Sunday, May 19, 2024

ad

Homeനിരീക്ഷണംജനാധിപത്യത്തെ 
അട്ടിമറിക്കാനുള്ള നീക്കത്തിന് 
സുപ്രീംകോടതിയുടെ താക്കീത്

ജനാധിപത്യത്തെ 
അട്ടിമറിക്കാനുള്ള നീക്കത്തിന് 
സുപ്രീംകോടതിയുടെ താക്കീത്

സി പി നാരായണൻ

ആർഎസ്എസിനാൽ നയിക്കപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ സ്വന്തം തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിനുവേണ്ടി പാർലമെന്റിൽ ഏകപക്ഷീയമായി അവതരിപ്പിച്ചു പാസാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി പ്രഖ്യാപിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായി വിധിയെഴുതിയത്. പ്രധാനപ്പെട്ട നാലു നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ്, പാർലമെന്റിൽ ഒരു ചർച്ചയ്ക്കും വഴങ്ങാതെ 2017ലെ ബജറ്റിന്റെ ഭാഗമായി ഈ നിയമം കൊണ്ടുവന്നത്. ജനതാൽപര്യം ബലികഴിച്ചുകൊണ്ടാണ് സ്വകാര്യമേഖലയുടെ താൽപര്യസംരക്ഷണത്തിനായി ഈ നിയമം കൊണ്ടുവന്നത്. പൊതുതാൽപര്യത്തെ സ്വകാര്യ താൽപര്യത്തിനായി ബലികഴിച്ചുകൊണ്ടുള്ള മോദി സർക്കാരിന്റെ നിയമനിർമാണ പരമ്പരയുടെ സുപ്രധാന ഘട്ടമായിരുന്നു ഇത്.

പൊതുസമ്പത്തിന്റെ മേലുള്ള ഏത് നിയമനിർമാണവും രണ്ട് അടിത്തൂണുകളിൽ ഉറപ്പിച്ചതാകണം. ഒന്ന്, ജനാധിപത്യത്തിൽ വോട്ടർമാരാണ് ഏറ്റവും പ്രധാനപ്പെട്ട കക്ഷി. രണ്ട്, പൊതുനന്മയും ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പൊതുനന്മയായിരിക്കണം പരിരക്ഷിക്കപ്പെടേണ്ടത്.

പൊതുബജറ്റിന്റെ ഭാഗമായി നാലു നിയമനിർമാണങ്ങൾ 2017ൽ ചർച്ച കൂടാതെ പാസാക്കി. അങ്ങനെയാണ് ഇലക്ടറൽ ബോണ്ടുകൾ സൃഷ്ടിക്കപ്പെട്ടത്. ഈ ബോണ്ടുകൾ വാങ്ങുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്ന് നിയമംവഴി ഉറപ്പാക്കി. ഈ നടപടിയിൽ റിസർവ് ബാങ്ക് അതൃപ്തി രേഖപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇത് ഉപയോഗിക്കപ്പെടാം എന്നതായിരുന്നു ബാങ്കിന്റെ ഉൽക്കണ്ഠ. തിരഞ്ഞെടുപ്പു കമ്മീഷനും ഇത്തരത്തിലുള്ള അസന്തുഷ്ടി ബോണ്ടിന്റെ കാര്യത്തിൽ പ്രകടിപ്പിച്ചു.

സുപ്രീംകോടതി പറഞ്ഞത്
നമ്മുടെ സമ്പദ്-വ്യവസ്ഥയിൽ ഈ നിയമനിർമാണങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കും എന്നതാണ് സുപ്രീംകോടതി ചെന്നെത്തിയ നിഗമനം. അതിന്റെ അടിസ്ഥാനത്തിലാണ് അത് ഭരണഘടനാ വിരുദ്ധമാണെന്നു കോടതി വിധിച്ചതും. അതുമായി ബന്ധപ്പെട്ട ഭരണപരവും നിയമനിർമാണപരവുമായ അഞ്ച് പ്രധാന നിയമനിർമാണങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു കോടതി ഏകകണ്ഠമായി വിധിച്ചു. അവ താഴെ കൊടുക്കുന്നു:

