കോപ്പയും യൂറോയും കടന്ന് കാല്‍പ്പന്തുകളിയുടെ പ്രയാണം

ഡോ. അജീഷ് പി.ടി

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഏറെ ജനകീയവുമായ കളിയാണ് ഫുട്ബോള്‍ അഥവാ കാല്‍പ്പന്തുകളി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ രൂപം കൊണ്ട ആധുനിക ഫുട്ബോള്‍ ജാതി,മത,വര്‍ഗ,വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി  ജനങ്ങള്‍ക്കിടയില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍റെ ഉദാത്തമായ ലഹരിയായി മാറിയിരിക്കുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്ത് ഉണ്ടാകുമ്പോഴും 220 ലധികം രാജ്യങ്ങളിലെ 30 കോടിയിലധികം ജനങ്ങള്‍ നിലവില്‍ ആരാധകരായി ഉണ്ടെന്ന വസ്തുത മറ്റു കായിക ഇനങ്ങളില്‍ നിന്നും ഈ കളിയെ വേറിട്ടു നിര്‍ത്തുന്നു. മൈതാനങ്ങളില്‍ മാറ്റുരയ്ക്കുന്ന താരങ്ങളുടെ കായിക ക്ഷമതയും സമയോചിതമായ ചിന്തയും ഏകോപനവും യുക്തിയും ഇടകലരുമ്പോഴുണ്ടാകുന്ന ജയപരാജയങ്ങളെ ശരിയായ ദിശയില്‍ ഉള്‍ക്കൊള്ളുവാനും ഒരേ മനസോടെ സ്വീകരിക്കുവാനും താരങ്ങളും ആരാധകരും തയാറായിട്ടുള്ളതാണ് ഇതുവരെയുള്ള ചരിത്രം. പലപ്പോഴും പ്രവചനാതീതമായ അനിശ്ചിതത്വങ്ങള്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുകയും 90 മിനിട്ടിനുള്ളില്‍ ഉണ്ടായേക്കാവുന്ന വിധിനിര്‍ണയത്തിനിടയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടാകാതെ കളിയുടെ സര്‍ഗാത്മകതയ്ക്കും താളബോധത്തിനും മാത്രം പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള നല്ല നിമിഷങ്ങള്‍ ലഭിക്കണമേയെന്ന ആഗ്രഹത്തോടെയാണ് ഓരോ കായിക പ്രേമിയും കളി കാണുവാന്‍ കാത്തിരിക്കുന്നത്. കോവിഡുകാരണം കഴിഞ്ഞ വര്‍ഷം സ്തംഭനാവസ്ഥയിലായ കായികമേഖലയില്‍ പ്രത്യാശയും പുത്തനുണര്‍വും സമ്മാനിച്ചുകൊണ്ടാണ് കോപ്പാ അമേരിക്ക, യൂറോക്കപ്പ് എന്നീ ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ അവസാനിച്ചത്. സ്പോര്‍ട്സ്മാന്‍ഷിപ്പിന്‍റെ മാനവീയ ഭാവത്തിനു തടസം സൃഷ്ടിക്കുവാനും പരാജയഭീതിയിലാഴ്ത്തുവാനും യാതൊരു പ്രതിബന്ധത്തിനുമാകില്ല എന്നതിന്‍റെ പ്രത്യക്ഷമായ തെളിവാണ് ഇത്തരം കായിക മേളകള്‍ സംഘടിപ്പിക്കുന്നതിലൂടെ കാണുവാന്‍ സാധിക്കുന്നത്.

കോവിഡിന്‍റെ തീവ്രവ്യാപനത്തിന്‍റെ ഭയനിമിഷങ്ങള്‍, വിവിധ രാജ്യങ്ങളിലുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍, വംശീയ, വര്‍ഗീയ പ്രശ്നങ്ങള്‍ എന്നിവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുമ്പോഴും പരസ്പര വിശ്വാസത്തിന്‍റേയും സൗഹൃദ മനോഭാവത്തിന്‍റേയും നാളുകള്‍ തീര്‍ക്കുവാന്‍ കാല്‍പ്പന്തുകളിക്ക് കഴിയുമെന്നതിന്‍റെ ഉത്തമ ദ്യഷ്ടാന്തമാണ് കോപ്പ അമേരിക്ക, യൂറോക്കപ്പ് എന്നീ ഫുട്ബോള്‍ മത്സരങ്ങള്‍ ലോകത്തിനു കാട്ടിത്തന്നത്. ലോക കാല്‍പ്പന്തുകളിയില്‍ ഇന്ത്യ അത്ര കേമന്‍മാരല്ലെങ്കിലും കളിയോടുള്ള തീവ്രാരാധനയെ നെഞ്ചോടുചേര്‍ത്ത വലിയ വിഭാഗം ആരാധകര്‍ നമ്മുടെ രാജ്യത്തുണ്ട്. ഒരിക്കല്‍പ്പോലും നേരിട്ടു കണ്ടിട്ടില്ലാത്തതും പരിചയമില്ലാത്തതുമായ രാജ്യങ്ങളുടെ വിജയത്തിനായി ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ പോലും താരാരാധനയുടെ മുഖമായി ഫാന്‍സ് അസോസിയേഷനുകള്‍ക്ക് രൂപം നല്‍കി ആവേശത്തിന്‍റെ അലകടല്‍ ഒരുക്കുന്ന പന്തുകളിപ്രേമികളുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നു. നമുക്ക് പ്രിയപ്പെട്ടവരായ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വിവിധ ടീമുകള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സോഷ്യല്‍ മീഡിയകളില്‍ ചേരിതിരിഞ്ഞ് വെല്ലുവിളിയുയര്‍ത്തുന്ന അത്യന്തം ആവേശകരമായ കാഴ്ചകള്‍ക്കും ലോകം സാക്ഷിയായി.

കോപ്പയിലെ കൗതുകവും ആവേശവും
2020 ജൂണില്‍ ആരംഭിക്കേണ്ട കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് മാറ്റി വച്ചത് കായിക പ്രേമികളെ വളരെയധികം പ്രയാസപ്പെടുത്തിയിരുന്നു. പ്രതിസന്ധികള്‍ അതിജീവിച്ചു തുടങ്ങിയ കോപ്പ ആരാധകര്‍ക്ക് സ്വപ്ന ഫൈനല്‍ സമ്മാനിക്കുകയും സാക്ഷാല്‍ മറഡോണയുടെ അര്‍ജന്‍റീന വിജയികളാവുകയും ചെയ്തു. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ഭരണ സമിതിയായ കോംബോളിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍ നടന്നുവരുന്ന ഈ കായിക വിരുന്ന് ആരംഭിച്ചിട്ട് 105 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1916 ല്‍ അര്‍ജന്‍റീനയുടെ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ  ഭാഗമായി നടന്ന ചതുര്‍ രാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ് പിന്നീട് കോപ്പാ അമേരിക്കയുടെ പിറവിയില്‍ കലാശിച്ചത്. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ തനത് വശ്യതയും സൗന്ദര്യവും അഴകും ഇഴുകിച്ചേരുന്ന കളിയാഘോഷം തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ ലോകകപ്പ് എന്നും അറിയപ്പെടുന്നു. പെലെ, മറഡോണ, റൊണാള്‍ഡോ, മെസി, നെയ്മര്‍ തുടങ്ങിയ ലോകോത്തര താരങ്ങളുടെ    കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ കോപ്പാ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് വഹിച്ച പങ്ക് ചെറുതല്ല.

ആരാധകരുടെ 
ആഗ്രഹം പോലുള്ള 
സ്വപ്ന ഫൈനല്‍

ബ്രസീലിലെ മാരക്കാന പുല്‍മൈതാനത്ത് കാല്‍പ്പന്തുകളിയുടെ മുഴുവന്‍ വശ്യസൗന്ദര്യവും സാമ്പാനൃത്തച്ചുവടുകളും പ്രതീക്ഷിച്ചുവന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് തൃപ്തിയാകുന്ന തരത്തിലുള്ള കളിവിരുന്നൊരുക്കുവാന്‍ അര്‍ജന്‍റീനയും ബ്രസീലും തയ്യാറായി എന്നത് വ്യക്തമാണ്. 10 ടീമില്‍ത്തുടങ്ങുകയും അവസാനം ആരാധകരുടെ  രണ്ട് ഇഷ്ട ടീമുകള്‍ ഫൈനലിലെത്തിയപ്പോള്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയാണ് കലാശക്കൊട്ടിന് കൂടുതല്‍ മിഴിവേകിയത്. ബ്രസീല്‍ കളിയുടെ ആദ്യഘട്ടം മുതല്‍ ഉയര്‍ത്തിയ കടുത്ത ആക്രമണത്തെയും വെല്ലുവിളികളേയും സധൈര്യം മറികടന്ന അര്‍ജന്‍റീന 1993 നു ശേഷം 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കോപ്പാ സ്വപ്ന കിരീടം സ്വന്തമാക്കിയത്. കളിയുടെ ഇരുപത്തിരണ്ടാം മിനിട്ടില്‍ റോഡ്രിഡോ ഡി പോള്‍ നീട്ടി നല്‍കിയ പാസിനെ തന്ത്രപൂര്‍വം ഏറ്റെടുത്ത എയ്ഞ്ചല്‍ ഡി മരിയ ബ്രസീല്‍ ഗോള്‍വല അനായാസം കുലുക്കുകയായിരുന്നു. സ്വന്തം രാജ്യത്തിനായി കിരീടം നേടുവാന്‍ പ്രാപ്തിയില്ലാത്തവര്‍, ഫൈനല്‍ മത്സരങ്ങളെ അതിജീവിക്കുവാന്‍ ശേഷിയില്ലാത്തവര്‍ എന്നിങ്ങനെയുള്ള വിമര്‍ശകരുടെ ആക്ഷേപത്തിന് അന്ത്യം കുറിച്ചുകൊണ്ട്  ബ്രസീല്‍ മണ്ണില്‍ നേടിയെടുത്ത കിരീടത്തിന് മാറ്റു കൂടുന്നു.ഇതോടെ ഫിഫയുടെ കോണ്‍ഫെഡറേഷന്‍ കപ്പിന് കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്‍റീന നേരിട്ട് യോഗ്യത നേടുകയും ചെയ്തു.

യുവേഫ നേതൃത്വം നല്‍കുന്ന യൂറോക്കപ്പ്
യൂറോപ്പിലെ 55 രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി 1960 മുതല്‍  നടത്തിവരുന്ന കായിക സംഗമ വേദിയാണ് യൂറോ കപ്പ്. യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനുകീഴിലുള്ള രാജ്യങ്ങളിലെ ഫുട്ബോളിന്‍റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഐക്യവും അഖണ്ഡതയും സമാധാനവും ഊട്ടിയുറപ്പി ക്കുകയും ചെയ്യുകയെന്നതാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. യൂറോയുടെ അറുപതാം വാര്‍ഷികാഘോഷമായിരുന്ന കഴിഞ്ഞ വര്‍ഷം നടത്തേണ്ട ടൂര്‍ണമെന്‍റാണ് ഈ വര്‍ഷം സംഘടിപ്പിച്ചത്. ഫിഫയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്ക മാണിത്. കാരണം ലോകത്തുള്ള ഏറ്റവും പ്രധാനപ്പെട്ടവരും പ്രശസ്തരുമായ താരങ്ങളെല്ലാം കളിക്കുന്നത് യൂറോപ്യന്‍ ലീഗുകളിലാണ്. ലോകഫുട്ബോളിലെ വമ്പന്‍മാരെ സൃഷ്ടിച്ചതിനും ആഗോള പ്രശസ്തരാക്കിയതിനും പിന്നില്‍ ഈറ്റില്ലവും പോറ്റില്ലവുമായി പ്രവര്‍ത്തിച്ചത് യൂറോപ്യന്‍ മണ്ണാണ്. പങ്കെടുക്കുന്ന ഏതാണ്ട് എല്ലാ ടീമുകളും തുല്യ ശക്തികളാണെന്ന പ്രത്യേകത മറ്റു ടൂര്‍ണമെന്‍റുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. സാധാരണയായി നാലുവര്‍ഷം കൂടുമ്പോള്‍ ഒരേ വേദിയില്‍ നടക്കുന്ന യൂറോപ്യന്‍ ഫുട്ബോളിലെ താരരാജാക്കന്‍മാരുടെ തീപാറുന്ന പോരാട്ടം കോവിഡിനാല്‍ 11 രാജ്യങ്ങളിലെ വ്യത്യസ്ത സ്റ്റേഡിയങ്ങളില്‍ സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരായ യുവേഫ നടന്നുവന്നിരുന്ന മത്സര ഫോര്‍മാറ്റില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ തയാറായില്ല എന്നതും ശ്രദ്ധേയമായി. സാധാരണയായി ജേതാക്കളെ സംബന്ധിച്ച് പ്രവചനങ്ങളും വാതുവയ്പ്പുകളും ഓരോ കളികള്‍ക്കിടയിലും കാണുമെങ്കിലും യൂറോയില്‍ മാറ്റുരയ്ക്കുന്നത് തുല്യശക്തികളായതിനാല്‍ പലപ്പോഴും മത്സരങ്ങള്‍ പ്രവചനാതീതമാകാറുണ്ട്. ഫുട്ബോള്‍ വിദഗ്ധര്‍ക്കും മുന്‍കാല താരങ്ങള്‍ക്കുപോലും പലപ്പോഴും കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തുവാന്‍ കഴിയില്ലായെന്ന വസ്തുത യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ മാത്രം അസാധാരണ സ്വഭാവമായി പൊതുവേ വിലയിരുത്തപ്പെടുന്നു.

തുല്യശക്തികള്‍ മാറ്റുരച്ച കലാശക്കൊട്ട്
കാല്‍പ്പന്താരവത്തിന്‍റെ പൈതൃകം തുളുമ്പുന്ന യൂറോപ്യന്‍ മൈതാനങ്ങളില്‍ ആരാധകരും കായിക പ്രേമികളും  പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനലാണ് ഇംഗ്ലണ്ടും ഇറ്റലിയും തമ്മില്‍ നടന്നത്. ഒരു കളി പോലും തോല്‍ക്കാതെയാണ് ഇറ്റലി കലാശക്കൊട്ടി ലേക്ക് ചുവടുവച്ചത്. സാധാരണയായി ഡിഫെന്‍സിന്‍റെ വക്താക്കളായിരുന്ന ഇറ്റലി ഈ യൂറോയില്‍ ആക്രമണ ശൈലിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത്. 1966ലെ ലോകകപ്പ് ഫുട്ബോള്‍ കിരീടനേട്ടത്തിനുശേഷം 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫൈനലില്‍ ഇംഗ്ലണ്ട് പ്രവേശിച്ചത്. അതിശക്തരായ പ്രതിരോധ നിരയാണ് ഇംഗ്ലണ്ടിനു കരുത്തുപകര്‍ന്നത്. വമ്പന്‍മാരായ ജര്‍മ്മനിയെപ്പോലും അട്ടിമറിക്കുവാന്‍ ഇതൊരു പ്രധാന കാരണമായിരുന്നു.

വെംബ്ലിയിലെ കാത്തിരിപ്പിന് ലോങ് വിസില്‍
ചരിത്രം പേറുന്ന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലെ ആനന്ദ രാവിലെ തൊണ്ണൂറാം മിനിട്ടുവരെ അത്ഭുതങ്ങള്‍ കാട്ടാമെന്ന ഇരു ടീമുകളുടേയും കഠിന പരിശ്രമം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് കളിയുടെ കരുത്തിന്‍റെ തെളിവായി. ചരിത്രങ്ങള്‍ക്കും മുന്‍വിധി കള്‍ക്കും പ്രധാന്യമില്ലാത്ത ആധുനിക ഫുട്ബോളില്‍ സംഭവിക്കുന്നത് പല പ്പോഴും അവിചാരിത മായ മുഹൂര്‍ത്തങ്ങളാണ്. ആദ്യമായി യൂറോ കിരീടനേട്ടത്തിനവകാശികളാകാമെന്ന ഇംഗ്ലീഷ് ജനതയുടെ സ്വപ്നങ്ങള്‍ അസ്ഥാനത്താകുന്ന തരത്തിലായി അന്തിമഫലം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കലാശിച്ച മത്സരത്തില്‍ ഭാഗ്യം ഇറ്റലിയെ തുണയ്ക്കുകയായിരുന്നു.1968 ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടാവകാശിയായത്. കലാശപ്പോരാട്ടത്തിലെ നിശ്ചിത സമയത്തും അധിക സമയത്തും സ്കോര്‍ തുല്യമായി വന്നതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് അന്തിമ വിധിനിര്‍ണയം നീങ്ങിയത്.

ആതിഥേയരെ പിന്തുണയ്ക്കാത്ത ഫൈനലുകള്‍
കളിയഴകും ചടുല വേഗവും സംഗമിച്ച ഇരു ഫുട്ബോള്‍ മാമാങ്കങ്ങള്‍ക്കും കൊടിയേറിയപ്പോള്‍ ആതിഥേയരായ ടീമുകള്‍ക്ക് നിരാശ മാത്രമായി ഫലം. കഴിഞ്ഞ ഒരു മാസക്കാലമായി ലോകമെമ്പാടുമുള്ള കാല്‍പ്പന്തുപ്രേമികള്‍ക്ക് അസുലഭ നിമിഷങ്ങള്‍ സമ്മാനിച്ച യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും പുല്‍മൈതാനങ്ങള്‍ക്ക് അടുത്ത പന്തുരുളുംവരെ വിശ്രമിക്കാം. ആതിഥേയ രാജ്യങ്ങളും ഫൈനലിസ്റ്റുകളുമായ ബ്രസീലും ഇംഗ്ലണ്ടും യഥാക്രമം കോപ്പ അമേരിക്ക, യൂറോക്കപ്പ് എന്നിവയുടെ അന്തിമ വിധിനിര്‍ണയ പ്പോരാട്ടത്തില്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ തോല്‍വിയേറ്റുവാങ്ങി.

യൂറോപ്പിലും ലാറ്റിനമേരിക്കയിലും കൊട്ടിയാഘോഷിച്ച ഫുട്ബോള്‍ ആരവത്തിന് താത്കാലിക വിട നല്‍കാം. യൂറോപ്പില്‍ ഒരു സായന്തനത്തിലാരംഭിച്ച് ലാറ്റിനമേരിക്കയില്‍ ഒരു പ്രഭാതത്തിലവസാനിച്ച ഒരു മാസം നീണ്ടു നിന്ന ഫുട്ബോള്‍ മേളത്തിന് കലാശക്കൊട്ടായിരിക്കുന്നു. ഭൂഗോളത്തിന്‍റെ ആകൃതിയിലുള്ള ഒരു പന്തിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഓരോ ടൂര്‍ണമെന്‍റുകളുടേയും ജനസ്വാധീനം. സമാധാനം മാത്രം ആഗ്രഹിക്കുന്ന ജനങ്ങള്‍ വരുംവര്‍ഷങ്ങളിലും വീരേതിഹാസം രചിക്കുവാന്‍ പോകുന്ന താരങ്ങളേയും കായിക വേദികളേയും ആവേശത്തോടെ പ്രതീക്ഷിച്ചിരിക്കുമെന്നുറപ്പാണ്. •