Sunday, May 19, 2024

ad

Homeനിരീക്ഷണംമോദി വാഴ്ച അവസാനിപ്പിക്കാനുള്ള അവസരം

മോദി വാഴ്ച അവസാനിപ്പിക്കാനുള്ള അവസരം

തിരഞ്ഞെടുപ്പു കമ്മീഷൻ ലോക്-സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, വോട്ടെടുപ്പ് മുതലായ നടപടികളുടെ തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഏപ്രിൽ 19 മുതൽ ഏഴുഘട്ടങ്ങളിലായി ലോക്-സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. അത് ജൂൺ ഒന്നിന് അവസാനിക്കും. ജൂൺ നാലിനു വോട്ടെണ്ണുന്നതോടെ 18–ാം ലോക്-സഭയിൽ വിവിധ കക്ഷികളുടെ ബലാബലം വ്യക്തമാകും.

തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതൃത്വവും അവകാശപ്പെട്ടിരുന്നത് ഇത്തവണ 400 സീറ്റ് നേടാൻ കഴിയും എന്നായിരുന്നു. അതിനാവശ്യമായ തയ്യാറെടുപ്പുകൾ തങ്ങൾ നടത്തിക്കഴിഞ്ഞു എന്ന പ്രതീതി ബിജെപി നേതൃത്വവും ഒരു വിഭാഗം മാധ്യമങ്ങളും കൂടി നാട്ടിലാകെ പരത്തിക്കഴിഞ്ഞിരുന്നു.

ബിജെപിക്കെതിരായി ഇത്തവണ പ്രതിപക്ഷം കൂട്ടുകെട്ടുണ്ടാക്കുന്നതിനു പല പാർട്ടികളുടെയും നേതാക്കൾ ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി മാസങ്ങൾക്കുമുമ്പ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ആ സംസ്ഥാന സർക്കാരിൽ പങ്കാളിയായ ആർജെഡിയും മുൻകയ്യെടുത്ത് പ്രതിപക്ഷ പാർട്ടികളുടെ ഒരു യോഗം പട്നയിൽ വിളിച്ചിരുന്നു. രണ്ടു ഡസനിലധികം പാർട്ടികൾ അതിൽ പങ്കാളികളായി. ബിജെപിയെ യോജിച്ചെതിർക്കണം എന്ന പൊതുധാരണ ആ യോഗത്തിലുണ്ടായി. അതിനെ തുടർന്ന് പ്രതിപക്ഷം യോജിച്ച് ബിജെപിക്കെതിരായി മത്സരിക്കുന്നതിനുള്ള ഒരുക്കം നടക്കുന്നു എന്നു കണ്ടതോടെ ബിജെപി അപകടം മണത്തു. ബിജെപിക്ക് 2014ൽ 30 ശതമാനവും 2019ൽ 37 ശതമാനവും വോട്ടാണ് ആ പാർട്ടിക്ക് ലഭിച്ചിരുന്നത്. വലിയ ഭൂരിപക്ഷം വോട്ട് ബിജെപിക്കെതിരെയാണ് രേഖപ്പെടുത്തപ്പെട്ടത്. പ്രതിപക്ഷ പാർട്ടികൾ വേറിട്ട് മത്സരിച്ചതിനാലാണ് ബിജെപി വൻ വിജയം നേടിയത്. അവ ഒന്നിച്ചു നിന്നാൽ ബിജെപിക്ക് എത്ര സീറ്റ് നേടാൻ കഴിയുമെന്ന്. അത് കേവല ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യയേക്കാൾ വളരെ കുറവായിരിക്കും എന്നവർക്കറിയാം. ബിജെപി നേതാക്കളുടെ ഈ ഉൽക്കണ്ഠയാണ് ഒറീസ്സയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ ടിഡിപി മുതലായ ചില പ്രാദേശിക പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിന് ബിജെപി മുതിരാൻ കാരണം. ടിഡിപിയുമായി മാത്രമേ ഇതിനകം അവർക്ക് ധാരണ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ.