വിവരാവകാശം
അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അത് എങ്ങനെ ബാധിക്കുന്നു എന്ന് സുപ്രീംകോടതി വിലയിരുത്തി. പ്രസംഗിക്കാനും ആശയപ്രകാശനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എന്ന അവകാശമാണ് ഭരണഘടനയുടെ 19 (1) എ അനുച്ഛേദം നൽകുന്നത്. ഈ അവകാശം പ്രയോഗിക്കാനുള്ള പൗരരുടെ അവസരമാണ് തിരഞ്ഞെടുപ്പിൽ വിനിയോഗിക്കുന്നത്. പാർട്ടികൾക്ക് ഏതെല്ലാം വഴിക്കാണ് പണം ലഭിക്കുന്നത് എന്നത് മറച്ചുവെക്കപ്പെട്ടാൽ, പൗരന് സ്വതന്ത്രമായി വോട്ട് ചെയ്യാനാവില്ല. ‘‘പങ്കാളിത്ത ജനാധിപത്യത്തെ വിപുലമാക്കുന്നതിനു അവശ്യംവേണ്ട വിവരംകൂടി അടങ്ങുന്നതാണ്’’ വിവരം അറിയാനുള്ള ഭരണഘടനാപരമായ അവകാശം എന്ന് ചീഫ് ജസ്റ്റിസ് വിലയിരുത്തി.

സമത്വാവകാശം
കമ്പനികളുടെ നിയന്ത്രണമില്ലാത്ത സംഭാവനകളും അവ നൽകാനുള്ള നഷ്ടത്തിലുള്ള കമ്പനികളുടെ കഴിവും 14–ാം അനുച്ഛേദം അനുസരിച്ചുള്ള സമത്വാവകാശത്തെ ലംഘിക്കുന്നതായി സുപ്രീംകോടതി വിലയിരുത്തി. ഭരണഘടനയിലെ ഈ അനുച്ഛേദത്തിന്റെ സത്തയാണ് ‘‘തീർത്തും സേ-്വച്ഛാപരമായ’’ നിയമനിർമാണം നടത്തുന്നതിൽ നിന്നു പാർലമെന്റിനെ തടയുന്നത്. ഇത്തരം നിയമനിർമാണങ്ങൾ ചഞ്ചല മനസ്സോടെയുള്ളതും അയുക്തികവുമായിരിക്കും. കമ്പനികൾ അനിയന്ത്രിതമായി നൽകുന്ന സംഭാവനകൾ അവ പാർട്ടികളുടെ മേൽ ചെലുത്തുന്ന സ്വാധീനത്തെ അളവുറ്റതാക്കുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നഷ്ടമുണ്ടാക്കുന്ന കമ്പനികളെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ അനുവദിച്ചാൽ, അതിനു സമാനമായ സേവനം അവയെക്കൊണ്ട് തങ്ങൾക്കായി ചെയ്യിക്കാൻ കമ്പനി ഉടമകൾ സമ്മർദ്ദം ചെലുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, ലാഭമുണ്ടാക്കുന്ന കമ്പനികൾ ചെലുത്തുന്നതിനേക്കാൾ കടുത്ത സ്വാധീനമായിരിക്കും ഇത്തരം നഷ്ടത്തിൽ മുങ്ങിയ കമ്പനികൾ തങ്ങൾ സംഭാവന നൽകിയവരുടെ മേൽ ചെലുത്തുക. അത് സമൂഹത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ.

കോടതിയും 
ആനുപാതികതാ 
പരിശോധനയും
ഇന്ത്യൻ ഭരണഘടനാ അനുസരിച്ച് ആനുപാതികത പരിശോധിക്കുക എന്നാൽ പരസ്പരം മത്സരിക്കുന്ന രണ്ട് മൗലികാവകാശങ്ങളെ എങ്ങനെ സമരസപ്പെടുത്തും എന്നതാണ്. വിവരാവകാശവും, സ്വകാര്യതയ്ക്കുള്ള അവകാശവും എങ്ങനെ സമരസപ്പെടുത്തും എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രശ്നം. ഈ രണ്ട് അവകാശങ്ങളും മൗലികങ്ങളാണല്ലോ. ഇതു സംബന്ധിച്ച കേസിൽ കോടതിയെ സമീപിച്ചവർ ഇലക്ടറൽ ബോണ്ടുകൾ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നു എന്നാണ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യാ സർക്കാർ ആകട്ടെ, അവ സ്വകാര്യതയ്ക്കുള്ള അവകാശത്തെ പോഷിപ്പിക്കുന്നു എന്നും. ഇലക്ടറൽ ബോണ്ടുകൾ എല്ലാ സംഭാവനകൾക്കും പൂർണമായ അജ്ഞത അനുവദിച്ചുകൊണ്ട് സ്വകാര്യതയ്ക്കു അനുകൂലമായി സ്ഥിതിഗതികളെ മാറ്റിമറിച്ചു.

