Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിവിഴിഞ്ഞത്തെ ചതിച്ച 
എട്ടുകാലി കുഞ്ഞൂഞ്ഞ്!

വിഴിഞ്ഞത്തെ ചതിച്ച 
എട്ടുകാലി കുഞ്ഞൂഞ്ഞ്!

കെ ജി ബിജു

ഹാനായ വൈക്കം മുഹമ്മദ് ബഷീർ ഇന്നും ജീവിച്ചിരുന്നെങ്കിലോ? ആ കഥാപാത്രത്തിന് ഒരിക്കലും അദ്ദേഹം എട്ടുകാലി മമ്മൂഞ്ഞ് എന്ന് പേരിടുമായിരുന്നില്ല. ഏത് ഗർഭത്തിന്റെയും ഉത്തരവാദി താനാണെന്ന് ഒരുളുപ്പുമില്ലാതെ ഗീർവാണമടിക്കുന്ന മാനസികാവസ്ഥയെ പരിഹസിക്കാനാണ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത്. നിത്യജീവിതത്തിൽ താൻ പരിചയപ്പെട്ട ആരെയെങ്കിലും മാതൃകയാക്കിയാണോ അദ്ദേഹം ഈ കഥാപാത്രത്തിന് ജന്മം നൽകിയത് എന്ന് നമുക്കറിയില്ല. അതൊരു അജ്ഞാത രഹസ്യമാണ്. എന്നാൽ ഈ കാലഘട്ടത്തിലാണ് ബഷീർ ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാൻ ഒരു മാതൃക നിശ്ചയമായും ഉണ്ടാകുമായിരുന്നു. എങ്കിൽ, കഥാപാത്രത്തിന്റെ പേര് ഒരിക്കലും മമ്മൂഞ്ഞ് എന്നാകുമായിരുന്നില്ല. എട്ടുകാലി കുഞ്ഞൂഞ്ഞ് ആയിരുന്നേനെ ചിരപ്രതിഷ്ഠ നേടുക.

കേരളത്തിൽ യാഥാർത്ഥ്യമാകുന്ന ഏതു പദ്ധതിയുടെയും തറക്കല്ല് കുഞ്ഞൂഞ്ഞിന്റെ വകയാണെന്നാണ് പാണപ്പാട്ട്. എല്ലാം കുഞ്ഞൂഞ്ഞു വഴിയാണത്രേ വന്നത്. കുഞ്ഞൂഞ്ഞിന്റെ ദൃഢനിശ്ചയമാണത്രേ സകലപദ്ധതിയ്ക്കും ജീവൻ വെപ്പിച്ചത്. കുഞ്ഞൂഞ്ഞ് സ്ഥാപിച്ച തറക്കല്ലിനു മീതെയാണത്രേ കേരളം കൽപാന്തകാലത്തോളം നിലനിൽക്കാൻ പോകുന്നത്. കടലിൽ നിന്ന് കേരളം സൃഷ്ടിക്കാൻ പരശുരാമനെറിഞ്ഞ കോടാലി നിർമ്മാണത്തിന് തറക്കല്ലു സ്ഥാപിച്ചത് ആരെന്ന് ചോദിക്കൂ. ഒറ്റശ്വാസത്തിൽ മനോരമ പറയും; ‘സാക്ഷാൽ എട്ടുകാലി കുഞ്ഞൂഞ്ഞ്’!

സത്യത്തിൽ കുഞ്ഞൂഞ്ഞിന്റെ കാലത്ത് വിഴിഞ്ഞത്ത് എന്താണ് നടന്നത്? ഏത് പദ്ധതിയുടെയും നാൾവഴി പ്രസിദ്ധീകരിക്കുന്നതിൽ കേമത്വമുണ്ട് മനോരമയ്ക്ക്. പക്ഷേ, കഴിഞ്ഞ നാലു ദിവസത്തെ പത്രമെടുത്തു നോക്കൂ. വിഴിഞ്ഞം പദ്ധതിയുടെ ഏതു ഘട്ടത്തിലാണ് കുഞ്ഞൂഞ്ഞു സർക്കാർ ചിത്രത്തിലെത്തുന്നത്. 1996ൽ അധികാരമേറ്റ ഇ കെ നായനാർ സർക്കാരിന്റെ കാലത്താണ് തുറമുഖ നിർമ്മാണത്തിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖം എന്ന ആശയം കുഞ്ഞൂഞ്ഞു വകയാണോ? അല്ലേയല്ല. കോൺഗ്രസ് സർക്കാരിന്റെയോ നേതാക്കളുടെയോ വകയാണോ? അതുമല്ല.

