Sunday, May 19, 2024

ad

Homeസാര്‍വദേശീയംഉക്രൈന്‍: ഉപരോധമല്ല പരിഹാരമാണ് വേണ്ടത്

ഉക്രൈന്‍: ഉപരോധമല്ല പരിഹാരമാണ് വേണ്ടത്

ജി വിജയകുമാര്‍

“ദുര്‍ബലര്‍ സുരക്ഷിതരും ശക്തന്മാര്‍ നീതിമാന്മാരുമായ ഒരു ലോകം, സമാധാനപൂര്‍ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് നാം നമ്മുടേതായ പങ്കുവഹിക്കണം. ആ കടമ നിറവേറ്റുന്നതില്‍ നാം നിസ്സഹായരല്ല അഥവാ അതിന്‍റെ വിജയത്തില്‍ നാം പ്രതീക്ഷയറ്റവരുമല്ല. ആത്മവിശ്വാസത്തോടെ, ഭയരഹിതരായി സമാധാനത്തിനായുള്ള തന്ത്രത്തിന് രൂപം നല്‍കാന്‍ നാം പ്രവര്‍ത്തിക്കണം.” അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡി 1963 ജൂണ്‍ 10ന് വാഷിങ്ടണിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസിദ്ധമായ “സമാധാനപ്രസംഗ”ത്തിലെ വാക്കുകളാണിത്. എന്നാല്‍ ലോകസമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഈ പ്രഭാഷണം നടത്തി 5 മാസം പിന്നിട്ടപ്പോള്‍, നവംബര്‍ 22ന് അദ്ദേഹം വെടിയുണ്ടയ്ക്കിരയായി. വെടിവെച്ചയാളെ കയ്യോടെ പിടികൂടിയെന്നല്ലാതെ കൂടുതല്‍ അന്വേഷണത്തിനൊന്നും അമേരിക്കന്‍ ഭരണകൂടം തയ്യാറായതുമില്ല. അത്എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായൊരുത്തരം അദ്ദേഹത്തിന്‍റെ മുന്‍ഗാമി ഡ്വൈറ്റ് ഡി ഐസനോവര്‍ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞശേഷം നല്‍കിയിട്ടുണ്ട്. സോവിയറ്റ് യൂണിയനുമായി സമാധാന കരാറുണ്ടാക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അതുമായി മുന്നോട്ടുപോകാന്‍ കഴിയാതിരുന്നത് അമേരിക്കയിലെ യഥാര്‍ഥ അധികാരകേന്ദ്രം പ്രസിഡന്‍റോ വൈറ്റ് ഹൗസോ പാര്‍ലമെന്‍റോ അല്ലെന്നും അത് പെന്‍റഗണാണെന്നും അതിനുപിന്നില്‍നിന്നു ചരടുവലിക്കുന്നത് മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലെക്സ് എന്ന ഭീകരമായ യുദ്ധസംവിധാനമാണെന്നുമാണ് ഐസനോവര്‍ പറഞ്ഞത്. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണമാണ് കെന്നഡിയുടെ അന്ത്യത്തിനിടയാക്കിയത് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