സ്വകാര്യതയ്-ക്കുള്ള അവകാശം ഉന്നയിച്ചുകൊണ്ട് സംഭാവന ചെയ്യുന്ന ഒരാളുടെ രാഷ്ട്രീയക്കൂറ് സംബന്ധിച്ച വിവരം, സ്വകാര്യതയ്ക്കുള്ള അവകാശം ഉന്നയിച്ചു സംരക്ഷിച്ചാൽ അത് വോട്ടറുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നില്ല. വോട്ടറുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കാതെതന്നെ പണം സംഭാവന ചെയ്തയാളുടെ അവകാശത്തെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങളുണ്ട് എന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വ്യക്തികളായ സംഭാവനക്കാരുടെ അവകാശം സംരക്ഷിക്കണം എന്ന വാദത്തിൽ കഴമ്പുണ്ട് എന്ന് അദ്ദേഹംപറഞ്ഞു. കമ്പനികളുടെ സംഭാവനകൾ കൂടുതലും ബിസിനസ് ഇടപാടുകളാണ്. അവയ്ക്ക് അത്ര തന്നെ സംരക്ഷണം നൽകണ്ടേതില്ല.

കള്ളപ്പണത്തെ നിയന്ത്രിക്കലാണ് ലക്ഷ്യം എന്ന ഇന്ത്യാ സർക്കാരിന്റെ വാദത്തെ തള്ളിക്കളയാൻ ആനുപാതികതാ പരീക്ഷണവും ഉപയോഗിക്കപ്പെട്ടു. പ്രയോഗിക്കപ്പെട്ട ലക്ഷ്യവും മാർഗവും തമ്മിൽ യുക്തിസഹമായ ചങ്ങാത്തം ഉണ്ടെന്ന് അംഗീകരിച്ചാൽ പോലും, ആ ലക്ഷ്യം നേടാനുള്ള ഏറ്റവും പ്രതിബന്ധം കുറഞ്ഞ മാർഗം അതാണെന്നു കോടതിക്ക് അംഗീകരിക്കാനാവില്ല.

മറ്റൊരു നിശ്ശബ്ദ വിജയം പ്രകീർത്തിക്കപ്പെടേണ്ടതുണ്ട് എന്നു കോടതി പറഞ്ഞു: അറിയാനുള്ള അവകാശത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെക്കൂടി ഉൾപ്പെടുത്തിയത് പ്രധാനമാണ്. 2013ൽ മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ ഒരു കേസുണ്ടായിരുന്നു: രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമപ്രകാരം പൊതു അതോറിറ്റികളായി നിർദേശിക്കണം എന്ന ഉത്തരവിനെതിരായി. ആ കേസ് ഇതോടെ ദുർബലമായി.

രാഷ്ട്രീയ സംഭാവനകളെക്കുറിച്ച് സുപ്രീംകോടതിയുടെ നിലപാട് ഇതാണ്: വ്യക്തികളിൽ നിന്നും കോർപറേറ്റുകളിൽനിന്നും സംഭാവനകൾ സ്വീകരിക്കാൻ ഒരു ബദലെന്ന നിലയിൽ ഇലക‍്ടറൽ ട്രസ്റ്റുകൾ ഏർപ്പെടുത്തുക. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് അത് വിതരണം ചെയ്യുക. ഇലക്ടറൽ ബോണ്ടുകൾ പോലെ ഈ ട്രസ്റ്റ്, സംഭാവന ചെയ്യുന്നവരുടെ പേര് രഹസ്യമാക്കില്ല. മറ്റൊരു നിർദേശം തിരഞ്ഞെടുപ്പ് ചെലവുകൾ പൊതുജന സംഭാവനയിലൂടെ സമാഹരിക്കലാണ്.

