നവമാധ്യമങ്ങളിലെ ഇടതുപക്ഷം-

അഡ്വ. കെ അനില്‍കുമാര്‍

മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്ന പക്ഷപാതപരമായ വാര്‍ത്തകളെ പൊളിച്ചടുക്കുന്നതില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം അതിന്‍റെ പല വശങ്ങളെയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഫെയ്സ്ബുക്കിലൂടെയും ഇതര നവ മാധ്യമങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ തുടര്‍ച്ചയായി ബ്രേക്കിങ്ങിലൂടെ എയ്തുവിടുന്ന വാര്‍ത്താ പ്രവാഹങ്ങളില്‍ കലരുന്ന മാലിന്യങ്ങളെയും അസത്യങ്ങളെയും പക്ഷപാതങ്ങളെയും തുറന്നുകാട്ടുന്നതിന് മിനിറ്റുകളുടെ ഇടവേളമാത്രം മതിയെന്നായിട്ടുണ്ട്. ആദ്യമൊക്കെ, ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തിവന്ന പ്രതിരോധമോ, രാഷ്ട്രീയ ദൗത്യമോ ആയിരുന്നെങ്കില്‍ ഇക്കാലത്ത് സ്ഥിതിഗതികള്‍ മാറി. രാഷ്ട്രീയക്കാര്‍ മാത്രമല്ല, കോര്‍പറേറ്റ് സ്ഥാപനങ്ങളും, വ്യവസായ സംരംഭങ്ങളും നവമാധ്യമസേനയെ സൃഷ്ടിച്ചുകഴിഞ്ഞു. ചാനലുകളുടെ റേറ്റിംഗ് ലക്ഷ്യംവയ്ക്കുന്ന മാധ്യമങ്ങള്‍ നവമാധ്യമരംഗത്ത് പലതരം ഇടപെടലുകള്‍ നടത്താന്‍ പ്രൊഫഷണല്‍ മാര്‍ഗങ്ങള്‍കൂടി അവലംബിക്കുകയാണ്. 

യു ട്യൂബിലൂടെയും മറ്റ് പൊതു പ്ലാറ്റ്ഫോമുകളിലൂടെയും സ്വയം വ്യാപിക്കാനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഓരോ വ്യക്തിയും, പത്രപ്രവര്‍ത്തകനും ചാനല്‍ നടത്തിപ്പുകാരനുമൊക്കെയായി മാറുന്ന പ്രവണതകള്‍ക്ക് വേഗമേറിയിരിക്കുന്നു. വിദേശങ്ങളില്‍ ഇരുന്ന് സ്വദേശത്തുള്ളവരെ "കൈകാര്യം" ചെയ്യുന്നവരും നാട്ടില്‍തന്നെയിരുന്ന് മറുനാടന്‍മാരായി അവതരിക്കുന്നവരും നവമാധ്യമ അരാരാജക വേദികളിലെ വിളയാട്ടക്കാരാണ്.

ഓരോ വ്യക്തികള്‍ക്കും നവമാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടാകുന്നത് അനിവാര്യമായിരിക്കുന്നു. വെബ്സൈറ്റുകളിലെ അപ്ഡേറ്റിംഗ്പോലെ നവമാധ്യമ അക്കൗണ്ടുകള്‍ തത്സമയമാക്കുന്നതും പ്രധാനമായിട്ടുണ്ട്. സെലിബ്രിറ്റികളെയും ഭരണാധികാരികളെയും, മറ്റ് പ്രഗല്‍ഭരെയും പിന്‍തുടരുന്ന രീതിക്കാരുമുണ്ട്. ഇതിനെല്ലാമിടയില്‍ അഞ്ചാംപത്തികള്‍ക്ക് വേണ്ടത്ര മേയാനിടയുണ്ടെന്നതും നവമാധ്യമമേഖലയുടെ പ്രത്യേകതയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ബിജെപി  നവമാധ്യമ മേഖലയിലെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കിയത്. കോര്‍പറേറ്റ് കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരെ ഉള്‍പ്പെടെ വിപുലമായ വിദഗ്ധരെ മാസങ്ങള്‍ക്കുമുമ്പ് പരിശീലനംനല്‍കി ഗ്രാമതലംവരെ ഇടപെട്ടാണ് പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പദ്ധതിയിട്ടത്. കോടികള്‍ ചെലവഴിച്ച ഒരു യജ്ഞമായിരുന്നു അത്. അതിന്‍റെ തുടര്‍ച്ചയായി, മറ്റു രാഷ്ട്രീയ പാര്‍ടികളും നവമാധ്യമ മേഖലയിലെ ഇടപെടല്‍ ശക്തമാക്കി.

