Sunday, May 19, 2024

ad

Homeസാര്‍വദേശീയംനെെജറിൽ സംഭവിക്കുന്നത്

നെെജറിൽ സംഭവിക്കുന്നത്

ജി വിജയകുമാർ

2020നു ശേഷം പശ്ചിമാഫ്രിക്കയിൽ അരങ്ങേറുന്ന നാലാമത്തെ സെെനിക അട്ടിമറിയുടെ വാർത്തയാണ് 2023 ജൂലെെ 26ന് നെെജറിൽനിന്ന് കേട്ടത്. ഫ്രാൻസിന്റെ കോളനികളായിരുന്ന പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ പിന്നീട് ഈ രാജ്യങ്ങളിൽ ഫ്രാൻസിനൊപ്പം അമേരിക്കയും നവകൊളോണിയൽ ആധിപത്യം ഉറപ്പിച്ചിട്ടുള്ളവയാണ് . സാമ്രാജ്യത്വശക്തികൾക്കും തദ്ദേശീയ പിന്തിരിപ്പൻ ശക്തികൾക്കും വേണ്ടി നടത്തപ്പെടുന്ന പരമ്പരാഗത സെെനിക അട്ടിമറിയിൽനിന്നും വ്യത്യസ്തമായി നവകൊളോണിയൽ ആധിപത്യത്തിനെതിരായ, പ്രത്യേകിച്ച് ഫ്രാൻസിന്റെ ആധിപത്യത്തിനെതിരായ, തദ്ദേശീയരുടെ രോഷപ്രകടനമാണ് 2020ൽ മാലിയിലും 2021ൽ ഗിനിയയിലും 2022ൽ ബുർക്കിനോ ഫാസൊയിലും നടന്ന സെെനിക അട്ടിമറികൾ. സെെന്യം അധികാരം പിടിച്ചെടുത്തു എന്നു പറയുന്നതാവും കൂടുതൽ ശരി. സാമ്രാജ്യത്വ കൊള്ളകൾക്ക് ഒത്താശ ചെയ്ത്, അവയുടെ പിണിയാളുകളായി നിന്നിരുന്ന ഭരണാധികാരികൾക്കുപകരം രാജ്യത്തെയും തദ്ദേശീയ ജനതയെയും സ്നേഹിക്കുന്ന യുവ പട്ടാള ഓഫീസർമാരാണ് ഈ രാജ്യങ്ങളിൽ അധികാരം പിടിച്ചെടുത്തത്.

2023 ജൂലെെ 26ന് നെെജറിലെ പ്രസിഡൻഷ്യൽ ഗാർഡാണ് പ്രസിഡന്റ് മൊഹമ്മദ് ബസൂമിനെ അധികാരത്തിൽനിന്നും പുറത്താക്കിയത്. നെെജറിലെ എല്ലാ സായുധ സേനാ വിഭാഗങ്ങൾക്കിടയിലും പെട്ടെന്ന് നടത്തിയ ഒരഭിപ്രായ സമാഹരണത്തിൽ ബസൂമിനെ പുറത്താക്കണമെന്നും പ്രസിഡൻഷ്യൽ ഗാർഡിന്റെ കമാൻഡറായ ജനറൽ അബ്ദുറഹ്മാൻ ‘‘ഒമർ’’ ചിയാനിയുടെ നേതൃത്വത്തിൽ സെെനികഭരണം ഏർപ്പെടുത്തണമെന്നുമുള്ള പൊതുധാരണയിൽ എത്തിയതിനെതുടർന്നാണ് ഈ അധികാരം പിടിച്ചെടുക്കൽ നടന്നത്. അധികാരമേറ്റതിനെ തുടർന്ന് പുതിയ (സെെനിക) ഭരണാധികാരികൾ കെെക്കൊണ്ട ആദ്യ തീരുമാനം നെെജറിൽ നിന്ന് ഇനിയും യുറേനിയം ഊറ്റിക്കൊണ്ടു പോകാൻ ഫ്രാൻസിനെ അനുവദിക്കില്ല എന്നതാണ്. അതിൽനിന്നുതന്നെ ഈ അധികാരം പിടിച്ചെടുക്കലിന്റെ ദിശ വ്യക്തമാകുന്നു. വടക്കൻ നെെജറിലെ ആർലിറ്റ് ഖനികളിൽനിന്നുള്ള യുറേനിയം ഉപയോഗിച്ചുണ്ടാക്കുന്ന ആണവവെെദ്യുതിയാണ് ഫ്രാൻസിലെ മൂന്നിലൊന്ന് വെെദ്യുത ബൾബുകളിൽ പ്രകാശം ചൊരിയുന്നത്. നെെജറിൽ തങ്ങളുടെ ശിങ്കിടിതന്നെ അധികാരത്തിലിരിക്കണമെന്ന ഫ്രാൻസിലെ ഗവൺമെന്റിന്റെ നിർബന്ധത്തിനു കാരണം ഇതിൽ നിന്ന് വ്യക്തമാകുന്നു.

അബ്ദുറഹ്മാൻ ചിയാനിയുടെ ഗവൺമെന്റ് കെെക്കൊണ്ട മറ്റൊരു പ്രധാന തീരുമാനം ഫ്രാൻസുമായുള്ള സെെനിക സഹകരണം റദ്ദാക്കുകയെന്നതാണ്. ഇതോടെ നെെജറിൽ താവളമടിച്ചിട്ടുള്ള 1500 ഫ്രഞ്ച് ഭടന്മാർ അവിടെ നിന്ന് മടങ്ങേണ്ടതായി വരും. ബർക്കിനോ ഫാസൊയിലും മാലിയിലും നിന്ന് പുറത്തുപോകേണ്ടതായി വന്ന ഫ്രഞ്ച് സെെന്യത്തിന് മറ്റൊരു കനത്ത ആഘാതമാണിത്. എന്നാൽ ചിയാനിയുടെ ഗവൺമെന്റ് രാജ്യതലസ്ഥാനമായ നിയാമിയിൽനിന്ന് 1000 കിലോമീറ്റർ അകലെ അഗാദെസിൽ സ്ഥാപിച്ചിട്ടുള്ള അമേരിക്കൻ വേ-്യാമസേനാതാവളം സംബന്ധിച്ച് ഇതുവരെ പരസ്യമായ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രോൺ (ആളില്ലാ വിമാനം) താവളമാണ് അഗാദെസിലേത്; മാത്രമല്ല ഈ താവളം കേന്ദ്രീകരിച്ചാണ് ആഫ്രിക്കയിലെ സഹേൽ മേഖലയിലാകെ അമേരിക്ക സെെനിക നടപടികളിൽ ഏർപ്പെടുന്നത്.

പാശ്ചാത്യരാജ്യങ്ങൾ–പ്രത്യേകിച്ചും അമേരിക്കയും ഫ്രാൻസും അട്ടിമറിയെ അപലപിക്കുകയും ബസൂമിനെ തിരികെ അധികാരത്തിലേറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അമേരിക്കയോ ഫ്രാൻസോ, ഈ അട്ടിമറിക്ക് അഥവാ അധികാരം പിടിച്ചെടുക്കലിന് എതിരായ നടപടി മുന്നിൽനിന്നു നയിക്കാൻ തയ്യാറാവില്ല. ഈ വർഷം ആദ്യം മൊസാംബിക്കിന്റെ വടക്കൻ പ്രദേശത്ത് ഒരു കലാപമുണ്ടായപ്പോൾ അമേരിക്കയും ഫ്രാൻസും വേവലാതിയിലായി. കാരണം, വടക്കൻ മൊസാംബിക്കിലെ പ്രകൃതി വാതകപാടങ്ങളിൽ അമേരിക്കൻ കമ്പനിയായ എക്സോണും ഫ്രഞ്ച് കമ്പനിയായ ടോട്ടലും നടത്തിയിട്ടുള്ള വൻനിക്ഷേപത്തെ കലാപം പ്രതികൂലമായി ബാധിക്കുമെന്നവർക്കുറപ്പാണ്. ഈ കലാപത്തിനും നിദാനമായത് ഈ കുത്തക കമ്പനികൾ (എക്സോൺ സ്വകാര്യകുത്തകയാണെങ്കിൽ ടോട്ടൽ ഫ്രഞ്ച് സർക്കാർ ഉടമസ്ഥതയിലുള്ളതുമാണ്) ആ നാട്ടിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു കൊണ്ടുപോകുന്നതിലുള്ള പ്രതിഷേധമാണ്. എന്നാൽ ഈ സാഹചര്യത്തിലും മൊസാമ്പിക്കിലേക്ക് നേരിട്ട് സെെന്യത്തെ അയക്കാൻ അമേരിക്കയും ഫ്രാൻസും ധെെര്യപ്പെട്ടില്ല. കാരണം അങ്ങനെ ചെയ്താൽ മൊസാമ്പിക്കിലെ ജനങ്ങളുടെ പാശ്ചാത്യശക്തികൾക്കെതിരായ വിരോധവും പ്രതിഷേധവും വർധിക്കുമെന്ന് അവർ കണക്കാക്കി. അതുകൊണ്ട് മൊസാമ്പിക്കിന്റെ അയൽരാജ്യമായ റുവാണ്ടയുമായി അവർ ഒരു ഡീലുണ്ടാക്കി, മൊസാമ്പിക്കിലേക്ക് റുവാണ്ടയുടെ സെെന്യത്തെ അയക്കാൻ. അതുപ്രകാരം റുവാണ്ടയുടെ പട്ടാളം മൊസാമ്പിക്കിൽ കടന്ന് കലാപം അടിച്ചമർത്തി.

ഇങ്ങനെ ചൂഷിതരായ ജനതയുടെ, ആഫ്രിക്കൻ ജനതയുടെ പാശ്ചാത്യശക്തികൾക്കെതിരായ ചെറുത്തുനിൽപ്പിനെ തകർക്കാൻ മറ്റൊരു ആഫ്രിക്കൻ രാജ്യത്തെത്തന്നെ, ഒരു ഗോത്രത്തെ അഥവാ വംശീയ വിഭാഗത്തെ ഉപയോഗിക്കുകയെന്ന പഴയ സാമ്രാജ്യത്വ തന്ത്രമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ഇവർ പയറ്റുന്നത്. മൊസാമ്പിക്കിൽ പ്രയോഗിച്ച ‘റുവാണ്ടൻ’ മോഡൽ തന്നെ നെെജറിലും പ്രയോഗിക്കാനാണ് അമേരിക്കയും ഫ്രാൻസും കരുനീക്കിയത്. എന്നാൽ അത് റുവാണ്ടൻ പട്ടാളത്തെ അയക്കലുമല്ല, മറിച്ച് പശ്ചിമാഫ്രിക്കൻ രാജ്യമായ നെെജറിൽ ഇടപെടാൻ 15 പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിനെ പ്രേരിപ്പിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്. എന്നാൽ ഇൗ 15 അംഗകൂട്ടായ്മയിൽ ബർക്കിനൊ ഫാസോയിലും മാലിയിലും സെെന്യം അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് ഈ കൂട്ടായ്മയിൽനിന്ന് ആ രാജ്യങ്ങളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ സമാനമായ സാഹചര്യത്തിൽ നെെജറും സസ്പെൻഡ് ചെയ്യപ്പെട്ടു. നെെജറിനെതിരെ ഇക്കോവാസിൽനിന്നോ മറ്റേതെങ്കിലും ശക്തികളിൽ നിന്നോ സെെനിക നീക്കമുണ്ടായാൽ അത് തങ്ങൾക്കെതിരെ കൂടിയുള്ള നീക്കമായി കണക്കാക്കുമെന്നാണ് ബുർക്കിനൊ ഫാസൊയുടെ പ്രസിഡന്റ് ക്യാപ്റ്റൻ ഇബ്രാഹിം ത്രവോറും മാലിയുടെ പുതിയ ഭരണസാരഥി അസിമി ഗൊയ്-തൊയും പ്രസ്താവിച്ചത്. മാത്രമല്ല, നെെജറിനെതിരെ സെെനിക നടപടിക്ക് ഇക്കോവാസ് തുനിയുന്നതിനെതിരാണ് 1975ൽ രൂപംകൊണ്ട ഈ കൂട്ടായ്മയിലെ രാജ്യങ്ങളിലെയും ജനവികാരം. ആഫ്രിക്കൻ രാജ്യങ്ങളുടെ പൊതുവേദിയായ ആഫ്രിക്കൻ യൂണിയനും നെെജറിനെതിരായ സെെനിക നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

അതുകൊണ്ടാണ് ആഗസ്ത് 6നകം സെെനിക ഭരണാധികാരികൾ അധികാരമൊഴിഞ്ഞ് ബസൂമിയെ അധികാരത്തിലെത്തിക്കണമെന്ന ഇക്കോവാസിന്റെ അന്ത്യശാസനത്തെ നെെജറിലെ അബ്ദുറഹ്മാൻ ചിയാനി അവഗണിച്ചത്. അതാണ് ഇക്കോവാസിൽനിന്ന് ഭീഷണിപ്പെടുത്തിയപോലെ സെെനിക നടപടിയൊന്നും ഉണ്ടാകാതിരുന്നത്. എന്നാൽ അയൽരാജ്യങ്ങളുമായി നെെജറിന് വാണിജ്യ ഇടപാടുകൾ നടത്താനുള്ള അവകാശം സസ്പെൻഡ് ചെയ്യൽ, നെെജറിന്റെ സെൻട്രൽ ബാങ്ക് അയൽരാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള ആസ്തികൾ മരവിപ്പിക്കൽ, വിദേശ സാമ്പത്തിക സഹായം നിർത്തിവയ്ക്കൽ (നെെജറിന്റെ ബജറ്റിന്റെ 40 ശതമാനവും വിദേശസഹായത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്) എന്നിങ്ങനെ കർക്കശമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

പക്ഷേ, അതെല്ലാം അവഗണിച്ചാണ് നെെജറിലെ പുതിയ ഭരണാധികാരികൾ ഉറച്ചുനിലപാടുമായി മുന്നോട്ടുപോകുന്നത്. നെെജറിലെ അബ്ദുറഹ്മാൻ ചിയാനിയുടെ ഗവൺമെന്റിന് ഉറച്ചുനിൽക്കാൻ കരുത്തു നൽകുന്നത് മാലിയിലെയും ബുർക്കിനൊ ഫാസൊയിലെയും ഗിനിയയിലെയും പുതിയ ഗവൺമെന്റുകൾ നൽകുന്ന ശക്തമായ പിന്തുണ കാരണമാണ്. നെെജറിലെ പുതിയ ഭരണസംവിധാനത്തിലെ പ്രമുഖരിൽ ഒരാളായ ജനറൽ സലിഫൗ മൂഡി, മാലിയിലെയും ബർക്കിനൊ ഫാസൊയിലെയും ഭരണാധികാരികളുമായി ഇക്കോവാസിൽ നിന്നോ പാശ്ചാത്യരിൽനിന്നോ ആക്രമണമുണ്ടായാൽ ഒന്നിച്ചുനിന്ന് നേരിടുന്നതിനെ കുറിച്ചു ചർച്ച നടത്തി പൊതുധാരണയുണ്ടാക്കി. ഗിനിയൻ തലസ്ഥാനമായ കൊണാക്രി സന്ദർശിച്ച നെെജറിലെ പുതിയ ഭരണാധികാരികളിൽ ഒരാളായ ജനറൽ മൂസ സലാവൂ ബാർമൗ ഗിനിയൻ ഭരണാധികാരിയായ മമാദി ദൗമം ബോയയുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. മാത്രമല്ല, ഇതുവരെയും പരസ്യമായി രംഗത്തുവന്നില്ലെങ്കിലും ചെെനയും റഷ്യയും ആഫ്രിക്കൻ രാജ്യങ്ങൾക്ക് നൽകുന്ന ചരടുകളില്ലാത്ത സാമ്പത്തിക സഹായങ്ങളും നെെജറിലെയും ഗിനിയയിലെയും ബർക്കിനൊ ഫാസൊയിലെയും മാലിയിലെയും പുതിയ ഭരണാധികാരികൾക്ക് സാമ്രാജ്യത്വ കുത്തിത്തിരിപ്പുകളെ ഒന്നിച്ചുനിന്നു നേരിടാനുള്ള കരുത്തും ആത്മവിശ്വാസവും നൽകുന്നതാണ്.

