Sunday, May 19, 2024

ad

Homeപഠനംസാംസ്കാരികവിമര്‍ശനവും മാര്‍ക്സിസവും -2

സാംസ്കാരികവിമര്‍ശനവും മാര്‍ക്സിസവും -2

സുനില്‍ പി ഇളയിടം

1984 ല്‍ പ്രസിദ്ധീകരിച്ച, അഭിരുചികളുടെ സാമൂഹികനിര്‍മ്മിതിയെയും ഫലങ്ങളെയും കുറിച്ചുള്ള പ്രാമാണികഗ്രന്ഥത്തിലും ( Distinction : A  Social Critique of  the Judgement of Taste ) പില്‍ക്കാലപഠനങ്ങളിലും ഫ്രഞ്ച് സാമൂഹികശാസ്ത്ര ജ്ഞനായ പിയറി ബോര്‍ദ്യു മുന്നോട്ടുവച്ച സാംസ്കാരികമൂലധനം പ്രതീകാത്മകമൂലധനം എന്നീ സങ്കല്പനങ്ങള്‍ക്ക് സംസ്കാരവിമര്‍ശനത്തിന്‍റെ മേഖലയില്‍ ഇന്ന് നിര്‍ണ്ണായകപ്രാധാന്യമുണ്ട്. മൂലധനവും അതുളവാക്കുന്ന സാമൂഹികശ്രേണീകരണവും മുതലാളിത്തവളര്‍ച്ച യുടെ പുതിയ സന്ദര്‍ഭത്തില്‍ എങ്ങനെയെല്ലാം തുടരുന്നു എന്നാണ് ബോര്‍ദ്യു അന്വേഷിച്ചത്. സാമ്പത്തികമൂലധനത്തെ മുന്‍നിര്‍ത്തുന്ന സാമൂഹികശ്രേണീകരണത്തോടൊപ്പമോ, അതിലുമേറെയോ പ്രാധാന്യത്തോടെ സാംസ്കാരിക/പ്രതീകാത്മകമൂലധനവും പുതിയ സമൂഹസന്ദര്‍ഭത്തില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു എന്നാണ് ബോര്‍ദ്യൂ വിശദീകരിച്ചത്. അഭിരുചിയെ വിവിധ ഉല്‍പന്നങ്ങള്‍ തമ്മിലുള്ള ഗുണപരമായ വ്യത്യാസം തിരിച്ചറിയാനുള്ള വൈഭവം എന്നനിലയില്‍ മനസ്സിലാക്കുന്നത് പുതിയ സന്ദര്‍ഭത്തില്‍ തികച്ചും മിഥ്യാപരമാണെന്ന് ബോര്‍ദ്യു കരുതുന്നു. അഭിരുചിയുടെ ഏറ്റിറക്കങ്ങള്‍ സാമൂഹികമായി നിര്‍മ്മിക്കപ്പെടുന്നതും ഒപ്പംതന്നെ സാമൂഹികപദവിയെ നിര്‍ണ്ണയിക്കുന്നതുമായ ഒന്നാണ്. ഉപഭോക്തൃമുതലാളിത്തം പരസ്യമുള്‍പ്പെടെയുള്ള സാമൂഹികവ്യവഹാരങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ക്ക് അഭിരുചിപരമായ പ്രതീകാത്മകമൂല്യം പ്രദാനം ചെയ്യുന്നു. ഈ പ്രതീകാത്മകമൂല്യത്തിന്‍റെ ഉടമസ്ഥത വ്യക്തികളെ അഭിജാതരും ഉന്നതരുമാക്കുന്നു. മുതലാളിത്തം കൂടുതല്‍ കൂടുതല്‍ അര്‍ത്ഥത്തിന്‍റെ വിനിമയ ത്തിന്‍റേതായിത്തീരുന്നു എന്നാണിതിനര്‍ത്ഥം. ഉല്‍പന്നങ്ങളുടെ വില അതിന്‍റെ സാമൂഹികപദവിയുടെ, അഥവാ അതിലാരോപിതമായ പ്രതീകാത്മകമൂല്യത്തിന്‍റേതുകൂടി ആയിത്തീരുന്നു. ഉല്‍പന്നങ്ങളുടെ ഉല്‍പാദന-വിതരണചെലവും അവയുടെ ലഭ്യതയുമെന്നതിലധികമായി അവയിലാരോപിതമായ പ്രതീകാത്മക മൂല്യം ഉല്‍പന്നങ്ങളുടെ വിനിമയമൂല്യം നിര്‍ണ്ണയിക്കാന്‍ തുടങ്ങുന്നു. അതോടെ ഓരോ ഉല്‍പന്നവും അതിന്‍റെ ഉടമസ്ഥന് പ്രതീകാത്മകമൂല്യം പ്രദാനം ചെയ്ത്, അഭിരുചിപരമായ ഉയര്‍ച്ച-താഴ്ചകളെ നിര്‍മ്മിച്ചെടുത്തുകൊണ്ട്, സാമൂഹിക ശ്രേണീകരണത്തെ പുനരുല്‍പാദിപ്പിക്കുന്നു. ബോര്‍ദ്യുവിന്‍റെ അഭിപ്രായത്തില്‍ പ്രതീകാത്മകമായ ഈ തട്ടുതിരിയല്‍ സാമൂഹികവിനിമയങ്ങളുടെയും ഉല്‍പന്നങ്ങളുടെയും അത്യന്തം വിപുലമായ ഒരു ചട്ടക്കൂടിനുള്ളില്‍ വച്ചാണ് സംഭവിക്കുന്നത്. അങ്ങനെ വ്യക്തികളും സാമൂഹികവിഭാഗങ്ങളും താന്താങ്ങളുടെ അഭിരുചിയെ മുന്‍നിറുത്തി അന്യോന്യം തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുന്നു. സംഗീതാസ്വാദനം മുതല്‍ ഭക്ഷണശീലങ്ങളും വസ്ത്ര ധാരണരീതികളും വരെ ഈ സ്ഥാനനിര്‍ണ്ണയത്തില്‍ ഇടപെട്ടുപോരുന്നു.

