Sunday, May 19, 2024

ad

Homeപ്രതികരണംമെയ്ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

മെയ്ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

പിണറായി വിജയൻ

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാചീനതയിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അതുച്ചത്തിൽ മുഴക്കുന്നു. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെയോർമ്മിപ്പിക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയോലിബറൽ മുതലാളിത്ത നയങ്ങൾ നമ്മുടെ രാജ്യത്തെ നയിക്കുന്ന ഈ ഘട്ടത്തിൽ തൊഴിലാളി ദിനാചരണത്തിന്റെ പ്രാധാന്യമേറുകയാണ്. രാജ്യത്ത് ട്രേഡ് യൂണിയൻ നിയമങ്ങൾ പരിഷ്‌കരിക്കുന്ന ഘട്ടത്തിൽ ട്രേഡ് യൂണിയന്റെ അഭിപ്രായം പരിഗണിക്കാനോ വരുത്തുന്ന മാറ്റങ്ങളുടെ കാര്യത്തിൽ അവരെ വിശ്വാസത്തിലെടുക്കാനോ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. തൊഴിൽ മേഖലയിൽ ഇതിനോടകം ഉണ്ടാക്കിയ ഒരുപാട് നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്നവയാണ് പുതിയ തൊഴിൽ നിയമ ഭേദഗതികൾ.

കൂലിക്കൂടുതലിനും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയ്ക്കും വേണ്ടി വിലപേശാനുള്ള കഴിവ് യൂണിയനുകൾക്ക് നഷ്ടപ്പെട്ടാൽ സമൂഹത്തിൽ ഒട്ടാകെയുള്ള വേതനത്തിന്റെ അളവ് കുറയും. അത് അസമത്വം കൂട്ടുകയും ചെയ്യും. കഴിഞ്ഞ 10 കൊല്ലമായി രാജ്യത്ത്, വിശേഷിച്ച് ഗ്രാമീണമേഖലയിൽ കൂലി കുറഞ്ഞു കൊണ്ടിരിക്കുന്നതായി ഇന്ത്യ ലേബർ ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ ജി ഡി പിയുടെ വളർച്ച സംബന്ധിച്ച അവകാശവാദങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നില്ല എന്ന് അർത്ഥം. ലേബർ കോഡുകളെ പോലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര നിയമങ്ങളുടെ ആഘാതങ്ങളെ ചെറുക്കാൻ സംസ്ഥാനത്ത് ചട്ടങ്ങൾ രൂപീകരിക്കുന്ന ഘട്ടത്തിൽ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പരമാവധി പരിശ്രമിക്കുന്നുണ്ട്.

ഈ പൊതു അവസ്ഥയ്ക്കെതിരെ സാധ്യമായ പ്രതിരോധമുയർത്താനും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ക്ഷേമം ഉറപ്പിക്കാനുമുള്ള പരിശ്രമമാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നത്. രാജ്യത്ത് തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഒരു തൊഴിൽ നയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ് കേരളം. അതിന്റെ അടിസ്ഥാനത്തിൽ മികച്ച തൊഴിലിട സംസ്‌കാരം ഉറപ്പാക്കുന്നതിനും സാമൂഹിക ജീവിതത്തിനുമേലുള്ള വെല്ലുവിളികളെ സാമൂഹിക പ്രതിബദ്ധതയോടെ നേരിടുന്നതിന് തൊഴിലാളി സമൂഹത്തെ സജ്ജമാക്കുന്നതിനും നിരവധി പദ്ധതികളും സംവിധാനങ്ങളുമാണ് തൊഴിൽ വകുപ്പ് നടപ്പിലാക്കി വരുന്നത്.

അവയിലേറെയും രാജ്യത്തു തന്നെ അത്തരത്തിലുള്ള ആദ്യത്തെ ശ്രമങ്ങളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഉയർത്തൽ, അസംഘടിതമേഖലയിലുള്ളവർക്കും, താഴ്ന്നവരുമാനക്കാരായ തൊഴിലാളികൾക്കുമായി ജനനി ഭവന പദ്ധതി, രാജ്യത്ത് ആദ്യമായി അതിഥി തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്, ചുമട്ട് ഭാരം കുറയ്ക്കൽ, ഗാർഹിക തൊഴിലാളികളെ അസംഘടിത ക്ഷേമനിധി ബോർഡിൽ അംഗമാക്കൽ തുടങ്ങി നിരവധി പദ്ധതികൾ അതിൽ ഉൾപ്പെടുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പൊതുജനങ്ങളുടെയും സഹായത്തിനായി നിരവധി സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി. കേരളത്തിലെ എല്ലാ തൊഴിൽ മേഖലകളും സ്ത്രീ സൗഹൃദങ്ങളാക്കുന്നതിനുള്ള പദ്ധതികളും പരാതിപരിഹാര സംവിധാനവും ആവിഷ്കരിച്ചു. രാജ്യത്ത് ആദ്യമായി തൊഴിൽ മേഖലയിലെ മികവിന് തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരവും തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരവും സംസ്ഥാന സർക്കാർ ആരംഭിച്ചു. തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒട്ടേറെ ഇൻഷുറൻസ് പദ്ധതികളും കാലത്തിന് ആവശ്യമായ തരത്തിൽ അവരെ സജ്ജമാക്കുന്നതിന് അവശ്യമായ നൈപുണ്യ പരിശീലനവും വകുപ്പ് നടപ്പിലാക്കി വരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നതും ഏറ്റവും കൂടുതൽ തൊഴിൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചതുമായ സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുന്ന കേരളത്തിലെ തൊഴിലാളികൾക്കാണ് നിർമ്മാണമേഖലയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. കാർഷിക, കാർഷികേതര നിർമ്മാണ മേഖലകളിൽ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികം കൂലിയാണ് കേരളത്തിലെ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. രാജ്യത്ത് 84 തൊഴിൽ മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ചിട്ടുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്.

കേരളത്തിലെ തൊഴിൽമേഖലയിൽ അതിഥിതൊഴിലാളികളുടെ എണ്ണം ചെറുതല്ല. മറ്റ് സംസ്ഥാനക്കാർ എന്ന നിലയിൽ അവരെ മാറ്റിനിർത്തുകയല്ല, മറിച്ച്, ചേർത്തുപിടിക്കുകയാണ് സംസ്ഥാനസർക്കാർ ചെയ്യുന്നത്. അതിഥി തൊഴിലാളികൾക്ക് ഇത്രയധികം ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. രാജ്യത്താദ്യമായി അതിഥി തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. 25,000 രൂപയുടെ സൗജന്യ ചികിത്സാസഹായം, അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ, അംഗവൈകല്യം സംഭവിക്കുന്നവർക്ക് 1 ലക്ഷം രൂപ എന്നിങ്ങനെയാണ് സഹായം. മാത്രമല്ല, മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും സർക്കാരാണ് വഹിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, താമസത്തിനായി അപ്നാഘർ ഫ്‌ളാറ്റുകളും ഹോസ്റ്റലുകളും, സുരക്ഷിത പാർപ്പിടസൗകര്യം അന്വേഷിക്കുന്നവർക്ക് ആശ്രയിക്കാവുന്ന തരത്തിൽ ആലയ സോഫ്റ്റ്‌വെയർ, രജിസ്‌ട്രേഷനായി അതിഥി ആപ്പും, അതിഥി പോർട്ടലും തുടങ്ങി ധാരാളം പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രാത്രികാലങ്ങളിലും തൊഴിലെടുക്കുന്നതിന് സ്ത്രീകൾക്ക് അവസരമൊരുക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. അതോടൊപ്പം തൊഴിലിടങ്ങളിൽ ഇരിപ്പിടാവകാശം ഉറപ്പാക്കുകയും ചെയ്തു. നഗരങ്ങളിലെ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായി താമസ സൗകര്യം ഉറപ്പാക്കുന്നതിന് വാടകയ്ക്ക് സ്റ്റുഡിയോ അപാർട്ട്‌മെന്റ് പദ്ധതി, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായി സഹജ കോൾ സെന്റർ എന്നിവ ആരംഭിച്ചു.

ബീഡി, ഖാദി, ഈറ്റ – കാട്ടുവള്ളി, മത്സ്യം, കയർ എന്നീ പരമ്പരാഗത തൊഴിൽ മേഖലകളിലെ മിനിമം വേതനം കുറവ് പരിഹരിക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയ്ക്ക് രൂപം നൽകി. ഈ പദ്ധതി പ്രകാരം ഈ സർക്കാർ ഇതുവരെ അനുവദിച്ചത് 141.90 കോടി രൂപയാണ്. അസംഘടിത മേഖലകളിലുള്ളവരും താഴ്ന്ന വരുമാനക്കാരുമായ മറ്റു തെഴിലാളികൾക്കായി ജനനി ഭവന പദ്ധതി ആരംഭിച്ചു. 217 അപ്പാർട്ട്മെന്റുകൾ ഇടുക്കി അടിമാലിയിൽ പൂർത്തിയാക്കി കൈമാറി. കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം അടിസ്ഥാന ശമ്പളത്തിന്റെ 23% കണ്ട് വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ തേയില, കാപ്പി, റബ്ബർ, ഏലം തുടങ്ങിയ തോട്ടം മേഖലകളിലെ തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിച്ചു.

തൊഴിൽ നിയമങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ വിധത്തിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും സർക്കാരിനു സാധിച്ചു. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 വയസായി വർധിപ്പിച്ചു. ചുമട് ഭാരം കുറച്ച് ചുമട്ട് തൊഴിലാളികൾക്കും ആശ്വാസം നൽകി. പുരുഷന്മാർക്ക് 75 കിലോയിൽ നിന്ന് പരമാവധി ചുമട് ഭാരം 55 കിലോഗ്രാമാക്കിയപ്പോൾ സ്ത്രീകൾക്കും കൗമാരക്കാർക്കും അത് 35 കിലോഗ്രാം ആക്കി കുറച്ചു. മരങ്ങൾ, ചെറുവൃക്ഷങ്ങൾ,മറ്റു തടസ്സങ്ങൾ എന്നിവ നീക്കുന്നതിനിടെ മരണം സംഭവിച്ചാലും അത് ജോലിസ്ഥലത്തെ മരണമായി കണക്കാക്കി നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യം നൽകുന്നതിന് നിയമഭേദഗതി നടപ്പിലാക്കി.

അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ് പ്രദാനം ചെയ്യുന്ന ആക്‌സിഡന്റ് ഡെത്ത് അഷുറൻസ് പദ്ധതി ആരംഭിച്ചു. അപകട മരണം സംഭവിക്കുന്ന പക്ഷം വേതനസുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ അനന്തരാവകാശികൾക്ക് ഈ പദ്ധതി പ്രകാരം 5 ലക്ഷം രൂപ ധനസഹായം ലഭിക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പിനുകീഴിൽ പ്രവർത്തിച്ചുവരുന്ന 16 ക്ഷേമനിധി ബോർഡുകളിൽ 70 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. അവർക്ക് പെൻഷൻ, കുട്ടികളുടെ വിദ്യഭ്യാസത്തിനും മറ്റുമുള്ള ആനുകൂല്യങ്ങൾ, ജോലി ഇല്ലാതാവുന്നതും ജോലിചെയ്യാൻ സാധിക്കാത്തതുമായ സാഹചര്യങ്ങളിലെ സഹായധനങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിവരുന്നു.

ഈ സർക്കാർ നിലവിൽ വന്ന ശേഷം വിവിധ ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്കും അവരുടെ കുടുബങ്ങൾക്കും ഇതുവരെ 2,764.37 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി. മരംകയറ്റ തൊഴിലാളി ധനസഹായ പദ്ധതി പ്രകാരം 3,37,50,000 രൂപയുടെ ധനസഹായവും, മരംകയറ്റ തൊഴിലാളിഅവശതാ പെൻഷൻ പദ്ധതി പ്രകാരം 6,81,32,100 രൂപയുടെ ധനസഹായവും നൽകി. അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ് വെയറിലൂടെ 16 തൊഴിലാളി ക്ഷേമ നിധി ബോർഡുകളെയും ഓൺലൈൻ കുടക്കീഴിലാക്കി. പെൻഷൻ ഇരട്ടിപ്പ് തടയാനും അർഹരായവർക്ക് വേഗത്തിൽ ആനുകൂല്യങ്ങളെത്തിക്കാനും സോഫ്റ്റ് വെയർ സഹായകരമാകും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റു കൊണ്ടിരിക്കുമ്പോൾ, കേരളത്തിലുള്ള അത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് രാജ്യത്തിനുതന്നെ മുതൽക്കൂട്ടാക്കുകയും അവയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയുമാണ് സംസ്ഥാനസർക്കാർ ചെയ്യുന്നത്. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് കമ്പനി, കാസർകോട് ബിഇഎംഎൽ, പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയവ കേരളം ഏറ്റെടുത്തു നടത്തി വരികയാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ പൊതുമേഖല, സ്വകാര്യ മേഖല, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയുടെ വിപുലീകരണം സാധ്യമാക്കി.

കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി എൽഡിഎഫ് സർക്കാർ മാറ്റി. ദേശീയപാത ഉൾപ്പെടെ പശ്ചാത്തല വികസന രംഗത്ത് വലിയ കുതിപ്പുണ്ടാക്കി. അതോടൊപ്പം അനുബന്ധ വികസനവും സാധ്യമാക്കി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കി. ഇതോടെ കേരളത്തിൽ നിന്നുള്ള ചരക്ക് വ്യാപാരം വിപുലപ്പെടുകയും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഈ നിലയിൽ നമ്മുടെ തൊഴിൽമേഖലയെ പരിപോഷിപ്പിക്കുകയാണ് സർക്കാർ ചെയ്തുവരുന്നത്. അസംഘടിതരും അരികുവൽക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെയും തൊഴിൽ മേഖലകളെയും മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി ശ്രദ്ധേയമായ ഇടപെടലുകളാണ് തൊഴിലും നൈപുണ്യവും വകുപ്പ് നടത്തിവരുന്നത്.

ഇങ്ങനെ തൊഴിൽമേഖലയെ കൂടുതൽ ശക്തമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇന്ന് നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറകേകുന്ന തരത്തിൽ കേരളത്തിലെ തൊഴിൽമേഖല മാറ്റത്തിന്റെ പാതയിലാണ്. സംതൃപ്തവും സദാപ്രവർത്തനനിരതവുമായ ഒരു തൊഴിൽ മേഖല സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയുടെയും സമഗ്രവികസനത്തിന്റേയും അടിസ്ഥാനഘടകങ്ങളിൽ ഏറെ നിർണായകമാണെന്ന ഉത്തമബോധ്യത്തിലാണ് സംസ്ഥാനത്തിന്റെ തൊഴിൽ നയം രൂപം കൊണ്ടിട്ടുള്ളത്. ആ നയത്തിനു കൂടുതൽ കരുത്തു പകർന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − thirteen =

Most Popular