Sunday, May 19, 2024

ad

Homeഇവർ നയിച്ചവർകെ പി അരവിന്ദാക്ഷൻ: കർഷക പ്രസ്ഥാനത്തിന്റെ ധീരനേതാവ്‌

കെ പി അരവിന്ദാക്ഷൻ: കർഷക പ്രസ്ഥാനത്തിന്റെ ധീരനേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും കർഷകപ്രസ്ഥാനത്തിനും തൃശൂർ ജില്ലയിലൊട്ടാകെ വേരോട്ടമുണ്ടാക്കുന്നതിൽ കെ പി അരവിന്ദാക്ഷന്റെ പങ്ക്‌ വളരെ വലുതാണ്‌. സഖാക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല ബഹുജനങ്ങൾക്കാകെയും അദ്ദേഹം ‘കെ പി’ ആയിരുന്നു. സ്‌നേഹബഹുമാനങ്ങളുടെ പ്രകടനമായിരുന്നു ആ വിളിയിൽ നിറഞ്ഞുനിന്നത്‌. ആത്മാർഥതയോടെയും സമർപ്പണമനോഭാവത്തോടെയുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയായിരുന്നു. കൊടിയ മർദനങ്ങളും സമാനതകളില്ലാത്ത ത്യാഗവും കൈമുതായുണ്ടായിരുന്ന അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഉറച്ച മനസ്ഥൈര്യത്തോടെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

ജനപ്രതിനിധിയെന്ന നിലയിലും പാർട്ടി നേതാവ്‌ എന്ന നിലയിലും ബഹുജനങ്ങളുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിക്കാൻ എന്നും അദ്ദേഹം ശ്രദ്ധിച്ചു. നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ കൃത്യമായി നേതൃത്വം നൽകാനും അദ്ദേഹത്തിന്‌ സാധിച്ചു.

തൃശൂർ ജില്ലയിലെ കേച്ചേരിയിൽ അകഴിമനയ്‌ക്കൽ മാധവൻ നമ്പൂതിരിയുടെയും കെ പി ഇട്ടുണ്ണൂലിക്കുട്ടി നേത്യാരുടെയും മകനായി 1930ൽ ആണ്‌ കെ പി അരവിന്ദാക്ഷൻ ജനിച്ചത്‌. മുകുന്ദൻ, വിശ്വനാഥൻ, ശാരദ, ഭവാനി, വിലാസിനി എന്നിവരാണ്‌ സഹോദരങ്ങൾ. വിദ്യാർഥിയായിരിക്കെതന്നെ രാഷ്‌ട്രീയത്തോട്‌ ആഭിമുഖ്യം അദ്ദേഹം പുലർത്തിയിരുന്നു.

മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കെഎസ്‌പി എന്ന രാഷ്‌ട്രീയ പാർട്ടിയിലൂടെയാണ്‌ അദ്ദേഹം പൊതുരംഗത്തെത്തിയത്‌. 1950കളുടെ ആരംഭത്തിൽ തന്നെ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി അടുത്തു. 1952ൽ 22‐ാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി.

വാഴാനിക്കനാൽ സമരത്തിൽ എ എസ്‌ എൻ നമ്പീശൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കൾക്കൊപ്പം സജീവമായി പങ്കെടുത്ത കെ പിക്ക്‌ പൊലീസ്‌ മർദനവും ജയിൽവാസവും ഏൽക്കേണ്ടിവന്നു.

കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ പി, കർഷകസംഘത്തിന്റെ ഉജ്വല സംഘാടകനായിരുന്നു. കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി അനീതികൾക്കെതിരെ അതിശക്തമായി പോരാടാൻ കെ പി നേതൃത്വം നൽകി. അദ്ദേഹം ജില്ലയിൽ നടന്ന കർഷകസമരങ്ങളുടെ മുൻനിരയിൽ എന്നുമുണ്ടായിരുന്നു. 1969 അവസാനവും 1970കളുടെ ആരംഭത്തിലുമായി നടന്ന മിച്ചഭൂമി പിടിച്ചടക്കൽ സമരത്തിലും പത്ത്‌ സെന്റ്‌ വളഞ്ഞുകെട്ടൽ സമരത്തിലും സമർഥമായ നേതൃത്വമാണ്‌ അദ്ദേഹം നൽകിയത്‌. എ കെ ജിക്കൊപ്പം ജില്ലയിലെ പല സ്ഥലങ്ങളിലും കെ പി സമരങ്ങളിൽ സജീവമായി പങ്കെടുത്തു.