വര്‍ഗീയതയുടെ വികാര പരിസരം സൃഷ്ടിക്കുന്ന പൊതു ബോധ നിര്‍മിതിക്കായുള്ള ഇടപെടലുകളുടെ വേലിയേറ്റമാണ് പലപ്പോഴും സംഭവിക്കുന്ന മറ്റൊരു പ്രവണത. തിരഞ്ഞെടുപ്പുകള്‍പോലുള്ള സന്ദര്‍ഭങ്ങളിലാണ് രാഷ്ട്രീയകാര്യങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതും വ്യക്തികേന്ദ്രീകൃതമായാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. മറ്റു സന്ദര്‍ഭങ്ങളില്‍, വര്‍ഗീയ ശക്തികള്‍ അരങ്ങു കീഴടക്കുന്നതു കാണാം. 

കോവിഡ്-19 കടന്നുവരികയും, അടച്ചുപൂട്ടലിന്‍റെ തടവില്‍ മനുഷ്യരെല്ലാവരും പെട്ടുപോവുകയും ചെയ്തതോടെ, നവമാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ എണ്ണവും ഓരോരുത്തരും അതിനായി ചെലവഴിക്കുന്ന സമയവും കൂടി. വാട്സ് ആപ് കൂട്ടായ്മകളുടെ എണ്ണം പെരുകി. വിവിധ സംഘടനകളും, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച കമ്മറ്റികളും മത-സമുദായ സംഘടനകളുമൊക്കെ, വിവരങ്ങള്‍ പങ്കിടാനുള്ള മാധ്യമമാക്കി വാട്സ്ആപ്പ് കൂട്ടായ്മകളെ മാറ്റി. ഇതിന്‍റെ ഫലമായി തങ്ങളുടെ സ്വത്വത്തെ അതാക്കി ഉറപ്പിച്ചു നിര്‍ത്താനുള്ള ആശയ പരിസരം സൃഷ്ടിക്കുന്ന ആക്രമണോത്സുകമോ, ന്യായീകരണക്ഷമമോ ആയ ആശയങ്ങളുടെ നിര്‍മിതിയും പങ്കിടലുമായി നവമാധ്യമങ്ങളെ ഓരോ കൂട്ടരും ഉപയോഗിക്കുന്നു. അതിവേഗത്തിലുള്ള സാങ്കേതിക മികവിന്‍റെ ഉല്‍പന്നമായ ഇന്‍റര്‍നെറ്റും, അനുബന്ധ പ്ലാറ്റ്ഫോമുകളും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുകളും മാറ്റത്തെ ശക്തിപ്പെടുത്തുന്നതിനുപകരം യാഥാസ്ഥിതികത്വത്തെ അരക്കിട്ടുറപ്പിക്കുന്ന നിലയിലേക്ക് ഉപയോഗിക്കപ്പെടുന്നു. ശാസ്ത്രത്തിന് സ്വയം വിമോചക പദവിയില്ലായെന്നും, അതിലിടപെട്ട് വിമോചനശേഷി കൂട്ടി ശാസ്ത്രത്തിനു കരുത്തുപകരുകയെന്ന ദൗത്യംകൂടി തൊഴിലാളിവര്‍ഗത്തിനുണ്ട്. ഈ കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷം നവമാധ്യമ മേഖലയില്‍ ഇടപെടേണ്ടത്. 