റഷ്യക്കെതിരെ സാമ്രാജ്യത്വ ചേരി നടത്തുന്ന യുദ്ധം
ഉക്രൈന്‍ യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ട് ഒരു സമാധാനസന്ധിയിലൂടെ, അനുരഞ്ജനത്തിന്‍റെ, നയതന്ത്രത്തിന്‍റെ മാര്‍ഗത്തിലൂടെ അവസാനിക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം അമേരിക്കന്‍ ഭരണവര്‍ഗം അത് ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. 2023 ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം എന്നല്ല അത് വിശേഷിപ്പിക്കപ്പെടുന്നത്, അമേരിക്കയും നാറ്റോയും ചേര്‍ന്ന് റഷ്യക്കെതിരെ നടത്തുന്ന യുദ്ധമാണ്. ഇതിനു വില നല്‍കുന്നതാകട്ടെ ഉക്രൈനിലെയും റഷ്യയിലെയും ദുരിതമനുഭവിക്കുന്ന ജനങ്ങളും. യുദ്ധമൊഴിവാക്കുന്നതിനും യുദ്ധം തുടങ്ങിയശേഷം അതവസാനിപ്പിക്കുന്നതിനും പലവട്ടം ചര്‍ച്ചകള്‍ നടന്നതാണ്. അത് വിജയിക്കുമെന്നായപ്പോള്‍ അമേരിക്കയും നാറ്റോയും ഇടപെട്ട് ഉക്രൈന്‍ ഗവണ്‍മെന്‍റിനെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. 2022 ഏപ്രില്‍ മാസത്തില്‍ റഷ്യയും ഉക്രൈനും തമ്മില്‍ ബലാറസ് തലസ്ഥാനമായ മിന്‍സ്ക്കില്‍ വച്ചുനടത്തിയ ഉന്നതതല സമാധാന സംഭാഷണം ഏറെക്കുറെ ധാരണയിലെത്തി, കരാറിന്‍റെ കരട് വരെ തയ്യാറാക്കാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉക്രൈനിലെത്തി പ്രസിഡന്‍റ് വൊളോഡിമര്‍ സെലെന്‍സ്ക്കിയുമായി ചര്‍ച്ച നടത്തി സമാധാന നീക്കത്തില്‍നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. യുദ്ധം തുടരാന്‍ വേണ്ട ആയുധങ്ങളും മറ്റു വിഭവങ്ങളും ഉക്രൈന് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുന്നത് അമേരിക്കയും നാറ്റോ രാജ്യങ്ങളുമാണ്. 2023 ഫെബ്രുവരിയില്‍ കീവ് (ഉക്രൈന്‍ തലസ്ഥാനം) സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചല്ല സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയത്, മറിച്ച് കൂടുതല്‍ ആയുധങ്ങളും സമ്പത്തും വാഗ്ദാനം ചെയ്യുകയാണുണ്ടായത്. റഷ്യയെ ദുര്‍ബലമാക്കി കീഴ്പ്പെടുത്തുക, അതിനായി യുദ്ധം തുടരുകയെന്ന സന്ദേശമാണ് ബൈഡന്‍ നല്‍കിയത്.

മറുവശത്ത് റഷ്യയുമായും ഒപ്പം ഉക്രൈനുമായും സൗഹൃദം തുടരുന്ന ചൈനയും മറ്റു രാജ്യങ്ങളുമാകട്ടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാന ചര്‍ച്ചയിലേക്ക് നീങ്ങണമെന്നാണ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്നത്. “ഉക്രൈന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരം കാണുന്നത് സംബന്ധിച്ച ചൈനയുടെ നിലപാട്” എന്ന ചൈനീസ് വിദേശകാര്യ വകുപ്പിന്‍റെ 12 നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖയില്‍ റഷ്യക്കെതിരായ ഉപരോധം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അവസാനിപ്പിക്കുകയും, “ശീതയുദ്ധമനോഭാവം” കൈവെടിഞ്ഞ് “ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും സുരക്ഷാ താല്‍പ്പര്യങ്ങളും ആശങ്കകളും” പരിഹരിച്ച് സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്യണമെന്നാണ് മുന്നോട്ടുവയ്ക്കുന്നത്.

ഉക്രൈനില്‍നിന്ന് റഷ്യന്‍ സൈന്യം ഏകപക്ഷീയമായി പിന്മാറണമെന്ന അമേരിക്കയുടെയും കൂട്ടരുടെയും ആവശ്യം പ്രശ്ന പരിഹാരത്തിന് ഉതകുന്ന നടപടിയല്ല. കാരണം സൈനിക പിന്മാറ്റത്തിന്, സമാധാനം സ്ഥാപിക്കുന്നതിന്, റഷ്യ മുന്നോട്ടുവയ്ക്കുന്ന മൂന്നുപാധികള്‍ തള്ളിക്കളയാനാവുന്നതല്ല. റഷ്യന്‍ അതിര്‍ത്തിവരെ അമേരിക്കയുടെയും നാറ്റോ ശക്തികളുടെയും സൈന്യവും ആണവായുധങ്ങളുള്‍പ്പെടെയുള്ള ആയുധങ്ങളും കേന്ദ്രീകരിക്കുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാ ഭീഷണിതന്നെയാണ്. ചരിത്രത്തില്‍ രണ്ടു തവണ റഷ്യയിലേക്ക് പാശ്ചാത്യസൈനിക നീക്കമുണ്ടായിട്ടുള്ളത് ഉക്രൈന്‍ വഴിയാണ്. ആദ്യം സാര്‍ചക്രവര്‍ത്തിമാരുടെ കാലത്തെ റഷ്യന്‍ സാമ്രാജ്യത്തിലേക്ക് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ ഫ്രഞ്ച് സൈന്യം അതിക്രമിച്ച് കടന്ന് മോസ്കോവരെ എത്തിയതും, പിന്നീട് രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസിപ്പട മോസ്കോവരെ മുന്നേറിയതും ഉക്രൈന്‍ വഴിയാണ്. അതിനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനാണ് ഉക്രൈന്‍ നാറ്റോയില്‍ ചേരുന്നതിനെ റഷ്യ എതിര്‍ക്കുന്നത്. ആ നീക്കത്തില്‍നിന്ന് പാശ്ചാത്യസാമ്രാജ്യത്വ ശക്തികള്‍ പിന്മാറിയാല്‍ തീരുന്നതാണ് ഉക്രൈന്‍ പ്രതിസന്ധി. ഈ യുദ്ധത്തിനിടയാക്കിയ മറ്റൊരു വിഷയം ഉക്രൈനിലെ റഷ്യന്‍ വംശജരുടെ സുരക്ഷയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കലുമാണ്. ഇതും യുദ്ധത്തിനിടയാക്കിയ വിഷയങ്ങളിലൊന്നാണ്. ഈ വിഷയം സംബന്ധിച്ച് രണ്ട് ബഹുകക്ഷി കരാറുകളില്‍ ഉക്രൈന്‍ ഒപ്പിട്ടിട്ടുണ്ട്- ഒന്നും രണ്ടും മിന്‍സ്കി കരാറുകള്‍. എന്നാല്‍ ഈ കരാറുകളിലെ ഒരു കാര്യവും നടപ്പാക്കാന്‍ ഉക്രൈന്‍ തയ്യാറായിട്ടില്ല. ദേശീയ ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയുംകുറിച്ച് വാതോരാതെ പ്രഭാഷണം നടത്താറുള്ള അമേരിക്കയും കൂട്ടാളികളും മിന്‍സ്ക് കരാര്‍ നടപ്പാക്കാന്‍ ഉക്രൈനോട് കര്‍ക്കശമായി ആവശ്യപ്പെടാന്‍ തയ്യാറാകുന്നില്ല. അതിലുപരി, സെലന്‍സ്കിയുടെ ഭരണത്തിനുപിന്നിലെ ശക്തികേന്ദ്രമായ നവനാസി സംഘങ്ങള്‍- പ്രത്യേകിച്ചും അര്‍ധസൈനികസ്വഭാവമുള്ള അസോവ് ബറ്റാലിയന്‍- റഷ്യന്‍ വംശജര്‍ക്കുനേരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുണ്ട്. (ഈ അസോവ് ബറ്റാലിയന്‍റെ മുന്‍ഗാമികള്‍ രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലര്‍ പടയുടെ ചാരന്മാരായി പ്രവര്‍ത്തിച്ചിരുന്നവരും ജൂതന്മാരെയും റഷ്യന്‍ വംശജരെയും കൂട്ടക്കൊല നടത്തിയ ചരിത്രമുള്ളവരുമാണ്.)അതാണ് ഡോണ്‍ബാസിലെ റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള സ്വയംഭരണമേഖലകള്‍ ഉക്രൈനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുംറഷ്യ അവര്‍ക്ക് പിന്തുണ നല്‍കിയതും. ഇത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതാണ്. അങ്ങനെ മാത്രമേ ഉക്രൈനില്‍ സമാധാനം സ്ഥാപിക്കാനാകൂ.

ഉക്രൈനില്‍ ആയുധങ്ങള്‍ കുന്നുകൂട്ടുന്ന അമേരിക്കയുടെയും (അമേരിക്കമാത്രം ഉക്രൈന് 10,000 കോടി ഡോളറിന്‍റെ ആയുധങ്ങളാണ് നല്‍കിയത്) നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്‍റെയുമെല്ലാം ലക്ഷ്യം സമാധാനം സ്ഥാപിക്കലല്ല, മറിച്ച് റഷ്യക്കുമേല്‍ തങ്ങളുടെ സൈനികാധിപത്യം സ്ഥാപിക്കല്‍ മാത്രമാണ്. അത് ലോകസമാധാനത്തിനുതന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല.

അമേരിക്കന്‍ ഗവണ്‍മെന്‍റ് ഉക്രൈനില്‍ ഇടപെടുന്നതുമൂലം ആ രാജ്യത്തെ സാധാരണ മനുഷ്യരുടെ, നികുതിദായകരുടെ എന്തെങ്കിലും പ്രശ്നത്തിന് പരിഹാരം കാണുമോ? ഇല്ല. കഴിഞ്ഞവര്‍ഷം (2022) അമേരിക്ക ഉക്രൈന് സഹായധനമായി നല്‍കിയത് 11,300 കോടി ഡോളറാണ്. അമേരിക്കയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനും പട്ടിണി മാറ്റുന്നതിനും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുമായി ഉപയോഗിക്കേണ്ട പണമാണ് ഉക്രൈനില്‍ റഷ്യയെ മുട്ടുകുത്തിക്കാനായി അമേരിക്ക ഒഴുക്കുന്നത്. അമേരിക്കന്‍ ജനതയുടെ മാത്രമല്ല, ഉക്രൈനിലെയും റഷ്യയിലെയും സാധാരണക്കാരുടെ ജീവിതവും സാമ്രാജ്യത്വ അജന്‍ഡകള്‍ നിറവേറ്റാനായി മാത്രം ദുരിതപൂര്‍ണമാക്കപ്പെടുകയാണ്.

ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ ബൈഡന്‍ പ്രസ്താവിച്ചത് ഇപ്പോള്‍ അവിടെ നടക്കുന്നത് “ജനാധിപത്യ”വും “സ്വേച്ഛാധിപത്യ”വും തമ്മിലുള്ള യുദ്ധമാണെന്നാണ്. ഉക്രൈനില്‍നിന്ന് ബൈഡന്‍ നേരെ പോയത് പോളണ്ടിലേക്കാണ്. ഇന്ന് ജര്‍മനിക്ക് യൂറോപ്പില്‍ അമേരിക്ക നല്‍കുന്ന സ്ഥാനം, റഷ്യയെ ഒതുക്കാനുള്ള നീക്കങ്ങളുടെ കേന്ദ്രമെന്ന സ്ഥാനം പോളണ്ടിനു നല്‍കാനുള്ള നീക്കമുണ്ടെന്നാണ് വാര്‍ത്തകള്‍സൂചിപ്പിക്കുന്നത്. നാല് വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നതിനപ്പുറം ജനാധിപത്യവും പൗരാവകാശങ്ങളും നിഷേധിക്കുന്ന, ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം എഴുതിവച്ചിട്ടുണ്ടെങ്കിലും ഭരണകൂട നിലപാടുകളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വേട്ടയാടപ്പെടുന്ന സോഷ്യലിസം, കമ്യൂണിസം എന്നീ പദങ്ങള്‍ പോലും നിഷിദ്ധമായിട്ടുള്ള, തീവ്രയാഥാസ്ഥിതിക രാഷ്ട്രീയകക്ഷി ഭരിക്കുന്ന പോളണ്ടിനെയാണ് ബൈഡന്‍ ജനാധിപത്യത്തിന്‍റെ മാതൃകാസ്ഥാനമായി ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. തങ്ങളുടെ ഹിതാനുവര്‍ത്തികളുടെയും ശിങ്കിടികളുടെയും കൈകളിലേക്ക് യൂറോപ്പിന്‍റെ നേതൃത്വം എത്തിക്കാനുള്ള ഒരു നീക്കവും അമേരിക്കന്‍ ഭരണവര്‍ഗം നടത്തുന്നുണ്ട് എന്നാണ് പോളണ്ട് കേന്ദ്രീകരിക്കുന്ന ബൈഡന്‍റെ വാക്കുകളും നടപടികളും വെളിപ്പെടുത്തുന്നത്. സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ വൈരുധ്യത്തിലേക്കും ഇത് വിരല്‍ചൂണ്ടുന്നു. അമേരിക്ക പിന്തുണയ്ക്കുന്നത് പോളിഷ് ഭരണകക്ഷിയുടെ നേതാവ് ജാറോസ്ലാവ്കസിന്‍സ്കി മുന്നോട്ടുവയ്ക്കുന്ന തീവ്രദേശീയതയുടെ രാഷ്ട്രീയത്തെയാണെന്നതും കാണേണ്ടതുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്ന, എല്‍ജിബിടി അവകാശങ്ങള്‍ നിഷേധിക്കുന്ന കസിന്‍സ്കിയും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പോളീഷ് പ്രസിഡന്‍റ് ആന്ദ്രേ ഡുഡയുമാണ് ബൈഡന്‍റെ ജനാധിപത്യവാദികള്‍.

റഷ്യക്കെതിരെ അമേരിക്ക ഉക്രൈന്‍ കേന്ദ്രീകരിച്ചു നടത്തുന്ന നീക്കങ്ങള്‍ക്ക് ലോകപൊതുജനാഭിപ്രായത്തിന്‍റെ പിന്തുണയില്ലെന്നാണ് സമീപകാലത്ത് 137 രാജ്യങ്ങളില്‍ 2022 ഒക്ടോബറില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള 630 കോടി ജനങ്ങളില്‍ 66 ശതമാനവും റഷ്യയോട് അനുകൂല മനോഭാവം പ്രകടിപ്പിക്കുമ്പോള്‍ 70 ശതമാനം ചൈനയോട് അനുകൂല മനോഭാവം പ്രകടിപ്പിക്കുന്നതായാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.

ഈ ജനവികാരത്തിന്‍റെ പ്രതിഫലനമായിട്ടായിരിക്കണം അമേരിക്ക നടത്തുന്ന യുദ്ധനീക്കങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കാത്തത്. 2023 ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടന്ന ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കയുടെ അജന്‍ഡ നിരാകരിക്കപ്പെടുകയാണുണ്ടായത്. ഉക്രൈനെ ‘ആക്രമിച്ച’ റഷ്യന്‍ നടപടിയെ ജി – 20 രാജ്യങ്ങള്‍ അപലപിക്കണമെന്നും റഷ്യക്കെതിരായി അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തിനൊപ്പം നില്‍ക്കണമെന്നുമുള്ള അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെന്‍റെ നിര്‍ദേശം സ്വീകരിക്കപ്പെട്ടില്ല. 2022ല്‍ ഇന്‍ഡൊനേഷ്യയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയിലെപോലെ ഈ വര്‍ഷം ഇന്ത്യയില്‍ ചേരുന്ന ഉച്ചകോടിയും അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നതിന്‍റെ സൂചനയാണിത്. 2024ല്‍ ബ്രസീലിലും 2025ല്‍ ദക്ഷിണാഫ്രിക്കയിലും ചേരുന്ന ജി 20 ഉച്ചകോടികളും ഇന്നത്തെ നിലയില്‍ മറിച്ചൊരു നിലപാട് സ്വീകരിക്കാനുള്ള സാധ്യതയില്ല.

ബംഗളൂരുവിലെ ജി -20 യോഗത്തിനു തൊട്ടുമുന്‍പ് ജര്‍മനിയിലെ മ്യൂണിച്ചില്‍ ചേര്‍ന്ന സുരക്ഷാ കോണ്‍ഫറന്‍സിന്‍റെ ആദ്യദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞത്, അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിക്ക് വികസ്വരരാജ്യങ്ങള്‍ക്കിടയില്‍ “വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു”വെന്നാണ്; തന്നെ അത് “ഞെട്ടിപ്പിക്കുന്നു”വെന്നും മക്രോണ്‍ പറഞ്ഞു. ഈ വിശ്വാസ്യതാ നഷ്ടത്തിന്‍റെ ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അമേരിക്കന്‍ പ്രമേയങ്ങള്‍ക്ക് വികസ്വരരാജ്യങ്ങളില്‍നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലയെന്നതാണ്. എന്നാല്‍ വികസ്വരരാജ്യങ്ങളാകെ പാശ്ചാത്യവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നല്ല കാണേണ്ടത്. മറിച്ച്, പ്രായോഗികമായി തങ്ങളുടെ രാജ്യത്തെ താല്‍പ്പര്യം കണക്കിലെടുത്തുകൊണ്ടുകൂടിയാണ് അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ കാര്യംതന്നെ ഉദാഹരണം. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി റഷ്യക്കെതിരായ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്ക്-പ്രത്യേകിച്ചും കുറഞ്ഞവിലയ്ക്ക് റഷ്യന്‍ എണ്ണ ലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്- ഹാനികരമാകും. അത്തരം നിലപാടുകളാണ് മക്രോണിനെ ഞെട്ടിക്കുന്നത്.

ഫെബ്രുവരി 18ന് മ്യൂണിച്ച് സുരക്ഷാ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും പങ്കെടുത്ത നേതാക്കള്‍ പ്രകടിപ്പിച്ചത് ഉക്രൈന്‍റെ കാര്യത്തില്‍ അമേരിക്കയും നാറ്റോയും തുടരുന്ന നിലപാടിനോടുള്ള അസംതൃപ്തി തന്നെയാണ്. “യുദ്ധത്തെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ പോര, പരിഹാരം കാണാനും ശ്രമിക്കണം” എന്നാണ് ബ്രസീലിന്‍റെ വിദേശകാര്യമന്ത്രി മൗറൊ വെയ്റ പ്രതികരിച്ചത്. വെയ്റയുടെ ഈ നിലപാടിനൊപ്പമാണ് വികസ്വരരാജ്യങ്ങള്‍ ഏറെയും. മൂണിച്ചില്‍ മുഴങ്ങിയ ഏറ്റവും ശക്തമായ ശബ്ദം നമീബിയയുടെ പ്രധാനമന്ത്രി സാറാ കൂഗൊണ്‍ ഗേല്‍വ-അമാഥിലയില്‍നിന്നാണ്. “ഉക്രൈനിലെ സംഘര്‍ഷത്തിന് സമാധാനപരിഹാരത്തെ മാത്രമേ ഞങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കാനാവൂ…. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും ജനങ്ങളെ കൊല്ലാനും ശത്രുത വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന പണം ലോകത്താകെയുള്ള ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് ഉപയോഗിക്കേണ്ടത്”.

ഐക്യരാഷ്ട്രസഭയില്‍ യുദ്ധത്തെ സംബന്ധിച്ചു നടന്ന വോട്ടെടുപ്പില്‍നിന്ന് എന്തുകൊണ്ട് നമീബിയ വിട്ടുനിന്നുവെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു: “ആരെ കുറ്റപ്പെടുത്തണമെന്നതല്ല, മറിച്ച് എങ്ങനെ പ്രശ്നത്തിനു പരിഹാരം കാണാമെന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”. 1955ലെ ബാന്ദൂങ് സമ്മേളനം മുന്നോട്ടുവച്ച തത്വങ്ങളെ അടിസ്ഥാനമാക്കി ഉക്രൈനില്‍ സമാധാനം സ്ഥാപിക്കണമെന്ന ചൈനീസ് പദ്ധതിക്കനുകൂലമായ നിലപാടിലാണ് മഹാഭൂരിപക്ഷം വികസ്വരരാജ്യങ്ങളും നില്‍ക്കുന്നത്. അതാണ് സാമ്രാജ്യത്വ ചേരിയെ ഞെട്ടിക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − three =

Most Popular