പെടാപ്പാട്!

ഗൗരി

സൂര്യനു താഴെ ഏതു വിഷയമായാലും അതിനെ കമ്യൂണിസ്റ്റുവിരുദ്ധമായ ദിശയിലൂടെ അവതരിപ്പിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ നീക്കം. ജൂലൈ 10ന്‍റെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് ടൈറ്റില്‍ തന്നെ നോക്കൂ: "ഹൈക്കോടതി ചോദിക്കുന്നു. എന്നിട്ട് സര്‍ക്കാര്‍ എന്തു ചെയ്തു? 2017 മുതല്‍ സ്ത്രീധന നിരോധന ഓഫീസറെ നിയമിക്കാത്തത് എന്തുകൊണ്ട്? 2004ലെ ചട്ടവ്യവസ്ഥകള്‍ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണം". സ്ത്രീധന പീഡന കൊലപാതകങ്ങളില്‍ ശക്തമായ നടപടിയെടുത്ത സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് റിവേഴ്സ് ഗിയറില്‍ പിടിച്ചിരിക്കുകയാണ് മനോരമ.

സര്‍ക്കാര്‍ നടപടി സ്വീകരിക്കുക മാത്രമല്ല സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരായ കാംപെയ്ന്‍ ഏറ്റെടുക്കുകയുമുണ്ടായി. "എന്നിട്ട് സര്‍ക്കാര്‍ ചെയ്തത്" ഇതൊക്കെയാണ്! അതിലുമുപരി സിപിഐ എമ്മും വിവിധ വര്‍ഗ - ബഹുജന സംഘടനകളും ഇത്തരം സാമൂഹിക തിന്മകള്‍ക്കും അനാശാസ്യ പ്രവണതകള്‍ക്കുമെതിരായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയുമുണ്ടായി. അതിനെയാകെ ശൂവാക്കി കളയുകയെന്ന ലക്ഷ്യത്തോടെ ഹൈക്കോടതിയില്‍ വന്ന ഒരു കേസിലെ ജഡ്ജിമാരുടെ പരാമര്‍ശത്തെ പര്‍വതീകരിച്ചവതരിപ്പിക്കുകയാണ് മനോരമ.

ഈ പത്രത്തിലെ അവതരണം നോക്കിയാല്‍ തോന്നുക സ്ത്രീധന നിരോധന ഓഫീസറില്ലാത്തതാണ് സര്‍വ കൊയപ്പങ്ങള്‍ക്കും കാരണമെന്നല്ലേ? മാത്രമല്ല, 2016നുശേഷം കേരളത്തില്‍ പൊട്ടിമുളച്ച ഒരേര്‍പ്പാടാണ് സ്ത്രീധനവും അതുമായി ബന്ധപ്പെട്ട പീഡനങ്ങളുമെന്നുമല്ലേ! ഏതായാലും  അത്തരമൊരുന്നം മനോരമയ്ക്കുണ്ടാകുമെന്നുറപ്പ്! എന്നാല്‍ "മാറാം. മുഹൂര്‍ത്തമായി" എന്ന് കണ്ണീര്‍കണങ്ങള്‍ പൊഴിക്കുന്ന മനോരമ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ കഥയോ?

ഇന്ത്യയില്‍ തന്നെ ആദ്യമായി സ്ത്രീധന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത് കേരളത്തിലായിരുന്നു, ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത്. അന്ന് ആ ബില്ലിനെതിരെ സര്‍വ വിരുദ്ധന്മാരും അരയും തലയും മുറുക്കി പോരിനു വന്നിരുന്നുവെന്ന കാര്യം ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും കുടുംബ ഭദ്രതയുടെയുമെല്ലാം പേരിലായിരുന്നു അന്ന് കോണ്‍ഗ്രസും ലീഗും പിഎസ്പിയുമെല്ലാം നിയമസഭയില്‍ മുടിയഴിച്ചിട്ടാടിയത്. അന്നത്തെ നിയമസഭാ രേഖകളും അക്കാലത്തെ മനോരമാദി മാധ്യമങ്ങളും ഒന്നു പരിശോധിക്കുന്നത് മനോരമ പിള്ളേര്‍ക്കെങ്കിലും ആത്മപരിശോധനയ്ക്ക് ഉപകരിക്കും.

