വിപ്ലവ ഗായിക മേദിനിച്ചേച്ചിയുടെ ജീവിതകഥ

മുഹമ്മ രവീന്ദ്രനാഥ്

മേദിനിച്ചേച്ചി കേരളത്തിലെ വിപ്ലവ ഗായിക എന്ന നിലയില്‍ നമുക്ക് ഏവര്‍ക്കും സുപരിചിതയാണല്ലോ. ജീവിതയാത്രയില്‍ എട്ടു പതിറ്റാണ്ടിലേറെ പിന്നിട്ടു കഴിഞ്ഞെങ്കിലും അവരുടെ പാട്ടുകള്‍ ഇന്നും പല വേദികളിലും നേരിട്ടു കേള്‍ക്കാന്‍ കഴിയുന്നത് നമ്മുടെ ഒരു ഭാഗ്യം തന്നെ. ഈ അടുത്ത കാലത്താണ് മേദിനിച്ചേച്ചി സ്വന്തം ജീവിത സ്മരണകള്‍ പങ്കുവെയ്ക്കുന്ന ഒരു ചെറു പുസ്തകം എഴുതിയത്. പ്രഭാതം പ്രിന്‍റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി, തിരുവനന്തപുരം അത് 'റെഡ് സല്യൂട്ട്' എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 64 പേജുകളിലായി 13 കൊച്ചുകൊച്ചു അധ്യായങ്ങളിലൂടെയാണ് വായനക്കാരിലേക്ക് മേദിനിച്ചേച്ചി തന്‍റെ ജീവിതകഥ പകര്‍ന്നുനല്‍കുന്നത്. ആലപ്പുഴ കാഞ്ഞിരംചിറ വാര്‍ഡില്‍ കട്ടത്തില്‍ വീട്ടില്‍ 1933 ആഗസ്ത് എട്ടിനാണ് മേദിനിയുടെ ജനനം. അച്ഛന്‍ കങ്കാളി, അമ്മ പാപ്പി.

പൊതുരംഗത്തെ സ്വന്തം വളര്‍ച്ചയുടെ തുടക്കം കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയനായ ആലപ്പുഴയിലെ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയനുമായി ബന്ധപ്പെട്ടാണെന്ന് ഈ പുസ്തകത്തില്‍ മേദിനി ചേച്ചി വ്യക്തമാക്കുന്നു. അന്നു യൂണിയനുകീഴില്‍ ഒരു സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകള്‍ വളര്‍ത്തുന്നതിന് പരിശീലനം കൊടുക്കുക, എഴുത്തും വായനയും അറിയാത്തവര്‍ക്ക് അത് പരിശീലിപ്പിക്കുക, അങ്ങനെ അറിവെന്ന ആയുധമേന്തി അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള പ്രചോദനം നല്‍കുക ഇവയൊക്കെയായിരുന്നു ഈ കേന്ദ്രത്തിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. തന്നെ ഈ കേന്ദ്രത്തിലെത്തിച്ചത് യൂണിയന്‍ നേതാവായിരുന്ന കാളിക്കുട്ടി ആശാട്ടിയായിരുന്നുവെന്നും മേദിനിച്ചേച്ചി ഓര്‍മിക്കുന്നു.

മുതലാളിമാരും അവരുടെ ആള്‍ക്കാരും തൊഴിലാളികളോട് അക്കാലത്ത് അടിമകളോടെന്ന വിധമാണ് പെരുമാറിയിരുന്നത്. പ്രതിഷേധസ്വരം ഉയര്‍ത്തുന്നവരെ മര്‍ദിക്കുകയും ജോലിയില്‍ നിന്നു പിരിച്ചുവിടുകയുമൊക്കെയായിരുന്നു അന്നത്തെ രീതിയെന്നും പുസ്തകത്തില്‍ വിവരിക്കുന്നു. ഇതിനെയൊക്കെ നേരിടാന്‍ തൊഴിലെടുക്കുന്നവര്‍ സംഘടിച്ച് ഒറ്റക്കെട്ടായി പൊരുതുവാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. അന്നത്തെ ആലപ്പുഴ പട്ടണത്തില്‍ നിരവധി കയര്‍ ഫാക്ടറികളും ആയിരക്കണക്കിന് കയര്‍ തൊഴിലാളികളും ഉണ്ടായിരുന്നു; റിക്ഷാ തൊഴിലാളികളും ധാരാളം. കയര്‍ തൊഴിലാളികളുടെ ജീവിത പുരോഗതി ലക്ഷ്യമാക്കിയാണ് കയര്‍ തൊഴിലാളി യൂണിയന്‍ രൂപം കൊണ്ടത്. അതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെയും തെങ്ങുകയറ്റ തൊഴിലാളികളുടെയുമൊക്കെ യൂണിയനുകളുണ്ടായി.

മേദിനിയുടെ അച്ഛന്‍ ഒരു ബാര്‍ബര്‍ തൊഴിലാളിയായിരുന്നു. കാഞ്ഞിരംചിറ സണ്‍ഡേ ആശാന്‍ സ്കൂളിലാണ് മേദിനിയുടെ പഠനം ആരംഭിച്ചത്. നാലാം ക്ലാസിനുശേഷം തുമ്പോളി പള്ളിവക സ്കൂളില്‍ ചേര്‍ന്നു. ആറാം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ ഫീസ് കൊടുക്കാത്തതിന്‍റെ പേരില്‍ അവിടെ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. സഹപാഠികളും ചില അധ്യാപകരുമൊക്കെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചിരുന്നു. അത്തരം കാര്യങ്ങളെക്കുറിച്ചും വീട്ടിലെ അക്കാലത്തെ കൊടിയ ദാരിദ്ര്യത്തെക്കുറിച്ചുമെല്ലാം വേദനയോടെയാണ് ഗ്രന്ഥകാരി ഓര്‍മിക്കുന്നത്.

പുന്നപ്ര - വയലാര്‍ സമരം കഴിഞ്ഞ് കുറച്ചൊക്കെ ശാന്തത കൈവന്നശേഷം വിപ്ലവഗാനങ്ങളും നാടകാഭിനയവുമൊക്കെയായി മേദിനി നാടുനീളെ സഞ്ചരിച്ചു. വൈക്കം ടി വി പുരത്തിലെ ഒരു യോഗത്തിലാണ് ആദ്യമായി ഉച്ചഭാഷിണി ഉപയോഗിച്ച് മേദിനി പാടിയത്. അതേക്കുറിച്ച്: "തിരുവിതാംകൂറും കൊച്ചിയും ഒന്നാകണമെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്ത ധീര സഖാക്കളെ ജയിലിലടച്ചു. നീണ്ട സമരത്തിനൊടുവില്‍ അവരെ മോചിതരാക്കിയപ്പോള്‍ പാര്‍ടി നടത്തിയ സ്വീകരണമാണ്. ടി വി തോമസ്, കെ ആര്‍ ഗൗരി, ആര്‍ സുഗതന്‍, കോട്ടയം ഭാസി തുടങ്ങിയവര്‍ക്കായിരുന്നു സ്വീകരണം. തുടര്‍ന്ന് ഞാന്‍ പാടാന്‍ തുടങ്ങി.മൈക്കുകാരന്‍ നിര്‍ദ്ദേശിച്ചതു പോലെ പാടിത്തുടങ്ങി. പാട്ടുകഴിഞ്ഞതും ജനം ഇളകി മറിഞ്ഞു". തന്‍റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അതെന്നാണ് ചേച്ചി രേഖപ്പെടുത്തിയിട്ടുള്ളത്.

 കോട്ടയത്തു നടന്ന ഒരു പാര്‍ടി സമ്മേളനത്തില്‍ നിരോധിച്ചതാണെന്നറിയാതെ ഒരു പാട്ടു പാടിയ കുറ്റത്തിന് തന്നെ അറസ്റ്റു ചെയ്ത സംഭവവും പൊലീസ് സ്റ്റേഷനില്‍ തന്നെ ചോദ്യം ചെയ്യവേ ആ പാട്ട് വീണ്ടും പാടിച്ച കാര്യവും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ആ പാട്ടില്‍ മര്‍ദ്ദകവീരനായ ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ നാടാരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോള്‍ ലാത്തി കൊണ്ടുള്ള ഒരടി മുതുകില്‍ പതിക്കുകയുണ്ടായി. സാക്ഷാല്‍ രാമന്‍കുട്ടി നാടാര്‍ തന്നെയാണതു ചെയ്തത്. പക്ഷേ കോട്ടയം ഭാസി എന്ന നേതാവ് സംഘടിപ്പിച്ച യോഗമായതുകൊണ്ട്, ആ നേതാവിന്‍റെ സ്വാധീനത്താല്‍ ഒരടിയില്‍ ശിക്ഷ ഒതുങ്ങുകയായിരുന്നു. അങ്ങനെ പാര്‍ടി വേദികളിലും മഹിളാ സമ്മേളനങ്ങളിലും ഒക്കെ പാടിപ്പാടി കേരളത്തിലെ വിപ്ലവ ഗായികയായി മേദിനി മാറി. 'റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്.....', 'മനസ്സു നന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ....', 'ഉയര്‍ന്നിടട്ടെ ഒരേ സ്വരത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ്.......', 'നീ കൂടിയുണ്ടായിരുന്നെങ്കില്‍....' തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഇന്നും മേദിനിച്ചേച്ചി ആലപിക്കുന്നുണ്ട്. പുരോഗമനാശയക്കാരുടെ ഏതു വേദികളിലും പങ്കെടുക്കാന്‍ എപ്പോഴും മേദിനിച്ചേച്ചിക്കു സന്തോഷമാണ്.

സ്വന്തം കുടുംബ ജീവിതത്തെക്കുറിച്ചും പുസ്തകത്തില്‍ ലഘുവായ രീതിയിലുള്ള പരാമര്‍ശങ്ങളുണ്ട്. അച്ഛന്‍റെ അനന്തരവനായ കലവൂര്‍ സ്വദേശി ശങ്കുണ്ണിയാണ് ഭര്‍ത്താവ്. രണ്ടു പെണ്‍കുട്ടികള്‍ - സ്മൃതിയും ഹാന്‍സയും. 1969ല്‍ ഭര്‍ത്താവിന്‍റെ അകാലചരമം അവരുടെ ജീവിതത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. 

കൗമാരപ്രായത്തില്‍ തന്നെ പാര്‍ടിയംഗമാകാന്‍ ആഗ്രഹിച്ചിരുന്ന തനിക്ക് 18 വയസ്സായപ്പോള്‍ അംഗത്വം കിട്ടിയതിനെക്കുറിച്ചും പിന്നീട് പാര്‍ടി സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിക്കപ്പെടുന്ന അംഗമായിത്തീരുന്നതിനും ഒക്കെ കഴിഞ്ഞതിനെക്കുറിച്ച് ഉള്‍പ്പുളകത്തോടെയാണ് ഗ്രന്ഥകാരി ഓര്‍മിക്കുന്നത്; അതുപോലെതന്നെ ആലപ്പുഴയില്‍ ആദ്യമായി രൂപം കൊണ്ട മഹിളാ സംഘത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിനെക്കുറിച്ചും 1964 ല്‍ പാര്‍ടി പിളര്‍ന്നതിലുള്ള ദുഃഖവും മേദിനിച്ചേച്ചി മറച്ചുവയ്ക്കുന്നില്ല. അവര്‍ സിപിഐയില്‍ തുടര്‍ന്നു. വിപ്ലവ ഗായിക എന്ന നിലയില്‍ മാത്രമല്ല, നാടകനടി, പാര്‍ടി പ്രവര്‍ത്തക, 'ഇപ്റ്റ'യുടെ പ്രവര്‍ത്തക, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിങ്ങനെ പല നിലകളില്‍ പ്രവര്‍ത്തിക്കാനവസരം ലഭിച്ചിട്ടുള്ളതിനെക്കുറിച്ചും ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ത്യയ്ക്കു പുറത്തും അവര്‍ക്ക് പാടാനവസരം ലഭിച്ചിട്ടുള്ളതിനെക്കുറിച്ചുള്ള മധുര സ്മരണകളും വായനക്കാര്‍ക്കായി മേദിനി  പങ്കുവയ്ക്കുന്നുണ്ട്. സഹോദരനായ ശാരംഗപാണിയുടെ ട്രൂപ്പിലും പി ജെ ആന്‍റണി, കെടാമംഗലം സദാനന്ദന്‍, എന്‍ എന്‍ പിള്ള എന്നിവരുടെ ട്രൂപ്പുകളിലും അഭിനയിച്ചിരുന്നു. കെപിഎസിയുടെ, ചരിത്രത്തിലിടം നേടിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ പകരക്കാരിയായിട്ടാണെങ്കിലും കാമ്പിശ്ശേരിയോടൊപ്പം അഭിനയിക്കാനായത് തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തമായാണ് മേദിനി കാണുന്നത്.കമ്യൂണിസ്റ്റ് പാര്‍ടിയുടെ പഴയകാല പ്രവര്‍ത്തനങ്ങളും ചരിത്രവും പ്രതിപാദിക്കുന്ന 'വസന്തത്തിന്‍റെ കനല്‍വഴികള്‍' എന്ന ഒരു സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

1956 നവംബര്‍ ഒന്നിന് മലയാളികളുടെ ചിരകാലാഭിലാഷമായിരുന്ന ഐക്യകേരളം നിലവില്‍ വന്നതിനെക്കുറിച്ചും 1957ല്‍  തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയതിനെക്കുറിച്ചും ആഹ്ലാദാതിരേകത്തോടെയാണ് സ്മരിക്കുന്നത്. 

മേദിനിയുടെ ജീവിത കഥ മാത്രമല്ല, ഒരു കാലഘട്ടത്തിലെ കേരള സാമൂഹികാന്തരീക്ഷത്തെ ചിത്രീകരിക്കുക കൂടിയാണ് ഈ കൃതി ചെയ്യുന്നത്. ജീവരക്തം കൊണ്ട് ചരിത്രമെഴുതിയ അനശ്വരരായ പുന്നപ്ര - വയലാര്‍ സമര സേനാനികള്‍ക്ക് 'റെഡ് സല്യൂട്ട്' അര്‍പ്പിക്കുകയാണ് ഈ രചനയിലൂടെ മേദിനി. ഒരു സാധാരണ വായനക്കാരനുപോലും ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവും എന്നത് ഈ പുസ്തകത്തിന്‍റെ മേന്മകളിലൊന്നാണ്. കൊച്ചുകൊച്ചു വാക്യങ്ങളും ലളിതമായ ഭാഷയും അതിനു സഹായകമാകുന്നു. എന്തുകൊണ്ടും ഇടതുപക്ഷ പ്രസ്ഥാനത്തിനും മലയാള സാഹിത്യത്തിലെ ആത്മകഥാ ശാഖയ്ക്കും ഇതൊരു മുതല്‍ക്കൂട്ടു തന്നെ എന്നു പറയാം. •