Sunday, May 19, 2024

ad

Homeമാധ്യമ നുണകള്‍ക്വട്ടേഷൻ ബ്രിഗേഡ്

ക്വട്ടേഷൻ ബ്രിഗേഡ്

ഗൗരി

ദാനിയെ തൊട്ടുപോകരുത്. ആർഎസ്എസിനെയും മോദിയെയും അമിത്ഷായെയും കുറിച്ച് ആരും ഒരക്ഷരം മിണ്ടരുത്. മിണ്ടിയാലോ?

എന്തുണ്ടാകും എന്നതാണ് ഒക്ടോബർ മൂന്ന് പുലർച്ചെ മുതൽ നമ്മൾ കണ്ടത‍്. അതിനെ കേവലം ന്യൂസ് ക്ലിക്ക് എന്ന വാർത്താ പോർട്ടലിനെതിരെ മാത്രം അരങ്ങേറപ്പെട്ട നടപടിയായി ചുരുക്കിക്കാണാനാവില്ല. ‘ദ വയർ’, ‘കാരവൻ’ തുടങ്ങി നിരവധി ബദൽ മാധ്യമങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ന്യൂസ് ക്ലിക്കിനുനേരെയും നടന്നത്. 2021 മുതൽ ന്യൂസ് ക്ലിക്കിനെതിരെ ഇഡിയുടെ റെയ്ഡും അനേ-്വഷണവും ആരംഭിച്ചതാണ്. എന്നാൽ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനാകാതെ ഇഡി വാലും ചുരുട്ടി ഇരിപ്പായതിനെ തുടർന്നാണ് ഡൽഹി പൊലീസെന്ന സംഘപരിവാറിന്റെ വാലാട്ടികളെ ഇറക്കി (ഇഡിയും അതുതന്നെ!) യുഎപിഎ എന്ന ഊപ്പ പ്രയോഗിച്ച വേട്ടയാടൽ നടത്തിയത്.

ആ സ്ഥാപനത്തിലെ ചീഫ് എഡിറ്ററോ മാനേജ്മെന്റിലെ ഉത്തരവാദപ്പെട്ടവരോ മാത്രമല്ല അതിലെ സാധാരണക്കാരായ മാധ്യമ പ്രവർത്തകരും റിപ്പോർട്ടർമാരും അതിലേക്ക് ലേഖനങ്ങൾ നൽകുന്നവരുമെല്ലാം ഡൽഹി പൊലീസിന്റെ ആക്രമണത്തിനിരയായി. ടീസ്റ്റാ സെത്തൽവാദിനെയും പരഞ്ജോയ് ഗുഹ താക്കുർത്തയെയും പിടികൂടി ചോദ്യംചെയ്തതിൽനിന്നു തന്നെ മോദിയും മോദിയുടെ ശിങ്കിടികളായ കോർപ്പറേറ്റുകളും നടത്തുന്ന തീവെട്ടിക്കൊള്ളകൾക്കെതിരെ ഒരക്ഷരം എഴുതുകയോ മിണ്ടുകയോ ചെയ്തവരെ, മോദിയുടെയും അമിത്ഷായുടെയും മറ്റും മേൽനോട്ടത്തിൽ സംഘപരിവാർ സംഘങ്ങൾ നടത്തുന്ന അരുംകൊലകളെയും അക്രമപ്പേക്കൂത്തുകളെയും തുറന്നു കാണിക്കുന്നവരെയുമെല്ലാം പിടിച്ചകത്തിടും, പറ്റിയാൽ പുറം ലോകം കാണിക്കില്ലെന്ന സന്ദേശമാണ് മോദി – അമിത്ഷാ സംഘം കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ വേട്ടയിലൂടെ നൽകുന്നത്.

ഇപ്പോൾ നടത്തിയ റെയ്ഡുകളിൽനിന്ന് എന്തെങ്കിലുമൊരു തുമ്പ് ഡൽഹി പൊലീസിന് പിടിച്ചെടുക്കാൻകഴിഞ്ഞോ? ഇല്ല. എന്നാൽ കസ്റ്റഡിയിലെടുത്ത 46 മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയുമെല്ലാം മൊബെെൽ ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം പിടിച്ചെടുത്തതിൽനിന്ന് ഒരു കാര്യം പകൽപോലെ തെളിഞ്ഞുവരുന്നുണ്ട്. ഈ ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമത്തെളിവുണ്ടാക്കാൻ വേണ്ട സംഗതികൾ കുത്തിച്ചെലുത്തും എന്നുറപ്പാണ്. അതാണല്ലോ സ്റ്റാൻ സ്വാമി ഉൾപ്പെടെ ഭീമാ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കാര്യത്തിൽ സംഭവിച്ചത്. ചാനൽ ചർച്ചകളിൽ പങ്കെടുത്ത സംഘികൾ കുരച്ചു ചാടിയത് തെളിവുകൾ ഉണ്ടാവുമെന്നാണ്. രണ്ടുമൂന്ന് ദിവസം കൂടി ക്ഷമിക്കൂന്നാണ്. അപ്പോൾ അതിനകം ഞങ്ങളതുണ്ടാക്കും എന്നാണതിനർഥം.

ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രചാരണത്തിനായി ന്യൂസ് ക്ലിക്ക്, അമേരിക്കയിൽ കഴിയുന്ന ഒരു ശിങ്കത്തിൽനിന്ന് പണം പറ്റിയെന്ന‍് ആഗസ്ത് 8ന‍് ന്യുയോർക്ക് ടെെംസ് പത്രം റിപ്പോർട്ടു ചെയ്തത്രേ! എന്നാൽ ഇതേ ന്യുയോർക്ക് ടെെംസ് പത്രം കോവിഡ് കാലത്ത് ഇന്ത്യയിൽ 42 ലക്ഷം മനുഷ്യർ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അന്നത് ഇന്ത്യാവിരുദ്ധ ഗൂഢാലോചന. ഇതേ പത്രം തന്നെയാണ് അദാനിയുടെ വെട്ടിപ്പിനെക്കുറിച്ച് ഹിൻഡൻ ബെർഗ് റിപ്പോർട്ടിനെ ചൂണ്ടി റിപ്പോർട്ടു ചെയ്തത്. അന്നു രാജ്യവിരുദ്ധ ഗൂഢാലോചനയായി ചിരിച്ചു തള്ളുകയാണുണ്ടായത്. അപ്പോൾ ഒരു കാര്യം വീണ്ടും വീണ്ടും വ്യക്തമാകുന്നു. മോദിക്കും അദാനിക്കും സംഘപരിവാറിനും അലോസരമുണ്ടാകുന്ന വാർത്തകൾ നൽകിയാൽ തങ്ങൾ പിടിച്ചകത്തിടുമെന്ന സന്ദേശം തന്നെ.

ഇത്ര ഭീകരമായ ഒരു മാധ്യമവേട്ടയോടുള്ള നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതികരണം എന്താണെന്നു നോക്കാം. ഏറ്റവുമധികം മലയാളികളെ കണികാണാൻ എത്തുന്ന മനോരമയുടെ 4–ാം തീയതിയിലെ ഒന്നാം പേജിലെ കിടിലൻ ന്യൂസ് എന്താന്നല്ലേ, നോക്കാം: ‘‘സ്നേഹക്കടലായി അമ്മ. അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം’’. മാസ്റ്റർ ഹെഡ്ഡിന് തൊട്ടുതാഴെയായി ചിത്രം ഉൾപ്പെടെ 8 കോളത്തിൽ മനോരമ പൊളിച്ചിരിക്കുന്നു സംഭവത്തെ. മൂന്നാം തീയതി നടന്ന അഖില ലോക സംഭവമാണല്ലോ അമൃതാനന്ദമയിയുടെ പിറന്നാൾ. അപ്പോൾ അതു കഴിഞ്ഞിട്ടേയുള്ളൂ കോട്ടയത്തെ മാധ്യമ തമ്പ്രാക്കൾക്ക് മറ്റെല്ലാം. അപ്പോൾ മൂന്നാം തീയതി നടന്ന മാധ്യമവേട്ടയോ? അതങ്ങ് താഴെ മൂന്ന് കോളത്തിൽ ഒതുക്കിയിരിക്കുന്നു. അതും എങ്ങനാന്ന് നോക്കൂ: ‘‘ചെെനാ ബന്ധം – ന്യൂസ് ക്ലിക്ക് എഡിറ്ററും നിക്ഷേപകനും അറസ്റ്റിൽ. ഓൺലെെൻ മാധ്യമത്തിന്റെ ഓ-ഫീസിലും മാധ്യമ പ്രവർത്തകരുടെ വീടുകളിലും റെയ്ഡ്; ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തു. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പരിശോധന’’. എത്രമാത്രം നിസ്സാരവൽക്കരിച്ചാണ് മനോരമയെന്ന മലയാളത്തിലെ പ്രമുഖ മുഖ്യധാരാ മാധ്യമം ഈ സംഭവത്തെ അവതരിപ്പിക്കുന്നത്!

റിപ്പോർട്ടിന്റെ ഉള്ളിലേക്ക് കടന്നാലും ഇതേ ലാഘവത്വം കാണാം. നോക്കൂ: ‘‘ചെെനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയി സിൻകം ന്യൂസ് ക്ലിക്കിനു പണം നൽകിയെന്ന ന്യൂയോർക്ക് ടെെംസ് വാർത്തയ്ക്കു പിന്നാലെ ഓഗസ്ത് 17ന് യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്തംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസ് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഇഡി റെയ‍്ഡ് ചെയ്തിരുന്നു’’. ഇങ്ങനെ സർവസാധാരണമായി നടക്കുന്നതും നടക്കേണ്ടതുമായ ഒന്നായാണ് മനോരമ വായനക്കാർക്കുമുന്നിൽ ഇതവതരിപ്പിക്കുന്നത്. ഒന്നാമത് ചെെനാബന്ധം, പോരെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ.

എന്നാൽ മനോരമ പറയാതെ വിടുന്നത് 2021 സെപ്തംബർ മുതൽ ഇക്കഴിഞ്ഞ രണ്ടു വർഷക്കാലം ഇഡിയിലെ ഗുർണോകൾ ന്യൂസ് ക്ലിക്കിനും അതിൽ ജോലി ചെയ്യുന്നവർക്കും എഴുതുന്നവർക്കും പിന്നാലെ മണംപിടിച്ച് നടന്നിട്ടും ഒരെല്ലിൻ തുണ്ടുപോലും കിട്ടാതെയായപ്പോഴാണ് ഇപ്പോൾ ഡൽഹി പൊലീസിനെ വിട്ട് കടിപ്പിക്കുന്നത് എന്ന വസ്തുതയാണ്. ഇനി ചെെനയ്ക്കുവേണ്ടി രാജ്യദ്രോഹപരമായ പ്രചാരണം നടത്തുകയാണ് ന്യൂസ് ക്ലിക്ക് എന്ന ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് പരിശോധിക്കാൻ മനോരമ തയ്യാറായോ? ഇല്ലയെന്നു മാത്രമല്ല ഡൽഹി പൊലീസിന് അതുസംബന്ധിച്ച് എന്തെങ്കിലും കണ്ടെത്താനായില്ല എന്നു പറയാനും മനോരമ മിനക്കെടുന്നില്ല. ആഗസ്ത് 8ന്റെ ന്യൂയോർക്ക് ടെെംസ് വാർത്തയെ പിൻപറ്റി ആഗസ്ത് 17ന് എഫ്ഐആർ ഇട്ട് അനേ-്വഷണം ആരംഭിച്ച ഡൽഹി പൊലീസിന് ഒന്നരമാസം പിന്നിട്ടിട്ടും അത്തരമൊരു വാർത്താശകലം കണ്ടെത്താൻ ഇല്ലായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഏതാനും മണിക്കൂറുകൾ മതി(ശരിക്കും പറഞ്ഞാൽ മിനിറ്റുകൾകൊണ്ട്) ഓൺലെെനിൽ സെർച്ച് ചെയ്ത് ആ ന്യൂസ് പോർട്ടലിൽ ചെെനയുടെ പ്രൊപ്പഗാൻഡയ്ക്കുവേണ്ടിയും ഇന്ത്യാ വിരുദ്ധമായും എന്തെങ്കിലും ഐറ്റം എപ്പോഴെങ്കിലും നൽകിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ. അതൊന്നുമില്ലാതെ ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങുന്നത് എതിർ സ്വരങ്ങളുടെ വായടപ്പിക്കൽ എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നതിൽ എന്താ സംശയം?

എഡിറ്റേഴ്സ് ഗിൽഡും ഡൽഹി പ്രസ് ക്ലബും മാധ്യമരംഗത്തെ മറ്റു പ്രമുഖ സംഘടനകളുമുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും മലയാളത്തിലെ സർക്കുലേഷനിൽ ഒന്നാമതെന്ന് വീമ്പടിക്കുന്ന മനോരമ ഇങ്ങനെ അലക്ഷ്യമായി അവതരിപ്പിക്കുന്നത് തികച്ചും ലജ്ജാകരമാണ്. കോർപ്പറേറ്റ് – ഹിന്ദുത്വ താൽപര്യങ്ങളുടെ പ്രൊപ്പഗാൻഡ മെറ്റീരിയലാണ് ഈ യുഡിഎഫ് പത്രം എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇതിലൂടെ. കേരളത്തിൽ ഏതെങ്കിലും വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വസ്തുതകൾ മനസ്സിലാക്കാനും മൊഴിയെടുക്കാനുമായി ഏതെങ്കിലും മാധ്യമ പ്രവർത്തകർക്ക് നോട്ടീസ് കൊടുത്താലുടൻ ‘‘മാധ്യമ വേട്ട’’യെന്ന് ഒാരിയിടുകയും മുഖപ്രസംഗമെഴുതുകയും ചാനലിൽ ദിവസങ്ങളോളം ചർച്ചിക്കുകയും ചെയ്യുന്ന മനോരമയുടെ ഈ നിസ്സംഗഭാവം ആ സ്ഥാപനത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നു.

മനോരമ മാത്രമല്ല, മാതൃഭൂമിയും ഏറെക്കുറെ ഇതിനു സമാനമായാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി മുഖ്യ വാർത്തയായി ന്യൂസ് ക്ലിക്കിനെതിരായ കേന്ദ്ര സർക്കാർ നടപടിയെ അവതരിപ്പിക്കുമ്പോഴും അതിന്റെ ഭാഷയും ശെെലിയും ആ നടപടിയിൽ വലിയ തെറ്റൊന്നുമില്ല എന്ന നിലയിലാണ്. കേരള കൗമുദിയാകട്ടെ ന്യൂസ് ക്ലിക്കിന്റെ ‘‘ചെെന ബന്ധം’’ തങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടെന്ന മട്ടിലാണ് ഒന്നാം പേജിൽ ലീഡ് ഐറ്റമായി വാർത്താവതരണം നടത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകത്താകെ ചെെനാവിരുദ്ധ വ്യാജ വാർത്താ നിർമിതികൾക്കായി അമേരിക്കൻ വിദേശകാര്യ വകുപ്പ് പണം നൽകുന്നുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. അപ്പോൾ മലയാള മാധ്യമങ്ങളിൽ ആർക്കൊക്കെ ഈ അമേരിക്കൻ പണം കിട്ടുന്നുണ്ടെന്ന കാര്യം നമുക്ക് ഉൗഹിക്കാവുന്നതേയുള്ളൂ. ‘വിമോചന സമര’ കാലത്ത് കേരളത്തിലെ മാധ്യമങ്ങൾക്ക് പണം നൽകിയതിനെക്കുറിച്ച് ഇന്ത്യയിലെ അന്നത്തെ അമേരിക്കൻ അംബാസിഡർ പാട്രിക് മൊയ്-നി ഹാൻ തന്നെ എഴുതിയിരുന്ന കാര്യവും ഇക്കൂട്ടത്തിൽ ചേർത്തു വായിക്കാവുന്നതാണ്.

അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഈ സംഭവം ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളിലൊന്നായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്: Terror whip in Media house: News Click boss arrested, 46 quizzed” ദ ഹിന്ദു ‘‘News Click founder arrested under UAPA” എന്നും ഒന്നാം മെയിൻ ഐറ്റമായി വാർത്ത നൽകീറ്റുണ്ട്. മലയാളത്തിൽ ദേശാഭിമാനിക്കു പുറമെ മാധ്യമം പത്രം മാത്രമാണ് ഈ മാധ്യമ വേട്ടയെ ശരിയായവിധം, അർഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചത്.

എന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ മുഖപത്രത്തിന് ഈ വാർത്തയ്ക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടെന്നോ ഇത് കൃത്യമായ ദിശയിൽ അവതരിപ്പിക്കേണ്ടതുണ്ടെന്നോ കാണാനാവുന്നില്ല. ഒന്നാം പേജിൽ തട്ടത്തിൽ മറിഞ്ഞുവീണ് കിടക്കുന്ന വീക്ഷണം അക്കാര്യത്തിൽ ചന്ദ്രികയെയും മാധ്യമത്തെയും കടത്തിവെട്ടാനാണ് താൽപര്യപ്പെടുന്നത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ബാധിച്ചിട്ടുള്ള സംഘിത്വം അവരുടെ മുഖപത്രത്തെ ബാധിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. ഇന്ത്യ എന്ന പ്രതിപക്ഷ ചേരിയും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളൊന്നടങ്കവും അപലപിച്ചതാണ് ഈ മാധ്യമ വേട്ടയെന്നതാണെങ്കിലും സതീശ – സുധാകര ശിങ്കിടികളായ വീക്ഷണത്തിന് സംഘികളെ പിണക്കാൻ പറ്റില്ലല്ലോ.

ചാനലുകളിൽ മൂന്നാം തീയതി തന്നെ ഈ വിഷയം ചർച്ചയ്ക്കെടുത്തത് കെെരളിയും റിപ്പോർട്ടറും മാത്രമാണ്. മനോരമയും മാതൃഭൂമിയും 24ഉം നാലാം തീയതിയും പ്രൈം ടെെം ചർച്ചയ്ക്ക് എടുത്തു. പക്ഷേ ആ ചർച്ചകളിൽ മുഴച്ചുനിന്നത് സംഘി ശബ്ദമാണെന്നു മാത്രം, പ്രത്യേകിച്ചും മനോരമ വിഷനിൽ. അതിലെ കോൺഗ്രസ് പ്രതിനിധിയാകട്ടെ, കേരളത്തിൽ വ്യാജ വാർത്തകൾ റിപ്പോർട്ടു ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ചില മാധ്യമ പ്രവർത്തകരുടെ മൊഴിയെടുക്കാൻ പൊലീസ് വിളിച്ചു വരുത്തിയതിനെ ഇതുമായി തുലനം ചെയ്ത് ന്യൂസ് ക്ലിക്കിനെതിരായ ആക്രമണത്തെ ലഘൂകരിക്കുകയായിരുന്നു. എന്നാൽ ഏഷ്യാനെറ്റിന് ഇത് ചർച്ച ചെയ്യേണ്ട കാര്യമായി തോന്നിയില്ല.

കേരളത്തിലെ മുഖ്യധാരക്കാർ ഏറെക്കുറെ ഇപ്പോൾ ഇഡിയുടെയും മറ്റു കേന്ദ്ര ഏജൻസികളുടെയും നാവായാണല്ലോ പ്രവർത്തിക്കുന്നത്. അപ്പോൾ എങ്ങനെ അവയെ ഉപയോഗിച്ച് മോദി നടത്തുന്ന മാധ്യമ വേട്ടയെ ഇവയ്ക്ക് നട്ടെല്ല് നിവർത്തിനിന്ന് എതിർക്കാനാവും? കേരളത്തിലെ ഇടതുപക്ഷത്തെയും ഇടതുപക്ഷ ഭരണത്തെയും തകർക്കാനുള്ള അച്ചാരം വാങ്ങി നിൽക്കുന്ന ക്വട്ടേഷൻ ബ്രിഗേഡായി മാത്രമാണ് നമ്മുടെ മുഖ്യധാരക്കാർ പ്രവർത്തിക്കുന്നത്. ഇവയിലെ മാധ്യമ പ്രവർത്തകരാകട്ടെ ആത്മാഭിമാനം പണയംവെച്ചും പണത്തിനുവേണ്ടി പഞ്ചപുച്ഛമടക്കി നിൽക്കുമ്പോൾ അവരെക്കുറിച്ചോർത്ത് നമുക്ക് തല കുനിയ്ക്കാം. ഹാ കഷ്ടം!

ഇപ്പോഴും മാധ്യമ വാർത്തകളിലും ചർച്ചകളിലും മുഴങ്ങുന്ന ഒരു വിഷയം കരുവന്നൂരും ഇഡിയും തന്നെ. മൂന്നാം തീയതി മനോരമ 6–ാം പേജിൽ എം കെ കണ്ണൻ ഇഡിയുമായി സഹകരിക്കുന്നില്ലയെന്ന സ്റ്റോറിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘‘സഹകരിക്കുന്നില്ല’’ എന്ന് ഇഡിയും മനോരമയും പറയുന്നതിനർഥം ഓര് പറയുന്നത് തത്ത പറയുംപോലെ പറയുകയോ എഴുതി ഒപ്പിട്ടുകൊടുക്കുകയോ ചെയ്യുന്നില്ലയെന്നാണ്. അങ്ങനെ ചെയ്യാൻ വേറെ ആളെ നോക്കേണ്ടതായിവരും. സാധാരണയായി സഹകരിക്കുകയെന്നു പറഞ്ഞാൽ ഇഡി നിയമാനുസൃതം ആവശ്യപ്പെടുമ്പോൾ കൃത്യമായി എത്തുകയും രേഖകൾ ചോദിച്ചാൽ അതുണ്ടെങ്കിൽ കൊടുക്കുകയും മൊഴി കൊടുക്കുകയുമെല്ലാമാണ്. അത് ചെയ്യുന്നുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത്. അപ്പോൾ പിന്നെന്ത് ‘‘സഹകരണ’’മാണില്ലാത്തതെന്ന് ഇഡിയോ മനോരമയോ വ്യക്തമാക്കിയാൽ നന്ന്. സഹകരണ പ്രശ്നം സംബന്ധിച്ച് ചാനലുകളിൽ ചർച്ച കൊഴുപ്പിക്കുമ്പോൾ അവർ പുൽപ്പള്ളിയും മറ്റ് കോൺഗ്രസ് – ബിജെപി ഭരിക്കുന്ന സംഘങ്ങളിലെ വെട്ടിപ്പുകളും തട്ടിപ്പുകളും കാണുന്നില്ല എന്നതാണ് വിഷയം. മനോരമയാണെങ്കിൽ ഡൽഹീൽ മാധ്യമ പ്രവർത്തകരെ 6 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ചോദ്യം ചെയ്യലിന്റെ പേരിൽ വിരട്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് വെറും ചോദ്യം ചെയ്ത് വിട്ടയച്ചതായി പറയുമ്പോൾ ഇവിടെ സിപിഐ എമ്മുകാരെയാണ് ഇഡി ചോദ്യം ചെയ്യുന്നതെങ്കിൽ ഇഡി അവരെ 10 മണിക്കൂർ വിറപ്പിച്ചതായും വെള്ളം കുടിപ്പിച്ചതായും എഴുതി അർമാദിക്കുന്നു; കെപിസിസി അധ്യക്ഷൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളെ എത്ര നേരം ചോദ്യം ചെയ്താലും അത് വാർത്തയുമാവില്ല.

‘‘നിയമന തട്ടിപ്പ്’’ എന്ന പേരിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ വാർത്ത പ്രചരിപ്പിക്കുന്നതാണ് ഈയാഴ്ചത്തെ മറ്റൊരു വിഷയം. മന്ത്രി ഓഫീസിലെ ആരെയും ഇങ്ങനെയൊരു തട്ടിപ്പിൽ ബന്ധപ്പെടുത്താൻ ആവില്ലെന്ന് വ്യക്തമായിട്ടും അതാദ്യം റിപ്പോർട്ടു ചെയ്ത ചാനലും ഏറ്റുപിടിച്ചവരും നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ തട്ടിപ്പ് നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത് തുടരുകയാണ്. മനോരമയാകട്ടെ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിലും ചുറ്റുവട്ടത്തുമാകെ നിയമനങ്ങൾക്കായി പണം പറ്റുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് മുഖപ്രസംഗം പോലും കാച്ചിക്കളഞ്ഞു. മാധ്യമ പ്രവർത്തനം സത്യാനേ-്വഷണമല്ലാതാവുകയും വെറും കഥ മെനയലായി മാറുകയും ചെയ്യുന്നതാണ് നാമിവിടെ കാണുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 14 =

Most Popular