Monday, May 6, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻസ്ത്രീപക്ഷ കേരളം 
യാഥാർഥ്യമാക്കി
 എൽഡിഎഫ് സർക്കാർ

സ്ത്രീപക്ഷ കേരളം 
യാഥാർഥ്യമാക്കി
 എൽഡിഎഫ് സർക്കാർ

ഡോ. ടി കെ ആനന്ദി

2015ല്‍ നിന്നും 2023ലേക്ക്

ന്ത്യയിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീസമൂഹം ബഹുദൂരം മുന്നിലാണ്. ഏതു സൂചികകൾ പരിശോധിച്ചാലും അത് ബോധ്യമാകും. മാറി മാറി വന്ന എൽഡിഎഫ് സർക്കാരുകൾ സ്ത്രീപക്ഷ കേരള സമൂഹം എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഓരോ പദ്ധതിയും വിഭാവനം ചെയ്തിട്ടുള്ളത്. സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണ പദ്ധതിയും കുടുംബശ്രീയും ഉൾപ്പെടെ, എൽഡിഎഫ് സർക്കാരുകൾ ഇത്തരമൊരു കാഴ്ചപ്പാടോടുകൂടിയാണ് നടപ്പാക്കിയത്. ഇതിന്റെ തുടർച്ചയാണ് 2016 മുതൽ ഇപ്പോൾ വരെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

കേരളത്തിൽ വനിതാ നയം ഉണ്ടാവുന്നത് മൂന്നു കാലഘട്ടങ്ങളിലായാണ്. 1996, 2009, 2015 എന്നീ വര്‍ഷങ്ങളിലായാണ് വനിതാ നയം കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. അതായത് ഇടത് സർക്കാരുകൾ അധികാരത്തിലെത്തിയപ്പോഴാണ് എന്നത് എടുത്തു പറയേണ്ടതാണ്. 2015 ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിനു തൊട്ടുമുൻപാണ് കാലോചിതമാക്കിയത്. അതാണ് 2016 മുതൽ 2023 വരെ തുടർന്നത്. 2015 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ കേരളം, വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സാമൂഹ്യ-–സാമ്പത്തിക –സാംസ്കാരിക- രാഷ്ട്രീയ കേരളം സമാനതകളില്ലാതെ വളരുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി പ്രകൃതിക്ഷോഭങ്ങളും, കോവിഡ് മഹാമാരിയും കേരളത്തെ ബാധിച്ചപ്പോഴും തനതായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കേരളം വ്യത്യസ്തമായി തന്നെ നിലകൊള്ളുകയും ശക്തമായി മുന്നോട്ടു കുതിക്കുകയും ചെയ്തിട്ടുണ്ട്.

ഭദ്രമായ ക്രമസമാധാനവും, മതനിരപേക്ഷതയിലൂന്നിയ ജീവിത ക്രമവും ജനജീവിതം മെച്ചപ്പെടുത്താന്‍ കേരള ജനതയെ സഹായിക്കുന്നു. അതിനൊപ്പം സ്ത്രീപക്ഷത്ത്‌ നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ട് എന്നതും ഏറെ ശക്തി പകരുന്നതാണ്.

മഹാമാരിയുടെ പ്രതിരോധത്തില്‍ പൂര്‍ണമായും ഇടപെട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു 2019 മുതലുള്ള വര്‍ഷങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടുതന്നെ “ കരുതല്‍” പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ലോകശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ മാതൃകയാവാനും കേരളത്തിന്‌ കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കു ചെറുതല്ല. സജീവ പങ്കാളികളായും സന്നദ്ധതയുള്ള സാമൂഹ്യ പ്രവര്‍ത്തകരായും ജനസ്നേഹമുള്ള ജനസേവികമാരായും ഇക്കാലഘട്ടത്തില്‍ സ്ത്രീകള്‍ പൊതു രംഗത്ത്‌ നിറഞ്ഞു നിന്നിരുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളം കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ നടത്തിയിരുന്നതുകൊണ്ടാണ് ഇത് സാധ്യമായത്.

കേരളത്തെ “മാതൃക” യാക്കി ചിത്രീകരിക്കുമ്പോഴും കേരളം അഭിമുഖീകരിച്ചിരുന്ന മുഖ്യമായ രണ്ടു വിഷയങ്ങള്‍ തൊഴില്‍ രംഗത്തുള്ള സ്ത്രീപ്രാതിനിധ്യത്തിന്റെ കുറവും , സ്ത്രീകള്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളുമായിരുന്നു. അതുകൊണ്ട് തന്നെ, 2016 മെയ്‌ മാസം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിനും സ്ത്രീ സുരക്ഷക്കും ഊന്നല്‍ കൊടുത്തുകൊണ്ട്, സ്ത്രീപക്ഷ കേരളം എന്ന ആശയത്തിന് രൂപം നല്‍കി. 2016 ല്‍ തന്നെ അതിനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാ ശിശു വികസന വകുപ്പിന് രൂപം കൊടുത്തു. പൂജപ്പുര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജില്ലാ തലത്തില്‍ ഓഫീസര്‍മാരെ നിയമിച്ചു പൂര്‍ണ രൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അങ്കണവാടി, ശിശു കേന്ദ്രങ്ങള്‍, (children’s homes) വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍ഭയ പദ്ധതി, വനിതാ കമ്മീഷന്‍, ജെന്‍ഡര്‍ കൗണ്‍സില്‍ എന്നിവ ഈ വകുപ്പിന്റെ കീഴിലാണ്. ICDS കാരുടെ ശമ്പള വര്‍ധനയില്‍ തുടങ്ങി അവര്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡ്‌ വരെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വനിതാ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സ്ത്രീസുരക്ഷക്കായി 24 X 7 എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മിത്രാ 181 എന്ന വനിതാ ഹെല്‍പ് ലൈന്‍ 2017 ല്‍ തന്നെ നടപ്പിലായി. രണ്ടര ലക്ഷത്തില്‍പ്പരം ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അത് കൈ മാറുകയും ചെയ്തിട്ടുണ്ട്. “ഗാര്‍ഹിക പീഡനനിരോധന നിയമം 2012” നടപ്പിലാക്കുന്നതിനായി 2017 മുതല്‍ പതിനാലു ജില്ലകളിലും വുമണ്‍ പ്രോട്ടക്ഷന്‍ ആപ്പീസര്‍മാരെ നിയമിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി “സഖി” വണ്‍ സ്റ്റോപ്പ്‌ സെന്ററുകള്‍ എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്നു. അതിക്രമങ്ങള്‍ക്ക് ഇരയായി അവിടെ എത്തുന്ന സ്ത്രീകള്‍ക്ക് 24X7 സേവനം ഉറപ്പു വരുത്തുന്നുണ്ട്. അതുപോലെ, ലൈംഗിക ആക്രമണത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും സുരക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആസിഡ് ആക്രമണം, ലൈംഗികഅതിക്രമം എന്നിവയെ അതിജീവിച്ച സ്ത്രീകള്‍ക്ക് “അതിജീവിത നഷ്ടപരിഹാര”മായി “ആശ്വാസ നിധി” എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

യാത്ര ചെയ്യുന്ന സ്ത്രീകളുടെ സൗകര്യാര്‍ത്ഥം വൃത്തിയുള്ളതും, സുരക്ഷിതവുമായ ശുചിമുറികള്‍ ഒരുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 58ഓളം ഫ്രെഷ്നെസ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ, ആശുപത്രികള്‍ സ്ത്രീ സൗഹൃദമാക്കുകയും, പരിശോധനാ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കുടുംബശ്രീ വഴി “സ്നേഹിത” എന്ന ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തിച്ചു വരുന്നു.

സ്ത്രീധന മരണങ്ങള്‍ കേരളത്തിലും ഉണ്ടായതിനെ തുടര്‍ന്ന്, സ്ത്രീധന നിരോധന നിയമത്തിന്റെ പ്രചരണം നടത്തുവാന്‍ വനിതാ ശിശു വികസന വകുപ്പ് തുടക്കമിട്ടു. അഞ്ചു വര്‍ഷത്തില്‍ സ്ത്രീധന സമ്പ്രദായം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് ലക്‌ഷ്യം.