ഇതിന്റെ കൂടെ പറയേണ്ടതാണ് ബിജെപിയുടെ അതിക്രമത്തിനെതിരായി സുപ്രീംകോടതി ഇടപെട്ട മറ്റൊരു സംഭവം. അത് ചണ്ഡീഗഢ് നഗരത്തിലാണ് ഉണ്ടായത്. നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർമാർ ചേർന്നു നടത്തിയ മേയർ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം എഎപി – കോൺഗ്രസ് കൂട്ടുകെട്ടിനായിരുന്നു. എന്നാൽ, മേയർ തിരഞ്ഞെടുപ്പ് ആദ്യം നടത്തിയപ്പോൾ ബിജെപി സ്ഥാനാർഥി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു.

ജനുവരിയിൽ നടന്ന വോട്ടെടുപ്പിൽ എഎപി സ്ഥാനാർഥി കുൽദീപ് കുമാറിന് 20 വോട്ടും ബിജെപി സ്ഥാനാർഥി മനോജ് സോൻകറിന് 16 വോട്ടുമാണ് ലഭിച്ചത‍്. എഎപി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നതിനുപകരം ബിജെപി ന്യൂനപക്ഷ സെൽ നേതാവായ വരണാധികാരി കുൽദീപ് കുമാറിനു ലഭിച്ച എട്ടു വോട്ട് അസാധുവായി പ്രഖ്യാപിച്ചു. അങ്ങനെ 16 വോട്ട് നേടിയ ബിജെപി സ്ഥാനാർഥി വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു.

എഎപി സ്ഥാനാർഥി സുപ്രീംകോടതിയിൽ കേസിനുപോയി. വരണാധികാരി അനിൽ മാസിഹ് കൃത്രിമം ചെയ്യുന്നതിന്റെ വീഡിയോ എഎപി സ്ഥാനാർഥി ഹാജരാക്കി. ഇത് കണ്ട ചീഫ് ജസ്റ്റിസ്, വരണാധികാരിയുടെ സാന്നിധ്യത്തിൽ ബാലറ്റ് പേപ്പറുകൾ പരിശോധിച്ചു. വരണാധികാരി കൃത്രിമം കാണിച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അതോടെ കൃത്രിമം കാണിച്ച് മേയറായ ബിജെപിക്കാരൻ രാജിവെച്ചു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതിൽ വിജയം നേടുന്നതിനായി ചില എഎപി കൗൺസിലർമാരെ ബിജെപി ചാക്കിട്ടു.

എന്നാൽ, വീണ്ടും തിരഞ്ഞെടുപ്പു നടത്തേണ്ടതില്ല, നേരത്തെ നടത്തിയ മേയർ തിരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണിയാൽ മതി എന്നു കോടതി വിധിച്ചു. അങ്ങനെ ചെയ്തപ്പോൾ മുമ്പു തോറ്റതായി പ്രഖ്യാപിക്കപ്പെട്ട എഎപി സ്ഥാനാർഥി വിജയിച്ചതായി കോടതി കണ്ടു. അങ്ങനെ ബിജെപി ആവശ്യപ്പെട്ടതു പോലെ തിരഞ്ഞെടുപ്പു നടത്താതെ, ആദ്യ തിരഞ്ഞെടുപ്പിലെ യഥാർഥ -ഫലം സുപ്രീംകോടതി മറനീക്കി പുറത്തുകൊണ്ടുവന്നു.

ഇവിടെ പരാമർശിച്ച രണ്ടു സുപ്രീംകോടതിവിധികളും വെളിവാക്കുന്നത് ബിജെപിയും അതിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളും ജനാധിപത്യവ്യവസ്ഥയെ കയ്യൂക്കുപയോഗിച്ച് താറുമാറാക്കി എങ്ങനെയും വിജയം നേടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതായാണ്. അധികാരത്തിന്റെ എല്ലാ കേന്ദ്രങ്ങളും കയ്യടക്കാൻ ബിജെപി ചെയ്യാത്ത അതിക്രമങ്ങളില്ല എന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. എല്ലാ അധികാരങ്ങളും ഏതു മാർഗം ഉപയോഗിച്ചും കയ്യടക്കുന്നതിലാണ് ബിജെപി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അധികാരങ്ങൾ മുഴുവൻ കയ്യടക്കി രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥയെയും തച്ചു തകർക്കാനാണ് ബിജെപിയുടെ നീക്കങ്ങൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular