Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഹൈദരാബാദ് സർവകലാശാലയിൽ എസ്എഫ്ഐ സഖ്യത്തിന്‌ ഉജ്വലവിജയം

ഹൈദരാബാദ് സർവകലാശാലയിൽ എസ്എഫ്ഐ സഖ്യത്തിന്‌ ഉജ്വലവിജയം

സഹാന പ്രദീപ്‌

ബിവിപി സഖ്യത്തെ പരാജയപ്പെടുത്തി ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ എസ്എഫ്ഐ സഖ്യം നിലനിർത്തിയിരിക്കുകയാണ്. വളരെ നിർണ്ണായകമായൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഇത്തവണ ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. നവംബർ മുപ്പതു മുതൽ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുകയാണ്. അതിനു മുന്നോടിയായി നടക്കുന്ന സർവകലാശാല തിരഞ്ഞെടുപ്പ് കേവലം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് മാത്രമല്ല, ശക്തമായൊരു രാഷ്ട്രീയ സന്ദേശം നൽകാൻ കെല്പുള്ള ഒന്നാണ്. തെലങ്കാനയിൽ ഏതുവിധേനയും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്ന ബിജെപിക്ക് കഴിഞ്ഞ കുറെ മാസങ്ങളായി അത്ര സുഖമുള്ള അനുഭവങ്ങളല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. അംഗങ്ങളുടെ തുടർച്ചയായ കൊഴിഞ്ഞു പോക്ക് ബിജെപിയുടെ പ്രതീക്ഷകൾക്ക് വല്ലാത്ത മങ്ങലേൽപ്പിച്ചിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ രാജ്യത്തെ പ്രധാനപ്പെട്ടൊരു സർവകലാശാലയിൽ എബിവിപിക്ക് വിജയം നേടാനായാൽ അത് കുറച്ചൊന്നുമല്ല ബിജെപിയെ ഉത്തേജിപ്പിക്കുക എന്ന വിദൂര പ്രതീക്ഷ ആർഎസ്എസ്സിന് ഉണ്ടായിരുന്നിരിക്കണം.

തുറന്ന വർഗ്ഗീയ പ്രചാരണങ്ങളും അഴിച്ചുവിട്ട അക്രമവുമായാണ് എബിവിപി 2022‐-23 വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനിപ്പുറം ക്യാമ്പസിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കാൻ ശ്രമിച്ചത്. എബിവിപി നേതൃത്വം തന്നെ നേരിട്ട് അക്രമം അഴിച്ചുവിടുന്ന നിരവധി സന്ദർഭങ്ങൾക്ക് കാമ്പസ് സാക്ഷിയായി. നാല് വർഷങ്ങൾക്കുശേഷം പ്രഖ്യാപിക്കപ്പെട്ട ഹോസ്റ്റൽ തിരഞ്ഞെടുപ്പ് എബിവിപിയുടെ ജനാധിപത്യവിരുദ്ധമായ ഇടപെടൽ കാരണം മാറ്റിവെക്കപ്പെട്ടു. പൂർത്തിയായ ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ അഡ്മിനിസ്ട്രേഷനുമായി ചേർന്നുള്ള ഒത്തുകളിയുടെ തടഞ്ഞുവെച്ചും ബാക്കിയുള്ളവയുടെ ജനറൽ ബോഡി മീറ്റിംഗുകളിൽ അസ്വാരസ്യം ഉണ്ടാക്കിയും സമാധാനാന്തരീക്ഷത്തിനു വിള്ളലേല്പിച്ച സാഹചര്യത്തിലാണ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുന്നത്. ഇലക്ഷന് രണ്ടു ദിവസം മുൻപ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ഏകപക്ഷീയമായ ശ്രമം ഇലക്‌ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായി. വിചിത്രമായ കാരണങ്ങൾ നിരത്തിയാണ് കമ്മീഷൻ ഇലക്ഷൻ തടസ്സപ്പെടുത്തതാണ് ശ്രമിച്ചത്. എബിവിപിയുടെ പരാജയം മണത്തപ്പോൾ ഹോസ്റ്റൽ ഇലക്ഷൻ മാറ്റിവച്ചതുപോലെ പരാജയത്തിന്റെ വക്കിൽ നിൽക്കുന്ന എബിവിപിക്ക് കൂടുതൽ സമയം നൽകാനുള്ള വൃഥാ ശ്രമമായിരുന്നു കമ്മീഷന്റെ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കൽ നാടകം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ പ്രബുദ്ധരായ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ കൂട്ടായ ചെറുത്തുനിൽപ്പിനു മുന്നിൽ കമ്മീഷന് അടിയറവു പറയേണ്ടിയും നിശ്ചയിച്ച തീയതിയിൽ തന്നെ ഇലക്ഷൻ നടത്തേണ്ടിയും വരികയായിരുന്നു.

വർഗ്ഗീയതയ്‌ക്കും പണക്കൊഴുപ്പിനും അക്രമത്തിനും എതിരെ സംഘടിക്കുക എന്നതായിരുന്നു എസ്എഫ്ഐ ഈ തിരഞ്ഞെടുപ്പിന് മുന്നിൽ വെച്ച ആഹ്വാനം. വിദ്യാഭ്യാസ കച്ചവടത്തിനും സ്വകാര്യവൽകരണത്തിനും ഫീസ് കുത്തനെ ഉയർത്തിയതിനും എതിരെ സന്ധിയില്ലാത്ത നിലപാട് തുടരുമെന്ന എസ്എഫ്ഐയുടെ പ്രഖ്യാപിത നിലപാട് കാലാവധി പൂർത്തിയാക്കുന്ന, എസ്എഫ്ഐ നേതൃത്വം നൽകുന്ന ഇതേ സഖ്യത്തിന്റെ തന്നെ യൂണിയന്റെ നിറവേറപ്പെട്ട വാഗ്ദാനങ്ങളിൽ അലയടിക്കുന്നുണ്ടായിരുന്നു. എസ്എഫ്ഐയോട് ഒപ്പം അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ (ASA), ട്രൈബൽ സ്റ്റുഡന്റസ് ഫോറം (TSF) എന്നിവരാണ് സഖ്യത്തിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് എന്ന പേരിൽ കേന്ദ്ര സർവകലാശാലകളിലെ പ്രവേശനം കേന്ദ്രീകൃതമാക്കുകയും അതിന്റെ മറവിൽ സ്വകാര്യ കോച്ചിങ് സെന്ററുകൾക്ക് വളരാൻ അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്യുന്ന യൂണിയൻ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്ഐ നിരന്തരമായ സമരത്തിലാണ്. ഹൈദരാബാദ് സർവകലാശാല, CUET അപ്ലിക്കേഷൻ ഫീസിന് പുറമെ, 600 രൂപയാണ് ഓരോ കാമ്പസിലേക്കുള്ള അപ്ലിക്കേഷനും അപേക്ഷാർഥികളിൽ നിന്നും ഈടാക്കാൻ തുനിഞ്ഞത്. ഇതിനെതിരെ അഞ്ചുദിവസം നീണ്ട സമരം നയിച്ച യൂണിയൻ 50 ശതമാനം ഫീസ് റിഡക്ഷൻ ഉറപ്പു വരുത്തി. അടിസ്ഥാന പൊതു സർവകലാശാലകൾക്കുള്ള കേന്ദ്ര ഫണ്ട് ഗണ്യമായി വെട്ടിച്ചുരുക്കപ്പെട്ട സാഹചര്യത്തിൽ സൗകര്യങ്ങളിൽ വലിയ നിലവാരത്തകർച്ചയും പല അക്കാദമിക് സൗകര്യങ്ങളുടെ നിഷേധവും അനുഭവിക്കുകയായിരുന്ന എച്ച്സിയു വിദ്യാർത്ഥികൾക്ക് വേണ്ടി ചെറിയ കാലയളവുകൊണ്ട് നിരവധി സമരങ്ങൾ യൂണിയൻ സംഘടിപ്പിക്കുകയും തത്ഫലമായി പുതിയ ഹോസ്റ്റലുകൾക്കും ബസുകൾക്കും അനുമതി ലഭ്യമാക്കുകയും ചെയ്തു. കോവിഡ് മഹാമാരിമൂലം അക്കാഡമിക് സമയം നഷ്ടപ്പെട്ട എല്ലാ ഗവേഷണ ബാച്ചുകൾക്കും രണ്ട് വർഷം അധികം അനുവദിക്കപ്പെട്ടതും യൂണിയന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ്. അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല, കാമ്പസിലെ ജനാധിപത്യ സംവിധാനത്തിലും എസ്എഫ്ഐ സഖ്യം നേതൃത്വം നൽകുന്ന ശ്ലാഘനീയമായ ഇടപെടലുകൾ ഇക്കാലയളവിൽ ഉണ്ടായി. എസ്എഫ്ഐയുടെ ദീർഘകാലത്തെ പോരാട്ടമായിരുന്നു കോളേജ് ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ് (cis) വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സ്കൂൾ ബോർഡിൽ ഉണ്ടാവുക എന്നത്. അത്‌ ഫലപ്രാപ്തിയിലെത്തിയ ഘട്ടം കൂടിയായിരുന്നു ഈ യൂണിയൻ കാലം. അതുകൊണ്ടു തന്നെ ഈ സഖ്യത്തിന്റെ തുടർച്ചയാണ് എസ്എഫ്ഐ 2023‐-24 വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലും ആഗ്രഹിച്ചത്. എബിവിപി അക്രമത്തിന്റെയും വിദ്യാർത്ഥിവിരുദ്ധ നയങ്ങളുടെയും വക്താക്കളായപ്പോൾ എസ്എഫ്ഐ‐എഎസ്എ‐ടിഎസ്എഫ് സഖ്യം മുന്നോട്ടു വച്ചത് വിദ്യാർത്ഥി പക്ഷത്ത് നിന്ന് നയിച്ച അനവധിയായ സമരങ്ങളുടെ ചരിത്രവും അത് തുടരുമെന്ന ദൃഢനിശ്ചയവുമാണ്.