സ്ത്രീസുരക്ഷക്ക് മുന്‍ഗണന കൊടുക്കുന്നതിന്റെ ഭാഗമായി പോലീസ് വകുപ്പ്, ആറു സ്റ്റേഷനുകളില്‍ വനിതാ സ്റ്റേഷന്‍ ഹൗസ് ആപ്പീസര്‍മാരെ നിയമിച്ചു. അതുപോലെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1091 വനിതാ ഹെല്പ് ലൈന്‍ നമ്പറും വനിതാ ഹെല്പ് ഡസ്കും ഒരുക്കി. ഷീ-ടാക്സി, ഷീ-ഓട്ടോ എന്നിവ എല്ലാ ജില്ലയിലും ആരംഭിച്ചു. സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ ഉണ്ടായി. മൊത്തം പൊലീസ് സേനയുടെ 15% എന്നരീതിയില്‍ പൊലീസിൽ വനിതകളെ നിയമിച്ചിട്ടുണ്ട്. അത് ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 60% സ്ത്രീകള്‍ക്കും സ്വയംപ്രതിരോധ പരിശീലനം നല്‍കാന്‍ കഴിഞ്ഞു.

വിധവകളുടെയും, ഒറ്റപ്പെട്ട സ്ത്രീകളുടെയും സ്ത്രീകൾ നാഥകളായ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് സ്വയംതൊഴില്‍ തുടങ്ങാനുള്ള സംവിധാനം ഇന്നുണ്ട്.

തൊഴില്‍ രംഗത്ത് സ്ത്രീകളെ എത്തിക്കുകയും തൊഴില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടെ, സ്ത്രീകളുടെ ആശ്രിതത്വം കുറയുവാന്‍ ഇടയുണ്ട്. മാത്രമല്ല, സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം കുറഞ്ഞിരിക്കുന്ന കേരള സംസ്ഥാനത്ത്, സ്ത്രീകളെ തൊഴില്‍ രംഗത്ത് എത്തിക്കുക എന്നതും അത്യാവശ്യമാണ്.

അതിനായി സ്ത്രീകളുടെ നൈപുണി വികസിപ്പിക്കുകയും, കാലാനുസൃതമായ മാറ്റങ്ങള്‍ അവരുടെ തൊഴില്‍ രംഗത്ത് ഉണ്ടാവുകയും ചെയ്യണം എന്ന ധാരണയോടെ, നൈപുണി വികസനത്തില്‍ ഊന്നിക്കൊണ്ടാണ് കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ രംഗം വികസിപ്പിക്കാന്‍ ഉദ്യമം നടക്കുന്നത്. പരമ്പരാഗതമായി സ്ത്രീകള്‍ ചെയ്തിരുന്ന തൊഴിലുകളുടെ ലഭ്യതക്കുറവും തൊഴില്‍ രംഗത്ത് ലിംഗതുല്യത ഉറപ്പു വരുത്തണമെന്നുള്ള ഇന്നത്തെ ആവശ്യവും കണക്കിലെടുത്തുകൊണ്ടാണ് പുരുഷന്മാര്‍ മാത്രം ഇടപെട്ടിരുന്ന തെങ്ങുകയറ്റം, പ്ലംബിംഗ്, വയറിംഗ്, ലോക്കോ പൈലറ്റ് പോലുള്ള തൊഴിലുകളില്‍ നൈപുണി വര്‍ധിപ്പിച്ചിട്ടുള്ളത്‌. അത് സ്ത്രീകളെ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കൊണ്ടുവരുവാന്‍ സഹായിച്ചിട്ടുമുണ്ട്. കൂടാതെ, കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിന്റെ ഭാഗമായി, നോളജ് മിഷൻ സ്ത്രീകള്‍ക്ക് തൊഴില്‍ വാഗ്ദാനം നൽകുന്ന രീതിയില്‍ നൈപുണി നല്‍കിയിട്ടുണ്ട്. Reskilling/upskilling എന്നിങ്ങനെ തൊഴില്‍ രംഗത്ത് ഒരു പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാനുള്ള കര്‍മപരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

അസംഘടിത തൊഴില്‍ മേഖലയില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളെ മുഴുവന്‍ ക്ഷേമനിധി വലയത്തില്‍ കൊണ്ടുവരാന്‍ കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡ്‌ മുഖേന നടപടി എടുത്തിട്ടുണ്ട്. ഇപ്പോള്‍ ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ എണ്ണം 80,07,299 ആയി ഉയര്‍ന്നു. അസംഘടിതമേഖലക്കാര്‍ക്ക് ബാങ്ക് വഴി ‘വേതനസുരക്ഷ’പദ്ധതി നടപ്പിലാക്കി. 12,444 പാചക തൊഴിലാളികള്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗത്വം നല്‍കി.

തൊഴിലിടത്തിലെ ലൈംഗികപീഡനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പോഷ് ആക്ടിന്റെ നോഡല്‍ ഏജന്‍സിയായി വനിത ശിശു വികസന വകുപ്പിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, വകുപ്പ് കൈപ്പുസ്തകം അച്ചടിച്ച് പ്രചരിപ്പിച്ചു. കൂടാതെ, എല്ലാ സ്ഥാപനങ്ങളിലും IC യും LC യും ഉണ്ട് എന്നുറപ്പ് വരുത്താനുള്ള പരിപാടിക്ക് തുടക്കമിട്ടു.

മറ്റു ക്ഷേമ പരിപാടികളായി ക്ഷേമ പെന്‍ഷന്‍ തുക 1300/- രൂപയായി ഉയര്‍ത്തി, ജനങ്ങളുടെ വീട്ടിലെത്തിക്കുന്നുണ്ട്.

കേരളത്തെ സ്ത്രീപക്ഷ കേരളം ആക്കി മാറ്റുന്നതിന്റെ ഭാഗമായി കുറെയേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാർ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രാദേശിക തലത്തില്‍, ഇന്ന് കേരളത്തിലെ ത്രിതല പഞ്ചായത്തുകളില്‍ മൊത്തം 52 % (11319) സ്ത്രീകള്‍ അധികാരത്തിലുണ്ട്. വികേന്ദ്രീകരണ ഭരണ പരിശീലനകേന്ദ്രമായ “കില” (Kerala Institute of Local Administration) യില്‍ മുഴുവൻ സമയ ഡയറക്ടറെ നിയമിച്ചു. 50% സ്ത്രീ ജനപ്രതിനിധികള്‍ അവിടെ പരിശീലനം നേടുന്നു. ജന്‍ഡര്‍ ഓഡിറ്റും, ജന്‍ഡര്‍ ബജറ്റും സംസ്ഥാനത്ത് നടപ്പാക്കി വരുന്നു. സംസ്ഥാന ബജറ്റിന്റെ 20% ത്തോളം സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെടുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

കുടുംബശ്രീക്ക് 4% പലിശനിരക്കില്‍ വായ്പ നല്‍കിക്കൊണ്ട് സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെതന്നെ, വനിതകളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനായി നോര്‍ക്ക റൂട്ട് കേന്ദ്രീകരിച്ച് NRK വനിതാ സെല്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു.

ഇത്തരത്തില്‍ “സ്ത്രീപക്ഷ കേരളം” എന്ന ആശയത്തിലൂന്നി കേരളം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഇനിയും വികസനം ഉണ്ടാവേണ്ട മേഖലകള്‍ ഉണ്ട്. അവയെക്കുറിച്ചു പഠിക്കുവാനും പരിഹാരം കാണാനും കൂടി കഴിഞ്ഞാല്‍ മാത്രമേ “ സ്ത്രീപക്ഷ കേരളം”എന്നത് സാര്‍ത്ഥകമാകുകയുള്ളൂ.

പുരുഷമേധാവിത്തം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളുടെ നയപരിപാടികള്‍ തയ്യാറാക്കുമ്പോള്‍ സ്ത്രീകളെ രണ്ടാംകിട പൗരരാക്കി മാറ്റുന്ന പുരുഷമേധാവിത്ത ആശയങ്ങളെയും പ്രവൃത്തികളെയും ചോദ്യംചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി ഒരു നയം രൂപീകരിച്ച കേരളത്തില്‍, ലിംഗനീതിക്കായുള്ള പോരാട്ടത്തില്‍ പുരുഷന്മാരെയും മറ്റു ലിംഗ ന്യൂനപക്ഷങ്ങളെയും ഒന്നിച്ചുനിര്‍ത്തേണ്ടതുണ്ട്. മാത്രമല്ല, സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുന്ന വര്‍ഗീയത, മതാന്ധത, സ്ത്രീശരീരത്തെ ലാക്കാക്കി നടക്കുന്ന ഉപഭോക്തൃ സംസ്കാരം, വിപണി രാഷ്ട്രീയം, നവലിബറല്‍ നയങ്ങള്‍ എന്നിവയും, അത് നടപ്പിലാക്കാന്‍ കൂട്ടുപിടിക്കുന്ന ആണ്‍കോയ്മാ മനോഭാവത്തെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത് കൂടാതെ, സാമൂഹ്യ വിപത്തുകളായ മദ്യപാനം, ലഹരി ഉപയോഗം, അന്ധവിശ്വാസങ്ങള്‍, അശാസ്ത്രീയവും നാശോന്മുഖവുമായ അനുഷ്ടാനങ്ങള്‍ എന്നിവ നിഷ്കാസനം ചെയ്യേണ്ടതുണ്ട്. അത് സാധ്യമാകാന്‍ പൊതുസമൂഹത്തിനു ബോധവല്‍ക്കരണം നിര്‍ബന്ധമായും നടപ്പിലാക്കണം. കാരണം, ഇത് മൊത്തം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

അതേസമയം, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് ഊന്നല്‍നല്‍കിക്കൊണ്ട് സ്ത്രീകള്‍ക്കായുള്ള നയപരിപാടികളും ആവിഷ്കരിക്കണം. ഇതനുസരിച്ച് എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന വിവേചനങ്ങളെ മറികടന്നുകൊണ്ട് പൂര്‍ണമായ ലിംഗസമത്വസമൂഹം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാധ്യമാക്കാന്‍ ഓരോ മേഖലയിലും നിലനില്‍ക്കുന്ന വിവേചനരൂപങ്ങളെ തിരിച്ചറിഞ്ഞ് അവയെ നിഷ്കാസനം ചെയ്യാനുള്ള കര്‍മ പരിപാടിയാണ് കേരളത്തിലെ എൽഡിഎഫ‍് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്.

വനിതാ നയം ഊന്നല്‍ നല്‍കുന്നത്, അന്തസ്സായി ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശവും, ഉന്നമനവും, മറ്റു ലിംഗപദവിയില്‍ ഉള്ളവരെയും കൂടെനിര്‍ത്തിക്കൊണ്ടുമാത്രമേ സാധ്യമാവുകയുള്ളു എന്നതാണ്. അത്തരം വിഭാഗങ്ങളില്‍ കൃത്യമായ ബോധവല്‍ക്കരണവും, മനോഭാവത്തില്‍ മാറ്റവും ഉണ്ടാക്കിക്കൊണ്ടു മാത്രമേ സാമൂഹ്യ നീതി ഉറപ്പു വരുത്തുവാന്‍ സാധിക്കുകയുള്ളൂ, എന്ന വ്യക്തമായ ബോധം സര്‍ക്കാരിനുണ്ട്. കഴിഞ്ഞ മൂന്നു നയങ്ങളിലും പ്രതിപാദിച്ച പല പരിപാടികളും നടപ്പിലാക്കിക്കൊണ്ടാണ് കേരളം മുന്നേറുന്നത്. എങ്കിലും ഇനിയും നിറവേറ്റാനുള്ള നയരൂപീകരണങ്ങളും കര്‍മപരിപാടികളും നിലവിലുണ്ട്. അവയെ കാലാനുസൃതമായി പരിഷ്കരിക്കുക എന്ന ദൗത്യമാണ് വനിതാനയം 2023 ലൂടെ നമ്മള്‍ നടപ്പിലാക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 6 =

Most Popular