ഉപഭോക്തൃമുതലാളിത്തത്തിന്‍റെയും ഉപഭോഗാത്മകസമൂഹത്തിന്‍റെയും സന്ദര്‍ഭത്തില്‍ സംസ്കാരരൂപങ്ങള്‍ക്ക് കൈവരുന്ന ഈ പ്രതീകപരമായ വിനിമയശേഷി, അതിനെ മൂലധനത്തിന്‍റെ പുതിയരൂപമായി പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നതായി ബോര്‍ദ്യു പറയുന്നു. ഇങ്ങനെ പ്രതീകാത്മകമൂലധനം വ്യക്തിയുടെ സാമൂഹികപദവി നിര്‍ണ്ണയിക്കുന്നതിലും സാമൂഹികശ്രേണീകരണത്തിലും കേന്ദ്രപദവി കൈയാളുന്നു. ഇതോടൊപ്പം സാംസ്കാരിക മൂലധനം എന്ന മൂലധനരൂപവും പുതിയതരത്തിലുള്ള നിര്‍ണ്ണയശേഷി കൈവരിച്ച് സാമൂഹികപദവിയുടെ സംസ്ഥാപനത്തില്‍ ഇടപെടുന്നതായി അദ്ദേഹം വിശദീകരിച്ചു.

