Sunday, May 19, 2024

ad

Homeഇവർ നയിച്ചവർപി വി കുഞ്ഞിക്കണ്ണൻ എന്ന പി വി

പി വി കുഞ്ഞിക്കണ്ണൻ എന്ന പി വി

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, എൽഡിഎഫ്‌ കൺവീനർ, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കരുത്തുറ്റ വ്യക്തിത്വത്തിനുടമായിരുന്നു പി വി കുഞ്ഞിക്കണ്ണൻ. 1940കളിൽ കുറ്റ്യാടി ഗവൺമെന്റ്‌ ഹയർ എലിമെന്ററി സ്‌കൂൾ അധ്യാപകനായിരിക്കെയാണ്‌ സോഷ്യലിസത്തിലും പിന്നീട്‌ കമ്യൂണിസ്റ്റ്‌ ആശയങ്ങളിലും അദ്ദേഹം ആകൃഷ്‌ടനായത്‌. ‘വൈ സോഷ്യലിസം’ എന്ന ജയപ്രകാശ്‌ നാരായണന്റെ പുസ്‌തകം പി വിയെ ഏറെ സ്വാധീനിച്ച കൃതിയാണെന്ന്‌ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിൽ ഇന്ത്യക്ക്‌ അനുയോജ്യമായത്‌ സോഷ്യലിസ്റ്റ്‌ സമ്പദ്‌വ്യവസ്ഥയാണെന്ന കാര്യം ജയപ്രകാശ്‌ സമഗ്രമായി വിശദീകരിക്കുന്നുണ്ട്‌. 1932ൽ രചിക്കപ്പെട്ട ആ കൃതി പുരോഗമന ചിന്തകഗതിക്കാരായ ചെറുപ്പക്കാരിൽ വലിയ സ്വാധീനമാണുണ്ടാക്കിയത്‌. 1935ൽ ആണല്ലോ ജയപ്രകാശ്‌ നാരായണൻ ജനറൽ സെക്രട്ടറിയായി കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടത്‌.

കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ആരംഭകാലം മുതൽ അതിന്റെ ശക്തനായ അനുഭാവിയായിരുന്നു പി വി; പിന്നീട്‌ പ്രവർത്തകനും. മലബാർ ടീച്ചേഴ്‌സ്‌ യൂണിയനിലൂടെയാണ്‌ കുഞ്ഞിക്കണ്ണൻ പൊതുപ്രവർത്തനം ആരംഭിച്ചത്‌. 1940കളിൽ ഏറ്റവും കൂടുതൽ യാതനകൾ അനുഭവിക്കുന്ന വിഭാഗമായിരുന്നു അധ്യാപകർ. അതിന്റെ വ്യക്തമായ ചിത്രങ്ങൾ ഹൃദയസ്‌പർശകമാംവിധം അടയാളപ്പെടുത്തപ്പെട്ടവയാണല്ലോ കാരൂരിന്റെ കഥകൾ. അധ്യാപകരെ സംഘടിപ്പിക്കുന്നതിലും അവരെ അവകാശബോധമുള്ളവരാക്കുന്നതിലും പി വി മുൻനിന്ന്‌ പ്രവർത്തിച്ചു.

മലബാർ ടീച്ചേഴ്‌സ്‌ യൂണിയന്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായി പി വി വളരെ വേഗം മാറി.

1939 ആയപ്പോഴേക്കും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകനായി കുഞ്ഞിക്കണ്ണൻ മാറി. 1939 അവസാനവും 1940 ആരംഭത്തിലുമായി കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയൊന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി മാറിയിരുന്നല്ലോ. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം 1943ൽ കോഴിക്കോട്ടു വെച്ചാണ്‌ ചേർന്നത്‌. ഒന്നാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായുള്ള സമ്മേളനമായിരുന്നു അത്‌. കോഴിക്കോട്ടും പരിസരപ്രദേശത്തുമുള്ള പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും അതുണ്ടാക്കിയ ആവേശം അവാച്യമായിരുന്നു.

1946ൽ മദിരാശി നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പ്‌ ഏറെ ശ്രദ്ധേയമായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി ഒരു രാഷ്‌ട്രീയ കക്ഷിയെന്ന നിലയ്‌ക്ക്‌ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടത്‌ ഈ തിരഞ്ഞെടുപ്പിലാണ്‌. അതുകൊണ്ടുതന്നെ പാർട്ടി പ്രവർത്തകർ ആവേശത്തോടെ പ്രവർത്തിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന്‌ കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള പ്രവർത്തകർ അഹോരാത്രം കഠിനാധ്വാനം ചെയ്‌തു.

കോൺഗ്രസും കമ്യൂണിസ്റ്റ്‌ പാർട്ടിയും മുസ്ലിം ലീഗും പരസ്‌പരം മത്സരിച്ച ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ഏതാനും സീറ്റുകൾ നേടാൻ സാധിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനപിന്തുണ വെളിവായി. 1946 ആയപ്പോഴേക്കും മലബാറിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളിലൊരാളായി കുഞ്ഞിക്കണ്ണൻ മാറിയിരുന്നു.

മാഹിയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ 1921 ഒക്ടോബറിലാണ്‌ കുഞ്ഞിക്കണ്ണൻ ജനിച്ചത്‌. പോതിയോട്ട്‌ വല്ലത്തിൽ എന്നാണ്‌ വീട്ടുപേര്‌. പിതാവ്‌ ടി നാരായണൻ നമ്പ്യാർ.

വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ്‌ കുഞ്ഞിക്കണ്ണൻ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാൻ സജീവമായി രംഗത്തിറങ്ങിയത്‌. ഇതിനിടയിൽ കേസിൽപെട്ടതിനെത്തുടർന്ന്‌ ജോലി ഉപേക്ഷിക്കേണ്ടിവന്നു.