1968 മുതൽ കുറച്ചുകാലം കെ പി അരവിന്ദാക്ഷൻ രാജ്യസഭാംഗമായിരുന്നു. ആ കാലത്താണ്‌ കേരളത്തിന്‌ സ്റ്റാറ്റ്യൂട്ടറി റേഷനങ്ങ്‌ സമ്പ്രദായം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ എ കെ ജിയുടെ നേതൃത്വത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭങ്ങൾ നടന്നത്‌. പാർലമെന്റിനുള്ളിലെ പ്രക്ഷോഭത്തിൽ എ കെ ജിക്കൊപ്പം കെ പിയും പങ്കെടുത്തു. രാജ്യത്തിന്‌ നല്ലനിലയിൽ വിദേശനാണ്യം നേടിത്തരുന്ന തോട്ടം വിളകളും സുഗന്ധവ്യഞ്ജനങ്ങളും ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി തേയില, റബർ തുടങ്ങിയ കൃഷികളുടെ ഉൽപാദനത്തിന്‌ വളരെ അനുയോജ്യമാണ്‌. കുരുമുളക്‌, ഏലം തുടങ്ങിയ സുഗന്ധവ്യഞ്‌ജനങ്ങൾക്കും കേരളത്തിന്റെ കാലാവസ്ഥ വളരെയേറെ അനുകൂലമാണ്‌. അത്‌ രാജ്യത്തിന്‌ നേടിക്കൊടുക്കുന്ന വിദേശനാണ്യത്തിന്‌ പ്രാധാന്യം ഗവൺമെന്റിനെയും പാർലമെന്റിനെയും ബോധ്യപ്പെടുത്താൻ എ കെ ജിക്കും കെ പി ഉൾപ്പെടെയുള്ള മറ്റ്‌ എംപിമാർക്കും സാധിച്ചു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്‌ എന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായയുക്തമാണെന്ന്‌ അംഗീകരിക്കാൻ ഒടുവിൽ കേന്ദ്രസർക്കാർ നിർബന്ധിതമായി.

1967ൽ കേരളത്തിൽ സപ്‌തകക്ഷി സർക്കാരാണല്ലോ ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നത്‌. ആ സർക്കാർ 1969ൽ കാർഷികബന്ധ നിയമത്തിന്‌ ഭേദഗതി പാസാക്കി. എന്നാൽ രാഷ്‌ട്രപതിയുടെ അഗീകാരം ലഭിക്കുന്നതിനുമുമ്പ്‌ മന്ത്രിസഭയ്‌ക്ക്‌ രാജിവെക്കേണ്ടിവന്നു.

1970ൽ ആ നിയമത്തിന്‌ രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചു. എന്നാൽ ഈ നിയമത്തിൽ 1971ൽ ചില ഭേദഗതി നിർദേശങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ബില്ലിന്റെ അന്തഃസത്തയെ തകർക്കുന്നതായിരുന്നു നിർദേശിക്കപ്പെട്ട ഭേദഗതികൾ. കുടികിടപ്പുകാരെ ഒഴിപ്പിക്കാൻ നിരവധി പഴുതുകൾ ഉള്ളതായിരുന്നു ഭേദഗതി. ഭേദഗതിയെ അതിശക്തമായി എതിർക്കാൻ കർഷകസംഘം തീരുമാനിച്ചു.

നിയമസഭ ഭേദഗതി നിർദേശങ്ങൾ അടങ്ങിയ ബിൽ ചർച്ചയ്‌ക്കെടുത്തത്‌ 1971 ഏപ്രിൽ 19നായിരുന്നു. അന്ന്‌ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ കർഷകർ സെക്രട്ടറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചു. വൻ ജനാവലി പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന്‌ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ്‌ സാക്ഷ്യം വഹിച്ചു. ഒറ്റമുണ്ട്‌ മാത്രം ധരിച്ച പാവപ്പെട്ട കർഷകത്തൊഴിലാളികളായിരുന്നു പ്രകടനത്തിൽ ഏറെയും പങ്കെടുത്തത്‌. തൃശൂർ ജില്ലയിൽ നിന്ന്‌ കെ പി അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ്‌ കർഷകരും കർഷകത്തൊഴിലാളികളും പ്രകടനത്തിനെത്തിയത്‌. പ്രകടനത്തിനുശേഷം നടന്ന ധർണ ഉദ്‌ഘാടനം ചെയ്‌തത്‌ എ കെ ജിയാണ്‌.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലാ കൗൺസിലിലും എക്‌സിക്യൂട്ടീവിലും കെ പി അംഗമായിരുന്നു. 1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന നേതാക്കൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌ തൃശൂർ ജില്ലാ എക്‌സിക്യുട്ടീവിൽനിന്ന്‌ അഞ്ചുപേർ ഇറങ്ങിവന്നു. അതിലൊരാൾ കെ പി അരവിന്ദാക്ഷനായിരുന്നു.

