ഇന്ത്യന്‍ സംസ്കാരത്തിന്‍റെ നിഷേധമാണ് ആര്‍എസ്എസിന്‍റെ ഹിന്ദുത്വം

സി പി നാരായണന്‍

സാമ്പത്തികരംഗമായാലും തൊഴില്‍ മേഖലയായാലും ആരോഗ്യപ്രശ്നങ്ങളായാലും വിദ്യാഭ്യാസമായാലും ജനങ്ങള്‍ തമ്മിലുള്ള സാമൂഹ്യബന്ധങ്ങളായാലും, ആര്‍എസ്എസ് നിയന്ത്രിത ബിജെപിക്കും മോഡി സര്‍ക്കാരിനും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് കൈകാര്യം ചെയ്യാനാവാത്ത സ്ഥിതിയിലാണ് ഇന്നു രാജ്യത്തെ കാര്യങ്ങള്‍. അതേ സമയം കാല്‍നൂറ്റാണ്ടോളം കാലമായി ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലും പഞ്ചാബിലുമൊക്ക ആറുമാസം കഴിയുമ്പോഴേക്ക് തിരഞ്ഞെടുപ്പു വരും. ശക്തമായ പ്രതിപക്ഷ എതിരാളികള്‍ ഇല്ലെങ്കിലും, അവിടങ്ങളില്‍ ബിജെപി ഭൂരിപക്ഷം നേടാനുള്ള സാധ്യത ഇന്നു ശോഭനമല്ല. അതിനാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനു പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ബിജെപി.

അതിന്‍റെ ഭാഗമാണ്  ആദിത്യനാഥ് ഉന്നയിക്കുന്ന ജനപ്പെരുപ്പം തടയാനുള്ള നടപടികള്‍. ഇന്ത്യയില്‍ അനിയന്ത്രിതമായ ജനപ്പെരുപ്പം കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ഉണ്ട്. അതുകൊണ്ടാണ് രാജ്യത്തെ ജനസംഖ്യ 1951ല്‍ 36 കോടിയില്‍പരമായിരുന്നത് 70 വര്‍ഷങ്ങള്‍ക്കുള്ളില്‍ 103 കോടി കണ്ട് വര്‍ധിച്ച് 139 കോടിയില്‍പരമായിരിക്കുന്നത്. ഏതാണ്ട് നാലിരട്ടിയായി. വര്‍ധനയുടെ തോത് കുറഞ്ഞുവരികയാണ് എന്നതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള പ്രവണത. വര്‍ധനയുടെ തോത് കേരളമടക്കം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്. അതേ സമയം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും. ഈ വ്യത്യസ്ത പ്രവണതകള്‍ക്കുള്ള പ്രധാന കാരണങ്ങളിലാണ് മുഖ്യമായും ചൂണ്ടിക്കാണിക്കപ്പെടുന്നത് പൊതുവിദ്യാഭ്യാസത്തിലുള്ള അന്തരം മുതലായ കാരണങ്ങളാണ്. ആ കുറവുകള്‍ പരിഹരിക്കലാണ് സ്ഥായിയായ പരിഹാര മാര്‍ഗം.

എന്നാല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനസംഖ്യാ വര്‍ധന നിയന്ത്രിക്കുന്നതിനു നിര്‍ദേശിക്കുന്ന വഴി ഇതാണ്: രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്കു തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള അവകാശം, റേഷന്‍കാര്‍ഡ്, സര്‍ക്കാര്‍ ഉദ്യോഗത്തിന് അര്‍ഹത, വോട്ടവകാശം മുതലായവ നിയമംമൂലം നിഷേധിക്കുകയാണ്. അതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും സമാന നിയമനിര്‍മാണങ്ങള്‍ക്കു മുതിരുന്നതായി വാര്‍ത്തയുണ്ട്. പാര്‍ലമെന്‍റില്‍ ഇത്തരം ഒരു ബില്‍ സ്വകാര്യ ബില്ലായി കൊണ്ടുവരുവാന്‍ നീക്കമുള്ളതായും വാര്‍ത്തയുണ്ട്.

