രോഗനിയന്ത്രണത്തിലും കേരളം തന്നെ മാതൃക

കെ ആര്‍ മായ

2021ജൂണ്‍ 25ന് റോയിട്ടേഴ്സ് ഒരു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ട്, സംസ്കരിക്കാന്‍ പോലുമാകാതെ ഉറ്റവര്‍ ഗംഗാനദിയില്‍ ഒഴുക്കിയ മൃതദേഹങ്ങള്‍ മണ്‍സൂണ്‍ മഴയില്‍ പ്രയാഗ്രാഗിന്‍റെ തീരത്തടിയുകയും അവ ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് പട്രോളിങ്ങിനിടെ കണ്ടെത്തുകയും അവര്‍ ആ മൃതദേഹങ്ങള്‍ വൃത്തിയാക്കി തീരത്തുതന്നെ അടുക്കിക്കിടത്തി ദഹിപ്പിച്ചതിനെപ്പറ്റിയുമുള്ളതായിരുന്നു ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച ആ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട കോവിഡ് മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ക്കപ്പുറം സംവിധാനങ്ങളുടെ പിഴവുമൂലം കണക്കില്‍പെടാതെ പോയതും പല സംസ്ഥാനങ്ങളും മറച്ചുവെച്ചതുമായ മരണക്കണക്കുകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും കൂടുതല്‍ പിന്‍ബലമേകുന്നതാണ് മേല്‍സൂചിപ്പിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് മൂന്നുമാസത്തിനുള്ളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി കൂടി വന്നതോടെ നിയമപ്രശ്നത്തിലേക്കും അത് വഴിമാറി. ഈ പശ്ചാത്തലത്തില്‍ അര്‍ഹരായവര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കുക എന്നത് പരമപ്രധാനമാണ്. എന്നാല്‍ അര്‍ഹരായവര്‍ ഒന്നുപോലും ഒഴിവാകാതെ എല്ലാവരെയും ഉള്‍ക്കൊള്ളുംവിധമല്ല ഇന്ത്യയിലെ സിവില്‍ രജിസ്ട്രേഷന്‍ സംവിധാനം എന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇത്തരമൊരു സംവിധാനത്തിന്‍കീഴില്‍ ഇന്ത്യയിലെ കോവിഡ് മരണക്കണക്കില്‍ എത്രത്തോളം കൃത്യതയുണ്ടാവുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്ത്യയുടെ കോവിഡ് മരണനിരക്കില്‍ പ്രകടമായ വ്യത്യാസം ഉണ്ടെന്നതിന്‍റെ സൂചനകള്‍ ലഭിച്ചത് സെറോ സര്‍വെകളില്‍നിന്നാണ്. കോവിഡ് വ്യാപനത്തോത് എത്രത്തോളമുണ്ടെന്നറിയുന്നതിനായി എത്രപേരില്‍ കോവിഡ് വന്നുപോയിട്ടുണ്ട് എന്നറിയുന്നതിനുള്ള ആന്‍റിബോഡികളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനായി നടത്തിയ വലിയ തോതിലുള്ള സാമ്പിള്‍ സര്‍വേകളില്‍ ഞെട്ടിക്കുന്ന ഫലമാണ് കണ്ടത്. ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിനെക്കാളും എത്രയോ ഇരട്ടി അധികമായിരുന്നു സര്‍വേഫലത്തില്‍ പുറത്തു കോവിഡ് കണക്കുകള്‍. ഈ സര്‍വെ ഫലങ്ങളൊന്നും തന്നെ പുറത്തുവിടുകയോ അതിനു വലിയ പ്രചാരം നല്‍കുകയോ കേന്ദ്ര സര്‍ക്കാര്‍ ചെയ്തില്ല. എന്നാല്‍ കോവിഡ് മരണക്കണക്കില്‍ വലിയ തോതില്‍ കൃത്രിമം നടക്കുന്നതായും മിക്ക സംസ്ഥാനങ്ങളും അതു മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായും തിരിച്ചറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ പ്രാദേശികമായി നേരിട്ടു നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളാണ് രേഖപ്പെടുത്താതെപോയ കോവിഡ് മരണങ്ങളുടെ ഏറെക്കുറെ യഥാര്‍ഥ കണക്കുകള്‍ പുറത്തുകൊണ്ടുവന്നത്. ഈ കണക്കുകള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടാല്‍ ഏറ്റവും ഒടുവിലായി ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കോവിഡ് മരണം 4,04,000 എന്നതില്‍നിന്ന് 20,00,000 ലേറെയാകും. നിലവില്‍ വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം ലോകത്താകെ രേഖപ്പെടുത്തപ്പെട്ട കോവിഡ് മരണം 40 ലക്ഷം കടന്നിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ലോകത്താകെയുള്ള കോവിഡ് മരണത്തിന്‍റെ പകുതിയും ഇന്ത്യയിലാകും. ഈ കണക്ക് അതിശയോക്തിയല്ല എന്ന് വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കോവിഡ് മരണക്കണക്കു പരിശോധിച്ചാല്‍ മാത്രം മതി.

ആദ്യം സൂചിപ്പിച്ച ഗുജറാത്തിലേക്കുതന്നെ വരാം. കോവിഡ് മരണം മറച്ചുവെക്കുന്ന സംസ്ഥാനമായി ആദ്യം ഉയര്‍ത്തിക്കാട്ടപ്പെട്ടതും ഗുജറാത്താണ്. 2021 മാര്‍ച്ച് 1നും മെയ് 10നുമിടയ്ക്ക് - 71 ദിവസത്തിനിടയില്‍ ഗുജറാത്തിലെ ഭവ്നഗറില്‍ 2,891 കോവിഡ് മരണം നടന്നതായി വസ്തുതാന്വേഷണത്തിന്‍റെ ഭാഗമായി അവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ അക്കാലയളവിലെ ഔദ്യോഗിക കണക്ക് 279 മാത്രമാണ്. ഇത് ഗുജറാത്തിലെ ഒരു പ്രദേശത്തെ കണക്കു മാത്രമാണ്.

മരണ രജിസ്ട്രേഷനിലുള്ള വ്യത്യാസവും കോവിഡ് കണക്കിലെ കൃത്രിമത്വവും മറച്ചുവെക്കലും പുറത്തുകൊണ്ടുവരുന്നു. 2012ല്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ 100 മരണം നടക്കുമ്പോള്‍ 92 മരണമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇപ്പോള്‍ അത്രതന്നെയും നടക്കാറില്ല. ഇങ്ങനെയുള്ള ഒരു സംവിധാനത്തില്‍ ഇന്ത്യയിലെ കോവിഡ് മരണക്കണക്കില്‍ എത്രത്തോളം കൃത്യതയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അനവധാനത വെച്ചു പുലര്‍ത്തുന്നു. ഏറ്റവും മോശമായ സ്ഥിതി ബീഹാറിലാണ്. 12.3 കോടി ജനങ്ങളുള്ള ബീഹാറില്‍ ഓരോ വര്‍ഷവും നടക്കുന്ന മരണങ്ങളുടെ പകുതി മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെടാറുള്ളൂ.കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മരണം വലിയ തോതില്‍ ഉയര്‍ന്ന മധ്യപ്രദേശില്‍ 2018 മെയ് മാസം മുതല്‍ 2019 മെയ്വരെ രേഖപ്പെടുത്തപ്പെട്ട മരണസംഖ്യ ശരാശരി 31,000 ആണ്. എന്നാല്‍ 2021 മെയ് മാസത്തെ മാത്രം മരണം 1.6 ലക്ഷമാണ്. മരണസംഖ്യ അസാധാരണമാംവിധം ഉയര്‍ന്നപ്പോഴും അതേ കാലയളവിലെ കോവിഡ് മരണം 4,461 എന്നാണ് ഔദ്യോഗിക കണക്ക്. അതായത് വ്യത്യാസം 40%! വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് മെട്രീസ് ആന്‍റ് ഇവാലുവേഷന്‍ ഈയടുത്തയിടെ പുറത്തുവിട്ട "അധികമരണ"ങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലോകത്താകമാനം 70 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചുമരിച്ചതായാണ്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമായെടുത്താല്‍ മെയ് 6 വരെയുള്ള ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് മരണക്കണക്കായ 2.21 ലക്ഷമെന്നത് 6.54 ലക്ഷമായി ഉയരും.

കോവിഡ് മരണസംഖ്യ വളരെ ഉയര്‍ന്ന മറ്റൊരു സംസ്ഥാനമായ രാജസ്താനില്‍ 2021 ഏപ്രിലിനും 2021 മെയ് മാസത്തിനുമിടയില്‍ 45,088 മരണം അധികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഇക്കാലയളവില്‍ ഔദ്യോഗിക കണക്കുപ്രകാരം കോവിഡ് മരണം 8,385 മാത്രമാണ്. വ്യത്യാസം 5.4 ഇരട്ടിയാണ്.

ഇന്ത്യയിലെ 4 സംസ്ഥാനങ്ങളില്‍ - മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം - റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ കൃത്യത സംബന്ധിച്ച് ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒരു വിശകലനത്തില്‍ മധ്യപ്രദേശിന്‍റെ കണക്ക് ഞെട്ടിക്കുന്നതാണ്. 40 ശതമാനം കോവിഡ് മരണങ്ങളാണ് അവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടാതിരുന്നത്. തമിഴ്നാട് ആന്ധ്രപ്രദേശിനെ അപേക്ഷിച്ച് അല്‍പം മെച്ചമാണെന്നേയുള്ളൂ. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ വെച്ചു നോക്കുമ്പോള്‍ കേരളം മികച്ച സ്ഥിതി നിലനിര്‍ത്തുന്നു എന്നാണ് കണ്ടെത്തപ്പെട്ടത്. ഏറ്റവും പുതിയ കണക്കുപ്രകാരം ഇത് 0.4 ശതമാനം മാത്രമാണ്. ബീഹാറിന്‍റെയും ഉത്തര്‍പ്രദേശിന്‍റെയും പബ്ലിക് ഡാറ്റ പോലും ഭാഗികമാണെന്നാണ് കണ്ടെത്തിയത്. ഇന്ത്യയിലാകെയുള്ള പോസിറ്റീവ് കേസുകളുടെയും മരണത്തിന്‍റെയും അടിസ്ഥാന ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിനു തന്നെ നിരാകരിക്കേണ്ട അവസ്ഥയാണ്.

പല വിദേശരാജ്യങ്ങളും സ്വീകരിച്ചത്, പകര്‍ച്ചവ്യാധി സമയത്തുണ്ടാകുന്ന മരണങ്ങളുടെ കാരണങ്ങള്‍ പരിശോധിക്കുക, മരണക്കണക്കിലെ വര്‍ദ്ധന പരിശോധിക്കുക, സാധാരണയില്‍നിന്നും വ്യത്യസ്തമായി ഗണ്യമായ തോതില്‍ വര്‍ദ്ധിച്ച മരണങ്ങള്‍ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തുക എന്ന രീതിയാണ്. എന്നാല്‍ ഇന്ത്യ ഇത്തരത്തിലുള്ള ഒരു ഡാറ്റാ വിശകലനത്തിനു മുതിരുകയോ അത്തരം ഡാറ്റ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍ അമ്പേ പരാജയപ്പെട്ട ഡാറ്റാ മക്കാനിസത്തെ മറച്ചുവെച്ചാണ് ഇന്ത്യ സ്വീകരിച്ച മികച്ച തന്ത്രത്തിന്‍റെ ഫലമാണ് ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയുടെ കുറഞ്ഞ മരണസംഖ്യ എന്ന് ഒരു ലജ്ജയുമില്ലാതെ പ്രധാനമന്ത്രി മോഡി പലപ്പോഴായി വീമ്പടിച്ചത്. ഈ സാഹചര്യത്തിലാണ്, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ടായത്. കേന്ദ്രം മൂന്ന് കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടും അതിന്‍റെ ഗുണഫലങ്ങളൊന്നും തന്നെ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കല്ല ലഭിച്ചത് എന്നതാണ് ഇതുവരെയുള്ള അനുഭവം. ഏതു തലത്തില്‍ നോക്കിയാലും കോവിഡ് മഹാമാരി ഇന്ത്യയെ കൂടുതലായി ഗ്രസിച്ചതിനും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടതിനും കാരണം മോഡി ഗവണ്‍മെന്‍റ് സ്വീകരിച്ച നയങ്ങള്‍ തന്നെ. ഇന്നും കേരളം മാത്രമാണ് ഇതില്‍നിന്നെല്ലാം വ്യതിരിക്തമായിരിക്കുന്നത്. സുപ്രീംകോടതിയുടെ, മേല്‍പ്പറഞ്ഞ വിധി വന്നപ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളുമൊന്നാകെ കേരളം കോവിഡ് മരണം മറച്ചുവെയ്ക്കുകയാണെന്നു സ്ഥാപിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുവന്നു. എന്നാല്‍ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന വിശകലനങ്ങളും റിപ്പോര്‍ട്ടുകളുമെല്ലാം സൂചിപ്പിക്കുന്നത് കേരളം മാത്രമാണ് യാഥാര്‍ഥ്യത്തോടടുത്ത കണക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നാണ്. ഡബ്ല്യുഎച്ച്ഒയുടെയും ഐസിഎംആറിന്‍റെയും നിര്‍വചനമനുസരിച്ചാണ് കേരളത്തില്‍ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അര്‍ഹതപ്പെട്ട ആര്‍ക്കും നഷ്ടപരിഹാരം ലഭിക്കാതെ പോകരുത് എന്നാണ് കേരളത്തിന്‍റെ നിലപാട്. നിലവിലുള്ള പ്രശ്നം ജില്ലകളില്‍നിന്നും ലഭിക്കേണ്ട മെഡിക്കല്‍ ബുള്ളറ്റിനുകള്‍ അപൂര്‍ണ്ണമാണെന്നതാണ്. അത് പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടില്ലാത്ത മരണങ്ങളുടെയും കണക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മരണപ്പട്ടികയില്‍പെടാതെ പോയവരുടെ ആശ്രിതര്‍ക്ക് അത് ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനായി ഒരു വിദഗ്ധസമിതിയെയും നിയോഗിച്ചു. കോവിഡ് പോസിറ്റീവായി 28 ദിവസത്തിനുള്ളില്‍ മരിക്കുന്നവരുടെയും 60 ദിവസത്തിനുള്ളില്‍ മരിക്കുന്നവരുടെയും കണക്ക് ഇവിടെ പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്. ഇതാണ് കൂടുതല്‍ ശാസ്ത്രീയമായ രീതി എന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്നതിനായി കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. മരണം ആശുപത്രികളില്‍നിന്നു നേരിട്ടുതന്നെ രേഖപ്പെടുത്തുന്നു.  രേഖപ്പെടുത്തപ്പെടാതെ പോയ കണക്കിന്‍റെ കാര്യത്തില്‍ കേരളത്തിലാണ് ഏറ്റവും കുറവ് (3000നും 5000നുമിടയില്‍). ഈ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും മരണനിരക്ക് ഇപ്പോഴും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് - 0.46%. ഇന്ത്യയില്‍ ഇത് 1.56 ആണ്.

കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ കേരളത്തില്‍ 11 ശതമാനം പേര്‍ക്കു മാത്രമാണ് കോവിഡ് ബാധിച്ചത്. മാത്രവുമല്ല, ഒന്നാം തരംഗത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വൈകിപ്പിക്കാനുമായി. വര്‍ദ്ധിച്ച ജനസാന്ദ്രതയും കോവിഡ് മൂലമുള്ള ദീര്‍ഘകാലത്തെ അടച്ചിടലും നിയന്ത്രണങ്ങളും ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നതിനാല്‍ അതില്‍ വന്ന ഇളവുകളും രണ്ടാം തരംഗം നീണ്ടുപോകുന്നതിനിടയാക്കുന്നതായാണ് കാണുന്നത്. എന്നിരുന്നാലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ ഇപ്പോഴും മഹാരാഷ്ട്രപോലെയുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായത്ര ഉയര്‍ന്ന നിരക്കിലേക്ക് ഇതുവരെ ഉയരാതെ പിടിച്ചുനിര്‍ത്താനായി. അത് പത്തില്‍ താഴെയാക്കുകയാണ് നിലവിലെ ലക്ഷ്യം. അതോടൊപ്പം മരണനിരക്കും കുറച്ചുകൊണ്ടുവരണം. നിലവിലെ സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്കവിധം കേരളത്തിലെ ആരോഗ്യ സംവിധാനം സജ്ജമാണ്. ആശുപത്രികളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന ഒരു ഘട്ടത്തില്‍പോലും ഓക്സിജനോ വെന്‍റിലേറ്ററോ ലഭിക്കാതെ ഒരു രോഗിക്കു പോലും ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നില്ല.  അഭിമാനാര്‍ഹമായ ഈ നേട്ടം തുടക്കം മുതല്‍ തന്നെ കേരളത്തിനു നിലനിര്‍ത്താനായത് ഇവിടെ അതിനു പ്രാപ്തമായ, ശക്തമായ ഒരു ആരോഗ്യസംവിധാനവും ഇച്ഛാശക്തിയുള്ള ഒരു ഇടതുപക്ഷ ഗവണ്‍മെന്‍റും ഉള്ളതുകൊണ്ടാണ്. ഇതാണ് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്; അനിതര സാധാരണവും അനുപമവുമായ മാതൃകയാക്കി മാറ്റുന്നതും.•