സാംസ്കാരിക മൂലധനം
സാംസ്കാരികമൂലധനം എന്ന മൂലധനരൂപത്തിന്‍റെ അടിസ്ഥാനം ഉപഭോക്തൃമുതലാളിത്തവുമായി ബന്ധപ്പെട്ടതല്ല. വിവിധ സാമൂഹികവിഭാഗങ്ങള്‍ക്ക് സാമൂഹികാധീശത്വം ഉറപ്പുവരുത്തുന്നതില്‍ ഇടപെടുന്ന, കലയുടെയും ഇതരസൗന്ദര്യാവിഷ്കാരങ്ങളുടെയും മണ്ഡലമാണത്. സംസ്കാരം എന്ന് സാമാന്യമായി വ്യവഹരിച്ചുപോരുന്ന കലാ-സാഹിത്യ-സൗന്ദര്യലോകങ്ങളില്‍ വ്യക്തികള്‍ക്കും സാമൂഹികവിഭാഗങ്ങള്‍ക്കും കൈവരുന്ന വിനിമയാധികാരമാണ് സാംസ്കാരിക മൂലധനം. സാമൂഹികാധിപത്യം കൈയാളാന്‍ ഒരുവിഭാഗത്തിനു കഴിവ് വരുന്നത് അവരുടെ നിയന്ത്രണത്തിലുള്ള അഥവാ അവരുടെ വിനിമയാധികാരത്തിനു കീഴിലുള്ള സാംസ്കാരികവിഭവങ്ങള്‍ക്ക് ഇതര സാംസ്കാരികവിഭവങ്ങളേക്കാള്‍ കൂടിയ മൂല്യം ലഭിക്കുമ്പോഴാണ്. ഈ ഉന്നതമൂല്യം സാമൂഹികാധികാരത്തിനുള്ള അവകാശവാദമായി ഉന്നയിക്കപ്പെടുന്നു. ഇതരസാംസ്കാരികവിഭവങ്ങളുടെ കീഴ്നില സാമൂഹികാധികാരമേഖലയിലുള്ള കീഴ്നിലയുടെ ഫലമാണെന്നര്‍ത്ഥം. അതേസമയം സാംസ്കാരികവിഭവങ്ങളുടെ ഈ കീഴ്നില അവയുടെ വിനിമയാവകാശികളായ സാമൂഹികവിഭാഗത്തിന്‍റെ കീഴ്നിലയെ പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ അന്യോന്യാശ്രിതമായ ഒരു ബന്ധം സാംസ്കാരികവിഭവങ്ങളും സാമൂഹികാധികാരവും തമ്മില്‍ നിലനിന്നുപോരുന്നു. സാമൂഹികാധികാര ശ്രേണിയിലെ ഒരു സവിശേഷവിഭാഗത്തിന്‍റെ സ്ഥാനവ്യതിയാനം അവരുടെ സാംസ്കാരികമൂലധനത്തെ പുനര്‍നിര്‍ണ്ണയിക്കും. അതോടൊപ്പം സാംസ്കാരിക വിഭവങ്ങള്‍ക്ക് കൈവരുന്ന പുതിയ മൂല്യം സവിശേഷ സാമൂഹികവിഭാഗങ്ങളുടെ പദവിപരിവര്‍ത്തനത്തിന് വഴിതുറക്കുകയും ചെയ്യും.

പ്രതീകാത്മക/സാംസ്കാരികമൂലധനരൂപങ്ങളെപ്പറ്റിയുള്ള ബോര്‍ദ്യുവിന്‍റെ നിരീക്ഷണം സംസ്കാരവിമര്‍ശനമേഖലയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും മൗലികതയുള്ള കണ്ടെത്തലുകളായാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടുവരുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ സാമൂഹികാധിപത്യം മൂലധനാധിഷ്ഠിതമാണെന്ന മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിനെ മാനിച്ചുകൊണ്ടുതന്നെ, മൂലധനം എന്ന പരികല്പനയെ വികസിപ്പിക്കുകയാണ് ബോര്‍ദ്യു ചെയ്തത്. അതിലൂടെ ഒരുഭാഗത്ത് പില്‍ക്കാലമുതലാളിത്തത്തിന്‍റെ സാമൂഹികാധിപത്യത്തെക്കുറിച്ചും മറുഭാഗത്ത് ഏത് സാമൂഹികഘടനയിലും മേലാളവിഭാഗങ്ങള്‍ അധീശത്വം കൈവരിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ചും പുതിയ തെളിച്ചം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ബോര്‍ദ്യുവിനെപ്പോലെ മാര്‍ക്സിസവുമായി പരോക്ഷബന്ധം പുലര്‍ത്തിയ ഒരാളല്ല ഹെബര്‍മാസ്. ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരുടെ രണ്ടാംതലമുറയിലെ പ്രധാനിയായാണ് ഹെബര്‍മാസ് പരിഗണിക്കപ്പെട്ടുവരുന്നത്. വിമര്‍ശനാത്മകസിദ്ധാന്തം എന്നറിയപ്പെടുന്ന ഫ്രാങ്ക്ഫര്‍ട്ട് ചിന്താപാരമ്പര്യത്തെ പുതുക്കിപ്പണിയുന്നതിലും, ഘടനാവാദാനന്തര ചിന്തയുടെ കേന്ദ്രതാത്പര്യങ്ങളിലൊന്നായ ഭാഷാദര്‍ശനത്തെ മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യവുമായി കൂട്ടിയിണക്കുന്നതിലും ഹെബര്‍മാസ് വലിയ പങ്കു വഹിക്കുകയുണ്ടായി. സംവാദാത്മകക്രിയ എന്ന പരികല്പന അവതരിപ്പിച്ചുകൊണ്ടാണ് വിമര്‍ശനാത്മക സിദ്ധാന്തത്തിന്‍റെയും, മാര്‍ക്സിസ്റ്റ് സൈദ്ധാന്തികസമീക്ഷയുടെയും പരിമിതികളെ മറികടക്കുവാന്‍ ഹെബര്‍മാസ് ശ്രമിച്ചത്.

ഭാഷയുടെ മാധ്യസ്ഥം
എല്ലാവിധ യാഥാര്‍ത്ഥ്യങ്ങളും ഭാഷയുടെ മാധ്യസ്ഥത്തിന് വിധേയമാണ് എന്നതിനാല്‍ കേവലയാഥാര്‍ത്ഥ്യം എന്നത് അസാധ്യവും, അസാധുവുമായ, ഒരു സങ്കല്പനമാണെന്ന നിലപാടാണ് ഘടനാവാദാനന്തരചിന്ത പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ചുപോന്നിട്ടുള്ളത്. സ്വത്വം എന്നത് ഭാഷാപരമായി മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നാണ്. ഭാഷയെക്കുറിച്ചുള്ള ഘടനാവാദാനന്തരചിന്തയുടെ താത്പര്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ത്തന്നെ, യുക്തിപരമായി വ്യുത്പ്പാദിപ്പിക്കപ്പെട്ട സത്യം സാധ്യമാണെന്ന നിലപാടാണ് ഹെബര്‍മാസിന്‍റേത്. സയുക്തികസത്യത്തിന്‍റെ സാധ്യത, സയുക്തികമായ വിമര്‍ശത്തെയും സാധ്യമാക്കുന്നു. ഇവിടെ പുതിയ ഭാഷാ സിദ്ധാന്തവും ചരിത്രപരമായ ഭൗതികവാദവീക്ഷണവും തമ്മില്‍ ഒരു സംവാദാത്മക ബന്ധം സ്ഥാപിച്ചെടുക്കാനാണ് ഹെബര്‍മാസ് ശ്രമിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട് സൈദ്ധാന്തികരുടെ ഹെഗേലിയന്‍ വൈരുധ്യാത്മകതയിലുള്ള ഊന്നലിനെയും അതിലൂടെ രൂപപ്പെട്ടുവരുന്ന അതീതജ്ഞാനസിദ്ധാന്തത്തെയും (Transcedental Epistemoligy) മറികടന്ന് അടിസ്ഥാനഭദ്രതയുള്ള സാമൂഹികവിമര്‍ശത്തെ സാക്ഷാത്കരിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.

വിഷയി/വിഷയ ദ്വന്ദ്വത്തെയും അഭിജ്ഞാന/ക്രിയാ (Cognition/Action) ദ്വന്ദ്വത്തെയും മുന്‍നിര്‍ത്തുന്ന സാമൂഹികദര്‍ശനമാണ് മാക്സ് വെബര്‍ മുതല്‍ ഫ്രാങ്ക്ഫര്‍ട്ട്ചിന്തകര്‍ വരെയുള്ളവരെ നിര്‍ണ്ണയിച്ചുപോന്നതെന്ന് ഹെബര്‍മാസ് കരുതുന്നു. അന്തര്‍വിഷയീത്വം (Intersubjectivity) എന്ന പരികല്പനയിലൂടെ, ഏകീകരണാവബോധം(Unifying consciousness) എന്ന അതീതധാരണയെ സ്വീകരിക്കാതെ തന്നെ കര്‍ത്താക്കള്‍ക്കിടയിലുളവാകുന്ന സമ്മതിയെ വിഭാവനം ചെയ്യുകയാണ് ഹെബര്‍മാസ് ചെയ്യുന്നത്. ഈ അന്തര്‍വിഷയീത്വം മാനുഷികമായ വിനിമയവൃത്തിയിലൂടെ പ്രവര്‍ത്തനക്ഷമമാകുന്ന യാഥാര്‍ത്ഥ്യമാണ്. പരസ്പരം പങ്കുവയ്ക്കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ സാമൂഹികനിര്‍മ്മിതിയെയാണ് അതു സൂചിപ്പിക്കുന്നത്. അഭിജ്ഞാനത്തോടും ക്രിയയോടും ചേര്‍ന്നുനില്‍ക്കുന്ന അര്‍ത്ഥം/യാഥാര്‍ത്ഥ്യം എന്നതും ഇതിന്‍റെ ഫലം തന്നെയാണ്. അങ്ങനെ വിനിമയാത്മക വൃത്തി എന്നത് സത്യമൂല്യത്തിന്‍റെ കേന്ദ്രമായിത്തീരുകയും ചെയ്യുന്നു. സയുക്തികതയും, പൊതുമണ്ഡലത്തിലെ വിനിമയവൃത്തിയുടെ സ്വതന്ത്രസ്വഭാവവും ശരിയായ മാനവവിമോചനത്തിന് വഴിവയ്ക്കുമെന്നും ഹെബര്‍മാസ് കരുതുന്നു.

ഫ്രെഡറിക് ജെയിംസണിന്‍റെ
പരിശ്രമം

സംസ്കാരം എന്ന പ്രമേയത്തിന് പുതിയ അര്‍ത്ഥവിവക്ഷകള്‍ പ്രദാനം ചെയ്തുകൊണ്ടല്ല ഫ്രെഡറിക് ജെയിംസണ്‍ മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശന ധാരയില്‍ ഇടം കണ്ടെത്തുന്നത്. സമകാലികരായ ഏത് ചിന്തകരിലുമുപരിയായി മാര്‍ക്സിസ്റ്റ് സൈദ്ധാന്തികസ്വരൂപത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത് ജെയിംസണ്‍ ആവണം. വാസ്തവത്തില്‍ ഘടനാവാദാനന്തരചിന്തയുടെ താത്പര്യങ്ങളെയും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികസമീക്ഷയെയും ചേര്‍ത്തുവയ്ക്കാനുള്ള ഏറ്റവും വലുതും അര്‍ത്ഥപൂര്‍ണ്ണവുമായ ശ്രമങ്ങള്‍ ജെയിംസണിന്‍റേതാണ് എന്നു പറയാം. മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ തീര്‍ത്തും പ്രതിലോമപരമായ നിരവധി ധാരണകള്‍ ഘടനാവാദ- ഘടനാവാദാനന്തര ചിന്താപാരമ്പര്യം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം ധാരണകളോട് കണിശമായ അകലം പാലിക്കുമ്പോള്‍ത്തന്നെ അവ നല്‍കുന്ന സംവാദസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ജെയിംസണ്‍ മടിക്കുന്നില്ല. ഉദാഹരണത്തിന്, ചരിത്രപരവും പാഠപരവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണ്ണമായ വിനിമയത്തില്‍ നിന്നു രൂപപ്പെടുത്തുന്നതാണ് അര്‍ത്ഥം എന്ന നിലയില്‍ അതിനെ വിലയിരുത്തുന്ന ദെറിദയുടെ അപനിര്‍മ്മാണപദ്ധതി അത്യന്തം വിലപിടിച്ച ഒരു വിശകലനസാമഗ്രിയാണെന്ന് ജെയിംസണ്‍ കരുതുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഒരേസമയം പാഠങ്ങളുടെ അനന്തമായ ശൃംഖലയെ നിര്‍മ്മിച്ചെടുക്കുന്ന ഭാഷാലീലയായോ, സംസ്കാരവും അധികാരവും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന പ്രത്യയശാസ്ത്രമണ്ഡലം എന്ന നിലയിലുള്ള പാഠങ്ങളുടെ രാഷ്ട്രീയാബോധത്തെ തുറന്നുകാട്ടുന്ന സൈദ്ധാന്തികപ്രയോഗമായോ അപനിര്‍മ്മാണത്തിന് നിലനില്‍ക്കാനാവും. ഇതില്‍ രണ്ടാമത്തെ സാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അനന്തമായ പാഠനിര്‍മ്മിതിയിലേക്ക് അഥവാ ഭാഷയുടെ ലീലാപരതയിലേക്ക്, തുറന്നു കിടക്കുന്ന അപനിര്‍മ്മാണത്തിന്‍റെ വഴി ഉപേക്ഷിക്കുകയാണ് ജെയിംസണ്‍ ചെയ്യുന്നത് എന്നു പറയാം.

അപനിര്‍മ്മാണപദ്ധതിയുടെ മൗലികപ്രാധാന്യം അംഗീകരിച്ചുകൊണ്ട്, അള്‍ത്യൂസ്സേറിയന്‍ ഘടനാവാദവുമായി അതിനെ ഇണക്കിനിര്‍ത്താനുള്ള ശ്രമത്തില്‍ ജെയിംസണ്‍ ഏര്‍പ്പെടുന്നു. രാഷ്ട്രീയ ഉത്തരാധുനികതയെ കേന്ദ്രമാക്കുന്ന ഒരു സാംസ്കാരികസിദ്ധാന്തമായി രാഷ്ട്രീയാബോധത്തെ (Political unconsciousness) സ്ഥാനപ്പെടുത്തിക്കൊണ്ട് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികസമീക്ഷയെ വികസിപ്പിക്കാനാണ് ജെയിംസണ്‍ ശ്രമിച്ചതെന്നും പറയാം.

സാംസ്കാരികപാഠങ്ങളും, അവയെ ആസ്പദമാക്കി രൂപമെടുക്കുന്ന ചരിത്ര/സംസ്കാരസ്വരൂപവും സവിശേഷമായ പ്രത്യയശാസ്ത്രവ്യവഹാരങ്ങള്‍ക്കുള്ളിലും, പ്രത്യയശാസ്ത്രവ്യവഹാരങ്ങളായുമാണ് രൂപപ്പെടുന്നതെന്ന വസ്തുതയാണ് ജെയിംസണ്‍ ഉറപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്. ഈ പ്രത്യയശാസ്ത്രവ്യവഹാരങ്ങളുടെ തരംതിരിവില്‍ പ്രമുഖസ്ഥാനമുള്ളത് അധീശവര്‍ഗവ്യവഹാരവും കീഴാള വ്യവഹാരവും തമ്മിലുള്ള വൈരുധ്യത്തിനു തന്നെയാണ്. ഈ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന സാംസ്കാരികപാഠങ്ങളെയും സംസ്കാര ചരിത്രത്തിന്‍റെ ക്രമങ്ങളെയും വിശദീകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപാധി മാര്‍ക്സിസം തന്നെയാണെന്നും അദ്ദേഹം കരുതുന്നു. ഏറിയേറി വരുന്ന സാമൂഹികശ്രേണീകരണത്തിന് മറതീര്‍ക്കുന്ന അതിരുകവിഞ്ഞ വ്യക്തിവത്കരണത്തിന്‍റെയും സ്വകാര്യവത്കരണത്തിന്‍റെയും പ്രവണതകള്‍ക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ വിമര്‍ശനനിലപാട് സാമൂഹികവും ചരിത്രപരവും അല്ലാത്തതായി, അതുകൊണ്ടുതന്നെ രാഷ്ട്രീയമല്ലാത്തതായി, ഒന്നും തന്നെയില്ലെന്ന സമീപനമാണ് എന്ന് ജെയിംസണ്‍ ഉറപ്പിക്കുന്നു.

സംസ്കാരവിമര്‍ശനം
സംസ്കാരവിമര്‍ശനത്തിന്‍റെ ഈ ധാരകളത്രയും ഏറെക്കുറെ യൂറോപ്യന്‍ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് – സ്റ്റുവര്‍ട്ട് ഹാളിനെപ്പോലുള്ള ചുരുക്കം ചിലരുടെ ഇടപെടലുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ – രൂപപ്പെട്ടത് എന്ന വസ്തുത കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. പൊതുവായിപ്പറഞ്ഞാല്‍ ആധുനികത (Modernity) എന്ന സാമൂഹികചരിത്രാനുഭവത്തിന്‍റെയും പാശ്ചാത്യമാനവികതയുടെയും പ്രതിസന്ധികളാണ് ഈ ആലോചനകളില്‍ പലതിന്‍റെയും അടിത്തറ. ഇതില്‍ നിന്നും വ്യത്യസ്തമായൊരു മൂന്നാംലോകധാര മാര്‍ക്സിസത്തിന്‍റെ വര്‍ത്തമാനകാല ജീവിതത്തിലുണ്ട്. നവമാര്‍ക്സിസ്റ്റ് ചിന്തയില്‍ ഇടംകിട്ടാതെപോയ കോളനീകരണത്തിന്‍റെയും മൂന്നാം ലോകാനുഭവങ്ങളുടെയും വെളിച്ചത്തില്‍ ലോക യാഥാര്‍ത്ഥ്യത്തെ വിലയിരുത്തുവാനുള്ള ശ്രമത്തിലാണ് അത് ഏര്‍പ്പെട്ടിരിക്കുന്നത്. ഉപരിഘടനയുടെ ആപേക്ഷികസ്വാച്ഛന്ദ്യത്തെക്കുറിച്ച് ആലോചിച്ച മാര്‍ക്സിസം, ഒന്നാം ലോകത്തിന്‍റെ അടിത്തറയും മൂന്നാംലോകവും തമ്മിലുള്ള ബന്ധവും പരിഗണിച്ചതേയില്ല എന്ന് മൂന്നാം ലോകമാര്‍ക്സിസം കരുതുന്നു. സംസ്കാരം എന്ന ഉപരിമണ്ഡലത്തെയും പിന്നാലെ സംസ്കാരവിമര്‍ശമെന്ന ജ്ഞാനവിഷയത്തെയും പ്രശ്നവത്കരിക്കുന്ന ഒരു നിലപാടായി ഇത് വളര്‍ന്നുവരുന്നുണ്ട്. നവമാര്‍ക്സിസവും ഘടനാവാദാനന്തരചിന്തയുമായുള്ള ബന്ധം څമാഞ്ഞുപോയ മൂലധനچത്തെക്കുറിച്ച് വാചാലമാവുന്ന പോസ്റ്റ്മാര്‍ക്സിസ്റ്റ്സന്ദര്‍ഭത്തില്‍, ഒന്നാംലോകസംസ്കാരത്തിന്‍റെ ആധാരസ്വരൂപത്തെത്തന്നെ വിമര്‍ശനവിധേയ മാക്കുന്ന ഈ കാഴ്ചപ്പാടിന് സവിശേഷ സാംഗത്യമുണ്ടെന്നു മാത്രം പറഞ്ഞുവയ്ക്കട്ടെ.

മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശത്തിന്‍റെ വഴികള്‍ ഇവിടെ അവസാനിക്കുന്നില്ല. മാര്‍ക്സിസത്തിന്‍റെ ഔപചാരികവ്യാഖ്യാനങ്ങള്‍ക്കുപുറത്ത്, സംസ്കാരവിമര്‍ശത്തിന്‍റെ താത്പര്യമേഖലകളെന്നനിലയില്‍ പരിഗണിക്കപ്പെടേണ്ട ഒറ്റയൊറ്റയായ ശ്രമങ്ങള്‍ ഇനിയും ഏറെയുണ്ട്. ബക്തീനിയന്‍ പഠനസംഘത്തിലെ അംഗങ്ങളിലൊരാളും ഭാഷാചിന്തകനുമായ വി.എന്‍.വൊളോഷിനോവ് മുതല്‍ നഗരഭൂമിശാസ്ത്രത്തെക്കുറിച്ച് പുതിയ കാഴ്ചകള്‍ അവതരിപ്പിച്ച ഹെന്‍റി ലെഫവ്റേയും പ്രത്യയശാസ്ത്ര-മാധ്യമപഠനങ്ങള്‍ക്ക് പുതിയ അര്‍ത്ഥവ്യാപ്തി സമ്മാനിച്ച സ്ലാവോയ് സിസെക്കും വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ഒന്നാണത്. മൂലധനവിനിമയം, പില്ക്കാലമുതലാളിത്തം, പ്രത്യയ ശാസ്ത്രം, ചരിത്രപരമായ കാരണത്വം, ഘടനാവത്കരണം, മാനുഷികമായ വിമോചകശേഷി, കര്‍ത്തൃവത്കരണത്തിന്‍റെ ചരിത്രപരത തുടങ്ങിയവയെ സംസ്കാരവിചാരത്തിന്‍റെ കേന്ദ്രത്തില്‍ ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ട് ഒരുഭാഗത്ത് സംസ്കാരവിമര്‍ശനത്തെയും മറുഭാഗത്ത് മാര്‍ക്സിസത്തിന്‍റെ സൈദ്ധാന്തിക സജ്ജീകരണങ്ങളെയും അത് പുനഃക്രമീകരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മൂലധനാധിപത്യത്തിന്‍റെ പുത്തന്‍ ആഭിചാരങ്ങള്‍കൊണ്ട്  ഉച്ചാടനം ചെയ്യപ്പെടാത്ത ഭൂതچസാന്നിധ്യമായി മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശം ഇപ്പോഴും തുടരുന്നു

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + twelve =

Most Popular