Friday, March 24, 2023

ad

Homeസംസ്ഥാനങ്ങളിലൂടെപഞ്ചാബില്‍ വീണ്ടും വെടിയൊച്ചകള്‍

പഞ്ചാബില്‍ വീണ്ടും വെടിയൊച്ചകള്‍

സാജന്‍ എവുജിന്‍

പഞ്ചാബിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. തന്ത്രപ്രധാന അതിര്‍ത്തിസംസ്ഥാനമായ പഞ്ചാബില്‍ ക്രമസമാധാനം കടുത്ത വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കിവന്ന സുരക്ഷയില്‍ കുറവുവരുത്തിയതിനു തൊട്ടുപിന്നാലെ ജനപ്രിയ ഗായകന്‍ ശുഭ്ദീപ് സിങ് മൂസെവാല (28) കൊല്ലപ്പെട്ടത് സംസ്ഥാനത്തെയാകെ ഉലച്ചു. മൂസെവാലയുടെ  ശരീരത്തില്‍ 25 വെടിയുണ്ട  തുളച്ചുകയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  രണ്ട് മിനിറ്റിനുള്ളില്‍ 30 റൗണ്ട് വെടിയുണ്ട  അക്രമികള്‍ ഉതിര്‍ത്തുവെന്നാണ് ദൃക്സാക്ഷി മൊഴി. മാന്‍സയിലെ ഒരു ഭക്ഷണശാലയില്‍ നിന്ന് അക്രമിസംഘം ആഹാരം കഴിക്കുന്നതിന്‍റെ  ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.

തീവ്രവാദവും ഭീകരാക്രമണങ്ങളും നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന 1980കളുടെ നടുക്കുന്ന ഓര്‍മകള്‍ ഇന്നും നിലനില്‍ക്കുന്ന പഞ്ചാബ്ജനത കടുത്ത ആശങ്കയോടെയാണ് ഈ സംഭവത്തെ കാണുന്നത്. ഇക്കൊല്ലം ആദ്യം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ടി നേടിയ വന്‍വിജയത്തില്‍ പ്രധാനപങ്ക് വഹിച്ച മേഖലയാണ് മാള്‍വ. എന്നാല്‍ മാള്‍വയുടെ ഹൃദയഭാഗമായ മന്‍സയിലെ ആശുപത്രിയില്‍ മൂസെവാലയുടെ ചലനമറ്റശരീരം എത്തിച്ചപ്പോള്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളാല്‍ അന്തരീക്ഷം മുഖരിതമായി. അധോലോകസംഘങ്ങള്‍ തമ്മിലുള്ള വൈരമാണ് മൂസെവാലയുടെ വധത്തിനുപിന്നിലെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും പഞ്ചാബ്സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ആംആദ്മി പാര്‍ടിക്കുള്ള പരിചയക്കുറവും പക്വതയില്ലായ്മയും മറനീക്കി വന്നിരിക്കുകയാണ്.

അരാഷ്ട്രീയവാദികളുടെ കയ്യടി നേടാന്‍ എഎപിസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനാവശ്യസാഹസികതയും ദുരന്തവുമായി മാറുകയാണ്. ഖലിസ്ഥാന്‍ തീവ്രവാദകാലത്തിന്‍റെ കനലുകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ പലതും  സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ പരസ്യനിലപാട് സ്വീകരിച്ചവരും പ്രസ്ഥാനങ്ങളും ഭീഷണിയില്‍നിന്ന് വിമുക്തരല്ല.  എഎപി അധികാരത്തില്‍ വന്നശേഷം 424 രാഷ്ട്രീയനേതാക്കളുടെയും പുരോഹിതരുടെയും സുരക്ഷ പിന്‍വലിച്ചു. അന്തര്‍സംസ്ഥാനതലത്തിലുള്ള അധോലോക സംഘങ്ങളും വിദേശബന്ധമുള്ള ഭീകരസംഘടനകളും തമ്മിലുള്ള സഹകരണം ശക്തമാകുന്നുവെന്ന്  രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരിക്കെയാണ് ഈ തീരുമാനം ഉണ്ടായത്. ഡല്‍ഹി, ഹരിയാന, രാജസ്താന്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ഒട്ടേറെ അധോലോകസംഘങ്ങള്‍ പഞ്ചാബില്‍  സജീവമാണ്.

മൂസെവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം കാനഡ  കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോകസംഘത്തലവന്‍ ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ശിരോമണി അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേഡ കൊല്ലപ്പെട്ട കേസില്‍ മൂസെവാലയുടെ മാനേജര്‍  ഷഗന്‍പ്രീത് പ്രതിയാണ്. ജാമ്യത്തിലിറങ്ങിയ ജഗന്‍പ്രീത് ഓസ്ട്രേലിയയിലേയ്ക്ക് കടന്നു. മിദ്ദുഖേഡയുടെ കൊലപാതകത്തിനു പകരംവീട്ടലാണ് നടന്നതെന്ന് ബ്രാര്‍ സമൂഹമാധ്യമം വഴി അവകാശപ്പെട്ടു. എന്നാല്‍ ബ്രാറിന്‍റെ കൂട്ടാളി, രാജസ്താനില്‍ ജയിലില്‍ കിടക്കുന്ന ലോറന്‍സ് ബിഷ്ണോയിക്ക് ഈ സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് ഡല്‍ഹി പൊലീസിന്‍റെ സംശയം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിഷ്ണോയിയുടെ സഹായത്തോടെ ബ്രാര്‍ പഞ്ചാബിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗുര്‍ലാല്‍ സിങ്ങിനെ കൊലപ്പെടുത്തി. 30ല്‍പരം കൊലക്കേസില്‍ പ്രതിയായ കാലാ റാണ, 40ല്‍പരം കൊലക്കേസില്‍ ഉള്‍പ്പെട്ട കാലാ ജതേദി എന്നിവരും ബിഷ്ണോയിയുടെ കൂട്ടാളികളാണ്. മൂസെവാലയുടെ വധത്തിനുശേഷം മറ്റൊരു കേസുമായി ബന്ധപ്പെടുത്തി ബിഷ്ണോയിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു. ഡല്‍ഹി പൊലീസിന്‍റെ ഈ തിരക്കിട്ടനീക്കം കൗതുകകരമാണ്. രാഷ്ട്രീയചോദ്യങ്ങളും ഇതില്‍നിന്ന് ഉയരുന്നുണ്ട്.

മൂസെവാല അടക്കം 424 പേരുടെ സുരക്ഷ കുറച്ചതില്‍ പഞ്ചാബ്ڊഹരിയാന ഹൈക്കോടതി  സംസ്ഥാനസര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. ആം ആംദ്മി പാര്‍ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍  ‘വിഐപി കള്‍ച്ചര്‍’ ഒഴിവാക്കാന്‍  സുരക്ഷകുറച്ചതിന്‍റെ വിശദാംശങ്ങളടങ്ങിയ പോസ്റ്റില്‍ മൂസെവാലയുടെ പേരടക്കം എടുത്തുപറയുന്നതും കോടതി പരിഗണിച്ചു. മുന്‍ ഉപമുഖ്യമന്ത്രി ഒ പി സോണി ഇസെഡ് കാറ്റഗറി സുരക്ഷ കുറച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ജനരോഷം ശക്തമായതോടെ കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രതികളില്‍ ചിലരെ ഡെറാഡൂണില്‍നിന്ന് പഞ്ചാബ്ڊഉത്തരാഖണ്ഡ് പൊലീസിന്‍റെ  സംയുക്തനീക്കത്തില്‍ പിടികൂടിയിട്ടുണ്ട്.

മൂസെവാലയുടെ കൊലപാതകം 1988ല്‍ ജലന്ധറില്‍ കൊല്ലപ്പെട്ട ഗായകന്‍ അമര്‍സിങ് ചംകീലയുടെ ദാരുണാന്ത്യത്തിന് സമാനമായി കരുതുന്നവരുമുണ്ട്. ഖലിസ്താന്‍ തീവ്രവാദം പഞ്ചാബില്‍ കത്തിനിന്ന കാലത്താണ് അമര്‍സിങ് കൊല്ലപ്പെട്ടത്. മൂസെവാലയെപ്പോലെ തിളങ്ങിനിന്ന സമയത്ത്, 28ڊാം വയസ്സില്‍ തന്നെയാണ് ചംകീലയും വെടിയേറ്റ് മരിച്ചത്. യുവജനങ്ങളെ ഹരംകൊള്ളിക്കുന്ന ഗാനങ്ങളാണ് ഇരുവരും ആലപിച്ചിരുന്നത്. ഇരുചക്രവാഹനത്തിലെത്തിയ അജ്ഞാതരാണ് ചംകീലയ്ക്കുനേരെ വെടിയുതിര്‍ത്തത്. മൂസെവാലയെയും അജ്ഞാതരായ അക്രമികളാണ് വെടിവച്ച് കൊന്നത്. ഇരുവര്‍ക്കും  രാജ്യാന്തരതലത്തില്‍ ആരാധകരുണ്ടായിരുന്നു. പഞ്ചാബിസംഗീതത്തെക്കുറിച്ച് ഡസനില്‍പരം പുസ്തകങ്ങള്‍ എഴുതിയ ഇന്ത്യന്‍വംശജനായ അമേരിക്കന്‍പൗരന്‍ അശോക് ഭൗര പറയുന്നു: “സിദ്ദുസിങ് മൂസെവാലയുടെ കൊലപാതകം പഞ്ചാബി സംഗീതവ്യവസായത്തിന് കനത്ത തിരിച്ചടിയാണ്. പഞ്ചാബി ഗായകരായ അമര്‍സിങ് ചംകീലയും  ദില്‍ഷാദ് അഖ്തറും സമാനസാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്. മൈക്കള്‍ ജാക്സണിന്‍റെ ‘ഓഫ് ദ വാള്‍’ എന്ന ആല്‍ബത്തിന് ലഭിച്ച ജനകീയാംഗീകാരത്തിന് സമാനമായ സ്വീകാര്യതയാണ് മൂസെവാലയുടെ ആദ്യആല്‍ബത്തിന് കിട്ടിയത്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, പാകിസ്താന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വിപുലമായ തോതില്‍ മൂസെവാലയ്ക്ക് ആരാധകരുണ്ടായിരുന്നു”.

മൂസെവാലെയുടെ കൊലപാതകത്തിനു പിന്നാലെ  ഗുണ്ടാസംഘത്തില്‍നിന്ന് ഭീഷണിയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബി ഗായകന്‍ മന്‍കീര്‍ത് ഔലാഖ് പൊലീസിനെ സമീപിച്ചു. ലോറന്‍സ് ബിഷ്ണോയിയുടെ എതിരാളികളായ ദേവീന്ദര്‍ ബംബിഹയുടെ സംഘത്തില്‍നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ചാണ് അപേക്ഷ. എത്രത്തോളം ഭീതിജനകമായ സാഹചര്യമാണ് പഞ്ചാബില്‍ നിലനില്‍ക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഖലിസ്ഥാന്‍തീവ്രവാദപ്രസ്ഥാനത്തിന്‍റെ ബാക്കിപത്രം എന്നതുപോലെ അധോലോകസംഘങ്ങള്‍ സജീവമായ സംസ്ഥാനത്ത് സംസ്ഥാനസര്‍ക്കാര്‍ വിവേകപൂര്‍ണമായ സമീപനം കൈക്കൊള്ളേണ്ടത് അനിവാര്യമാണ്•

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 5 =

Most Popular