ജനസംഖ്യാനിയന്ത്രണം വേണ്ടതുതന്നെ. അതു, പക്ഷേ, തങ്ങള്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുമ്പോള്‍ ഭരണകക്ഷിക്കാര്‍ കൊണ്ടുവരുന്ന വ്യവസ്ഥയാകരുത്. എല്ലാ പാര്‍ടികളും തമ്മിലുള്ള സമവായത്തിലൂടെ സമൂഹത്തിന്‍റെ പൊതുധാരണയോടെ നടപ്പാക്കപ്പെടേണ്ട വിഷയമാണത്. എന്നാല്‍, ആദിത്യനാഥും അദ്ദേഹത്തിന്‍റെ പാര്‍ടിയും കുറേക്കാലമായി പ്രചരിപ്പിച്ചുവരുന്നത് രാജ്യത്തെ മുസ്ലീം ജനസംഖ്യ ഹിന്ദുക്കളുടേതിനെ അപേക്ഷിച്ച് അതിവേഗം വര്‍ധിക്കുകയാണ് എന്നും ഏതാനുംവര്‍ഷം കഴിയുമ്പോള്‍ അവരായിരിക്കും രാജ്യത്ത് ഭൂരിപക്ഷം എന്നുമാണ്. ബിജെപിക്കാര്‍ പ്രചരിപ്പിക്കുന്ന മറ്റു പലതും പോലെ ഇതും വസ്തുതാപരമല്ല. മുസ്ലീം ജനസംഖ്യാപെരുപ്പത്തിന്‍റെ തോത് ഹിന്ദുക്കളുടേതിനേക്കാള്‍ അല്‍പ്പം കൂടുതലാണ്. പക്ഷേ, വ്യത്യാസം ഒരു ശതമാനം പോലും വരില്ല. അതിനാല്‍ സംഘപരിവാരത്തിന്‍റെ ആരോപണം തീര്‍ത്തും അതിശയോക്തിപരമാണ്. പിന്നെ എന്തിന് ഇപ്പോള്‍ ഈ പ്രചരണം? ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് വോട്ടുനേടാന്‍; അതിനുമാത്രം. അതിനേക്കാള്‍ യഥാര്‍ഥവും ഭീകരവുമാണ് ബിജെപി സര്‍ക്കാര്‍ മുസ്ലീം, ദളിത്, ആദിവാസി ജനവിഭാഗങ്ങളുടെ മേല്‍ നടത്തുന്ന കടന്നാക്രമണങ്ങളും അവരെ കൊന്നൊടുക്കുന്നതും. ഈ പ്രവണത തടയുകയാണ് ആദ്യം വേണ്ടത്.

ജനസംഖ്യാ നിയന്ത്രണത്തിനായി ബലം പ്രയോഗിച്ച് വന്ധ്യംകരണം നടത്തുക ഫാസിസ്റ്റ് ശക്തികളുടെ നയമാണ്. 44-46 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് (ഇന്ദിരാഗാന്ധി) ഭരണം ചെയ്തതും അതായിരുന്നു. ഇപ്പോള്‍ അതിനാണ് യോഗിയുടെയും മറ്റും ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നതും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ കോവിഡ് കാലത്ത് പ്രധാനം ഭക്ഷണവും ചികിത്സയും ലഭിക്കലാണ്, തൊഴിലവസരങ്ങളും അതുവഴി സുരക്ഷിതവരുമാനവും ഉറപ്പാക്കലാണ്. അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ഹിതകരമായ നടപടികള്‍ കൈക്കൊള്ളാന്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറല്ല.

ഈ സന്ദര്‍ഭത്തില്‍ ഏറ്റവും പ്രധാനം വാക്സിന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്രയും വേഗം ലഭ്യമാക്കലാണ്. ഡിസംബര്‍ 31നു മുമ്പ് പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വാക്സിന്‍ രണ്ടു ഡോസ് വീതം നല്‍കുമെന്ന് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇപ്പോള്‍ ദിവസേന 80-90 ലക്ഷം വാക്സിന്‍ വീതം കുത്തിവയ്ക്കണം. എന്നാല്‍, ഈ ദിവസങ്ങളിലെ കുത്തിവയ്പ്പ് അതിന്‍റെ പകുതി വീതമേയുള്ളൂ. ആഭ്യന്തരോല്‍പ്പാദനം അതിനനുസരിച്ച് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഉല്‍പ്പാദകരായ സ്വകാര്യക്കമ്പനികളെ അതിനുതകുന്ന വിധം സജ്ജമാക്കുകയോ പൊതുമേഖലയെ അതിനായി ഒരുക്കുകയോ ചെയ്തിട്ടില്ല. അര്‍ക്കാരിന് അതില്‍ താല്‍പ്പര്യമുള്ളതായും കാണുന്നില്ല. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കേണ്ടത് കോവിഡ് പടര്‍ന്നുപിടിക്കുന്നതു തടയാനും അവരുടെ ജീവന്‍ രക്ഷിക്കാനും പൊതുജീവിതം പുനഃസ്ഥാപിക്കാനും ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കിയാലേ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂ. മോഡി സര്‍ക്കാരിന് ഇങ്ങനെയൊരു ലക്ഷ്യമുള്ളതായി കാണുന്നില്ല.

