Sunday, May 19, 2024

ad

Homeചിത്രകലനാടൻ കലാരൂപങ്ങളിലെ രൂപ വർണ വഴികൾ

നാടൻ കലാരൂപങ്ങളിലെ രൂപ വർണ വഴികൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഉൾത്തുടിപ്പുകൾ പിൽക്കാലത്ത്‌ പലവിധങ്ങളായ കലാരൂപങ്ങളിലൂടെ, അനുഷ്‌ഠാന കലാരൂപങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഇവയുടെ പരിണാമഘട്ടങ്ങൾ പരിശോധിക്കുമ്പോൾ ലോകത്തെവിടെയും ഇവ വികസിച്ചിട്ടുള്ളത്‌ തനി ഗ്രാമീണമായ രചനാസങ്കേതങ്ങളിൽ ഊന്നിനിന്നാണെന്ന്‌ മനസ്സിലാക്കാം. ആദിമകാലം മുതൽക്കുതന്നെ പ്രകൃതിയും മനുഷ്യനും തമ്മിൽ ശക്തവും ദൃഢവുമായി നിലനിന്നിരുന്ന ബന്ധത്തിലൂടെ വേട്ടയാടിയും പിന്നീട്‌ കൃഷിചെയ്‌തും പ്രകൃതിയുമായി കൂടുതൽ അടുക്കുകയും ഇണങ്ങുകയും ചെയ്‌തിരുന്നു. പ്രാകൃത ശിലായുഗ കാലഘട്ടത്തിൽനിന്ന്‌ ആരംഭിക്കുന്ന ചിത്രകലാചരിത്രവും പാരമ്പര്യവും യാദൃച്ഛികമായ രൂപങ്ങളിലൂടെയാണ്‌ ആരംഭം കുറിക്കുന്നതെന്ന്‌ പഠനങ്ങൾ പറയുന്നു. യാദൃച്ഛിക വരകളിൽനിന്ന്‌ നേർരേഖ, ചതുരം, വൃത്തം, ത്രികോണം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളായി മാറുകയായിരുന്നു.

ഇത്തരം രൂപങ്ങളിലൂടെ പരിജ്ഞാനം നേടിയ പൂർവകാല കലാകാരർ പ്രകൃതിയെയും പ്രകൃതിവസ്‌തുക്കളെയും ജീവജാലങ്ങളെയും ആരാധിക്കുകയും അങ്ങനെ ആരാധനാനുഷ്‌ഠാനങ്ങൾക്ക്‌ പുതിയൊരു കാഴ്‌ചപ്പാടുണ്ടാവുകയും ചെയ്‌തു. (കാലികളെ മേച്ചുനടക്കുന്നതിനിടയിൽ നനഞ്ഞ മണ്ണിൽ മരച്ചില്ലയോ കൈവിരലോ കൊണ്ട്‌ വരച്ച ചിത്രങ്ങളും കരിങ്കല്ലിൽ കോറിയ വരകളും പ്രകൃതിവർണ ധൂളികൾകൊണ്ട്‌ നിലത്ത്‌ വരച്ച ധൂളീചിത്രങ്ങളും പ്രകൃതിവസ്‌തുക്കളാൽ തയ്യാറാക്കിയെടുത്ത ഭിത്തിയിൽ വരച്ച ചുവർചിത്രങ്ങളുമൊക്കെ ചിത്ര‐ശിൽപ കലയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽപെടുന്നു). നമ്മുടെ പാരമ്പര്യത്തിന്റെ ശക്തമായ അടിത്തറയ്‌ക്ക്‌ സങ്കീർണമായ വിശ്വാസങ്ങളും ആചാരാനുഷ്‌ഠാനങ്ങളും പിൻബലമായിട്ടുണ്ടെന്നതും വസ്‌തുതയാണ്‌.

ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിലെ അനുഷ്‌ഠാന കലാരൂപങ്ങളിലൂടെയും നാടൻ കലകളിലൂടെയും രൂപംകൊണ്ട ചിത്ര‐ശിൽപകലയിലേക്കുള്ള സഞ്ചാരവഴികൾ ഏറെയാണ്‌. പ്രകൃതിയുടെ കലാവഴികളിൽ പ്രധാനമാണ്‌ ധൂളീചിത്രങ്ങൾ. കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ വിളവെടുപ്പിന്റെ സന്തോഷം കൂട്ടായ്‌മയുടെ ഉത്സാഹമായി ആഘോഷിക്കുകയായിരുന്നു. ഉത്സവത്തിന്റെ പ്രതീകമായി തോരണങ്ങൾ കെട്ടിയും പ്രകൃതിയിലെ പ്രാകൃത ധൂളീവർണങ്ങൾ കൊണ്ട്‌ ദേവീദേവന്മാരുടെ രൂപങ്ങൾ, വൃക്ഷലതാദികൾ, പക്ഷിമൃഗ നാഗരൂപങ്ങൾ ഇവയൊക്കെ ചേർന്ന രൂപങ്ങളിൽ ധൂളീചിത്രങ്ങളുണ്ടാക്കി (കളങ്ങളുണ്ടാക്കി) ആഹ്ലാദിച്ചിരുന്നു അക്കാല ജനത. ഈ നൈസർഗികമായ കലാപ്രകടനം കാർഷിക സമൂഹത്തിൽനിന്ന്‌ കളമെഴുത്തിനും ചുവർചിത്രത്തിനും ആദിസ്രോതസ്സുകളായി, മാനവ പ്രകൃതിയിൽ അവന്റെ ഇഷ്ടവർണങ്ങളായി സ്വയം തിരഞ്ഞെടുത്തു. ഓരോ ഭാവങ്ങളെയും പ്രതീകാത്മകമായി സങ്കൽപിക്കുന്ന ഈ വർണബോധം പ്രകൃതിയിൽനിന്ന്‌ കടംകൊണ്ടവയാണ്‌.

ശാരീരഭാഷ വ്യത്യസ്‌തരീതിയിൽ പ്രയോഗിച്ച്‌ വ്യത്യസ്‌ത താളങ്ങൾ നൽകി സൃഷ്ടിച്ചെടുക്കുന്ന ആരാധനാഭാഗമായുള്ള നൃത്തങ്ങളും അന്നത്തെ ജനത ഇതോടൊപ്പം ആവിഷ്‌കരിച്ചുവന്നിരുന്നു. ഇവ ആകർഷകമാക്കാൻ വർണങ്ങൾ ഉപയോഗിച്ച്‌ മുഖവും മനുഷ്യശരീരവും അലങ്കരിക്കുകയും തുടർന്നുള്ള രൂപപരിണാമങ്ങളിലൂടെ ദൈവിക ഭാവങ്ങൾക്ക്‌ ജീവൻ നൽകാനും ഇവർ ശ്രമിച്ചു. അനുഷ്‌ഠാന കലാരൂപങ്ങളിലും നാടൻ കലാരൂപങ്ങളിലും മുഖത്തെഴുത്തിന്റെയും മുഖാവരണങ്ങളുടെയും മെയ്യെഴുത്തുകളുടെയും പിൻബലത്തിൽ അനുഷ്‌ഠാന നൃത്തരൂപങ്ങളും അവതരിപ്പിച്ചുവന്നു. കേരളത്തിൽ വയനാട്ടിലെ എടയ്‌ക്കൽ ഗുഹ, മറയൂരിലെ എഴുത്തലെ ഗുഹ, പാണ്ഡവൻപാറ എന്നിവിടങ്ങളിൽ പ്രാചീന ഗുഹാചിത്രങ്ങളുണ്ട്‌. മലയരുടെയും കുറുമരുടെയും പൂർവികർ (ക്രിസ്‌തുവർഷത്തിനു മുന്പ്‌) വരച്ചതെന്ന്‌ കരുതുന്ന ഈ ഗുഹാചിത്രങ്ങൾ വ്യത്യസ്‌തമായ ശൈലികൊണ്ട്‌ വളരെയേറെ ചരിത്രപ്രാധാന്യമർഹിക്കുന്നവയാണ്‌. നൃത്തസമാനരംഗങ്ങളും നായാട്ട്‌ രംഗങ്ങളും മൃഗരൂപങ്ങളും പ്രധാനമായി ഇവിടെ കാണാം. എടയ്‌ക്കൽ ഗുഹയിൽ കാണുന്ന തലയിൽ കിരീടം ചൂടി ചുവടുവയ്‌ക്കുന്ന മനുഷ്യരൂപങ്ങൾ തെയ്യം‐തിറ തുടങ്ങിയ അനുഷ്‌ഠാന കലാരൂപങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്‌. അതുകൊണ്ടുതന്നെ ഇത്തരം അനുഷ്‌ഠാന കലാരൂപങ്ങളുടെ പ്രാകൃത അവതരണങ്ങൾ അന്നും ഉണ്ടായിരുന്നതായി തെളിയുന്നു. (ഇത്തരം ചിത്രങ്ങൾ, ശിലാലിഖിതങ്ങൾ എന്നിവയുടെ കാലഗണന പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ നിർണയിക്കപ്പെടുന്നത്‌ ഏറെക്കുറെ ശരിയാണെന്ന്‌ ഗവേഷകരും അഭിപ്രായപ്പെടുന്നു). കൊത്തു ചിത്രങ്ങളേക്കാൾ ചായത്തിന്റെ പഴമ നിർണയിക്കാൻ ഇന്ന്‌ കഴിയുന്നുണ്ട്‌.

പ്രാചീന സംസ്‌കാരത്തിൽ ആരാധന മുഖ്യവിഷയമായ ചിത്രങ്ങളാണ്‌ വരച്ചിട്ടുള്ളത്‌. അവിടെയാണ്‌ അനുഷ്‌ഠാന കലകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുന്നത്‌‐ തെയ്യത്തിന്റെ രൂപങ്ങളെ ഓർമിപ്പിക്കുന്നത്‌. പ്രത്യേക വിഷയങ്ങളൊന്നും ഈ ചിത്രങ്ങളിൽ ആഖ്യാനം ചെയ്‌തുകാണുന്നില്ല. അക്കാല മനുഷ്യരുടെ സംസ്‌കാരം, ലാവണ്യബോധം, അലങ്കാരബോധം ഇവയൊക്കെ പ്രകടമാകുന്ന രേഖകളും രൂപങ്ങളുമാണ്‌ ഗുഹാചിത്രങ്ങളിൽ കാണപ്പെട്ടത്‌. രൂപങ്ങളുടെ ശരിപ്പകർപ്പുകൾക്കപ്പുറം കാണുന്ന യാഥാർഥ്യത്തിൽനിന്ന്‌ സ്വരൂപിച്ച ജ്യാമിതീയ രൂപങ്ങൾ കൊണ്ട്‌ മനുഷ്യ‐മൃഗരൂപങ്ങൾ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്‌. പരിണാമവും പാരസ്‌പര്യവും രൂപമാറ്റവും പ്രകടമാകുന്ന ചിത്രങ്ങളും കൊത്തുചിത്രങ്ങളുമുണ്ട്‌. ഗുഹാചിത്രങ്ങൾക്കു മുമ്പേ ആരംഭിച്ച ഒരു സംസ്‌കൃതിയുടെ അടയാളപ്പെടുത്തലുകളാണ്‌ ഗുഹാലിഖിതങ്ങളും രേഖകളും മൃഗങ്ങളുടെ മനുഷ്യരൂപങ്ങൾ. ഏഷ്യ ഉപഭൂഖണ്ഡത്തിൽ വരച്ചിട്ടുള്ള ശിലായുഗ ചിത്രങ്ങളിൽ കൂടുതലും ഭാരതത്തിലാണുള്ളത്‌. കേരളത്തിലും അതിപുരാതനമായ ഗുഹാചിത്രങ്ങളും ശിലാലിഖിതങ്ങളും ചിത്രങ്ങളുമുണ്ട്‌ എന്ന്‌ പുരാവസ്‌തു ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷുകാരനായ എഫ്‌ ഫാവ്‌സെറ്റ്‌ ആണ്‌ ഇടയ്‌ക്കൽ ഗുഹയെക്കുറിച്ച്‌ അടക്കമുള്ള വിവരങ്ങൾ വിശദമായി നൽകിയതും ആദ്യമായി വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − thirteen =

Most Popular