Sunday, May 19, 2024

ad

Homeസാര്‍വദേശീയംന്യൂയോർക്ക് ടെെംസ് ചോദിക്കുന്നു അമേരിക്ക ഇറാഖിനെ ആക്രമിച്ചതെന്തിന്?

ന്യൂയോർക്ക് ടെെംസ് ചോദിക്കുന്നു അമേരിക്ക ഇറാഖിനെ ആക്രമിച്ചതെന്തിന്?

ജി വിജയകുമാർ

പ്പോൾ ഇരുപത് വർഷം പിന്നിട്ടിരിക്കുന്നു, അമേരിക്ക ഇറാഖിനെ ആക്രമിച്ചിട്ട്. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ വർഷങ്ങളിൽ (അമേരിക്കയുടെ എല്ലാ ആക്രമണങ്ങളെയും) അവിടത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ പൊതുവിൽ ജനങ്ങൾക്കിടയിൽ ആക്രമണോത്സുകത പരത്താനായിരുന്നു ശ്രമിച്ചത്. അന്ന് ന്യൂയോർക്ക് ടെെംസും വാഷിങ്ടൺ പോസ്റ്റും വാൾസ്ട്രീറ്റ് ജേണലുമെല്ലാം അക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു; പത്രങ്ങൾ മാത്രമല്ല, ദൃശ്യ മാധ്യമങ്ങളും മുന്നിൽ തന്നെ ആയിരുന്നു. ജനങ്ങൾക്കിടയിൽ ഇറാഖ് ‘ഭീതി’ പരത്തുകയായിരുന്നു അമേരിക്കൻ മാധ്യമങ്ങളും ഒപ്പം ലോകമാസകലമുള്ള കോർപറേറ്റ് മാധ്യമങ്ങളും. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ആക്രമണത്തെ ന്യായീകരിക്കാൻ പറഞ്ഞ പച്ചക്കള്ളങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് ഈ മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ പരമസത്യങ്ങളായി അവതരിപ്പിക്കുകയായിരുന്നു.

അതാണ് ടോണി ബ്ലെയർ അധികാരമൊഴിയുന്ന വേളയിൽ, ചോദ്യങ്ങൾ ചോദിക്കാതെ തങ്ങൾക്കൊപ്പം നിന്ന മാധ്യമങ്ങളെ പ്രശംസിച്ചത്. ഇല്ലാത്ത ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിച്ച് മാധ്യമങ്ങൾ തന്നെ സഹായിച്ച കാര്യം ബ്ലെയർ എടുത്തു പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇറാഖ് ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ന്യൂയോർക്ക് ടെെംസ് വലിയൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നു–അമേരിക്ക ഇറാഖിനെ ആക്രമിച്ചതെന്തിന്?

2023 മാർച്ച് 18ന്റെ ന്യൂയോർക്ക് ടെെംസ് പത്രത്തെ ശ്രദ്ധേയമാക്കുന്നത് മാക്-സ് ഫിഷർ എഴുതിയ എഡിറ്റ് പേജ് ലേഖനമാണ്. ഫിഷറുടെ ‘The Interpreter” എന്ന പംക്തിയിലാണ് 20 Years On, a Question Lingers About Iraq: Why did the U.S Invade? (20 വർഷം കഴിയുന്നു, ഇറാഖിനെ സംബന്ധിച്ച് ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു: അമേരിക്ക എന്തിന് അക്രമിച്ചു?). അമേരിക്കയുടെ നീചമായ ആ ആക്രമണത്തിൽ എത്ര അമേരിക്കൻ സെെനികർ കൊല്ലപ്പെട്ടുവെന്നോ എത്ര ഇറാഖ് പൗരർ കൊല്ലപ്പെട്ടുവെന്നോ ആക്രമണം ഇറാഖിൽ എന്തുമാത്രം നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നോ ആക്രമണത്തിനായി അമേരിക്കൻ നികുതി ദായകരുടെ എത്ര പണം പാഴാക്കിയെന്നോ അല്ല ഇന്ന് ചരിത്രകാരും രാഷ്ട്രീയ വിശകലനക്കാരും ഒപ്പം അമേരിക്കൻ അധികൃതർ പോലും ചർച്ച ചെയ്യുന്നത്, മറിച്ച് എന്തിനുവേണ്ടിയായിരുന്നു ആ ആക്രമണം എന്ന വലിയ ചോദ്യമാണ് എന്ന് പറഞ്ഞാണ് മാക്-സ് ഫിഷർ തന്റെ ലേഖനം തുടങ്ങുന്നത്.

ഇറാഖ് ആക്രമണം നടന്നകാലത്ത് അമേരിക്കൻ വിദേശകാര്യ വകുപ്പിലെ (സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്) ഉദ്യോഗസ്ഥനായിരുന്ന, ഇപ്പോൾ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് തലവനായ, റിച്ചാർഡ് ഹാസിനെ മാക്-സ് ഫിഷർ ഉദ്ധരിക്കുന്നുണ്ട്: ‘‘ആക്രമണം നടത്താനുള്ള തീരുമാനം എടുക്കുകയായിരുന്നില്ല; ആ തീരുമാനം അങ്ങ് സംഭവിക്കുകയായിരുന്നു. എപ്പോൾ എങ്ങനെ അത് സംഭവിച്ചുവെന്ന് പറയാനുമാവില്ല.’’ എന്നാണ് ഹാസ് പറഞ്ഞത്.

അമേരിക്ക ഇറാഖിനെ ആക്രമിച്ചത് എന്തിന് എന്ന ചോദ്യം ഉന്നയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജോർജ് ടൗൺ സർവകലാശാലയിലെ പ്രൊഫസർ എലിസബത്ത് സൗണ്ടേഴ്സ് പറയുന്നതിങ്ങനെയാണ്: ‘‘ഇതുപോലുള്ള കാര്യങ്ങൾ വീണ്ടും സംഭവിക്കുന്നത് തടയണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് രോഗനിർണയം നടത്തലാണ്’’. പക്ഷേ, ഇറാഖിനെ നിങ്ങൾ എന്തിനാണാക്രമിച്ചത് എന്ന ചോദ്യം ഉന്നയിച്ച് ഉത്തരം മുട്ടിച്ചതുകൊണ്ടുമാത്രം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതി അവസാനിക്കില്ല. അമേരിക്കൻ ഭരണാധികാരികൾ ചരിത്രത്തിൽനിന്ന് പാഠം പഠിക്കാറില്ല എന്നതാണ് യാഥാർഥ്യം.

അമേരിക്ക അന്യരാജ്യങ്ങളെ ആക്രമിക്കുന്നത് ആദ്യമായല്ല; 1840 കളിൽ മെക്-സിക്കോയെ ആക്രമിച്ച അമേരിക്ക 1890കളിൽ സ്-പെയിനിനു നേരെയാണ് ആക്രമണം നടത്തിയത്; 1950കളിൽ കൊറിയയ‍്-ക്കെതിരെയും 1960കളിൽ ഉത്തരവിയറ്റ്നാമിനു നേരെയും 1990കളുടെ ആദ്യം ഇറാഖിനെതിരെ യും പിന്നീട് 20–ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ യൂഗോസ്ലാവിയ്-ക്കെതിരെയും ആക്രമണമഴിച്ചുവിട്ടത് എന്തിനായിരുന്നുവെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണെന്ന് നാം ഓർക്കണം.

2003 മാർച്ച് 18ലെ അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഗൂഢാലോചനയായി വിശേഷിപ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അമേരിക്ക ഇറാഖിനെ ആക്രമിച്ചതെന്തിന് എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെയാണ് 20 വർഷത്തിനുശേഷം ഈ ചോദ്യം ഉന്നയിക്കുന്ന ന്യൂയോർക്ക് ടെെംസിന്റെ പംക്തി എഴുത്തുകാരൻ മാക്-സ് ഫിഷറും ആക്രമണം നടന്ന കാലത്ത് വാഷിങ്ടൺ പോസ്റ്റിന്റെ ബാഗ്ദാദ് ലേഖകനും ഇപ്പോൾ ആ പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ രാജീവ് ചന്ദ്രശേഖറും ഇറാഖ് ആക്രമണത്തെ ‘‘സദുദ്ദേശ്യത്തോടെ നടത്തിയ ഒരു പിശകാ’’യി മാത്രം കാണുന്നത്; മാനവരാശിക്കെതിരായ കുറ്റകൃത്യമായി കാണാൻ അവർക്ക് കഴിയാത്തതും.

ഇറാഖ് ആക്രമിക്കപ്പെട്ടതിനു കാരണമായി അമേരിക്കൻ ഭരണാധികാരികൾ തുടക്കത്തിൽ പ്രചരിപ്പിച്ച ഒരു കാര്യം 2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിൽ ഇറാഖിനും സദ്ദാം ഹുസെെനും ബന്ധമുണ്ടെന്നതായിരുന്നു. ഭീകരാക്രമണം നടന്ന ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിൽ തന്നെ പ്രസിഡന്റ് ബുഷ് ഇറാഖിനെയും സദ്ദാം ഹുസെെനെയും കുറ്റവാളികളായി ചിത്രീകരിക്കുകയുണ്ടായി. എന്നാൽ, അങ്ങനെ സ്ഥാപിക്കാനെന്നല്ല, ചിന്തിക്കാനെങ്കിലും കഴിയുന്ന തെളിവിന്റെ കണികപോലും അമേരിക്കൻ ഭരണാധികാരികൾക്ക‍് മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നില്ല. ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാൾപോലും ഇറാഖുമായി ബന്ധമുള്ളവരോ ഇറാഖി പൗരരോ ആയിരുന്നില്ല എന്ന് പിന്നീട് വ്യക്തമായി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അൽഖ്വയ്ദയുമായോ അതിന്റെ തലവൻ ബിൻലാദനുമായോ ഇറാഖിനു ബന്ധമൊന്നും ഉണ്ടായിരുന്നതുമില്ല. ആ ഭീകരരുമായി ബന്ധമുണ്ടായിരുന്നത് അമേരിക്കയുടെ ഉറ്റചങ്ങാതികളായ പാക്കിസ്ഥാനും സൗദിഅറേബ്യയ്-ക്കുമായിരുന്നു താനും. മാത്രമല്ല, അൽഖ്വയ്ദയും താലിബാനുമെല്ലാം അമേരിക്കയുടെ–സിഐഎയുടെ– തന്നെ സൃഷ്ടിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയാമായിരുന്ന അമേരിക്കൻ ഭരണാധികാരികൾ കണ്ണുമടച്ച് ഇറാഖിനു നേരെ വിരൽചൂണ്ടിയതിൽ നിന്ന് വ്യക്—-തമാകുന്നത് ഇറാഖിനെ ആക്രമിക്കുകയെന്നത് അമേരിക്കയുടെ മുൻ നിശ്ചിതമായ ലക്ഷ്യമായിരുന്നുവെന്നതാണ‍്. അതിനൊരു നിമിത്തമായി സെപ്തംബർ 11ന്റെ ഭീകരാക്രമണത്തെ കണക്കാക്കിയെന്നു മാത്രം.

അമേരിക്കൻ പൊതുജനാഭിപ്രായത്തിന്റെ കാര്യമോ? സെപ്തംബർ 11നുശേഷം ദിവസങ്ങൾക്കുള്ളിൽ വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ സർവേകൾ വ്യക്തമാക്കിയത് അമേരിക്കക്കാരിൽ മൂന്ന് ശതമാനം പേർ മാത്രമാണ് സദ്ദാം ഹുസെെനോ ഇറാഖോ കുറ്റവാളികളാണെന്ന് കരുതിയിരുന്നുള്ളൂവെന്നാണ്. എന്നാൽ പ്രസിഡന്റ് ബുഷും വെെസ്-പ്രസിഡന്റ് ഡിക്ചെനിയും മറ്റ് ഉന്നത ഭരണാധികാരികളും സദ്ദാം ഹുസെെനും അൽഖ്വയ്ദയും തമ്മിൽ ബന്ധമുണ്ടെന്നും ഇറാഖാണ് ഭീകരാക്രമണത്തിനു പിന്നിലെന്നും അവിശ്രമം അമേരിക്കക്കാരോട് പറഞ്ഞുകൊണ്ടിരുന്നു. വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടെെംസും ഉൾപ്പെടെയുള്ള പത്രങ്ങളും ഫോക്-സ് ന്യൂസ‍് പോലെയുള്ള ദൃശ്യമാധ്യമങ്ങളും തത്ത പറയുംപോലെ അമേരിക്കൻ ഭരണകൂടത്തിന്റെ വാക്കുകൾ ഏറ്റുപിടിച്ച് ഇറാഖ് ആക്രമണത്തിന് അരങ്ങൊരുക്കുകയായിരുന്നു.

ഈ പ്രചണ്ഡമായ പ്രചാരണത്തിന്റെ ഫലമായി, 2003 ഫെബ്രുവരിയിൽ നടത്തിയ അഭിപ്രായ സർവെകളിൽ 73 ശതമാനം അമേരിക്കക്കാരും സെപ്തംബർ 11ന്റെ ഭീകരാക്രമണത്തിന് സദ്ദാം ഹുസെെൻ വ്യക്തിപരമായിത്തന്നെ ഉത്തരവാദിയാണെന്ന് വിശ്വസിക്കുന്ന സ്ഥിതിയിലെത്തി. മാത്രമല്ല 50 ശതമാനത്തോളം അമേരിക്കക്കാരും കരുതിയത് സെപ്തംബർ 11ന്റെ ആക്രമണത്തിൽ പങ്കെടുത്തവരിൽ അധികവും ഇറാഖി പൗരരാണെന്നായിരുന്നു. എന്നാൽ ആ ആക്രമണത്തിൽ ഒരൊറ്റ ഇറാക്കി പൗരൻ പോലും ഉണ്ടായിരുന്നില്ലെന്ന് അറിയാമായിരുന്നത് 17 ശതമാനം പേർക്കു മാത്രമായിരുന്നുവെന്നും അഭിപ്രായ സർവെകൾ വെളിപ്പെടുത്തി.

2001 സെപ്തംബറിനും 2003 മാർച്ചിനുമിടയ്-ക്ക് തുടർച്ചയായി നടത്തിക്കൊണ്ടിരുന്ന അഭിപ്രായ സർവെകൾ പരിശോധിച്ചാൽ നിരന്തരമുള്ള പ്രചാരണത്തിന്റെ ഫലമായി അമേരിക്കൻ പൊതുജനാഭിപ്രായത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ കാണാം. അതുകൊണ്ട് അമേരിക്കൻ മാധ്യമങ്ങളും ഇറാഖിലെ മനുഷ്യക്കുരുതിക്കും യുദ്ധകുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളാണെന്ന് കാണാം. ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ആന്റണി ഡി മാഗ്ഗിയൊയുടെ When Media Goes to War (മാധ്യമങ്ങൾ യുദ്ധത്തിനായി ഇറങ്ങിത്തിരിച്ചപ്പോൾ) എന്ന കൃതി ഇക്കാര്യം സംശയാതീതമായി സ്ഥാപിക്കുന്നുണ്ട‍്.

പ്രസിഡന്റ് ബുഷ് പുറപ്പെടുവിച്ച ഇറാഖ് ആക്രമണത്തിനുള്ള ഔദ്യോഗിക വിജ്ഞാപനത്തിൽ വെളിപ്പെടുത്തിയത് ‘‘സെപ്തംബർ 11ന്റെ ഭീകരാക്രമണത്തിനു വേണ്ട ആസൂത്രണം നടത്തിയതും അതിനു സഹായിച്ചതും പങ്കാളികളുമായ ഭീകരപ്രവർത്തകരെയും സംഘടനകളെയും രാഷ്ട്രങ്ങളെയും തകർക്കാൻ വേണ്ട നടപടികളുടെ ഭാഗമായി ഇറാഖിനെ ആക്രമിക്കുന്നുവെന്നാണ്.

എന്നാൽ ഇൗ പ്രചാരണത്തിനു സമാന്തരമായി തന്നെ ഇറാഖിൽ സദ്ദാം ഹുസെെൻ കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങൾ (ആണവ, ജെെവ, രാസ ആയുധങ്ങൾ) കുന്നുകൂട്ടിവച്ചിട്ടുള്ളതായി അമേരിക്കൻ ഭരണകൂടവും അവർക്ക് ഒത്താശ ചെയ്തിരുന്ന മാധ്യമങ്ങളും കൊണ്ടുപിടിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഐക്യരാഷ്ട്രസഭ നിയോഗിച്ച ആയുധ പരിശോധക സംഘങ്ങൾ 2002 നവംബറിനും 2003 മാർച്ചിനുമിടയ്-ക്ക് നിരവധി പ്രാവശ്യം ഇറാഖ് സന്ദർശിക്കുകയും കൂട്ടനശീകരണായുധങ്ങളൊന്നും തന്നെ ഇറാഖിന്റെ കെെവശമില്ലെന്നും ഇന്നത്തെ അവസ്ഥയിൽ അത്തരം ആയുധങ്ങൾ സ്വന്തമാക്കാനുള്ള ശേഷി ഇറാഖിനില്ലെന്നും ആവർത്തിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തങ്ങൾക്കനുകൂലമായ റിപ്പോർട്ട് ലഭിക്കാത്തതിനെതുടർന്ന് അമേരിക്കയും ബ്രിട്ടനും തങ്ങൾക്കു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ഇറാഖിൽ കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങൾ സദ്ദാം ഹുസെെൻ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നായി പ്രചാരണം. ഇതും മാധ്യമങ്ങൾ ഏറ്റു പിടിച്ചു. സദ്ദാം ഹുസെെനെ അധികാരത്തിൽനിന്ന് പുറത്താക്കിയാൽ മാത്രമേ ഈ ആയുധക്കൂമ്പാരങ്ങൾ കണ്ടെത്താനാകൂയെന്നും അതിനായി ഇറാഖിനെ ആക്രമിക്കണമെന്നുമുള്ള നിലപാടാണ് 2003 മാർച്ച് 18ന് ജോർജ് ബുഷ് വെെറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഇറാഖിനു നേരെ ആക്രമണമഴിച്ചുവിട്ടശേഷം 2003 മെയ് 29ന് ബുഷ് പറഞ്ഞത് ‘‘കൂട്ടനശീകരണായുധങ്ങൾ ഞങ്ങൾ കണ്ടെത്തി’’യെന്നും ‘‘ബയോളജിക്കൽ ലാബുകൾ ഞങ്ങൾ കണ്ടുപിടിച്ചു’’വെന്നുമാണ‍്. അഞ്ച് ആഴ്-ചകൾക്കുശേഷം ജൂൺ അവസാനം ബുഷ് പറഞ്ഞത് ബാഗ്ദാദിൽ ഒരു ട്രക്ക് ട്രയലറിൽ ‘‘ബയോളജിക്കൽ ലാബ്’’ കണ്ടുവെന്നാണ്. എന്നാൽ ഇതൊന്നും യാഥാർഥ്യമായിരുന്നില്ലെന്ന് അക്കാലത്തുതന്നെ സിഐഎ കേന്ദ്രങ്ങൾക്കുപോലും നിഷേധിക്കേണ്ടതായി വന്നു. എന്നാൽ പിൽക്കാലത്ത് ബുഷിനും ബ്ലെയറിനും തന്നെ സമ്മതിക്കേണ്ടി വന്നത് അത്തരം ഇന്റലിജൻസ് റിപ്പോർട്ടൊന്നും ഉണ്ടായിരുന്നില്ലെന്നാണ്. ആക്രമണത്തിലൂടെ സദ്ദാം ഹുസെെനെ അധികാരത്തിൽ നിന്നു പുറത്താക്കിയിട്ടും സദ്ദാമിനെ പിടികൂടി വധിച്ചിട്ടും ഇറാഖിൽ എവിടെ നിന്നും രാസ–ജെെവ–ആണവ ആയുധങ്ങളോ അവ നിർമിക്കാനുള്ള സംവിധാനങ്ങളോ കണ്ടെത്തിയതുമില്ല.

2003 നവംബർ 12ന് ബുഷ് ബിബിസിയുടെ ലേഖകൻ ഡേവിഡ് ഫ്രോസ്റ്റിനു നൽകിയ അഭിമുഖത്തിൽ പ്രഖ്യാപിച്ചത് ഇറാഖിൽ കൂട്ടനശീകരണായുധങ്ങൾ കണ്ടെത്താൻ താൻ ഒരു സംഘത്തെ അയച്ചുവെന്നാണ്. 2000 ഡിസംബറിൽ എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ബുഷ് പറഞ്ഞത് ആയുധങ്ങൾ കണ്ടെത്തിയില്ലെങ്കിലും സദ്ദാം ആയുധങ്ങൾ ഉണ്ടാക്കാനുള്ള ‘‘സാധ്യത’’ ഉണ്ടായിരുന്നുവെന്നാണ‍്. അങ്ങനെ യഥാർഥത്തിൽ അത്തരം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലയെന്ന് ബുഷിനു തന്നെ സമ്മതിക്കേണ്ടതായി വന്നുയെന്നാണ്. മാത്രമല്ല, 2004 ജനുവരിയിൽ ഇറാഖിൽ ആയുധപരിശോധനയ്-ക്ക് ബുഷ് അയച്ച സ്വന്തം വിശ്വസ്-തനായ ഡേവിഡ് കേയ് തന്നെ അമേരിക്കൻ കോൺഗ്രസ് നടത്തിയ തെളിവെടുപ്പിൽ പറഞ്ഞത്, ‘‘ഇറാഖിൽ കൂട്ടനശീകരണായുധങ്ങളുണ്ടായിരുന്നുവെന്ന് നമ്മൾ പറഞ്ഞത് തെറ്റായിരുന്നു’’വെന്നാണ്.

അങ്ങനെ ആ വാദവും പൊളിഞ്ഞപ്പോൾ ഇറാഖിൽ ജനാധിപത്യം സ്ഥാപിക്കാനായിരുന്നു ആ രാജ്യത്തെ ആക്രമിച്ചത് എന്നായി ബുഷും കൂട്ടരും നടത്തിയത്. എന്നാൽ ലോകത്തെ രാജവാഴ്-ചകളെയും സേ-്വച്ഛാധിപതികളെയും സംരക്ഷിക്കുക മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനങ്ങളെ അട്ടിമറിച്ച് പട്ടാളവാഴ്-ച സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്ന അമേരിക്കയുടെ ജനാധിപത്യപ്രേമം പരിഹാസ്യമാണ്.

ആത്യന്തികമായി ന്യൂയോർക്ക് ടെെംസ് ലേഖകൻ അഭയം തേടിയെത്തിയത് സെപ്തംബർ 11ന്റെ ഭീകരാക്രമണത്തിൽ സംഭവിച്ച ക്ഷീണം തീർക്കാൻ, തങ്ങൾ ആരാലും തോൽപ്പിക്കാനാവാത്ത വൻശക്തി തന്നെയാണിപ്പോഴും എന്ന് സ്ഥാപിക്കാൻ അമേരിക്ക നടത്തിയ അഭ്യാസമാണ് ഇറാഖ് ആക്രമണം എന്ന വാദത്തിലാണ്. എന്നാൽ അതിനുമപ്പുറം ലോകത്തിനുമേൽ ആധിപത്യംസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അത് എന്നും മധ്യപൂർവ മേഖലയിലെ എണ്ണസമ്പത്തിനു മേലാകെ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമായിരുന്നു അത് എന്നുമാണ് വസ്-തുത. അതിലെല്ലാം അമേരിക്കയ്-ക്ക് പരാജയമായിരുന്നു സംഭവിച്ചത് എന്ന വസ്തുതയ്-ക്കു നേരെയും മാക്-സ് ഫിഷർ കണ്ണടയ്-ക്കുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − sixteen =

Most Popular