തങ്ങളുടെ ആശയത്തിന്‍റെ പരിമിതമായ അവതരണങ്ങളുടെയും പ്രതിരോധത്തിന്‍റെയും തലത്തില്‍നിന്ന് നവമാധ്യമങ്ങളിലെ ഇടപെടലിന്‍റെ രീതിശാസ്ത്രമാണ് മാറ്റേണ്ടത്.  ശാസ്ത്രത്തിന്‍റെ ഏറ്റവും ആധുനിക ഉല്‍പന്നമായ നവമാധ്യമ മേഖലകളെ തനി പഴഞ്ചന്‍ പ്രത്യയശാസ്ത്രങ്ങള്‍ കൈകാര്യംചെയ്യുന്നവരുടെ കൈപ്പിടിയില്‍ വിട്ടുകൊടുത്തുകൂടാ. ആ തിരിച്ചറിവില്‍നിന്നാണ്, വര്‍ഗസമരത്തിലെ ആശയ പോരാട്ടമേഖലയില്‍ സുപ്രധാന തലമെന്നനിലയില്‍ ഇടതുപക്ഷ സാന്നിധ്യം കാലം ആവശ്യപ്പെടുന്നത്. സിപിഐ എമ്മിനെ സംബന്ധിച്ച് അതിലെ അംഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല ഈ മേഖല. പരസ്പരം നേരില്‍ കണ്ടിട്ടുപോലുമില്ലാത്തവര്‍ ഫെയ്സ്ബുക്ക് ചങ്ങാതിമാരാവുകയും, വ്യാജ അക്കൗണ്ടില്‍ കാമുകവേഷമണിഞ്ഞ് കബളിപ്പിക്കുകയും ചെയ്യുന്ന അരാജകത്വംനിറഞ്ഞ ഒരിടത്ത് രാഷ്ട്രീയപാര്‍ടികള്‍ക്ക് ആരെയെങ്കിലും നിയന്ത്രിക്കാനാകുമോ? അശ്ലീലപോസ്റ്റുകള്‍, അന്യരെ അപമാനിക്കുന്ന പോസ്റ്റുകള്‍ തുടങ്ങി നിയമ ഇടപെടല്‍ ആവശ്യമാകുന്ന സംഭവങ്ങള്‍ ഉണ്ട്. എന്നാല്‍ അഭിപ്രായപ്രകടനതലത്തില്‍ മാത്രം നില്‍ക്കുന്നവ അത്തരം വലയങ്ങള്‍ക്കു പുറത്താണ്. നവമാധ്യമങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ പിന്താങ്ങുന്നവരുടെ എല്ലാ ചെയ്തികളുടെയും ഉത്തരവാദിത്വം ആര്‍ക്കും ഏറ്റെടുക്കാനാകാത്തവിധമാണ് നവമാധ്യമങ്ങളുടെ ഘടനയും രീതികളും നിയമസംഹിതകളും നിലനില്‍ക്കുന്നത്.
 
അര്‍ജുന്‍ ആയങ്കിയെന്ന ഒരു പേര് കുറച്ചുദിവസമായി കേള്‍ക്കുന്നു. ചെ ഗുവേരയുടെ ചിത്രവും ചുവപ്പ് തലേക്കെട്ടും, ഒക്കെ ചേര്‍ത്ത് സ്വയം വിപ്ലവകാരികളായി അവതരിക്കുന്ന ചിലര്‍ ഉണ്ട്. അവരുടെ വ്യക്തിജീവിതത്തിലെ ദുഷ്ചെയ്തികള്‍, ഇടതു രാഷ്ട്രീയത്തിന്‍റെ തലയില്‍ വച്ചുകെട്ടാന്‍ മാത്രമുള്ള വിരുതാണ് പ്രതിപക്ഷവും മാധ്യമങ്ങളും കാട്ടിയത്. ചില ക്രിമിനല്‍ കേസുകളിലെ പ്രതികളെ ഇടതു രാഷ്ട്രീയത്തിന്‍റെ ബിംബങ്ങള്‍ ആക്കുന്നു. ആവര്‍ത്തിച്ചു പറയുന്ന അന്‍പത്തിരണ്ടു വെട്ടുകഥയിലൂടെ അതിനു മുമ്പും പിമ്പും വലതുപക്ഷം നടത്തിയ എല്ലാ തിന്മകളും മറച്ചുവയ്ക്കപ്പെടുന്നു. ബൂര്‍ഷ്വാ മാധ്യമ തന്ത്രങ്ങള്‍ പലതുണ്ടെങ്കിലും കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ആറോ ഏഴോ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നിടത്താണ് അതില്‍പെട്ട ഒരു അര്‍ജുന്‍ ആയങ്കിയിലൂടെ ഇടതു രാഷ്ട്രീയത്തിന്‍റെ വിലകെടുത്താന്‍ നോക്കുന്നത്. "മൂന്നിലൊന്ന് പാര്‍ടിക്ക്" എന്ന ഉടമസ്ഥനില്ലാത്ത ശബ്ദ ശകലത്തിന്‍റെ മാധ്യമപ്രയോഗംതന്നെയാണ് നവമാധ്യമങ്ങളിലെ ഇടതുപക്ഷ വേട്ടയുടെ അവസാന പതിപ്പ്. എത്രത്തോളം ജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നതെന്ന് ഓരോ കടന്നാക്രമണവും തെളിയിക്കുന്നു. •