പിന്നെ? തുറമുഖ നിർമ്മാണത്തിലേയ്ക്ക് ചുവടു വെച്ചത് 1996-–2001 വരെയുള്ള ഇ കെ നായനാർ സർക്കാരിന്റെ കാലത്ത്. അതിനു ശേഷം ആന്റണിയുടെ സർക്കാർ വന്നല്ലോ. അന്ന് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നത്തിന് എന്തു സംഭവിച്ചു? ആ സർക്കാരിന് ആദ്യഘട്ടത്തിൽ നേതൃത്വം നൽകിയ എ കെ ആന്റണി പിന്നീട് കേന്ദ്ര പ്രതിരോധ മന്ത്രിയുമായല്ലോ അക്കാലത്ത്? തുറമുഖ നിർമ്മാണത്തിൽ എന്തായിരുന്നു ആ സർക്കാരിന്റെ പങ്ക്? എന്തായിരുന്നു എ കെ ആന്റണിയുടെ വ്യക്തിപരമായ പങ്ക്?

നുണ പറയാനും പ്രചരിപ്പിക്കാനും മനോരമയെപ്പോലെ വൈദഗ്ധ്യമുള്ള ഒരു സംഘം വേറെയില്ല. യാഥാർത്ഥ്യമാകുന്ന ദീർഘകാല സ്വപ്നം എന്ന തലക്കെട്ടിൽ 14-–ാം തീയതി ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്, പത്രം. അഞ്ചാം പാരഗ്രാഫ് ഇങ്ങനെ തുടങ്ങുന്നു…. “2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് രാജ്യാന്തര തുറമുഖപദ്ധതിയ്ക്ക് അനക്കം വെച്ചത്”. നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉമ്മൻചാണ്ടി തറക്കല്ലിട്ടു. അതു ശരി തന്നെ. പക്ഷേ, അതിനു മുമ്പ് ഒന്നും സംഭവിച്ചില്ലേ.

വിഴിഞ്ഞം പദ്ധതി പഠനത്തിനു വേണ്ടി ഇന്റർനാഷണൽ ഫിനാൻഷ്യൽ കൺസോർഷ്യത്തെ ചുമതലയേൽപ്പിച്ചത് വിഎസ് സർക്കാരിന്റെ കാലത്താണ്. 2009 നവംബറിൽ. പൊതുമേഖലയിൽ തുറമുഖം നിർമ്മിക്കാൻ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്ന സ്ഥാപനം യാഥാർത്ഥ്യമാക്കിയത് വി എസ് സർക്കാർ. അത് അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ. തുടർന്ന് സ്വകാര്യ പങ്കാളിത്തത്തോടെ കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചതും യുപിഎയും കോൺഗ്രസും.

തുടർന്ന് അന്താരാഷ്ട്ര നിക്ഷേപ സംഗമം. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ15 രാഷ്ട്രങ്ങളിൽ നിന്നുള്ള 43 കമ്പനികൾ പങ്കെടുത്ത നിക്ഷേപ സംഗമം. 17 കമ്പനികൾ അടങ്ങിയ 5 കൺസോർഷ്യം ടെൻഡറിൽ പങ്കെടുത്തു. സർക്കാർ പറഞ്ഞതിലും കുറഞ്ഞ തുകയ്ക്ക് ലാൻകോ കൊണ്ടപ്പള്ളിക്കു ടെൻഡർ ലഭിച്ചു. നെഗറ്റീവ് ടെൻഡറായിരുന്നു ലാൻകോ കൊണ്ടപ്പള്ളിയുടേത്. മറ്റെല്ലാ ടെൻഡറിലും സർക്കാർ പണം അങ്ങോട്ടു കൊടുക്കണം. ലാൻകോ കൊണ്ടപ്പള്ളി വാഗ്ദാനം ചെയ്തത് 115 കോടി സർക്കാരിന് ഇങ്ങോട്ട്. അവർക്ക് സമ്മത പത്രം കൈമാറി.

