Sunday, May 19, 2024

ad

Homeപത്രാധിപരോട് ചോദിക്കാംവിശ്വാസവും അന്ധവിശ്വാസവും

വിശ്വാസവും അന്ധവിശ്വാസവും

പത്രാധിപരോട് ചോദിക്കാം

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ഒരു പ്രസംഗത്തില്‍ കേട്ടത് വിശ്വാസികളെ ചേര്‍ത്ത് വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും വിശ്വാസികള്‍ അപകടകാരികള്‍ അല്ല എന്നുമാണ്. അതിനോട് ഞാനും യോജിക്കുന്നു.
എന്നാല്‍ അതേ പ്രസംഗത്തില്‍ വിശ്വാസികളെ ചേര്‍ത്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ കോട്ട തീര്‍ക്കണമെന്നും പറയുന്നു. അപ്രായോഗിക ജ്ഞാനത്തില്‍നിന്നുള്ള വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നിരിക്കെ, ഈ പറയുന്ന വിശ്വാസത്തിനും അന്ധവിശ്വാസത്തിനും അതിര്‍വരമ്പ് ഇല്ലാതിരിക്കെ എങ്ങിനെയാണ് വിശ്വാസികളെ ചേര്‍ത്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ കോട്ട തീര്‍ക്കുക?
പി ശ്രീധരന്‍,
വിളയില്‍

മൂഹത്തില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവരുടേതായ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ചെറുതുരുത്തുകള്‍ മാത്രമാണ് വിശ്വാസികളല്ലാത്തവര്‍. അതിനാല്‍ അന്ധവിശ്വാസത്തില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിശ്വാസികളെ പ്രയോജനപ്പെടുത്തണം എന്നു മാര്‍ക്സിസം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ പോരാട്ടം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായിട്ടാവണം. അതിനു അവരെ പരിശീലിപ്പിച്ച് പ്രയോജനപ്പെടുത്തണം. ആ പരിശീലനത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് അവരെ ‘വിശ്വാസ’ത്തില്‍ നിന്നു മോചിപ്പിക്കേണ്ടത്. അതിന് അവരെ യുക്തിയുടെ, മാര്‍ക്സിസത്തിന്‍റെ ആയുധം അണിയിക്കണം എന്നും തുടര്‍ച്ചയായി പ്രയോഗിക്കുന്നതിലൂടെയാണ് അവരെ വിശ്വാസത്തിന്‍റെ കെട്ടുപാടുകളില്‍നിന്നു മോചിപ്പിക്കാനാവുക എന്നും മാര്‍ക്സിസം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

എന്താണ് അന്ധവിശ്വാസം? യുക്തിചിന്തയുടെ അഭാവംമൂലം ചില ധാരണകള്‍ മുന്‍തലമുറകളില്‍നിന്നു കൈമാറിക്കിട്ടി. അവയെ മുറുകെ പിടിക്കലാണ് അന്ധവിശ്വാസം. യുക്തിയുടെ അടിസ്ഥാനത്തിലുള്ള വിശകലനത്തിലൂടെയും വാദപ്രതിവാദത്തിലൂടെയും അവയെ തിരുത്താന്‍, ഉപേക്ഷിക്കാന്‍ കഴിയുന്നതോടെ അന്ധവിശ്വാസത്തിന്‍റെയും വിശ്വാസത്തിന്‍റെയും സ്ഥാനത്ത് യുക്തിചിന്തയുടെ അടിസ്ഥാനത്തിലുള്ള അറിവ് ഉണ്ടാകുന്നു. അതിന്‍റെ അടിസ്ഥാനത്തിലുള്ള നിരന്തരമായ യുക്തിചിന്തയിലൂടെയും അതിന്‍റെ പ്രയോഗത്തിലൂടെയും വിശ്വാസത്തിന്‍റെ സ്ഥാനത്ത് കാര്യകാരണബോധവും അതിന്‍റെ അടിസ്ഥാനത്തിലുള്ള തിരിച്ചറിവുകളും ഉണ്ടാകുന്നു.

മാനവരാശിയുടെ ഇതുവരെയുള്ള മുന്നേറ്റം ഉണ്ടായത് യുക്തിബോധത്തിലൂടെ ഓരോരോ കാലത്ത് നിലനിന്ന അന്ധവിശ്വാസങ്ങളെയും വിശ്വാസങ്ങളെയും നേരിട്ടുകൊണ്ടാണ്. അങ്ങനെയാണ് മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളെയും വിശ്വാസങ്ങളെയും ഉപേക്ഷിച്ച് അറിവിന്‍റെ ലോകത്തിലേക്ക് നീങ്ങാന്‍ സമൂഹത്തിനു കഴിഞ്ഞത്. അതതുകാലത്തെ യുക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ഈ അറിവുകളെ പിന്തള്ളിയാണ് മാനവരാശി പുതിയ അറിവുകളിലേക്ക് പ്രവേശിക്കാറുള്ളത്.

ഈ പ്രക്രിയയിലൂടെയാണ് ഓരോ കാലത്തെ അന്ധവിശ്വാസങ്ങളെയും വിശ്വാസങ്ങളെയും തള്ളിമാറ്റി പുതിയവയിലേക്ക് മാനവരാശി മുന്നേറിയിട്ടുള്ളത്. ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടത് അതത് കാലത്തെ വിശ്വാസികളെ അണിനിരത്തിയാണ് എന്ന് ഓര്‍ക്കുക. ഇങ്ങനെ ചിന്തിച്ചാല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞതിലെ യുക്തി മനസ്സിലാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 8 =

Most Popular