Sunday, May 19, 2024

ad

Homeസമകാലികംവികസനത്തെ തുരങ്കംവെക്കുന്ന യുഡിഎഫ് സമീപനം

വികസനത്തെ തുരങ്കംവെക്കുന്ന യുഡിഎഫ് സമീപനം

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന്റെ വികസനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാവുന്നതല്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയില്‍ വര്‍ഗ്ഗപരമായ കാഴ്ചപ്പാടോടെ ഇടപെട്ടുകൊണ്ട് പാര്‍ട്ടി നടത്തിയ ഇടപെടലാണ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി പാര്‍ട്ടിയെ വളര്‍ത്തിയത്. അതുകൊണ്ടാണ് സംസ്ഥാന നിയമസഭയിലേക്ക് നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമുണ്ടായത്. കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ട ഭൂപരിഷ്കരണത്തിനും, ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ ജനകീയ ഇടപെടലിനും നേതൃത്വം കൊടുക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞു.

പിന്നീട് വിവിധ ഘട്ടങ്ങളിലായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തിന് വമ്പിച്ച സംഭാവന നല്‍കി. കുടികിടപ്പവകാശം ഉറപ്പുവരുത്തുന്നതിനും, വിവിധ തൊഴിലാളി വിഭാഗങ്ങള്‍ക്ക് പെന്‍ഷനും, ക്ഷേമ പദ്ധതികളും ഉറപ്പുവരുത്തുന്നതിനും ഇടപെട്ടു. സമ്പൂര്‍ണ്ണ സാക്ഷരതയും, ജനകീയാസൂത്രണവും ഈ രംഗത്തെ സുപ്രധാനമായ കാല്‍വെപ്പുകളായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കപ്പെട്ടപ്പോള്‍ അവയ്ക്കെതിരായി ബദലുയര്‍ത്തിക്കൊണ്ട് രാജ്യത്തിനാകമാനം മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനുമായി.

ഒന്നാം പിണറായി സര്‍ക്കാര്‍ ഈ അടിത്തറയില്‍ നിന്നുകൊണ്ട് കേരളത്തിന്റെ വികസന കാര്യത്തില്‍ നാം നേടിയ നേട്ടങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടും, കോട്ടങ്ങള്‍ പരിഹരിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്തി. ഇടതുപക്ഷ സര്‍ക്കാരുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് പ്രാധാന്യം നല്‍കുകയെന്നും, മറ്റു വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുകയുമില്ലെന്നുള്ള പതിവ് വിമര്‍ശനങ്ങള്‍ പോലും ഉന്നയിക്കാന്‍ കഴിയാത്തവിധം വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. കിഫ്ബി പോലുള്ള ധനകാര്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് വികസന രംഗത്ത് വലിയ കുതിപ്പ് സൃഷ്ടിക്കുവാന്‍ ഈ കാലയളവില്‍ കഴിഞ്ഞു.

ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസത്തെ ഉപയോഗപ്പെടുത്തി ഉല്‍പ്പാദന മേഖലയേയും, സേവന മേഖലയേയും ശക്തിപ്പെടുത്തുന്ന സമീപനമാണ് ഇതിന്റെ തുടര്‍ച്ചയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഉല്‍പാദന വര്‍ദ്ധനവിനെ നീതിയുക്തമായി വിതരണം ചെയ്ത് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സമീപനവും സ്വീകരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ അറിവുകള്‍ സാധാരണ ജനതയില്‍ എത്തിക്കുകയെന്നത് ഡിജിറ്റല്‍ വേർതിരിവ് ഇല്ലാതാക്കുന്നതിന് ഏറെ പ്രധാനമാണ്. ഇതിനുതകുന്നവിധമുള്ള ശക്തമായ ഇടപെടലാണ് കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്–വര്‍ക്ക് (കെ – ഫോണ്‍) സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോയത് ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെച്ച ഏക സംസ്ഥാനവും കേരളമാണ്. ആ അവകാശം ഉപയോഗിക്കുന്നതിന് സംസ്ഥാനത്തിലെ എല്ലാ പൗരരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ളത്.

20 ലക്ഷം കുടംബങ്ങള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയാണിത്. മൊത്തം കുടുംബങ്ങളുടെ നാലിലൊന്നു വരും ഇത്. ആദ്യപടിയെന്ന നിലയില്‍ 30,000 സര്‍ക്കാര്‍ ഓഫീസുകളിലും 14,000 വീടുകളിലും കെ– ഫോണ്‍ എത്തിക്കുകയാണിപ്പോള്‍. ജൂലായ്,‐ആഗസ്ത് മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ കണക്ഷന്‍ നല്‍കിക്കൊണ്ട് സാര്‍വ്വത്രികമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളത്തെ മാറ്റുന്നതിനുള്ള നടപടി കൂടിയാണിത്.

ഡിജിറ്റല്‍ മുന്നേറ്റം പ്രധാനമായും നടക്കുന്നത് നഗര കേന്ദ്രീകൃതമായാണ്. അമേരിക്കയിലെ ഒരു പഠനം പറയുന്നത് ഡിജിറ്റല്‍ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന 50 ശതമാനം പുതിയ തൊഴിലവസരങ്ങളും 10 നഗരങ്ങളിലാണ് സൃഷ്ടിക്കപ്പെടുന്നത് എന്നാണ്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. ബാഗ്ലൂര്‍, ചെന്നെെ ഹൈദരാബാദ്, പൂനെ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലാണ് ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. വന്‍ നഗരങ്ങളും ചെറുനഗരങ്ങളും തമ്മിലും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലും പണക്കാരും പാവങ്ങളും തമ്മിലും ഡിജിറ്റല്‍ വ്യത്യാസം നിലവിലുണ്ടെന്നര്‍ത്ഥം.

എല്ലാ മേഖലകളിലും എന്നതുപോലെ ഡിജിറ്റല്‍ രംഗത്തുമുള്ള കുത്തകവല്‍ക്കരണത്തിനെതിരായ ഇടതുപക്ഷ പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് കെ–ഫോണ്‍ പദ്ധതി. നവഉദാരവത്കരണനയത്തിന്റെ ഈ കാലത്ത് പൊതുവായതെല്ലാം മോശവും സ്വകാര്യ മേഖലയിലുള്ളതെല്ലാം മെച്ചവുമാണെന്നുള്ള ആഖ്യാനമാണ് സൃഷ്ടിക്കപ്പെടാറുള്ളത്. കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന പ്രചരണമാണിത്. നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ – ഫോണിനെക്കുറിച്ച് നടത്തിയ പരാമര്‍ശവും ഇതിന്റെ ഭാഗമായിരുന്നു. ‘കെ –ഫോണിനേക്കാള്‍ നല്ലതല്ലേ നിലവിലുള്ള സേവനദാതാക്കളുടെ സേവനം ഉപയോഗിക്കുന്നത്’ എന്നായിരുന്നു രമേശ് ചെന്നിത്തല ചോദിച്ചത്.

നവഉദാരവത്കരണനയം ഇന്ത്യയില്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ആ നയം തെറ്റാണ് എന്ന് ഇന്നും പറയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നയത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശവും ഉണ്ടായിട്ടുള്ളത്. അംബാനിയും, സുനില്‍ ഭാരതി മിത്തലും മറ്റും നല്‍കുന്ന സേവനം ഉപയോഗിക്കുകയാണ് വേണ്ടതെന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യ മേഖലയ്ക്ക് കൊള്ളലാഭം നേടാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത് എന്നാണ് ചെന്നിത്തല പറഞ്ഞത്. ‘‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്’’ എന്ന് അംബാനിയെയും, മിത്തലിനെയും അറിയിക്കാനാണ് കെ–ഫോണ്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസും, യുഡിഎഫും തയ്യാറായിട്ടുള്ളത്. പാവങ്ങള്‍ക്ക് സൗജന്യമായി ഇന്‍ര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത് അംബാനിമാരുടെ കീശ ചോര്‍ത്തുമെന്നതിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രയാസം.

കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്ന വിഭാഗമാണ് പ്രവാസി മലയാളികള്‍. പ്രവാസികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യം മുന്നില്‍വെച്ചുകൊണ്ടാണ് ലോക കേരളസഭ ആരംഭിച്ചത്. അതോടൊപ്പം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുകയെന്നതും പ്രധാനമായിത്തന്നെ ഇത് മുന്നോട്ടുവെക്കുന്നുണ്ട്. കേരള വികസനത്തിന് ഏറെ സംഭാവന ചെയ്യുന്ന ഈ വിഭാഗത്തിന്റെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് യുഡിഎഫ്. ലോക കേരളസഭ തന്നെ ബഹിഷ്കരിക്കുക എന്ന നയം ഇവര്‍ സ്വീകരിച്ചു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളാവട്ടെ, ഇല്ലാത്ത കഥകള്‍ പടച്ചുവിട്ട് ഈ സംരംഭത്തെതന്നെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് നടത്തിയത് എന്ന് കാണാം. ഇത്തരത്തില്‍ പ്രവാസി മലയാളികളോടുപോലും കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുകയാണ് ഇവര്‍ ചെയ്തത്.

നാടിന്റെ വികസനത്തിനുവേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി സഹകരിക്കുകയെന്നത് വികസന പ്രവര്‍ത്തനത്തിന് ഏറെ പ്രധാനമാണ്. എന്നാല്‍ യുഡിഎഫിന്റെ പൊതു സമീപനം എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും തകര്‍ക്കുകയെന്നതാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിൽ ജനക്ഷേമകരമായ പദ്ധതികള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് ഏര്‍പ്പെട്ടിട്ടുള്ളത്.

കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ഏറെ വലുതാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര ഏജന്‍സികളെ കയറൂരിവിട്ട് സര്‍ക്കാരിനെ തകര്‍ക്കാനുള്ള പലവിധ പദ്ധതികളും സംഘപരിവാര്‍ സംസ്ഥാനത്ത് നടപ്പിലാക്കി. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ഇടപെടുന്നതിന് യുഡിഎഫ് തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ യുഡിഎഫിന്റെ 18 അംഗങ്ങളുണ്ട്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതിന് ഇവര്‍ തയ്യാറായിട്ടില്ല എന്ന കാര്യവും നമ്മുടെ മുമ്പിലുണ്ട്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളേയും പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പോലും ശബ്ദമുയര്‍ത്താന്‍ തയ്യാറാവാതെ ബിജെപിയുടെ ബി ടീമായി കേരളത്തില്‍ യുഡിഎഫ് മാറുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും, മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചും മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കുകയെന്നത് ഏറെ പ്രധാനമാണ്. കോണ്‍ഗ്രസും, ബിജെപിയും പിന്തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ശബ്ദം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഇത് പ്രധാനമാണ്. ജനകീയമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടപെടുന്നതിന് കഴിയുന്ന ശക്തി ഇടതുപക്ഷമാണ്. ജനപക്ഷത്ത് നിന്നുകൊണ്ട് ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനങ്ങളെ തുരങ്കംവെക്കുന്ന പ്രവര്‍ത്തനമാണ് കെ–ഫോണിനോടും, ലോക കേരള സഭയോടും യുഡിഎഫ് സ്വീകരിച്ച നയസമീപനങ്ങളിൽ കാണുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + fifteen =

Most Popular