ജമ്മു കാശ്മീരില്‍ സംഭവിക്കുന്നത്

വി ബി പരമേശ്വരന്‍

ളരെ പ്രതീക്ഷയോടെയാണ് ജൂണ്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തത്. എന്നാല്‍ വെറുംകയ്യോടെ മടങ്ങേണ്ടിവന്നതിലുള്ള നൈരാശ്യത്തിലാണ്  അവരിപ്പോള്‍. അഞ്ചംഗ ഗുപ്കാര്‍ സഖ്യത്തിന്‍റെ വക്താവും സിപിഐ എം നേതാവുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഭാഷയില്‍, പറയുകയാണെങ്കില്‍  നിരാശ വര്‍ധിപ്പിച്ചുവെന്നതല്ലാതെ അത് ലഘൂകരിക്കാനുള്ള ഒരു നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയുണ്ടായില്ല. സംസ്ഥാന പദവി പുന:സ്ഥാപിക്കുമെന്ന മുന്‍ ഉറപ്പ് പാലിക്കുമെന്നെങ്കിലും കേന്ദ്രം പറഞ്ഞിരുന്നുവെങ്കില്‍ രണ്ടു വര്‍ഷമായി നിലച്ചുപോയ രാഷ്ട്രീയ പ്രക്രിയ മുന്നോട്ടുപോകുമെന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ ആദ്യം മണ്ഡല പുനര്‍നിര്‍ണയം, അതിന് ശേഷം തിരഞ്ഞെടുപ്പും സംസ്ഥാനപദവിയും എന്ന നയമാണ് മോഡി സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഗുപ്കാര്‍ സഖ്യത്തിനു മാത്രമല്ല അതിനു പുറത്ത് പങ്കെടുത്ത മറ്റ് മൂന്നു കക്ഷികള്‍ക്കു പോലും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം സ്വീകാര്യമായിരുന്നില്ല. ആദ്യം സംസ്ഥാന പദവി, അതിനുശേഷം മണ്ഡല പുനര്‍നിര്‍ണയവും തിരഞ്ഞെടുപ്പും എന്ന രീതിയാണ് ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവയ്ക്കുന്നത്. ജൂലായ് 13 ന് രക്തസാക്ഷി ദിനത്തില്‍(ദോഗ്ര രാജഭരണത്തിനെതിരെ കാശ്മീരികള്‍ 1931 ജൂലായ് 13 ന് നടത്തിയ പോരാട്ടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ട ദിനം) ശ്രീനഗറിലെ നക്സബന്ദ് സാഹിബില്‍ പോയി പ്രാര്‍ഥിക്കാനുള്ള അനുവാദം പോലും നിഷേധിക്കപ്പെട്ടത് ജമ്മു കാശ്മീര്‍ ഇപ്പോഴും പട്ടാളബൂട്ടുകളില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുകയാണെന്നതിന്‍റെ നേര്‍സാക്ഷ്യമാണ്.  

2019 ആഗസ്ത് 5 നാണ് ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കി ജമ്മു  കാശ്മീരിനുള്ള  പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയത്. 22 മാസങ്ങള്‍ക്കുശേഷം ആദ്യമായാണ്, ജൂലായ് 24 ന് യൂണിയന്‍ ഗവണ്‍മെന്‍റ് കാശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്.  څഗുപകാര്‍ ഗ്യാങ്چ (ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2019 ല്‍ രൂപംകൊണ്ട ജമ്മു  കാശ്മീരിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ കൂട്ടുകെട്ടാണ് ഗുപ്കാര്‍ സഖ്യം)എന്നാക്ഷേപിച്ച് ഭീകരവാദത്തിന് ചൂട്ടുപിടിക്കുന്നവരെന്ന് കുറ്റപ്പെടുത്തി ജയിലിലടച്ച നേതാക്കളുമായി ഒരുമേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യാന്‍ മോഡിയും ഷായും തയ്യാറായി. ജമ്മു കാശ്മീരിലെ എട്ട് രാഷ്ട്രീയ പാര്‍ടികളെ പ്രതിനിധീകരിച്ച് 14 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. യൂണിയന്‍ ഗവണ്‍മെന്‍റിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്തപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ടികളെ പ്രതിനിധീകരിച്ച് നാല് മുഖ്യമന്ത്രിമാരും(നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപിയെ പ്രതീനിധീകരിച്ച് മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗുലാം നബി ആസാദ്) യോഗത്തില്‍ പങ്കെടുത്തു. സിപിഐ എം കേന്ദ്രകമ്മിറ്റി  അംഗം മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു  കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജ്ജാദ് ലോണ്‍, പാന്തേഴ്സ് പാര്‍ടി നേതാവ് ഭീംസിങ്, ജമ്മു  കാശ്മീര്‍ അപ്നി പാര്‍ടി നേതാവ് അല്‍താഫ് ബുഖാരി എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുത്തു. ജമ്മു  കാശ്മീരില്‍ രാഷ്ട്രീയ പ്രക്രിയ പുനഃസ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട മുന്‍കൈ എല്ലാവരും സ്വാഗതം ചെയ്തുവെങ്കിലും പെട്ടെന്ന് ഇത്തരമൊരു നീക്കം നടത്താന്‍ എന്താണ് കാരണമെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

കാശ്മീരില്‍ ബിജെപിയുടെ തന്ത്രം ഫലിക്കാതായപ്പോഴാണ് ഇത്തരമൊരു നീക്കത്തിന് യൂണിയന്‍ ഗവണ്‍മെന്‍റ് തയ്യാറായത് എന്നാണ് ഒരു വ്യാഖ്യാനം. പ്രത്യേക പദവി എടുത്തുകളഞ്ഞ് ജനസംഖ്യാനുപാതത്തില്‍ മാറ്റം വരുത്തി മുസ്ലീം ഭൂരിപക്ഷമില്ലാത്ത സംസ്ഥാനമായി ജമ്മു കാശ്മീരിനെ മാറ്റുക എന്ന ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ്  മനംമാറ്റമെന്നാണ് മറ്റൊരു പക്ഷം.  ബ്യൂറോക്രസിയുടെ പ്രകടനത്തിന് പരിധിയുണ്ടെന്നും പൊതുജനസേവനത്തിന് രാഷ്ട്രീയ പാര്‍ടികളുടെ സാന്നിധ്യം അനിവാര്യമാണെന്നും കേന്ദ്രത്തിന് ബോധ്യപ്പെട്ടുവെന്ന് ഇക്കുട്ടര്‍ വാദിക്കുന്നു. മറ്റൊരു വ്യാഖ്യാനം അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുവന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്മാറ്റം ആരംഭിച്ചിരിക്കുന്നു. സ്വാഭാവികമായും താലിബാന് അഫ്ഗാനില്‍ മേല്‍ക്കൈ ലഭിക്കാനാണ് സാധ്യത. ആഭ്യന്തരയുദ്ധത്തിലേക്ക് അഫ്ഗാന്‍ വഴുതി വീഴുകയുമാകാം. സ്വാഭാവികമായും കശ്മീരിലെ സ്ഥിതിയും വഷളാകാനുള്ള സാധ്യതയുണ്ട്. കാശ്മീരിലെ ജനങ്ങളുമായി അടുത്ത ബന്ധമുള്ള  രാഷ്ട്രീയ പാര്‍ടികളെ വിശ്വാസത്തിലെടുത്ത് ഈ പ്രതിസന്ധി മറികടക്കുകയാണ് യൂണിയന്‍ ഗവണ്‍മെന്‍റിന്‍റെ ലക്ഷ്യമെന്നാണ് മറ്റൊരു വ്യാഖ്യാനം.


എന്നാല്‍ രാജ്യത്ത് ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മോഡിڊ-ഷാ കൂട്ടുകെട്ടിന്‍റെ ലക്ഷ്യം ഇതൊന്നുമല്ലെന്ന് ഉറപ്പാണ്. അങ്ങനെ ആയിരുന്നുവെങ്കില്‍ സംസ്ഥാന പദവിയെങ്കിലും തിരിച്ചുനല്‍കാനുള്ള ചര്‍ച്ചയ്ക്ക് അവര്‍ തുടക്കമിടുമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം തിരഞ്ഞെടുപ്പ് എന്നും അതിന് ശേഷം മാത്രം സംസ്ഥാനപദവിയെക്കുറിച്ച് ആലോചിക്കാമെന്നുമാണ് കേന്ദ്ര പ്രതിനിധികള്‍ വ്യക്തമാക്കിയത്.  യോഗശേഷം പ്രധാനമന്ത്രിയും അമിത് ഷായും ചെയ്ത ട്വീറ്റുകള്‍ ഇതു വ്യക്തമാക്കുന്നു.  പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ നല്‍കിയ സംസ്ഥാന പദവി എന്ന വാഗ്ദാനം പാലിക്കുന്നതിന് മണ്ഡലപുനര്‍നിര്‍ണയവും സമാധാനപരമായ തിരഞ്ഞെടുപ്പും നടക്കേണ്ടത് അനിവാര്യമാണെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രിയും ഇതു തന്നെ ആവര്‍ത്തിച്ചു. ഇതില്‍ നിന്നും വ്യക്തമാകുന്നത് സംസ്ഥാന പദവി എന്നത് വിദൂരമായി മാത്രം നടക്കാന്‍ പോകുന്ന കാര്യം മാത്രമാണെന്നാണ്. രണ്ടു വര്‍ഷം മുമ്പ് അമിത് ഷാ പറഞ്ഞത് څഉചിതമായ സമയത്ത്چ സംസ്ഥാന പദവി എന്നായിരുന്നു. അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടത്. നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി, സിപിഐ എം തുടങ്ങി ഏഴ് രാഷ്ട്രീയ പാര്‍ടികള്‍ സ്ഥാപിച്ച ഗുപ്കാര്‍ സഖ്യം( കോണ്‍ഗ്രസും സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് കോണ്‍ഫ്രന്‍സും പിന്നീട് സഖ്യത്തില്‍ നിന്നു പുറത്തുപോയി.) മുന്നോട്ടുവെച്ച ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിക്കുന്ന പ്രശ്നമേയില്ല എന്ന സന്ദേശമാണ് ബിജെപി നേതൃത്വം നല്‍കിയത്. 

