Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെത്രിപുരയിൽ തിപ്രമോത ബിജെപിയിലേക്ക്‌; സിപിഐ എം മുഖ്യ പ്രതിപക്ഷം

ത്രിപുരയിൽ തിപ്രമോത ബിജെപിയിലേക്ക്‌; സിപിഐ എം മുഖ്യ പ്രതിപക്ഷം

ഷുവജിത്‌ സർക്കാർ

2023ലെ ത്രിപുര തിരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ ഒരു സൂചനയുണ്ടായി. ത്രിപുരയിൽ ബിജെപി ഭരണത്തിൽനിന്ന്‌ പുറത്താകുമെന്നതായിരുന്നു ആ സൂചന. ത്രിപുരയിലെ പഴയ രാജവംശത്തിന്റെ പിന്മുറക്കാരനായ പ്രദ്യുത്‌ മാണിക്യ (ബുവാഗ്ര)യുടെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി ഉയർന്നുവന്നതോടെ നിലവിലെ സമവാക്യങ്ങൾ മാറാൻ തുടങ്ങിയിരുന്നു. ബിജെപിക്കെതിരെ പ്രചരണം നടത്തിയ പുതിയ പാർട്ടിയായ തിപ്രമോത പ്രധാനമായും കേന്ദ്രീകരിച്ചത്‌ ത്രിപുരയിലെ ആദിമവാസികൾക്ക്‌ ഒരു പുതിയ സംസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു. അതോടെ ബംഗാളികളും ഗോത്രവർഗക്കാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാൻ തുടങ്ങി. ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ച്‌ ബിജെപിക്കെതിരെ പോരാടുകയായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിനായി ഇടതുപക്ഷം ബിജെപിയിതര ശക്തികളോടും ബിജെപിയെ തോൽപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളോടും ഒന്നിച്ചണിനിരക്കാൻ ആഹ്വാനം ചെയ്‌തു. തിപ്രമോത അത്‌ നിരസിച്ചുകൊണ്ട്‌ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക്‌ മത്സരിക്കുകയായിരുന്നു. തിപ്രമോത എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയത്‌ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനിടയാക്കി. ആദിവാസിമേഖലകളിൽ ബഹുഭൂരിപക്ഷവും തിപ്രമോതയ്‌ക്ക്‌ അനുകൂലമായി വോട്ടുചെയ്‌തു. ഭരണവിരുദ്ധവികാരവും വലിയതോതിലുണ്ടായിരുന്നെങ്കിലും 60 സീറ്റുകളിൽ ബിജെപി 32 സീറ്റും അവരുടെ സഖ്യകക്ഷിയായ ഐപിഎഫ്‌ടി ഒരു സീറ്റും നേടി. തിപ്രമോത 13 സീറ്റും ഇടതുപക്ഷം 11 സീറ്റും കോൺഗ്രസ്‌ മൂന്ന്‌ സീറ്റും നേടി. ബിജെപിയുടെ സീറ്റ്‌ കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞു. പക്ഷേ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചത്‌ ബിജെപി വിജയിക്കാൻ കാരണമായി. തിപ്രതോമ ബിജെപിക്കൊപ്പം പോകുമെന്നും ജനത്തിന്റെ വോട്ട്‌ പാഴാകുമെന്നും തുടക്കംമുതൽ തന്നെ പലരും പറഞ്ഞിരുന്നു. തിപ്രമോത ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒപ്പം നിന്നിരുന്നെങ്കിൽ ഇടത്‌‐കോൺഗ്രസ്‌ കൂട്ടുകെട്ടിന്‌ തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കാനും ബിജെപിയെ പരാജയപ്പെടുത്താനും കഴിയുമായിരുന്നു.

തിപ്രമോതയുടെ നേതാക്കൾക്ക്‌ പ്രത്യേകിച്ച്‌ ബുവാഗ്രയ്‌ക്ക്‌ ബിജെപിയുമായി രഹസ്യബാന്ധവമുണ്ടെന്നും മോതയുടെ രൂപീകരണത്തിനു പിന്നിലെ ബുദ്ധി, ആദിവാസികൾക്കായി എന്തെങ്കിലുംചെയ്യുക എന്നതല്ല മറിച്ച്‌ 2023ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കുക എന്നതാണെന്നും ചില രാഷ്‌ട്രീയ നിരീക്ഷകരും സിപിഐ എമ്മും പറഞ്ഞിരുന്നത്‌ ഇപ്പോൾ യാഥാർഥ്യമായിത്തീർന്നിരിക്കുകയാണ്‌.

ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതമൽ എംഎൽഎമാരുള്ള തിപ്രമോതയ്‌ക്ക്‌ നിയമസഭയിൽ പ്രതിപക്ഷസ്ഥാനം ലഭിച്ചു. സിപിഐ എം എംഎൽഎ മരണപ്പെട്ടതും ഒരു ബിജെപി എംഎൽഎ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതും കാരണം രണ്ടു സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ്‌ നടന്നു. ബിജെപിയുടെ നേതൃത്വത്തിൽ വലിയ അക്രമങ്ങളാണ്‌ അരങ്ങേറിയത്‌. പ്രതിപക്ഷത്തെ ഒന്നടങ്കം ആക്രമിച്ചു. വോട്ടുകൾ മുഴുവൻ തട്ടിയെടുത്തു. ആ സമയം തിപ്രമോത സന്പൂർണ മൗനത്തിലായിരുന്നു. കോൺഗ്രസ്‌ ഇടതു സ്ഥാനാർഥികളെ പിന്തുണച്ചു. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച്‌ ആ രണ്ടു സീറ്റുകളിലും ബിജെപി വിജയിച്ചു. നിലവിലെ സീറ്റ്‌ ബിജെപി 33, ഐപിഎഫ്‌ടി 1,മോത 13, സിപിഐ എം 10, കോൺഗ്രസ്‌ 3 എന്നിങ്ങനെയാണ്‌.

എന്നാൽ ഇപ്പോൾ തിപ്രമോത പ്രതിപക്ഷസ്ഥാനം വിട്ട്‌ ബിജെപി സർക്കാരിനൊപ്പം ചേർന്നിരിക്കുകയാണ്‌. മോതയ്‌ക്ക്‌ രണ്ട്‌ മന്ത്രിസ്ഥാനം കിട്ടി. 60 അംഗ ത്രിപുര മന്ത്രിസഭയിൽ 10 അംഗങ്ങളുള്ള സിപിഐ എം മുഖ്യമപ്രതിപക്ഷമായി. സിപിഐ എം നേതാവ്‌ ജിതേന്ദ്ര ചൗധരിയാണ്‌ പ്രതിപക്ഷനേതാവ്‌.

ത്രിപുരയിൽ ബിജെപിയുടെ ഏജന്റായി പ്രവർത്തിച്ച തിപ്രമോത, തിരഞ്ഞെടുപ്പുകാലത്ത്‌ ബിജെപിയുടെ അക്രമത്തിനിരയായ ജനങ്ങളുടെ മുന്പാകെ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്‌. ബിജെപിയും സിപിഐ എമ്മും തമ്മിലാണ്‌ ഇനി പോരാട്ടം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ സമവാക്യങ്ങൾ ഉയർന്നുവരികയാണ്‌. സിപിഐ എമ്മും കോൺഗ്രസും ഒന്നിച്ചുനിൽക്കും. ത്രിപുരയിലെ പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണാനേ കഴിയൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 16 =

Most Popular