഷിയുള്ള ഒന്നായി വിഭാവനം ചെയ്യുകയും ചെയ്തു എന്നുള്ളതാണ്. ഇത് വർഗത്തിൽനിന്നുള്ള പൊതുവായ പിന്മാറ്റത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടനിൽ ജെഫ് ഹോഡ്സൺ 1984ൽ പ്രസിദ്ധീകരിച്ച തന്റെ ദ ഡെമോക്രാറ്റിക് ഇക്കണോമി: എ ന്യൂ ലുക്ക് അറ്റ് പ്ലാനിങ്, മാർക്കറ്റ്സ് ആന്റ് പവർ എന്ന കൃതിയിൽ എഴുതി, ‘‘വർഗ ‘വാഴ്ച’ എന്ന ആശയം തന്നെ വെല്ലുവിളിക്കപ്പെടേണ്ടതാണ്. എല്ലാ അർഥത്തിലും അത് ദുർബലവും തെറ്റിദ്ധരിപ്പിക്കുന്നതുമായൊരു രൂപകമാണ്. സമൂഹത്തിൽ പ്രബലമായിട്ടുള്ള ഒരു വർഗത്തെക്കുറിച്ച് പറയാം, പക്ഷേ അത് ഒരു പ്രത്യേകതരം സാമ്പത്തികഘടനയുടെ മേധാവിത്വത്തിന്റെ പ്രഭാവത്തിൽ മാത്രമേ കഴിയൂ. വർഗം ‘ഭരിക്കുന്നു’ എന്നു പറയുന്നത് കൂടുതൽ കാര്യങ്ങൾ പറയുന്നതിനാണ്. ഗവൺമെന്റിന്റെ സംവിധാനത്തിൽ അത് എങ്ങനെയൊക്കെയോ സന്നിവേശിപ്പിക്കപ്പെട്ടതാണെന്ന് സൂചിപ്പിക്കുവാനാണ് അങ്ങനെ പറയുന്നത്.’’ ‘‘വ്യത്യസ്ത ഭരണവർഗങ്ങളോടൊത്ത് വ്യത്യസ്ത ഉത്പാദനരീതിയും’’ എന്ന മാർക്സിസ്റ്റ് ആശയത്തെ ഉപേക്ഷിക്കേണ്ടത് അതിപ്രധാനമാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു. പൊളാൻസാസിനെയും ബ്ലോക്കിനെയും പോലെ ഹോസ്-സണും മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയ്ക്കുള്ള പരിവർത്തനത്തിനിടയ്ക്ക് ഉദയംകൊണ്ട ഒന്നായതുകൊണ്ട് പാർലമെന്ററി ജനാധിപത്യവുമായി അന്തിമമായ വെെരുദ്ധ്യമൊന്നുമില്ലായെന്നു പറയുന്ന സോഷ്യൽ ഡെമോക്രാറ്റിക് നിലപാട് സ്വീകരിച്ചു.
നവലിബറലിസവും
അമേരിക്കൻ ഭരണവർഗവും
1960കളുടെ അവസാനത്തിലും 70കളിലും പാശ്ചാത്യ മാർക്സിസത്തിൽ ഭരണവർഗമെന്ന ആശയത്തെ വിപുലമായി ഉപേക്ഷിക്കുന്ന പ്രവണതയുണ്ടായെങ്കിലും എല്ലാ ചിന്തകരും ആ വഴിക്കു നീങ്ങിയില്ല. അമേരിക്ക, ഭരണംകയ്യാളുന്ന മുതലാളിവർഗത്തിന്റെ ആധിപത്യത്തിലാണെന്ന് മന്ത്-ലി റിവ്യൂവിൽ സ്വീസി തുടർന്നും വാദിച്ചു. പോൾ എ ബാരനും പോൾ എം സ്വീസിയും കുത്തക മൂലധനം (Monopoly Capital) എന്ന കൃതിയിൽ ഇങ്ങനെ വിശദീകരിച്ചു, ‘‘വിപുലമായ സാമ്പത്തികാധികാരത്തിൽ കുടിയിരിക്കുന്ന ഒരു ചെറിയ പ്രഭുവാഴ്ച’’ സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ സംവിധാനത്തിന്റെ പരിപൂർണ നിയന്ത്രണം കയ്യടിക്കിയിരിക്കുന്നു; അത് അമേരിക്ക യഥാർഥ ജനാധിപത്യമാണെന്ന ധാരണയുണ്ടാക്കിക്കൊണ്ട് സാധ്യമായിടത്തോളം അത്രയും നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.
പ്രതിസന്ധിയുടെ ഘട്ടങ്ങളിലൊഴികെ, മത്സരാധിഷ്ഠിതമാണെങ്കിലും കുത്തകാധിഷ്ഠിതമാണെങ്കിലും മുതലാളിത്തത്തിന്റെ സ്വാഭാവികമായ രാഷ്ട്രീയ സംവിധാനം ബൂർഷ്വാ ജനാധിപത്യമാണ്. രാഷ്ട്രീയാധികാരത്തിന്റ നാമമാത്രമായ ഉറവിടം വോട്ടും യഥാർഥ ഉറവിടം പണവുമാണ് : മറ്റു വാക്കുകളിൽ പറഞ്ഞാൽ വ്യവസ്ഥ അതിന്റെ രൂപത്തിൽ ജനാധിപത്യപരവും ഉള്ളടക്കത്തിൽ പണാധിപത്യത്തിലധിഷ്ഠിതവും ആണ്. ഇത് നന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ളതിനാൽ വിഷയം കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. വോട്ടുചെയ്യുന്ന പൊതുജനത്തിലേക്ക് തെറ്റായ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക, തിരഞ്ഞെടുപ്പ് ക്യാമ്പയ്നുകൾ നടത്തുക എന്നിങ്ങനെ ഈ വ്യവസ്ഥയുടെ അടിസ്ഥാന സവിശേഷതകൾ എന്നു പറയാവുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളും ധർമങ്ങളും നടപ്പാക്കുന്നതിന് പണമുണ്ടെങ്കിൽ മാത്രമേ, ധാരാളം പണമുണ്ടെങ്കിൽ മാത്രമേ കഴിയൂ. കുത്തക മുതലാളിത്തത്തിൽ വൻതോതിലുള്ള പണത്തിന്റെ ഉറവിടം വൻകിട കോർപറേഷനുകളായതുകൊണ്ടുതന്നെ, അവർ രാഷ്ട്രീയാധികാരത്തിന്റെയും പ്രധാന ഉറവിടമാണ്.
‘‘മുതലാളിത്തത്തിന്റെ സുവർണകാലഘട്ട’’ത്തെക്കുറിച്ച് എഴുതുമ്പോൾ, ഭരണകൂടത്തിനുമേലുള്ള ഭരണവർഗാധിപത്യത്തിന്റെ അധികാരം പ്രകടമാക്കപ്പെട്ടത്, സിവിലിയൻ ഗവൺമെന്റിന്റെ ചെലവഴിക്കൽ വർധിപ്പിക്കുന്നതിൽ (സ്വകാര്യ മൂലധന സഞ്ചയത്തെ തടസ്സപ്പെടുത്തുന്നതിനാൽ മൂലധനം ഇതിന് പൊതുവെ എതിരാണ്) ഏർപ്പെടുത്തിയിട്ടുള്ള പരിമിതികൾ, ഭീമമായ സെെനിക ചെലവഴിക്കലിന് അനുവദിക്കൽ, വൻകിട ബിസിനസിന് വൻതോതിൽ സബ്സിഡി അനുവദിക്കൽ എന്നിവയിലൂടെയാണ്. വെബേറിയൻ (Weberian) യുക്തിവാദത്തിന്റെ പരസ്യമായ സവിശേഷതകളിൽനിന്നും വ്യത്യസ്തമായി അവർ ഇങ്ങനെ വാദിക്കുന്നു: കുത്തക മുതലാളിത്തമെന്ന ‘‘യുക്തിരഹിതമായ വ്യവസ്ഥ’’ ചുറ്റിവളഞ്ഞുകിടക്കുന്നത് മിച്ച മൂലധനം ഊറ്റിയെടുക്കുന്നതിനുള്ള ശേഷിയില്ലായ്മയിൽ പ്രകടമാകുന്ന അമിത മൂലധന സഞ്ചയത്തിന്റെ പ്രശ്നങ്ങളിലാണ്; അതിന് ഇനിമേൽ കൂടുതൽ ലാഭകരമായ നിക്ഷേപമാർഗങ്ങൾ കണ്ടെത്താൻ കഴിയാതെവരുകയും കുത്തക മൂലധനത്തിന്റെ ‘‘സ്വാഭാവിക അവസ്ഥ’’ എന്ന നിലയിൽ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുകയും ചെയ്യുന്നു.
‘കുത്തക മൂലധനം’ പ്രസിദ്ധീകരിച്ച ആദ്യകാലം മുതൽ 1970കളുടെ മധ്യംവരെയുള്ള കുറച്ചു വർഷങ്ങൾക്കുള്ളിൽ അമേരിക്കൻ സമ്പദ്ഘടന ഭീമമായ മാന്ദ്യത്തിലേക്ക് വീഴുകയുണ്ടായി. തുടർന്നുള്ള അരനൂറ്റാണ്ടുകൊണ്ടു പോലും പൂർണമായ വീണ്ടെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ലാത്തവിധം ഭീമമായ മാന്ദ്യമായിരുന്നു അത്; ഓരോ ദശകങ്ങൾ പിന്നിടുമ്പോഴും സാമ്പത്തിക വളർച്ചാനിരക്ക് ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈ മാന്ദ്യം, മൊത്തത്തിൽ മൂലധനത്തിന്റെ ഘടനാപരമായ പ്രതിസന്ധിക്ക് രൂപം കൊടുത്തു– മുഖ്യ മുതലാളിത്ത രാജ്യങ്ങളിലെല്ലാം നിലനിൽക്കുന്ന ഒരു വെെരുദ്ധ്യമാണിത്. മൂലധന സഞ്ചയത്തിന്റെ ഈ ദീർഘകാല പ്രതിസന്ധി, മേൽത്തട്ടുമുതൽ കീഴ്-ത്തട്ടുവരെ സമ്പദ്ഘടനയുടെയും ഭരണകൂടത്തിന്റെയും സർവതല നവലിബറൽ പുനഃക്രമീകരണത്തിലേക്ക് (Neoliberal restructuring) നയിച്ചു; മുതലാളിത്ത വാഴ്ച ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി, മുതലാളിത്ത കേന്ദ്രങ്ങളെ അപവ്യവസായവത്കരണത്തിലേക്കും അപയൂണിയൻവത്കരണത്തിലേക്കും ക്രമേണ നയിക്കുന്ന വിധത്തിലുള്ള പിന്തിരിപ്പൻ നയങ്ങളും, ലോക സമ്പദ്ഘടനയുടെ ആഗോളവത്കരണവും ഫിനാൻഷ്യൽവത്കരണവും നടപ്പിലാക്കുകയും ചെയ്തു.
1971 ആഗസ്തിൽ, പ്രസിഡന്റ് റിച്ചാർഡ് നിക്സൻ അമേരിക്കൻ സുപ്രീംകോടതിയിലേക്ക് ലൂയി എഫ്. പവലിന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നതിന് മാസങ്ങൾക്കുമുമ്പ് പവൽ, യുഎസ് ചേമ്പർ ഓഫ് കൊമേഴ്സിന് കുപ്രസിദ്ധമായൊരു മെമ്മോ എഴുതി; അമേരിക്കൻ ‘‘സ്വതന്ത്ര സംരംഭക’’ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നുവെന്ന കുറ്റംചുമത്തി തൊഴിലാളികൾക്കും ഇടതുപക്ഷത്തിനുമെതിരായ നവലിബറൽ കുരിശുയുദ്ധം അമേരിക്കയിൽ സംഘടിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതായിരുന്നു അത്. അങ്ങനെ വർഗബോധമുള്ളൊരു അമേരിക്കൻ ഭരണവർഗമെന്ന ആശയത്തെ ഇടതുപക്ഷം കെെവെടിഞ്ഞുകൊണ്ടിരുന്ന സമയത്തുതന്നെ അമേരിക്കൻ പ്രഭുവാഴ്ച ഭരണകൂടത്തിനുമേലുള്ള അതിന്റെ അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു; ഇത് റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റിക് പാർട്ടിയിലും ഒരുപോലെ വ്യാപരിച്ച നവലിബറലിസത്തിൻകീഴിലുള്ള രാഷ്ട്രീയ –സാമ്പത്തിക പുനഃക്രമീകരണത്തിലേക്ക് നയിച്ചു. ഇത് 1980കളിൽ സപ്ലെെ–സെെഡ് ഇക്കണോമിക്സെന്ന സ്ഥാപനം അഥവാ റീഗണോമിക്സ് ഉയർന്നുവരുന്നതിനിടയാക്കി; സമ്പന്നരിൽ നിന്നും സ്വത്ത് കെെക്കലാക്കി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന റോബിൻഹുഡിന്റെ രീതിക്ക് നേർവിപരീതമായ സാമ്പത്തികനയമായതുകൊണ്ടുതന്നെ റീഗണോമിക്സിന് നാട്ടുഭാഷയിൽ ‘‘വിപരീതദിശയിൽ നടക്കുന്ന റോബിൻഹുഡ്’’ എന്നും പറയാം.
1958ൽ എഴുതിയ The Affluent Society എന്ന കൃതിയിൽ ഗാൽബ്രെയ്ത്ത് ഇങ്ങനെ പ്രസ്താവിച്ചു: കവർന്നെടുക്കപ്പെടുമെന്ന ഭയത്തോട് അമേരിക്കൻ സമ്പന്നവിഭാഗം ദീർഘകാലമായി വളരെ ജാഗ്രതയോടെ പ്രതികരിക്കുകയാണ്. ഭയമെന്നുവച്ചാൽ, ഏറ്റവും ചെറിയ പരിഷ്കരണവാദ നടപടികളെ പോലും യാഥാസ്ഥിതിക–സാമ്പ്രദായിക ബോധ്യത്തിൽനിന്നുകൊണ്ട് വിപ്ലവത്തിന്റെ ദുഃസൂചനയായി കാണുന്ന പ്രവണതയുമായി ബന്ധപ്പെട്ട ഒരു തരം ഭയം. മാന്ദ്യവും പ്രത്യേകിച്ചും ന്യൂ ഡീലും അമേരിക്കൻ സമ്പന്നവിഭാഗത്തിന് കാര്യമായ ഭയമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും മേൽത്തട്ടിൽ ഇത്തരം ഭയങ്ങൾ ഉയർന്നതിനോടൊപ്പം നവലിബറൽ കാലഘട്ടവും സാമ്പത്തികമാന്ദ്യത്തിന്റെ പുനരാവിർഭാവവും എല്ലാ തലത്തിലും ഭരണകൂടത്തിനുമേലുള്ള ഭരണവർഗാധികാരം ശക്തമായി സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. അത് ലക്ഷ്യമിട്ടത്, മൂലധനത്തിന്റെ ഘടനാപരമായ പ്രതിസന്ധി കെെകാര്യം ചെയ്യുന്നതിനായി തെറ്റായി രൂപീകരിച്ച ന്യൂഡീലിന്റെയും ഗ്രേറ്റ് സൊസെെറ്റിയുടെയും കാലത്തുണ്ടായ തൊഴിലാളിവർഗ മുന്നേറ്റങ്ങളെ കീഴ്-മേൽമറിക്കുവാനാണ്.
നിക്ഷേപത്തിനും സമ്പദ്ഘടനയ്ക്ക് മൊത്തത്തിലുമുണ്ടായ മാന്ദ്യം തീവ്രമാക്കപ്പെട്ടതും അതിനൊപ്പം സെെനിക ചെലവഴിക്കലും കൂടിയായപ്പോൾ സുവർണയുഗമെന്ന് വിളിക്കപ്പെട്ടിരുന്ന കാലത്തെന്നപോലെ സ്തബ്ധാവസ്ഥയിൽനിന്ന് ആ വ്യവസ്ഥയെ കെെപിടിച്ചുയർത്താൻ കഴിയാതെ വന്നു, (ഏഷ്യയിലെ രണ്ട് മുഖ്യ പ്രാദേശിക യുദ്ധങ്ങളാലാണ് അത് അടയാളപ്പെടുത്തപ്പെടുന്നത്); അങ്ങനെ വന്നപ്പോൾ അളവറ്റ തോതിലുള്ള മിച്ചം ചെലവഴിക്കാൻ മൂലധനത്തിന് പുതിയ വഴികൾ തേടേണ്ടതായിവന്നു. കുത്തക ഫിനാൻസ് മൂലധനത്തിന്റെ ഇന്നത്തെ പുതിയ ഘട്ടത്തിൽ ഇൗ മിച്ചത്തെ ഫിനാൻസ് മേഖലയിലേക്കു തന്നെ അഥവാ ഫയറിലേക്ക് (FIRE – ഫിനാൻസ്, ഇൻഷ്വറൻസ്, റിയൽ എസ്റ്റേറ്റ്) ഒഴുക്കിവിട്ടു; ഫിനാൻസിനുമേലുള്ള നിയന്ത്രണങ്ങൾ ഗവൺമെന്റ് അയച്ചുവിടുകയും പലിശനിരക്കുകൾ കുറയ്ക്കുകയും (പ്രസിദ്ധമായ ഗ്രീൻസ്പാൻപുട്ട്) സമ്പന്നർക്കും കോർപ്പറേഷനുകൾക്കുംമേൽ ചുമത്തിയിരുന്ന നികുതികൾ കുറയ്ക്കുകയും ചെയ്തതോടെ ആസ്തി സഞ്ചയിക്കലിലേക്കുമുള്ള സാധ്യതയും നിലവിൽവന്നു. ഉൽപാദനം മാന്ദ്യത്തിലായതിനൊപ്പം ഫിനാൻസ് അതിവേഗം വളർന്നതോടുകൂടി ഉൽപ്പാദനപരമായ സമ്പദ്ഘടനയ്ക്കുമേൽ പുതിയൊരു ഫിനാൻഷ്യൽ ഉപരിഘടനയുടെ നിർമിതി ഉണ്ടാകുന്നതിനിടയാക്കി. ഇതെല്ലാം സാധ്യമായത് സമ്പദ്ഘടനയിലാകെയുള്ള വരുമാന പ്രവാഹത്തെ തട്ടിയെടുത്തതിന്റെ ഭാഗമായാണ്; കുടുംബ കടബാധ്യത, ഇൻഷുറൻസ് ചെലവുകൾ, ആരോഗ്യപരിരക്ഷാ ചെലവുകൾ എന്നിവയിലെ വർധനയ്ക്കൊപ്പം പെൻഷനിൽ കുറവുവരുത്തിയുമാണ് ഇത് സാധ്യമാക്കിയത് – ഇതെല്ലാം തന്നെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളുടെ ചെലവിലുമാണ്.
അതേസമയം കോർപ്പറേറ്റുകൾ വലിയ തോതിൽ ഉൽപാദനം വികസ്വര രാജ്യങ്ങളിലേക്ക് മാറ്റുന്ന സ്ഥിതിയുണ്ടായി; അധ്വാനത്തിന്റെ ആഗോള ഹുണ്ടിക വ്യാപാരം (Global Labor Arbitrage – – ചരക്കുകളും സേവനങ്ങളും ഉൽപാദിപ്പിക്കാൻ ഏറ്റവും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുന്ന സ്ഥലത്തേക്ക് ഉൽപാദനം മാറ്റുന്ന പ്രക്രിയ) എന്ന പേരിൽ അറിയപ്പെടുന്ന പ്രക്രിയയിലൂടെ കൂലിച്ചെലവ് കുറയ്ക്കാനുള്ള അനേ-്വഷണത്തിന്റെ ഭാഗമായാണ് കോർപ്പറേറ്റുകൾ ഈ പറിച്ചുനടലിന് തുനിഞ്ഞത്. ഇത് സാധ്യമായത് പുതിയ കമ്യൂണിക്കേഷൻ – ട്രാൻസ്പോർട്ടേഷൻ സാങ്കേതിക വിദ്യകളിലൂടെയും ലോക സമ്പദ്ഘടനയുടെ പുതിയ മേഖലകളിലേക്കാകെ ആഗോളവൽക്കരണം വാതിലുകൾ തുറന്നതിലൂടെയുമാണ്. തൽഫലമായി അമേരിക്കൻ സമ്പദ്ഘടന അപവ്യവസായവൽക്കരിക്കപ്പെട്ടു. സമ്പദ്ഘടനയുടെ ഡിജിറ്റലെെസേഷനെയും പുതിയ ഹെെടെക് കുത്തകകളുടെ പുതിയ തലമുറയെയും പിന്തുടർന്നുവന്ന ഹെെടെക് മൂലധനത്തിന്റെ (ഉന്നത സാങ്കേതികവിദ്യാ മൂലധനം) വൻതോതിലുള്ള വളർച്ചയ്ക്ക് സമാന്തരമായി 1990കളിലാണ് ഇത് സംഭവിക്കുന്നത്. ഈ സംഭവവികാസങ്ങളുടെ സഞ്ചിതഫലമായി, മൂലധനത്തിന്റെയും ഫിനാൻസിന്റെയും സമ്പത്തിന്റെയും സാന്ദ്രീകരണവും കേന്ദ്രീകരണവും വലിയ തോതിൽ വർധിച്ചു. സമ്പദ്ഘടനയുടെ വളർച്ച മന്ദഗതിയിലായിട്ടുപോലും ധനികരുടെ സമ്പത്ത് അതിരുകളില്ലാതെ കുതിച്ചുയർന്നു; സമ്പന്നർ അധികമധികം സമ്പന്നരാകുകയും ദരിദ്രർ അധികമധികം ദരിദ്രരാവുകയും ചെയ്തു; അതേസമയം അമേരിക്കൻ സമ്പദ്ഘടന 21–ാം നൂറ്റാണ്ടിലേക്ക് ചുവടുവയ്ക്കുമ്പോൾതന്നെ വെെരുധ്യങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്. മൂലധനത്തെ ബാധിച്ച ഘടനാപരമായ പ്രതിസന്ധിയുടെ ആഴത്തെ ആഗോളവൽക്കരണവും ധനവൽക്കരണവും ഹ്രസ്വകാലത്തേക്ക് ഉയർന്നുവന്ന ഏകധ്രുവ ലോകവുംകൊണ്ട് താൽകാലികമായി മറച്ചുപിടിച്ചു; 2007–2009ലെ വലിയ ധനപ്രതിസന്ധി ഇതിലെല്ലാം തുളവീഴ്ത്തി. മുതലാളിത്ത കേന്ദ്രത്തിലെ കുത്തക മുതലാളിത്ത സമ്പദ്ഘടന അധികമധികം ധനമേഖലയുടെ വ്യാപനത്തെ ആശ്രയിച്ചുള്ളതാവുകയും ഉൽപാദന മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സ്വത്തുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പെരുപ്പിച്ച് കാണിക്കുകയും ചെയ്തപ്പോൾ അവിടത്തെ വ്യവസ്ഥിതി അധികമധികം അസമത്വമുള്ളതായി മാറിയെന്ന് മാത്രമല്ല, കൂടുതൽ ദുർബലമായി തീരുകയും ചെയ്തു. ‘ഫിനാൻഷ്യൽ വിപണി സ്വതവേ തന്നെ അസ്ഥിരമാണ്; അവ കടബാധ്യതാ വൃത്തത്തിന്റെ (Credit Cycle) അവസ്ഥാന്തരങ്ങൾക്കനുസരിച്ചുള്ളവയായതിനാൽ പരാശ്രിതവുമാണ്. സർവോപരി, ഉൽപാദനത്തെ മുരടിപ്പിച്ച് കടന്നുവന്നതാണ് ഫിനാൻഷ്യൽ മേഖലയെന്നതിനാലും അത് മാന്ദ്യത്തിൽ തുടരുന്നതിനാലും സമ്പദ്ഘടനയിലെ അപകടസാധ്യത വളരെ വലുതാണ്. അതിനു പരിഹാരമായി ജനങ്ങളുടെയാകെ ചോരയൂറ്റുന്നതിനൊപ്പം സെൻട്രൽ ബാങ്കുകൾ അടിക്കടി വൻതോതിൽ മൂലധനത്തിന് സർക്കാരിന്റെ പണം ഒഴുക്കിക്കൊടുക്കുകയുമാണ്.
ഈ വലയത്തിൽനിന്ന് പുറത്തുകടക്കാൻ കുത്തക മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ വ്യക്തമായ വഴിയൊന്നും തന്നെയില്ല. ഫിനാൻഷ്യൽ ഉപരിഘടന അതിനാധാരമായ ഉൽപാദന വ്യവസ്ഥയോട് (യഥാർഥ സമ്പദ്ഘടന) താരതമ്യപ്പെടുത്തുമ്പോൾ എത്രത്തോളം വളരുന്നോ, ബിസിനസ് –ഫിനാൻഷ്യൽ വലയത്തിൽ എത്രത്തോളം കാലം മുകളിലേക്ക് കുതിക്കുന്നുവോ അതിനെ തുടർന്നുവരുന്ന വിനാശകരമായ പ്രതിസന്ധി തുടരാനാണ് സാധ്യത. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതിനകം അമേരിക്കയിൽ മൂന്നുതവണ സാമ്പത്തിക തകർച്ച/ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു; 2000ത്തിലെ സാങ്കേതിക വിദ്യയുടെ കുതിപ്പിന്റെ തകർച്ചയാണ് ആദ്യത്തേത്. 2007–2009ൽ കുടുംബങ്ങളുടെ ഭൂപണയ വായ്പാ കുമിള പൊട്ടിച്ചിതറിയതിനെ തുടർന്ന് ഉയർന്നുവന്ന വൻ സാമ്പത്തിക തകർച്ച/ മഹാമാന്ദ്യം രണ്ടാമത്തേത്; അതിനുശേഷം ഉണ്ടായ 2020ൽ കോവിഡ് 19 മഹാമാരിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ആഴമേറിയ സാമ്പത്തിക മാന്ദ്യം മൂന്നാമത്തേതുമാണ്.
നവഫാസിസ്റ്റ് വഴിത്തിരിവ്
വൻ ധനപ്രതിസന്ധി അമേരിക്കയിലെ ഫിനാൻഷ്യൽ രംഗത്തെ പ്രഭുവാഴ്ചയ്ക്കുമേൽ ശാശ്വതമായ ആഘാതമാണുണ്ടാക്കിയത്; സംഘടിത രാഷ്ട്രീയ സംവിധാനത്തിനു മേലാകെ തന്നെ അത് എന്നെന്നേക്കുമുള്ള ആഘാതമുണ്ടാക്കി; സമൂഹത്തിലെ അധികാരത്തിന്റെ ഗർഭഗൃഹത്തിൽ തന്നെ ശ്രദ്ധേയമായ പരിവർത്തനത്തിന് അതിടയാക്കി. 2008 സെപ്തംബറിലെ ലേമാൻ ബ്രദേഴ്സ് തകർച്ചയെ തുടർന്ന് ധനകാര്യ സംവിധാനത്തിൽ പ്രത്യക്ഷപ്പെട്ട പ്രതിസന്ധി ഒരു ‘‘ആണവ തകർച്ച’’യിലേക്ക് കൂപ്പുകുത്തിയതിന്റെ വേഗതയും അതിവേഗം തന്നെ ആ പ്രതിസന്ധി ലോകത്താകെ പടർന്നുപിടിച്ചതും മുതലാളിത്ത പ്രഭുവാഴ്ചയെയും സമൂഹത്തിലെ തന്നെ ഏറെപേരെയും ഞെട്ടിപ്പിക്കുകയാണുണ്ടായത്. ഒരു വർഷത്തിലേറെയായി ഉരുണ്ടുകൂടി വികസിച്ചുകൊണ്ടിരുന്ന ധനമേഖലാ പ്രതിസന്ധിയിലെ ഏറ്റവും നാടകീയമായ സംഭവമായിരുന്നു ലേമാൻ ബ്രദേഴ്സിന്റെ തകർച്ച. അന്ന് അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക ബാങ്കായിരുന്ന ലേമാൻ ബ്രദേഴ്സിനെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്താനുള്ള അവസാന മാർഗമായി പണം നൽകാൻ ഗവൺമെന്റ് വിസമ്മതിച്ചതോടെയാണ് ആ ബാങ്ക് നിലംപൊത്തിയത്. ‘‘ധാർമികമായ അപകട സാധ്യത’’ എന്ന് യാഥാസ്ഥിതികർ വിശേഷിപ്പിച്ചതിനോടുള്ള ആശങ്കമൂലമാണ് ജോർജ് ഡബ്ല്യു ബുഷിന്റെ സർക്കാർ അതിനു തയ്യാറാകാതിരുന്നത്; അങ്ങനെ ഒരു കീഴ്-വഴക്കം സൃഷ്ടിക്കാൻ ഗവൺമെന്റ് തയ്യാറായാൽ, ബെയ്ൽ ഔട്ട് നൽകി സർക്കാർ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ വൻകിട കോർപ്പറേഷനുകളെല്ലാം അത്യധികം അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ ഏറ്റെടുക്കുമെന്ന ആശങ്ക ബുഷ് ഗവൺമെന്റിനുണ്ടായിരുന്നു. എന്നാൽ ലേമാൻ ബ്രദേഴ്സിന്റെ തകർച്ചയെതുടർന്ന് അമേരിക്കൻ ഫിനാൻഷ്യൽ സംവിധാനം ഒന്നടങ്കം ആടിയുലഞ്ഞതോടെ മൂലധന ആസ്തികളെ സംരക്ഷിക്കുന്നതിന് വൻതോതിലും അഭൂതപൂർവമായ വിധത്തിലുമുള്ള ഗവൺമെന്റ് രക്ഷാ നീക്കം ഫെഡറൽ റിസർവ് ബോർഡിന്റെ മുൻകെെയോടെ സംഘടിപ്പിക്കുകയുണ്ടായി. ‘‘ക്വാണ്ടിറ്റേറ്റീവ് ഈസിങ്’’ അഥവാ ഫെെനാൻഷ്യൽ മൂലധനത്തിന് സ്ഥിരത നൽകാൻ വേണ്ട പണം അച്ചടിച്ചിറക്കുകയെന്ന സംവിധാനം ഉൾപ്പെടെയുള്ളതായിരുന്നു ഈ രക്ഷാപദ്ധതി; തൽഫലമായി കോർപ്പറേറ്റ് മേഖലയിലേക്ക് ലക്ഷം കോടിക്കണക്കിന് ഡോളറാണ് കുത്തിച്ചെലുത്തപ്പെട്ടത്.
എസ്റ്റാബ്ലിഷ്-മെന്റ് സാമ്പത്തിക ശാസ്ത്രജ്ഞർക്കിടയിൽതന്നെ ദീർഘകാലമായി നിലനിൽക്കുന്ന മാന്ദ്യത്തിന്റെ ദശകങ്ങളെക്കുറിച്ച് തുറന്നുസമ്മതിക്കുന്നവരുണ്ട; വളരെ മുൻപേ തന്നെ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരായ (മന്ത്ലി റെവ്യു എഡിറ്റർമാരുമായ) ഹാരിമാഗ്ഡോഫും പോൾ എം സ്വീസിയും ഇതിനെ വിശകലന വിധേയമാക്കിയിട്ടുണ്ട്; ഒടുവിൽ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ളിൽ തന്നെ പ്രകടമായി; ഹേയ്-മാൻ മിൻസ്-ക്കിയുടെ പ്രതിസന്ധിയെ സംബന്ധിച്ച ഫിനാൻഷ്യൽ അസ്ഥിരീകരണ സിദ്ധാന്തവും ഇതോടൊപ്പം അംഗീകരിക്കപ്പെട്ടു. അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വളരെ ദുർബലമായ സാധ്യത മാത്രമേയുള്ളൂവെന്നത് വ്യക്തമാക്കുന്നതാണ് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാന്ദ്യവും ഫിനാൻസ്-വൽക്കരണവും; ഇക്കാര്യം പുരോഗമനവാദികളായ സാമ്പത്തികശാസ്ത്രജ്ഞർ മാത്രമല്ല യാഥാസ്ഥിതികരായ സാമ്പത്തിക ശാസ്ത്രജ്ഞർ പോലും ഇപ്പോൾ അംഗീകരിക്കുന്നുണ്ട്.
ധനകാര്യമേഖലയെ പിടികൂടിയ മഹാപ്രതിസന്ധിയുടെ കാലത്ത് അമേരിക്കൻ മുതലാളിവർഗത്തെയാകെ ഏറെ പരിഭ്രാന്തരാക്കിയ കാര്യം, അമേരിക്കൻ സമ്പദ്ഘടനയും യൂറോപ്പിന്റെയും ജപ്പാന്റെയും സമ്പദ്ഘടനകളും ആഴമേറിയ മാന്ദ്യത്തിലേക്ക് പതിച്ചപ്പോൾ ചെെനീസ് സമ്പദ്ഘടന ഒരുവിധം പിടിച്ചുനിന്നു എന്നുള്ളതാണ്; തുടർന്നിങ്ങോട്ട് ഏകദേശം ഇരട്ട അക്ക വളർച്ചയിലേക്ക് കുതിച്ചുയർന്നു എന്നുള്ളതാണ്. ചുവരെഴുത്ത് ഇക്കാര്യത്തിൽ നിന്നു തന്നെ വ്യക്തമാണ്; ലോകസമ്പദ്ഘടനയിൽ അമേരിക്കൻ സമ്പദ്ഘടനയുടെ ആധിപത്യം, ചെെനയുടെ പ്രത്യക്ഷത്തിൽ തന്നെയുള്ള തടയാനാകാത്ത മുന്നേറ്റത്തിൽ, അതിവേഗം അപ്രത്യക്ഷമാവുകയാണ്; ഡോളറിന്റെയും അമേരിക്കൻ കുത്തക –ഫിനാൻസ് മൂലധനത്തിന്റെയും മേധാവിത്വത്തിന് ഇത് ഭീഷണിയുയർത്തുന്നു.
മഹാമാന്ദ്യം ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഇടയാക്കിയെങ്കിലും പെട്ടെന്നുതന്നെ തീവ്ര വലതുപക്ഷത്തിന്റേതായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉയർന്നുവരുന്നതാണ് നാം കണ്ടത്; വീടുകൾ പണയം വാങ്ങി വായ്പ നൽകി തകർന്ന ബാങ്കുകൾക്ക് ബെയ്ൽഔട്ട് നൽകിയതിനോട് എതിർപ്പുണ്ടായിരുന്ന താഴ്ന്ന ഇടത്തരം വർഗക്കാരാണ് ഈ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനുപിന്നിൽ അണിനിരന്നത്; തങ്ങൾക്ക് മുകളിലുള്ള ഉയർന്ന ഇടത്തരക്കാർക്കും തങ്ങൾക്ക് താഴെയുള്ള തൊഴിലാളിവർഗത്തിനുമാണ് ഇതുകൊണ്ട് നേട്ടമുണ്ടാവുകയെന്നാണവർ കരുതിയത്. വെള്ളക്കാരായ താഴ്ന്ന ഇടത്തരം വർഗക്കാർ ശ്രോതാക്കളായിട്ടുള്ള യാഥാസ്ഥിതിക റേഡിയോ ചർച്ചകൾ തുടക്കംമുതൽ തന്നെ പ്രതിസന്ധിക്കു പരിഹാരമായി സർക്കാർ ബെയ്ൽഔട്ട് നൽകുന്നതിനെയാകെ എതിർത്തു. തീവ്ര വലതുപക്ഷമെന്ന് അറിയപ്പെടുന്ന പാർട്ടി പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെട്ടത് പെട്ടെന്ന് രംഗപ്രവേശം ചെയ്തത് 2009 ഫെബ്രുവരി 19നാണ്; സിഎൻബിസി എന്ന ബിസിനസ് നെറ്റ്-വർക്കിന്റെ കമന്റേറ്ററായ റിക് സാന്റെല്ലി (Rick Santelli), ഒബാമ ഗവൺമെന്റിന്റെ ഭവന പണയവായ്പയ്ക്കുള്ള ബെയ്ലൗട്ടുകൾ സോഷ്യലിസ്റ്റ് പദ്ധതിയാണെന്ന് പറഞ്ഞുകൊണ്ട് നടത്തിയ അധിക്ഷേപ പ്രഭാഷണമാണ് (ഒബാമ ഗവൺമെന്റിന്റെ പദ്ധതിയെ അദ്ദേഹം ക്യൂബൻ ഗവൺമെന്റ് നയങ്ങളോടാണ് താരതമ്യപ്പെടുത്തിയത്) അതിനു തുടക്കം കുറിച്ചത്; തങ്ങളുടെ അയൽക്കാരൻ വീടുവാങ്ങിയതിനെടുത്ത വായ്പാ കുടിശ്ശിക ജനങ്ങളിൽനിന്ന് നിർബന്ധമായി ഈടാക്കാനുള്ള പദ്ധതിയാണ് ഒബാമ സർക്കാർ കൊണ്ടുവരുന്നതെന്ന പ്രചരണമാണ് ആ പ്രഭാഷണത്തിലൂടെ ആളുകളുടെ മനസ്സിലെത്തിച്ചത്. അത് സ്വതന്ത്ര വിപണി തത്വങ്ങൾ ലംഘിക്കുന്നതാണെന്നും പ്രചരിപ്പിച്ചു. നിരർഥകമായ വാചകക്കസർത്തിലൂടെ സാന്റെല്ലി സൂചിപ്പിച്ചത് ബോസ്റ്റൺ ടി പാർട്ടിയെക്കുറിച്ചാണ്; അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടി പാർട്ടി ഗ്രൂപ്പുകൾ സംഘടിപ്പിക്കപ്പെട്ടു. l
(തുടരും)