വർഗ്ഗീയതയെയും അക്രമരാഷ്ട്രീയത്തെയും എച്ച്‌സിയുവിന്റെ പുരോഗമന ഭൂമിക എല്ലാ രീതിയിലും തിരസ്കരിക്കുമെന്ന് വൈകി മനസ്സിലാക്കിയ എബിവിപി ഐഡന്റി കാർഡുകൾ കളത്തിലിറക്കി തെറ്റിധാരണയിലൂടെ ജയസാധ്യത തേടുന്ന പരിഹാസ്യമായ രാഷ്ട്രീയ രംഗങ്ങളും ഈ തിരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞു. ഒരു മുസ്ലിം വനിതയെ അധ്യക്ഷ സ്ഥാനത്തേക്കും മാർജിനലൈസ്സ് വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ മറ്റു പോസ്റ്റുകളിലേക്കും നാമനിർദ്ദേശം ചെയ്തു കൊണ്ട് സ്വത്വ രാഷ്ട്രീയത്തിന്റെ മുറ പയറ്റാനുള്ള വിഫലമായ ശ്രമം നടത്തിയ എബിവിപിക്ക് പുരോഗമന രാഷ്ട്രീയം സർവകലാശാലയുടെ ഹൃദയത്തിൽ എത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ഇതുവരെ എന്നത് അപഹാസ്യമാണ്.

എസ്എഫ്ഐ-‐എഎസ്എ‐ടിഎസ്എഫ് സഖ്യത്തിൽ എച്ച്‌സിയുവിലെ പ്രബുദ്ധരായ വിദ്യാർത്ഥികൾക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു തിരഞ്ഞെടിപ്പു ഫലം. നവംബർ 10നു നടന്ന വോട്ടെണ്ണലിൽ എല്ലാ യൂണിയൻ സ്ഥാനങ്ങളിലേക്കും അസന്ദിഗ്‌ധമായ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ സഖ്യം വിജയത്തിലെത്തി. എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് അതീഖ് അഹമ്മദ് ആണ് ഹൈദാബാദ് സർവകലാശാലയുടെ പുതിയ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ. 471 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ. അതീഖ് എബിവിപിയുടെ ഷെയ്ഖ് ആയിഷയെ പരാജയപ്പെടുത്തിയത്. എഎസ്എയുടെ ദീപക് കുമാർ ആര്യ ജനറൽ സെക്രട്ടറിയായും ടിഎസ്എഫിന്റെ ലാവുടി ബാല ആഞ്ജനേയലു ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ജെല്ലി ആകാശ്, ഷമീം അക്തർ ഷെയ്ഖ്, അതുൽ സുന്ദരേശൻ എന്നിവരാണ് മറ്റു യൂണിയൻ സാരഥികൾ. ജൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്സ്മെന്റ് (GSCASH)ലേക്കും എസ്എഫ്ഐയുടെ കന്തുകുരി പൂജയും നന്ദന പണിക്കിലും എ എസ് എയുടെ സൗമ്യ മോഹനും വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

എച്ച്സിയുവിൽ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്ര സഖ്യം വീണ്ടും വിദ്യർത്ഥി യൂണിയന്റെ കടിഞ്ഞാൺ കയ്യിലെടുക്കുമ്പോൾ തൊട്ടപ്പുറത്ത് മറ്റൊരു കേന്ദ്ര സർവ്വകലാശാലയിൽ, ഇഫ്ളു (English and Foreign Languages University), ഒരു വിദ്യാർത്ഥി സമരം ഒരു മാസം പിന്നിടുകയാണ്. ജൻഡർ/സെക്ഷ്വൽ ഹരാസ്സ്മെന്റുകൾ കൈകാര്യം ചെയ്യുന്ന ഇന്റേർണൽ കംപ്ലൈന്റ്സ് കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്ന ആവശ്യവുമായി തുടങ്ങിയതായിരുന്നു സമരം. അടുത്ത ദിവസം സമരത്തിന്റെ ഭാഗമായിരുന്ന ഒരു വിദ്യാർത്ഥിനി അജ്ഞാതരാൽ പീഡിപ്പിക്കപ്പെടുകയും ഈ വിഷയത്തിലുള്ള അധികൃതരുടെ അനാസ്ഥയും അലംഭാവവും നിർദ്ദയത്വവും സമരം കൂടുതൽ സങ്കീർണ്ണവും തീക്ഷണവുമാക്കിയിരിക്കുകയാണ്. ഒട്ടും ആശാസ്യമല്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് ഈ പ്രക്ഷോഭത്തിന്റെ ഓരോ ദിവസവും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ സംഘടിപ്പിക്കപ്പെടുന്ന യൂണിയനുകൾ എന്തുകൊണ്ട് അത്യന്താപേക്ഷിതമാണെന്ന് ഈ സമരങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ഇരുണ്ട കാലത്തിലെ നുറുങ്ങു പ്രതീക്ഷയാണ് എസ് എഫ് ഐ സഖ്യത്തിന്റെ ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ വിജയം. വലിയൊരു ഉത്തരവാദിത്വവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 9 =

Most Popular