കോണ്‍ഗ്രസ് പാര്‍ടി ഇപ്പോള്‍ കാശ്മീരിനുള്ള പ്രത്യേക പദവി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും തയ്യാറല്ല. ഈ ആവശ്യം ശക്തമായി മുന്നോട്ടുവെയ്ക്കുന്ന ഗുപ്കാര്‍ സഖ്യത്തില്‍ നിന്നുതന്നെ വിടചൊല്ലിയാണ് കോണ്‍ഗ്രസ് ബിജെപി അജന്‍ഡയോട് കൂറു പ്രഖ്യാപിച്ചത്. യോഗത്തില്‍ ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും മറ്റും  ഭരണഘടനയിലെ 370-ാം വകുപ്പ് പുനസ്ഥാപിക്കുന്ന വിഷയം പരാമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇടപെടുകയും ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ലെന്ന്  അഭിപ്രായപ്പെട്ടുവെന്നും യോഗത്തില്‍ പങ്കെടുത്ത ജമ്മു കാശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ടി നേതാവ് ഭീംസിങ്ങിനെ ഉദ്ധരിച്ച് څദ വീക്ക്چ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.  370 ാം വകുപ്പിനെ പിന്തുണച്ചാല്‍ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള ഹിന്ദുവോട്ട് ചോര്‍ന്നുപോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭയം. ഇത്തരം മൃദുഹിന്ദുത്വ സമീപനമാണ് രാജ്യത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തളര്‍ത്തിയത് എന്ന് എന്നാണ് അവര്‍ തിരിച്ചറിയുക? ഏതായാലും സംസ്ഥാന പദവിയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ എന്ത് സാംഗത്യമാണുള്ളതെന്ന ചോദ്യം ഗുപ്കാര്‍ സഖ്യം ശക്തമായി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെയും പുതുച്ചേരിയിലെയും പോലെ എല്ലാ ഭരണാധികാരങ്ങളും ലഫ്റ്റനന്‍റ് ഗവര്‍ണറില്‍ നിക്ഷിപ്തമായ ഒരു ഭരണമാണോ ബിജെപി ജമ്മു കാശ്മീരിലും വിഭാവനം ചെയ്യുന്നതെന്ന സംശയവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ധൃതിപിടിച്ച് ജമ്മു കാശ്മീരില്‍ മാത്രം മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത് ഹിന്ദുത്വ അജന്‍ഡയുടെ ഭാഗം തന്നെയാണ്. അസമില്‍ ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് മണ്ഡല പുനര്‍നിര്‍ണയം നടത്താതെയായിരുന്നു. പക്ഷേ ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തണമെന്നാണ് മോഡിയും ഷായും പറയുന്നത്. ജമ്മു  കാശ്മീരിനെ ദേശീയധാരയുടെ ഭാഗമാക്കാനാണ് പ്രത്യേക പദവി എടുത്തു കളഞ്ഞതെന്നാണ് ബിജെപിയുടെ വാദം. അങ്ങനെയെങ്കില്‍ രാജ്യം മുഴുവന്‍ മണ്ഡല പുനര്‍നിര്‍ണയും നടത്തുമ്പോഴല്ലേ ജമ്മു  കാശ്മീരിലും അത് നടത്തേണ്ടത്. രാജ്യം മുഴുവന്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത് 2021 ലെ സെന്‍സസ് അനുസരിച്ച് 2026 ലാണ്. എന്നാല്‍ ജമ്മു  കാശ്മീരില്‍ മാത്രം 2011 ലെ സെന്‍സസ് അനുസരിച്ച് 2021 ലും! പ്രത്യേക പദവി പിന്‍വലിക്കുന്നതിനു മുന്‍പ് 111 നിയമസഭാ മണ്ഡലങ്ങളാണ് ജമ്മു  കാശ്മീരില്‍ ഉണ്ടായിരുന്നത്. ഇതില്‍ 46 സീറ്റ് കാശ്മീരിലും 37 സീറ്റ് ജമ്മുവിലും നാല് സീറ്റ് ലഡാക്കിലുമാണ്. ബാക്കിവരുന്ന 24 സീറ്റ്  പാക്അധിനിവേശ കാശ്മീരിലുള്ളതാണ്. അതായത് യഥാര്‍ത്ഥത്തില്‍ നിലവില്‍ 87 സീറ്റാണുള്ളതെന്നര്‍ഥം. ലഡാക്ക് ഇപ്പോള്‍ ജമ്മു കാശ്മീരിന്‍റെ ഭാഗമല്ലാത്തതിനാല്‍ ജമ്മു കാശ്മീര്‍ എന്ന കേന്ദ്ര ഭരണപ്രദേശത്ത് 83 സീറ്റാണുണ്ടാകുക.ഇതില്‍ ഏഴു സീറ്റ് വര്‍ധിപ്പിച്ച് 90 സീറ്റാക്കുകയാണ് ലക്ഷ്യം. ജമ്മുവില്‍ അഞ്ച് സീറ്റ് വര്‍ധിക്കുമ്പോള്‍ കാശ്മീരില്‍ രണ്ട് സീറ്റ് മാത്രമാണ് വര്‍ധിക്കുക. എസ്സി, എസ്ടി സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തി ജമ്മുവില്‍ സീറ്റ് വര്‍ധിപ്പിക്കുകയാണ് തന്ത്രം. ബിജെപി ലക്ഷ്യമിട്ട രീതിയില്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ജമ്മുവില്‍ 42 സീറ്റും കാശ്മീരില്‍ 48 സീറ്റുമാണുണ്ടാകുക. നേരത്തേ കാശ്മീരും ജമ്മുവും തമ്മിലുള്ള വ്യത്യാസം 9 സീറ്റായിരുന്നുവെങ്കില്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ അത് ആറ് സീറ്റായി കുറയും. ജമ്മുവിലെ ഭൂരിപക്ഷം സീറ്റും പിടിച്ച് കാശ്മീരില്‍ നിന്നും അപ്നി പാര്‍ടിയും പീപ്പിള്‍സ് കോണ്‍ഫ്രന്‍സും നേടുന്ന സീറ്റും കൂട്ടിച്ചേര്‍ത്ത് സഖ്യകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ബിജെപിയുടെ ആത്യന്തികമായ ലക്ഷ്യം. 

