Sunday, May 19, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം - 1

സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം – 1

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ടുബുക്ക്‌ ‐ 22

ലോകത്തെയാകെ അമ്പരിപ്പിച്ചുകൊണ്ട് ഒരു യൂറോപ്യൻ രാഷ്ട്രത്തിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയതും, നാളിതുവരെ ലോകം ദർശിക്കാത്ത സാമ്പത്തിക നയങ്ങൾ പ്രയോഗത്തിൽ കൊണ്ടുവന്നതും നീണ്ട ഏഴു പതിറ്റാണ്ടുകാലം അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോയതും പഴയ റഷ്യയുടെയും സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെയും പഠനത്തിന് സവിശേഷമായൊരു പ്രാധാന്യം നൽകുന്നു. ലോകമാകെ മഹാമാന്ദ്യത്തിൽ അകപ്പെട്ട നാളുകളിൽ (1929‐1939 ) ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സമ്പദ്‌വ്യവസ്ഥ അതിനെ എങ്ങനെ വിജയകരമായി അതിവർത്തിച്ചു എന്നത് ഈ ചരിത്രത്തിലെ നിർണായകമായൊരു അധ്യായമാണ്. കൊളോണിയൽ കൊള്ളകളോ, ലോകകമ്പോളങ്ങൾ കീഴടക്കാനുള്ള ആസൂത്രിത നീക്കങ്ങളോ ഒന്നും നടത്താതെ, സാമ്പത്തികമായി ഏറ്റവും പിന്നോക്കം കിടന്നിരുന്ന ഒരു യൂറോപ്യൻ രാജ്യത്തിന് ഒരു വികസിത രാഷ്ട്രമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ എങ്ങനെ പരിണമിക്കാൻ സാധിച്ചു എന്നത് സാമ്പത്തികശാസ്ത്ര ലോകത്തിലെ ഒരത്ഭുതമായി ഏറ്റവും പ്രമുഖരായ പലരും കരുതിയിരുന്നു. 1970ൽ നോബൽ പുരസ്കാരം നേടിയ, എക്കാലത്തെയും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായി കരുതുന്ന, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ സാമ്യൂൾസൺ 1961ൽ പ്രവചിച്ചത് സോവിയറ്റ് സമ്പദ്‌വ്യവസ്ഥ 1984‐1997 കാലയളവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മറികടക്കുമെന്നാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന തന്റെ സാമ്പത്തിക ശാസ്ത്രപഠനഗ്രന്ഥത്തിൽ, 1980 കളിലും സാമ്യൂൾസൺ ഈ വാദം ആവർത്തിച്ചു. 2002നും 2012നുമിടയിൽ ഇത് സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ നിരീക്ഷണങ്ങൾക്കുശേഷം ഏതാനും വർഷങ്ങൾക്കകമാണ് സോവിയറ്റ് യൂണിയൻ ശിഥിലമാകുന്നത്. കമ്മ്യൂണിസത്തോടോ ഇടതുപക്ഷ കാഴ്ചപ്പാടുകളോടോ ഒരു തരത്തിലുള്ള ആഭിമുഖ്യവും പുലർത്താതിരുന്ന സാമ്പത്തിക ‘ശാസ്ത്രജ്ഞനായിരുന്നില്ല സാമ്യൂൾസൺ. സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ പക്ഷപാതിത്വവും ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ സാമ്യൂൾസണിനെപ്പോലുള്ള ഒരു സാമ്പത്തിക ശാസ്ത്രഞ്ജന്റെ നിഗമനങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ടാവും? ഒരു ശാസ്ത്രമെന്ന നിലയിൽ സാമ്പത്തികശാസ്ത്രത്തിനുള്ള പരിമിതികളാണോ അതോ സാമ്പത്തികേതരമായ രാഷ്ട്രീയ കാരണങ്ങളാണോ സാമ്യൂൾസണിന്റെ നിരീക്ഷണങ്ങൾ തെറ്റിയതിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ച ചർച്ചകൾ ഏറെ സജീവമായി നടന്നിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള ഏറ്റവും വലിയ പരിമിതി ആ തകർച്ചയെക്കുറിച്ചുള്ള മുഖ്യധാരാ ആഖ്യാനങ്ങളിലെ ഏകപക്ഷീയതയാണ്. ഏഴു പതിറ്റാണ്ടുകാലം കമ്പോളശക്തികളെ വെല്ലുവിളിച്ചുകൊണ്ട് വളർന്ന ഒരു സാമ്പത്തികവ്യവസ്ഥയുടെ ആ ചരിത്രമൊന്നാകെ അതോടെ തീർത്തും അവഗണിക്കപ്പെടേണ്ട ഒന്നായി മാറ്റി. കമ്പോളത്തിന്റെ പ്രാമുഖ്യത്തിന്റെ, അതിനെ ആധാരമാക്കിയ പ്രത്യയശാസ്‌ത്രത്തിന്റെ വിജയമായി ഇത് വ്യാഖ്യാനിക്കുന്നതിൽ പാശ്ചാത്യ പണ്ഡിതലോകം ഒറ്റക്കെട്ടായി നിലകൊണ്ടു. ലോകത്തെ ഏറ്റവും പ്രധാന സർവകലാശാലകളിലെ സാമ്പത്തികശാസ്ത്ര പഠനഗ്രന്ഥങ്ങളിലൊന്നിൽ എക്കാലത്തെയും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളായി കരുതപ്പെടുന്ന ഒരാൾ എഴുതിവെച്ചത് വെറും കയ്യബദ്ധമായി പൊടുന്നനെ മാറി! ഇടതുപക്ഷചേരിയിൽ തന്നെ സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ പരാജയം സംബന്ധിച്ച ചർച്ചകൾ സജീവമായി. സോഷ്യലിസത്തിന്റെ പരാജയമല്ല, അതിന്റെ പ്രയോഗത്തിന്റെ പരാജയമാണ് എന്ന വാദഗതി പ്രബലമായി. സ്വതന്ത്ര കമ്പോളത്തെ ആസ്പദമാക്കിയ സാമ്പത്തിക ചിന്തകൾക്ക് അപ്രമാദിത്തം കല്പിച്ചുകൊടുക്കാൻ ഇത് ഇടയാക്കി. Winner takes it all എന്ന പ്രയോഗം ഒരിക്കൽക്കൂടി സാധൂകരിക്കപ്പെട്ടു. സ്വാതന്ത്രകമ്പോളത്തിന്റെ അപ്രമാദിത്വത്തെ ആസ്പദമാക്കിയ നിയോലിബറൽ പരീക്ഷണങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ വേളയിൽ പഴയ സോവിയറ്റ് പരീക്ഷണങ്ങൾ സ്വതന്ത്രമായി ചർച്ചചെയ്യാൻ വീണ്ടും പശ്ചാത്തലമൊരുങ്ങിയിരിക്കുന്നു.

വിപ്ലവാനന്തര സോവിയറ്റ് യൂണിയൻ അരനൂറ്റാണ്ടിനിടയിൽ സാമ്പത്തികമായി കൈവരിച്ച നേട്ടങ്ങൾ അത്ഭുതകരമായിരുന്നു. അങ്ങേയറ്റം പിന്നോക്കാവസ്ഥയിലും ദുരിതത്തിലും കിടന്നിരുന്ന ഒരു ജനസമൂഹത്തെ ലോകത്തെ ഏറ്റവും വലിയ സാമൂഹികക്ഷേമത്തിന്റെ കേന്ദ്രമാക്കി അത് മാറ്റി. ജനങ്ങളുടെ ജീവിതനിലവാരം കുതിച്ചുയർന്നു. പ്രതിശീർഷ ആഭ്യന്തരോത്പാദനം 1885ൽ 800 ഡോളർ ആയിരുന്നത് 6400 ഡോളറിനു മീതെയായി. 1950കളിൽതന്നെ ഇത് 3200 ഡോളറിനു മീതെയായി ഉയർന്നിരുന്നു.

(ചിത്രം 1)

ഒന്നാം ലോകയുദ്ധത്തിലെ റഷ്യയുടെ പരാജയത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി. പ്രതിശീർഷ ഉത്പാദനം 500 ഡോളറിലേക്ക് നിലംപതിച്ചു. 1917ലെ ബോൾഷെവിക് വിപ്ലവത്തിനെ തുടർന്ന്‌ ഏതാനും വർഷക്കാലത്തെ ആഭ്യന്തര യുദ്ധാനന്തരം കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലയുറപ്പിച്ചതിനുശേഷമാണ് ഈ സ്ഥിതിക്കൊരു മാറ്റമുണ്ടായത്. ചിത്രത്തിലെ ചുവന്ന വര ശ്രദ്ധിക്കുക. ലോക സമ്പദ്‌വ്യവസ്ഥകളെ തകർത്ത മഹാമാന്ദ്യത്തിന്റെ കാലത്തുപോലും സോവിയറ്റ് സമ്പദ്‌വ്യവസ്ഥ ക്രമമായി മുന്നോട്ടുപോകുന്നതും ചിത്രത്തിൽ കാണാം. കേവലം സാമ്പത്തികവളർച്ച മാത്രമല്ല, ഇക്കാലയളവിൽ സോവിയറ്റ് യൂണിയൻ കൈവരിച്ചത്. മഹാഭൂരിപക്ഷം വരുന്ന ജനതയുടെ അടിസ്ഥാനപ്രശ്നങ്ങൾ – തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം -പരിഹരിക്കുന്നതിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം സമ്പൂർണമായും വിജയിച്ചു.

തൊഴിൽരാഹിത്യം നാളിതുവരെ കീറാമുട്ടിയായി മുതലാളിത്തലോകത്തെ വേട്ടയാടിക്കൊണ്ടിരുന്ന ഒന്നായിരുന്നു. മുഴുവൻ പേർക്കും തൊഴിൽ നൽകുക (Full Employment) അസാധ്യമെന്നാണ് അതുവരെ മുതലാളിത്ത സാമ്പത്തികവിദഗ്ദ്ഗർ കരുതിപ്പോന്നിരുന്നത്. മുഴുവൻ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ, സൗജന്യമായ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ഇതൊക്കെ ലോകം ആദ്യമായി ദർശിക്കുകയായിരുന്നു. ഒരു രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന സ്വത്ത് തുല്യമായി വിതരണം ചെയ്യപ്പെടുക, നാളിതുവരെ വരേണ്യവിഭാഗങ്ങൾ കൈപ്പിടിയിലൊതുക്കിയിരുന്ന സാംസ്കാരിക വിഭവങ്ങൾ മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാക്കുക ഇതൊക്കെ സോവിയറ്റ് സോഷ്യലിസ്റ്റ് ഭരണകൂടം എല്ലാവർക്കും ഉറപ്പുവരുത്തി.

വിപ്ലവത്തെത്തുടർന്നുള്ള ആഭ്യന്തരയുദ്ധം സോവിയറ്റ് സമ്പദ്‌വ്യവസ്ഥയിൽ കടുത്ത ആഘാതങ്ങളേൽപ്പിച്ചിരുന്നു. 1990ലെ നിലവാരംവെച്ച് നോക്കുകയാണെങ്കിൽ ശരാശരി റഷ്യക്കാരുടെ വരുമാനം 1919ൽ 600 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. (ഇന്നത്തെ നിലവാരം വെച്ച് നോക്കുകയാണെങ്കിൽ, ഇത് ലോകത്തിൽ ഏറ്റവും ദരിദ്രരാജ്യങ്ങളായ മധ്യ ആഫ്രിക്കയിലെ രാഷ്ട്രങ്ങളിലെ വരുമാനത്തിന്റെ നിലയിലാണ്). ആഭ്യന്തര സംഘർഷങ്ങളിൽപെട്ട് വിളവെടുപ്പിലെ തകർച്ചകളും ക്ഷാമങ്ങളും തുടർച്ചയായി. സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ചു. പട്ടിണിമരണങ്ങൾപോലും വ്യാപകമായി. ഏതാണ്ട് 5 ദശലക്ഷം ജനങ്ങൾ മരണപ്പെട്ടു. 1922ലാണ് സോവിയറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് ജീവൻവെച്ചു തുടങ്ങുന്നത്. 1928ലാണ് ആദ്യ പഞ്ചവത്സരപദ്ധതിയിലേക്ക് സോവിയറ്റ് യൂണിയൻ നീങ്ങുന്നത്. ഘനവ്യവസായങ്ങൾക്കും കാർഷികമേഖലയ്‌ക്കും ഊന്നൽ നൽകികൊണ്ടുള്ളതായിരുന്നു ആദ്യ പഞ്ചവത്സരപദ്ധതി. 1928നു ശേഷമുള്ള 57 വർഷക്കാലത്തെ ദേശീയ വളർച്ചാനിരക്ക് 4.2 ശതമാനമായിരുന്നു, പ്രതിശീർഷ വളർച്ചാനിരക്ക് 3 ശതമാനവും. ആധുനിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്കുകൾ വെച്ചുനോക്കിയാൽ ഇത് മികച്ചതായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു മുൻപുള്ള കാലയളവിൽ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്തു നോക്കുകയാണെങ്കിൽ ഇത് ഏറെ ഉയർന്നതായിരുന്നു. 1928‐55 കാലയളവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കൈവരിച്ച വളർച്ചയേക്കാൾ മികച്ചതായിരുന്നു ഇത്.

ഏത് മാനദണ്ഡങ്ങൾവെച്ചു നോക്കിയാലും, 1980കൾ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സോവിയറ്റ് സമ്പദ്‌വ്യവസ്ഥ ലോകത്തിലെ മറ്റു സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ചതായിരുന്നുവെന്ന് പട്ടിക 2 വ്യക്തമാക്കുന്നു. ജനങ്ങളുടെ ജീവിതത്തിലും ഇത് കൃത്യമായി പ്രതിഫലിച്ചിരുന്നു. ലോകത്തിലെ മറ്റു രാജ്യങ്ങളുടേതുമായും അമേരിക്കയുടേതുമായും സോവിയറ്റ് യൂണിയനിലെ പ്രതിശീർഷ ഉല്പാദനത്തിലെ വളർച്ചാനിരക്കുകളുടെ താരതമ്യം താഴെ കൊടുത്തിരിക്കുന്നു. ചിത്രം 3 കാണുക. മനുഷ്യരുടെ ആരോഗ്യപൂർണമായ ജീവിതത്തിന്റെ വളർച്ചയെ കാണിക്കുന്നതാണ് ചിത്രം 4 . വിപ്ലവപൂർവ കാലഘട്ടത്തിൽ 30 ൽ താഴെയായിരുന്ന ആയുർദൈർഘ്യം 1950 ൽ 60 ൽ എത്തി.

കുട്ടികളായിരുന്നു ഇതിന്റെ ഗുണഫലം ഏറ്റവും നേടിയ വിഭാഗം. വിപ്ലവപൂർവ്വ കാലഘട്ടത്തിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആയുർദൈർഖ്യത്തിലുണ്ടായ വർദ്ധന ചിത്രത്തിൽ വ്യക്തമായി കാണിക്കുന്നു.

വിപ്ലവാനന്തര റഷ്യയിൽ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റമുണ്ടാക്കിയ വിഭാഗം സ്ത്രീകളായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട് നിരക്ഷരതയിൽ മുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ആ ദയനീയ സ്ഥിതിയിൽനിന്നും മോചിപ്പിച്ചു. വീട്ടിലും കൃഷിയിടങ്ങളിലുമായി ജീവിതം കഴിച്ചുകൂട്ടിയിരുന്ന സ്ത്രീകൾക്കുമുന്നിൽ ഓഫീസ് ജോലികളുടെ സാധ്യതകൾ തുറന്നു. 1970 ൽ സർക്കാർ ഓഫീസുകളിൽ ജോലിചെയുന്നവരിൽ 60 ശതമാനവും സ്ത്രീകളായി മാറി.

ഈ മാറ്റങ്ങൾക്ക് തുടക്കമിട്ടത് എവിടെനിന്നാണ് എന്നതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം. സാറിസ്റ്റ് ഏകാധിപത്യ ഭരണത്തിനു കീഴിൽ നരകതുല്യമായ ജീവിതം കഴിച്ചുകൂട്ടിയവരായിരുന്നു റഷ്യയിലെ സാധാരണ ജനങ്ങൾ. ഏറ്റവും രൂക്ഷമായ അസമത്വമായിരുന്നു എവിടെയും നിലനിന്നിരുന്നത്. വംശീയ വിദ്വേഷങ്ങളും സെമിറ്റിക് വിരുദ്ധതയും നിരന്തരം സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. തൊഴിലാളികൾക്കോ കർഷകർക്കോ വിദ്യാഭ്യാസം സാധ്യമായിരുന്നില്ല. അക്കാലത്തെ യൂറോപ്യൻ കൊളോണിയൽ ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യൻ സമ്പദ്‌വ്യവസ്ഥ ഏറെ പിന്നിലായിരുന്നു. ഈ റഷ്യയാണ് 1970കളോടെ ലോകത്തെ ഒന്നാംകിട നാഗരിക വ്യാവസായിക സമൂഹമായി, സാമ്പത്തിക ശക്തിയായി മാറിയത്. 27 കോടി ജനങ്ങൾ അധിവസിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായിരുന്നു അന്നത്തെ സോവിയറ്റ് യൂണിയൻ എന്നുകൂടി ഓർക്കണം. ജീവിതദൈർഘ്യത്തിലും, കലോറി ഇൻടേക്കിലും, സാക്ഷരതയിലും ലോകത്തിലെ പ്രധാന വികസിത രാജ്യങ്ങളുടെ മുൻനിരയിലായിരുന്നു അന്നത്തെ സോവിയറ്റ് യൂണിയൻ.

ശാസ്ത്രസാങ്കേതികവിദ്യയിലും, കായിക സാംസ്കാരിക മേഖലകളിലും ഈ ഉയർന്ന സ്ഥിതി സോവിയറ്റ് യൂണിയൻ നിലനിർത്തിയിരുന്നു. മുതലാളിത്തരാജ്യങ്ങളിൽ സാമ്പത്തികാഭിവൃദ്ധിയുടെ മെച്ചം ചെറിയൊരു ശതമാനംവരുന്ന സമ്പന്നവർഗത്തിനിടയിൽ പരിമിതപ്പെട്ടിരുന്നുവെങ്കിൽ സോവിയറ്റ് യൂണിയനിൽ അത് തൊഴിലാളികൾക്കും കർഷകർക്കും സാധാരണ ജനങ്ങൾക്കുമിടയിൽ ഒരേപോലെ പങ്കുവെയ്ക്കപ്പെട്ടു. 1940‐1980 കാലയളവിൽ സോവിയറ്റ് യൂണിയനിലെ ഫാക്ടറി തൊഴിലാളികളുടെയും ഓഫീസ് ജീവനക്കാരുടെയും യഥാർത്ഥ വരുമാനം 3.7 ശതമാനം കണ്ടു വർദ്ധിച്ചപ്പോൾ ഇതേ കാലയളവിൽ അമേരിക്കയിൽ അത് 1 ശതമാനം കണ്ടു കുറയുകയാണുണ്ടായത്. സോവിയറ്റ് യൂണിയനിലെ അടിസ്ഥാന ജീവിത ചെലവ് ‐- പാർപ്പിടം ‐ യാത്രാ ‐ ആരോഗ്യം ‐- കുടുംബ വരുമാനത്തിന്റെ 15 ശതമാനം മാത്രമായിരുന്നപ്പോൾ അമേരിക്കയിൽ അത് 50 ശതമാനമായിരുന്നു . അസമത്വ നിരക്കുകൾ സോവിയറ്റ് യൂണിയനിൽ 5:1 ആയിരുന്നപ്പോൾ അമേരിക്കയിൽ 10000:1 ആയിരുന്നു. തൊഴിലില്ലായ്മ ഉന്മൂലനംചെയ്യുന്ന ആദ്യത്തെ ആധുനിക സമ്പദ്‌വ്യവസ്ഥ സോവിയറ്റ് യൂണിയന്റേതായിരുന്നു. തൊഴിൽ നഷ്ടപ്പെടലിന്റെ വാൾ തലക്കുമീതെ എല്ലായിപ്പോഴും തൂങ്ങിക്കിടന്നിരുന്ന മുതലാളിത്ത രാഷ്ട്രങ്ങളിലെ തൊഴിലാളികളുമായി താരതമ്യം ചെയ്തപ്പോൾ അത്തരമൊരു ഭീതി സോവിയറ്റ് യൂണിയനിലെ തൊഴിലാളികളിൽ ലവലേശം പോലുമില്ലായിരുന്നു. മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലെ സാക്ഷരതാനിരക്ക് വിപ്ലവപൂർവ കാലത്ത് 4 മുതൽ 16 ശതമാനം വരെയായിരുന്നപ്പോൾ 3 പതിറ്റാണ്ടുകൊണ്ട് സോവിയറ്റ് യൂണിയൻ 100 ശതമാനം സാക്ഷരത കൈവരിച്ചു. സോവിയറ്റ് യൂണിയന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന പല രാജ്യങ്ങളിലും ഇന്നും സാക്ഷരതനിരക്ക് 30 ശതമാനത്തിൽ താഴെയാണ്.
(തുടരും )

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + two =

Most Popular