സ്വാതന്ത്ര്യം കിട്ടിയപ്പോഴും കുഞ്ഞിക്കണ്ണൻ നീലഗിരിയിൽ ഒളിവിൽ പാർട്ടി പ്രവർത്തനം നടത്തുകയായിരുന്നു. മൂന്നുവർഷക്കാലം അവിടെ പ്രവർത്തിച്ചു. അവിടെ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്‌തു.

1940കളുടെ അവസാനത്തിലും 1950കളുടെ ആരംഭത്തിലുമായി തിരൂരിൽ പാർട്ടി കെട്ടിപ്പടുക്കാനാണദ്ദേഹം നിയോഗിക്കപ്പെട്ടത്‌.

കോഴിക്കോട്‌ ജില്ല രൂപീകരിക്കപ്പെട്ടതോടെ തിരൂർ അന്നത്തെ കോഴിക്കോട്‌ ജില്ലയുടെ ഭാഗമായി. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം, ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ അദ്ദേഹം വളർന്നു. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

കർഷകസംഘത്തിന്റെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്ന അദ്ദേഹം കർഷകസംഘം സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്ന അദ്ദേഹം പാർട്ടി രൂപീകരണ സമയംമുതൽ സംസ്ഥാന സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ചു. സിപിഐ എം കെട്ടിപ്പടുക്കുന്നതിന്‌ അദ്ദേഹം സംസ്ഥാനമൊട്ടാകെ കർമമണ്ഡലമാക്കി.

സംഘടനാ പ്രശ്‌നങ്ങളെത്തുടർന്ന്‌ 1970ൽ സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ കമ്മിറ്റി പിരിച്ചുവിടപ്പെട്ടു. ടി കെ രാമകൃഷ്‌ണനും പി വി കുഞ്ഞിക്കണ്ണനുമാണ്‌ അന്ന്‌ ചുമതല പാർട്ടി നൽകിയത്‌. ഇന്നത്തെ തൊടുപുഴ താലൂക്ക്‌ ഒഴികെയുള്ള ഇടുക്കി ജില്ലയുടെ ഭാഗങ്ങൾ കൂടി ചേർന്നതായിരുന്നു അന്നത്തെ കോട്ടയം ജില്ല. പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ അദ്ദേഹം കോട്ടയം ജില്ലയൊട്ടാകെ സഞ്ചരിച്ചു. ജില്ലയിലെ പഴയ തമലമുറയിലെ പല നേതാക്കളും കുഞ്ഞിക്കണ്ണന്റെ പ്രവർത്തനങ്ങളെ മതിപ്പോടെ അനുസ്‌മരിക്കുന്നുണ്ട്‌.

1977ൽ പാലക്കാട്‌ ജില്ലയിലെ മലമ്പുഴയിൽ നിന്ന്‌ അദ്ദേഹം നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമാജികനെന്ന പേരുനേടാൻ വളരെ വേഗം തന്നെ അദ്ദേഹത്തിന്‌ സാധിച്ചു.

എൽഡിഎഫ്‌ രൂപീകരിക്കപ്പെട്ടത്‌ 1980ൽ ആണ്‌. സിപിഐ എം, സിപിഐ, ആർഎസ്‌പി, കോൺഗ്രസ്‌ (യു പിന്നീട്‌ എസ്‌), കേരള കോൺഗ്രസ്‌ (എം), കേരള കോൺഗ്രസ്‌ (പിള്ള), അഖിലേന്ത്യാ മുസ്ലിം ലീഗ്‌ എന്നീ പാർട്ടികൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ എൽഡിഎഫ്‌. എൽഡിഎഫിന്റെ ആദ്യ കൺവീനറായി നിയോഗിക്കപ്പെട്ടത്‌ പി വി കുഞ്ഞിക്കണ്ണനായിരുന്നു. എൽഡിഎഫ്‌ 1980ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതും തുടർന്നുണ്ടായ സംഭവഗതികളുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണല്ലോ?

1980ലെ തിരഞ്ഞെടുപ്പിൽ വടകര നിയമസഭാ മണ്ഡലത്തിൽനിന്നാണ്‌ കുഞ്ഞിക്കണ്ണൻ ജനവിധി തേടിയത്‌. നിസ്സാര വോട്ടുകൾക്കാണ്‌ അന്ന്‌ ജനതാ പാർട്ടിയിലെ കെ ചന്ദ്രശേഖരനോട്‌ പരാജയപ്പെട്ടത്‌. 1982ൽ അദ്ദേഹം കൂത്തുപറമ്പിൽനിന്ന്‌ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ബദൽ രേഖ വിവാദത്തെത്തുടർന്ന്‌ 1986ൽ അദ്ദേഹം പാർട്ടി നടപടിക്ക്‌ വിധേയനായി. എന്നാൽ എം വി രാഘവനും കൂട്ടരും ചെയ്‌തതുപോലെ പാർട്ടി വിട്ടുപോകാനോ യുഡിഎഫ്‌ ക്യാമ്പിൽ ചേക്കേറാനോ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. എന്നുമാത്രമല്ല പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഉൾപ്പെടെയുള്ള നേതാക്കളുമായി നല്ല ബന്ധം അദ്ദേഹം നിലനിർത്തുകയും ചെയ്‌തിരുന്നു.

1999 ഏപ്രിൽ ഒമ്പതിന്‌ പി വി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ആര്യ പള്ളത്തിന്റെ മകൾ മൃണാളിനിയാണ്‌ പി വിയുടെ ജീവിതപങ്കാളി. രാധാകൃഷ്‌ണൻ, രമ, ശാന്ത, സതി എന്നിവർ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular