Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറികേരളം: ആരോഗ്യമേഖലയിലെ നേട്ടങ്ങളും വെല്ലുവിളികളും

കേരളം: ആരോഗ്യമേഖലയിലെ നേട്ടങ്ങളും വെല്ലുവിളികളും

ഡോ. ബി ഇക്ബാൽ

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കഴിഞ്ഞ അറുപത്തേഴു വർഷങ്ങൾക്കിടയിൽ ആരോഗ്യ മേഖലയിൽ വിസ്മയകരമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. വികസ്വര രാജ്യങ്ങളിൽ ആരോഗ്യ സൂചികകളിൽ മുന്നിട്ടു നിൽക്കുന്ന ശ്രീലങ്ക , കോസ്റ്ററിക്ക, ക്യൂബ തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ നിലവാ‍രം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കേരള സർക്കാർ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2020 ഓടെ കൈവരിക്കുന്നതോടെ കേരളീയരുടെ ആരോഗ്യ നിലവാരം വികസിത രാജ്യങ്ങൾക്കൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അംഗീകൃത ആരോഗ്യമാനദണ്ഡങ്ങൾ പരിശോധിച്ചാൽ വികസിത രാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ നേട്ടങ്ങൾ കേരളം കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യസംവിധാനങ്ങളുടെ ലഭ്യതയും പ്രാപ്യതയും കേരളത്തിൽ മെച്ചപ്പെട്ടതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രദേശ-സാമൂഹ്യാവസ്ഥാവ്യത്യാസമില്ലാതെ ആവശ്യ ആരോഗ്യസേവനം ലഭ്യമാണ്. വികസിതരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെ ആരോഗ്യചെലവ് ആപേക്ഷികമായി കുറവുമാണ്. ഇതെല്ലാം പരിഗണിച്ച് സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവ് കുറഞ്ഞ ആരോഗ്യസംവിധാനം (Good Health at Low Cost, Good Health with Social Justice and Equity) എന്നാണ് കേരള ആരോഗ്യമാതൃകയെ അന്താരാഷ്ട്ര ഏജൻസികൾ വിശേഷിപ്പിക്കാറുള്ളത്

ഉയർന്ന സാക്ഷരതയും ഭൂപരിഷ്കരണനിയമങ്ങളിലൂടെ ജന്മിത്തം അവസാനിപ്പിച്ച് കാർഷികമേഖലയിലെ ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയതും ആഹാരസാധനങ്ങളുടെ കുറ്റമറ്റ പൊതുവിതരണ സമ്പ്രദായവും ഉയർന്ന അവകാശബോധത്തിലൂടെയും അവകാശസമരങ്ങളിലൂടെയും ദുർബല ജനവിഭാഗങ്ങൾ നേരിട്ടുവന്നിരുന്ന കടുത്ത ചൂഷണത്തിന്റെ തോത് കുറച്ചുകൊണ്ടുവന്നതും കേരളീയരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് കാരണമായി. അതോടൊപ്പം സാർവ്വത്രികവും സൗജന്യവുമായ സർക്കാർ പൊതുജനാരോഗ്യ സംവിധാനവും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിൽ സംഭാവന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ മാറ്റങ്ങൾ പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.ആരോഗ്യമേഖലയിലുണ്ടായ മികവിന് പ്രധാനകാരണം ഉയർന്ന സ്ത്രീ സാക്ഷരതയാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.ഒരു ജനതയുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഘടകം സ്ത്രീ സാക്ഷരതയാണെന്ന് ആരോഗ്യ വിദ്ഗധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ എല്ലാം തന്നെയും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു.

1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ 
സംഭാവനകൾ
കേരള പിറവിക്ക് ശേഷം അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭൂപരിഷ്കരണത്തോടൊപ്പം വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും മുൻഗണന നൽകി. സാർവ്വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കി. കേരളീയരുടെ വിദ്യാഭ്യാസ നിലവാരത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കി. 1957 ലെ സർക്കാർ ആവിഷ്കരിച്ച ഭൂപരിഷ്കരണ നിയമത്തിലൂടെ കാർഷികമേഖലയിലെ ഫ്യൂഡൽ ബന്ധങ്ങൾ അവസാനിപ്പിച്ച് കൃഷിഭൂമി കൃഷിക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞത് ആരോഗ്യമേഖലയിലും അനുകൂലമായ പ്രതിഫലനങ്ങൾക്ക് കാരണമായി. ഇതോടെ ഗ്രാമീണ ദാരിദ്ര്യം ഒരു പരിധിവരെ ഇല്ലായ്മ ചെയ്യുന്നതിന് അന്നത്തെ സർക്കാരിന് കഴിഞ്ഞു. പിൽക്കാലത്ത് ഇന്ത്യയൊട്ടാകെ നടപ്പിലാക്കാൻ കഴിഞ്ഞ ആഹാര സാധനങ്ങളുടെ പൊതുവിതരണ സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കിയതും 57 ലെ സർക്കാരാണ്. എല്ലാ ജനവിഭാഗങ്ങൾക്കും മിനിമം ആഹാരം സൗജന്യനിരക്കിൽ ലഭ്യമാക്കാൻ ഇതുവഴി കഴിഞ്ഞു. ആഹാരലഭ്യത ഉറപ്പായതോടെ സാംക്രമിക രോഗബാധ പ്രതിരോധിക്കുന്നതിനും പോഷകാഹാരക്കുറവിന്റെ ഫലമായുണ്ടാവുന്ന ശാരീരിക വൈകല്യങ്ങളിൽ നിന്നു വിമുക്തിനേടുന്നതിനും ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങൾക്ക് കഴിഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വർഗ്ഗസംഘടനകൾ ഉയർത്തിയ തൊഴിലവകാശങ്ങൾക്കും ജീവിത സുരക്ഷയ്-ക്കും വേണ്ടിയുള്ള ആവശ്യങ്ങൾക്ക് നിയമനിർമ്മാണത്തിലൂടെ പരിരക്ഷ നൽകിയതും 57 ലെ സർക്കാരായിരുന്നു. ദുർബല ജനവിഭാഗങ്ങളിലും തൊഴിലാളികളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുത്ത അവകാശബോധം ചൂഷണത്തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും ആരോഗ്യ മേഖലയിൽ ഗുണകരമായ മാറ്റത്തിനിടയാക്കിയെന്നും പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കൊടുംദാരിദ്ര്യത്തിൽ നിന്നും കടുത്ത പട്ടിണിയിൽ നിന്നും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ സ്വതന്ത്രരാവുകയും ആരോഗ്യമുള്ള ജനസമൂഹമായി മാറുകയും ചെയ്തു. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ വരുത്തിയ അടിസ്ഥാന സാമൂഹ്യ മാറ്റങ്ങളോടൊപ്പം പ്രത്യേകിച്ചു തിരുവിതാംകൂറിൽ നാട്ടുരാജാക്കന്മാരും ക്രിസ്ത്യൻ മിഷണറിമാരും സ്ഥാപിച്ച ചികിത്സാകേന്ദ്രങ്ങളും കേരളീയരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടിട്ടുണ്ട്.

കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന അവസരത്തിൽ മറ്റു പലകാര്യങ്ങളിലുമെന്നപോലെ ആതുര സേവന രംഗത്തും മലബാറും തിരുകൊച്ചി പ്രദേശവും തമ്മിൽ വലിയ അന്തരം നിലവിലുണ്ടായിരുന്നു. മെഡിക്കൽ കോളേജുകളുടെ കാര്യമെടുത്താൽ 1962 ൽ സ്ഥാപിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് മാത്രമായിരുന്നു സ്പെഷ്യാലിറ്റി ചികിത്സയുടെ കാര്യത്തിൽ കേരളീയർക്കാകെ ഏക ആശ്രയമായിട്ടുണ്ടായിരുന്നത്. മലബാറിനേയും തെക്കൻ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ട് ഇപ്പോൾ പോലും വേണ്ടത്ര യാത്രാസൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ അക്കാലത്ത് മികച്ച ചികിത്സ വേണ്ട സാധാരണക്കാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഊഹിക്കാവുന്നതേയുള്ളു. മാത്രമല്ല സ്വകാര്യമേഖലയിലും ഇന്നത്തെപ്പോലെ അക്കാ‍ലത്ത് സ്പെഷ്യാലിറ്റി ആശുപത്രികളുണ്ടായിരുന്നില്ല. ഇതെല്ലാം പരിഗണിച്ച് കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് 1959 ൽ പ്രവർത്തനമാരംഭിച്ചു.

ജനകീയാസൂത്രണവും 
ആരോഗ്യ മേഖലയും
1996–2001 ലെ സർക്കാർ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം ആരോഗ്യമേഖലയിലും ഗുണകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൂടെ ചുമതലയിലാവുകയും പ്രാദേശികാസൂത്രണത്തിനു പദ്ധതി വിഹിതം ലഭിക്കുകയും ചെയ്തതോടെ താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടു തുടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ഗ്രാമീണാരോഗ്യ മിഷൻ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തോടെ പല സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തി.രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ആരോഗ്യപദ്ധതികളാണ് പല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിവരുന്നത്.

2006–11 ഭരണകാലത്തെ 
നേട്ടങ്ങൾ
2006 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ഗ്രാമീണാരോഗ്യ മിഷൻ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തി. വൻകിട സ്വകാര്യ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അടിസ്ഥന സൗകര്യങ്ങളും സർക്കാർ മെഡിക്കൽ കോളേജുകളിലും, ലഭ്യമാക്കാൻ ഇടതു സർക്കാരിനു കഴിഞ്ഞു എന്ന വസ്തുത എൽഡിഎഫിന്റെ രാഷ്ടീയ ശത്രുക്കൾ പോലും സമ്മതിക്കുന്നുണ്ട്. ഹൃദ്രോഗ ചികിത്സക്കാവശ്യമായ കാത്ത് ലാബ്, ബൈപാസ് ശസ്ത്രക്രിയാ സംവിധാനം, കാൻസർ ചികിത്സാക്കാവശ്യമായ ലീനിയർ ആക്സിലേറ്റർ, സിടി, എം ആർ ഐ സ്കാനുകൾ തുടങ്ങിയവ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭ്യക്കാൻ ഇടതു സർക്കാരിനു കഴിഞ്ഞു. യു ഡി എഫ് ഭരണകാലത്ത് അവഗണിക്കപ്പെട്ട് വികസനം മുരടിച്ചു നിന്നിരുന്ന ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് വണ്ടാനത്തേക്കും മാറ്റി സ്ഥാപിച്ചു.

മെഡിക്കൽ കോളേജധ്യാപകരുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് സ്വകാര്യ ചികിത്സാ രീതി അവസാനിപ്പിച്ചതോടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ചികിത്സക്കെത്തുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർ കൂടുതൽ പരിഗണന കിട്ടുകയും ഉചിതമായ ചികിത്സ ഉറപ്പായി ലഭിച്ചു തുടങ്ങുകയും ചെയ്തുതുടങ്ങി. മെഡിക്കൽ കോളേജുകളിൽ എം ബി ബി എസ് സീറ്റുകൾ വർധിപ്പിക്കുകയും കൂടുതൽ പോസ്റ്റ് ഗ്രാജേ-്വറ്റ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. താഴെതട്ടിലുള്ള ആശുപത്രികൾ മെച്ചപ്പെട്ടതോടെ മെഡിക്കൽ കോളേജുകൾ റഫറൽ ആശുപത്രികളായി മാറ്റാൻ കഴിഞ്ഞു. മെഡിക്കൽ കോളേജിലെ നഴ്സുമാരുടേയും ആശുപത്രി ജീവനക്കാരുടേയും മേലുണ്ടായിരുന്ന ഡി എച്ച് എസ്, ഡി എം ഇ ഇരട്ട നിയന്ത്രണം അവസാനിപ്പിച്ചതോടെ ആശുപത്രി ജീവനക്കാരുടെ സേവനം കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കൽ സർവ്വകലാശാല രൂപീകരിച്ച് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക്ക് ഏകോപനം ഉറപ്പാക്കിയതോടെ കേരളത്തിലെ സവിശേഷ ആരോഗ്യപ്രശ്നങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ആരോഗ്യ ഗവേഷണം ഊർജ്ജിതപ്പെടുത്തുന്നതിനുള്ള സാഹചര്യം സംജാതമായിട്ടുണ്ട്.

അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി മാത്രം പരിമിതപ്പെടുത്തി സ്വകാര്യ ഇൻഷ്യറൻസ് കമ്പനികളുമായി ചേർന്ന് കേന്ദ്രസർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് കൂടുതൽ ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ച് നടപ്പിലാക്കി. ഗുരുതരമായ രോഗമുള്ളവർക്ക് കൂടുതൽ ധനസഹായം നൽകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയതോടെ ദരിദ്രജനവിഭാഗങ്ങൾക്ക് ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയും ഉറപ്പാക്കാൻ കഴിഞ്ഞു. ഡോക്ടർമാരുടേയും രോഗികളുടെയും അവരുടെ ബന്ധുക്കളുടേയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മയിലൂടെ കേരളമൊട്ടാകെ വ്യാപിച്ചു വരുന്ന സാന്ത്വന പരിചരണ പ്രസ്ഥാനവും (Palliative Care Movement) കേരള സമൂഹത്തിന്റെ സമ്പന്നമായ ആതുരസേവന പാരമ്പര്യത്തിന്റെ തുടർച്ചയെന്നനിലയിൽ ശുഭാപ്തി വിശ്വാസം തരുന്നുണ്ട്. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാന്ത്വ-ന പരിചരണ നയസമീപനരേഖ തയ്യാറാക്കി നടപ്പിലാക്കുകയുണ്ടായി.

2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നിരവധി ജനകീയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. ഇതിന്റെ ഫലമായി ആരോഗ്യമേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ കഴിഞ്ഞു.

ആർദ്രം മിഷൻ
കേരള സർക്കാർ തുടക്കം കുറിച്ചിട്ടുള്ള മിഷൻ പരിപാടികളുടെ ഭാഗമായ ആർദ്രം മിഷൻ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും സേവന ഗുണനിലവാരവും വർധിപ്പിച്ച് അവയെ ജനസൗഹൃദപരമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ തിക്കും തിരക്കും കുറയ്-ക്കുന്നതിനായി ഡോക്ടറെ കാണുന്നതിനുള്ള സമയം മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക സഹായം (ആപ്ലിക്കേഷൻ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക ദ്വിതീയ തൃതീയ മേഖലകളിൽ ആശുപത്രികളിൽ ലഭ്യമാക്കേണ്ട സൗകര്യങ്ങൾ നിശ്ചയിച്ച് ഏകീകരിക്കുന്നതാണ്. ജില്ലാ -‌‌ ജനറൽ ആശുപത്രികളെ സ്പെഷ്യാലിറ്റി ആശുപത്രികളായി വികസിപ്പിച്ചുവരികയാണ്. സർക്കാർ ആശുപത്രികൾ വികസിപ്പിക്കുമ്പോൾ ആവശ്യമായ മനുഷ്യവിഭവശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടേതടക്കം അയ്യായിരത്തോളം പുതിയ പോസ്റ്റുകൾ സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. 1962 ന് ശേഷം ആദ്യമായാണ് ഇത്രത്തോളം പുതിയ പോസ്റ്റുകൾ ആരോഗ്യമേഖലയിൽ അനുവദിച്ചിട്ടുള്ളത്. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകൾ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനകം മൂന്ന് ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

2018ലെ നിപ പ്രതിരോധം
2018 മേയ് മാസത്തിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി. 28 പേരിൽ രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 17 പേർ മരണമടഞ്ഞു 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർത്ഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടർന്ന് രോഗം ഭേദമായി. 2021ൽ കോഴിക്കോട് നിപ ബാധിച്ച് ഒരു കുട്ടി മരണമടഞ്ഞു. 2023 ൽ 6 പേരെ രോഗം ബാധിച്ചെങ്കിലും 2 പേർമാത്രമാണു മരണമടഞ്ഞത്. നിപ രോഗനിയന്ത്രണത്തിൽ കേരളം കൈവരിച്ച നേട്ടം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

2018ലെ വെള്ളപ്പൊക്കം
2018 ലെ വെള്ളപ്പൊക്ക കാലത്ത് പകർച്ചവ്യാധി നിയന്ത്രണത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തുകളും സഹകരിച്ച് പ്രവർത്തിച്ചു. സാധാരണ വെള്ളപ്പൊക്കമുള്ള സമയത്തെക്കാൾ കൂടുതൽ പേർ മരണമടയുന്നത് വെള്ളപ്പൊക്കത്തിന് ശേഷം പടർന്നുപിടിക്കാറുള്ള പകർച്ചവ്യാധികൾ മൂലമാണ്. കോളറ, വയറിളക്ക രോഗങ്ങൾ, ടൈഫോയ്ഡ്, ഡങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ കൊതുക് ജന്യ രോഗഗങ്ങൾ, എലിപ്പനി (ലെപ്റ്റോ സ്പൈറോസിസ്) എന്നീ രോഗങ്ങളാണ് പൊതുവേ പേമാരികൾക്ക് ശേഷം പടർന്നു പിടിക്കാറുള്ളത്. വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ശുദ്ധജലമെത്തിച്ച് കൊടുക്കുന്നതിലും വൃത്തിയുള്ള ശൗചാലയങ്ങൾ അവശ്യാനുസരണം ഒരുക്കുന്നതിലും പഞ്ചായത്തുകൾ വലിയ പങ്കാണ് വഹിച്ചത്. കിണറുകളും കുടിവെള്ളവും ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും എലിപ്പനി തടയാനുള്ള ഡോക്സിസൈക്ക്ലിൻ പ്രതിരോധത്തെ പറ്റിയും മറ്റും പഞ്ചായത്തുകൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ വ്യാപകമായ ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ പകർച്ചവ്യാധികൾ തടയുന്നതിനു സഹായകരമായി.

കോവിഡ് നിയന്ത്രണം
2019 ൽ വുഹാനിൽനിന്നും ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കേരളം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. 2018 മെയ് മാസത്തിൽ കോഴിക്കോട്ജില്ലയിൽ പ്രത്യക്ഷപ്പെട്ട നിപ പകർച്ചവ്യാധിയിൽ നിന്നും പൊതുസമൂഹവും ആരോഗ്യപ്രവർത്തകരും പകർച്ചവ്യാധിനിയന്ത്രണത്തിന്റെ പ്രാഥമികപാഠങ്ങൾ ഉൾക്കൊണ്ടിരുന്നു. 2018 ആഗസ്തിൽ കേരളം ഈ നൂറ്റാണ്ടിൽ നേരിട്ട ഏറ്റവും വലിയ പ്രളയവും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പഠനകാലമായി മാറി. പ്രളയത്തെ തുടർന്ന് വ്യാപിക്കാൻ സാധ്യതയുണ്ടായിരുന്ന പകർച്ചവ്യാധികളെ വിപുലമായ പൊതുജനാരോഗ്യവിദ്യാഭ്യാസത്തിലൂടെ നിയന്ത്രിച്ചുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. നിപ, പ്രളയകാല അനുഭവങ്ങളും അതിലൂടെ ലഭിച്ച പൊതുജനാരോഗ്യ അറിവും കോവിഡ് പ്രതിരോധത്തിനായി കാലേകൂട്ടി ഇടപെടുന്നതിനുള്ള അനുകൂല പശ്ചാത്തലമൊരുക്കി. ആർദ്രം പദ്ധതിയിലൂടെ കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം സുസജ്ജവും സുശക്തവുമായിരുന്ന സമയത്താണ് കോവിഡ് കടന്നുവന്നത്. അതേയവസരത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളം ഒട്ടനവധി വെല്ലുവിളികളെയും നേരിട്ടിരുന്നു. കേരളത്തിൽ നഗര-–ഗ്രാമ വ്യത്യാസമില്ലാതെ ജനവാസങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടും ജനസാന്ദ്രത കൂടുതലായതുകൊണ്ടും രോഗവ്യാ‍പനസാധ്യത വളരെ കൂടുതലായിരുന്നു. പ്രായാധിക്യമുള്ളവരും പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരും കൂടുതലായതുകൊണ്ട് കോവിഡ് മരണസാധ്യതയും കേരളത്തിൽ കൂടുതലായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രോഗവുമായി കൂടുതൽപേർ കേരളത്തിലെത്താൻ സാധ്യതയുമുണ്ടായിരുന്നു. കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം ഘടകങ്ങൾ പരിഗണനയ്-ക്കെടുക്കേണ്ടതാണ്.

കോവിഡ് നിയന്ത്രണത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ലോക പ്രദേശങ്ങളിലൊന്നാണു കേരളമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിലെ വിജയത്തിനുള്ള അടിസ്ഥാന ഘടകങ്ങൾ, സുശക്തമായ പൊതുജനാരോഗ്യ സംവിധാനം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമത. നിപ്പ, പ്രളയ കാ‍ലങ്ങളിൽ നിന്നുള്ള അനുഭവജ്ഞാനം, ആരോഗ്യവകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്, കോവിഡ് രോഗികൾക്ക് ഫലപ്രദമായചികിത്സ ലഭ്യമാക്കിയത്, ചിട്ടയായ സമ്പർക്കാന്വേഷണം, പ്രായാധിക്യമുള്ളവർക്കും അനുബന്ധരോഗമുള്ളവർക്കുമുള്ള റിവേഴ്സ് ക്വാറന്റൈനിന്റെ വിജയം, വിജയകരമായി സംഘടിപ്പിച്ച ബ്രേക്ക് ദി ചെയിൻ കാമ്പയിൻ, കുടുംബശ്രീ, ആശാ, ജനമൈത്രി പൊലീസ്, അംഗൻവാടി എന്നീ മേഖലകളിലുള്ളവരുടെയും സന്നദ്ധപ്രവർത്തകരുടെയും നിസ്വാർത്ഥസേവനം, കലവറയില്ലാത്ത ജനപങ്കാളിത്തം, സ്വകാര്യമേഖലയുടെ പൂർണ്ണസഹകരണം, അതിഥിതൊഴിലാളികൾക്ക് നൽകിയ സംരക്ഷണം, ദുർബലർക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ എന്നിവയാണെന്ന് കാണാം.

രോഗികൾക്കെല്ലാം ചികിത്സ ഉറപ്പു നൽകുകയും രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വർധനക്കനുസരിച്ച് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന ഫ്ലാറ്റനിംഗ് ഓഫ് ദി കേർവ് (Flattening of the Curve) എന്ന കോവിഡ് പരിപാലനത്തിലെ ഏറ്റവും അഭിലഷണീയമായ ലക്ഷ്യം കൈവരിക്കുന്നതിൽ കേരളം വിജയിച്ചു എന്നതാണ് നാം കൈവരിച്ച ഏറ്റവും വലിയ നേട്ടം. കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിൽ അമിതമായ വർധനവുണ്ടാകാതിരിക്കാനും ചികിത്സാസൗകര്യങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കാനും കഴിഞ്ഞതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഇതിന്റെ ഫലമായി രോഗം ഏറ്റവുമധികം വർധിച്ചിരുന്ന ഘട്ടത്തിൽ പോലും എല്ലാവർക്കും ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ആവശ്യാനുസരണം ഐസി യു കിടക്കകളും ഓക്സിജൻ, വെന്റിലേറ്ററുകൾ, ചികിത്സയ്-ക്കാവശ്യമായ വിലകൂടിയ റംഡസിവീർ, മോണോക്ളോണൽ ആന്റിബോഡി എന്നീ മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാ‍ൻ കഴിയുന്നതിലും ഉപരിയായി രോഗവർധന ഒരു ഘട്ടത്തിലുമുണ്ടായില്ല എന്ന അസുലഭമികവ് കൈവരിക്കാൻ കേരളത്തിന് സാധിച്ചു. രോഗവ്യാപനം ഏറ്റവും ഉയർന്നുനിന്ന ഘട്ടത്തിൽ പോലും മൊത്തം ചികിത്സാ സൗകര്യങ്ങളുടെ 60 ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. കോവിഡ് ബാധയെ തുടർന്നുണ്ടാകാനിടയുള്ള കോവിഡാനന്തരരോഗ (Post Covid Syndrome) ചികിത്സയ്-ക്കായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽകോളേജുകൾ വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും (Post Covid Clinics) ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്.

കോവിഡ് രോഗികൾക്ക് സൗജന്യമായി സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സയും അതോടൊപ്പം ഭക്ഷണവും ലഭ്യമാക്കിയതാണ് കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷ: പദ്ധതിയിൽ (കാസ്പ്: KASP: Karunya Arogya Suraksha Padhathi) രജിസ്റ്റർ ചെയ്ത 252 സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് ആരോഗ്യ ഇൻഷ്വറൻസിന്റെ ഭാഗമായി സൗജന്യചികിത്സ ലഭിച്ചിരുന്നു. വളരെ കുറച്ചു പേർ മാത്രമാണ് സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നേടിയത്. അവിടെത്തന്നെ കോവിഡ് ചികിത്സാചെലവ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനാ‍ൽ അമിതമായ ചികിത്സാഭാരം ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നതുമില്ല. ആർ ടി പി സി ആർ തുടങ്ങിയ ടെസ്റ്റുകളുടെ ഫീസും സർക്കാർ നിയന്ത്രിച്ചിരുന്നു.

2021ലെ പരിഷ്കാരങ്ങൾ
2016 ലെ സർക്കാർ ആരംഭിച്ച ജനകീയ പദ്ധതികൾ കൂടുതൽ വ്യാപകമായി 2021 ൽ നടപ്പിലാക്കിവരികയാണ്. ആർദ്രം മിഷന്റെ രണ്ടാം ഘട്ടമായി കൂടുതൽ ആശുപത്രികളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്ര സബ്സെന്ററുകളെ നഴ്സുമാരുടെ സേവനം കൂടി ലഭ്യമാക്കി ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തിവരുന്നു. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി മാറ്റിവയ്-ക്കപ്പെട്ടിരുന്ന ഏകീകൃത മെഡിക്കൽ റജിസ്ട്രേഷൻ ബില്ല് പാസ്സാക്കി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

നിതി ആയോഗ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ദേശീയ ആരോഗ്യസൂചികയിൽ കേരളം മറ്റ് സംസ്ഥാനങ്ങളുടെ മുന്നിൽ തന്നെ തുടരുകയാണ്. മാത്രമല്ല മുൻവർഷങ്ങളെക്കാൾ നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്. പ്രതിരോധകുത്തിവയ്പ്, നഴ്സ് –രോഗി അനുപാതം, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം, ജനന രജിസ്ട്രേഷൻ, ചികിത്സാ സംവിധാനങ്ങളുടെ അക്രിഡിറ്റേഷൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടങ്ങിയ 24 ഘടകങ്ങൾ പരിശോധിച്ചാണ് നിതി ആയോഗ് സംസ്ഥാനങ്ങളുടെ നില വിലയിരുത്തി സ്കോർ നൽകുന്നത്. 2015-–16 ൽ 76.55 ആയിരുന്ന സ്കോർ 2017-–18 ൽ 74.01, 2018-–19 ൽ 81.60, ഇപ്പോൾ വിലയിരുത്തിയ 2019–-20 ൽ 82.20 ആയി വർഷം തോറും വർധിച്ച് വരികയാണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ് നാടിന്റെ സ്കോർ 72.42 ആണ്. ശിശുമരണനിരക്ക് കേരളത്തിൽ 1000ത്തിന് 6 ആയും എസ് ആർ എസ് റിപ്പോർട്ടനുസരിച്ച് മാതൃമരണനിരക്ക് . 19 ആയും കുറഞ്ഞിരിക്കുന്നു. വികസിത രാജ്യങ്ങൾക്ക് തുല്യമാണിത്.

ആരോഗ്യവെല്ലുവിളികൾ
കേരളത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോൾ തന്നെ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾ കാണാതെ പോവരുത്. വർധിച്ചു വരുന്ന രോഗാതുരത, പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ നേരിടുന്ന സവിശേഷആരോഗ്യപ്രശ്നങ്ങൾ, പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും സ്വകാര്യ ആരോഗ്യചെലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന തുടങ്ങി നിരവധി പ്രതിസന്ധികൾ കേരളം ആരോഗ്യമേഖലയിൽ നേരിട്ടുവരികയാണ്. രോഗാതുരതയുടെ വർധന പൊതുജനാരോഗ്യമേഖലയെ വലിയ സമ്മർദ്ദത്തിന് വിധേയമാക്കും. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യചെലവ് വർധിക്കും. ആരോഗ്യപരിപാലനത്തിലൂടെ ആയുസ്സ് നിലനിർത്താൻ കഴിയുമെങ്കിലും രോഗാതുരത ഉയർന്നു നിന്നാൽ ജീവിതഗുണത (Quality of Life) കുറവായിരിക്കും. ജീവിതത്തോട് പ്രായം ചേർക്കുകയല്ല പ്രായത്തോട് ജീവിതം ചേർക്കുക (Add life to years, not years to life) എന്ന ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം അപ്രായോഗ്യമാവും.

പകർച്ചേതര- ദീർഘസ്ഥായി-
ജീവിതശൈലീ രോഗങ്ങൾ
1970 കളിൽ ഡോ പി ജി കെ പണിക്കരും ഡോ സി ആർ സോമനും നടത്തിയ പഠനത്തെ തുടർന്ന് കേരളാവസ്ഥയെ “Low Mortality High Morbidity Syndrome“ (കുറഞ്ഞ മരണനിരക്ക്, കൂടിയ രോഗാതുരത) എന്ന് വിശേഷിപ്പിച്ചിരുന്നു, ആരോഗ്യമേഖലയിലെ ഗുണകരമായവശമായ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോൾ തന്നെ രോഗാതുരത കൂടുതലാണെന്ന് അവർ ചൂണ്ടിക്കാടി. മരണനിരക്ക് കുറയുമ്പോൾ പ്രായാധിക്യമുള്ളവർ സമൂഹത്തിൽ വർധിക്കുകയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്. മരണനിരക്ക് കുറച്ചു കൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ (Non Communicable Diseases) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ദീർഘസ്ഥായി-പകർച്ചേതര രോഗങ്ങളെ കാണാവുന്നതാണ്. എന്നാൽ സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ ഇത്തരം രോഗങ്ങളുടെ സാന്നിധ്യം.

കേരളത്തിൽ ഏറ്റവും കുറഞ്ഞത് 20% പേർ പ്രമേഹരോഗികളാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. അറുപത്തി ആറു ശതമാനം പേർ പ്രമേഹപൂർവ്വ (Pre Diabetic State) സ്ഥിതിയിലാണ്. പ്രമേഹരോഗികളുടെ അമിതമായ വർധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. മൂന്നിൽ ഒന്നു പേരും രക്താതിമർദ്ദം ബാധിച്ചവരാണ്. വർഷം തോറും 60,000 ത്തോളം പേരെ വിവിധ തരത്തിലുള്ള കാൻസറുകൾ ബാധിക്കുന്നു, 2020 ൽ 57,155 പേരിലും 2022 ൽ 59,143 പേരിലും കാൻസർ കണ്ടെത്തി. ഒരേ സമയം കേരളത്തിൽ മൂന്നുലക്ഷത്തോളം കാൻസർ രോഗികളാണുള്ളത്. 2016 ൽ ഒരുലക്ഷം പേരിൽ 136.3 പേർക്ക് കാൻസറുണ്ടായിരുന്നത് 2022 ൽ 169 പേരായി വർധിച്ചിട്ടുണ്ട്. കാൻസർ മൂലമുള്ള മരണം ഒരു ലക്ഷത്തിൽ 92 പേരാണ്. കാൻസർ മൂലം 2020 ൽ 31,166 പേർ മരിച്ചപ്പോൾ 2022 ൽ മരണമടഞ്ഞവർ 32,271 ആയി വർധിച്ചു. അടുത്തകാലത്തായി സ്ത്രീകളിലെ അതും മധ്യവയസ്കരുടെയിടയിൽ സ്തനാർബുദം വർധിച്ച് വരുന്നുണ്ട്. ജീവിതരീതികളിൽ പിന്തുടർന്നുവരുന്ന അനാരോഗ്യകരങ്ങളായ ആഹാരരീതികൾ, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളും അമിതമായ മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുമാണ് പകർച്ചേതരരോഗങ്ങൾ വർധിച്ചുവരാനുള്ള പ്രധാന കാരണം. മാത്രമല്ല പകർച്ചേതര രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവർ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയർന്നു വന്നിട്ടുണ്ട്. പ്രമേഹം, രക്താതിമർദ്ദം എന്നീ രോഗങ്ങൾ നിയന്ത്രിക്കപ്പെട്ടിട്ടുള്ളവർ കേവലം 15 ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകർച്ചേതര രോഗങ്ങൾ നിയന്ത്രിക്കുകയും മൂർച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിർമർദ്ദം എന്നീ രണ്ട് രോഗങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങൾ തടയാൻ കഴിയും. ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങൾ വർധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ കൂടുതലായി നടത്തിയും മാത്രം നമുക്കിനി മുന്നോട്ട് പോവാനാവില്ല. രോഗപ്രതിരോധത്തിനും (Disease Prevention), ആരോഗ്യ പരിപോഷണത്തിനും (Health Promotion) ഊന്നൽ നൽകേണ്ടിയിരിക്കുന്നു. 30 വയസ്സിന് മുകളിൽ പ്രായമുള്ളവരിലെ ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണത്തിനായി “അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്” എന്നൊരു പദ്ധതി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടൂള്ളത് സ്വാഗതാർഹമാണ്. ഇതിന്റെ ഭാഗമായി അരക്കോടി പേർക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗനിർണ്ണയ സ്ക്രീനിംഗ് നടത്തിയിട്ടുണ്ട്. സ്ക്രീനിംഗിനു വിധേയരാക്കപ്പെട്ടവരിൽ 18.89 ശതമാനം ഏതെങ്കിലും ഗുരുതര രോഗസാധ്യതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള തുടർ ചികിത്സയും പരിചരണവും മറ്റും നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ജീവിതശൈലീ രോഗപ്രതിരോധം മുതിർന്നവരിൽ മാത്രമായി പരിമിതപ്പെടുത്താൻ പാടില്ല. പ്രധാനമായും പ്രായമേറുമ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ശാരീരികരോഗങ്ങളുടെയും അതോടൊപ്പം മാനസികരോഗങ്ങളുടെയും വിത്ത് വിതയ്-ക്കപ്പെടുന്നത് ചെറുപ്രായത്തിലാണ്. കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും ഭാരക്കൂടുതലുള്ളവരാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് ഉചിതമായ ആരോഗ്യവിദ്യാഭ്യാസം നൽകുന്നതിനായും ശരീരപരിശോധന നടത്തി രോഗങ്ങൾ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനായും സ്കൂൾ ആരോഗ്യപദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പകർച്ചവ്യാധികൾ
പകർച്ചേതര രോഗങ്ങളോടൊപ്പം കേരളത്തിൽ നിരവധി പകർച്ചവ്യാധികളും നിലനിൽക്കുന്നു. പകർച്ചേതര -പകർച്ചവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. ഡങ്കി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1, വയറിളക്ക രോഗങ്ങൾ, എലിപ്പനി (Leptospirosis), വെസ്റ്റ് നൈൽ, മസ്തിഷ്കജ്വരം (Japanese Encephalitis), സ്ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി (Kyasanur Forest Disease) തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിൽ പ്രാദേശിക രോഗമായി (Endemic) ഏറിയും കുറഞ്ഞും നിലനിൽക്കുകയും നിരവധിപേരുടെ ജീവൻ വർഷംതോറും അപഹരിച്ചുവരികയുമാണ്. നിപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊതുകുകൾ, കീടങ്ങൾ എന്നിവയാണ് ഇവയിൽ മിക്ക രോഗങ്ങളും പരത്തുന്നത്. കേരളീയർ കൂടുതലായുപയോഗിക്കുന്ന കിണർവെള്ളത്തിലെ ജൈവമാലിന്യം വളരെ കൂടുതലാണ്. വയറിളക്ക രോഗങ്ങൾക്ക് കാരണമായ ഇ കോളൈ (Escherichia coli) കിണർവെള്ളത്തിൽ വ്യാപകമായി കാണുന്നുണ്ട്. കക്കൂസ് നിർമ്മാണത്തിലെ അപാകതകളാണ് ഇതിനൊരു കാരണം. അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തിൽ വർധിച്ചുവരികയാണ്. ഭക്ഷ്യമാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് തെരുവ് നായ്ക്കളുടെ വർധനയ്-ക്കുള്ള പ്രധാനകാരണം.

ഇത്തരം രോഗങ്ങൾ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിർമ്മാർജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഈഡിസ് ഈജിപ്റ്റൈ കൊതുകുകളുടെ സാന്ദ്രത കുറയ്-ക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാരകമായ മഞ്ഞപ്പനിയും കേരളത്തിൽ എത്താൻ സാധ്യതയുണ്ട്. കൊതുക് നശീകരണം വേണ്ടത്ര മുന്നോട്ടുകൊണ്ടു പോവാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. പ്രാണീജന്യ രോഗങ്ങൾ വർധിക്കുന്ന സാഹാചര്യത്തിൽ ആരോഗ്യ-–തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി വെക്ടർ കൺട്രോൾ പ്രോഗ്രാം ഫലവത്തായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലൂ വാക്സിനും രോഗം ബാധിച്ചാൽ ചികിത്സക്കായുള്ള ആന്റി വൈറൽ മരുന്നും ലഭ്യമാണെങ്കിലും എച്ച് 1 എൻ 1 മൂലം വർഷം തോറും കുറഞ്ഞത് അൻപത് പേരെങ്കിലും മരണമടയുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഫ്ലൂ പ്രതിരോധത്തിനുള്ള വാക്സിനേഷൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതേപോലെ രോഗപ്രതിരോധത്തിനും ചികിത്സയ്-ക്കും മരുന്ന് ലഭ്യമായ എലിപ്പനിമൂലമുള്ള മരണങ്ങളും തടയേണ്ടതാണ്. എലികളെ നിയന്ത്രിച്ചും പാടത്തും കന്നുകാലിത്തൊഴുത്തിലും മറ്റും ജോലിചെയ്യുന്നവർ ഗൺ ബൂട്ടും കൈയുറയും ധരിച്ചും എലിപ്പനി പ്രതിരോധിക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതപ്പെടുത്തിവരുന്നു.

കോവിഡാനന്തര രോഗങ്ങൾ
കോവിഡ് കാലം കഴിഞ്ഞാൽ വലിയൊരു ജനവിഭാഗം വിധേയമാവാൻ സാധ്യതയുള്ള കോവിഡാനന്തര രോഗങ്ങൾമൂലം (Post Covid Syndromes) കേരളീയരുടെ രോഗാതുരത ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഇവർക്ക് ഉചിതമാ‍യ ചികിത്സ നൽകാൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ചികിത്സാകേന്ദ്രങ്ങൾ (Post Covid Clinics) ആരംഭിച്ച് പ്രവർത്തിച്ച് വരുന്നു.

മാനസികാരോഗ്യം
കേരളസമൂഹത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാപ്രവണത, മയക്കുമരുന്ന് ആസക്തി, സ്ത്രീപീഡനം, മദ്യപാനം, ഹിംസാത്മകത, അന്ധവിശ്വാസങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യതിന്മകൾക്ക് കേരളീയരുടെ ദുർബലമായ മാനസികാരോഗ്യവും ഒരു പ്രധാന കാരണമാണ്. ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാൻ കാട്ടുന്ന താത്പര്യം വ്യക്തികളും സമൂഹവും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ച് കാണുന്നില്ല, കേരളീയരുടെ മാനസികാരോഗ്യത്തെക്കുറിച്ച് നടത്തിയ ഒരു പഠന പ്രകാരം 2002 നും 2018 നുമിടയ്-ക്ക് വലിയ വർധനയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 2002 ൽ ഒരു ലക്ഷംപേരിൽ 272 പേർക്കാണു മാനസികരോഗമുണ്ടായിരുന്നത്. 2018 ൽ 400 ആയി വർധിച്ചു. ഇവരിൽ കുറഞ്ഞത് 12% പേർക്കെങ്കിലും ആശുപത്രിചികിത്സ ആവശ്യമായ മാനസികരോഗങ്ങളുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതേയവസരത്തിൽ രാജ്യം മൊത്തമെടുത്താൽ ഇതേകാലയളവിൽ മനോരോഗികളായിരുന്നവരുടെ എണ്ണം 105 ൽ എന്നത് 100 ആയി കുറയുകയാണുണ്ടായത്.

ആരോഗ്യവകുപ്പ്, മെഡിക്കൽ കോളേജുകൾ എന്നിവയുടെ കീഴിലുള്ള മാനസികാരോഗ്യ വിഭാഗങ്ങൾ, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലുള്ള മൂന്ന് മാനസികാരോഗ്യആശുപത്രികൾ, കോഴിക്കോട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്, മെന്റൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യമേഖലയിലും സന്നദ്ധമേഖലകളിലുമുള്ള മാനസികാരോഗ്യകേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. അതോടൊപ്പം മാനസികാരോഗ്യചികിത്സകരുടെ എണ്ണത്തിൽ ഇപ്പോഴുള്ള കുറവും പരിഹരിക്കപ്പെടേതുണ്ട്. പതിനായിരം പേർക്ക് 3 വീതം സൈക്ക്യാട്രിസ്റ്റുകളൂം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കേഴ്സും റീഹാബിലിറ്റേഷൻ വർക്കേഴ്സും വേണ്ടസ്ഥാനത്ത് കേരളത്തിൽ യഥാക്രമം 0.12, 0.06, 0.006, 1 എന്നിങ്ങനെ മാത്രമാണുള്ളത്. മാനസികാരോഗ്യ ചികിത്സകർക്കായി ഇപ്പോൾ നിലവിലുള്ള കോഴ് സുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ കേന്ദ്രങ്ങളിൽ കോഴ് സുകൾ ആരംഭിച്ചും ഈ കുറവ് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഭിന്നശേഷിക്കാർ
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ, ഐക്കോൺ, ഇംഹാൻസ്, സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷി പരിപാലനത്തിനായി പല പദ്ധതികളും നടപ്പിലാക്കി വരുന്നു. എന്നാൽ വിവിധ സംരംഭങ്ങൾ തമ്മിൽ ഏകോപനമില്ലാതെയാണ് നടന്നു വരുന്നത്. ഓട്ടിസം, ലേണിംഗ് ഡിസബിലിറ്റി, സിറിബ്രൽ ഡൈപ്ലീജിയ, മെന്റൽ റിട്ടാർഡേഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുട്ടിക്കാലത്തേ കണ്ടെത്തുന്നതിനുള്ള പരിശീലനം ബന്ധപ്പെട്ടവർക്ക് പലതലങ്ങളിലായി നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്.

ട്രാൻസ് ജെൻഡറുകൾ
ട്രാൻസ് ജെൻഡറുകൾ നേരിടുന്ന സാമൂഹ്യവിവേചനങ്ങൾ അവസാനിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന സംസ്ഥാനമാണു കേരളം. ട്രാൻസ് ജെൻഡർ നയവും ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡും ആദ്യമായി രൂപീകരിച്ച സംസ്ഥാനവും കേരളമാണ്, സർക്കാർ ആശുപത്രികളിൽ കോട്ടയം മെഡിക്കൽ കോളേജിൽ സംഘടിപ്പിപ്പിച്ചിട്ടുള്ള ട്രാൻസ്ജൻഡർ ക്ലിനിക്ക് മാത്രമാണ് ട്രാൻസ് ജെൻഡറുകളുടെ ആരോഗ്യസേവനത്തിനായി ഇപ്പോൾ ലഭ്യമായിട്ടുള്ളത്‌. ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം അവർക്കാവശ്യമായ വളരെ സങ്കീർണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങളാണ്. ഇപ്പോൾ ഇവർക്ക് ശസ്ത്രക്രിയക്കായി അമിതമായ ചെലവ് വഹിച്ച് ചില സ്വകാര്യആശുപത്രികളെ സമീപിക്കേണ്ടസ്ഥിതിയാണുള്ളത്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ് ജെൻഡർ ക്ലിനിക്കുകളും തിരുവനന്തപുരം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ ലിംഗമാറ്റശസ്ത്രക്രിയക്കുള്ള സംവിധാനങ്ങളും അധികം വൈകാതെ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഊർജിത നടപടികൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

വയോജനങ്ങൾ
മരണനിരക്ക് ഗണ്യമായി കുറഞ്ഞതോടെ കേരളത്തിൽ വയോജനങ്ങളുടെ എണ്ണം സ്വാഭാവികമായി വർധിച്ചുവരികയാണ്. രാജ്യത്ത് ഇപ്പോൾ 13.8 പേരാണ് അറുപത് വയസ്സിനു മുകളിലുള്ളവർ. കേരളത്തിലത് 16.5% ശതമാനമാണ്. അതായത് 58 ലക്ഷത്തോളം പേർ. സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ കൂടുതലായതുകൊണ്ട് പ്രായാധിക്യമുള്ളവരിൽ കൂടുതലും സ്ത്രീകളാണ്. പ്രായാധിക്യമുള്ളവരിൽ പൊതുവിൽ രോഗാതുരത കൂടുതലുമായിരിക്കും. അതേയവസരത്തിൽ പ്രായമായ സ്ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേക്കാൾ മോശവുമായിരിക്കും. വിവാഹപ്രായത്തിലുള്ള അന്തരവും കൂടി കണക്കിലെടുക്കുമ്പോൾ വിധവകളുടെ ഏണ്ണം വിഭാര്യരേക്കാൾ വളരെ കൂടുതലാണ് സംസ്ഥാനത്ത്. 60 വയസ്സിന് മുകളിലുള്ളവരിൽ 9.7 ശതമാനമാണ് വിഭാര്യനെങ്കിൽ 58.6 ശതമാനമാണ് വിധവകൾ. ഇതെല്ലാം വയോജനങ്ങളുടെ പരിചരണവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട വസ്തുതകളാണ്. വയോജന സംരക്ഷണത്തിനായി സർക്കാർ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കി വരുന്ന വൃദ്ധസദനങ്ങൾ, പകൽവീട്, വയോമിത്രം, വയോ അമൃതം, സായം പ്രഭ, വയോരക്ഷ തുടങ്ങിയ സർക്കാർ പരിപാടികളുടെ പ്രവർത്തനം, പ്രഖ്യാപിതലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി (സോഷ്യൽ ഓഡിറ്റിംഗ്) അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ നടന്നുവരുന്നു. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും സാന്ത്വന പരിചരണം (പാലിയേറ്റീവ് കെയർ) നല്ല നിലയിൽ നടപ്പിലാക്കിവരുന്നുണ്ട്.

സർക്കാർ ആശുപത്രികളിൽ എല്ലാതലത്തിലും ജീരിയാട്രിക്ക്‌ ക്ലിനിക്കുകൾ ആരംഭിക്കേണ്ടതുണ്ട്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വയോജനപരിപാലനത്തിൽ പരിശീലനവും നൽകണം. Geriatric Medicine, എംബിബിഎസ്‌, പിജി കോഴ്‌സുകളിലെ സിലബസ്സിൽ ഉൾപ്പെടുത്തുകയും Geriatric Medicine പിജി കോഴ്സ്‌ കൂടുതൽ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം മെഡിക്കൽ കോളേജുകളിൽ Geriatric Medicine Departments സ്ഥാപിക്കുകയും വേണം. വിവിധ തരത്തിലുള്ള ഇടപെടലുകളിലൂടെ കേരളത്തെ വയോജന സൗഹൃദകേരളമായി പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

സുസ്ഥിര വികസന 
ലക്ഷ്യങ്ങൾ
ഐക്യരാഷ്ട്ര സംഘടന 2030 ഓടെ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (Sustainable Development Goals: എസ് ഡി ജി ) മെച്ചപ്പെട്ട ആരോഗ്യവും സുസ്ഥിതിയും കൈവരിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സർക്കാർ ഒരു പ്രവർത്തന പരിപാടി അംഗീകരിച്ചിട്ടുണ്ട്. വിവിധ വിദഗ്ധസമിതികൾ രൂപീകരിച്ച് വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് കേരള സർക്കാർ ഐക്യരാഷ്ട്ര സംഘടനയുടെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള കേരളത്തെ സംബന്ധിച്ച് പ്രസക്തമായ എസ് ഡി ജി തയ്യാറാക്കിയിട്ടുള്ളത്. അടിസ്ഥാന ആരോഗ്യ സൂചികകൾ കണ്ടെത്തുന്നതിനായി ഈ വർഷവും ലക്ഷ്യപ്രാപ്തി വിലയിരുത്തുന്നതിനായി 2021 ലും സർവേകൾ നടത്തിയതാണ്. കേരളത്തിലെ ആരോഗ്യ സൂചികകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മെച്ചമാണെങ്കിലും മാതൃശിശുമരണ നിരക്കുകൾ കൂടുതൽ കുറയാതെ നിശ്ചലമായി നിൽക്കുകയാണ്. കേരളത്തിൽ മാതൃമരണനിരക്ക് 61 ആണ്. ഇത് 2020 ൽ 30 ഉം 2030 ൽ 20 ഉം ആയി കുറയ്-ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലേക്കായി മാതൃമരണങ്ങൾക്ക് ഇടയാക്കുന്ന മൂന്ന് പ്രധാന കാരണങ്ങളായ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവം, രോഗാണു ബാധ, രക്താതിമർദ്ദം എന്നിവ നിയന്ത്രണ വിധേയമാക്കുന്നതാണ്. മാതൃമരണനിരക്ക് കൂടുതലായി കണ്ടുവരുന്ന ആദിവാസികളുടെയും തീരപ്രദേശങ്ങളിലെ ജനങ്ങളുടെയും ചികിത്സാസൗകര്യങ്ങൾ പ്രത്യേകിച്ച് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. . ശിശുമരണനിരക്ക് 2020 ലെ 8 ൽനിന്ന് 2030 ൽ 6 ആയി കുറയ്-ക്കാനാണ് പദ്ധതി. ഇതേകാലയളവിൽ നവജാത ശിശുമരണനിരക്ക് 5 ൽനിന്ന് 3 ആയും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 9 ൽനിന്നും 7 നും ആയി കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഇതിലേക്കായി കുട്ടികളുടെ പോഷണക്കുറവ് ഇല്ലായ്മ ചെയ്യുക, സമ്പൂർണ്ണ വാക്സിനേഷൻ ഉറപ്പാക്കുക, പകർച്ചവ്യാധി നിയന്ത്രിക്കുക, ജലജന്യരോഗങ്ങൾ തടയുക തുടങ്ങിയ നടപടികൾ സ്വീകരിക്കും. ഇവയിൽ പല ലക്ഷ്യങ്ങളും ഇതിനകം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്.

കെ എസ് ഡി പി പുനരുദ്ധാരണം
1974 ൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (കെ എസ് ഡി പി) ആലപ്പുഴയിൽ സ്ഥാപിക്കപ്പെട്ടതോടെ പൊതുമേഖലയിൽ ഔഷധ ഉല്പാദനം കേരളത്തിൽ ആരംഭിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക് അവശ്യമരുന്നുകൾ സ്വകാര്യകമ്പനികളെ ആശ്രയിക്കാതെ ലഭ്യമാക്കുന്നതിനുള്ള സ്വാഗതാർഹമായ ഇടപെടലായിരുന്നു കെ എസ് ഡി പി പ്രവർത്തനം ആരംഭിച്ചതോടെ നടന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ കെ എസ് ഡി പിയുടെ ഉല്പാദനം വർധിപ്പിക്കുന്നതിനോ ഉല്പാദനരീതികൾ കാലോചിതമായി ആധുനികവൽക്കരിക്കുന്നതിനോ കഴിയാതെ പോയി. തുടർന്ന് ഏതാണ്ട് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുവന്നിരുന്ന കെ എസ് ഡി പിയെ 2006-–2011 ലെ ഇടതു മുന്നണി സർക്കാർ ആവശ്യമായ സാമ്പത്തിക സഹായം നൽകി പുനരുദ്ധരിക്കുകയും 40 കോടി രൂപയ്-ക്കുള്ള അൻപതോളം മരുന്നുകൾ സർക്കാർ ആശുപത്രികൾക്ക് നൽകാൻ പ്രാപ്തമാക്കുകയും ചെയ്തു. തമിഴ് നാട്ടിൽ വിജയകരമായി സർക്കാർ ആശുപത്രികളിലേക്ക് സുതാര്യമായ ടെണ്ടറിങ് വ്യവസ്ഥകളോടെ മരുന്ന് വാങ്ങുന്നതുപോലെ കേരളത്തിലും കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ രൂപീകരിച്ചതോടെ കുറഞ്ഞ വിലയ്-ക്കുള്ള ഗുണമേന്മയുള്ള മരുന്നുകൾ മുടക്കം കൂടാതെ സർക്കാർ ആശുപത്രികളിൽ ലഭ്യമായിത്തുടങ്ങി.

വീണ്ടും പ്രതിസന്ധികളെ നേരിട്ടു തുടങ്ങിയിരുന്ന കെ എസ് ഡി പി പുനരുദ്ധരിച്ച് ഉല്പാദനം വർധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഫാക്ടറിയുടെ ഉല്പാദനം 200 കോടിയായി വർധിപ്പിച്ചിട്ടുണ്ട്. കെ എസ് ഡി പിയിലെ ഗുണപരിശോധന ലാബറട്ടറിക്ക് എൻ എ ബി എൽ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന രോഗികൾ മൂന്നുമരുന്നുകൾ പതിവായി കഴിക്കേണ്ടതുണ്ട്. അതിലേക്കായി പ്രതിമാസം 5000 രൂപ ചെലവിടേണ്ടിവരും. ഈ മരുന്നുകൾ കെ എസ് ഡി പിയിൽ ഉല്പാദിപ്പിച്ച് സർക്കാർ ആശുപത്രികൾ വഴി സൗജന്യമായും പൊതുമാർക്കറ്റിൽ 10 ശതമാനം വിലക്കും ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കേരള സർക്കാർ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫാർമാപാർക്കിലൂടെ 1000 കോടി രൂപയുടെ ഔഷധങ്ങൾ ഉല്പാദിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഉല്പാദിപ്പിക്കുന്ന മരുന്നുകൾ കേരള ജനറിക് എന്ന് നാമകരണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നതാണ്. കാൻസർ മരുന്നുകൾ ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു ഓങ്കോ പാർക്ക് ആരംഭിക്കാനുള്ള പ്രാരംഭനടപടികൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

ഇ ഹെൽത്ത് പദ്ധതി
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച് പൊതുജനാരോഗ്യകേന്ദ്രങ്ങളെ ഒരു കേന്ദ്രീകൃത കംപ്യൂട്ടര്‍ശൃംഖലയുമായി ബന്ധിപ്പിക്കുന്ന മാതൃകാ ഇ- –ഹെല്‍ത്ത് എന്ന ബൃഹത് പദ്ധതി ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. വൈദ്യശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യസംരക്ഷണ നയപരിപാടികളുടെ രൂപവല്‍ക്കരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പുരോഗതിക്ക് ഇ-–ഹെല്‍ത്ത് സഹായകരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യകുടുംബക്ഷേമമന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡ്സ് സ്റ്റാന്‍ഡേര്‍ഡുകൾ പൂര്‍ണമായും ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ഓരോ വ്യക്തിക്കും സംസ്ഥാന ഡാറ്റാ സെന്ററില്‍ ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ് രൂപീകൃതമാകും. ഓരോ വ്യക്തിയുടെയും ചികിത്സാരേഖകള്‍ ഒരു കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കുകവഴി എല്ലാ സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടര്‍ചികിത്സ ഉറപ്പുവരുത്താൻ കഴിയും.

ഗവേഷണ കേന്ദ്രങ്ങൾ
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിൽ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുള്ള വൈറോളജി ഗവേഷണത്തിനായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ആരോഗ്യവകുപ്പിന്റെ കീഴിൽ കണ്ണൂരിൽ സ്ഥാപിച്ച ആയുർവേദ ഗവേഷണ കേന്ദ്രവും തിരുവനന്തപുരത്ത് ആരംഭിക്കാൻ പോകുന്ന സെന്റർ ഫോർ ഡിസീസ് കൺട്രോളും ആരോഗ്യഗവേഷണ മേഖലയിൽ വലിയ സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകലോകം ഏകാരോഗ്യം
കോവിഡ് മഹാമാരിയുടെയും മറ്റു ജന്തുജന്യരോഗങ്ങളുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണത്തിനാവശ്യമാണെന്ന ഏകലോകം ഏകാരോഗ്യം എന്ന ആശയം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ വൺ ഹെൽത്ത് എജ്യൂക്കേഷൻ അഡ്വക്കസി റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ രൂപീകരിച്ച് 2014 മുതൽ പ്രവർത്തനം നടത്തിവരുന്നു. കേന്ദ്രത്തിൽ ഏകാരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം, വിജ്ഞാന വ്യാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നതിന് പുറമേ ഏകാരോഗ്യത്തിൽ പിജി ഡിപ്ലോമാ കോഴ്സും ഏകാരോഗ്യ സർവെയ് ലൻസിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സും, കമ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്മെന്റിൽ പിജി സർട്ടിഫിക്കറ്റ് കോഴ് സും നടത്തിവരുന്നു. കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ്, അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 2018 ൽ ഏകാരോഗ്യ ഇന്റർഫേസ് മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്ന് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ ഏകാരോഗ്യ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് കേരള ഏകാരോഗ്യ കർമ്മപരിപാടി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ജന്തുജന്യരോഗങ്ങൾ പോലെ ‘ഏകലോകം ഏകാരോഗ്യം’ എന്ന ആശയത്തെ പ്രസക്തമാക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ആന്റിബയോട്ടിക്കുകളോട് രോഗാണുക്കൾ വികസിപ്പിച്ചെടുക്കുന്ന പ്രതിരോധം (Antibiotic Resistance). ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ വിവിധവകുപ്പുകളുമായി ചേർന്ന് കേരള ആരോഗ്യവകുപ്പ് സമഗ്രമായപദ്ധതി (Kerala Antimicrobial Resistance Strategic Action Plan: KARSAP) 2018 ൽ അംഗീകരിച്ച് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, പരിസ്ഥിതി, കൃഷി, വകുപ്പുകളുമായി ചേർന്നാണ് ആരോഗ്യവകുപ്പ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. മനുഷ്യനുപുറമേ മൃഗങ്ങളിലും കൃഷിയിടങ്ങളിലും മത്സ്യമേഖലയിലും അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കേരളത്തിലുണ്ട്. ഇതിന്റെ ഫലമായി മത്സ്യം, പാൽ, പച്ചക്കറികൾ തുടങ്ങിയവയിൽ അനുവദനീയമായ അളവിൽ വളരെ കൂടുതലായി ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വിവിധവകുപ്പുകൾ സംയുക്തമായി ഏകാരോഗ്യസമീപനം (One Health Approach) എന്ന പേരിൽ കർമ്മപരിപാടി തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

കേരളം ഇതിനകം കൈവരിച്ചു കഴിഞ്ഞിട്ടുള്ള ആരോഗ്യനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിഷ്ക്രിയമായിരിക്കാതെ ആരോഗ്യമേഖല നേരിടുന്ന സമകാലിക വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ജനപങ്കാളിത്തത്തോടുകൂടിയ ശാസ്ത്രീയപദ്ധതികൾ നടപ്പിലാക്കി കേരള ആരോഗ്യമേഖല മുന്നോട്ടു കുതിക്കുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − nine =

Most Popular