അതിനുമുമ്പ് ബീഹാറിൽ നിതീഷ് കുമാറിനെ പാട്ടിലാക്കി ജെഡിയുവുമായി ബിജെപി ധാരണയുണ്ടാക്കി. അതിനുവേണ്ടി നിതീഷ് കുമാർ ആർജെഡിയും കോൺഗ്രസ്സും മറ്റുമായുള്ള കൂട്ടുകെട്ടിൽനിന്നു പിൻവാങ്ങി. ബിജെപി പിന്തുണയോടെ ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ഉണ്ടാക്കി. ഇങ്ങനെ ചില കൂട്ടുകെട്ടുകൾ പ്രാദേശിക പാർട്ടികളുമായി ബിജെപി ഉണ്ടാക്കിയത് ഇന്ത്യാ കൂട്ടുകെട്ട് രൂപംകൊണ്ടാൽ തങ്ങളുടെ വിജയ പ്രതീക്ഷ തകരും എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു. നരേന്ദ്രമോദി, ഓരോ സംസ്ഥാനത്തും ചെന്നു പ്രസംഗിച്ചാൽ ജനങ്ങളൊക്കെ ബിജെപിക്കു വോട്ടുചെയ്യും എന്ന തങ്ങളുടെ പ്രചരണത്തിൽ ബിജെപി നേതൃത്വത്തിനുതന്നെ ഒട്ടും വിശ്വാസമില്ല. അക്കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണ് വിവിധ പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള നീക്കത്തിലൂടെ ബിജെപി.

ഇതിനിടെയാണ് 2018 മുതൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന തിരഞ്ഞെടുപ്പ് (ഇലക്ടറൽ) ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതിയുടെ ഒരു ഭരണഘടനാ ബെഞ്ച് ഫെബ്രുവരി 15ന് വിധിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്-ബിഐ) ആയിരുന്നു ബോണ്ട് ഇറക്കിയിരുന്നത്. അത് ആരു വാങ്ങി, ഏത് പാർട്ടിക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത് എന്നത് സംബന്ധിച്ച പൂർണവിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു. ഇത് എഴുതുമ്പോഴും അതിന്റെ പൂർണവിവരം പുറത്തുവന്നു കഴിഞ്ഞിട്ടില്ല. ഏതാണ്ട് 12,000 കോടിയിൽപരം രൂപയുടെ ബോണ്ടുകൾ എസ്ബിഐ വിറ്റിരുന്നു. അതിൽ ഏതാണ്ട് 7,000 കോടിയുടെ (59 ശതമാനം) ബോണ്ട് ലഭിച്ചത് ബിജെപിക്കാണ് എന്നു വെളിപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്സിനു 4,000 കോടിയിൽപരം രൂപ ലഭിച്ചു. സിപിഐ എം, സിപിഐ എന്നിവ ഒഴികെയുള്ള പല പാർട്ടികളും പണം സ്വീകരിക്കാൻ തയ്യാറായിരുന്നു. തങ്ങൾക്കുവേണ്ട പ്രവർത്തന ഫണ്ട് ജനങ്ങളിൽനിന്നു ചെറിയ തുകകളായാണ് സുതാര്യമായി പിരിച്ചെടുക്കേണ്ടത് എന്നാണ് സിപിഐ ഐ എമ്മിന്റെ നിലപാട്. അതുകൊണ്ടാണ് ബോണ്ടുവഴി പണം സ്വീകരിക്കാതിരുന്നത്; ബോണ്ട് ഏർപ്പാടിനെതിരെ സുപ്രീംകോടതിയിൽ കേസ് വാദിച്ച ഒരേയൊരു രാഷ്ട്രീയ കക്ഷി സിപിഐ എം ആണ്.