ഇതു പോലെതന്നെയാണ് തൊഴില്‍ മേഖലയും മഹാമാരി മൂലം മിക്ക ഉല്‍പ്പാദക മേഖലകളും കൃഷിയൊഴിച്ച് പൂര്‍ണമോ ഭാഗികമോ ആയ അടച്ചിടലിനു വിധേയമായിരിക്കുകയാണ്. ഇതു മൂലമാണ് രാജ്യത്തെ വ്യാപകമായ തൊഴിലില്ലായ്മയും പട്ടിണിയും. അവയ്ക്കു പരിഹാരം കാണാനല്ല, ജാതി-മതങ്ങളുടെ പേരു പറഞ്ഞ് ജനങ്ങളെ പല തട്ടുകളിലാക്കാനാണ് സംഘപരിവാര്‍ിന്‍റെ നീക്കം.

ഈ വികലനയത്തിന്‍റെ ഫലമായാണ് രാജ്യത്ത് പണപ്പെരുപ്പം 6.2 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നത്. ഇത് ജനങ്ങളുടെ ജീവിത പ്രാരബ്ധങ്ങള്‍ സങ്കീര്‍ണമാക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകള്‍ നിത്യവും വര്‍ധിപ്പിക്കുന്നതാണ് പണപ്പെരുപ്പത്തിനുള്ള ഒരു പ്രധാന കാരണം. അന്താരാഷ്ട്രകമ്പോളത്തില്‍ അവയുടെ വില കുറയുന്ന കാലമാണ് ഇത്. മറ്റെല്ലാ വിലകളും വാണം പോലെ കയറാന്‍ ഇടയാക്കുന്നതും അതുതന്നെ. സമ്പദ്വ്യവസ്ഥയെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും കച്ചവടത്തെ പ്രോത്സാഹിപ്പിച്ചും സജീവമാക്കുകയാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കു പോംവഴി. പക്ഷേ, മോഡി സര്‍ക്കാര്‍ അതിനു തയ്യാറല്ല. രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും കുറയ്ക്കുന്നതിലല്ല അതിനു താല്‍പ്പര്യം. വന്‍കുത്തകകളുടെ വരുമാനവും ലാഭവും പരമാവധിയാക്കുന്നതിലാണ്. കേന്ദ്ര ബജറ്റിലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലും അതിനാണ് പ്രാമുഖ്യം. ജനസാമാന്യത്തിന്‍റെ കണ്ണീരൊപ്പുന്നതിലും ജനജീവിതം സാധാരണനിലയില്‍ ആക്കുന്നതിലുമല്ല.

രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് ഏകകാരണം ചില മന്ത്രിമാരുടെ പ്രാപ്തിക്കുറവാണ് എന്ന ധാരണ പരത്താനാണ് പ്രധാനമന്ത്രി മോഡി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മന്ത്രിമാരില്‍ ചിലരേ മാറിയിട്ടുള്ളൂ. നയസമീപനം പഴയതുതന്നെ. വാക്സിനുകള്‍ കൂടുതലായി നിര്‍മിക്കാനോ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനോ സമയബന്ധിതമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല.

രാജ്യത്ത് ന്യൂനപക്ഷങ്ങളോട്, പട്ടികവിഭാഗങ്ങളോട്, സ്ത്രീകളോട് എല്ലാം ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടെയും അതിന്‍റെ സര്‍ക്കാരുകളുടെയും നടപടികളും സമീപനവും അങ്ങേയറ്റം അക്രമാസക്തമോ ജനാധിപത്യവിരുദ്ധമോ ആണ്. രാജ്യത്തിനകത്തുമാത്രമല്ല, സാര്‍വദേശീയമായും ഈ ഭരണത്തോടും അതിന്‍റെ നയങ്ങളോടും നടപടികളോടുമുള്ള എതിര്‍പ്പ് വര്‍ധിച്ചുവരികയാണ്. ചൈനക്കെതിരായ സ്വന്തം കരുനീക്കങ്ങളില്‍ ഒരു കരുവായി ഇന്ത്യയെ കാണുകയും ഉപയോഗിക്കുകയുമാണ് അമേരിക്ക. ആ അമേരിക്ക പോലും, അവിടത്തെ സര്‍ക്കാരും അതിലേറെ ജനങ്ങളും, മോഡി സര്‍ക്കാരിന്‍റെ നടപടികളോടുള്ള എതിര്‍പ്പ് പല തവണ പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു.

രാജ്യത്തിനകത്ത് റിട്ടയര്‍ ചെയ്ത പല ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നടപടികളെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. കോടതികളും സര്‍ക്കാരിന്‍റെ നിയമവിരുദ്ധമായ പല നീക്കങ്ങളിലും പരസ്യമായി അസംതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങളില്‍ നടപടി തിരുത്തണമെന്ന് അവ ആവശ്യപ്പെട്ടിട്ടുമുണ്ട്. വയോവൃദ്ധനായ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ കിരാത നിയമങ്ങള്‍ മൂലവും അവ ഏറ്റവും നിയമവിരുദ്ധമായി നടപ്പാക്കിയതുകൊണ്ടുമാണ്. 2018 ജനുവരി ഒന്നിനു മഹാരാഷ്ട്രയില്‍ പൂനെക്കടുത്തുള്ള ഭീമ കോറേഗാവില്‍ ഒരു പതിവ് ആഘോഷത്തിനായി സമ്മേളിച്ച ദളിതരുടെ മേല്‍ സവര്‍ണര്‍ സംഘടിച്ച് ആക്രമണം നടത്തിയിരുന്നു. അന്നത്തെ മഹാരാഷ്ട്ര ബിജെപി മുഖ്യമന്ത്രി ഫഡ്നാവിസ് ദളിതര്‍ക്കെതിരെ മാത്രം കേസെടുത്തു. 2020ല്‍ നിലവില്‍ വന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ ബിജെപി ഇതര മന്ത്രിസഭ ആ കേസ് പുനഃപരിശോധിക്കാന്‍ നടപടികള്‍ എടുത്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെക്കൊണ്ട് ആ കേസ് ഏറ്റെടുപ്പിച്ചു. തുടര്‍ന്നാണ് സ്റ്റാന്‍സ്വാമി ഉള്‍പ്പെടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും പ്രശസ്തരായ സാംസ്കാരിക-സാമൂഹ്യപ്രവര്‍ത്തകരെയും മറ്റും യുപിഎ ചുമത്തി അറസ്റ്റ് ചെയ്തതും ജാമ്യം നിഷേധിച്ചതും. പൗരരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും കള്ളക്കേസില്‍ കുടുക്കി നിഷേധിക്കുന്ന നടപടിയാണ് ഭീമകോറേഗാവ് കേസിലും മറ്റും കാണാവുന്നത്. അത്തരം ജനാധിപത്യവിരുദ്ധ നീക്കത്തിന്‍റെ രക്തസാക്ഷിയാണ് സ്റ്റാന്‍ സ്വാമി; ബിജെപിയുടെ ഭീകര വാഴ്ചയുടെയും.

ആധുനിക സമൂഹത്തിന്‍റെ സവിശേഷതയാണ് ജനകീയത. അതിന്‍റെ ആദ്യഘട്ടമാണ് ജനാധിപത്യം. അതിന്‍റെ പല മുഖങ്ങളില്‍ ഒന്നാണ് പാര്‍ലമെന്‍ററി ജനാധിപത്യം. സ്വന്തം അഭിപ്രായം പറയാനുള്ള, വിയോജിക്കാനുള്ള അവകാശം അതിന്‍റെ അടിത്തറയാണ്. അതിലൂടെയാണ് അഭിപ്രായസമന്വയം രൂപപ്പെടുന്നത്. ഇതിന്‍റെ നിഷേധമാണ് സ്വേച്ഛാധിപത്യവും അതിന്‍റെ നികൃഷ്ടരൂപമായ ഫാസിസവും. ഒരു പിടി പേരുടെ സ്വേച്ഛാധികാരം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് അതില്‍. ഭിന്നാഭിപ്രായമുള്ളവര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കി അത് കണക്കിലെടുത്തു കൊണ്ടും അതിന്‍റെ സാരംശം അംഗീകരിച്ചുകൊണ്ടും ഭൂരിപക്ഷാഭിപ്രായം നടപ്പാക്കുകയാണ് പാര്‍ലമെന്‍ററി ജനാധിപത്യം. എന്നാല്‍, ബിജെപി സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് പാര്‍ലമെന്‍ററി ജനാധിപത്യരീതിയെ. അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ജനാധിപത്യം നിലനില്‍ക്കാന്‍ ആവശ്യമാണ്.