മ്മടെ മുഖ്യധാരാ മാധ്യമങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്ന അപ്പാവികളില്‍ അവ സൃഷ്ടിക്കുന്ന ബോധം കമ്യൂണിസ്റ്റുകാരെന്നാല്‍ സര്‍വതിന്മകളുടെയും കുഴപ്പങ്ങളുടെയും ആണിക്കല്ലുകളാണെന്നാണല്ലോ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രചാരണവുമല്ല. മാര്‍ക്സും എംഗത്സും കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എഴുതുന്നതിനും മുന്‍പേ തന്നെ, ചൂഷണരഹിതമായ ഒരു വ്യവസ്ഥയെന്ന നിലയില്‍ കമ്യൂണിസം എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ട കാലം മുതല്‍ ഈ പ്രചാരണവുമുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ടാണ് ലോകത്ത് കമ്യൂണിസ്റ്റു പ്രസ്ഥാനം ഇന്നും നിലനില്‍ക്കുന്നത്. ഭരണവര്‍ഗ ആശയങ്ങള്‍ക്ക് സമൂഹത്തില്‍ മുന്‍കൈ നേടാനുള്ള സാധ്യതയുണ്ടെന്നതുകൊണ്ടാണ് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് പലപ്പോഴും തിരിച്ചടിയേല്‍ക്കുന്നത്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് തിരിച്ചടിയേല്‍ക്കുകയെന്നാല്‍ അര്‍ഥം അധ്വാനിക്കുന്ന ജനതയ്ക്കാകെ തിരിച്ചടിയെന്നാണ്. ഭരണവര്‍ഗത്തിന്‍റെ ലക്ഷ്യവും അതുതന്നെയാണ്.

നോക്കൂ നമ്മുടെ ചാനല്‍ ചര്‍ച്ചകളുടെ ഒരു ദിശ. വണ്ടിപ്പെരിയാറില്‍ ഒരു നരാധമന്‍ ഒരു പിഞ്ചുബാലികയെ പീഡിപ്പിച്ചുകൊന്നു. ഇയാള്‍ സിപിഐ എമ്മിന്‍റെ അംഗമോ പ്രവര്‍ത്തകനോ ഒന്നുമല്ല. അങ്ങനെയൊരഭിപ്രായം മാധ്യമങ്ങളിലും കണ്ടില്ല. പക്ഷേ, ഇയാളെ സിപിഐ എമ്മുമായും ഇടതുപക്ഷ സംഘടനകളുമായും ബന്ധപ്പെടുത്താന്‍ പഴുതുണ്ടോയെന്ന ഗവേഷണമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്. പാര്‍ടിയോ ബഹുജന സംഘടനകളോ നടത്തുന്ന പ്രകടനങ്ങളിലോ പ്രാദേശികമായ പരിപാടികളിലോ ഇയാള്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന് പാര്‍ടി മറുപടി പറയണമെന്നാണ് മാധ്യമശാഠ്യം. ഇങ്ങനെയാണെങ്കില്‍ കേരളത്തിലെ ഓരോ വ്യക്തിയെയും ഓരോ കുറ്റവാളിയെയും ഏതെങ്കിലുമൊരു രാഷ്ട്രീയത്തിന്‍റെ ഭാഗമായി തളയ്ക്കാനും കുറ്റകൃത്യത്തിനുപരി അവരുടെ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതി സംജാതമാകുകയും ചെയ്യും. എന്നാല്‍ സിപിഐ എമ്മുമായി ബന്ധപ്പെടുത്താന്‍ വിദൂര സാധ്യതയെങ്കിലുമുണ്ടെങ്കിലേ ഇത്തരം ചര്‍ച്ചയുള്ളൂ. ഇതാണ് മാധ്യമ അജന്‍ഡ.

എന്നാല്‍ മറുവശത്ത് നോക്കൂ, എറണാകുളം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. സംഭവം കേസായി. ബലാല്‍സംഗക്കാരനായ യൂത്ത് നേതാവിനെ സംരക്ഷിക്കാനും ഒളിപ്പിക്കാനും മുന്നിട്ടിറങ്ങിയത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മൂവാറ്റുപ്പുഴ എംഎല്‍എ മാത്യു കുഴല്‍നാടനാണ്. അവിടംകൊണ്ടും തീരുന്നില്ല. പോക്സോ കേസില്‍ പ്രതിയായ, ബലാല്‍സംഗകാരനെ ന്യായീകരിച്ചുകൊണ്ട്, ഇതൊക്കെ സര്‍വസാധാരണമല്ലേ, നമ്മളുമൊക്കെ ചെയ്യുന്നതല്ലേയെന്നു ചോദിക്കുന്ന എംഎല്‍എയുടെ വീഡിയോ ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. ഏതേലും ഒരു മാധ്യമം അത് ചര്‍ച്ച ചെയ്തോ? ഇല്ലല്ലോ. അതേസമയം സിപിഐ എമ്മാണെങ്കില്‍ കുറ്റവാളി പാര്‍ടി അംഗമാണെങ്കില്‍ കയ്യോടെ പുറത്താക്കും. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ടിയോ സര്‍ക്കാരോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തും. ഇതാണ് ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം! അതോണ്ട് പൊന്നു മാധ്യമ സാറന്മാരെ, ഇമ്മാതിരി തറക്കളികളിച്ചിട്ട് സിപിഐ എമ്മിനെ ങ്ങട് ഒലത്തിക്കളയാമെന്ന് കരുതല്ലേ. ഡിസിസി അധ്യക്ഷനായ നേതാവ് ഡിസിസി സെക്രട്ടറിയുടെ കുടുംബത്തില്‍കേറി ചിന്നവീടുണ്ടാക്കാന്‍ നെരങ്ങിയപ്പോള്‍ അതിനെ ചോദ്യം ചെയ്ത സെക്രട്ടറിയുടെ കാലു തല്ലിയൊടിച്ച അധ്യക്ഷനെ, പൊലീസ് പിടിയില്‍പ്പെടുന്ന മണല്‍ മാഫിയയെയും വാടകക്കൊലയാളികളെയും സ്റ്റേഷനില്‍ കയറി പിടിച്ചിറക്കിക്കൊണ്ടു പോകുന്ന ജനപ്രതിനിധികൂടിയായ നേതാവിനെ പാര്‍ടിയുടെ സംസ്ഥാനാധ്യക്ഷനാക്കിയപ്പോള്‍ ഓന്‍റെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ ആയിരം നാവുമായിറങ്ങിയ മാധ്യമ ശിങ്കങ്ങളാണ് ആയങ്കിമാരിലും വണ്ടിപ്പെരിയാറുകാരനിലും തൂങ്ങി സിപിഐ എമ്മിനെ ശരിപ്പെടുത്താന്‍ വരുന്നത്. 'ഒന്നു പോ മോനേ ദിനേശാ' എന്നേ ഇവറ്റോളോട് പറയാനുള്ളൂ.

മറ്റൊരു ചര്‍ച്ച പൊടിപൊടിക്കുന്നത് കിറ്റെക്സ് മുതലാളീടെ ഹുങ്കിനും നിയമവിരുദ്ധ നിലപാടിനും നടപടികള്‍ക്കും സര്‍ക്കാര്‍ ചൂട്ടുപിടിക്കുന്നില്ലെന്നതിന്‍റെ പേരിലാണ്. പരിസ്ഥിതി നിയമലംഘനമുണ്ടായാലോ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയില്ലെങ്കിലോ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നില്ലെങ്കിലോ ഒന്നും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ പാടില്ലത്രെ! തന്നെ ആരും ചോദ്യം ചെയ്യാത്ത ഒരു ഭരണസംവിധാനമാണ്, എല്ലാ നിയമങ്ങളും തനിക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരു വ്യവസ്ഥയാണ് സാബുമൊയലാളീന്‍റെ സ്വപ്ന രാജ്യം. അതിവിടെ ഒപ്പിക്കാന്‍ പറ്റുമോന്ന് ഒന്നു പയറ്റിനോക്കി. നടന്നില്ല. തെലങ്കാനയാണ് അല്ലെങ്കില്‍ ഗുജറാത്തോ യുപിയോ മറ്റോ ആണ് തനിക്കുപറ്റിയതെന്ന് ഈ മൊശകോടന്‍ ചിന്തിച്ചാല്‍ തെറ്റില്ല. നിയമോം ചട്ടങ്ങളുമൊന്നും നടപ്പാക്കാത്ത പ്രദേശങ്ങളാണവയെല്ലാം എന്നാണ് മൊയ്ലാളി വിളിച്ചു പറയണത്. പക്ഷേ അതേറ്റുപിടിച്ച് അയാളെ വാലേല്‍ തൂങ്ങിയാടുന്ന മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ കേരളത്തെയും ഇവിടുത്തെ സാധാരണക്കാരെയുമാണ് വെല്ലുവിളിക്കുന്നത്.

ഈ ചര്‍ച്ചയ്ക്കിടയില്‍ വാനനിരീക്ഷകനോ 'ഇടതു'നിരീക്ഷകനോ ഐടി എക്സ്പെര്‍ട്ടോ എന്നെല്ലാം ചമഞ്ഞെത്തുന്ന ഒരു വിദ്വാന്‍ തന്‍റെ അസാമാന്യ വെവരവും വൈഭവവും വിളമ്പുന്നതു കേട്ടൂ - ചങ്ങാത്ത മുതലാളിയും സര്‍ക്കാരും തമ്മില്‍ തെറ്റിയതിന്‍റെ പ്രശ്നമാണത്രെ! എന്‍റെ പൊന്നുമോനേ, സാബു മൊയലാളിക്ക് എന്ത് ഒലക്കേടെ മൂടാണ് ചങ്ങാത്തമായി പിണറായി സര്‍ക്കാര്‍ കൊടുത്തത്? ഭൂമിയും വെള്ളവും വൈദ്യുതിയും നികുതി ഇളവുമെന്തെങ്കിലും നിയമം വിട്ട് കിറ്റെക്സിന്‍റെ കിറ്റിലേക്ക് തള്ളിക്കൊടുത്തെങ്കില്‍ അതങ്ങട് പറയണേനു പകരം, അങ്ങനൊന്നും പറയാനില്ലാത്തോണ്ട് ങ്ങട് വച്ചു കാച്ചുക തന്നെ ചങ്ങാത്ത മുതലാളിത്തം തന്നെന്ന്! മോഡിയണ്ണന്‍ ചെയ്യണതാണിവിടേമെന്നു പറഞ്ഞാലേ ഈ മോന്മാര്‍ക്ക് അങ്ങീന്ന് കൊറ്റളന്നുകൊടുക്കൂത്രെ!

മറ്റൊന്നും പറയാനില്ലാതായതോടെ ലോക്ഡൗണില്‍ പിടിച്ചിട്ടാണ് കളി! ഒരു ഘട്ടത്തില്‍ ലോക്കിടാത്തതെന്തേന്നും പറഞ്ഞാരുന്നു കലപില കൂട്ടിയത്. അതേ ജനുസുകള്‍ തന്നെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്‍റെ അടുത്ത ദിവസം മുതല്‍ ഇതെന്തോരം നിയന്ത്രണം, ഇതൊന്നും പറ്റൂല്ലാന്നു പറഞ്ഞായി ചര്‍ച്ച. ഇപ്പോ അത് വ്യാപാരികളെ മുന്‍നിര്‍ത്തിയായെന്നു മാത്രം! ഒരു ദിവസം മുഴുവന്‍ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഗലാട്ട തുടങ്ങാന്‍ പോണെന്നു പറഞ്ഞായി ചര്‍ച്ച. അത് നടക്കാതായതോടെ വ്യാപാരികള്‍ സമരം ചെയ്യാത്തതെന്തേന്നായി. കൊറോണയും കോവിഡുമെല്ലാം കേരളത്തിലേയുള്ളൂ, അത് നിയന്ത്രിക്കാന്‍ നടപടികള്‍, ലോക്ഡൗണ്‍ എല്ലാം പിണറായി സര്‍ക്കാരിന്‍റെ ഓരോരോ ഏര്‍പ്പാടുകളെന്ന മട്ടിലാണ് ചാനല്‍ കുട്ടന്മാരുടേം കുട്ടത്തിമാരുടേം ഗീര്‍വാണങ്ങള്‍.


11-ാം തീയതി മനോരമ പുതിയൊരു വിഷയോമായി എത്തീരിക്കണതു കൂടിയൊന്നു നോക്കാം. ഒന്നാം പേജ് സാധനം ഇങ്ങനെ : "ജി സുധാകരനെതിരെ അന്വേഷണം. അമ്പലപ്പുഴയിലെ അലംഭാവം പരിശോധിക്കാന്‍ സിപിഎം". അതുകൊണ്ടരിശം തീരാത്തവനൊരു കല്ലേല്‍ തന്നെ കടിയും തുടങ്ങി എന്നു പറഞ്ഞപോലെ 7-ാം പേജിലാകെ പരന്നൊഴുകുകയാണ് കണ്ടത്തിലുകാരുടെ സിപിഐ എം വിരുദ്ധ സാഹിത്യം. നോക്കൂ, "അവസാന വാക്ക്, അവസാനം പഴി", "തോല്‍പ്പിക്കാന്‍ ശ്രമിച്ചില്ല ജയിക്കാന്‍ വാശി കാട്ടിയതുമില്ല", "എന്തേ സുധാകര മൗനം?" "സലാം സഖാവേ!" ഇങ്ങനെ പോകുന്നു കണ്ടത്തിലുകാരുടെ ഓട സാഹിത്യം! എന്തേലും കുത്തിത്തിരിപ്പുണ്ടാക്കാന്‍ പറ്റുമോന്നാണ് ഓരുടെ ഒരു നോട്ടം.

ഓരോ വ്യക്തിക്കും ഓരോ കമ്മറ്റിക്കും ചുമതലകള്‍ നിശ്ചയിച്ചാണ് സിപിഐ എം ഏതു പ്രവര്‍ത്തനവും നടത്തുന്നത്. പ്രക്ഷോഭ പരിപാടികളായാലും തിരഞ്ഞെടുപ്പായാലും സമ്മേളനങ്ങളായാലും അതുകഴിഞ്ഞാല്‍ അത് വിമര്‍ശനം - സ്വയം വിമര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതും വീഴ്ചകളോ പോരായ്മകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തി പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളുന്നതും പതിവാണ്. തിരഞ്ഞെടുപ്പാകുമ്പോള്‍ പരാജയപ്പെടുമ്പോള്‍ മാത്രമല്ല, ജയിച്ചാലും സൂക്ഷ്മതലത്തിലുള്ള പരിശോധന പാര്‍ടി രീതിയാണ്. പരിശോധനയില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ എന്തായാലും അത് പാര്‍ടിക്കുള്ളില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യേണ്ടതാണെങ്കില്‍ അങ്ങനെയും പൊതുസമൂഹത്തിനു മുന്നിലാകെ അവതരിപ്പിക്കേണ്ടതാണെങ്കില്‍ അങ്ങനെയും കൃത്യമായി ചെയ്യുന്നതാണ് പാര്‍ടിയുടെ പതിവ്. ഇതൊന്നും വ്യക്തികേന്ദ്രിതവുമല്ല. കോണ്‍ഗ്രസിനെയും മറ്റു ബൂര്‍ഷ്വാ പാര്‍ടികളെയും പോലെ പരാജയപ്പെടുമ്പോള്‍ മാത്രം ചര്‍ച്ചയും തലമാറ്റലും അന്തരീക്ഷമാകെ നാറ്റിക്കുന്ന ഗ്വാഗ്വാ വിളികളുമൊന്നുമല്ല സിപിഐ എം രീതിയെന്ന് കണ്ടത്തിലെ പത്രത്തിന് അറിയാത്തതല്ല. ഇതിനൊന്നും റബറ് കൊച്ചമ്മേടെ അടുക്കള വാതിക്കല്‍ ചെന്ന് തിരുവുള്ളമുണര്‍ത്തിക്കേണ്ട കാര്യവും സിപിഐ എമ്മിനില്ല. സിപിഐ എമ്മിനെ അങ്ങട് തേച്ചൊട്ടിച്ചു കളയാമെന്നാണ് ഓരുടെ ഉള്ളിലിരിപ്പെങ്കില്‍ അത് മനസ്സില്‍ വെച്ചിരുന്നാല്‍മതി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം വരിച്ചതില്‍ അര്‍മാദിക്കുകയല്ല, കൂടുതല്‍ മുന്നോട്ടുപോകാന്‍, പാര്‍ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് പാര്‍ടിയിലാകെ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം. അത് അമ്പലപ്പുഴയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. പരിശോധിക്കപ്പെടേണ്ട എന്തെങ്കിലും പ്രശ്നം എവിടെ ശ്രദ്ധയില്‍പെട്ടാലും അത് കൃത്യമായി പരിശോധിക്കുന്ന പാര്‍ടി രീതിയാണ് ഇപ്പോഴും ഉണ്ടായത്. ഘടകകക്ഷി  നേതാക്കള്‍ മത്സരിച്ച കല്‍പറ്റ, പാലാ മണ്ഡലങ്ങളിലും ഇത്തരമൊരു പരിശോധന നടത്തുന്ന കാര്യം പാര്‍ടി സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണല്ലോ. പുറമേ വിജയിച്ചതും പരാജയപ്പെട്ടതുമായ മറ്റു ചില മണ്ഡലങ്ങളിലും ഓരോ പ്രദേശത്തും പരിശോധന നടത്തുന്ന പതിവും ഇക്കുറിയും നടക്കുന്നുവെന്നേയുള്ളൂ. അക്കൂട്ടത്തില്‍ ചില പ്രശ്നങ്ങള്‍ പാര്‍ടിയുടെ മുന്നില്‍ ഉയര്‍ന്നുവന്ന മണ്ഡലങ്ങളിലൊന്നാണ് അമ്പലപ്പുഴയും. ആ പുഴേലെ തണുപ്പുകണ്ട് മനോരമ കൊച്ചമ്മ ങ്ങട് കുളിര് കോരണ്ട. 


നയതന്ത്ര സ്വര്‍ണക്കടത്തുവീണ്ടും പൊക്കിപ്പിടിക്കാനും മനോരമ ഒരു ശ്രമം നടത്തുന്നുണ്ട്. 11-ാം തീയതി 6-ാം പേജിലും 12-ാം തീയതി 7-ാം പേജിലും. കേസിലെ ഒന്നാം പ്രതി സരിത്തിനെ ഉദ്ധരിച്ചാണ് കളി. കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ കേസുമായി ബന്ധപ്പെടുത്താന്‍ ഏതോ ചില ജയില്‍ ഉദ്യോഗസ്ഥര്‍ ഇയാളോട് പറഞ്ഞുപോലും. എന്നാല്‍ 12-ാം തീയതി 7-ാം പേജിലെ സ്റ്റോറി കൂടി നോക്കുമ്പോള്‍ സങ്കതീന്‍റെ ഗുട്ടന്‍സ് പിടികിട്ടും. "കേരളത്തിനു പുറത്തേക്ക് ജയില്‍ മാറ്റത്തിനു നീക്കം". ഇത് മനോരമ കുഞ്ഞന്‍മാരുടേം കൂടി മോഹചിന്തയാണെന്ന് വ്യക്തം. നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികളെ കര്‍ണാടകത്തിലേക്കോ മറ്റോ മാറ്റിയാല്‍ ഇ ഡി, കസ്റ്റംസ് അണ്ണന്മാര്‍ക്ക് കള്ളമൊഴി തട്ടിക്കൂട്ടാന്‍ പിന്നെന്തെളുപ്പം. കേരളത്തിലെ ബിജെപി നേതൃത്വം കുഴല്‍പ്പണ കുരുക്കില്‍പെട്ട് ചക്രശ്വാസം വലിക്കുമ്പോള്‍ ആ ചര്‍ച്ചയില്‍നിന്ന് ഓരെയൊന്ന് ഊരിയെടുക്കാന്‍ കോട്ടയം കൊച്ചമ്മേം കോണ്‍ഗ്രസുകാരും കൂടി നടത്തണ പെടാപ്പാടേ! •