പല അന്യായ മാർഗങ്ങളിലൂടെയും പണം സമ്പാദിച്ച കമ്പനികളും വ്യക്തികളും ബോണ്ട് വാങ്ങി ബിജെപിയെയും കോൺഗ്രസ്സിനെയും സ്വാധീനിച്ചിരുന്നു. ഇത്തരത്തിൽ സുതാര്യമല്ലാത്ത പണം ബോണ്ടായും മറ്റും സ്വീകരിക്കുന്ന ബിജെപിയും കോൺഗ്രസ്സും അധികാരം കയ്യിലുള്ളപ്പോൾ എന്തെല്ലാം ദുഷ്ടലാക്കാടെ പ്രവർത്തിച്ചിരിക്കില്ല, ധനസമ്പാദനത്തിനായി എന്ന ചോദ്യം തിരഞ്ഞെടുപ്പു ബോണ്ടുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നുയർന്നുവന്നിട്ടുണ്ട്. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങൾ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയം ഈ ബോണ്ട് കച്ചവടം ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത് അങ്ങനെ ഉയർന്നുവരാതിരിക്കാൻ ഭരണകക്ഷിയായ ബിജെപി (ഒരളവോളം കോൺഗ്രസ്സും) മാധ്യമങ്ങളെയും മറ്റും പരമാവധി സ്വാധീനിക്കാൻ ശ്രമിക്കും എന്ന് ഉറപ്പാണ്. പക്ഷേ, വൻ വ്യാപാരി വ്യവസായികളും ഈ മുതലാളിവർഗ പാർട്ടികളും തമ്മിലുള്ള ഇത്തരം അവിഹിതബന്ധങ്ങൾ, ആ പാർട്ടികളുടെ പണത്തിനായുള്ള അത്യാർത്തി മുതലായവ തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടണം. അങ്ങനെ മാത്രമേ, പൊതുജീവിതത്തിൽ സത്യസന്ധത പാലിക്കപ്പെടുന്നു എന്നും അഴിമതിയും കെെക്കൂലിയും സ്വജനപക്ഷപാതവും അപലപിക്കപ്പെടുകയും ഭരണവൃത്തങ്ങളിൽനിന്നു തുടച്ചു നീക്കും എന്ന് ഉറപ്പുവരുത്താൻ കഴിയൂ.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പാലക്കാട്ട് പട്ടണത്തിൽ ഷോ നടത്തി. കോയമ്പത്തൂരിൽ നിന്നു ഹെലികോപ്ടറിൽ അവിടെ പറന്നിറങ്ങി. തങ്ങളുടെ പ്രവർത്തകരെ നേരത്തെ ചട്ടംകെട്ടി റോഡിനിരുവശവും നിർത്തി. അവരുടെ മധ്യത്തിലൂടെ അവരുടെ പുഷ്പവൃഷ്ടിയേറ്റു കൊണ്ടും ഇടയ്ക്കിടെ അവർക്കിടയിലേക്ക് പൂമാലകൾ എറിഞ്ഞുകൊണ്ടും അലങ്കരിച്ച വാഹനങ്ങളിൽ ഒരു ഓട്ട പ്രദക്ഷിണം നടത്തി. ജനങ്ങളോട് ഒരക്ഷരം സംസാരിച്ചില്ല. അദ്ദേഹത്തിനു ജനങ്ങളോട്, കേരളത്തിലെ ജനങ്ങളോട് വിശേഷിച്ചും, ഒന്നും പറയാനില്ല. അതുകൊണ്ട് കെെവീശി ജനങ്ങളെ അഭിവാദ്യംചെയ്ത് വോട്ട് അഭ്യർഥിച്ചു മടങ്ങി.

എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്? കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണത്തിൽ മോദി സർക്കാർ ജനങ്ങൾക്കുവേണ്ടി ചെയ്തത് എന്തൊക്കെയാണ്?ഏതാനും ഇനങ്ങൾ നോക്കാം.