നെെജർ: നാടും ജനതയും

ലോകത്തെ ഏറ്റവുമധികം ദരിദ്രരായ ആളുകൾ താമസിക്കുന്ന രാജ്യമാണ് നെെജർ. പശ്ചിമാഫ്രിക്കയിലെ കരബന്ധിതമായ അഥവാ സമുദ്രസാമീപ്യമില്ലാത്ത 12.67 ലക്ഷം ചതുരശ്ര കി.മീ വിസ്തീർണമുള്ള ഈ രാജ്യത്തെ ജനസംഖ്യ 2.54 കോടിയാണ്. സഹാറ മരുഭൂമി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നെെജറിന്റെ അയൽരാജ്യങ്ങൾ തെക്ക് നെെജീരിയയും ബെനിനും പടിഞ്ഞാറ് ബുർക്കിനാഫാസോയും മാലിയും വടക്ക് ലിബിയയും കിഴക്ക് ചാഡുമാണ്. യൂറേനിയമാണ് രാജ്യത്തെ മുഖ്യകയറ്റുമതി വിഭവം. പുറമെ കൽക്കരിയും ഇരുമ്പയിരും പെട്രോളിയവും സ്വർണവുമെല്ലാം ഈ രാജ്യത്തുണ്ട്.

ഫ്രഞ്ച് കോളനിയായിരുന്ന നെെജർ 1960 മുതൽ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും ഇപ്പോഴും ഫ്രാൻസിന്റെ നവകൊളോണിയൽ ആധിപത്യത്തിൽനിന്നും മോചനം നേടിയിട്ടില്ല. ഹോസ, സർമ തുടങ്ങിയ നിരവധി ഭാഷകൾ ദേശീയഭാഷകളായി അംഗീകരിക്കപ്പെട്ടിട്ടും (53.1% ആളുകൾ ഹോസ ഭാഷയും 21.2% പേർ സർമ ഭാഷയും സംസാരിക്കുന്നു) സ്വാതന്ത്ര്യം ലഭിച്ച് 63 വർഷം പിന്നിടുമ്പോഴും ഇപ്പോഴും ഔദ്യോഗിക ഭാഷ ഫ്രഞ്ചാണ്, ഫ്രാങ്കാണ് നാണയം. ഇതെല്ലാം തന്നെ കൊളോണിയൽ അടിമത്വത്തിന്റെ നുകം പേറുന്ന രാജ്യമാണ് ഇപ്പോഴും നെെജർ എന്നതിന്റെ അടയാളമാണ്.

ജനസംഖ്യയിൽ മൂന്നിൽ രണ്ടുപേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ് കഴിയുന്നത്. 2016 വരെ റെയിൽവേ ഇല്ലാത്ത രാജ്യമായിരുന്നു പശ്ചിമാഫ്ര-ിക്കയിലെ ഈ വലിയ രാജ്യം. ഇപ്പോൾ തലസ്ഥാനമായ നിയാമി മുതൽ ദോസൊവരെ 145 കിലോമീറ്റർ റെയിൽവേയാണുള്ളത്. റോഡുകളുടെ സ്ഥിതിയും പരിതാപകരമാണ്–മൊത്തം 18,950 കിലോമീറ്റർ റോഡിൽ 21%വും മൺപാതയാണ്. നെെജറിലെ പ്രധാന റോഡ് യുറേനിയം ഹെെവേ എന്നാണറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉൽപ്പാദകരിൽ ഒന്നാണ് നെെജർ. 2022ൽ ലോകത്തെ യുറേനിയം ഉൽപ്പാദനത്തിന്റെ 4 ശതമാനം നെെജറിൽനിന്നാണ്. 2012നും 2018നുമിടയിൽ ഫ്രാൻസിനു വേണ്ട യുറേനിയത്തിന്റെ ശരാശരി 16.7% വും നെെജറിൽ നിന്നാണ്. ഫ്രാൻസിനു മാത്രമല്ല, യൂറോപ്പിനാകെ ഊർജാവശ്യത്തിനുവേണ്ടതിന്റെ അഞ്ചിൽ ഒന്ന് യുറേനിയവും നെെജറിലാണ് ഉഇൽപാദിപ്പിക്കുന്നത്. നെെജറിന്റെ മൊത്തം കയറ്റുമതിയിൽ 75 ശതമാനവും യുറേനിയമാണ്. എന്നാൽ ജിഡിപിയുടെ വെറും 5 ശതമാനം മാത്രമേ ഇതിൽ നിന്നുള്ളൂ. ദരിദ്രരും നിരക്ഷരരുമായ (സാക്ഷരത 37%) നെെജർ നിവാസികൾക്ക് ഈ അമൂല്യലോഹം എന്തിനുകൊണ്ടു പോകുന്നുവെന്നോ അതിന്റെ മൂല്യമെന്തെന്നോ അറിയില്ല. അവർ പട്ടിണിക്കാരായി തുടരുന്നു.

കഴിഞ്ഞ മൂന്ന് ദശകക്കാലമായി സഹേൽ മേഖലയിലെ (സഹാറ മരുപ്രദേശത്തിനോട് ചേർന്നുനിൽക്കുന്ന രാജ്യങ്ങൾ) രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഡെമോക്രാറ്റുകളെന്നവകാശപ്പെടുന്ന പാർട്ടികളുമെല്ലാം പാശ്ചാത്യ അജൻഡയുടെ ഇരകളായി കീഴടങ്ങിയതോടെ ജനങ്ങളിൽ ഈ പാർട്ടികൾക്കുണ്ടായിരുന്ന സ്വാധീനവും വിശ്വാസ്യതയും നഷ്ടമായതും സെെന്യത്തിന്റെ ഇടപെടലിലൂടെ ഭരണമാറ്റത്തിനു ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതിനുള്ള അടിത്തറ ആയിരിക്കുകയാണ്. 2011ൽ ലിബിയയെ ഫ്രാൻസും അമേരിക്കയും ആക്രമിച്ചത് സഹേൽ മേഖലയിലാകെ അൽഖ്വയ്ദയെപ്പോലെയുള്ള ഭീകരവാദികൾക്കും ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കും വേരുറപ്പിക്കാൻ കഴിഞ്ഞത് ഈ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന മറ്റൊരു ഭീഷണിയായിരിക്കുന്നു. ഇത്തരം വിഭാഗീയ –വിഘടന ശക്തികളുടെ വരവ് ചൂണ്ടിക്കാട്ടി ജനാധിപത്യ–ട്രേഡ് യൂണിയൻ സ്വാതന്ത്ര്യങ്ങൾ അടിച്ചമർത്താൻ പ്രാദേശിക ഗവൺമെന്റുകൾക്ക് അവസരമൊരുക്കി. മാത്രമല്ല, ഫ്രഞ്ച്–അമേരിക്കൻ സാമ്രാജ്യത്വ ചേരിയുമായി ഒട്ടിനിൽക്കാനുള്ള ന്യായീകരണമായും അവ ഈ സാഹചര്യത്തെ ഉപയോഗിച്ചു. ഈ സ്ഥിതി വിശേഷം മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിലെ ഇടതുപക്ഷ പുരോഗമന വിഭാഗങ്ങളെ അവയിൽനിന്നകറ്റി. അതോടെ ഇൗ രാജ്യങ്ങളിലെ ഭരണവർഗ പാർട്ടികൾ സാമ്രാജ്യത്വ ശക്തികളുടെ പിണിയാളുകളായി മാറി.

ഈ സാഹചര്യമാണ് സെെന്യത്തിലെ ഗ്രാമീണ പശ്ചാത്തലമുള്ള യുവ ഓഫീസർമാരെ നിലവിലുള്ള ഭരണാധികാരികൾക്കെതിരെ കലാപക്കൊടി ഉയർത്താൻ കരുത്തുനൽകുന്നത്. സാമ്രാജ്യത്വ ചൂഷണത്തിൽനിന്നും കൊള്ളയിൽനിന്നും മോചനം നേടാൻ, തങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ആഗ്രഹിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾക്ക് സെെന്യത്തിലെ ഈ യുവഓ-ഫീസർമാരുടെ നേതൃത്വം ആശ്വാസം നൽകുന്നതുമാണ്. ബർക്കിനൊ ഫാസൊയിലെ ഗ്രാമീണമേഖലയിലെ പ്രവിശ്യയായ മൗ ഹൗണിൽ ജനിച്ചു വളർന്ന (1988ൽ ജനനം) 35 കാരനായ ക്യാപ്റ്റൻ ഇബ്രാഹിം ത്രവൊറെയും മാലിയിലെ ഉൾനാടൻ പട്ടണത്തിൽ ജനിച്ചു വളർന്ന ഇതേ പ്രായക്കാരനായ (1988ൽ ജനനം) അസിമി ഗോയ്തയും ഈ രാജ്യങ്ങളിലെ ജനസാമാന്യത്തിന്റെ വികാരത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുകയാണ്. ഐഎംഎഫ് തീട്ടൂരമനുസരിച്ചുള്ള ചെലവുചുരുക്കൽ പരിപാടികൾ നിലവിലെ ഭരണാധികാരികൾ അടിച്ചേൽപ്പിച്ചത് ജനജീവിതത്തെ കൂടുതൽ ദുരിതം നിറഞ്ഞതാക്കി. ഇതാണ് ജനങ്ങൾക്കിടയിൽ നിന്നുയർന്നു വന്ന യുവഓഫീസർമാരുടെ കലാപത്തിനും അധികാരം പിടിച്ചെടുക്കലിനും അനുകൂലമായി പ്രകടനം നടത്താൻപോലും സാധാരണക്കാരായ ആളുകൾ മുന്നോട്ടുവരുന്നതിന് കാരണം. 1980കളിൽ ബർക്കിനോ ഫാസൊയിൽ തോമസ് സങ്കാരെയുടെ നേതൃത്വത്തിൽ യുവ സെെനിക ഓഫീസർമാർ ഭരണം പിടിച്ചെടുത്തതിനെയാണ് ഇപ്പോൾ ബുർക്കിനൊ ഫാസൊയിലും നെെജറിലും മാലിയിലും ഗിനിയയിലും നടന്ന അധികാരം പിടിച്ചെടുക്കലുകൾ ഓർമിപ്പിക്കുന്നത്. വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് തുടക്കംകുറിച്ച തോമസ് സങ്കാരെ 1987ൽ രക്തസാക്ഷിയായതും ഇപ്പോൾ സാമ്രാജ്യത്വശക്തികൾ നടത്തുന്ന ചരടുവലികൾ നമ്മെ ഓർമിപ്പിക്കുന്നു.

ക്യാപ്റ്റൻ ഇബ്രാഹിം ത്രവൊറെയുടെ വാക്കുകൾ പലപ്പോഴും തോമസ് സങ്കാരെയെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടതുപക്ഷ അജൻഡയോ ആസൂത്രണമോ ഇല്ലാതെയാണ് നെെജറിലും ബുർക്കിനൊ ഫാസൊയിലും മാലിയിലും ഗിനിയയിലും പുതുതായി അധികാരത്തിലെത്തിയ ഭരണാധികാരികളുടെ ഇതേവരെയുളള നീക്കങ്ങൾ. അതേസമയം ഫ്രഞ്ചു വിരുദ്ധവികാരം ശക്തമായി പ്രകടിപ്പിക്കുമ്പോൾ തന്നെ അമേരിക്കയോട് തന്ത്രപരമായ മെല്ലെപ്പോക്ക് നിലപാടാണ് സ്വീകരിക്കുന്നത്. അത് ഒരേസമയം, ഫ്രാൻസിനെയും അമേരിക്കയെയും ശത്രുപക്ഷത്തുനിർത്തി നേരിടാനുള്ള ശേഷിയെക്കുറിച്ചുള്ള അവരുടെ ആശങ്കയുടെ പ്രതിഫലനവുമാകാം. അതിന്റെ മറുപുറമാണ് അമേരിക്കയുടെ പ്രതികരണത്തിലും കാണുന്നത്. ഫ്രാൻസിന്റെ അതേ ത്രീവ്രതയിൽ ഈ ‘അട്ടിമറി’കൾക്കെതിരെ അമേരിക്ക പ്രതികരിച്ചതായും കാണുന്നില്ല. ന്യൂയോർക്ക് ടെെംസ് പോലെയുള്ള അമേരിക്കൻ മാധ്യമങ്ങൾതന്നെ നെെജറിലെ ബസൂമിന് പാശ്ചാത്യരാജ്യങ്ങളിലേ പിന്തുണയുള്ളൂവെന്നും ആ രാജ്യത്തിലെ ജനങ്ങളുടെ പിന്തുണയില്ലെന്നും റിപ്പോർട്ടു ചെയ്തതും ശ്രദ്ധേയമാണ്. നെെജറിൽ നടന്നത് ‘അധികാരമേറ്റെടുക്കൽ’എന്ന നിലയിലാണ് ഇതേവരെ വെെറ്റ് ഹൗസ് അഭിപ്രായപ്പെട്ടതും. ഇതും സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ സമീപനമാകാം; സ്വന്തം ദൗർബല്യത്തെക്കുറിച്ചുള്ള യാഥാർഥ്യബോധമാകാം ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ അമേരിക്കയെ നിർബന്ധിതമാക്കിയത്. എന്നാലും പശ്ചിമാഫ്രിക്കയിൽ നിലവിലുള്ള സ്ഥിതി തുടരാൻ അമേരിക്ക അനുവദിക്കില്ലെന്നും ഉറപ്പാണ്.

എന്തായാലും ആഗസ്ത് 10ന് നിയാമിയിലെത്തിയ ഇക്കോവാസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ക്യാപ്റ്റൻ ചിയാനി പ്രതികരിച്ചത് മൂന്നുവർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നാണ്. മാത്രമല്ല മുൻപ് നെെജർ ധനകാര്യമന്ത്രിയായിരുന്ന അലി മഹമാൻ ലാമിനെ സെെനെയുടെ നേതൃത്വത്തിൽ 21 അംഗ ക്യാബിനറ്റിനും ഇതിനകം ചിയാനി രൂപം നൽകിക്കഴിഞ്ഞു. സെെനികോദ്യോഗസ്ഥർക്കു പുറമെ സിവിലിയൻമാരും ഉൾപ്പെടുന്ന ഈ ഭരണസംവിധാനം നൽകുന്ന സൂചന നെെജർ പട്ടാള സേ-്വച്ഛാധിപത്യത്തിലേക്കല്ലെന്നു തന്നെയാണ‍്. സാമ്രാജ്യത്വ വിരുദ്ധ ജനവികാരമാണ് അവിടെ പ്രകടമായത്. ചാഡും മൗറിത്താനിയയും ആ വഴിക്കു നീങ്ങാനുള്ള സാധ്യതയും നിരീക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + five =

Most Popular