ഇന്ത്യയുടെ സവിശേഷത ഫെഡറല്‍ സംവിധാനമാണ്. കേന്ദ്രത്തിന് എന്നപോലെ സംസ്ഥാനങ്ങള്‍ക്കും തനതായ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഭരണഘടന അവസരവും സ്വാതന്ത്ര്യവും നല്‍കുന്നു. ഓരോ സംസ്ഥാനത്തെയും ഭാഷ, സംസ്കാരം, ജീവിതരീതി ഇവയെ ആധുനിക സമൂഹമാനദണ്ഡങ്ങള്‍ക്ക് യോജിച്ച രീതിയില്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും അവസരം നല്‍കുന്നു. അങ്ങനെയുള്ള നാനാത്വത്തിലൂടെ ഊട്ടിയുണ്ടാക്കപ്പെട്ട ഏകത്വമാണ് ഇന്ത്യയുടെ തനിമ. അതിനെയാണ് ആര്‍എസ്എസ്-ബിജെപി നിഷേധിക്കുന്നത്. അത് ഇന്ത്യ എന്ന ആശയത്തിന്‍റെ, വികാരത്തിന്‍റെ, വിചാരത്തിന്‍റെ തന്നെ നിഷേധമാണ്. ആ നിഷേധം സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്ന ജനപദങ്ങള്‍ അവയുടെ കൊള്ളക്കൊടുക്കലിലൂടെ രൂപപ്പെടുത്തിയ സങ്കല്‍പ്പങ്ങളുടെയും സങ്കല്‍പ്പനങ്ങളുടെയും നിഷേധമാണ്. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വം- നമ്മുടെ പൂര്‍വികര്‍ കൂട്ടിക്കിഴിച്ചും ഗുണിച്ചും ഹരിച്ചും രൂപപ്പെടുത്തിയ ആശയസംഹിതയുടെ, അതിന്‍റെ തനിമയായ നിരവധി ദര്‍ശനങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും വ്യത്യസ്ത ചിന്തകളിലുമായി പ്രകാശിപ്പിക്കപ്പെട്ട് അവസാനം പരസ്പരം ലയിച്ചുണ്ടാക്കിയ ആശയസംഹിത, അതിന്‍റെ യുക്തി, പ്രയോഗം മുതലായവയുടെ നിഷേധമാണ്.

ആര്‍എസ്എസ്-ബിജെപി എന്ന ആശയ രാഷ്ട്രീയ രൂപം യഥാര്‍ഥത്തില്‍ നിഷേധിക്കുന്നത് ഇസ്ലാം മതത്തെയല്ല, മറ്റു മത ചിന്തകളെയല്ല. അന്യരാജ്യക്കാരെയും അവരുടെ ചിന്താഗതിയെയുമല്ല. ഇവിടെ സഹസ്രാബ്ദങ്ങളായി ജീവിച്ചുവന്ന ജനപദങ്ങള്‍ ആവിഷ്കരിച്ച ആശയസംഹിതകളെയാണ്, സാമൂഹ്യ സങ്കല്‍പ്പനങ്ങളെയാണ്, ജീവിതരീതിയെ ആണ്. വ്യത്യസ്ത ജീവിതരീതികളും ചിന്താധാരകളും അവ വാര്‍ത്തെടുത്ത സംസ്കൃതികളും രൂപപ്പെടുത്തിയ ദര്‍ശനങ്ങളും മതംപോലുള്ള കാഴ്ചപ്പാടുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ സമൂഹം. ആ വൈവിധ്യമാണ് ഇന്ത്യയുടെ ജീവന്‍. അതിനെ ആശയപരമായും സാമൂഹ്യമായും സാമ്പത്തികമായും ഒക്കെ നിഷേധിക്കാനും ഇല്ലാതാക്കാനുമാണ് ഇപ്പോള്‍ ആര്‍എസ്എസ്-ബിജെപി നീക്കം.•