1. പെട്രോൾ, ഡീസൽ വിലകൾ യുപിഎ സർക്കാർ കുത്തനെ വർധിപ്പിച്ചു. അത് തങ്ങൾ അധികാരത്തിൽ എത്തിയാൽ പഴയനിലയിലാക്കും എന്നായിരുന്നു മോദി പ്രഭൃതികൾ 2014ലെ തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളോട് വാഗ്ദാനം ചെയ്തത്. സംഭവിച്ചതോ? പെട്രോൾ, ഡീസൽ വില ഇരട്ടിയാക്കി. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ ജനങ്ങളിൽനിന്നു മോദി സർക്കാർ ഈ ജനത്തിൽ പിരിച്ചെടുത്തത് ലക്ഷക്കണക്കിനു കോടി രൂപയാണ്.

2. ഇതുപോലെ തന്നെയാണ് പാചക വാതക വിലയുടെ കാര്യത്തിലും ഇടപെട്ടത്. അതിന്റെ വിലയും വർധിപ്പിച്ചുകൊണ്ടിരുന്നു. ആ ഇനത്തിലും മോദി സർക്കാർ ഇനങ്ങളിൽനിന്നു ചോർത്തിയെടുത്തത് പതിനായിരക്കണക്കിനു കോടി രൂപയാണ്.

3. മോദി സർക്കാർ 2014 ൽ സ്ഥാനമേൽക്കുമ്പോൾ തൊഴിലില്ലായ്മ ജനസംഖ്യയുടെ 5.44 ശതമാനം ആയിരുന്നു. അതിനുമുമ്പുള്ള 10 വർഷങ്ങളിൽ അത് 5 ശതമാനത്തിനു മുകളിൽ ചാഞ്ചാടിനിൽക്കുകയായിരുന്നു. മോദി വാഴ്ചക്കാലത്ത് അത് പടിപടിയായി ഉയർന്നുകൊണ്ടിരുന്നു. 2020 ആയപ്പോഴേക്ക് 8 ശതമാനമായി. 2023 വരെ ആ തോതിൽ തുടരുകയായിരുന്നു. 2024ൽ അത് 6.5 ശതമാനമായി കുറയുമെന്നാണ് മോദി സർക്കാരിന്റെ അവകാശവാദം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മോദി സർക്കാരിനു കീഴിൽ, അതേവരെ കാര്യക്ഷമമായി ശേഖരിച്ചുവന്ന വിവിധ സ്ഥിതി വിവരക്കണക്കുകൾ കാര്യക്ഷമമായി ശേഖരിക്കുന്നതിൽ വലിയ വീഴ്ച വരുത്തി എന്നതാണ്. കോവിഡ് മഹാമാരി വന്നത് അവർക്കു പറയാൻ ഒരുകാരണം നൽകി. മറ്റു രാജ്യങ്ങളെല്ലാം കോവിഡിനുശേഷം അവരുടെ സ്ഥിതിവിവരക്കണക്കുകൾ കൃത്യമായി ശേഖരിച്ചപ്പോൾ മോദി സർക്കാർ 2021ൽ നടത്തേണ്ട കാനേഷുമാരി (സെൻസസ്) കണക്കെടുപ്പ് നടത്തിയില്ല. അത് എപ്പോൾ നടത്തും എന്ന് സർക്കാർ പറയുന്നതേയില്ല. കണക്കുണ്ടെങ്കിലല്ലേ അതിന്റെ പേരിൽ പ്രതിപക്ഷവും ജനങ്ങളും തങ്ങളെ വിമർശിക്കുകയുള്ളൂ. കണക്ക് എടുത്തില്ലെങ്കിൽ അവർ എന്തു കണക്കുവച്ചാണ് വിമർശിക്കുന്നത് എന്നു കാണട്ടെ എന്ന ഭാവത്തിലാണ് മോദി സർക്കാർ.

4. കേന്ദ്ര സർക്കാരിനു കീഴിൽ ഒഴിവുവരുന്ന ജോലികളിൽ പുതുതായി ആരെയും നിയമിക്കുന്നില്ല എന്നാണ് സ്ഥിതിവിവരക്കണക്കുകളും വാർത്തകളും വെളിപ്പെടുത്തുന്നത്. 10 ലക്ഷം ഒഴിവുകൾ കേന്ദ്ര സർക്കാരിനു കീഴിലുണ്ട് എന്നാണ് കണക്ക്. അത് ഏറിവരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുമ്പോൾ മോദി സർക്കാർ ഇങ്ങനെ ലക്ഷക്കണക്കിനു തസ്തികകളിൽ നിയമനം നടത്താതിരിക്കുന്നത് വലിയ ജനദ്രോഹമാണ്, പ്രത്യേകിച്ച് ചെറുപ്പക്കാരായ ഉദ്യോഗാർഥികളോട്. അവരോട് ഒരു പ്രതിബദ്ധതയും സർക്കാരിനില്ല.

5. കഴിഞ്ഞ ഫെബ്രുവരി 8ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഒരു ധവളപത്രം കേന്ദ്ര സർക്കാരിന്റെ പൊതുക്കടത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതു പ്രകാരം 2004–14 കാലത്ത് പൊതുകടം ജിഡിപിയുടെ 67 ശതമാനം ആയിരുന്നത് 2014ൽ 53 ശതമാനമായി കുറഞ്ഞതായി കാണുന്നു. അതേസമയം മോദി വാഴ്ചയിൻകീഴിൽ അത് 58 ശതമാനമായി വർധിച്ചതായി കാണുന്നു. സർക്കാരിന്റെ മൊത്തം കടം യുപിഎ സർക്കാരിനുകീഴിൽ 67 ശതമാനം ആയിരുന്നത് മോദി വാഴ്ചക്കാലത്ത് 85 ശതമാനമായി വർധിച്ചിരിക്കുന്നു. കേരള സർക്കാരിന്റെ പൊതുക്കടത്തെക്കുറിച്ച് ആക്ഷേപിക്കുന്ന യുഡിഎ-ഫുകാർക്കും ബിജെപിക്കാർക്കും മോദി സർക്കാരിന്റെ കടത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

6. പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ ഉള്ള 125 രാജ്യങ്ങൾക്കിടയിൽ 111–ാമതാണ് ഇന്ത്യ നിൽക്കുന്നത്. അത് കാണിക്കുന്നത് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ എന്നാണ്. മൊത്തം സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോക രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് എന്ന കണക്കുമുണ്ട്. അവ കൂട്ടിവായിച്ചാൽ മനസ്സിലാകുന്നത് രാജ്യത്തെ സാമ്പത്തിക അസമത്വം അതിരൂക്ഷമാണ് എന്നത്രെ.

7. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയൻ ആണെന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം പറയുന്നത്. എന്നാൽ, ഈ സംസ്ഥാനങ്ങൾ തമ്മിലും ഓരോന്നിന്റെയും ഉള്ളിലുള്ള അസമത്വവും അനെെക്യവും രൂക്ഷമാണ്. അതിന്റെ അടുത്തകാലത്തെ മൂർഛിച്ച രൂപമാണ് മണിപ്പൂരിൽ കണ്ടത്. ആ വടക്കു കിഴക്കൻ സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങളും അല്ലാത്തവരും തമ്മിൽ വിരോധം ആളിക്കത്തിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിൽ അവിടെ ഉണ്ടായിരുന്ന സർക്കാർ ചെയ്തത്. തൽഫ-ലമായി നിരപരാധികളായ ഒട്ടനവധി പാവപ്പെട്ട സ്ത്രീ പുരുഷന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. അവർ തങ്ങളുടെ വീടുകളിൽനിന്നു താമസപ്രദേശത്തുനിന്നും ആട്ടിയോടിക്കപ്പെട്ടു. അവർക്കിടയിലെ വിരോധം തീർക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി മോദി അവിടെ പോകുകയോ ദുരിതബാധിതരെ ആശ്വസിപ്പിക്കുകയോ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയോ ചെയ്തില്ല. ബിജെപിയും ആർഎസ്-എസും ലക്ഷ്യമാക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നടത്തുന്നതിലാണ്, അവരുടെ യോജിപ്പോടെയുള്ള പ്രവർത്തനത്തിലും ജീവിതത്തിലുമല്ല. അതിന്റെ പരീക്ഷണശാലയാണ് മണിപ്പൂർ ഇപ്പോൾ.

8. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മഹാത്മാഗാന്ധിയുടെയും മറ്റ് സ്വാതന്ത്ര്യ സമരനേതാക്കളുടെയും നേതൃത്വത്തിൽ ചെയ്തത് ഇന്ത്യയെ മതനിരപേക്ഷ രാജ്യമായി മാറ്റുകയായിരുന്നു. മത, ജാതി, ഭാഷ, വേഷം ആദിയായ വെെവിധ്യങ്ങൾ നിലനിൽക്കെത്തന്നെ സമാധാനത്തോടെ സഹവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനെ മതരാഷ്ട്രമാക്കി മാറ്റാനാണ് ആർഎസ്-എസ്– ബിജെപി നീക്കം. ആ ലക്ഷ്യത്തോടെയാണ് പൗരത്വ നിയമം മോദി സർക്കാർ ഭേദഗതി ചെയ്തത്. അത് നടപ്പാക്കുന്നതിന്റെ പേരിൽ രാജ്യത്താകെ വർഗീയാസ്വസ്ഥ്യം അഴിച്ചുവിട്ടിരിക്കുകയാണ്.

9. സമാധാനം, സാഹോദര്യം, മതനിരപേക്ഷ സമീപനം, എല്ലാ വിഭാഗം ജനങ്ങളും എല്ലാ രാജ്യങ്ങളുമായി മെെത്രി– ഇവയെല്ലാമായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ലക്ഷ്യം. വ്യത്യസ്ത മതക്കാരും ജാതിക്കാരും ഭാഷക്കാരും ആ ലക്ഷ്യത്തോടെയാണ് തോളോടുതോൾ ചേർന്ന് ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചക്കെതിരെ പോരാടിയത്; ഇന്ത്യയിലെ പൗരരായ നമ്മളൊന്ന് എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുപോന്നത്. ജനങ്ങൾ തമ്മിൽ രൂപപ്പെട്ടിട്ടുള്ള ഈ ഐക്യത്തെ ബിജെപി അധികാരത്തിൽ വന്നശേഷം തകർക്കുകയാണ്. മതം, ജാതി, ഭാഷ തുടങ്ങിയ ഇന്ത്യയിലെ വെെവിധ്യങ്ങളെയെല്ലാം പരസ്പരം പോരടിക്കുന്ന സ്വത്വങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിൽ സംഘപരിവാരം.

ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി മോദിയുടെയും ബിജെപിയുടെയും വർഗീയ വാഴ്ച അവസാനിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിലൂടെ വീണ്ടെടുക്കുന്ന ഇന്ത്യയെ പുനർനിർമിക്കേണ്ടതുണ്ട്. അതായിരിക്കണം ഈ തിരഞ്ഞെടുപ്പിലെ ജനകീയലക്ഷ്യം. മതത്തിന്റെയും വർണത്തിന്റെയും ഭാഷയുടെയും മറ്റും പേരിൽ തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിരോധത്തെയും ശത്രുതയെയും ബഹുജന ഐക്യം ഊട്ടി ഉറപ്പിച്ച് അമ്പേ പരാജയപ്പെടുത്തുക തന്നെ വേണം. തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ മാത്രമേ ഇന്ത്യ വിജയിക്കൂ. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പുനഃസ്ഥാപിക്കുന്നതിന് അതിലൂടെ മാത്രമേ കഴിയൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + fourteen =

Most Popular