Sunday, May 19, 2024

ad

Homeരാജ്യങ്ങളിലൂടെമനുഷ്യത്വത്തിനായി പലസ്‌തീൻ ആരോഗ്യപ്രവർത്തകരുടെ പോരാട്ടം

മനുഷ്യത്വത്തിനായി പലസ്‌തീൻ ആരോഗ്യപ്രവർത്തകരുടെ പോരാട്ടം

ടിനു ജോർജ്‌

ഗാസയ്‌ക്കുനേരെയുള്ള ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചിട്ട്‌ ആറുമാസത്തോളമാകുന്നു. ആശുപത്രികളും വിദ്യാലയങ്ങളും അഭയാർഥികേന്ദ്രങ്ങളുമുൾപ്പെടെ ഇസ്രയേലിന്റെ അധിനിവേശസേന ആക്രമിക്കുന്നത്‌ തുടരുകയാണ്‌. ഇസ്രയേലിന്റെ ഉപരോധംമൂലം ആഹാരസാധനങ്ങളും മരുന്നും ലഭ്യമല്ലാതെ പലസ്‌തീൻ ജനത വലയുകയാണ്‌. ഭക്ഷണസാധനങ്ങൾ ലഭ്യമല്ലാതെ പട്ടിണിയിലായ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ പലസ്‌തീൻകാർ ഗാസയിൽ പിടഞ്ഞുമരിക്കുന്നതിന്റെ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. പട്ടിണിമരണം വ്യാപകമാകുമ്പോഴും ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാനുള്ള ഇടപെടലൊന്നും ഐക്യരാഷ്‌ട്രസഭയിൽനിന്നും ഉണ്ടാകുന്നില്ല.

2024 മാർച്ച്‌ 18ന്‌ ഇസ്രയേൽ അധിനിവേശസേന ഗാസയിൽ അൽ ഷിഫ ആശുപത്രിയിൽ നാലാമതും റെയ്‌ഡ്‌ നടത്തി. 80 ഓളം ആളുകളെ അവർ അവിടെനിന്ന്‌ തട്ടിക്കൊണ്ടുപോയി; അതിൽ ആശുപത്രി ജീവനക്കാരും രോഗികളും അഭയം തേടി എത്തിയവരുമുണ്ട്‌; ഡോക്ടർമാർക്കും നേഴ്‌സുമാർക്കും മറ്റ്‌ ആരോഗ്യപ്രവർത്തകർക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കു പുറമെ ആശുപത്രിയിൽനിന്ന്‌ ഈ വാർത്തകൾ പുറംലോകത്തെത്തിക്കുന്ന മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെടുകയും അറസ്റ്റു ചെയ്യപ്പെടുകയുമാണ്‌.

2023 ഒക്ടോബർ 7നുശേഷം 2024 മാർച്ച്‌ 20 വരെ 31,000ത്തിലധികം പലസ്‌തീൻകാരാണ്‌ ഇസ്രയേൽ അധിനിവേശസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌‐ ഇതിലധികവും കുട്ടികളും സ്‌ത്രീകളും വൃദ്ധരുമാണ്‌. പട്ടിണിമൂലമുള്ള മരണങ്ങൾ വേറെയുമുണ്ട്‌. 72,000ത്തിൽ അധികം ആളുകൾക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. നഗ്നമായ വംശഹത്യയാണ്‌ ഗാസയിൽ നടക്കുന്നത്‌ എന്നറിഞ്ഞിട്ടും ഐക്യരാഷ്‌ട്രസഭ അനങ്ങുന്നില്ല. അമേരിക്ക അതിനനുവദിക്കുന്നില്ല എന്നതാണ്‌ സത്യം.

വംശഹത്യയാണ്‌ ഇസ്രയേലിന്റെ ലക്ഷ്യമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ അധിനിവേശസേന ആക്രമണത്തിന്‌ ലക്ഷ്യമാക്കുന്ന കേന്ദ്രങ്ങൾ. ഹെൽത്ത്‌ സെന്ററുകൾ, ആശുപത്രികൾ, ആംബുലൻസുകൾ, ആരോഗ്യപ്രവർത്തകർ എന്നിവയാണ്‌ മുഖ്യമായും ആക്രമിക്കപ്പെടുന്നത്‌. തങ്ങൾക്കതിലൊരു ഉത്തരവാദിത്വവുമില്ലെന്ന്‌ ഇസ്രയേൽ പറഞ്ഞൊഴിയുമ്പോഴും ഗാസയിലെ ആരോഗ്യപരിചരണകേന്ദ്രങ്ങൾക്കു നേരെയുള്ള ബോംബോക്രമണങ്ങളും റെയ്‌ഡുകളും അവിരാമം തുടരുകയാണ്‌. ആരോഗ്യപ്രവർത്തകരെ വിരട്ടുകയും രോഗികളെയും ജീവനക്കാരെയും കൊല്ലുകയും ചെയ്യുന്നത്‌ തുടരുന്നു.

2023 ഒക്ടോബർ 17ന്‌ അൽ‐അഹ്‌ലി ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ടത്‌ 500 പേർ. ഏതാനും ദിവസങ്ങൾക്കുശേഷം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ആക്രമിക്കപ്പെട്ടു. നവംബർ 11ന്‌ ആശുപത്രിക്കുള്ളിൽ 1500 രോഗികളെയും ജീവനക്കാരെയും ആശുപത്രിമുറ്റത്ത്‌ പതിനായിരക്കണക്കിന്‌ അഭയാർഥികളെയും ഉൾപ്പെടെ അൽ‐ഷിഫ ആശുപത്രിയെ ഇസ്രയേൽ സേന ഉപരോധത്തിലാക്കി. ജനുവരി 22ന്‌ പ്രമുഖ സീനിയർ ഫിസിഷ്യൻ ഹോസം ഹമദയെ തെരുവിൽ വെടിവച്ചുകൊന്നു. നിരവധി ആരോഗ്യപ്രവർത്തകരെ തട്ടിക്കൊണ്ടുപോവുകയും അറസ്റ്റ്‌ ചെയ്യുകയുമുണ്ടായി. അറസ്റ്റ്‌ ചെയ്യപ്പെട്ടവരിൽ അൽ‐അവ്‌ദ ആശുപത്രി മേധാവി അഹമ്മദ്‌ മുഹന്ന ഉൾപ്പെടെ ഡോക്ടർമാരും നേഴ്‌സുമാരുമുണ്ട്‌. ഗാസയിലെ മിക്കവാറും എല്ലാ ആശുപത്രികളെയും ഇസ്രയേൽ സേന തകർത്തിരിക്കുകയാണ്‌.

75 വർഷമായി തുടരുന്ന ഇസ്രയേലി അധിനിവേശത്തിന്റെ അനുഭവമുള്ള പലസ്‌തീനിലെ ആരോഗ്യപ്രവർത്തകർ ഇസ്രയേലി ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ വേണ്ട ശേഷി ആർജിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ചയോളം വെള്ളവും വൈദ്യുതിയും ഭക്ഷണവും ഔഷധങ്ങളും നിഷേധിക്കപ്പെട്ട്‌ ഉപരോധത്തിൽ കഴിയാനും അതിജീവിക്കാനും അൽ‐അവ്‌ദ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക്‌ കരുത്തുപകർന്നത്‌ ചെറുത്തുനിൽപ്പിന്റെ അനുഭവമാണ്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular