Sunday, May 19, 2024

ad

Homeചിത്രകല‘അധ്വാന’ത്തിന്റെ വിജയമന്ത്രം

‘അധ്വാന’ത്തിന്റെ വിജയമന്ത്രം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

‘സത്യവും സൗന്ദര്യവുമാണ്‌ നാം കലാകാരർ കലയിൽ വച്ചുപുലർത്തേണ്ടതെന്ന്‌’ വിശ്വസിക്കുകയും സ്വന്തം കലയിലൂടെ സത്യവും സൗന്ദര്യവും നമുക്കു കാണിച്ചുതരുകയും ചെയ്‌ത കലാകാരനായിരുന്നു ഡി പി റോയ്‌ ചൗധരി. ഇന്ത്യൻ കലയുടെ പാരമ്പര്യത്തിലധിഷ്‌ഠിതമായ ചിന്താധാരകളോട്‌ ചേർന്നുനിന്നുകൊണ്ടുതന്നെ പാശ്ചാത്യ കലാസമ്പ്രദായത്തിന്റെ സൗന്ദര്യവും ശക്തിയും തന്റെ കലാസൃഷ്ടികളിൽ അദ്ദേഹം ആവാഹിച്ചവതരിപ്പിച്ചു. അവ്യക്തതയോ ദുർഗ്രാഹ്യതയോ ഇല്ലാതെയായിരുന്നു തന്റെ കലാവിഷ്‌കാരങ്ങൾക്ക്‌ അദ്ദേഹം പൂർണത നൽകിയിരുന്നത്‌.

ഭാരതീയ ശിൽപകലയിൽ ആധുനിക ശൈലീസങ്കേതങ്ങളുടെ ഉപജ്ഞാതാക്കളിൽ ശ്രദ്ധേയനായിരുന്നു ഡി പി റോയ്‌ ചൗധരി എന്ന ദേവിപ്രസാദ്‌ റോയ്‌ ചൗധരി. ശിൽപിയും ചിത്രകാരനും കലാധ്യാപകനും എഴുത്തുകാരനുമായ അദ്ദേഹം ജനിച്ചത്‌ 1899 ഒക്ടോബർ 14ന്‌ രംഗപൂർ ജില്ല (ഇപ്പോഴത്തെ ബംഗ്ലാദേശ്‌)യിലെ ഒരു പ്രഭുകുടുംബത്തിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്തുതന്നെ ചിത്രരചനയിൽ തന്റെ സാന്നിധ്യമറിയിച്ച ദേവിപ്രസാദ്‌ സ്‌കൂൾ വിദ്യാഭ്യാസവേളയിൽ ചിത്രകലയിലും ശിൽപകലയിലും കൂടുതൽ സജീവമായി. ഭാരതീയ കലാസംസ്‌കൃതികളെ പുനരുജ്ജീവിപ്പിക്കാനുള്ള കൂട്ടായ്‌മകൾ കൽക്കത്തയിൽ രൂപമെടുക്കുന്ന കാലത്തായിരുന്നു ദേവിപ്രസാദ്‌ കലാരംഗത്തേക്ക്‌ കടന്നുവരുന്നത്‌.

ഭാരതീയ പാരമ്പര്യത്തിലൂന്നിയ കലകളെ പ്രത്യേകിച്ച്‌ ചിത്രശിൽപകലയെ പോഷിപ്പിക്കുവാനും നവോത്ഥാനചിന്തകൾ സാക്ഷാത്‌കരിക്കാനും കൽക്കത്തയിൽ എച്ച്‌ ബി ഹാവേലിനൊപ്പമുണ്ടായിരുന്നത്‌ അബനീന്ദ്രനാഥ ടാഗോറായിരുന്നു. അബനീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായിരുന്നു ദേവിപ്രസാദ്‌ എങ്കിലും ഇറ്റാലിയൻ ശിൽപിയും ചിത്രകാരനുമായ വിക്ടർ ബയോസിയുടെ കീഴിലുള്ള ഗുരുകുല സമ്പ്രദായത്തിലുള്ള കലാപഠനമാണ്‌ ദേവിപ്രസാദ്‌ റോയ്‌ ചൗധരിയുടെ കലാരചനകളെ പിൽക്കാലത്ത്‌ സ്‌ഫുടം ചെയ്‌തെടുക്കാൻ ഏറെ സഹായകമായിട്ടുള്ളതെന്ന്‌ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്‌. ചിത്രകലാപഠനത്തിന്‌ പ്രോത്സാഹനമോ താൽപര്യമോ നൽകാത്ത തന്റെ കുടുംബത്തിൽനിന്ന്‌ അദ്ദേഹം പുറത്തേക്കിറങ്ങി. പ്രഭുകുടുംബത്തിന്റെ സുഖസമൃദ്ധിയുപേക്ഷിച്ച്‌ സാധാരണക്കാരുടെ ഇടയിലേക്കിറങ്ങിയ ദേവി പ്രസാദ് തുടക്കത്തിൽ നാടക കമ്പനികൾക്ക് കർട്ടൻ വരച്ചും ഛായാ ചിത്രരചനയുമായി കുറച്ചുനാൾ കഴിഞ്ഞു.പിന്നീട് ഒരു സ്കൂളിൽ കലാധ്യാപകനായി ചേരുകയും, മദ്രാസ് സൗഹൃദങ്ങളുടെ സഹായത്തോടെ മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ ശില്പകലാ വിഭാഗം അധ്യാപകനാവുകയും തുടർന്ന് മേധാവിയായി ജോലി നോക്കുകയുമുണ്ടായി. തുടർന്ന് 30 വർഷക്കാലം ശില്പകലയിലെ നവീന കാഴ്ചപ്പാടുകളിലൂടെ സഞ്ചരിച്ചുകൊണ്ട് കലാധ്യാപനത്തിലും ചിത്ര ശിൽപ്പകലാ രചനകളിലും ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു. 1957ൽ മദ്രാസ് സ്കൂൾ ഓഫ് ആർട്‌സിന്റെ പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിച്ചു. കേന്ദ്രസർക്കാർ ലളിതകലാ അക്കാദമി രൂപീകരിച്ചപ്പോൾ ആദ്യ ചെയർമാനായി നിയമിതനായത് ദേവി പ്രസാദ് റോയി ചൗധരിയായിരുന്നു.രാജ്യാന്തര ബഹുമതികൾ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. 1975 ൽ 76‐ാം വയസ്സിലാണ് കലാലോകത്തോട് അദ്ദേഹം വിടപറഞ്ഞത്.

ആധുനിക ഭാരതീയ ശില്പകലയുടെ നവോത്ഥാനത്തിന് തുടക്കമിട്ട ദേവി പ്രസാദ് യഥാതഥമായ ശൈലീസങ്കേതമാണ് തന്റെ ശില്പകലയിൽ സ്വീകരിച്ചിരുന്നതെങ്കിലും രൂപങ്ങളെ നവീനമായ ശൈലിയിലൂടെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ചിത്രകലയിൽ പരുക്കൻ വർണ്ണത്തേപ്പു പോലെ ശില്പകലയിൽ ശൈലീകരിക്കപ്പെട്ട റിയലിസം ആയിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ലാളിത്യം, സമ്പൂർണ്ണത, സമതുലനം എന്നിവ തന്റെ കലാസൃഷ്ടികളിൽ പാലിക്കുന്നതോടൊപ്പം സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളുടെ പൂർണ്ണതയിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. നിശ്ചലതയുടെയും ചലനത്തിന്റെയും സമതുലനം സൃഷ്ടിക്കുന്നവരായിരുന്നു ശക്തി സ്വരൂപിക്കുന്ന പ്രസ്തുത ശില്പരചനകൾ. ഇന്ത്യൻ ചിത്രകലയുടെ പാരമ്പര്യത്തിലൂന്നിനിന്നുകൊണ്ടുതന്നെ പാശ്ചാത്യ കലാസമ്പ്രദായത്തിന്റെ മാധുര്യവും സൗന്ദര്യവും അദ്ദേഹം തന്റെ കലാസൃഷ്ടികളിൽ മനോഹരമായി ഇണക്കിച്ചേർത്തിരിക്കുന്നു. പ്രകൃതി വസ്തുക്കളെ തന്റെ ശില്പങ്ങളിൽ ക്രിയാത്മകമായി, എന്നാൽ യാഥാർത്ഥ്യബോധം ആസ്വാദകരിലേക്ക് എത്തുംവിധം ആവിഷ്കരിക്കുന്ന രചനാരീതികൾ ഡിപി റോയ് ചൗധരിയെ മറ്റു ശില്പികളിൽ നിന്ന് വേറിട്ട നിർത്തുന്നു. യഥാർത്ഥമായ പ്രതല സൃഷ്ടിയും പരുക്കൻ സ്വഭാവത്തോടെയുള്ള രൂപ മാതൃകകളുമാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. നിത്യജീവിത മുഹൂർത്തങ്ങളുടെ സങ്കീർണതകളെ നമ്മുടെ മനസ്സിൽ തൊട്ടുകൊണ്ട് ദുർഗ്രാഹ്യതകളില്ലാതെ ആശയവിനിമയം നടത്താവുന്ന വിധമാണ് അദ്ദേഹത്തിന്റെ കലാവിഷ്കാരങ്ങൾ ആസ്വാദകരോട് സംവദിച്ചത്.

ആരാധനയുടെയും വിശ്വാസങ്ങളുടെയും ഭാഗമായി നിലനിന്നിരുന്ന വിഗ്രഹ പാരമ്പര്യത്തെ ഒഴിവാക്കി മാനവികതയ്ക്ക് പ്രാധാന്യമുള്ള വിഷയങ്ങൾ ആവിഷ്കരിക്കാൻ കലയെ ഉപയോഗിക്കുകയും തന്റെ കലാസൃഷ്ടികളിലൂടെ അത് സാധ്യമാക്കുകയും ചെയ്ത വിഖ്യാത ശില്പി ദേവി പ്രസാദ് ചൗധരിയുടെ പ്രശസ്തമായ ശില്പമാണ് ട്രയംഫ് ഓഫ് ലേബർ (അധ്വാനത്തിന്റെ വിജയം)

ഇദ്ദേഹത്തിന്റെ മറ്റു രചനകളിൽ പ്രകടമാകുന്ന ശക്തിയും കരുത്തുമാണ് ഈ ശില്പത്തിലും അനുഭവമാകുന്ന ലക്ഷണവും പ്രത്യേകതയും. നാല് മനുഷ്യരൂപങ്ങൾ ചേർന്ന് ഒരു പാറയെ നീക്കാൻ ശ്രമിക്കുന്നതാണ് പ്രസ്തുത ശില്പം. ഓരോ രൂപത്തിന്റെയും ലക്ഷ്യം ഒന്നാണെങ്കിലും വ്യത്യസ്തമായ ശരീരവും രൂപ മാതൃകയും ചലനാത്മകതയും രൂപങ്ങളിലെല്ലാം ദൃശ്യമാകുന്നു. കട്ടിയുള്ള നീണ്ട തടിക്കഷണം കൊണ്ട് പാറ ഉയർത്താൻ ശ്രമിക്കുന്ന മനുഷ്യരൂപത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഉപ്പുംമുള്ള മറ്റൊരു മനുഷ്യരൂപത്തിന്റെ രൂപ നിർമ്മിതി. ശരീരശാസ്ത്രപരമായ സൂക്ഷ്മതയും ദൃഢമായ മാംസപേശികളുടെ ചലനവും അനുഭവവേദ്യമാകുന്നരീതിയിലാണ് ഈ ശിൽപ്പത്തിന്റെ പ്രത്യേകത.പൗരുഷവും സ്വാഭാവികതയും തിളങ്ങുന്ന മനുഷ്യരൂപങ്ങൾ. തൊഴിലാളി വർഗ്ഗത്തിന്റെ / അധ്വാനത്തിന്റെ അടയാളമായി, വിജയശില്പമായി ലോകമെമ്പാടും ഈ ശില്പം ഉപയോഗിച്ചു കാണാറുണ്ട്.വെങ്കലത്തിൽ പൂർത്തിയാക്കിയ ഒറിജിനൽ ശില്പം ഡൽഹിയിലെ നാഷണൽ ഗാലറിയിലും മറ്റൊരു പകർപ്പ് ചെന്നൈയിലെ മെറീന ബീച്ചിന് സമീപവുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യാ ഗവൺമെന്റ് തപാൽ സ്റ്റാമ്പായും ഈ ശില്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാമരാജ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന 1959 റിപ്പബ്ലിക് ദിനത്തിലാണ് ശില്പം മറീന ബീച്ചിൽ സ്ഥാപിച്ചതെങ്കിലും മെയ്ദിനത്തിന്റെ ആഘോഷത്തോടെയാണ് അധ്വാനത്തിന്റെ വിജയശില്പം ശ്രദ്ധേയമായത്. മദ്രാസ് സ്കൂൾ ഓഫ് വാച്ച്മാനും അവിടത്തെ ഒരു മോഡലും ആയിരുന്നു ഈ ശില്പത്തിന്റെ രൂപനിർമ്മിതിക്ക് മാതൃകയായിരുന്നത്.

ഡിപി റോയ് ചൗധരിയുടെ മറ്റൊരു പ്രശസ്തമായ ശില്പമാണ് തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച 21 അടി ഉയരമുള്ള ചിത്തിര തിരുനാളിന്റെ വിളംബരം ചിത്രീകരിക്കുന്ന റിലീഫ് ശില്പം. ശ്രദ്ധേയമായ ഈ രചന തിരുവനന്തപുരത്തു കോട്ടയ്ക്കകത്താണ് സ്ഥാപിച്ചിട്ടുള്ളത്.കൽക്കത്തയിലെ ഗാന്ധി ശില്പവും രക്തസാക്ഷി സ്മരണയ്ക്കായി ന്യൂഡൽഹിയിലെ മാർട്ടിയേഴ്സ് മെമ്മോറിയൽ എന്ന ശില്പവും മറ്റു നിരവധി പ്രമുഖരുടെ ഛായാ ശില്പങ്ങളും ദേവി പ്രസാദ് റോയ് ചൗധരിയെ വിശ്വോത്തര കലാകാരന്മാരുടെ നിരയിലേക്ക് ഉയർത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + six =

Most Popular