ചൈനാ ചാരന്മാരെന്ന്‌ ആക്ഷേപിച്ച്‌ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌തത്‌ തൃശൂരിൽ വെച്ചാണ്‌. പി സുന്ദരയ്യ, എ കെ ജി, ഹർകിഷൻസിങ്‌ സുർജിത്‌, എം ബസവപുന്നയ്യ, പി രാമമൂർത്തി തുടങ്ങിയ സമുന്നത നേതാക്കൾക്കൊപ്പം കെ പി അരവിന്ദാക്ഷനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. വിയ്യൂർ ജയിലിലാണ്‌ അവരെ അടച്ചത്‌. മുതിർന്ന പാർട്ടി നേതാക്കളുമായുള്ള ജയിലിലെ സമ്പർക്കം തന്നിലെ കമ്യൂണിസ്റ്റിനെ ശരിക്കും ശക്തിപ്പെടുത്തിയെന്ന്‌ കെ പി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

സിപിഐ എം രൂപീകരിക്കപ്പെട്ട കാലംമുതൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായും സെക്രട്ടറിയറ്റ്‌ അംഗമായും പ്രവർത്തിച്ച അദ്ദേഹം നിരവധി കേഡർമാരെയും പാർട്ടി ഘടകങ്ങളെയും സിപിഐ എമ്മിനൊപ്പം നിർത്താൻ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌.

സിപിഐ എം ജില്ലാ സെക്രട്ടറി, എൽഡിഎഫ്‌ ജില്ലാ കൺവീനർ, സിപിഐ എമ്മിന്റെ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. പ്രവർത്തിച്ച മണ്ഡലങ്ങളിലെല്ലാം മാതൃകാപരമായി പ്രവർത്തിക്കാനും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു.

ഇടതു‐വലതു വ്യതിയാനങ്ങൾക്കെതിരെ ഉറച്ചതും ശക്തവുമായ നിലപാടുകൾ സ്വീകരിക്കാൻ കെ പിക്ക്‌ സാധിച്ചു. അഴീക്കോടൻ രാഘവൻ വധിക്കപ്പെട്ടതാണ്‌ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനയുണ്ടാക്കിയ സംഭവമെന്ന്‌ കെ പി ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അഴീക്കോടനുമായി അടുത്ത ഹൃദയബന്ധം സ്ഥാപിച്ച കെ പിക്ക്‌ അഴീക്കോടന്റെ വേർപാട്‌ സഹിക്കാവുന്നതിനപ്പുറമായിരുന്നു. 1972 സെപ്‌തംബർ 23നായിരുന്നല്ലോ തൃശൂരിൽവെച്ച്‌ ആ വിലയേറിയ ജീവൻ ഇരുട്ടിന്റെ ശക്തികൾ കവർന്നെടുത്തത്‌.

അടിയന്താരാവസ്ഥക്കാലത്ത്‌ ഒളിവിലും തെളിവിലും കെ പി ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

പതിനാറുവർഷക്കാലം ചൂണ്ടൽ പഞ്ചായത്ത്‌ പ്രസിഡന്റായി പ്രവർത്തിച്ച കെ പി, നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിട്ടുണ്ട്‌. 1982ലും 1987ലും കുന്നംകുളത്തുനിന്ന്‌ അദ്ദേഹം നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ബില്ലുകളും സമകാലിക പ്രശ്‌നങ്ങളും സമഗ്രമായി പഠിക്കുന്നതിൽ കെ പി പ്രത്യേകം ശ്രദ്ധിച്ചു. ചർച്ചകളിൽ ക്രിയാത്മകമായും സമർത്ഥമായും ഇടപപൊൻ അദ്ദേഹത്തിന്‌ സാധിച്ചു. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ശ്രദ്ധിക്കപ്പെടുന്ന സാമാജികൻ എന്ന ഖ്യാതി വളരെവേഗം നേടാൻ അദ്ദേഹത്തിന്‌ സാധിച്ചു. 1987‐91 കാലത്ത്‌ അദ്ദേഹം ഗവൺമെന്റ്‌ ചീഫ്‌ വിപ്പായിരുന്നു. സഭാംഗങ്ങളുമായി ഊഷ്‌മളമായ സൗഹൃദം കാത്തുസൂക്ഷിച്ച കെ പി എല്ലാവരുടെും ആദരണീയനായിരുന്നു.

തൊഴിലാളിവർഗ രാഷ്‌ട്രീയം എന്നും നെഞ്ചേറ്റിയ അദ്ദേഹം ആറ്‌ പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തിൽ കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു. ലാളിത്യവിശുദ്ധികൊണ്ട്‌ ഏവരുടെയും മനംകവരാൻ കെ പിക്ക്‌ കഴിഞ്ഞു.

2008 ഫെബ്രുവരി 20ന്‌ കെ പി അരവിന്ദാക്ഷൻ അന്തരിച്ചു. അധ്യാപികയായിരുന്ന വിലാസിനിയാണ്‌ ജീവിതപങ്കാളി.

കടപ്പാട്‌: കെ വി അബ്ദുൾ ഖാദർ എഡിറ്റ്‌ ചെയ്‌ത ‘സമരോജ്വല ജീവിതങ്ങൾ’

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + 1 =

Most Popular