ജമ്മു കാശ്മീരിലെ സംഘ പരിവാര്‍ അജന്‍ഡകള്‍ അതിവിപുലമാണ്. അതിങ്ങനെ സംഗ്രഹിക്കാം. (1)ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവില്‍ ബിജെപിയുടെ ആധിപത്യം ഉറപ്പിച്ച് നിയമസഭയില്‍ താഴ്വരയുടെ പ്രാധാന്യം കുറയ്ക്കുക.(2) ബിജെപിയുടെ പങ്കാളിത്തമോ പിന്തുണയോ ഇല്ലാതെ ഭാവിയില്‍ ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമാക്കുക.(3) ജമ്മുവും കാശ്മീര്‍ താഴ്വരയും തമ്മിലുള്ള സ്പര്‍ദ്ധ വളര്‍ത്തി വര്‍ഗീയധ്രുവീകരണം ശക്തമാക്കുക.(4) മുസ്ലീം ഭൂരിപക്ഷ പ്രദേശമായ താഴ്വരയുടെ രാഷ്ട്രീയ പ്രാധാന്യം ഇടിച്ചുനിരത്തി രാജ്യത്തെ മറ്റുപ്രദേശങ്ങളില്‍ നിന്നുള്ള ഹിന്ദുവോട്ടുകള്‍ നേടുക(5) അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന യുപി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലും ഇക്കാര്യം പ്രചരണവിഷയമാക്കി വര്‍ഗീയധ്രുവീകരണം ശക്തമാക്കുക. അതിനുള്ള ശ്രമങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.  •