കെ വരദരാജന്‍: എന്‍റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍

എസ് രാമചന്ദ്രന്‍പിള്ള

ഞാന്‍ സഖാവ് കെ വരദരാജനെ രണ്ടാഴ്ചമുമ്പ് ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഞാനദ്ദേഹത്തെ ഏറ്റവുമൊടുവില്‍ ബന്ധപ്പെട്ടത് അന്നായിരുന്നു. അന്നദ്ദേഹം തമിഴ്നാട്ടിലെ കരൂരില്‍ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു. ഞങ്ങളന്ന് ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി. കോവിഡ് 19നെ നേരിടുന്നതില്‍ കേരളത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. ഗവണ്‍മെന്‍റിന്‍റെയും പാര്‍ടിയുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പിടിപ്പുകെട്ടതും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നവയുമാണെന്ന് വരദരാജന്‍ അഭിപ്രായപ്പെട്ടു. തമിഴ്നാട് സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്നുള്ള വിമര്‍ശനം സഖാവ് വരദരാജന്‍ ഉന്നയിച്ചതായി ഞാനോര്‍ക്കുന്നു. വരദരാജന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ 'കോവിഡ് 19നെ നേരിടും, നേരിടും' എന്നു പാടി അദ്ദേഹം സംസാരം അവസാനിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് പ്രത്യേകിച്ചെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയില്ല. സഖാവ് വരദരാജന്‍റെ മരണവിവരം സഖാവ് എ കെ പത്മനാഭനാണ് എന്നെ ഫോണ്‍ വിളിച്ചറിയിച്ചത്. ഞാന്‍ വാര്‍ത്ത കേട്ട് നടുങ്ങിപ്പോയി.


1980കളിലാണ് സഖാവ് വരദരാജനെ ഞാന്‍ അടുത്തു പരിചയപ്പെട്ടത്. അന്നദ്ദേഹം കര്‍ഷകസംഘത്തിന്‍റെ തമിഴ്നാട് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ കര്‍ഷകസംഘം സംഘടിപ്പിച്ച തിരുവനന്തപുരത്ത് നടന്ന കര്‍ഷകസംഘം പ്രവര്‍ത്തകരുടെ ക്ലാസ്സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. അതിനുമുമ്പ് സഖാവ് വരദരാജനെ പാര്‍ടി കോണ്‍ഗ്രസ്സുകളില്‍ വച്ച് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും ഞാനും കര്‍ഷകസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാര്‍ഷികപ്രശ്നങ്ങളെപ്പറ്റി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. കാര്‍ഷികപ്രശ്നങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ അഗാധമായ അറിവ് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. മൂന്നുപതിറ്റാണ്ടിലേറെക്കാലം കര്‍ഷകസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായി. 1998ല്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2013ല്‍ കടലൂരില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍വച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത.് ഞാനക്കാലത്ത് അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയുടെ കാര്‍ഷികപ്രശ്നങ്ങള്‍ വൈവിധ്യമേറിയതും സങ്കീര്‍ണവുമാണ്. മുതലാളിത്തത്തിന്‍റെ വളര്‍ച്ച, നാടുവാഴിത്തത്തിന്‍റെ വലിയ സ്വാധീനശക്തി, ആദിവാസി മേഖലയിലെ പ്രാചീനമായ ഭൂവ്യവസ്ഥകള്‍ എന്നിവ വിവിധ പ്രദേശങ്ങളില്‍ മേധാവിത്വം പുലര്‍ത്തി വരുന്നു. മുതലാളിത്ത വളര്‍ച്ച തന്നെ വ്യത്യസ്ത സ്വഭാവത്തിലുള്ളവയാണ്. നാടുവാഴിത്ത സ്വഭാവത്തിലുള്ള ഭൂപ്രഭുക്കള്‍ മുതലാളിത്ത ഭൂപ്രഭുക്കളായി പരിവര്‍ത്തനം ചെയ്ത വിശാലമായ ഭൂവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയവയാണ് അത്തരം പ്രദേശങ്ങള്‍. കേരളത്തെപ്പോലെ ഭൂപരിഷ്കരണ നടപടികളെ തുടര്‍ന്ന് മുതലാളിത്ത വളര്‍ച്ച നടക്കുന്ന പ്രദേശങ്ങളുമുണ്ട്. വ്യത്യസ്ത വിളകള്‍, കാലാവസ്ഥ, ഭൂപ്രകൃതി, ജലസേചന സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്ന സവിശേഷതകള്‍ ഇതിനുപരിയാണ്. പ്രാദേശികം-സംസ്ഥാന-അഖിലേന്ത്യാ-ആഗോളകമ്പോളത്തിന്‍റെ ഇടപെടലുകളും കാര്‍ഷിക പ്രശ്നങ്ങളുടെ സങ്കീര്‍ണതയെ വര്‍ധിപ്പിക്കുന്നു. ഇവയെയെല്ലാം പറ്റി വളരെ ആഴത്തിലുള്ള അറിവ് നേടാതെ ശരിനിലപാടെടുക്കാനാവില്ല. പ്രശ്നങ്ങളെ ആഴത്തില്‍ പഠിച്ചാണ് സഖാവ് വരദരാജന്‍ നിലപാടുകള്‍ എടുത്തിരുന്നത്. ഒരിക്കലും അദ്ദേഹം പ്രശ്നങ്ങളെ ഉപരിപ്ലവമായി സമീപിച്ചിരുന്നില്ല.


ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ 1990കളിലാണ് കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പാക്കി തുടങ്ങിയത്. അത് കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. കാര്‍ഷികമേഖലയെ ഉത്തേജിപ്പിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന ന്യായീകരണമാണ് ഭരണവര്‍ഗങ്ങള്‍ അന്ന് നല്‍കിയത്. കര്‍ഷകജനവിഭാഗങ്ങള്‍ക്ക് കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെ ശക്തിയായി എതിര്‍ത്തു. എന്നാലന്ന് ഏതാണ്ട് മറ്റെല്ലാ കര്‍ഷകപ്രസ്ഥാനങ്ങളും നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെ പിന്താങ്ങുന്ന സമീപനം സ്വീകരിച്ചിരുന്നു. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെ എതിര്‍ക്കുന്നതോടൊപ്പം ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്‍റെ പ്രാധാന്യം സഖാവ് വരദരാജന്‍ എടുത്തുപറഞ്ഞത് ഞാനോര്‍ക്കുന്നു. 1993ല്‍ കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും സംയുക്തമായി ഉയര്‍ത്തിക്കൊണ്ടുവന്ന ബദല്‍ നയങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ നയങ്ങളുടെ ധനികപക്ഷപാതിത്വം തുറന്നുകാട്ടി. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കര്‍ഷകജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് ബദല്‍നയങ്ങള്‍ ഉയര്‍ത്തിയത്. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ സഖാവ് വരദരാജന്‍റെ സംഭാവന വളരെ വലുതായിരുന്നു.


കൃഷിക്കാരുടെ പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വരദരാജന്‍റെ പ്രായോഗിക പ്രവര്‍ത്തനാനുഭവങ്ങള്‍ വളരെ സഹായകരമായിരുന്നു. സംസ്ഥാനങ്ങളിലും ജില്ലകളിലും സന്ദര്‍ശനം നടത്തി കാര്‍ഷിക പ്രശ്നങ്ങള്‍ പഠിച്ച് പ്രക്ഷോഭങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്ന ശൈലിയാണ് സഖാവ് വരദരാജന്‍ സ്വീകരിച്ചിരുന്നത്. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും സൃഷ്ടിക്കുന്ന അന്തരീക്ഷം ഉപയോഗപ്പെടുത്തി പ്രാദേശികമായ വര്‍ഗസമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കര്‍ഷകസംഘം പ്രവര്‍ത്തകരെ അദ്ദേഹം എപ്പോഴും ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. കര്‍ഷക പ്രസ്ഥാനം ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമരങ്ങള്‍ക്ക് വലിച്ച പ്രധാന്യമാണുള്ളത്. അതുവഴി മാത്രമേ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കാനാവൂ.


കര്‍ഷകജനവിഭാഗങ്ങളുടെ ഐക്യം ഏതേത് വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം എന്ന കാര്യത്തെപ്പറ്റി സഖാവ് വരദരാജന് വളരെ വ്യക്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. കര്‍ഷകത്തൊഴിലാളികള്‍, ദരിദ്ര കൃഷിക്കാര്‍ എന്നിവരുടെ താല്‍പ്പര്യങ്ങളെ കേന്ദ്രമാക്കിയായിരിക്കണം കൃഷിക്കാരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തേണ്ടതെന്ന് സഖാവ് വരദരാജന് നിര്‍ബന്ധമുണ്ട്. ഈ നിലപാടില്‍നിന്നുള്ള എല്ലാ വൃതിചലനങ്ങളെയും അദ്ദേഹം കൃത്യതയോടെ ചൂണ്ടിക്കാട്ടി തിരുത്തിയിരുന്നു. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയും കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഐക്യം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.


വരദരാജന്‍ 1946 ഒക്ടോബര്‍ 4ന് തമിഴ്നാട്ടിലെ ശ്രീരംഗത്ത് ജനിച്ചു. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ അദ്ദേഹം തമിഴ്നാട് പിഡബ്ല്യുഡിയില്‍ ജോലിയില്‍ പ്രവേശിച്ചു. ദീര്‍ഘകാലമദ്ദേഹം ജോലിയില്‍ തുടര്‍ന്നില്ല. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അദ്ദേഹം ആകൃഷ്ടനായി. 1968ല്‍ സിപിഐ (എം) അംഗമായി. കര്‍ഷകസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൃഷിക്കാരുടെ അവകാശസമരങ്ങളില്‍ പങ്കെടുത്തു. 1976ല്‍ തൃശ്ശിനാപ്പള്ളി ജില്ലയിലെ കര്‍ഷകസംഘത്തിന്‍റെ ജില്ലാ സെക്രട്ടറിയായി. 1972ല്‍ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി. 1978ല്‍ പാര്‍ടിയുടെ തൃശ്ശിനാപ്പള്ളി ജില്ലാ സെക്രട്ടറിയായി. 1986ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. 1998ല്‍ പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി. 2002ല്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ വരദരാജന്‍ 2005ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി. 2015 വരെ പി ബി അംഗമായി തുടര്‍ന്നു. അനാരോഗ്യം പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. കഴിഞ്ഞ കാലത്തെന്നതുപോലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുവാന്‍ കഴിയാത്തനില വന്നു. എന്നിരുന്നാലും കഴിവനുസരിച്ച് അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു.


സഖാക്കളുമായി വരദരാജന്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളും. അവരോടൊത്ത് കളി തമാശകള്‍ പറയും. അദ്ദേഹത്തിന്‍റെ തമിഴിലുള്ള സരസമായ പ്രസംഗം ജനങ്ങള്‍ താല്‍പ്പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. സാമ്പത്തിക-രാഷ്ട്രീയ- വിഷയങ്ങള്‍ വളരെ ലളിതമായി വിശദീകരിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് സവിശേഷമായിരുന്നു. സമര്‍ഥനായ പ്രചാരകനും പ്രക്ഷോഭകനും സംഘാകനുമായിരുന്നു വരദരാജന്‍. ആനുകാലിക രാഷ്ട്രീയ, സാമ്പത്തികവിഷയങ്ങളെപ്പറ്റി തമിഴില്‍ അദ്ദേഹം തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണം കര്‍ഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മാത്രമല്ല പൊതുജനാധിപത്യപ്രസ്ഥാനത്തിനും പരിഹരിക്കാനാവാത്ത നഷ്ടമാണ്.