അപ്പോഴാണ് നിയമയുദ്ധം. ലാൻകോ കൊണ്ടപ്പള്ളിയ്ക്കെതിരെ മുംബെെ ആസ്ഥാനമായ സൂം ഡെവലപ്പേഴ്സ് കോടതിയെ സമീപിച്ചു. തുടർന്ന് നിയമയുദ്ധം. രാജ്യാന്തര വൻകിട തുറമുഖ കമ്പനികളായിരുന്നു നിയമയുദ്ധത്തിന് പിന്നിലെന്ന് വാർത്തകൾ പരന്നു. ലാൻകോ കൊണ്ടപ്പള്ളി പദ്ധതി ഉപേക്ഷിച്ചു. പക്ഷേ, അതിനകം. 450 കോടി മുടക്കി വിഴിഞ്ഞം പോർട്ടിന്റെ ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. പദ്ധതിക്ക് ആവശ്യമായ വൈദ്യുതിയുമെത്തിച്ചു. സബ്സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കി. വെള്ളായണി കായലിൽ നിന്നും വെള്ളം ശുചീകരിച്ചു ഓവർ ഹെഡ് ടാങ്ക് പണിതുയർത്തി പദ്ധതി പ്രദേശത്ത് വെള്ളവുമെത്തിച്ചു. വിഴിഞ്ഞത്തെ ബാലരാമപുരം വഴിയുള്ള റെയിൽവേ പാതയുമായി ബന്ധിപ്പിക്കാൻ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സെർവീസസ്സിനെ ചുമതലയേൽപ്പിച്ചു. ദേശീയ പാതയുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കാൻ ദേശീയപാതാ അതോറിറ്റിയുമായി കരാർ ഒപ്പിട്ടു.

തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും വിഎസ് സർക്കാരിന്റെ കാലത്ത് പൂർത്തിയായിരുന്നു. ലാൻഡ് ലോർഡ് മോഡലിൽ നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചു. കേരളസർക്കാരിന്റെ മുടക്കുമുതൽ 100 കോടി യുഎസ് ഡോളർ. ബാക്കി തുക നിർമ്മാണ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനി മുടക്കും. തുറമുഖ നിർമ്മാണം നടത്താൻ 25–-11-–2010ൽ ആഗോള ടെൻഡർ ക്ഷണിച്ചു. 14 കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു. പ്രീ ക്വാളിഫിക്കേഷൻ യോഗ്യത നേടിയത് 12 കമ്പനികൾ. ഗ്ലോബൽ ബിഡിൽ പങ്കെടുത്തത് വെൽസ്പൺ കൺസോർഷ്യവും മുദ്രാ പോർട്ട് സ്പെഷ്യൽ എക്കണോമിക് സോണും. വെൽസ്പണിന് മാത്രമാണ് കേന്ദ്രസർക്കാരിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്.

ബിഡ് തുറന്നു. തുറമുഖ നടത്തിപ്പിന് 16 വർഷത്തേയ്ക്ക് വെൽസ്പൺ ആവശ്യപ്പെട്ടത് 480 കോടി ഗ്രാന്റ്. ഇതെല്ലാം നടന്നത് വിഎസ് സർക്കാരിന്റെ കാലത്ത്.

വെൽസ്പണിനെ ഒഴിവാക്കാനായിരുന്നു പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ ഉത്സാഹിച്ചത്. വിലപേശലിനെത്തുടർന്ന് ഗ്രാന്റ് തുക 400 കോടിയായി കുറയ്ക്കാൻ വെൽസ്പൺ സമ്മതിച്ചെങ്കിലും അവർക്ക് കരാർ കൊടുക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചു. ടെൻഡർ നടപടികൾ റദ്ദാക്കി. തുറമുഖ നിർമ്മാണത്തിന് അദാനിയ്ക്ക് ടെൻഡർ കൊടുത്തതാണല്ലോ ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടമായി വലിയവായിൽ കൊട്ടിഘോഷിക്കപ്പെടുന്നത്. തുറമുഖ നിർമ്മാണത്തിന് കരാർ ലഭിച്ച വെൽസ്പൺ കൺസോർഷ്യത്തെ മുട്ടാപ്പോക്കു പറഞ്ഞ് തുരത്തിയതും അവരുടെ ടെൻഡർ റദ്ദാക്കിയതും ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു.

എന്നിട്ടോ? ലോകത്തെ 80 ശതമാനത്തിനു മുകളിൽ തുറമുഖങ്ങളും നിർമ്മിച്ചതും പരിപാലിക്കുന്നതും ലാൻഡ് ലോർഡ് മോഡലിലാണ്. (It is estimated that 85–90 per cent of global ports are landlord ports, which account for about 65–70 per cent of global container port throughput (Drewry Maritime Research, 2016). ലോകം പരീക്ഷിച്ചു വിജയിച്ച ഈ മാർഗമാണ് തുറമുഖ നിർമ്മാണത്തിനും നടത്തിപ്പിനും വിഎസ് സർക്കാർ മുന്നോട്ടു വെച്ചത്. അതും ഉമ്മൻചാണ്ടി സർക്കാർ അട്ടിമറിച്ചു. പിപിപി മോഡലിലേയ്ക്ക് മാറി. അങ്ങനെയാണ് അദാനി ചിത്രത്തിൽ വന്നത്.

വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന് കട്ടപ്പാര വെച്ച ചരിത്രമാണ് കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര കേരള സർക്കാരുകൾക്കുള്ളത്. ലോകമെങ്ങും പരീക്ഷിച്ചു വിജയിച്ച ഒരു മാതൃകയാണ് വിഎസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മുന്നോട്ടു വെച്ചത്. ആ വഴിയിൽ ബഹുദൂരം ആ സർക്കാർ മുന്നോട്ടു പോവുകയും ചെയ്തു. 16 വർഷത്തേയ്ക്ക് വെൽസ്പൺ കൺസോർഷ്യം ആവശ്യപ്പെട്ട 400 കോടി രൂപ ഗ്രാന്റ് കൂടിപ്പോയെന്ന ന്യായം പറഞ്ഞാണ് ആ കരാർ ഉമ്മൻചാണ്ടി സർക്കാർ പുറംകാലിന് തൊഴിച്ചത്. എന്നിട്ടോ. അദാനിയ്ക്ക് കൊടുത്ത സാമ്പത്തിക സഹായമോ? വയബിലിറ്റി ഗ്യാപ്പ് ഫണ്ട് മാത്രം ഇതുവരെ 800 കോടി രൂപ കഴിഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കൊടും ചതിയാണ് 2011-–2016ലെ ഉമ്മൻചാണ്ടി ഭരണകാലത്ത് നടന്നത്. വിഎസിന്റെ കാലത്തെ കരാറുമായി മുന്നോട്ടു പോയിരുന്നുവെങ്കിൽ ഇത്രയും സാമ്പത്തികഭാരം സംസ്ഥാന സർക്കാരിന്റെ തലയിൽ ഒരിക്കലും വരില്ലായിരുന്നു. ചൈനീസ് പങ്കാളിത്തം പറഞ്ഞ് എ കെ ആന്റണി ഉടക്കുണ്ടാക്കിയില്ലായിരുന്നെങ്കിൽ, എത്രയോ കുറഞ്ഞ ചെലവിൽ തുറമുഖം ഇതിനകം യാഥാർത്ഥ്യമാക്കപ്പെടുമായിരുന്നു.

കേരളത്തിലെ ജനങ്ങളെ കണ്ണിൽച്ചോരയില്ലാതെ ചതിച്ചാണ് 2015ൽ ഉമ്മൻചാണ്ടി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + eleven =

Most Popular